ഡോൾമെനുകളുടെ നിഗൂഢത—എന്തുകൊണ്ട്, എപ്പോൾ, എങ്ങനെ?
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
‘എന്താണീ ഡോൾമെൻ?’ ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം. ലംബമായി നിൽക്കുന്ന രണ്ടോ അതിലധികമോ കൂറ്റൻ കല്ലുകൾക്കുമീതെ ഒരു തൊപ്പിക്കല്ലു വെച്ച് സാധാരണഗതിയിൽ ഒരു അറപോലെ രൂപപ്പെടുത്തിയിരിക്കുന്ന ചരിത്രാതീതകാലത്തെ ഒരു ഘടനയാണ് അത്. ശവശരീരങ്ങൾ വെക്കാനാണ് സാധാരണഗതിയിൽ ഈ അറ ഉപയോഗിച്ചിരുന്നത്. ഡോൾമെനുകൾ മുഖ്യമായും കാണപ്പെടുന്നത് യൂറോപ്പിന്റെ പടിഞ്ഞാറും വടക്കും തെക്കും ഭാഗങ്ങളിലാണ്.
ഡച്ച് പ്രവിശ്യയായ ഡ്രെന്റയിൽ ഡോൾമെനുകൾ സാധാരണമായി സ്ഥിതിചെയ്യുന്നത് വശ്യമനോഹരങ്ങളായ പ്രദേശങ്ങളിലാണ്. പ്രശസ്ത ചിത്രകാരനായ വിൻസെൻറ് വാൻ ഗോഗ് തന്റെ കത്തുകളിലൊന്നിൽ ഇങ്ങനെയെഴുതി: ‘എനിക്ക് എന്നും ഡ്രെന്റയിൽ താമസിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നെങ്കിൽ ഞാൻ അത് കാണുകയേയില്ലായിരുന്നു. അത്രയ്ക്കും മനോഹരമാണ് അവിടം.’ ഡ്രെന്റയിലെ ഡോൾമെനുകൾ സന്ദർശിക്കുമ്പോൾ പ്രകൃതിസ്നേഹികളുടെയും പുരാവസ്തുശാസ്ത്ര തത്പരരുടെയും സകല മോഹങ്ങളും പൂവണിയും.
എന്നാൽ, പുരാതന ശിലാശേഖരങ്ങൾ എന്തുകൊണ്ട് നമ്മിൽ താത്പര്യമുണർത്തണം? ഒരു കാരണം ജിജ്ഞാസയാണ്. പുരാതന മനുഷ്യർ ഇത്രയധികം പാടുപെട്ട് വളരെ ഭാരമുള്ള ആ കല്ലുകൾ തള്ളിക്കൊണ്ടുവന്ന് ആകൃതിപ്പെടുത്തി പൊക്കിവെച്ചത് എന്തിനായിരിക്കും? ചില കല്ലുകൾ ടൺകണക്കിനു ഭാരമുള്ളവയാണ്. മാത്രമല്ല, ആ കാലത്ത് അവർക്കു ഭാരം ഉയർത്തുന്നതിനുള്ള ആധുനിക ക്രെയ്നുകൾ ഉണ്ടായിരുന്നുമില്ല! അതുകൊണ്ട് ഡോൾമെനുകളെക്കുറിച്ച് നമുക്കെന്തു കണ്ടെത്താൻ കഴിയും?
മഹാശിലാ സ്മാരകങ്ങൾ
ഡോൾമെനുകളെ മഹാശിലാ സ്മാരകങ്ങളുടെ ഗണത്തിൽപെടുത്തിയിരിക്കുന്നു. ഫ്രാൻസിലെ മെൻഹിറുകളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്കറിയാമായിരിക്കാം. “നീളൻ കല്ല്” എന്നർഥമുള്ള ഒരു ബ്രെട്ടൻ പദത്തിൽനിന്നാണ് അതുണ്ടായത്. മിനോർക്ക എന്ന ബാലിയാറിക്ക് ദ്വീപിൽ ടൗളാകൾ (മേശകൾ) എന്നറിയപ്പെടുന്ന മഹാശിലകളുണ്ട്. ലംബമായി നിൽക്കുന്ന ഒരു ശിലയുടെ മുകളിൽ ഭാരിച്ച ഒരു ശിലാഫലകം തിരശ്ചീനമായി വെച്ചുണ്ടാക്കിയിരിക്കുന്ന അത് ഭീമാകാരമായ ഒരു T പോലെയിരിക്കുന്നു.
ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ജ് ആളുകളിൽ ഇന്നും കൗതുകമുണർത്തുന്നു. അത് കൂറ്റൻ കല്ലുകളുടെ ഒരു വലയമാണ്. ആ കല്ലുകളിൽ ചിലതിന് നാലു ടൺവരെ ഭാരമുണ്ട്. അവ 300-ലധികം കിലോമീറ്റർ അകലെയുള്ള വെയ്ൽസിലെ പ്രെസെലി പർവതങ്ങളിൽനിന്നു കൊണ്ടുവന്നവയാണ്. “ആ സ്മാരകം [സ്റ്റോൺഹെഞ്ജ്] . . . സാധ്യതയനുസരിച്ച് സൂര്യചന്ദ്രനക്ഷത്രാദികളുടെ ആകാശത്തിലൂടെയുള്ള അനന്തമായ, ചാക്രിക ചലനങ്ങളെ പ്രതിഫലിപ്പിക്കുക മാത്രം ചെയ്തിരുന്ന ഒരു ക്ഷേത്രമായിരുന്നിരിക്കാ”മെന്ന് നാഷണൽ ജിയോഗ്രഫിക്ക് സൊസൈറ്റിയുടെ പുസ്തകമായ മനുഷ്യവർഗത്തിന്റെ നിഗൂഢതകൾ—ഭൂമിയിലെ വിശദീകരിക്കപ്പെടാത്ത നാഴികക്കല്ലുകൾ (ഇംഗ്ലീഷ്) പറയുന്നു.
ഇന്നു കാണുന്ന ഡോൾമെൻ ഒരു ശവകുടീരത്തിന്റെ അസ്ഥിപഞ്ജരം മാത്രമാണ്. എന്തുകൊണ്ടെന്നാൽ ഭീമാകാരമായ പാറകൾ ആദിമ കാലത്ത് മണൽകൊണ്ടോ മണ്ണുകൊണ്ടോ മൂടപ്പെട്ടിരുന്നതിനാൽ അവ കാണാൻ കഴിയുമായിരുന്നില്ല. ഡോൾമെൻ ഒരു പൊതു ശവകുടീരമായിരുന്നുവെന്ന് കണ്ടുപിടിത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ഡോൾമെനിൽത്തന്നെ നൂറിലധികം പേരെ അടക്കിയിരുന്നതായി ചില തെളിവുകൾ സൂചിപ്പിക്കുന്നു—അത് ഫലത്തിൽ ഒരു സെമിത്തേരി ആയിരുന്നു!
നെതർലൻഡ്സിൽ 53 ഡോൾമെനുകൾ നാളിതുവരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്; അതിൽ 52 എണ്ണം ഡ്രെന്റ പ്രവിശ്യയിലാണ്. അത്ഭുതകരമെന്നു പറയട്ടെ, അവ ആസൂത്രണം ചെയ്തുതന്നെ ഉണ്ടാക്കിയവയാണ്. അവയിൽ മിക്കതും കിഴക്കുപടിഞ്ഞാറു ദിശയിലാണു സ്ഥിതിചെയ്യുന്നത്, പ്രവേശനകവാടമാകട്ടെ തെക്കുഭാഗത്തും. ഈ ക്രമീകരണത്തിന് ഋതുക്കൾതോറുമുള്ള സൂര്യന്റെ സ്ഥാനവുമായി എന്തെങ്കിലും ബന്ധം കാണും. പുരാതന നിർമാതാക്കൾ ലംബമായി നിൽക്കുന്ന താങ്ങുകല്ലുകളും വലിയ തൊപ്പിക്കല്ലുകളുമാണ് നിർമാണത്തിനായി ഉപയോഗിച്ചത്. പാറകൾക്കിടയിലുള്ള വിടവുകൾ കൽക്കഷണങ്ങൾകൊണ്ട് അടയ്ക്കുകയും ചെയ്തു. തറ കല്ലുപാകിയതായിരുന്നു. ബോർച്ചർ ഗ്രാമത്തിനു സമീപം സ്ഥിതിചെയ്യുന്ന ഡോൾമെന് 22 മീറ്റർ നീളമുണ്ട്. നെതർലൻഡ്സിലെ ഏറ്റവും വലിയ ഡോൾമെൻ അതാണ്. അതിൽ ഇപ്പോഴും 47 പാറകളുണ്ട്. തൊപ്പിക്കല്ലുകളിലൊന്നിന് ഏതാണ്ട് മൂന്നു മീറ്റർ നീളവും 20 ടൺ ഭാരവുമുണ്ട്! ഇതെല്ലാം അനേകം ചോദ്യങ്ങളുയർത്തുന്നു.
എപ്പോൾ, ആര്, എങ്ങനെ, എന്തുകൊണ്ട് അവ നിർമിച്ചു?
ആ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരമില്ല. എന്തുകൊണ്ടെന്നാൽ അന്നാളിലെ ലിഖിത ചരിത്രമൊന്നും യൂറോപ്പിൽനിന്നു ലഭിച്ചിട്ടില്ല. അതുകൊണ്ട് ഡോൾമെനുകളെ നിഗൂഢ സ്മാരകങ്ങൾ എന്നു വിളിക്കുന്നതാണ് ഉചിതം. അങ്ങനെയെങ്കിൽ അവയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളെന്തെല്ലാമാണ്? ഏതായാലും, എന്തെല്ലാം അവകാശവാദങ്ങളാണു നടത്തപ്പെടുന്നത്?
1660-ൽ, ഡ്രെന്റയിലുള്ള കൂഫോർഡൻ എന്ന കൊച്ചുനഗരത്തിലെ “റവറണ്ട്” പികാർട്ട്, രാക്ഷസൻമാരാണ് അവ ഉണ്ടാക്കിയത് എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ക്രമേണ, പ്രാദേശിക അധികാരികൾ ഈ ശവകുടീരങ്ങളിൽ താത്പര്യം കാണിച്ചു. ചിറകൾ ബലപ്പെടുത്താനും പള്ളികളും വീടുകളും നിർമിക്കാനും ഡോൾമെനുകളിലെ കല്ലുകൾ ഉപയോഗിച്ചതിനാൽ ഡ്രെന്റ ലാൻഡ്സ്കേപ്പ് അഡ്മിനിസ്ട്രേഷൻ 1734 ജൂലൈ 21-ന് ഡോൾമെനുകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു നിയമം പാസ്സാക്കി.
വിദഗ്ധർ പല ഡോൾമെനുകളും സമഗ്രമായി പരിശോധിക്കുന്നത് 1912-ലാണ്. കളിമൺപാത്ര കഷണങ്ങൾ, പണിയായുധങ്ങൾ (തീക്കല്ലുകൊണ്ടുള്ള കോടാലിയും അമ്പിൻമുനകളും), തൃണമണി മാലകൾ പോലുള്ള ആഭരണങ്ങൾ എന്നിവ ഡോൾമെനുകളിൽ കണ്ടെത്തി. എങ്കിലും വളരെ കുറച്ച് അസ്ഥികളേ അവയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. മണ്ണിൽ മണൽ കൂടുതലുണ്ടായിരുന്നതിനാൽ അവ ശരിയായ രീതിയിൽ പരിരക്ഷിക്കപ്പെട്ടില്ല എന്നതുതന്നെ കാരണം. 600 പാത്രങ്ങളുടെവരെ കഷണങ്ങൾ കണ്ടെത്തിയിട്ടുള്ള സമയങ്ങളുണ്ട്. മരിച്ച ഓരോ വ്യക്തിക്കും രണ്ടോ മൂന്നോ പാത്രം ആഹാരം വെച്ചു കൂട്ടുകയാണെങ്കിൽ ചില ശവകുടീരങ്ങളിൽ വളരെയധികം പേരെ അടക്കിയിരുന്നതായി മനസ്സിലാക്കാൻ കഴിയും.
പുരാതന ഹിമയുഗത്തിലെ ചലിക്കുന്ന ഹിമപ്പരപ്പുകൾ വഹിച്ചുകൊണ്ടുവന്ന, സ്കാൻഡിനേവിയയിലെ വലിയ ഉരുളൻപാറക്കല്ലുകൾ ഉപയോഗിച്ചാണ് ഡോൾമെനുകൾ നിർമിച്ചതെന്ന് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു. “ഫണൽ ബീക്കർ” സംസ്കാരം—ചോർപ്പിന്റെ ആകൃതിയിലുള്ള ചഷകങ്ങൾ കണ്ടെത്തപ്പെട്ടതുകൊണ്ടാണ് ആ പേരു കിട്ടിയത്—എന്നു വിളിക്കപ്പെടുന്ന സംസ്കാരത്തിൽപ്പെട്ട കർഷകരാണ് അതു നിർമിച്ചതെന്ന് ഉറപ്പായി വിശ്വസിക്കപ്പെടുന്നു.
നിർമാണരീതിയെക്കുറിച്ചുള്ള ഒരു അനുമാനം ഇതാണ്: “ഭാരമുള്ള ശിലകൾ ഒരുപക്ഷേ ഉരുളൻ തടികളിൽവെച്ചശേഷം തോൽവാറുകൾക്കൊണ്ട് വലിച്ചടുപ്പിച്ചിരിക്കാം. തൊപ്പിക്കല്ലുകൾ മുകളിലേക്കുയർത്തുന്നതിന് മണലും കളിമണ്ണുംകൊണ്ട് ചെരിവുണ്ടാക്കിയിരിക്കാം.” എന്നാൽ ഇത് എങ്ങനെയാണു ചെയ്തതെന്ന് വാസ്തവത്തിൽ ആർക്കും തീർച്ചയില്ല. മരിച്ചവരെ സാധാരണരീതിയിൽ അടക്കാഞ്ഞതെന്തുകൊണ്ടാണ്? മരണാനന്തര ജീവിതത്തെക്കുറിച്ച് നിർമാതാക്കൾക്കുള്ള വിശ്വാസമെന്തായിരുന്നു? കരകൗശലവസ്തുക്കൾ ശവകുടീരങ്ങളിൽ ഇട്ടിട്ടുപോയത് എന്തുകൊണ്ടാണ്? ഗവേഷകർക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഊഹിക്കാനേ നിർവാഹമുള്ളൂ. ഡോൾമെനുകൾ ദീർഘനാൾമുമ്പ് നിർമിക്കപ്പെട്ടവയായതിനാൽ എപ്പോൾ, ആര്, എന്തുകൊണ്ട്, എങ്ങനെ അവ നിർമിച്ചുവെന്ന് കൃത്യമായി പറയുക സാധ്യമല്ല.
ദൈവത്തിന്റെ തക്കസമയത്ത് മരിച്ചവർ ഉയിർപ്പിക്കപ്പെടുമ്പോൾ ജീവനിലേക്കു തിരികെ വരുന്നവർ ആ ചോദ്യങ്ങളിൽ ചിലതിന് ഉത്തരം നൽകിയേക്കാം. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) തങ്ങൾ എപ്പോഴാണു ജീവിച്ചിരുന്നതെന്നും തങ്ങൾ ആരായിരുന്നുവെന്നും അമ്പരപ്പിക്കുന്ന ആ സ്മാരകങ്ങൾ തങ്ങൾ എന്തുകൊണ്ടാണു പണിതതെന്നും എങ്ങനെയാണു പണിതതെന്നും ഒക്കെ ഡോൾമെൻ നിർമാതാക്കൾ അപ്പോൾ പറയുമായിരിക്കും.
[25-ാം പേജിലെ ചിത്രം]
സ്പെയിനിലെ മിനോർക്കയിലുള്ള ഒരു ടൗള
[25-ാം പേജിലെ ചിത്രം]
നെതർലൻഡ്സിലെ ഹാവെൽറ്റെക്കു സമീപമുള്ള ഡോൾമെൻ
[26, 27 പേജുകളിലെ ചിത്രങ്ങൾ]
ബ്രിട്ടനിലെ സ്റ്റോൺഹെഞ്ജ്
താഴെ: നെതർലൻഡ്സിലെ ബോർച്ചറിനു സമീപമുള്ള വലിയ ഡോൾമെൻ
[26-ാം പേജിലെ ചിത്രം]
നെതർലൻഡ്സിലെ സ്ച്ചോനോർട്ട് ഗ്രാമത്തിനടുത്തുള്ള പുനർനിർമിക്കപ്പെട്ട ഒരു ഡോൾമെൻ, മൺകൂനയും അനാവൃതമായ കല്ലുകളും ദൃശ്യമായിരിക്കുന്നു
[27-ാം പേജിലെ ചിത്രം]
നെതർലൻഡ്സിലെ എമനിലുള്ള (സ്ച്ചിമ്മെറെസ്) നീണ്ട ശവകുടീരം