ദാരിദ്ര്യത്തിന്റെ തടവുകാർ
യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് പൊ.യു. 33-ൽ ഇങ്ങനെ പറയുകയുണ്ടായി: ‘ദരിദ്രർ നിങ്ങൾക്കു എല്ലായ്പ്പോഴും അടുക്കെ ഉണ്ട്.’ (മത്തായി 26:11) അവൻ എന്താണ് അർഥമാക്കിയത്? ദാരിദ്ര്യം ഒരിക്കലും ഇല്ലായ്മ ചെയ്യാനാകില്ല എന്നാണോ?
ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ കാര്യനിർവാഹകനായ ജെയിംസ് സ്പെത്ത് ഇങ്ങനെ പറഞ്ഞു: “[ദാരിദ്ര്യം] നമ്മുടെ സന്തതസഹചാരി ആയിരിക്കുമെന്നു സമ്മതിച്ചു കൊടുക്കാനാകില്ല. ദാരിദ്ര്യത്തെ ചരിത്രത്തിന്റെ താളുകളിൽ മാത്രമായി ഒതുക്കി നിർത്താൻവേണ്ട വിഭവങ്ങളും അറിവും വൈദഗ്ധ്യവുമെല്ലാം ആധുനിക ലോകത്തിനുണ്ട്.” എന്നാൽ ആധുനിക ലോകത്തിന് ദാരിദ്ര്യത്തെ നിർമാർജനം ചെയ്യാൻ സാധിക്കുമോ?
മാനുഷിക ശ്രമങ്ങൾകൊണ്ടു ദാരിദ്ര്യത്തെ തുടച്ചു നീക്കാൻ ആകുമെന്ന് ഐക്യരാഷ്ട്രങ്ങളുടെ പൊതുസഭ പ്രതീക്ഷിക്കുന്നുവെന്നു വ്യക്തം. കാരണം, 1997 മുതൽ 2006 വരെയുള്ള വർഷങ്ങളെ അത് ആദ്യത്തെ “ദാരിദ്ര്യ നിർമാർജന ഐക്യരാഷ്ട്ര ദശക”മായി പ്രഖ്യാപിക്കുകയുണ്ടായി. സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സേവനങ്ങളുടെ പ്രാപ്യത മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനും വരുമാനവും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നതിനും ഗവൺമെന്റുകളോടും ആളുകളോടും സ്ഥാപനങ്ങളോടുമൊപ്പം തോളോടു തോൾ ചേർന്നു പ്രവർത്തിക്കണമെന്ന നിർദേശം യുഎൻ മുമ്പോട്ടുവെച്ചു.
ലക്ഷ്യങ്ങളെല്ലാം കെങ്കേമംതന്നെ! എന്നാൽ ലോക സമുദായം അവ എന്നെങ്കിലും എത്തിപ്പിടിക്കുമോ? ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള മാനുഷിക ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഏതാനും ഘടകങ്ങളെക്കുറിച്ചു പരിചിന്തിക്കുക.
പട്ടിണിയും വികലപോഷണവും
സയറിലാണ് ആയെമ്പയുടെ താമസം. കുടുംബത്തിൽ അവളെ ആശ്രയിച്ചു കഴിയുന്നതു 15 പേരാണ്. ചിലപ്പോഴൊക്കെ ആ കുടുംബത്തിന് ഒരു നേരത്തെ ആഹാരത്തിനു വകയുണ്ടായെന്നു വരാം—അതാകട്ടെ, ഉപ്പും പഞ്ചസാരയും കസാവ ഇലകളും ചേർത്ത് ചോളപ്പൊടികൊണ്ട് തയ്യാറാക്കുന്ന കുറുക്കും. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസത്തേക്ക് അവർക്ക് ആഹാരമുണ്ടായിരിക്കില്ല. “കുട്ടികൾ വിശന്നു കരയുന്നതുവരെ ഞാൻ കാത്തിരിക്കും, എന്തെങ്കിലും ഉണ്ടാക്കാൻ,” ആയെമ്പ പറയുന്നു.
അവരുടേത് ഒറ്റപ്പെട്ട സ്ഥിതിവിശേഷമല്ല. വികസ്വര രാഷ്ട്രങ്ങളിൽ 5-ൽ ഒരാൾ വീതം വിശന്നൊട്ടിയ വയറോടെയാണ് അന്തിയുറങ്ങുന്നത്. ലോകവ്യാപകമായി ഏതാണ്ട് 80 കോടി ആളുകൾ—അതിൽ 20 കോടിയോളം കുട്ടികളാണ്—സ്ഥിരം വികല പോഷിതരാണ്. ഈ കുട്ടികൾക്കു സാധാരണ വളർച്ചയില്ല; കൂടെക്കൂടെ അവർക്കു രോഗവും പിടിപെടുന്നു. സ്കൂൾ പഠനത്തിൽ അവർ മോശമായിരിക്കും. വലുതായി കഴിയുമ്പോൾ ഇതിന്റെയെല്ലാം ഭവിഷ്യത്തുകളും അവർ അനുഭവിക്കുന്നു. അങ്ങനെ ദാരിദ്ര്യം മിക്കപ്പോഴും വികല പോഷണത്തിലേക്കു നയിക്കുന്നു, വികല പോഷണം തിരിച്ച് ദാരിദ്ര്യത്തിലേക്കും.
ദാരിദ്ര്യം, പട്ടിണി, വികല പോഷണം എന്നിവ വിപുലവ്യാപകമായതിനാൽ അവ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ശ്രമങ്ങൾ വിഫലമാകുന്നു. തീർച്ചയായും, സ്ഥിതിവിശേഷം മെച്ചപ്പെടുന്നതിനു പകരം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്.
മോശമായ ആരോഗ്യം
ലോകാരോഗ്യ സംഘടന പറയുന്ന പ്രകാരം ദാരിദ്ര്യം “ലോകത്തിലെ ഏറ്റവും മാരകമായ രോഗ”വും “മരണം, രോഗം, കഷ്ടപ്പാട് എന്നിവയുടെ ഏറ്റവും വലിയ അടിസ്ഥാന കാരണ”വുമാണ്.
ലാറ്റിൻ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കുറഞ്ഞത് 60 കോടി ആളുകളെങ്കിലും നല്ല പാർപ്പിടവും ആവശ്യത്തിന് വെള്ളവും ശുചിത്വ സൗകര്യങ്ങളും മലിനജല നിർഗമന സംവിധാനങ്ങളും ഇല്ലാത്ത വീടുകളിലാണ് താമസിക്കുന്നതെന്നും അവരുടെ ജീവനും ആരോഗ്യവും നിരന്തര ഭീഷണിയിൻ കീഴിലാണെന്നും നഗരവത്കരിക്കപ്പെടുന്ന ഒരു ലോകം: മാനുഷ പാർപ്പിടങ്ങൾ സംബന്ധിച്ച ആഗോള റിപ്പോർട്ട് 1996 എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു. ലോകവ്യാപകമായി 100 കോടിയിലധികം ആളുകൾക്ക് ശുദ്ധജലം ലഭ്യമല്ല. കോടിക്കണക്കിന് ആളുകൾക്ക് സമീകൃത ആഹാരത്തിനു വകയില്ല. ഈ ഘടകങ്ങളെല്ലാം ദരിദ്രരെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധം ദുഷ്കരം ആക്കിത്തീർക്കുന്നു.
മാത്രമല്ല, തങ്ങളുടെ രോഗം ചികിത്സിച്ചു ഭേദമാക്കാനും ദരിദ്രർക്ക് മിക്കപ്പോഴും കഴിയാറില്ല. രോഗം പിടിപെട്ടാൽ മരുന്നിനോ ചികിത്സയ്ക്കോ വേണ്ട ചെലവ് അവർക്കു താങ്ങാൻ കഴിഞ്ഞെന്നു വരില്ല. ദരിദ്രരുടെ ജീവൻ അകാലത്തിൽ പൊലിഞ്ഞു പോകുന്നു; അതിജീവിക്കുന്നവരാകട്ടെ മാറാരോഗങ്ങളോടു മല്ലിട്ടുകൊണ്ടായിരിക്കും ജീവിക്കുന്നത്.
മാലദ്വീപിലെ ഒരു ചന്തയിൽ കച്ചവടം നടത്തുന്ന സാഹീദാ പറയുന്നു: “ദാരിദ്ര്യം കാരണം ആരോഗ്യം നശിക്കുന്നു. പിന്നെ പണിയെടുക്കാൻ പറ്റില്ല.” പണി ഇല്ലാതാകുമ്പോൾ ദാരിദ്ര്യം വർധിക്കുന്നു. തത്ഫലമായി ദാരിദ്ര്യവും രോഗവും മാറി മാറി ദുരിതപൂർണമായ അവസ്ഥയ്ക്കു തിരികൊളുത്തുന്നു.
തൊഴിലില്ലായ്മയും കുറഞ്ഞ വേതനവും
ദാരിദ്ര്യത്തിന്റെ മറ്റൊരു വശമാണ് തൊഴിലില്ലായ്മ. ഭൂവൊട്ടുക്ക് ജോലി ചെയ്യാൻ ശേഷിയുള്ള ഏതാണ്ട് 12 കോടി ആളുകൾക്ക് തൊഴിൽ കണ്ടെത്താൻ സാധിക്കുന്നില്ല. 70 കോടിയോളം വരുന്ന മറ്റ് ആളുകൾക്കാകട്ടെ ദീർഘനേരം പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ സാധിക്കാറില്ല.
കംബോഡിയയിലെ ഒരു ടാക്സി ഡ്രൈവറാണ് റൂഡീൻ. അദ്ദേഹം പറയുന്നു: “ദരിദ്രനായതുകൊണ്ട് എനിക്ക് ദിവസവും 18 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരുന്നു. എന്നിട്ടും എനിക്കും ഭാര്യക്കും മക്കൾക്കും കഴിയാനുള്ള വകപോലും കിട്ടുന്നില്ല.”
പരിസ്ഥിതി നശീകരണം
പരിസ്ഥിതിയുടെ അപക്ഷയവും ദാരിദ്ര്യവും ഇഴപിരിഞ്ഞു കിടക്കുന്നു. തെക്കേ അമേരിക്കയിലെ ഗയാനയിലുള്ള ഗവേഷകയായ എൽസ അഭിപ്രായപ്പെടുന്നു: “ദാരിദ്ര്യം പ്രകൃതിയെ വിഴുങ്ങുന്നു: വനം, ഭൂപ്രദേശം, മൃഗങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയെ.” ഇതാ മറ്റൊരു ദുരന്ത പര്യയനം—ദാരിദ്ര്യം പരിസ്ഥിതി നശീകരണത്തിലേക്കു നയിക്കുന്നു. ഈ നശീകരണം ദാരിദ്ര്യം വർധിപ്പിക്കുന്നു.
വിളഭൂമിയുടെ വളക്കൂറു നഷ്ടപ്പെടുന്നതുവരെ അതിൽ കൃഷി ചെയ്യുന്നതോ അതു മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതോ യുഗപ്പഴക്കമുള്ള രീതികളാണ്. അതുപോലെതന്നെയാണ് വനനശീകരണവും—അതായത്, വിറകിനോ ഇന്ധനത്തിനോ കൃഷി ചെയ്യുന്നതിനോ വേണ്ടി വനം വെട്ടിത്തെളിക്കുന്നത്.
മുഖ്യമായും, പരിരക്ഷണ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ പണത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭാവം നിമിത്തം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ലോകത്തിലെ വിളഭൂമികളുടെ മേൽമണ്ണിന്റെ 20 ശതമാനം അപ്രത്യക്ഷമായിരിക്കുന്നതായി അന്താരാഷ്ട്ര കാർഷിക വികസന നിധി പറയുന്നു. അതേ കാലയളവിൽത്തന്നെ, മോശമായി നിർമിക്കപ്പെട്ടതോ വേണ്ടവിധം പരിപാലിക്കപ്പെടാത്തതോ ആയ ജലസേചന പദ്ധതികൾ മൂലം കോടിക്കണക്കിന് ഏക്കർ ഭൂമി തരിശുനിലമായി തീർന്നിരിക്കുന്നു. കൂടാതെ, കൃഷി ചെയ്യാനോ വിറകിനോ ഇന്ധനത്തിനോ ഒക്കെയായി ലക്ഷക്കണക്കിന് ഏക്കർ വനങ്ങളാണു വർഷംതോറും വെട്ടിത്തെളിക്കുന്നത്.
ഈ നശീകരണത്തിനു ദാരിദ്ര്യവുമായി രണ്ടു രീതിയിൽ ബന്ധമുണ്ട്. ഒന്നാമതായി, ആഹാരത്തിനും ഇന്ധനത്തിനും വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ ദരിദ്രർ മിക്കപ്പോഴും നിർബന്ധിതരാകുന്നു. അന്നന്ന് കഴിഞ്ഞുകൂടേണ്ടതിനു പ്രകൃതി വിഭവങ്ങളെ പിഴിഞ്ഞെടുക്കുന്ന പട്ടിണിപ്പാവങ്ങളോട് പരിസ്ഥിതിക്കു കോട്ടംതട്ടാതെയുള്ള വികസനത്തെക്കുറിച്ചോ വരുംതലമുറകളുടെ ക്ഷേമത്തെക്കുറിച്ചോ എങ്ങനെ സംസാരിക്കാനാകും? രണ്ടാമതായി, സമ്പന്നർ മിക്കപ്പോഴും ലാഭത്തിനുവേണ്ടി ദരിദ്രരുടെ പാരിസ്ഥിതിക വിഭവങ്ങൾ ചൂഷണം ചെയ്യുന്നു. സമ്പന്നരോ ദരിദ്രരോ ആരായിരുന്നാലും പ്രകൃതി വിഭവങ്ങൾ നശിപ്പിക്കുന്നത് ദാരിദ്ര്യം വർധിപ്പിക്കും.
വിദ്യാഭ്യാസം
ഫിലിപ്പീൻസിലെ ഒരു നഗരത്തിൽ വസിക്കുന്ന ആലീസ്യ എന്നു പേരുള്ള സാമൂഹിക പ്രവർത്തക ഇങ്ങനെ പറഞ്ഞു: “ദരിദ്രയായ ഒരു സ്ത്രീ തന്റെ കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കുന്നതിനു പകരം തെരുവിലേക്ക് അയയ്ക്കുന്നു, ഭിക്ഷ യാചിക്കാൻ. അല്ലെങ്കിൽ ഒന്നും ഭക്ഷിക്കാനുണ്ടാകില്ല. തനിക്കു വന്ന ഗതി ആവർത്തിക്കപ്പെടുകയാണെന്ന് ആ അമ്മയ്ക്ക് അറിയാം, പക്ഷേ അവൾക്കു വേറെ പോംവഴിയില്ല.”
50 കോടിയോളം കുട്ടികൾക്ക് പോകാൻ സ്കൂളുകളില്ല. മുതിർന്നവരിൽ 100 കോടിയോളം പേർ പ്രായോഗികമായി നിരക്ഷരരാണ്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഒരുവിധം നല്ല ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. അങ്ങനെ ദാരിദ്ര്യം വിദ്യാഭ്യാസമില്ലായ്മയിലേക്കു നയിക്കുന്നു, വിദ്യാഭ്യാസമില്ലായ്മ തിരിച്ച് ദാരിദ്ര്യത്തിലേക്കും.
പാർപ്പിടം
പാർപ്പിടമില്ലായ്മ ദരിദ്ര രാഷ്ട്രങ്ങളിൽ മാത്രമല്ല ചില സമ്പന്ന രാഷ്ട്രങ്ങളിലും നിലവിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ന്യൂയോർക്ക് നഗരവാസികളിൽ 2.5 ലക്ഷത്തോളം പേർ ഏതെങ്കിലുമൊക്കെ സമയത്ത് ഭവന രഹിതർക്കുള്ള അഭയകേന്ദ്രങ്ങളിൽ താമസിച്ചതായി ഒരു റിപ്പോർട്ടു പറയുന്നു. യൂറോപ്പിലും ദരിദ്രർ ഉണ്ട്. ലണ്ടനിൽ ഏതാണ്ട് 4,00,000 പേർ ഭവനരഹിതരായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഫ്രാൻസിലാകട്ടെ 5 ലക്ഷം പേർക്ക് വീടില്ല.
വികസ്വര രാഷ്ട്രങ്ങളിലുടനീളം അവസ്ഥ മോശമാണ്. ആഹാരവും തൊഴിലും മെച്ചപ്പെട്ട ജീവിതവുമൊക്കെ സ്വപ്നം കണ്ട് ആളുകൾ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും പ്രവഹിക്കുന്നു. ചില നഗരങ്ങളിൽ ജനസംഖ്യയുടെ 60 ശതമാനത്തിൽ അധികം ചേരിപ്രദേശങ്ങളിലും ചെറ്റക്കുടിലുകളിലുമാണ് താമസിക്കുന്നത്. അങ്ങനെ ഗ്രാമത്തിലെ ദാരിദ്ര്യം നഗരത്തിലെ ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.
ജനസംഖ്യ
ജനസംഖ്യാ വർധനവ് ഈ പ്രശ്നങ്ങളുടെയെല്ലാം തീവ്രത വർധിപ്പിക്കുന്നു. കഴിഞ്ഞ 45 വർഷംകൊണ്ട് ലോക ജനസംഖ്യ ഇരട്ടിയിൽ അധികമായി വർധിച്ചിരിക്കുന്നു. 2000-ാമാണ്ടോടെ ജനസംഖ്യ 620 കോടി ആകുമെന്നും 2050-ഓടെ അത് 980 കോടി ആകുമെന്നും ഐക്യരാഷ്ട്രങ്ങൾ കണക്കുകൂട്ടുന്നു. ലോകത്തിലെ ഏറ്റവും ദരിദ്ര മേഖലകളിലാണ് ഏറ്റവും ഉയർന്ന ജനസംഖ്യാ വർധനനിരക്കുള്ളത്. 1995-ൽ ജനിച്ച ഏതാണ്ട് 9 കോടി ശിശുക്കളിൽ 8.5 കോടി ജനിച്ചത് തങ്ങളെ പോറ്റാൻ തീരെ വകയില്ലാത്ത രാജ്യങ്ങളിലായിരുന്നു.
പട്ടിണി, രോഗം, തൊഴിലില്ലായ്മ, പരിസ്ഥിതി നശീകരണം, വിദ്യാഭ്യാസമില്ലായ്മ, മോശമായ പാർപ്പിടം, യുദ്ധം എന്നിവ തുടച്ചുനീക്കാൻ മനുഷ്യരാശി ഉടനടി സഹകരിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ലായിരിക്കാം.
പ്രതീക്ഷയ്ക്കു വകയില്ലെന്നാണോ അത് അർഥമാക്കുന്നത്? അല്ല, കാരണം പരിഹാരം സമീപസ്ഥമാണ്. അത് തീർച്ചയായും വരും. എന്നാൽ മാനുഷിക ശ്രമങ്ങളാലല്ല എന്നുമാത്രം. എങ്കിൽപ്പിന്നെ എങ്ങനെയായിരിക്കും? ഇനി, ‘ദരിദ്രർ നിങ്ങൾക്കു എല്ലായ്പ്പോഴും അടുക്കെ ഉണ്ട്’ എന്ന് യേശു പറഞ്ഞതോ?
[7-ാം പേജിലെ ചതുരം]
ദരിദ്രരിൽ ദരിദ്രർ
“ഏറ്റവും ദരിദ്രവും സാമ്പത്തികമായി അങ്ങേയറ്റം ദുർബലവുമായ വികസ്വര രാജ്യങ്ങളെ” വിശേഷിപ്പിക്കുന്നതിന് 1971-ൽ ഐക്യരാഷ്ട്രങ്ങൾ രൂപം കൊടുത്ത ഒരു പ്രയോഗമാണ് “അൽപ്പ വികസിത രാജ്യങ്ങൾ” എന്നുള്ളത്. ആ സമയത്ത് അത്തരത്തിലുള്ള 21 രാജ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരം 48 രാജ്യങ്ങളുണ്ട്, അതിൽത്തന്നെ 33 എണ്ണം ആഫ്രിക്കയിലാണ്.
[5-ാം പേജിലെ ചിത്രം]
ദശലക്ഷക്കണക്കിന് ആളുകൾ കുറഞ്ഞ വേതനത്തിന് ദീർഘനേരം പണിയെടുക്കുന്നു
[കടപ്പാട്]
Godo-Foto
[6-ാം പേജിലെ ചിത്രം]
സമ്പന്നതയും ദാരിദ്ര്യവും തോളോടുതോൾ ചേർന്ന്
[7-ാം പേജിലെ ചിത്രം]
കോടിക്കണക്കിനാളുകൾ ശോചനീയ അവസ്ഥയിലാണ് ജീവിക്കുന്നത്