ദാരിദ്ര്യത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു
‘ദരിദ്രർ നിങ്ങൾക്കു എല്ലായ്പ്പോഴും അടുക്കെ ഉണ്ട്’ എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (മത്തായി 26:11) യാതൊരു പരിഹാരവും ഇല്ലാതെ ദാരിദ്ര്യം എന്നേക്കും നിലനിൽക്കും എന്നായിരുന്നോ?
നിലവിലുള്ള മാനുഷ ഭരണ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം ഉണ്ടായിരിക്കും എന്ന് യേശുവിന് അറിയാമായിരുന്നു. യാതൊരു തരത്തിലുമുള്ള മാനുഷ ഗവൺമെന്റിനോ സാമ്പത്തിക, സാമൂഹിക വ്യവസ്ഥയ്ക്കോ അതിനെ എന്നേക്കുമായി തുടച്ചുനീക്കാൻ ആകില്ലെന്ന് അവന് അറിയാമായിരുന്നു. ചരിത്രരേഖയും ഇതു സ്ഥിരീകരിക്കുന്നു.
മനുഷ്യ ചരിത്രത്തിൽ ആയിരക്കണക്കിനു വർഷങ്ങളോളം എല്ലാ തരത്തിലുള്ള ഗവൺമെന്റുകളും സാമ്പത്തിക-സാമൂഹിക വ്യവസ്ഥകളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. എന്നിട്ടും ദാരിദ്ര്യം നിലനിൽക്കുന്നു. ശാസ്ത്ര, വ്യാവസായിക, വൈദ്യചികിത്സാ മേഖലകളിൽ പുരോഗതികൾ ഉണ്ടായിട്ടും പൂർവാധികം ആളുകൾ ദാരിദ്ര്യത്തിന്റെ പിടിയിലമർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളത് ഒരു അനിഷേധ്യ സത്യമാണ്.
ക്ഷാമം, വരൾച്ച, ശത്രു സൈന്യത്തിന്റെ ആക്രമണങ്ങൾ, മോശമായ ഭരണ നിർവഹണം, സാമ്പത്തിക ദുർവ്യയം, സമ്പന്നരും പ്രബലരും ദരിദ്രരെയും ദുർബലരെയും അടിച്ചമർത്തുന്നത്, അത്യാഹിതങ്ങൾ, രോഗങ്ങൾ, ദരിദ്രരായ അനാഥരെയും വിധവമാരെയും സൃഷ്ടിച്ചുകൊണ്ട് മരണമടയുന്ന ഗൃഹനാഥൻമാർ എന്നിങ്ങനെ ദാരിദ്ര്യത്തിന് ഇടയാക്കുന്ന പല ഘടകങ്ങളെയും കുറിച്ച് യേശു തികച്ചും ബോധവാനായിരുന്നു. അതിലുപരിയായി മടി, മദ്യപാനം, ചൂതാട്ടം, മയക്കുമരുന്ന് ആസക്തി എന്നിവപോലുള്ള മോശമായ ശീലങ്ങളിലൂടെ ആളുകൾ തങ്ങളെയും കുടുംബത്തെയും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളുമെന്നും അവന് അറിയാമായിരുന്നു.
അതുകൊണ്ട് ‘ദരിദ്രർ നിങ്ങൾക്കു എല്ലായ്പ്പോഴും അടുക്കെ ഉണ്ട്’ എന്നു പറഞ്ഞപ്പോൾ ദാരിദ്ര്യത്തെ നിർമാർജനം ചെയ്യുന്നത് ഏതൊരു ലൗകിക സംഘടനയുടെയും കഴിവിന് അതീതമാണെന്നും നിലവിലുള്ള മാനുഷ ഭരണ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ദരിദ്രർ ഉണ്ടായിരിക്കുമെന്നും ആണ് യേശു അർഥമാക്കിയത്.
ദാരിദ്ര്യം പണ്ടുമുതൽക്കേ ഉള്ളതാണെങ്കിലും യേശുവും അവന്റെ സ്വർഗീയ പിതാവും ദരിദ്രരോട് അനുകമ്പ ഇല്ലാത്തവരാണെന്ന് നാം നിഗമനം ചെയ്യരുത്. തന്നെയുമല്ല യേശുവിന്റെ വാക്കുകളിൽനിന്ന്, ദാരിദ്ര്യത്തിന് ഒരിക്കലും അറുതി ഉണ്ടാകില്ലെന്നും അനുമാനിക്കരുത്. ബൈബിൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ദാരിദ്ര്യവും മോശൈക ന്യായപ്രമാണവും
ഉദാഹരണത്തിന്, മോശ മുഖാന്തരം പുരാതന ഇസ്രായേൽ ജനതയ്ക്ക് ദൈവം നൽകിയ ന്യായപ്രമാണത്തെക്കുറിച്ചു പരിചിന്തിക്കുക. ന്യായപ്രമാണത്തിൽ നൽകിയിരുന്ന ഒരു നിയമപ്രകാരം ഓരോ ഇസ്രായേല്യ കുടുംബത്തിനും കനാൻ ദേശത്ത് സ്ഥലം അവകാശമായി ലഭിച്ചിരുന്നു. (ആവർത്തനപുസ്തകം 11:8-15; 19:14) ലേവ്യരെ മാത്രമായിരുന്നു ഇതിൽനിന്ന് ഒഴിച്ചുനിർത്തിയത്, അവർക്ക് അവകാശം ലഭിച്ചിരുന്നില്ല. പകരം, ആലയത്തിലുള്ള അവരുടെ പ്രത്യേക സേവനം കണക്കിലെടുത്തുകൊണ്ട് ദേശത്തെ വിളവിന്റെ ദശാംശം അവർക്കു ലഭിച്ചിരുന്നു.—സംഖ്യാപുസ്തകം 18:20, 21, 24.
അതിലുപരിയായി, സ്ഥലം ഏതു കുടുംബത്തിന് അല്ലെങ്കിൽ ഗോത്രത്തിന് നൽകപ്പെട്ടുവോ അത് അവരുടെ കുടുംബസ്വത്ത് ആയിരിക്കുമെന്ന് മോശൈക ന്യായപ്രമാണത്തിൻ കീഴിലുള്ള സ്വത്തവകാശം സംബന്ധിച്ച നിയമങ്ങൾ ഉറപ്പുവരുത്തി. (സംഖ്യാപുസ്തകം 27:8-11) ഒരുവൻ തന്റെ സ്ഥലം വിറ്റാൽത്തന്നെ പുതിയ ഉടമസ്ഥന് അത് താത്കാലികമായേ കൈവശം വെക്കാൻ സാധിക്കുമായിരുന്നുള്ളൂ. കാലാന്തരത്തിൽ സ്ഥലം വിറ്റവന്റെ കുടുംബത്തിനുതന്നെ അതു തിരിച്ചു കിട്ടുമായിരുന്നു.
തങ്ങളുടെ സ്ഥലം ശരിയാംവണ്ണം നോക്കി നടത്താഞ്ഞതു മൂലമോ വിഭവങ്ങൾ ദുർവ്യയം ചെയ്തതു മൂലമോ ദരിദ്രരായിത്തീർന്നവർക്ക് മറ്റുള്ളവരുടെ വയലുകളിലും ഫലവൃക്ഷത്തോപ്പുകളിലും മുന്തിരിത്തോട്ടങ്ങളിലും കാലാ പെറുക്കാൻ ന്യായപ്രമാണം അനുവാദം നൽകിയിരുന്നു. (ലേവ്യപുസ്തകം 23:22) കൂടാതെ, ദരിദ്രനായ ഒരു ഇസ്രായേല്യന് പലിശയില്ലാതെ പണം വായ്പ വാങ്ങാമായിരുന്നു. അതേ, ദരിദ്രരോട് ഔദാര്യ മനോഭാവം പ്രകടമാക്കേണ്ടതുണ്ടായിരുന്നു.—പുറപ്പാടു 22:25.
യേശു ദരിദ്രർക്കായി കരുതി
നൂറ്റാണ്ടുകൾക്കുശേഷം യേശു ഭൂമിയിലേക്കു വന്നപ്പോൾ അവനും തന്റെ പിതാവായ യഹോവയിൽനിന്നു പഠിച്ച ഔദാര്യ മനോഭാവം പ്രകടമാക്കുന്നതിൽ തുടർന്നു. ഭൗതികമായി ദരിദ്രരായിരുന്നവരിൽ യേശു പ്രത്യേക താത്പര്യമെടുത്തിരുന്നു. അവനും ശിഷ്യന്മാർക്കും പൊതുവായി ഒരു ഫണ്ടുണ്ടായിരുന്നു. അതിൽനിന്ന് അവർ ദരിദ്രരായ ഇസ്രായേല്യർക്കു പണം നൽകിയിരുന്നു.—യോഹന്നാൻ 12:5-8.
യേശു വധിക്കപ്പെട്ടശേഷം ക്രിസ്ത്യാനികളും സമാനമായി ദരിദ്രരോടു കരുതൽ പ്രകടമാക്കി. ദരിദ്രരായ ആത്മീയ സഹോദരീസഹോദരന്മാർക്ക് അവർ വിശേഷിച്ചും ഭൗതിക സഹായങ്ങൾ നൽകി. (റോമർ 15:26) ഇന്ന് സത്യക്രിസ്ത്യാനികൾ പരസ്പരം അതേ സ്നേഹപുരസ്സരമായ കരുതൽ പ്രകടമാക്കുന്നു.
അടിച്ചമർത്തപ്പെട്ടവരോട് അനുകമ്പ പ്രകടമാക്കുമ്പോൾത്തന്നെ മടി നിമിത്തം ഫലത്തിൽ “സ്വന്തമാംസം തിന്നുന്ന”വരെ ബൈബിൾ ശാസിക്കുന്നു. (സഭാപ്രസംഗി 4:1, 5) അപ്പോസ്തലനായ പൗലൊസ് എഴുതി: ‘വേലചെയ്വാൻ മനസ്സിലാത്തവൻ തിന്നുകയുമരുത്.’ (2 തെസ്സലൊനീക്യർ 3:10) സമാനമായി, മയക്കുമരുന്നിനോ പുകയിലയ്ക്കോ മദ്യത്തിനോ അടിപ്പെട്ട് പണം ദുർവ്യയം ചെയ്യുന്നവർ ദരിദ്രരായിത്തീരുന്നു. ഇത് അവരുടെതന്നെ ദുശ്ശീലങ്ങളുടെ അനന്തരഫലമാണ്; വാസ്തവത്തിൽ അവർ ‘വിതച്ചതു കൊയ്യുക’യാണ്.—ഗലാത്യർ 6:7.
സുരക്ഷിതത്വം ഇപ്പോൾ
തന്റെ ഹിതം ചെയ്വാൻ ശ്രമിക്കുന്നവരുടെ അവസ്ഥയിൽ ദൈവം പ്രത്യേക താത്പര്യം എടുക്കുന്നതായി ബൈബിൾ കാട്ടിത്തരുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 37:25-ൽ ദാവീദ് ഇപ്രകാരം പറയുന്നു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” ശരിയായ മനോനിലയുള്ളവർ സമ്പന്നരാകും എന്നുള്ള വാഗ്ദാനമല്ല ഇത്. പിന്നെയോ ജീവിച്ചുപോകാൻ ആവശ്യമായ ഭൗതിക വസ്തുക്കൾ അവർക്കുണ്ടെന്ന് ദൈവം ഉറപ്പുവരുത്തും എന്നാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അതേ സങ്കീർത്തനത്തിന്റെ 28-ാം വാക്യം ഇങ്ങനെ പറയുന്നു: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ [“വിശ്വസ്തരെ,” NW] ഉപേക്ഷിക്കുന്നതുമില്ല.”
ദരിദ്രരെക്കുറിച്ചു കരുതലുണ്ടെന്നു പ്രകടമാക്കുന്നതിൽ അധികം യേശു ചെയ്തു. തന്റെ ഭൗമിക ജീവിതകാലത്ത് അവൻ അവരെ ഭൗതികമായി സഹായിച്ചു. ദൈവേഷ്ടം ചെയ്യാൻ അവർ ശ്രമിക്കുന്നിടത്തോളം കാലം ഇപ്പോഴത്തെയും ഭാവിയിലെയും അത്യാവശ്യ കാര്യങ്ങളെങ്കിലും ദൈവം നടത്തിത്തരുമെന്ന് യേശു അവർക്ക് ഉറപ്പേകി. അവൻ പിൻവരുന്നപ്രകാരം പറഞ്ഞു:
“ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏററവും വിശേഷതയുള്ളവരല്ലയോ? . . . ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.”—മത്തായി 6:26-32.
തന്റെ അനുഗാമികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യേശു ഉപസംഹരിച്ചു: “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) ദരിദ്രരെങ്കിലും ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കുന്നവർക്ക് എത്ര നല്ല പ്രോത്സാഹനം! തന്റെ അനുഗാമികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ദൈവരാജ്യം ആയിരിക്കണമെന്ന് യേശു വ്യക്തമാക്കി എന്നതും ശ്രദ്ധിക്കുക. ദൈവത്തിന്റെ സ്വർഗീയരാജ്യം മുഴു ഭൂമിയുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ മാത്രമേ ദാരിദ്ര്യം തുടച്ചു നീക്കപ്പെടുകയുള്ളൂ എന്ന് യേശുവിന് അറിയാമായിരുന്നു.
നമ്മുടെ സന്തതസഹചാരിയായിരിക്കില്ല
അങ്ങനെ ഭാവി സംബന്ധിച്ച് യേശു മഹത്തായ ഒരു പ്രത്യാശ നൽകിയിരിക്കുന്നു. അതുകൊണ്ട്, ‘ദരിദ്രർ നിങ്ങൾക്കു എല്ലായ്പ്പോഴും അടുക്കെ ഉണ്ട്’ എന്നു പറഞ്ഞപ്പോൾ നിലവിലുള്ള മാനുഷ ഭരണ വ്യവസ്ഥയിൻ കീഴിലുള്ള ജീവിതത്തെക്കുറിച്ചായിരുന്നു അവൻ പരാമർശിച്ചത്, അല്ലാതെ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻ കീഴിലുള്ള ഭാവി ജീവിതത്തെക്കുറിച്ചല്ല. ബൈബിൾ ഇപ്രകാരം മുൻകൂട്ടി പറയുന്നു: “ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.” (സങ്കീർത്തനം 9:18) മറ്റുള്ളവരെ ചൂഷണം ചെയ്യാനും അടിച്ചമർത്താനും ശ്രമിക്കുന്നവരെ ദൈവരാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ ക്രിസ്തുയേശു വെച്ചുപൊറുപ്പിക്കില്ല.
ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണാധിപത്യം യേശു തന്റെ പഠിപ്പിക്കലിന്റെ മുഖ്യവിഷയമാക്കി. (മത്തായി 4:17) രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിലെ അവസ്ഥ സ്വർഗത്തിലെ അവസ്ഥയെ പ്രതിഫലിപ്പിക്കും. അതുകൊണ്ടാണ് ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചത്: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
അത് എങ്ങനെ സംഭവിക്കും? നിലവിലുള്ള മാനുഷ ഭരണ വ്യവസ്ഥയെ ഭൂമിയിൽനിന്ന് അപ്പാടെ തുടച്ചുമാറ്റി അതിനു പകരം തന്റെ സ്വർഗീയ രാജ്യഭരണം കൊണ്ടുവരിക എന്നത് ദൈവോദ്ദേശ്യമാണ്. ദാനീയേൽ 2:44-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “[ഇപ്പോൾ ജീവിച്ചിരിക്കുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല [മാനുഷ ഭരണം മേലാൽ ഉണ്ടായിരിക്കില്ല]; അതു ഈ [നിലവിലുള്ള] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”
പിന്നീട്, ദൈവരാജ്യ ഭരണത്തിൻ കീഴിൽ മുഴു ഭൂമിയും സമൃദ്ധിയുടെ ഒരു പറുദീസയായി മാറും. ദാരിദ്ര്യത്തിന്റെ ഒരു കണികപോലും അവിടെ അവശേഷിക്കുകയില്ല. അക്കാലത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള ചില ബൈബിൾ പ്രവചനങ്ങൾ ശ്രദ്ധിക്കുക:
“സൈന്യങ്ങളുടെ യഹോവ . . . സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും.” (യെശയ്യാവു 25:6) “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ‘അതു അനുഗ്രഹകരമായ മഴ ആയിരിക്കും. വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ചെയ്യും.’ (യെഹെസ്കേൽ 34:26, 27) “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.” (സങ്കീർത്തനം 67:6) “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.”—യെശയ്യാവു 35:1.
കൂടാതെ, മീഖാ 4:4 ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” എല്ലാവർക്കും സ്വന്തം ഭവനങ്ങളുണ്ടായിരിക്കും: “അവർ വീടുകളെ പണിതു പാർക്കും. . . . അവർ പണിക മറെറാരുത്തൻ പാർക്ക എന്നു വരികയില്ല.” (യെശയ്യാവു 65:21, 22) തന്റെ പഠിപ്പിക്കലുകളിൽ വിശ്വാസമർപ്പിച്ച വ്യക്തിയോട് യേശുവിന് ഇപ്രകാരം പറയാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.”—ലൂക്കൊസ് 23:43.
അതേ, ദാരിദ്ര്യം പൂർണമായി തുടച്ചു നീക്കപ്പെടുമെന്ന് ദൈവത്തിന്റെ സ്വന്തം നിശ്വസ്ത വചനം വ്യക്തമായി പഠിപ്പിക്കുന്നു. അതിനുള്ള സമയം അടുത്തിരിക്കുകയാണ്. കാരണം, ഈ ലോകം അതിന്റെ “അന്ത്യനാളുക”ളിലാണെന്നും “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളിലൂടെയാണ് അതു കടന്നുപോകുന്നതെന്നും ബൈബിൾ പ്രവചനങ്ങൾ കാണിക്കുന്നു. (2 തിമൊഥെയൊസ് 3:1-5, 13, NW) താമസിയാതെ ഇന്നത്തെ വ്യവസ്ഥിതി എന്നേക്കുമായി നീക്കം ചെയ്യപ്പെടും, ദാരിദ്ര്യവും അങ്ങനെതന്നെ—മാനുഷിക ശ്രമങ്ങളാൽ അല്ല പിന്നെയോ ദിവ്യ ഇടപെടൽ മുഖാന്തരം. രാജാവായ യേശുക്രിസ്തു “നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.”—സങ്കീർത്തനം 72:12, 13.
[9-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാവർക്കും നല്ല പാർപ്പിടവും സമൃദ്ധമായ ആഹാരവും ഉണ്ടായിരിക്കും
[10-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ കുട്ടികൾ ഒരിക്കലും വിശന്നുവലയുകയില്ല