ഗുട്ടൻബർഗ്—അദ്ദേഹം ലോകത്തെ എത്രയോ സമ്പന്നമാക്കി!
ജർമനിയിലെ ഉണരുക! ലേഖകൻ
കഴിഞ്ഞ ആയിരം വർഷത്തിനുള്ളിൽ നടന്ന ഏതു കണ്ടുപിടിത്തമാണ് ലേഖകൻ നിങ്ങളുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത്? ടെലഫോൺ ആണോ, ടെലിവിഷൻ ആണോ, മോട്ടോർവാഹനം ആണോ? സാധ്യതയനുസരിച്ച് ഈ പറഞ്ഞതൊന്നും അല്ല. പല വിദഗ്ധരുടെയും അഭിപ്രായത്തിൽ അത് യന്ത്രവത്കൃത അച്ചടി ആയിരുന്നു. അതിനുള്ള ആദ്യത്തെ പ്രായോഗിക രീതി കണ്ടുപിടിച്ചതിന്റെ ബഹുമതി യോഹാന്നസ് ഗുട്ടൻബർഗ് എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന യോഹാന്നസ് ജെൻസ്ഫ്ളൈഷ് റ്റ്സൂർ ലാഡെനാണ്. ഒരു കുലീന പശ്ചാത്തലത്തിൽനിന്നു വന്ന അദ്ദേഹത്തിന് മറ്റൊരാളുടെ കീഴിൽ തൊഴിൽ പരിശീലനം നേടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
“[മാനവ] സംസ്കാരത്തിന് ജർമനി നൽകിയിരിക്കുന്ന വലിയ സംഭാവന” എന്ന് ഗുട്ടൻബർഗിന്റെ കണ്ടുപിടിത്തത്തെ വർണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സർവോത്തമ സൃഷ്ടിയായ 42-ലൈൻ ഗുട്ടൻബർഗ് ബൈബിളിന്റെ അവശേഷിക്കുന്ന ഓരോ പ്രതിക്കും പൊന്നിന്റെ വിലയാണ്.
സുവർണ മൈന്റ്സ്
ഏതാണ്ട് 1397-ൽ മൈന്റ്സിലായിരുന്നു ഗുട്ടൻബർഗിന്റെ ജനനം. റൈൻ നദിക്കരയിൽ സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തിൽ അന്ന് ഏതാണ്ട് 6,000 നിവാസികൾ ഉണ്ടായിരുന്നു. ശക്തിമത്തായ ഒരു പട്ടണ സഖ്യത്തിന്റെ ആസ്ഥാനം എന്ന നിലയ്ക്ക് അത് സുവർണ മൈന്റ്സ് എന്ന് അറിയപ്പെട്ടിരുന്നു. അവിടുത്തെ ആർച്ചുബിഷപ്പുമാർ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ സമ്മതിദായകരായിരുന്നു. മൈന്റ്സ് അവിടുത്തെ സ്വർണപ്പണിക്കാർ നിമിത്തം വിഖ്യാതമായിരുന്നു. യുവാവായ യോഹാന്നസ്, അക്ഷരങ്ങൾ ലോഹത്തിൽ പൊന്തിനിൽക്കും വിധം കൊത്തിയുണ്ടാക്കുന്നത് ഉൾപ്പെടെ ലോഹവിദ്യയെക്കുറിച്ച് വളരെയധികം കാര്യങ്ങൾ പഠിച്ചു. പിന്നീട്, രാഷ്ട്രീയ ലഹളകൾ നിമിത്തം നാടുവിട്ട അദ്ദേഹം കുറെ വർഷം സ്ട്രാസ്ബർഗിൽ കഴിഞ്ഞു. അവിടെവെച്ച് രത്നക്കല്ലുകൾ ചെത്തിമിനുക്കുന്ന പണിയിൽ ഏർപ്പെടുകയും ആ വിദ്യ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിനുള്ള രഹസ്യോദ്യമം ആണ് അദ്ദേഹത്തെ ഏറ്റവും അധികം തിരക്കുള്ളവനാക്കിയത്. യന്ത്രവത്കൃത അച്ചടിവിദ്യയെ തികവുറ്റതാക്കി തീർക്കാൻ അദ്ദേഹം ശ്രമിച്ചു.
ഗുട്ടൻബർഗിന്റെ പ്രതിഭയും ഫുസ്റ്റിന്റെ പണവും
ഗുട്ടൻബർഗ് മൈന്റ്സിലേക്കു മടങ്ങുകയും പരീക്ഷണം തുടരുകയും ചെയ്തു. പണത്തിനായി അദ്ദേഹം യോഹാൻ ഫുസ്റ്റിന്റെ സഹായം തേടി. ഫുസ്റ്റ് അദ്ദേഹത്തിന് 1,600 ഗൂൾഡൻ കടം നൽകി. ഒരു വിദഗ്ധ ശിൽപ്പിയുടെ വാർഷിക വരുമാനം വെറും 30 ഗൂൾഡൻ ആയിരുന്ന ആ കാലത്ത് അതൊരു ഭീമമായ തുകതന്നെ ആയിരുന്നു. ഈ സാഹസിക സംരംഭത്തിൽ ലാഭം മുന്നിൽ കണ്ട സമർഥനായ ഒരു ബിസിനസ്സുകാരനായിരുന്നു ഫുസ്റ്റ്. എന്നാൽ ഏതു സംരംഭമായിരുന്നു ഗുട്ടൻബർഗിന്റെ മനസ്സിൽ ഉണ്ടായിരുന്നത്?
ചില സാധനങ്ങൾ ഒന്ന് ഒന്നിനോടു സമാനമായ വിധത്തിൽ വലിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഗുട്ടൻബർഗിന്റെ സൂക്ഷ്മദൃഷ്ടിയിൽ പെട്ടു. ഉദാഹരണത്തിന് നാണയങ്ങൾ വലിയ അളവിൽ അടിച്ചിറക്കുകയും വെടിയുണ്ടകൾ ലോഹത്തിൽ വാർത്തെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഒരുപോലിരിക്കുന്ന നൂറുകണക്കിനു താളുകൾ അച്ചടിച്ചിട്ട് അവ സംഖ്യാക്രമത്തിൽ അടുക്കി ഒരുപോലിരിക്കുന്ന പുസ്തകങ്ങൾ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ? ഏതു പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്? ബൈബിൾ. ചുരുക്കം ചിലർക്കു മാത്രം വാങ്ങാൻ കഴിയുംവിധം അത്ര വിലയേറിയ ഒരു പുസ്തകമായിരുന്നു അന്ന് അത്. മനോഹാരിത ബലി കഴിക്കാതെ, ബൈബിളുകളുടെ ഒരുപോലിരിക്കുന്ന പ്രതികൾ വലിയ അളവിൽ ഉത്പാദിപ്പിക്കാനും അങ്ങനെ കൈയെഴുത്തു പ്രതികളെക്കാൾ വളരെ വിലക്കുറവുള്ള ബൈബിളുകൾ ആളുകൾക്കു ലഭ്യമാക്കാനും ഗുട്ടൻബർഗ് പരിപാടിയിട്ടു. എന്നാൽ ഇത് എങ്ങനെ സാധ്യമാകുമായിരുന്നു?
കൈകൊണ്ട് പകർത്തി എഴുതി ആയിരുന്നു മിക്ക പുസ്തകങ്ങളുടെയും പ്രതികൾ ഉണ്ടാക്കിയിരുന്നത്. അതിന് സ്ഥിരോത്സാഹവും സമയവും ആവശ്യമായിരുന്നു. ഒരു താളിന്റെ വലിപ്പമുള്ള മരപ്പലകകളിൽ അക്ഷരങ്ങൾ കൊത്തിയുണ്ടാക്കിയിട്ട് അതുപയോഗിച്ച് അച്ചടി പരീക്ഷിച്ചുനോക്കിയിരുന്നു. ചൈനക്കാരനായിരുന്ന ബീ ഷെങ് അച്ചടിയിൽ ഉപയോഗിക്കുന്നതിനായി കളിമണ്ണുകൊണ്ട് ഓരോ അക്ഷരവും പ്രത്യേകം ഉണ്ടാക്കിയെടുക്കുകപോലും ചെയ്തിരുന്നു. കൊറിയയിലെ ഒരു സർക്കാർവക അച്ചടി സ്ഥാപനത്തിൽ ചെമ്പുകൊണ്ടുള്ള അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ പെറുക്കി വെക്കാവുന്ന അച്ചുകൾ—ഓരോ പേജും അച്ചടിക്കുന്നതിനായി ഇഷ്ടാനുസരണം പെറുക്കി വെക്കാവുന്ന അക്ഷരക്കട്ടകൾ—ഉപയോഗിച്ചുള്ള അച്ചടിക്ക് വളരെയേറെ അക്ഷരങ്ങൾ ആവശ്യമായിരുന്നു. അവ ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗം ആരും കണ്ടുപിടിച്ചിട്ടില്ലായിരുന്നു. ആ കണ്ടുപിടിത്തം ഗുട്ടൻബർഗിന് ഉള്ളതായിരുന്നു.
പെറുക്കി വെക്കാവുന്ന അച്ചുകൾ ലോഹംകൊണ്ട്—കളിമണ്ണുകൊണ്ടോ തടികൊണ്ടോ അല്ല—നിർമിച്ചെടുക്കുമ്പോൾ അച്ചടി ഏറ്റവും ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്ന് അനുഭവസമ്പന്നനായ ഒരു ലോഹപ്പണിക്കാരൻ എന്ന നിലയ്ക്ക് അദ്ദേഹം മനസ്സിലാക്കി. അവ കൊത്തിയെടുക്കുകയോ ചൂളയിൽ ചുട്ടെടുക്കുകയോ ചെയ്യുന്നതിനു പകരം മൂശയിൽ വാർത്തെടുക്കേണ്ടതുണ്ടായിരുന്നു. തന്റെ അക്ഷരമാലയിലെ 26 അക്ഷരങ്ങളുടെയും—ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും—ഇരട്ട അക്ഷരങ്ങളുടെയും വിരാമചിഹ്നങ്ങളുടെയും ചിഹ്നനങ്ങളുടെയും സംഖ്യകളുടെയും എല്ലാം അച്ചുകൾ വാർത്തെടുക്കാൻ പറ്റിയ മൂശകൾ ഗുട്ടൻബർഗിന് ആവശ്യമായിരുന്നു. മൊത്തം 290 വ്യത്യസ്ത അച്ചുകളും ഓരോന്നിന്റെയും ഡസൻ കണക്കിന് പകർപ്പുകളും ആവശ്യമാണെന്ന് അദ്ദേഹം കണക്കുകൂട്ടി.
സംരംഭത്തിനു തുടക്കം കുറിക്കുന്നു
ഗുട്ടൻബർഗ് തന്റെ പുസ്തകം അച്ചടിച്ചത് ലാറ്റിൻ ഭാഷയിൽ ഗോഥിക് ലിപി ഉപയോഗിച്ചാണ്—സന്ന്യാസിമാർ ബൈബിൾ പകർത്തിയെഴുതാൻ ഉപയോഗിച്ചിരുന്ന അതേ ലിപിതന്നെ. ലോഹപ്പണിയിലുള്ള പരിചയം ഉപയോഗിച്ച് അദ്ദേഹം ഓരോ അക്ഷരത്തിന്റെയും പ്രതീകത്തിന്റെയും വശംതിരിഞ്ഞ രൂപങ്ങൾ ചെറിയ ചെറിയ ഉരുക്കു ഖണ്ഡങ്ങളിൽ, പ്രതലത്തിൽനിന്ന് പൊന്തിനിൽക്കത്തക്ക വിധത്തിൽ കൊത്തിയുണ്ടാക്കി. (ചിത്രം 1) എന്നിട്ട് ഈ ഉരുക്കു ചാപ്പ കൊണ്ട് കടുപ്പംകുറഞ്ഞ ലോഹമായ ചെമ്പിന്റെയോ പിച്ചളയുടെയോ ചെറിയൊരു കഷണത്തിൽ അമർത്തി കുത്തി മുദ്ര പതിപ്പിച്ചു. അതിന്റെ ഫലമായി അക്ഷരത്തിന്റെ ശരിക്കുള്ള രൂപം കടുപ്പം കുറഞ്ഞ ലോഹത്തിൽ പതിഞ്ഞു. അതാണ് മാട്രിക്സ്.
അടുത്ത ഘട്ടം, ഗുട്ടൻബർഗിന്റെ പ്രതിഭയുടെ ഉത്പന്നമായ വാർപ്പുമൂശ ഉപയോഗിച്ചുള്ളതായിരുന്നു. മനുഷ്യ മുഷ്ടിയുടെ അത്രയും വലിപ്പമുള്ള മൂശയുടെ അടിവശവും മുകൾവശവും തുറന്നാണ് ഇരുന്നിരുന്നത്. ഒരു അക്ഷരത്തിന്റെ മാട്രിക്സ് മൂശയുടെ അടിവശത്ത് ഉറപ്പിച്ചിട്ട് ഉരുക്കിയ ലോഹക്കൂട്ട് മുകളിലൂടെ ഒഴിച്ചു. (ചിത്രം 2) ടിൻ, കാരീയം, ആന്റിമണി, ബിസ്മത്ത് എന്നിവ ചേർന്ന ഈ ലോഹക്കൂട്ട് പെട്ടെന്നുതന്നെ തണുത്ത് കട്ടിയായിത്തീർന്നു.
അതിനുശേഷം അത് മൂശയിൽനിന്നു പുറത്തെടുത്തു. ഒരറ്റത്ത് പ്രതലത്തിൽനിന്നു തള്ളിനിൽക്കുന്ന, അക്ഷരത്തിന്റെ വശംതിരിഞ്ഞ രൂപമുള്ള ഈ ലോഹസങ്കരമായിരുന്നു അച്ച് (type). ആ അക്ഷരത്തിന്റെ വേണ്ടിടത്തോളം അച്ചുകൾ ഉത്പാദിപ്പിക്കപ്പെടുന്നതുവരെ ഈ പ്രക്രിയ ആവർത്തിച്ചു. അതിനുശേഷം, ആ മാട്രിക്സ് മൂശയിൽനിന്ന് എടുത്തു മാറ്റിയിട്ട് തത്സ്ഥാനത്ത് അടുത്ത അക്ഷരത്തിന്റെ മാട്രിക്സ് ഉറപ്പിച്ചു. ഈ രീതിയിൽ, ഓരോ അക്ഷരത്തിന്റെയും പ്രതീകത്തിന്റെയും വേണ്ടിടത്തോളം അച്ചുകൾ ചുരുങ്ങിയ സമയംകൊണ്ട് നിർമിച്ചെടുക്കാൻ കഴിഞ്ഞു. എല്ലാ അച്ചുകൾക്കും ഒരേ ഉയരമായിരുന്നു. ഗുട്ടൻബർഗിന് വേണ്ടിയിരുന്നതും അതുതന്നെ.
ഇനിയിപ്പോൾ അച്ചടി ആരംഭിക്കാൻ കഴിയും. ഗുട്ടൻബർഗ്, പകർപ്പെടുക്കുന്നതിന് ബൈബിളിലെ ഒരു ഭാഗം തിരഞ്ഞെടുത്തു. അദ്ദേഹം സെറ്റിങ് സ്റ്റിക്ക് എന്നു വിളിക്കുന്ന വീതി കുറഞ്ഞ ഒരു ലോഹത്തകിടിൽ അച്ചുകൾ ചേർത്തുവെച്ച് പദങ്ങളും പദങ്ങൾ ചേർത്ത് വരികളും രൂപീകരിച്ചു. (ചിത്രം 3) എന്നിട്ട്, ഓരോ വരിയുടെയും നീളം ക്രമപ്പെടുത്തി. പിന്നെ വരികൾ ഒരു ഗാലി തട്ടത്തിൽ വെച്ച് കോളങ്ങൾ രൂപീകരിച്ചു. ഒരു പേജിൽ രണ്ടു കോളങ്ങളായിരുന്നു ഉണ്ടായിരുന്നത്. (ചിത്രം 4)
അതിനുശേഷം, ഈ താൾ ഇളകി മാറാതെ അച്ചടിയന്ത്രത്തിന്റെ പരന്ന പ്രതലത്തിൽ ദൃഢമായി ഉറപ്പിച്ചു. എന്നിട്ട് അതിന്റെ മുകളിൽ കറുത്ത മഷി പുരട്ടി. (ചിത്രം 5) മുന്തിരിച്ചക്കിനോടു സമാനമായിരുന്ന ആ അച്ചടിയന്ത്രത്തിന്റെ സഹായത്താൽ അച്ചുകളിന്മേലുള്ള മഷി അക്ഷരങ്ങളായി കടലാസിൽ പതിഞ്ഞു. അങ്ങനെ അച്ചടിച്ച താൾ രൂപംകൊണ്ടു. മഷിയും കടലാസും വീണ്ടും വീണ്ടും ഉപയോഗിച്ച് ആവശ്യമുള്ളത്ര പേജുകൾ ഇങ്ങനെ അച്ചടിച്ചു. അച്ചുകൾ പെറുക്കി വെക്കാവുന്നവ ആയിരുന്നതുകൊണ്ട് ഇതേ അച്ചുകൾതന്നെ ഉപയോഗിച്ച് മറ്റു പേജുകളും അച്ചടിക്കാൻ കഴിയുമായിരുന്നു.
അച്ചടി വിസ്മയം
15 മുതൽ 20 വരെ ജോലിക്കാരുണ്ടായിരുന്ന ഗുട്ടൻബർഗിന്റെ അച്ചടിശാല 1455-ൽ ആദ്യത്തെ ബൈബിളിന്റെ അച്ചടി പൂർത്തിയാക്കി. 180-ഓളം പ്രതികൾ ഉണ്ടാക്കപ്പെട്ടു. ഓരോ ബൈബിളിനും 1,282 താളുകൾ ഉണ്ടായിരുന്നു. ഓരോ താളിലും 42 ലൈനുകൾ രണ്ടു കോളങ്ങളിലായി അച്ചടിച്ചിരുന്നു. എന്നാൽ ബൈബിളുകൾ—ഓരോ ബൈബിളിനും രണ്ടു വാല്യങ്ങൾ വീതമുണ്ടായിരുന്നു—ബയൻഡു ചെയ്യുകയും തലക്കെട്ടുകൾക്കും ഓരോ അധ്യായത്തിന്റെയും ആദ്യത്തെ അക്ഷരത്തിനും കൈകൊണ്ട് ചായമടിച്ച് മോടി വരുത്തുകയും ചെയ്തത് ഗുട്ടൻബർഗിന്റെ അച്ചടിശാലയിൽ വെച്ച് ആയിരുന്നില്ല.
ഈ ബൈബിൾ അച്ചടിക്കാൻ എത്ര അച്ചുകൾ വേണ്ടി വന്നിരിക്കുമെന്ന് ഊഹിക്കാൻ ആകുമോ? ഓരോ പേജിലും 2,600-ഓളം അക്ഷരങ്ങളും ചിഹ്നനങ്ങളും മറ്റും ഉണ്ടായിരുന്നു. ഗുട്ടൻബർഗിന്റെ അച്ചടിശാലയിൽ അച്ചു നിരത്തുന്ന ആറു ജോലിക്കാർ ഉണ്ടായിരുന്നുവെന്നും അവരിൽ ഓരോരുത്തരും ഒരേ സമയത്ത് മൂന്നു പേജുകൾ തയ്യാറാക്കിയിരുന്നുവെന്നും ഇരിക്കട്ടെ. അങ്ങനെയെങ്കിൽ അവർക്ക് ഏകദേശം 46,000 അച്ചുകൾ വേണ്ടിവരുമായിരുന്നു. പെറുക്കി വെക്കാവുന്ന അച്ചുകൾ ഉപയോഗിച്ചുള്ള അച്ചടിയിലെ നിർണായക ഘടകം ഗുട്ടൻബർഗിന്റെ വാർപ്പു മൂശ ആയിരുന്നുവെന്നു നമുക്കു നിഷ്പ്രയാസം മനസ്സിലാക്കാവുന്നതാണ്.
ബൈബിളുകൾ ഒത്തു നോക്കിയപ്പോൾ ആളുകൾ അമ്പരന്നു പോയി: എല്ലാ പദങ്ങളും ഒരേ സ്ഥാനത്തു തന്നെയായിരുന്നു. കൈയെഴുത്തു പ്രതികളുടെ കാര്യത്തിൽ ഇത് അസാധ്യമായിരുന്നു. 42-ലൈൻ ബൈബിൾ എന്ന “ഈ [അച്ചടി] വിസ്മയത്തെ യുഗങ്ങളിൽ ഉടനീളം അച്ചടിക്കാർ അത്ഭുതത്തോടെ നോക്കിക്കാണത്തക്കവിധം അത് ഐകരൂപ്യത്തിലും പ്രതിസമാനതയിലും പൊരുത്തത്തിലും മനോഹാരിതയിലും മികവുറ്റത്” ആയിരുന്നു എന്ന് ഗ്യൂന്റർ എസ്. വേഗെനെർ എഴുതുന്നു.
സാമ്പത്തിക തകർച്ച
എന്നാൽ, ഫുസ്റ്റിന് ഒരു അച്ചടി വിസ്മയം സൃഷ്ടിക്കുന്നതിനെക്കാൾ പണം ഉണ്ടാക്കുന്നതിലായിരുന്നു താത്പര്യം. മുതൽ മുടക്കിൽനിന്നു ലാഭം ഉണ്ടാകാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തു. പങ്കാളികൾ തമ്മിൽ ഇടഞ്ഞു. കരാർ പ്രകാരം അനുവദിച്ച സമയം തീരുന്നതിനു മുമ്പ്, 1455-ൽ—ബൈബിളുകളുടെ അച്ചടി പൂർത്തിയായിക്കൊണ്ടിരുന്ന സമയത്ത്—ഫുസ്റ്റ് ഗുട്ടൻബർഗിനോട് വായ്പ വാങ്ങിയ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഗുട്ടൻബർഗിനു പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്നു നടന്ന കേസിൽ അദ്ദേഹത്തിന് എതിരായി വിധി വന്നു. കുറഞ്ഞപക്ഷം കുറെ അച്ചടി ഉപകരണങ്ങളും ബൈബിളിനു വേണ്ടിയുള്ള അച്ചുകളും ഫുസ്റ്റിനു കൊടുക്കാൻ അദ്ദേഹം നിർബന്ധിതനായി. ഗുട്ടൻബർഗിന്റെ വിദഗ്ധ തൊഴിലാളിയായ പീറ്റർ ഷൂഫറോടൊപ്പം ഫുസ്റ്റ് സ്വന്തം അച്ചടിശാല ആരംഭിച്ചു. ഗുട്ടൻബർഗ് വിയർപ്പൊഴുക്കി സമ്പാദിച്ച സൽപ്പേര് ഫുസ്റ്റ് ആൻഡ് ഷൂഫർ എന്ന പേരിലുള്ള അവരുടെ ബിസിനസ്സ് സ്ഥാപനം കവർന്നെടുത്തു. അത് ലോകത്തിലെ വാണിജ്യപരമായി വിജയപ്രദമായ ആദ്യത്തെ അച്ചടിശാല ആയിത്തീർന്നു.
മറ്റൊരു അച്ചടിശാല സ്ഥാപിച്ചുകൊണ്ട് തന്റെ പ്രവർത്തനം തുടരാൻ ഗുട്ടൻബർഗ് ശ്രമിച്ചു. 15-ാം നൂറ്റാണ്ടിലെ മറ്റുചില അച്ചടികൾ അദ്ദേഹത്തിന്റെ അധ്വാനഫലം ആണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. എന്നാൽ ഇവയിൽ ഒന്നിനും 42-ലൈൻ ബൈബിളിന്റെ അത്രയും ഗാംഭീര്യവും പ്രൗഢിയും ഉണ്ടായിരുന്നില്ല. 1462-ൽ ദൗർഭാഗ്യം പിന്നെയും അദ്ദേഹത്തെ വേട്ടയാടി. കത്തോലിക്കാ പുരോഹിത ശ്രേണിക്കുള്ളിൽ നടന്ന അധികാര വടംവലിയുടെ ഫലമായി മൈന്റ്സ് കൊള്ളയടിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ചെയ്തു. ഗുട്ടൻബർഗിന് രണ്ടാമതും തന്റെ അച്ചടിശാല നഷ്ടമായി. ആറു വർഷത്തിനു ശേഷം 1468 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.
ഗുട്ടൻബർഗിന്റെ പൈതൃകം
ഗുട്ടൻബർഗിന്റെ കണ്ടുപിടിത്തം അതിവേഗം പ്രചരിച്ചു. 1500-ാം ആണ്ട് ആയപ്പോഴേക്കും ജർമനിയിലെ 60 പട്ടണങ്ങളിലും മറ്റ് 12 യൂറോപ്യൻ രാജ്യങ്ങളിലും അച്ചടിശാലകൾ രൂപംകൊണ്ടു. “അച്ചടിയുടെ വികസനം ഒരു വാർത്താ വിപ്ലവത്തിന് ഇടയാക്കി” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. “തുടർന്നുള്ള 500 വർഷം കൊണ്ട് യന്ത്രവത്കൃത അച്ചടി വിദ്യയിൽ വളരെയധികം പുരോഗതികൾ ഉണ്ടായി. എങ്കിലും, അടിസ്ഥാന പ്രക്രിയയുടെ അന്തഃസത്ത ഒന്നുതന്നെ ആയിരുന്നു.”
അച്ചടി യൂറോപ്പുകാരുടെ ജീവിതത്തെ മാറ്റിമറിച്ചു. എന്തുകൊണ്ടെന്നാൽ അറിവ് മേലാൽ ചുരുക്കം ചിലരുടെ മാത്രം സ്വത്തായിരുന്നില്ല. വാർത്തകളും വിവരങ്ങളും സാധാരണക്കാരന്റെ പക്കൽ എത്തിച്ചേരാൻ തുടങ്ങി. അങ്ങനെ ലോകത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സാധാരണക്കാരുടെ അവബോധം വർധിച്ചു. അച്ചടി, ഏവർക്കും മനസ്സിലാകുന്ന ഒരു പ്രമാണ ലിപി ഓരോ ദേശീയ ഭാഷയ്ക്കും ഉണ്ടായിരിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. അങ്ങനെ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകൾ പ്രമാണീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. വായനാ സാമഗ്രികൾക്കു വേണ്ടിയുള്ള ആവശ്യം കുതിച്ചുയർന്നു. ഗുട്ടൻബർഗിന്റെ കാലത്തിനു മുമ്പ് യൂറോപ്പിൽ ഏതാനും ആയിരം കയ്യെഴുത്തു പ്രതികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അദ്ദേഹം മരിച്ച് 50 വർഷം കഴിഞ്ഞപ്പോഴേക്കും ദശലക്ഷക്കണക്കിനു പുസ്തകങ്ങൾ ലഭ്യമായി.
യന്ത്രവത്കൃത അച്ചടി ഇല്ലായിരുന്നെങ്കിൽ 16-ാം നൂറ്റാണ്ടിൽ മതനവീകരണം ആരംഭിക്കുക ഇല്ലായിരുന്നു. ബൈബിൾ ഇറ്റാലിയൻ, ഇംഗ്ലീഷ്, ചെക്ക്, ജർമൻ, ഡച്ച്, പോളീഷ്, ഫ്രഞ്ച്, സ്ലാവോനിക് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അച്ചടിയന്ത്രത്തിന്റെ സഹായത്താൽ പതിനായിരക്കണക്കിന് പ്രതികൾ നിഷ്പ്രയാസം അച്ചടിക്കാൻ കഴിഞ്ഞു. മാർട്ടിൻ ലൂഥർ തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് അച്ചടിയന്ത്രം നന്നായി ഉപയോഗപ്പെടുത്തി. ഗുട്ടൻബർഗ് തന്റെ അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പു ജീവിച്ചിരുന്നവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മാർട്ടിൻ ലൂഥറിന്റെ ശ്രമങ്ങൾ വിജയം വരിച്ചു. “സത്യമതം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള” ദൈവത്തിന്റെ മാർഗം എന്ന് ലൂഥർ ആ അച്ചടി യന്ത്രത്തെ വർണിച്ചതിൽ അതിശയിക്കാനില്ല!
ഗുട്ടൻബർഗ് ബൈബിളിന്റെ അവശേഷിക്കുന്ന പ്രതികൾ
അവശേഷിക്കുന്ന എത്ര ഗുട്ടൻബർഗ് ബൈബിളുകൾ ഉണ്ട്? യൂറോപ്പിലും വടക്കേ അമേരിക്കയിലും ആയി 48 പ്രതികൾ—അവയിൽ ചിലത് സമ്പൂർണമല്ല—ഉള്ളതായിട്ടാണ് അടുത്തകാലം വരെ വിശ്വസിച്ചിരുന്നത്. അവയിൽ ഏറ്റവും പകിട്ടാർന്ന പ്രതികളിൽ ഒന്ന് വാഷിങ്ടൺ ഡി.സി.-യിലെ കോൺഗ്രസ്സ് ലൈബ്രറിയിലുള്ള, ചർമപത്രത്തിൽ അച്ചടിക്കപ്പെട്ട ഒരു ബൈബിളാണ്. അങ്ങനെയിരിക്കേ, 1996-ൽ ആവേശകരമായ ഒരു സംഗതി സംഭവിച്ചു—ജർമനിയിലെ റെന്റ്സ്ബുർക്കിലുള്ള ഒരു പള്ളിയിലെ ഗ്രന്ഥപ്പുരയിൽ ഗുട്ടൻബർഗ് ബൈബിളിന്റെ കൂടുതലായ ഒരു ഭാഗം കണ്ടെത്തി.—1998 ജനുവരി 22 ലക്കം ഉണരുക!യുടെ 29-ാം പേജു കാണുക.
ഏവർക്കും വാങ്ങാൻ കഴിയത്തക്കവണ്ണം കുറഞ്ഞ വിലയ്ക്ക് ബൈബിൾ ഇപ്പോൾ ലഭ്യമായിരിക്കുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും! എന്നാൽ നമുക്കൊരു 42-ലൈൻ ഗുട്ടൻബർഗ് ബൈബിൾ വാങ്ങാൻ കഴിയുമെന്ന് അതിന് അർഥമില്ല! അതിൽ ഒരെണ്ണത്തിന് എന്തു വില വരും? 1978-ൽ മൈന്റ്സിലെ ഗുട്ടൻബർഗ് മ്യൂസിയം 37 ലക്ഷം ഡോയിഷ് മാർക്കിനാണ് (ഇന്നത്തെ ഏതാണ്ട് എട്ടു കോടി രൂപ) ഒരെണ്ണം വാങ്ങിയത്. ഇപ്പോൾ അതിന് അതിന്റെ പല മടങ്ങ് വില വരും.
ഗുട്ടൻബർഗ് ബൈബിളിനെ അതുല്യമാക്കുന്നത് എന്താണ്? ഗുട്ടൻബർഗ് മ്യൂസിയത്തിന്റെ മുൻ ഡയറക്ടറായ പ്രൊഫസർ ഹെൽമൂട്ട് പ്രെസ്സർ മൂന്നു കാരണങ്ങൾ നിരത്തുന്നു. ഒന്ന്, പെറുക്കി വെക്കാവുന്ന അച്ചുകൾകൊണ്ട് പാശ്ചാത്യ നാടുകളിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം ഗുട്ടൻബർഗ് ബൈബിൾ ആണ്. രണ്ട്, അച്ചടിക്കപ്പെട്ട ആദ്യത്തെ ബൈബിൾ അതാണ്. മൂന്ന്, അത് അതിമനോഹരമാണ്. ഗുട്ടൻബർഗ് ബൈബിളിൽ “ഗോഥിക് ലിപി അതിന്റെ ഔന്നത്യത്തിൽ എത്തിയിരിക്കുന്നതു” നാം കാണുന്നു എന്ന് പ്രൊഫസർ പ്രെസ്സർ എഴുതുന്നു.
എല്ലാ സംസ്കാരങ്ങളിലെയും ആളുകൾ ഗുട്ടൻബർഗിന്റെ പ്രതിഭയോട് കടപ്പെട്ടിരിക്കുന്നു. വാർപ്പു മൂശ, ലോഹക്കൂട്ട്, മഷി, അച്ചടിയന്ത്രം എന്നിവയുടെ ഉപയോഗം അദ്ദേഹം ഏകോപിപ്പിച്ചു. അങ്ങനെ, അച്ചടി യന്ത്രവത്കൃതമാക്കി ഗുട്ടൻബർഗ് ലോകത്തെ സമ്പന്നമാക്കി.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
1. ഒരു ഉരുക്കു ചാപ്പ ഉപയോഗിച്ച് പിച്ചള മാട്രിക്സിൽ അക്ഷരത്തിന്റെ രൂപം പതിപ്പിച്ചു
2. ഉരുക്കിയ ലോഹക്കൂട്ട് വാർപ്പു മൂശയിലേക്ക് ഒഴിച്ചു. ഉറച്ചു കഴിഞ്ഞ് മൂശയിൽനിന്നു പുറത്തെടുത്ത അച്ചിൽ അക്ഷരത്തിന്റെ വശംതിരിഞ്ഞ രൂപം ഉണ്ടായിരുന്നു
3. സെറ്റിങ് സ്റ്റിക്കിൽ അച്ചുകൾ ചേർത്തുവെച്ച് പദങ്ങളും പദങ്ങൾ ചേർത്ത് വരികളും രൂപീകരിച്ചു
4. വരികൾ ഒരു ഗാലി തട്ടത്തിൽ വെച്ച് കോളങ്ങൾ രൂപീകരിച്ചു
5. അച്ചു നിരത്തി ഉണ്ടാക്കിയ താൾ അച്ചടിയന്ത്രത്തിന്റെ പരന്ന പ്രതലത്തിൽ ഉറപ്പിച്ചു
6. 1584-ൽ ചെമ്പുഫലകത്തിൽ കൊത്തിയുണ്ടാക്കിയ ഗുട്ടൻബർഗിന്റെ രൂപം
7. ഗുട്ടൻബർഗ് ബൈബിളിന്റെ ഒരു പ്രതിക്ക് ഇന്ന് കോടിക്കണക്കിനു രൂപ വിലയുണ്ട്
[കടപ്പാട്]
1-4, 6, 7 ചിത്രങ്ങൾ: Gutenberg-Museum Mainz; ചിത്രം 5: Courtesy American Bible Society
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പശ്ചാത്തലം: By Permission of the British Library/Gutenberg Bible