കമ്പിളിയുടുപ്പു നിർമാണം—പാറ്റഗോണിയയിൽ
അർജൻറീനയിലെ ഉണരുക! ലേഖകൻ
“എനിക്കു തണുക്കുന്നു!” മിതോഷ്ണ മേഖലകളിൽ പാർക്കുന്ന ആരാണ് എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലാത്തത്? നിങ്ങൾ അടുത്തതായി അന്വേഷിക്കുന്നത് ‘എന്റെ കമ്പിളിയുടുപ്പ് എവിടെ?’ എന്നായിരിക്കും.
കമ്പിളിയുടുപ്പു ധരിക്കുന്ന ദശലക്ഷക്കണക്കിനാളുകളിൽ ഒരാളാണു നിങ്ങളെങ്കിൽ അത് എങ്ങനെയാണു നിർമിച്ചതെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആട്ടിൻരോമത്തിൽനിന്നു കമ്പിളിനൂൽ ഉണ്ടാക്കുന്നത് എങ്ങനെയാണ്? അതിനു പലതരത്തിലുള്ള നിറങ്ങൾ കൊടുക്കുന്നത് എങ്ങനെ? അർജൻറീന സ്വദേശികളായ അമേരിക്കൻ ഇന്ത്യക്കാർ ഈ പണിയെല്ലാം കൈകൊണ്ടാണു ചെയ്യുന്നത്. നമുക്കവരെ ഒന്നു സന്ദർശിച്ച് അവരെങ്ങനെയാണ് അതെല്ലാം ചെയ്യുന്നതെന്നു നോക്കിക്കാണാം.
പ്രാചീനരീതിയിലുള്ള കമ്പിളിയുടുപ്പു നിർമാണം
അറൗകാനിയൻ ജനതയിലെ ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രമായ മാപൂച്ചെയിൽപ്പെട്ട അനേകരും അർജൻറീനയിൽ പാറ്റഗോണിയയുടെ തെക്കുഭാഗത്താണു പാർക്കുന്നത്. രോമം നൂൽക്കുന്നതിനും അതിൽ നിറം പിടിപ്പിക്കുന്നതിനും അവർ പരമ്പരാഗത രീതികളാണ് അവലംബിക്കുന്നത്. ദക്ഷിണാർധഗോളത്തിൽ വസന്തകാലം വന്നെത്തുമ്പോൾ—അതായത് നവംബർ ഒടുവിലും ഡിസംബർ ആദ്യവും—അവർ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നു. ഇതിന് സ്റ്റീൽകൊണ്ടുള്ള പ്രത്യേക കത്രികകളാണ് ഉപയോഗിക്കുന്നത്. രോമം കത്രിക്കൽ എന്ന കല ഒന്നു കാണേണ്ടതു തന്നെയാണ്!
ആടുകളിൽനിന്നു കത്രിച്ചെടുക്കുന്ന രോമത്തിൽ തീർച്ചയായും പുല്ലും സസ്യങ്ങളും മണ്ണുമൊക്കെ കാണും. അതുകൊണ്ട് അത് നന്നായി കഴുകേണ്ടതുണ്ട്. ഇതിനായി അത് ചൂടുവെള്ളത്തിൽ മുക്കിവെച്ചിട്ട് വെളിയിലിട്ട് ഉണക്കുന്നു. അവശേഷിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുകയാണ് അടുത്ത പടി. ഈ പ്രക്രിയ എസ്കാർഡാഡോ അഥവാ ആട്ടിൻരോമം ചീകൽ എന്ന് അറിയപ്പെടുന്നു. ഇത് ശരിയായ രീതിയിൽ ചെയ്യുന്നപക്ഷം ആട്ടിൻരോമം ഉണങ്ങി വൃത്തിയായി നല്ല മാർദവത്തോടെയിരിക്കും. അതിന്റെ അർഥം ആട്ടിൻരോമം ഇപ്പോൾ കമ്പിളിയുടുപ്പു തുന്നുന്നതിനുള്ള നൂൽ അഥവാ കമ്പിളിനൂൽ ഉണ്ടാക്കുന്നതിനു തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്.
പരമ്പരാഗതമായ രണ്ടു മാർഗങ്ങളിൽ കമ്പിളിനൂൽ ഉണ്ടാക്കാൻ കഴിയും. തക്ലി ഉപയോഗിച്ചുള്ളതാണ് ഒരു രീതി. (ഫോട്ടോ 1 കാണുക.) നൂൽ ഉണ്ടാക്കുന്നതിനായി നൂൽക്കുന്നയാൾ ആട്ടിൻരോമം കാലിന്മേൽവെച്ച് ഒരു കൈകൊണ്ട് തിരുമ്മി പിരിച്ചിട്ട് തക്ലിയിൽ ചുറ്റുന്നു. കമ്പിളിനൂൽ അങ്ങനെ തക്ലിയിൽ നിറയുന്നു. തക്ലിയിൽ ചുറ്റുന്ന ആട്ടിൻരോമത്തിന്റെ അളവനുസരിച്ച് കമ്പിളിനൂലിന്റെ വണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു.
കമ്പിളിനൂൽ ഉണ്ടാക്കുന്ന രണ്ടാമത്തെ രീതി ചർക്ക ഉപയോഗിച്ചുള്ളതാണ്. നൂൽ നൂൽക്കുന്നയാൾ ഒരു പെഡൽ ഉപയോഗിച്ചാണു ചർക്ക പ്രവർത്തിപ്പിക്കുന്നത്. ആട്ടിൻരോമം ഒരു ദ്വാരത്തിലൂടെ ചർക്കയിലേക്കു കടത്തിവിടുന്നു, നൂൽക്കുന്നയാളാണ് നൂലിന്റെ വണ്ണം നിയന്ത്രിക്കുന്നത്. (ഫോട്ടോ 2 കാണുക.) കമ്പിളിനൂൽ ഉണ്ടാക്കിക്കഴിയുമ്പോൾ അത് ചുറ്റിച്ചുറ്റി ഒരു പന്തുരൂപത്തിൽ ആക്കിയെടുക്കാൻ കഴിയും. മിക്ക സ്ത്രീകളും വാങ്ങുന്നത് ഇതാണ്. എന്നാൽ കമ്പിളിനൂലിനു വ്യത്യസ്ത നിറങ്ങൾ കൊടുക്കുന്ന കാര്യമോ? എങ്ങനെയാണ് അതു ചെയ്യുന്നത്?
ചില പ്രത്യേക ഇനം വേരുകളോ സസ്യങ്ങളോ ലേശം ഉപ്പു ചേർത്ത വെള്ളത്തിലിട്ട് ഏതാണ്ട് 30 മിനിറ്റുനേരം തിളപ്പിച്ചാണ് മാപൂച്ചെ നിറങ്ങളുണ്ടാക്കുന്നത്. യു.എസ്.എ.-യിലെ അരിസോണയിലുള്ള ചില നാവഹോ ഇന്ത്യക്കാർ, അവർ നെയ്തുണ്ടാക്കുന്ന കരിമ്പടങ്ങളിൽ അടിക്കാനായി നിറങ്ങൾ ഉത്പാദിപ്പിക്കുന്ന രീതിയോടു സമാനമാണ് ഇത്. അർജൻറീനയിൽ മാപൂച്ചെ മഞ്ഞച്ചായം ഉണ്ടാക്കുന്നത് മിച്ചൈ—ബെർബെറിസ് ഡാർവിനൈ ചെടിക്ക് അമേരിക്കൻ ഇന്ത്യക്കാരുടെ ഇടയിലുള്ള പേര്—കുറ്റിച്ചെടിയുടെ വേരുകൾ തിളപ്പിച്ചാണ്; വെള്ള കലർന്ന തവിട്ടുചായം ഉണ്ടാക്കുന്നത് റാഡാൽ കുറ്റിച്ചെടിയുടെ അഥവാ കാട്ടു വാൾനട്ടിന്റെ ഇലകൾ ഉപയോഗിച്ചാണ്; ചെഞ്ചായം ഉണ്ടാക്കുന്നതാകട്ടെ ബീറ്റ്റൂട്ട് ഉപയോഗിച്ചും. ഈ രീതിയിൽ ചായം നിർമിക്കുന്നത് ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന നിറങ്ങൾ എളുപ്പമൊന്നും മങ്ങുകയില്ല. ഇപ്പോൾ കമ്പിളിനൂലിൽ നിറംപിടിപ്പിച്ചു കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കമ്പിളിയുടുപ്പു തുന്നാൻ കഴിയും.
കമ്പിളിനൂൽകൊണ്ട് വസ്ത്രമുണ്ടാക്കൽ—വ്യത്യസ്ത ശൈലികൾ
കമ്പിളിനൂൽ തുന്നി തുണിയുണ്ടാക്കുന്നതിന് സ്ത്രീകൾ നൂറ്റാണ്ടുകളായി സൂചികൾ ഉപയോഗിച്ചിട്ടുണ്ട്, ഇങ്ങനെ കിട്ടുന്ന തുണി കൂട്ടിത്തുന്നി വസ്ത്രമുണ്ടാക്കാൻ കഴിയും. സോക്സും കമ്പിളിയുടുപ്പിന്റെ കൈകളും കുഴലാകൃതിയിലുള്ള ഭാഗങ്ങളും ഉണ്ടാക്കുന്നതിന് നാലു സൂചികൾ ഉപയോഗിക്കാൻ കഴിയും. കമ്പിളിനൂൽകൊണ്ട് വസ്ത്രങ്ങളുണ്ടാക്കുന്ന രീതി പൊ.യു. 200-ലോ മറ്റോ അറേബ്യയിൽ തുടങ്ങിയിരിക്കാമെന്ന് ഒരു ഉറവിടം പറയുന്നു. ഈ കല പിന്നീട് യൂറോപ്പിലേക്കു വ്യാപിച്ചു, സ്പെയിൻകാർ 16-ാം നൂറ്റാണ്ടിൽ അത് തെക്കേ അമേരിക്കയിലേക്കും മധ്യ അമേരിക്കയിലേക്കും കൊണ്ടുവന്നു. എങ്കിലും സ്ഥലവാസികളായ ചില കർഷകർ ഈ കല അതിനുമുമ്പേ സ്വായത്തമാക്കിയിരുന്നിരിക്കാനിടയുണ്ട്.
നമ്മുടെ തുന്നൽക്കാരി ഇപ്പോൾ സൗഹൃദഭാവത്തിൽ ചോദിക്കുന്നു, “നിങ്ങൾക്ക് എത്രമാത്രം കട്ടിയുള്ള കമ്പിളിയുടുപ്പാണു വേണ്ടത്?” നാം എന്തു മറുപടി പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എത്രമാത്രം വീതിയുള്ള സൂചികളും എത്രമാത്രം വണ്ണമുള്ള കമ്പിളിനൂലും ഉപയോഗിക്കണമെന്ന് അവർ തീരുമാനിക്കുന്നത്. അടുത്ത ചോദ്യം, “ഏതെല്ലാം നിറങ്ങളാണ് നിങ്ങൾക്കു വേണ്ടത്?” അതുംകൂടെ അറിഞ്ഞ സ്ഥിതിക്ക് അവർക്കിപ്പോൾ തുന്നൽ ആരംഭിക്കാൻ കഴിയും.
കമ്പിളിവസ്ത്രം ഉണ്ടാക്കാൻ അറിയില്ലാത്തവരെ അതിശയിപ്പിക്കുന്ന സംഗതി, അതിന് അടിസ്ഥാനപരമായി രണ്ടുതരം തയ്യലുകൾ മതിയാകും എന്നതാണ്—കാണി തയ്യലും (knit stitch)—പ്ലെയ്ൻ എന്ന് ചിലർ ഇതിനെ വിളിക്കുന്നു—പൂക്കുലക്കാണി തയ്യലും (purl stitch). കാണി തയ്യലിന്റെ നേർ വിപരീതമാണ് പൂക്കുലക്കാണി തയ്യൽ. ഇത് ഉയർന്നു നിൽക്കുന്ന ഒരിനം തയ്യലാണ്. ഈ രണ്ടു തയ്യലുകളും കൂടി ഉപയോഗിച്ച് വിവിധ പാറ്റേണുകൾ ഉണ്ടാക്കാൻ കഴിയും.
നമ്മുടെ തുന്നൽക്കാരി കമ്പിളിയുടുപ്പിന്റെ വിവിധ ഭാഗങ്ങൾ—മുൻഭാഗവും പിൻഭാഗവും കൈകളും കഴുത്തും—വേറെവേറെ ഉണ്ടാക്കുന്നു. എന്നിട്ട് അവ കൂട്ടിത്തുന്നി ഉടുപ്പാക്കിയെടുക്കുന്നു. അത് ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകളോ ദിവസങ്ങൾ പോലുമോ വേണ്ടിവരുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഒരെണ്ണം സമ്മാനം കിട്ടുന്നെങ്കിൽ അതിനെ നിസ്സാരമായി കാണരുത്! ക്ഷമയോടുകൂടെ വളരെയധികം അധ്വാനിച്ചാണ് അത് ഉണ്ടാക്കിയിരിക്കുന്നത്.
ആധുനിക രീതികൾ
വ്യാവസായിക വിപ്ലവത്തെ തുടർന്ന്, വളരെ കുറച്ചു സമയംകൊണ്ട് ആയിരക്കണക്കിന് കമ്പിളിയുടുപ്പുകൾ തുന്നാൻ കഴിവുള്ള യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ഈ വ്യാവസായിക തുന്നൽ യന്ത്രങ്ങളിൽ പലതും കമ്പ്യൂട്ടർ നിയന്ത്രിതങ്ങളാണ്. പല സ്ത്രീകളും വീട്ടിലിരുന്നു തുന്നുന്നതിന് വലുപ്പംകുറഞ്ഞ യന്ത്രം ഉപയോഗിക്കുന്നു. ഇതുമൂലം അവർക്കു വളരെയധികം സമയം ലാഭിക്കാൻ കഴിയും.
പാറ്റഗോണിയയിൽ കമ്പിളിവസ്ത്രം ഉണ്ടാക്കുന്നത് ഇപ്പോഴും കുടുംബമൊത്തൊരുമിച്ച് ഏർപ്പെടുന്ന ഒരു സംരംഭമാണ്. മാതാവ് കമ്പിളിനൂൽകൊണ്ട് വസ്ത്രം തുന്നുന്നു. ഭർത്താവും കുട്ടികളും വസ്ത്രത്തിന്റെ പണിപൂർത്തിയാക്കാൻ സഹായിക്കുന്നു. കമ്പിളിവസ്ത്രം ഉണ്ടാക്കുന്നതിനുള്ള ഒരു ഗാർഹിക യന്ത്രം ഉപയോഗിച്ചാണ് മിക്കപ്പോഴും അവർ ഇതു ചെയ്യുന്നത്. കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ള ഉത്പന്നങ്ങൾ അവർ കമ്പിളിവസ്ത്രം ഉണ്ടാക്കുന്ന ഫാക്ടറിയിൽ കൊണ്ടുപോയി വിൽക്കുന്നു. ഇത് കുടുംബത്തിന് ഒരു വരുമാനമാർഗമാകുന്നു.
നിങ്ങൾ ഒരു കമ്പിളിയുടുപ്പു വാങ്ങാൻ പോകുകയാണോ?
നിങ്ങൾ ഒരു കമ്പിളിയുടുപ്പു വാങ്ങാൻ പോകുകയാണെങ്കിൽ എന്തെല്ലാം കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്? കൈകൊണ്ടു തുന്നിയുണ്ടാക്കിയ ഒരു കമ്പിളിയുടുപ്പാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ ഒരുപക്ഷേ കൂടുതൽ വിലയായേക്കാം. എങ്കിലും ആ വിലയ്ക്കുള്ള ഏറ്റവും നല്ല കമ്പിളിയുടുപ്പായിരിക്കും നിങ്ങൾക്കു കിട്ടുന്നത്. കമ്പിളിയുടുപ്പ് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക, അതിന്റെ ഗുണമേന്മ പരിശോധിക്കുക. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? വസ്ത്രത്തിന്റെ ചേർപ്പുകൾ പരിശോധിക്കുക, കഴുത്ത് പാകമാണോയെന്നു നോക്കുക. ഇഴഗുണവും നൂലിന്റെ ഘടനയും പരിശോധിക്കുക. അത് 100 ശതമാനം കമ്പിളിയാണോ? അതോ മറ്റെന്തെങ്കിലും കൂടെ ചേർത്തിട്ടുണ്ടോ? വലിച്ചുനീട്ടിയാൽ അത് പെട്ടെന്നു വലിയുകയോ വലിഞ്ഞുതന്നെ ഇരിക്കുകയോ ചെയ്യുന്നുണ്ടോ, അതോ വലിച്ചുനീട്ടിയാലും അത് പഴയപടി ആകുന്നുണ്ടോ? കമ്പിളിയുടുപ്പ് വാങ്ങിക്കഴിഞ്ഞ് അത് ധരിക്കുമ്പോഴൊക്കെ അതിന് ആവശ്യമായി വന്ന അധ്വാനത്തെക്കുറിച്ചു ചിന്തിക്കുക, പ്രത്യേകിച്ചും അത് പാറ്റഗോണിയയിൽ കൈകൊണ്ടു തുന്നിയുണ്ടാക്കിയതാണെങ്കിൽ!
[22-ാം പേജിലെ ഭൂപടം]
തെക്കേ അമേരിക്ക
അർജൻറീന
പാറ്റഗോണിയ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[23-ാം പേജിലെ ചിത്രങ്ങൾ]
1. തക്ലി ഉപയോഗിച്ച് നൂൽ നൂൽക്കുന്നു
2. ചർക്ക ഉപയോഗിക്കുന്നത് നൂൽ നൂൽക്കുന്നതിനുള്ള വേഗതകൂടിയ മാർഗമാണ്
3. ആട്ടിൻരോമം ചർക്കയിലേക്ക് കടത്തിവിടുന്നതിന്റെ അടുത്ത വീക്ഷണം
4. പരമ്പരാഗതരീതിയിൽ കമ്പിളിവസ്ത്രം ഉണ്ടാക്കുന്നു
5. ഒരു കമ്പിളിയുടുപ്പിന്റെ മുൻഭാഗങ്ങൾ
6. കമ്പിളിവസ്ത്രം ഉണ്ടാക്കുന്നതിനുള്ള ആധുനിക കമ്പ്യൂട്ടർ-നിയന്ത്രിത യന്ത്രം