ബൈബിളിന്റെ വീക്ഷണം
2000-ാം ആണ്ട് എത്രത്തോളം പ്രാധാന്യമർഹിക്കുന്നു?
പാശ്ചാത്യ രാജ്യങ്ങളിലും മറ്റിടങ്ങളിലുമുള്ള ആളുകളിൽനിന്നു വ്യത്യസ്തമായി നിരവധി ആളുകൾ 2000-ാം ആണ്ടിനു മതപരമായ യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. ഉദാഹരണത്തിന്, യഹൂദന്മാർക്കും മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും മറ്റും തങ്ങളുടേതായ മതകലണ്ടറുകളുണ്ട്. അവ പാശ്ചാത്യ കലണ്ടറുമായി യോജിപ്പിലല്ലതാനും. മതപരവും പരമ്പരാഗതവുമായ തീയതികൾക്കു ചൈനാക്കാർ പിന്തുടരുന്നത് ഒരു ചാന്ദ്രിക കലണ്ടറാണ്. അതിനാൽ ഇന്ന് ശതകോടികൾ, ഒരുപക്ഷേ ലോകജനസംഖ്യയുടെ ഭൂരിഭാഗംതന്നെ, 2000-ാം ആണ്ടിനു പ്രത്യേകമായ യാതൊരു അർഥവും കൽപ്പിക്കുന്നില്ല.a
എന്നുവരികിലും ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് സമാഗതമാകുന്ന മൂന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിനായി അനേകമാളുകൾ, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ, ജിജ്ഞാസാപൂർവം കാത്തിരിക്കുകയാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഇതു കേവലമൊരു പ്രതീക്ഷയല്ല. ഒരു നവയുഗപ്പിറവിയായി, ചരിത്രത്തിലെ ഒരു വഴിത്തിരിവായിട്ടാണ് 2000-ാം ആണ്ടിനെ അവർ വീക്ഷിക്കുന്നത്. ബൈബിളിൽ വിശ്വസിക്കുന്നെന്ന് അവകാശപ്പെടുന്ന നിരവധി ആളുകൾ 2000-ാം ആണ്ടിനെ പ്രവചനനിവൃത്തിയുമായി ബന്ധപ്പെടുത്തുന്നു. അന്ന് വലിയ അളവിലുള്ള ആത്മീയ സംഭവവികാസങ്ങൾ ഉണ്ടാകുമെന്നാണ് മറ്റു ചിലർ കരുതുന്നത്. വേറെ ചിലരാകട്ടെ ലോകാവസാനമാകുന്ന കൊടുംവിപത്തിനെ ഭയക്കുന്നു. എന്നാൽ ഇത്തരം പ്രതീക്ഷകൾക്കു ബൈബിൾപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
സമയപാലകനായ യഹോവ
ബൈബിളിലെ ദൈവത്തെ “നാളുകളിൽ പുരാതനൻ” എന്നു വർണിച്ചിരിക്കുന്നു. (ദാനീയേൽ 7:9, NW) അവൻ സമയത്തെ പൂർണകൃത്യതയോടെ നിയന്ത്രിക്കുന്നു. ഗ്രഹങ്ങളുടെ ഭ്രമണം മുതൽ ആറ്റത്തിലെ ഉപകണങ്ങളുടെ ചലനം വരെയുള്ള അവന്റെ മിക്ക സൃഷ്ടികളുടെയും പ്രവർത്തനത്തിൽ അത് സ്പഷ്ടമാക്കപ്പെടുന്നു. താൻ കൃത്യതയോടെ പറ്റിനിൽക്കുന്ന സ്വന്തം സമയപ്പട്ടിക അവനുണ്ട്. അവൻ “[മനുഷ്യരുടെ] നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു” എന്ന് ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 17:26) യഹോവ കൃത്യതയുള്ള സമയപാലകനാണ്.
ആയതിനാൽ, കാലഗണനയ്ക്കു ബൈബിൾ ഉയർന്ന പ്രാധാന്യം കൊടുക്കുന്നു. മാനവചരിത്രത്തിന്റെ ആരംഭം ക്രമീകൃതമായി കണക്കാക്കാൻ സാധിക്കുന്ന തുടർച്ചയായ ഒരു ചരിത്രരേഖ ബൈബിൾ പ്രദാനംചെയ്യുന്നു. അത്തരമൊരു കണക്കുകൂട്ടൽ ദൈവം ആദാമിനെ സൃഷ്ടിച്ചത് പൊ.യു.മു. 4026-ലാണെന്നു സൂചിപ്പിക്കുന്നു. അതിനുശേഷം ഏതാണ്ട് 2,000 വർഷം കഴിഞ്ഞ് അബ്രാഹാം ജനിച്ചു. യേശു ജനിച്ചപ്പോഴേക്കും പിന്നെയും 2,000 വർഷം കൂടി കഴിഞ്ഞിരുന്നു.
ബൈബിൾ കാലഗണന പഠിക്കുന്ന ചിലർ നിർദിഷ്ട ഭാവിതീയതികളിലേക്കു വിരൽചൂണ്ടുന്ന സമവാക്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ആദാമും അബ്രാഹാമും യേശുവും ജീവിച്ചിരുന്ന സമയത്തെ തമ്മിൽ വേർതിരിക്കുന്ന ഏതാണ്ട് 2,000 വർഷങ്ങളുടെ തുടർച്ചയായ കാലഘട്ടത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, യേശുവിന്റെ ജനനശേഷമുള്ള 2,000 വർഷകാലഘട്ടത്തിന്റെ അന്ത്യത്തിൽ അശുഭകരമായ ഒരു സംഭവം അരങ്ങേറുമെന്നു ചിലർ മുൻകൂട്ടി പ്രഖ്യാപിക്കുന്നു. ബൈബിൾ കാലഗണനയിൽ അധിഷ്ഠിതമെന്ന് ആരോപിച്ചുകൊണ്ട് കാലനിർണയം നടത്തുന്ന നിരവധി സൂത്രവാക്യങ്ങളിൽ ഒന്നു മാത്രമാണ് ഇത്.
ദുഷ്ടത നീക്കംചെയ്യുകയും ഒരു പുതിയ ലോകം ആനയിക്കുകയും ചെയ്തുകൊണ്ട് യഹോവയാം ദൈവം മാനുഷ കാര്യാദികളിൽ ഇടപെടുന്ന സമയത്തെക്കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നുവെന്നതു ശരിതന്നെ. ബൈബിൾ പ്രവചനം ‘അന്ത്യകാലം,’ ‘ലോകാവസാനം,’ ‘അന്ത്യനാളുകൾ,’ ‘ദൈവദിവസം’ എന്നിവയെക്കുറിച്ചൊക്കെ പ്രസ്താവിക്കുന്നുണ്ട്. (ദാനീയേൽ 8:17; മത്തായി 24:3; 2 തിമൊഥെയൊസ് 3:1, NW; 2 പത്രൊസ് 3:11) എന്നാൽ, ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ‘അന്ത്യം’ യാതൊരു പ്രകാരത്തിലും 2000-ാം ആണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് കണക്കാക്കപ്പെടുന്ന രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിനു പ്രത്യേക പ്രാധാന്യം കൽപ്പിക്കുന്ന വിധത്തിലുള്ള യാതൊരു സൂചനയും തിരുവെഴുത്തുകൾ നൽകുന്നില്ല.
“അതു എപ്പോൾ സംഭവിക്കും”
യേശുവിന്റെ ശിഷ്യന്മാർ ദൈവത്തിന്റെ സമയപ്പട്ടികയിൽ ഉത്ക്കടമായ താത്പര്യം പ്രകടിപ്പിച്ചു. അവർ അവനോട് “അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” (മത്തായി 24:3) ഭാവി സംബന്ധിച്ച് ഇന്ന് അനേകമാളുകൾക്കു സമാനമായ ജിജ്ഞാസയുണ്ട്. അത്തരം ബൈബിൾ പ്രവചനങ്ങളും അവ നിവൃത്തിയേറുന്ന സമയവും സംബന്ധിച്ച് ആഴമായ താത്പര്യമുണ്ടായിരിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ, കാര്യാദികൾ സംബന്ധിച്ച് ദൈവത്തിനുള്ള വീക്ഷണം സ്വീകരിക്കുന്നതും അതിനെ ആദരിക്കുന്നതും ജ്ഞാനമാണ്.
തന്റെ പുത്രനിലൂടെ യഹോവ തന്റെ ഹിതം വെളിപ്പെടുത്തിയിട്ടുണ്ട്, ഈ പ്രശ്നത്തിന് നേരിട്ടുള്ള ഒരു ഉത്തരവും അവൻ പ്രദാനംചെയ്തിട്ടുണ്ട്. യേശുവിന്റെ സ്വർഗാരോഹണത്തിന് അൽപ്പം മുമ്പ്, അവന്റെ ശിഷ്യന്മാർ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിവൃത്തിയേറുന്ന സമയം സംബന്ധിച്ച് യേശുവിനോടു വീണ്ടും ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (പ്രവൃത്തികൾ 1:7) മുമ്പൊരിക്കൽ യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.”—മത്തായി 24:36.
അപ്പോൾ വ്യക്തമായും, “കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു,” വിശേഷിച്ച് ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി എപ്പോഴാണെന്നറിയുന്നത് മാനുഷ അധികാര പരിധിയിലുള്ളതല്ല. അത്തരം വിവരങ്ങൾ നമുക്കു വെളിപ്പെടുത്താതിരിക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നു. (മത്തായി 24:22-44) “ആ നാളും നാഴികയും” സ്വന്തമായി കണക്കാക്കുന്നതിലൂടെ ദൈവഹിതത്തിനെതിരായി അവന്റെ ഉദ്ദേശ്യങ്ങളുടെമേൽ ഏതെങ്കിലും വിധത്തിൽ സ്വാധീനം ചെലുത്താൻ നമുക്കു സാധിക്കുമോ? തീർച്ചയായും ഇല്ല. (സംഖ്യാപുസ്തകം 23:19; റോമർ 11:33-35എ) ബൈബിൾ പ്രസ്താവിക്കുന്നു: ‘യഹോവയുടെ ആലോചന ശാശ്വതമായി നില്ക്കുന്നു.’ (സങ്കീർത്തനങ്ങൾ 33:11) സർവശക്തനായ ദൈവമെന്നനിലയിൽ അവൻ എല്ലായ്പോഴും വിജയംവരിക്കുന്നു.—യെശയ്യാവു 55:8-11.
‘തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ കുറിച്ചുള്ള അറിവ്’ സൂക്ഷിക്കാൻ ദൈവത്തിനു ശക്തിയുണ്ടെങ്കിലും നിരവധി ആളുകൾ അത് അനുമാനിച്ചെടുക്കാൻ ഇഷ്ടപ്പെടുന്നു. ചിലർ വിനാശത്തിന്റെ സ്വനിയമിത പ്രവാചകന്മാരായിത്തീരുന്നു. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലൊസ് തീയതികൾ അനുമാനിച്ചെടുക്കുന്ന ആളുകളെ ശ്രദ്ധിക്കുന്നതിന്റെ അപകടം സംബന്ധിച്ച് തെസ്സലൊനീക്യർക്കു കൃത്യമായ നിർദേശം കൊടുത്തത്. അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു.”—2 തെസ്സലൊനീക്യർ 2:1-3.
ഭാവി സംബന്ധിച്ചുള്ള ദൈവോദ്ദേശ്യങ്ങൾ അവൻ മുൻകൂട്ടി നിശ്ചയിച്ച സമയത്ത്, അവൻ തിരഞ്ഞെടുത്ത ദിവസത്തിലും നാഴികയിലും തീർച്ചയായും സംഭവിക്കുമെന്ന് യഹോവയുടെ സാക്ഷികൾ ദൃഢമായി വിശ്വസിക്കുന്നു. (ഹബക്കൂക്ക് 2:3; 2 പത്രൊസ് 3:9, 10) ഈ സംഭവവികാസങ്ങൾ സമീപഭാവിയിൽത്തന്നെ നിവൃത്തിയേറുമെന്നും നാം വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) എന്നിരുന്നാലും, പെരുകിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സിദ്ധാന്തങ്ങളെക്കുറിച്ചു നാം ഊഹാപോഹം നടത്തുകയോ അവയെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല.b 2000-ാം ആണ്ടോ 2001-ാം ആണ്ടോ നിർണായക സമയമായി മനുഷ്യർ കണക്കാക്കുന്ന മറ്റേതൊരു സമയമോ ആയിക്കൊള്ളട്ടെ, അതിനു യഹോവയുടെ സമയപ്പട്ടികയുമായി യാതൊരു ബന്ധവുമില്ല എന്നതു തീർച്ചയാണ്.
[അടിക്കുറിപ്പുകൾ]
a സാങ്കേതികമായി പറഞ്ഞാൽ, മൂന്നാം സഹസ്രാബ്ദം എന്നറിയപ്പെടുന്നതിന്റെ ആരംഭം 2001 ജനുവരി 1 ആണ്. ഒന്നാം സഹസ്രാബ്ദം ആരംഭിച്ചത് പൂജ്യം എന്ന വർഷത്തിൽ നിന്നല്ല, പിന്നെയോ 1 എന്ന വർഷത്തിൽ നിന്നാണ്. എന്നാൽ, ആളുകൾ “മൂന്നാം സഹസ്രാബ്ദം” എന്ന പദപ്രയോഗത്തെ 2000-ാം ആണ്ടുമായി ബന്ധപ്പെടുത്തുന്നു. 2000-ാം ആണ്ടിനോടുള്ള ബന്ധത്തിൽ ആളുകൾക്കു പൊതുവേയുള്ള പ്രതീക്ഷകളെക്കുറിച്ച് ഈ ലേഖനം പ്രതിപാദിക്കുന്നു.
b 1997 സെപ്റ്റംബർ 1-ലെ വീക്ഷാഗോപുരത്തിന്റെ 21-2 പേജുകളിൽ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ ദിവസം എപ്പോൾ വരുമെന്നറിയാൻ യഹോവയുടെ സാക്ഷികൾ ആകാംക്ഷയുള്ളവരായിരുന്നിട്ടുണ്ട്. ഈ ആകാംക്ഷ നിമിത്തം അത് എപ്പോൾ വരുമെന്നു കണക്കാക്കാൻ അവർ ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ, അങ്ങനെ ചെയ്യവേ, ‘ആ കാലം എപ്പോൾ എന്നു’ നാം അറിയേണ്ടതില്ല എന്ന യേശുവിന്റെ മുന്നറിയിപ്പു ചെവിക്കൊള്ളുന്നതിൽ, യേശുവിന്റെ ആദിമ ശിഷ്യന്മാരെപ്പോലെ, അവരും പരാജയപ്പെട്ടിരിക്കുന്നു. (മർക്കൊസ് 13:32, 33) വിശ്വസ്ത ക്രിസ്ത്യാനികളുടെ അപക്വമായ പ്രതീക്ഷകൾ നിമിത്തം പരിഹാസികൾ അവരെ കളിയാക്കിയിട്ടുണ്ട്. (2 പത്രൊസ് 3:3, 4) എന്നിരുന്നാലും, യഹോവയുടെ സമയപ്പട്ടികയനുസരിച്ച് അവന്റെ ദിവസം തീർച്ചയായും വരുമെന്ന് പത്രൊസ് തറപ്പിച്ചു പറയുന്നു.”