പാലങ്ങൾ—അവ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു?
“നിങ്ങളെ മറുകര കടത്തിയ പാലത്തെ പുകഴ്ത്തുവിൻ.”—19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാടകകൃത്തായിരുന്ന ജോർജ് കോൾമൻ.
ഏറ്റവും ഒടുവിൽ നിങ്ങൾ ഒരു പാലം കടന്നത് എപ്പോഴാണ്? അതു നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ? ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും പാലങ്ങൾ കടക്കുന്നുണ്ട്. നമ്മൾ അവയെ നിസ്സാരമായി എടുക്കുന്നു. പാലത്തിലൂടെയോ അവയുടെ അടിയിലൂടെയോ നാം നടക്കുകയോ വാഹനത്തിൽ യാത്രചെയ്യുകയോ വാഹനം ഓടിക്കുകയോ ചെയ്യുന്നു, ഒരുപക്ഷേ അവയെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ. എന്നാൽ അവ അവിടെ ഇല്ലായിരുന്നെങ്കിലോ?
പലതരം പാലങ്ങളുടെ സഹായത്താൽ, മനുഷ്യർക്കും മൃഗങ്ങൾക്കും ആയിരക്കണക്കിനു വർഷങ്ങളായി നദി, ഗർത്തം, മലയിടുക്ക് എന്നിവയെല്ലാം കടക്കാൻ കഴിഞ്ഞിട്ടുണ്ട്. കെയ്റോ, ന്യൂയോർക്ക്, മോസ്കോ, ലണ്ടൻ, സിഡ്നി തുടങ്ങിയ പല നഗരങ്ങളെയും അവയുടെ പാലങ്ങൾ കൂടാതെ സങ്കൽപ്പിക്കുക ബുദ്ധിമുട്ടാണ്. അതേ, പാലങ്ങൾക്ക് യുഗപ്പഴക്കമുള്ള ഒരു ചരിത്രം തന്നെയുണ്ട്.
പഴയ കാലത്തെ പാലങ്ങൾ
2,500-ലധികം വർഷം മുമ്പ് ബാബിലോനിലെ നിട്ടോക്രിസ് രാജ്ഞി യൂഫ്രട്ടീസ് നദിക്കു കുറുകെ ഒരു പാലം പണിതു. എന്തിനായിരുന്നു? ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് ഉത്തരം നൽകുന്നു: “ആ നദി [ബാബിലോനെ] രണ്ടു ഭാഗങ്ങളായി വിഭജിച്ചിരുന്നു. മുൻ രാജാക്കന്മാരുടെ കാലത്ത് ആളുകൾക്ക് ഒരു ഭാഗത്തു നിന്നു മറ്റേ ഭാഗത്തേക്കു കടക്കാൻ വള്ളം ഉപയോഗിക്കേണ്ടി വന്നിരുന്നു; അതു വളരെ ദുഷ്കരമായിരുന്നിരിക്കണം.” നിട്ടോക്രിസ്, ഇരുമ്പും ഈയവും ചാന്തായി ഉപയോഗിച്ച് തടി, ചുടുകട്ടകൾ, കരിങ്കല്ലുകൾ എന്നിവകൊണ്ട് പുരാതന കാലത്തെ ഏറ്റവും വിഖ്യാതമായ ഒരു നദിക്കു കുറുകെ പാലം പണിതുയർത്തി.
പാലങ്ങൾ ചിലപ്പോഴൊക്കെ ചരിത്രത്തിന്റെ ഗതിയെത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. പേർഷ്യയിലെ, മഹാനായ ദാര്യാവേശ് രാജാവ് സിതിയർക്കെതിരെ പട്ടാള വ്യൂഹവുമായി പുറപ്പെട്ടപ്പോൾ ഏഷ്യയിൽനിന്ന് യൂറോപ്പിലേക്ക് കരമാർഗം ഏറ്റവും പെട്ടെന്ന് എത്തിച്ചേരാൻ ആഗ്രഹിച്ചു. അതിന് അദ്ദേഹത്തിന് 6,00,000 പടയാളികൾ അടങ്ങുന്ന തന്റെ സൈന്യത്തെ ബോസ്പൊറസ് കടലിടുക്കിലൂടെ നയിക്കേണ്ടി വന്നു. കനത്ത മൂടൽമഞ്ഞും വെള്ളത്തിന്റെ അപകടകരമായ ഒഴുക്കും നിമിത്തം തോണിയിൽ ആ കടലിടുക്കു കടക്കുന്നത് അപകടകരമായിരുന്നു. അതുകൊണ്ട് ദാര്യാവേശ് തോണികൾ തമ്മിൽ കൂട്ടിക്കെട്ടി 900 മീറ്റർ നീളമുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, ഒരു തോണിപ്പാലം നിർമിച്ചു. ഇന്ന് ആ കടലിടുക്കു കടക്കാൻ ദാര്യാവേശിന്റെ കാലത്തെ അത്രയും ബുദ്ധിമുട്ടില്ല. ടർക്കിയിലെ ഇസ്താംബൂളിലുള്ള ബോസ്പൊറസ് പാലങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ വെറും രണ്ടു മിനിറ്റിൽ കുറഞ്ഞ സമയംകൊണ്ട് മോട്ടോർവാഹനത്തിൽ ആ കടലിടുക്കു കടക്കാൻ കഴിയും.
നിങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയാണെങ്കിൽ, പാലത്തിന്റെ അഭാവം ചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച ഒരു സന്ദർഭത്തെക്കുറിച്ച് നിങ്ങൾക്ക് ഓർമിക്കാൻ കഴിയും. ബാബിലോനിലെ നെബൂഖദ്നേസർ രാജാവ് ദ്വീപ നഗരമായ സോരിനു നേരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ എന്തു സംഭവിച്ചു എന്ന് അനുസ്മരിക്കുക. നഗരം കീഴടക്കാൻ 13 വർഷക്കാലം ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന് അതിനു കഴിഞ്ഞില്ല. ദ്വീപിനെയും വൻകരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ഇല്ലാതിരുന്നതാണ് ഒരു കാരണം. (യെഹെസ്കേൽ 29:17-20) മൂന്നൂറു വർഷത്തിനു ശേഷം മഹാനായ അലക്സാണ്ടർ വൻകരയിൽനിന്നു ദ്വീപിലേക്ക് വലിയ ഒരു വരമ്പ് പണിയുന്നതുവരെ ആ ദ്വീപനഗരം കീഴടക്കപ്പെട്ടില്ല.
ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം വളരെയധികം പ്രദേശങ്ങൾ കയ്യടക്കിയിരുന്നു. ‘എല്ലാ റോഡുകളും റോമിലേക്ക്’ എന്ന ചൊല്ലു തന്നെ ഉണ്ടായത് അങ്ങനെയാണ്. സാമ്രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തുന്നതിന് റോമാക്കാർക്ക് തീർച്ചയായും പാലങ്ങളും റോഡുകളും ആവശ്യമായിരുന്നു. എട്ടു ടൺ വീതം ഭാരമുള്ള കല്ലുകൾ ഉപയോഗിച്ച് റോമൻ എഞ്ചിനീയർമാർ ആർച്ചു പാലങ്ങൾ പണിതു. വളരെ വിദഗ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട അവയിൽ ചിലത് രണ്ടായിരത്തിലധികം വർഷത്തിനു ശേഷം ഇപ്പോഴും നിലനിൽക്കുന്നു. അവരുടെ അക്വിഡക്റ്റുകളും (ജലപാത്തികൾ) വയഡക്റ്റുകളും (താഴ്വരകളുടെയും മറ്റും മുകളിലുള്ള റോഡ് ഉൾക്കൊള്ളുന്ന വലിയ കലുങ്ക്) പാലങ്ങൾ ആയിരുന്നു.
മധ്യയുഗങ്ങളിൽ പാലങ്ങൾ ചിലപ്പോഴൊക്കെ പ്രതിരോധത്തിനുള്ള കോട്ടകൾ പോലെ വർത്തിച്ചിട്ടുണ്ട്. സാക്സൻകാർ പൊ.യു. 944-ൽ ഡെന്മാർക്കുകാരുടെ ആക്രമണത്തെ തടുക്കുന്നതിനായി ലണ്ടനിലെ തെംസ് നദിക്കു കുറുകെ ഒരു തടിപ്പാലം നിർമിച്ചു. ഏതാണ്ട് മുന്നൂറു വർഷം കഴിഞ്ഞപ്പോൾ ഈ തടിപ്പാലത്തിന്റെ സ്ഥാനത്ത്, ചരിത്രത്തിലും നേഴ്സറി പാട്ടിലും പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പഴയ ലണ്ടൻ പാലം ഉയർന്നുവന്നു.
എലിസബത്ത് രാജ്ഞി-I ഇംഗ്ലണ്ടിൽ സിംഹാസനസ്ഥ ആയപ്പോഴേക്കും പഴയ ലണ്ടൻ പാലം മേലാൽ വെറുമൊരു കരിങ്കൽകോട്ട ആയിരുന്നില്ല. പാലത്തിന്റെ മുകളിൽത്തന്നെ കെട്ടിടങ്ങൾ ഉയർന്നുവന്നിരുന്നു. അവയുടെ ഏറ്റവും താഴത്തെ നിലയിൽ കടകൾ ആയിരുന്നു. മുകളിലത്തെ നിലകളിലോ? സമ്പന്നരായ വ്യാപാരികളുടെയും രാജസദസ്സിലെ അംഗങ്ങളുടെയും പോലും വസതികൾ. ലണ്ടൻ പാലം ലണ്ടനിലെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമായിത്തീർന്നിരുന്നു. കടകളിൽനിന്നും വീടുകളിൽനിന്നും പിരിഞ്ഞുകിട്ടിയിരുന്ന വാടക, പാലത്തിന്റെ അറ്റകുറ്റപ്പണി തീർക്കാൻ വേണ്ടി ഉപയോഗിച്ചു. ഇങ്ങനെ വാടക പിരിച്ചിരുന്നതുകൊണ്ട്, ലണ്ടൻ പാലം ചുങ്കം ചുമത്തിയിരുന്ന ഒരു പാലം ആയിരുന്നുവെന്നു പറയാം!
യൂറോപ്പുകാർ തടികൊണ്ടും കല്ലുകൊണ്ടും പാലങ്ങൾ പണിയുന്നതിൽ വ്യാപൃതരായിരുന്നപ്പോൾ തെക്കേ അമേരിക്കയിലെ ഇങ്കകൾ കയറുകൊണ്ടുള്ള പാലങ്ങളാണ് പണിതത്. ഇത്തരത്തിലുള്ള വിഖ്യാതമായ ഒരു പാലമാണ് പെറുവിലെ ആപൂരിമാക് നദിക്കു കുറുകെയുള്ള സാൻ ലൂയിസ് റേ പാലം. ഇങ്കകൾ ഓരോ കരയിലും കൽത്തൂണുകൾ സ്ഥാപിച്ചു. എന്നിട്ട് സസ്യനാരുകൾ കൂട്ടിപ്പിരിച്ച് മനുഷ്യശരീരത്തിന്റെ വണ്ണത്തിലുള്ള വടങ്ങളുണ്ടാക്കി കൽത്തൂണുകളെ തമ്മിൽ അക്കരെയിക്കരെ ബന്ധിപ്പിക്കുന്ന വിധത്തിൽ അവയ്ക്കു മീതെ വെച്ചു. എന്നിട്ട് വടങ്ങൾ നിവിർന്നു വരത്തക്കവിധം അവയുടെ രണ്ടറ്റങ്ങളും വലിച്ച് ഇരു കരകളിലും ബന്ധിച്ചു. അതിനുശേഷം, പലകകൾ കൊണ്ടുള്ള ഒരു പ്ലാറ്റ്ഫോം, സമാന്തരമായി വലിച്ചു കെട്ടിയ ഈ വടങ്ങളിൽനിന്നു തൂക്കിയിട്ട് ഒരു പാതയുണ്ടാക്കി. അറ്റകുറ്റപ്പണി നിർവഹിക്കുന്ന ജോലിക്കാർ രണ്ടു വർഷം കൂടുമ്പോൾ പഴയ വടങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുമായിരുന്നു. നന്നായി പണിയുകയും അറ്റകുറ്റം തീർത്തു പോരുകയും ചെയ്തതിനാൽ ഈ പാലം അഞ്ഞൂറു വർഷക്കാലം നിലനിന്നു!
പാലങ്ങളും നമ്മുടെ മാറിവരുന്ന ആവശ്യങ്ങളും
പാലങ്ങൾ ഭൂകമ്പങ്ങളെയും ശക്തമായ കാറ്റിനെയും താപ വ്യതിയാനങ്ങളെയും ചെറുത്തുനിൽക്കാൻ കഴിവുള്ളവ ആയിരിക്കണം. നാം കണ്ടു കഴിഞ്ഞതുപോലെ, അടുത്തകാലം വരെ എഞ്ചിനീയർമാർ തടിയോ, ചുടുകട്ടയോ, കല്ലോ ഉപയോഗിച്ചാണ് പാലം പണിതിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ മോട്ടോർവാഹനങ്ങൾ ഉപയോഗത്തിൽ വന്നതോടെ, ഭാരംകൂടിയ വാഹനങ്ങൾക്കു കടന്നുപോകുന്നതിനായി അന്നുണ്ടായിരുന്ന പാലങ്ങൾ കൂടുതൽ ബലപ്പെടുത്തുകയും വലുതാക്കുകയും ചെയ്യേണ്ടിവന്നു.
ആവി എഞ്ചിന്റെ കണ്ടുപിടിത്തവും പാലങ്ങളുടെ നിർമാണത്തിനും രൂപകൽപ്പനയ്ക്കും നവജീവൻ പകർന്നു. ഏറ്റവും സൗകര്യപ്രദമായ റെയിൽ മാർഗങ്ങൾക്ക് പലപ്പോഴും വീതിയുള്ള ഒരു നീർച്ചാലോ ആഴമുള്ള ഒരു ഗർത്തമോ മാർഗതടസ്സം സൃഷ്ടിച്ചിരുന്നു. ഈ മാർഗതടസ്സം പരിഹരിക്കുന്ന, വർധിച്ചുവരുന്ന ഗുഡ്സ് ബോഗികളുടെ ഭാരം താങ്ങാൻ കഴിവുള്ള പാലം നിർമിക്കാൻ കഴിയുമായിരുന്നോ? വാർപ്പിരുമ്പുകൊണ്ടു നിർമിച്ച പാലങ്ങൾ കുറേക്കാലത്തേക്ക് ഈ ആവശ്യം നിറവേറ്റി. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ അതിവിഖ്യാതമായ പാലങ്ങളിൽ ഒന്ന്, തോമസ് ടെൽഫോർഡ് എന്ന സ്കോട്ട്ലൻഡുകാരനായ എഞ്ചിനീയർ രൂപകൽപ്പന ചെയ്തതും 1826-ൽ പൂർത്തിയായതും ആയ നോർത്ത് വെയ്ൽസിലെ മെനായ് കടലിടുക്കിനു മുകളിലൂടെയുള്ള തൂക്കുപാലം ആണ്. 176 മീറ്റർ നീളമുള്ള ആ പാലം ഇപ്പോഴും ഉപയോഗത്തിലുണ്ട്! എങ്കിലും, വാർപ്പിരുമ്പിന് ഉറപ്പു കുറവായിരുന്നതിനാൽ പാലങ്ങൾ തകരുക പതിവായിരുന്നു. ഒടുവിൽ, 1800-കളുടെ അവസാനത്തോടെ ഉരുക്കു നിർമാണം ആരംഭിച്ചു. നീളം കൂടിയതും, ഏറെ സുരക്ഷിതവുമായ പാലങ്ങൾ നിർമിക്കുന്നതിന് അനുയോജ്യമായ സവിശേഷതകൾ അതിന് ഉണ്ടായിരുന്നു.
വ്യത്യസ്ത ഇനം പാലങ്ങൾ
മുഖ്യമായും ഏഴു തരം പാലങ്ങളാണ് ഉള്ളത്. (മുകളിലുള്ള ചതുരം കാണുക.) അവയിൽ രണ്ടെണ്ണത്തെക്കുറിച്ചു നമുക്ക് ഇപ്പോൾ ഹ്രസ്വമായി പരിചിന്തിക്കാം.
കാന്റിലിവർ പാലങ്ങൾ. അവയ്ക്ക് നദിയുടെ ഇരുകരകളിലും സ്ഥാപിച്ചിരിക്കുന്ന രണ്ട് വൻ ഗോപുരങ്ങളുണ്ട്. ഓരോ ഗോപുരത്തിലും തുലാം ഉറപ്പിക്കുന്നു. ഒരു നീന്തൽ കുളത്തിന്റെ അറ്റത്ത് ഡൈവിങ് ബോർഡ് ഘടിപ്പിക്കുന്നതുപോലെ തുലാമിന്റെ ഒരറ്റമേ ഗോപുരത്തിൽ ഉറപ്പിക്കുന്നുള്ളൂ. തുലാങ്ങളെ തമ്മിൽ ഉറപ്പുള്ള ഗർഡറോ (വലിയ തുലാം) മറ്റോ ഉപയോഗിച്ച് മധ്യഭാഗത്ത് ബന്ധിപ്പിക്കുന്നതോടെ പാലം പണി പൂർത്തിയാകുന്നു.
നല്ല ഒഴുക്കുള്ളതോ തീരെ ഉറപ്പില്ലാത്ത അടിത്തട്ടുള്ളതോ ആയ നദികൾക്കു കുറുകെ പലപ്പോഴും കാന്റിലിവർ പാലമാണ് കൂടുതൽ അഭികാമ്യം. എന്തുകൊണ്ടെന്നാൽ, നദിയുടെ മധ്യത്തിലായി ഊന്നുതൂണുകൾ സ്ഥാപിക്കേണ്ടി വരുന്നില്ല. നല്ല ഉറപ്പുള്ളതുകൊണ്ട്, തീവണ്ടികൾ പോലെ ഭാരമുള്ള വാഹനങ്ങൾക്കു കടന്നുപോകാൻ കാന്റിലിവർ പാലങ്ങളാണ് ഏറ്റവും അനുയോജ്യം.
സർക്കസ്സിൽ ഒരു ഞാണിന്മേൽ കളിക്കാരൻ, മുറുകെ കെട്ടിയിരിക്കുന്ന ഒരു കയറിലൂടെ നടക്കുന്നത് ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. അയാൾ വാസ്തവത്തിൽ ഒരു പാലത്തിലൂടെ—ഒരു തൂക്കുപാലത്തിലൂടെ—ആണ് നടക്കുന്നത് എന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? ഇന്ന് ഉപയോഗത്തിലുള്ള ചില തൂക്കുപാലങ്ങൾ മുറുകെ കെട്ടിയിരിക്കുന്ന ഒരു കയറിനെക്കാൾ വളരെയൊന്നും സങ്കീർണമല്ല. രണ്ടറ്റവും ഉറപ്പിച്ചിരിക്കുന്ന ഒരു വടത്തിൽ ഒരു കൂട തൂക്കിയിട്ടിരിക്കുന്നു. കൂടയിൽ ഇരിക്കുന്ന യാത്രക്കാരൻ തള്ളുന്നതിന്റെ ഫലമായി കൂട മുന്നോട്ടു നീങ്ങുന്നു. മറുകര എത്തുന്നതുവരെ അയാൾ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ലളിതമായ കയർ പാലങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ട്.
എങ്കിലും, ഒരു കയർ പാലത്തിലൂടെ മോട്ടോർവാഹനം ഓടിക്കുന്നതിനെ കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിക്കുകയില്ല. ഇരുമ്പു കണ്ണികളുള്ള ചങ്ങലകളും ഉരുക്കു കമ്പികൾകൊണ്ടു നിർമിക്കുന്ന കേബിളുകളും കണ്ടുപിടിച്ചതോടെ വൻ ഭാരം താങ്ങാൻ കഴിവുള്ള തൂക്കുപാലങ്ങൾ നിർമിക്കുക സാധ്യമായി തീർന്നു. ആധുനിക തൂക്കുപാലങ്ങളുടെ, പരമാവധി സ്പാൻ (കേബിളുകൾ തൂക്കിയിട്ടിരിക്കുന്ന ഗോപുരങ്ങൾ തമ്മിലുള്ള കൂടിയ അകലം) 1,200 മീറ്ററോ അതിലധികമോ ആയിരുന്നേക്കാം. തൂക്കുപാലത്തിന് സാധാരണഗതിയിൽ ഉരുക്കുകൊണ്ടുള്ള രണ്ട് ഊന്നുതൂണുകൾ ആണ് ഉള്ളത്, ഓരോന്നും ഓരോ ഗോപുരത്തെ താങ്ങിനിർത്തുന്നു. ആയിരക്കണക്കിന് ഉരുക്കു കമ്പികൾ ചേർത്തു നിർമിച്ച ഉരുക്കു കേബിളുകളുടെ രണ്ടറ്റവും ഗോപുരങ്ങളുമായി ബന്ധിച്ചിരിക്കും. ഈ കേബിളുകളിൽ നിന്നു തൂങ്ങിക്കിടക്കുന്ന ഉരുക്കു കമ്പികൾ കേബിളുകളെ പ്ലാറ്റ്ഫോമുമായും ബന്ധിപ്പിക്കുന്നു. വാഹനങ്ങളുടെയും പാതയുടെയും ഭാരം മുഖ്യമായും താങ്ങുന്നത് ഈ കേബിളുകളാണ്. നന്നായി നിർമിക്കുന്ന പക്ഷം തൂക്കുപാലം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പാലങ്ങളിൽ ഒന്നാണ്.
മുമ്പൊക്കെ നിങ്ങൾ പാലങ്ങളെ നിസ്സാരമായി എടുത്തിരിക്കാം. എങ്കിലും അടുത്ത തവണ പരിചിതമായ ഒരു പാലം കടക്കവേ സ്വയം ഇങ്ങനെ ചോദിക്കുക: ‘എനിക്ക് ഈ പാലത്തെക്കുറിച്ച് എന്ത് അറിയാം? എന്നാണ് ഇതു നിർമിച്ചത്?’ അതിനെ അടുത്തു നിരീക്ഷിക്കുക. അത് കാന്റിലിവർ പാലമാണോ തൂക്കുപാലമാണോ അതോ മറ്റേതെങ്കിലും തരം പാലമാണോ? ആ പ്രത്യേക രൂപമാതൃകതന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
പിന്നെ, പാലത്തിലൂടെ മുന്നോട്ടു നടക്കവേ താഴേക്കു നോക്കി സ്വയം ഇങ്ങനെ ചോദിക്കുക, ‘ഇത് ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നു?’
[12-ാം പേജിലെ ചതുരം/ചിത്രം]
വിവിധ മാതൃകകളിലുള്ള പാലങ്ങൾ
1. ഗർഡർ പാലങ്ങൾ. ഇത്തരം പാലങ്ങൾ മിക്കപ്പോഴും ഹൈവേകളിലാണ് നിർമിക്കുന്നത്. ഗർഡറുകൾ അഥവാ വലിയ തുലാങ്ങൾ, ഊന്നുതൂണുകളുടെയും (piers) പ്രധാന ഊന്നുതൂണുകളുടെയും (abutments) മീതെ സ്ഥാപിക്കുന്നു. ഈ പാലങ്ങൾക്ക് 300 മീറ്റർ വരെ നീളം വരാം.
2. ട്രസ്സ് പാലങ്ങൾ. ത്രികോണാകൃതിയിലുള്ള ട്രസ്സുകളാണ് ഈ പാലങ്ങളുടെ ഭാരം താങ്ങുന്നത്. മിക്കപ്പോഴും റെയിൽ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഈ പാലങ്ങൾ മലയിടുക്കുകൾക്കും നദികൾക്കും മറ്റു മാർഗതടസ്സങ്ങൾക്കും കുറുകെ നിർമിക്കപ്പെടുന്നു.
3. ആർച്ചുപാലങ്ങൾ. ഈ പാലങ്ങളുടെ ഊന്നുതൂണുകൾക്ക് ഇടയ്ക്കുള്ള ഭാഗങ്ങൾക്ക് അഥവാ സ്പാനുകൾക്ക് ആർച്ചു രൂപമാണ്. ഇത് ഏറ്റവും പുരാതന മാതൃകകളിൽ ഒന്നാണ്. റോമാക്കാർ അക്വിഡക്റ്റുകളും വയഡക്റ്റുകളും പണിതിരുന്നത് ഇത്തരം ആർച്ചുകൾ സഹിതമായിരുന്നു. ആർച്ചിലെ ആണിക്കല്ലിൽ ആയിരുന്നു പാലത്തിന്റെ ഭാരം പ്രധാനമായും ചുമത്തപ്പെട്ടിരുന്നത്. റോമാക്കാർ പണിത ഇത്തരം പാലങ്ങളിൽ പലതും ഇപ്പോഴുമുണ്ട്.
4. കേബിൾ-സ്റ്റെയ്ഡ് പാലങ്ങൾ. ഇവയ്ക്ക് തൂക്കുപാലങ്ങളോട് സാദൃശ്യമുണ്ട്. കേബിളുകൾ പ്ലാറ്റ്ഫോമിൽനിന്നു നേരിട്ട് ഗോപുരങ്ങളിലേക്കു ബന്ധിച്ചിരിക്കുന്നു എന്ന ഒരു വ്യത്യാസമേയുള്ളൂ.
5. ചലിപ്പിക്കാവുന്ന പാലങ്ങൾ. കപ്പലുകൾക്കു കടന്നുപോകാൻ സാധിക്കത്തക്കവണ്ണം ഉയർത്താനോ തിരിക്കാനോ സൗകര്യമുള്ള പാലങ്ങളാണ് ഇവ. ലണ്ടൻ ടവർ പാലം ഇതിന് നല്ലൊരു ഉദാഹരണമാണ്.
6. കാന്റിലിവർ പാലങ്ങളെ കുറിച്ച് ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.
7. തൂക്കുപാലങ്ങളെ കുറിച്ച് ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.—വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ, 1994.
[13-ാം പേജിലെ ചാർട്ട്]
വിഖ്യാതമായ ചില പാലങ്ങൾ
തൂക്കുപാലം
സ്റ്റോർബെൽറ്റ് ഡെൻമാർക്ക് 1,624 മീറ്റർ
ബ്രുക്ലിൻ യു.എസ്.എ. 486 മീറ്റർ
ഗോൾഡൻ ഗേറ്റ് യു.എസ്.എ. 1,280 മീറ്റർ
ജിയാങ്യിൻ-യാങ്സി ചൈന 1,385 മീറ്റർ
കാന്റിലിവർ
ഫോർത്ത് (രണ്ടു സ്പാനുകൾ) സ്കോട്ട്ലൻഡ് 521 മീറ്റർ വീതം
ക്വിബെക് കാനഡ 549 മീറ്റർ
ഹൗറാ ഇന്ത്യ 457 മീറ്റർ
ഉരുക്ക് ആർച്ച്
സിഡ്നി ഹാർബർ ഓസ്ട്രേലിയ 500 മീറ്റർ
ബിർച്ചിനഫ് സിംബാബ്വേ 329 മീറ്റർ
കേബിൾ-സ്റ്റെയ്ഡ്
പോൺ ദെ നൊർമാൻഡി ഫ്രാൻസ് 856 മീറ്റർ
സ്കാൺസന നോർവേ 530 മീറ്റർ
[10-ാം പേജിലെ ചിത്രം]
സ്പെയിനിലെ അൽമെരിയയിലുള്ള പുരാതന ആർച്ചു പാലത്തിനു മുകളിലുള്ള ആധുനിക ഗർഡർ പാലം
[13-ാം പേജിലെ ചിത്രം]
യു.എസ്.എ.-യിലെ ന്യൂയോർക്കിലുള്ള ബ്രുക്ലിൻ പാലം (തൂക്കുപാലം)
[13-ാം പേജിലെ ചിത്രം]
ഇംഗ്ലണ്ടിലെ ലണ്ടൻ ടവർ പാലം (ചലിപ്പിക്കാവുന്ന പാലം)
[13-ാം പേജിലെ ചിത്രം]
ഓസ്ട്രേലിയയിലെ സിഡ്നി ഹാർബർ പാലം (ആർച്ചുപാലം)
[13-ാം പേജിലെ ചിത്രം]
ജപ്പാനിലെ സെറ്റോ ഒഹാഷി പാലം (കേബിൾ-സ്റ്റെയ്ഡ് പാലം)