പ്രസംഗിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ഞങ്ങളുടെ പോരാട്ടം
ഗ്രേസ് മാർഷ് പറഞ്ഞപ്രകാരം
അലബാമയിലെ മൊണ്ട്ഗൊമറിയിലുള്ള ഹണ്ടിങ്ടൺ കോളെജിലെ പ്രൊഫസറായിരുന്ന ന്യൂട്ടൻ, 50 വർഷംമുമ്പുണ്ടായ ചില സംഭവവികാസങ്ങളെക്കുറിച്ചറിയാൻ ഞാനുമായി ഒരു അഭിമുഖം നടത്തി. 1946-ൽ, യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷക എന്ന നിലയിലുള്ള എന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കോടതിക്കേസിന് ഐക്യനാടുകളിലെ സുപ്രീം കോടതി തീർപ്പു കൽപ്പിച്ചിരുന്നു. ആ സംഭവത്തെക്കുറിച്ച് അറിയാനുള്ള പ്രൊഫസർ ന്യൂട്ടന്റെ താത്പര്യം ഒട്ടേറെ സ്മരണകൾ മനസ്സിലേക്കു കൊണ്ടുവന്നു. എന്റെ ബാല്യകാലത്തിൽനിന്നുതന്നെ തുടങ്ങാം.
ഞാൻ ജനിച്ചത് യു.എസ്.എ.-യിലെ അലബാമയിലുള്ള റാൻഡോൾഫിലായിരുന്നു, 1906-ൽ. ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്—നാലാം തലമുറയിൽപ്പെട്ട ഒരുവളായിരുന്നു ഞാൻ. എന്റെ മുതുമുത്തച്ഛൻ ലൂയിസ് വൊൾഡ്രൊപ്പും മുത്തച്ഛൻ സിം വൊൾഡ്രൊപ്പും 1800-കളുടെ അവസാനത്തിൽ ബൈബിൾ വിദ്യാർഥികളായി സ്നാപനമേറ്റിരുന്നു.
സിം വൊൾഡ്രൊപ്പിന്റെ മകൻ ജോസഫ് ആയിരുന്നു എന്റെ പിതാവ്. നരകാഗ്നിയെക്കുറിച്ചുള്ള സഭാപഠിപ്പിക്കലിനെ തുറന്നു കാട്ടുന്ന ഒരു ചെറുപുസ്തകം നൽകിക്കൊണ്ട് ബെൽ എന്നു പേരുള്ള ഒരു പെൺകുട്ടിയിൽ ജോസഫ് മതിപ്പുളവാക്കി. അതിലെ വിവരങ്ങൾ വായിച്ചപ്പോൾ ബെല്ലിന് ആകെ ഉത്സാഹമായി. അവൾ ആ പുസ്തകം തന്റെ പിതാവുമായി പങ്കുവെച്ചു. അവളുടെ പിതാവിലും അത് താത്പര്യമുണർത്തി. പിന്നീട് ജോസഫ് ബെല്ലിനെ വിവാഹം കഴിച്ചു. അവർക്ക് ആറ് മക്കളുണ്ടായി. രണ്ടാമത്തെ കുട്ടിയായിരുന്നു ഞാൻ.
എല്ലാ രാത്രിയും ഡാഡി വീട്ടിലുള്ളവരെയെല്ലാം നെരിപ്പോടിനു ചുറ്റും കൂട്ടിവരുത്തും. എന്നിട്ട് ബൈബിളും വീക്ഷാഗോപുരം മാസികയും ഉറക്കെ വായിച്ചു കേൾപ്പിക്കും. അതു കഴിയുമ്പോൾ ഡാഡി ഹൃദയം തുറന്നു പ്രാർഥിക്കും, ഞങ്ങളെല്ലാം മുട്ടിന്മേൽ നിൽക്കും. എല്ലാ ആഴ്ചയും ഞങ്ങൾ ഒരു കുതിരവണ്ടിയിൽ മുത്തച്ഛനായ സിമ്മിന്റെ വീട്ടിൽ ചെല്ലും, സഹ ബൈബിൾവിദ്യാർഥികളുമൊത്തുള്ള ഒരു യോഗത്തിൽ സംബന്ധിക്കാൻ. കിലോമീറ്ററുകൾ യാത്ര ചെയ്തു വേണമായിരുന്നു അവിടെയെത്താൻ.
സ്കൂളിൽവെച്ച് മിക്കപ്പോഴും സഹപാഠികൾ ഞങ്ങളെ റസ്സലുകാർ എന്നു വിളിച്ച് കളിയാക്കുമായിരുന്നു. എന്നാൽ അവർ വിചാരിച്ചിരുന്നതുപോലെ അതൊരു കളിയാക്കലായി എനിക്കു തോന്നിയില്ല. കാരണം വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡൻറായ ചാൾസ് ടേസ് റസ്സലിനെ വളരെ ബഹുമാനത്തോടെയാണു ഞാൻ വീക്ഷിച്ചിരുന്നത്. 1914-ൽ അലബാമയിലെ ബിർമിംഗ്ഹാമിൽ നടന്ന ഒരു സമ്മേളനത്തിൽവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് എന്ത് സന്തോഷമായെന്നോ! “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവേളയിൽ കാര്യങ്ങൾ വിവരിച്ചുതന്നുകൊണ്ട് അദ്ദേഹം പ്ലാറ്റ്ഫാറത്തിൽ നിൽക്കുന്നത് എനിക്കിന്നും ഓർമയുണ്ട്.
1920-ൽ ഞങ്ങളുടെ കുടുംബം അലബാമയിലെ മൊബൈലിനു കിഴക്കുള്ള ഒരു കൊച്ചുപട്ടണമായ റോബർട്സ്ഡേലിലേക്കു താമസം മാറി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഹർബർട്ട് മാർഷ് എന്നെ വിവാഹം കഴിച്ചു. ഞങ്ങളിരുവരും ഇല്ലിനോയ്സിലെ ചിക്കാഗോയിലേക്കു താമസം മാറി. താമസിയാതെ ഞങ്ങൾക്കൊരു മകൻ ജനിച്ചു, ജോസഫ് ഹറോൾഡ്. സങ്കടകരമെന്നു പറയട്ടെ, എന്റെ കുട്ടിക്കാലത്തെ മതത്തിൽനിന്നു ഞാൻ അകന്നുപോയി. എങ്കിലും അത് അപ്പോഴും എന്റെ ഹൃദയത്തിലുണ്ടായിരുന്നു.
ബൈബിൾ സത്യത്തിനുവേണ്ടിയുള്ള എന്റെ നിലപാട്
1930-ൽ ഒരു ദിവസം ഞങ്ങളുടെ വീട്ടുടമസ്ഥൻ ഒരു ബൈബിൾ വിദ്യാർഥിയെ പടിക്കു പുറത്തേക്കു തള്ളുന്നതു കണ്ടപ്പോഴാണ് എനിക്കു സുബോധമുണ്ടായത്. എനിക്കു ദേഷ്യംവന്നു. അങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ലെന്നു ഞാൻ വീട്ടുടമയോടു പറഞ്ഞു. ആ മനുഷ്യനെ ഞങ്ങളുടെ അപ്പാർട്ട്മെൻറിലേക്കെങ്ങാനും വിളിച്ചു കയറ്റിയാൽ എന്നെയും ഭർത്താവിനെയും മേലാൽ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്ന് അയാൾ പറഞ്ഞു. ഉടനടി ഞാൻ ആ ബൈബിൾ വിദ്യാർഥിയെ ഒരു ചായയ്ക്കു ക്ഷണിച്ചു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിറ്റേ ഞായറാഴ്ച ഞാനും ഭർത്താവും ബൈബിൾ വിദ്യാർഥികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. റസ്സൽ സഹോദരന്റെ മരണത്തെത്തുടർന്ന് വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിരുന്ന ജോസഫ് എഫ്. റതർഫോർഡിനെ അവിടെവെച്ചു പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിച്ചു. റതർഫോർഡ് സന്ദർഭവശാൽ ചിക്കാഗോ സന്ദർശിച്ചതാണ്. ഈ സംഭവങ്ങളെല്ലാം ക്രിസ്തീയ ശുശ്രൂഷയിൽ വീണ്ടും സജീവമാകാൻവേണ്ട ഉത്തേജനം എനിക്കു നൽകി. താമസിയാതെ ഞങ്ങൾ അലബാമയിലെ റോബർട്സ്ഡേലിലേക്കു തിരികെപ്പോയി.
1937-ൽ ഒഹായോയിലെ കൊളംബസിൽ നടന്ന ഒരു കൺവെൻഷനിൽവെച്ച് ഒരു പയനിയറാകാൻ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ വിളിക്കുന്നത് അങ്ങനെയാണ്—ഞാൻ തീരുമാനിച്ചു. കുറച്ചു നാളുകൾക്കകം എന്റെ ഭർത്താവ് ഹർബർട്ട് സ്നാപനമേറ്റു. താമസിയാതെ അദ്ദേഹം റോബർട്സ്ഡേൽ സഭയുടെ അധ്യക്ഷ മേൽവിചാരകനായി സേവിക്കാൻ തുടങ്ങി. വീടുതോറുമുള്ള ശുശ്രൂഷയിൽ മിക്കപ്പോഴും മകൻ ഹറോൾഡ് എന്റെ കൂടെയുണ്ടാകുമായിരുന്നു.
1941-ൽ മിസ്സിസ്സിപ്പിയിലെ ബ്രൂക്ക്ഹേവനിൽ പ്രത്യേക പയനിയറായി സേവിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ന്യൂ ഓർലീൻസിൽനിന്നുള്ള, വയലറ്റ് ബേബിൻ എന്നൊരു ക്രിസ്തീയ സഹോദരിയായിരുന്നു എന്റെ പങ്കാളി. ഞങ്ങൾ ആ വെല്ലുവിളി ഏറ്റെടുത്തു. മക്കളെയും ഞങ്ങളോടൊപ്പം കൂട്ടി. ഞങ്ങളുടെ ട്രെയിലറും കൂടെ കൊണ്ടുപോയി. ബ്രൂക്ക്ഹേവനിൽ താവളമുറപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഭർത്താക്കന്മാർ പിന്നീട് ഞങ്ങളോടൊപ്പം ചേരാനിരിക്കുകയായിരുന്നു.
ആദ്യമൊക്കെ ശുശ്രൂഷ വിജയകരമായിരുന്നു. വയലറ്റിന്റെ മകളും ഹറോൾഡും സ്കൂളിൽ നന്നായി പഠിക്കുമായിരുന്നു. എന്നാൽ 1941 ഡിസംബറിൽ പേൾ ഹാർബറിൽ ജപ്പാൻകാർ ബോംബിടുകയും ഐക്യനാടുകൾ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഞങ്ങളുടെ പ്രവർത്തനത്തോടുള്ള പ്രതികരണം അപ്പാടെ മാറിപ്പോയി. അതിരുകടന്ന ദേശഭക്തിയും ഗൂഢാലോചനയെക്കുറിച്ചുള്ള ഭയവും നിലനിന്നിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ നിഷ്പക്ഷത മൂലം ആളുകൾ ഞങ്ങളെ സംശയത്തോടെയാണു വീക്ഷിച്ചത്. ഞങ്ങൾ ജർമൻ ചാരന്മാരാണെന്ന ആരോപണംവരെയുണ്ടായി.
പതാകവന്ദനച്ചടങ്ങിൽ പങ്കുകൊള്ളാഞ്ഞതിന്റെ പേരിൽ ഹറോൾഡിനെ സ്കൂളിൽനിന്നു പുറത്താക്കി. ഹറോൾഡ് സമർഥനും സത്സ്വഭാവിയുമാണെങ്കിലും പതാക വന്ദിക്കാത്തതുകൊണ്ട് അവൻ മോശമായ ഒരു മാതൃകയാണെന്ന് പ്രിൻസിപ്പൽ കരുതിയതായി അവന്റെ അധ്യാപകൻ എന്നോടു പറഞ്ഞു. പ്രിൻസിപ്പലിന്റെ നടപടിയിലും ഈ പ്രശ്നത്തോടു ബന്ധപ്പെട്ട് സ്കൂൾ ബോർഡ് എടുത്ത തീരുമാനത്തിലും പ്രതിഷേധിച്ച് സ്കൂളുകളുടെ സൂപ്രണ്ട് രാജിവെച്ചു. ഹറോൾഡിനെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കാൻ വേണ്ട ചെലവ് താൻ വഹിച്ചുകൊള്ളാമെന്ന് അദ്ദേഹമേറ്റു!
ദിവസവും ജനക്കൂട്ടത്തിൽനിന്നുള്ള ഭീഷണി ഞങ്ങൾ നേരിട്ടു. ഒരു സന്ദർഭത്തിൽ ഒരു സ്ത്രീയുടെ വീട്ടിൽനിന്ന് പൊലീസ് ഞങ്ങളെ ഇറക്കിവിട്ടു, ഞങ്ങളുടെ ഗ്രാമഫോണുകൾ മരത്തിലടിച്ച് തകർത്തുകളഞ്ഞു, ബൈബിൾ പ്രസംഗങ്ങൾ റെക്കോർഡ് ചെയ്ത കാസെറ്റുകൾ നശിപ്പിച്ചു, ബൈബിളും സാഹിത്യങ്ങളും തുണ്ടുതുണ്ടായി കീറിക്കളഞ്ഞു, ഞങ്ങളുടെ പക്കൽനിന്ന് എല്ലാം കണ്ടുകെട്ടി അവർ കത്തിച്ചുകളഞ്ഞു. ഇരുട്ടുന്നതിനുമുമ്പ് പട്ടണം വിട്ടുപോകാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജനക്കൂട്ടത്തെക്കൊണ്ട് ഞങ്ങളെ അവിടെനിന്നു തുരത്തിക്കുമത്രേ. ഉടനടി ഞങ്ങൾ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പട്ടണത്തിലെ അധികൃതർക്ക് കത്തുകളെഴുതി, ഞങ്ങൾതന്നെ അവ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. എന്നാൽ സംരക്ഷണം നൽകാൻ അവർ വിസമ്മതിച്ചു. മിസ്സിസ്സിപ്പിയിലെ ജാക്സണിലുള്ള ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കുപോലും ഞാൻ ഫോൺ ചെയ്ത് സഹായം അഭ്യർഥിച്ചു. പട്ടണം വിട്ടുപോകാനാണ് അവരും ഉപദേശിച്ചത്.
കോപാക്രാന്തരായ നൂറോളം പേർ ഞങ്ങളുടെ ട്രെയിലർ വളഞ്ഞു. കുട്ടികളുമൊത്ത് ഞങ്ങൾ രണ്ടു സ്ത്രീകൾ തനിച്ച്. ഞങ്ങൾ വാതിലടച്ച് കുറ്റിയിട്ടു, വിളക്കണച്ച് യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. ഒടുവിൽ ഞങ്ങളെ ഒന്നുംചെയ്യാതെ ജനക്കൂട്ടം പിരിഞ്ഞുപോയി.
ഈ സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ ഉടനടി ഞങ്ങളോടൊപ്പം ബ്രൂക്ക്ഹേവനിൽ വന്നു താമസിക്കാൻ ഹർബർട്ട് തീരുമാനിച്ചു. ഞങ്ങൾ ഹറോൾഡിനെ റോബർട്സ്ഡേലിലുള്ള അവന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുക്കലാക്കി. അവിടത്തെ സ്കൂൾ പ്രിൻസിപ്പൽ അവനെ അവിടെ പഠിപ്പിച്ചുകൊള്ളാമെന്നേറ്റു. ഞങ്ങൾ ബ്രൂക്ക്ഹേവനിൽ തിരികെച്ചെന്നപ്പോൾ ട്രെയിലർ തകർത്തു തരിപ്പണമാക്കിയിരിക്കുന്നതാണു കണ്ടത്. ഞങ്ങളുടെ അറസ്റ്റ് വാറണ്ട് അകത്ത് ചുമരിൽ തറച്ചുവെച്ചിരുന്നു. ഈ എതിർപ്പുകളെല്ലാം ഉണ്ടായിട്ടും ഞങ്ങൾ ശുശ്രൂഷയിൽ ഉറച്ചുനിന്നു.
അറസ്റ്റും മോശമായ പെരുമാറ്റവും
1942 ഫെബ്രുവരിയിൽ, ഒരു കൊച്ചു ഭവനത്തിൽ ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കവേ എന്നെയും ഹർബർട്ടിനെയും അറസ്റ്റു ചെയ്തു. ഞങ്ങളോടുള്ള ഈ പെരുമാറ്റത്തിൽ ക്ഷുഭിതനായി വീട്ടുകാരൻ ചുമരിൽ തൂക്കിയിട്ടിരുന്ന തന്റെ തോക്കെടുത്ത് പൊലീസുകാരുടെ നേർക്കു ചൂണ്ടി വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തി! അതിക്രമിച്ചു കടന്നുവെന്ന് പറഞ്ഞ് ഞങ്ങളുടെ പേരിൽ കേസെടുത്തു. പിറ്റേ ദിവസം നടന്ന വിചാരണയിൽ ഞങ്ങൾ കുറ്റക്കാരാണെന്നു കണ്ടെത്തി.
11 ദിവസത്തേക്ക് ഞങ്ങളെ വൃത്തിയില്ലാത്ത, തണുപ്പുള്ള ഒരു ജയിലറയിൽ താമസിപ്പിച്ചു. അവിടെ കഴിയുന്ന അവസരത്തിൽ, സ്ഥലത്തെ ഒരു ബാപ്റ്റിസ്റ്റ് ശുശ്രൂഷകൻ ഞങ്ങളെ വന്നുകണ്ടു. പട്ടണം വിട്ടുപോകാമെന്നു സമ്മതിച്ചാൽ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ഞങ്ങളെ വിടുവിക്കാമെന്ന് അയാൾ ഉറപ്പു നൽകി. അത് ഞങ്ങൾക്ക് ഒരു വിരോധാഭാസമായി തോന്നി. കാരണം ഞങ്ങളെ ജയിലിലടയ്ക്കാനുള്ള മുഖ്യകാരണക്കാരൻ അയാളായിരുന്നു.
ഞങ്ങൾ കഴിഞ്ഞിരുന്ന അറയുടെ ഒരു മൂല മുമ്പ് കക്കൂസായി ഉപയോഗിച്ചിരുന്നതാണ്. പോരാത്തതിന് നിറയെ മൂട്ടയും. കഴുകാത്ത, വൃത്തിയില്ലാത്ത തകിടുപാത്രങ്ങളിലാണ് ഭക്ഷണം നൽകിയിരുന്നത്. ഇതിന്റെയെല്ലാം ഫലമായി എനിക്ക് ന്യുമോണിയ പിടിപെട്ടു. എന്നെ പരിശോധിക്കാൻ ഒരു ഡോക്ടറെ കൊണ്ടുവന്നു, ഞങ്ങളെ അവിടെനിന്നു വിട്ടയച്ചു. അന്നു രാത്രി ഞങ്ങളുടെ ട്രെയിലറിനരികിലായി വീണ്ടും ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു, അതുകൊണ്ട് വിചാരണയും കാത്ത് ഞങ്ങൾ റോബർട്സ്ഡേലിലുള്ള ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞു.
വിചാരണ
രാജ്യമെമ്പാടുനിന്നുമുള്ള ബാപ്റ്റിസ്റ്റുകാർ ഞങ്ങളുടെ വിചാരണ സമയത്ത് ബ്രൂക്ക്ഹേവനിൽ വന്നിരുന്നു, ഞങ്ങളുടെ അറസ്റ്റിന് ഉത്തരവാദിയായ ആ ബാപ്റ്റിസ്റ്റ് ശുശ്രൂഷകന് പിന്തുണ നൽകാൻ. എന്റെ സഹോദരീഭർത്താവായ ഒസ്കാർ സ്കൂഗ്ലണ്ടിന് ഒരു കത്തെഴുതാൻ ഇതെന്നെ പ്രേരിപ്പിച്ചു, അദ്ദേഹം തീക്ഷ്ണതയുള്ള ഒരു ബാപ്റ്റിസ്റ്റ് ഡീക്കനായിരുന്നു. വികാരസാന്ദ്രമെങ്കിലും നയപൂർവമല്ലാത്ത ഒരു കത്തായിരുന്നു അത്. എങ്കിലും എനിക്കു നേരിടേണ്ടിവന്ന പെരുമാറ്റവും കത്തിലെ വിവരവും ഒസ്കാറിനെ പ്രയോജനപ്രദമായ വിധത്തിൽ സ്വാധീനിച്ചു. കാരണം, അധികം കഴിയുന്നതിനു മുമ്പ് അദ്ദേഹം തീക്ഷ്ണതയുള്ള ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു.
ബ്രൂക്ക്ഹേവനിൽ ഞങ്ങൾക്കു സത്യസന്ധമായ വിചാരണ ലഭിക്കില്ലെന്ന്, യഹോവയുടെ സാക്ഷികളും ഞങ്ങളുടെ അഭിഭാഷകരുമായ ജി. സി. ക്ലാർക്കിനും വിക്ടർ ബ്ലാക്വെല്ലിനും ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് കോടതിയെക്കൊണ്ട് കേസ് തള്ളിക്കളയിക്കാൻ അവർ തീരുമാനിച്ചു. പ്രോസിക്യൂട്ടർ ഓരോ പ്രാവശ്യവും സംസാരിക്കാൻ തുടങ്ങുമ്പോൾ ഞങ്ങളുടെ അഭിഭാഷകരിൽ ഒരാൾ തടസ്സം പറയും. ചുരുങ്ങിയത് 50 പ്രാവശ്യമെങ്കിലും അവർ തടസ്സം പറഞ്ഞു. ഒടുവിൽ ന്യായാധിപൻ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു.
ഒരു പുതിയ പ്രസംഗ നിയമനം
വിശ്രമത്തിനുശേഷം ഞാൻ എന്റെ ആരോഗ്യം വീണ്ടെടുത്തു. മകൻ ഹറോൾഡിനോടൊപ്പം ഞാൻ വീണ്ടും പയനിയറിങ് ആരംഭിച്ചു. 1943-ൽ ഞങ്ങൾക്ക് വീടിനടുത്ത്, അതായത് അലബാമയിലെ മൊബൈലിനരികെയുള്ള കൊച്ചുസമുദായങ്ങളായ ഹ്വിസ്ലറിലും ചിക്കസൊയിലും, പ്രവർത്തിക്കാൻ നിയമനം ലഭിച്ചു. ഈ രണ്ടു പ്രദേശങ്ങളും അത്ര അപകടം പിടിച്ചതായിരിക്കില്ലെന്നു ഞാൻ കരുതി. കാരണം, യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി സുപ്രീം കോടതി ചില തീർപ്പുകൾ കൽപ്പിച്ചിട്ട് അധികനാൾ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല, ഞങ്ങളുടെ വേലയോടുള്ള പൊതുജനങ്ങളുടെ മനോഭാവവും മെച്ചപ്പെടാൻ തുടങ്ങിയിരുന്നു.
താമസിയാതെ ഹ്വിസ്ലറിൽ ബൈബിൾ വിദ്യാർഥികളുടെ ഒരു കൂട്ടമുണ്ടായി. ഞങ്ങൾക്കു സ്വന്തമായി ഒരു യോഗസ്ഥലം വേണമായിരുന്നു. ഒരു ആണിയടിക്കാനെങ്കിലും അറിയാവുന്ന ഏവരും ഞങ്ങളുടെ കൊച്ചു രാജ്യഹാളിന്റെ നിർമാണത്തിൽ പങ്കെടുത്തു. ആദ്യത്തെ യോഗത്തിന് 16 പേർ ഹാജരുണ്ടായിരുന്നു. എന്നാൽ ചിക്കസൊയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഗൾഫ് കപ്പൽനിർമാണ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി കോളനിയായിരുന്നു അത്. എങ്കിലും അതു മറ്റേതൊരു കൊച്ചു പട്ടണങ്ങളെയുംപോലെ തോന്നിച്ചിരുന്നു. ബിസിനസ്സ് കെട്ടിടങ്ങളും തപാൽ ഓഫീസും ഷോപ്പിങ് കേന്ദ്രവുമെല്ലാം അവിടെയുണ്ടായിരുന്നു.
1943 ഡിസംബറിൽ, ഒരു ദിവസം ഞാനും പയനിയർ കൂട്ടാളിയായ ഐലീൻ സ്റ്റീഫൻസും ചിക്കസൊയിലെ വഴിപോക്കർക്ക് ബൈബിൾ മാസികകളുടെ ഏറ്റവും പുതിയ ലക്കങ്ങൾ വിതരണം ചെയ്തുകൊണ്ട് നിൽക്കുമ്പോൾ ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ ചതം, സ്വകാര്യ സ്ഥലമായതുകൊണ്ട് ഞങ്ങൾക്ക് അവിടെ പ്രസംഗിക്കാൻ അവകാശമില്ലെന്നു പറഞ്ഞു. ഞങ്ങൾ വിൽപ്പന നടത്തുകയല്ലെന്നും ഞങ്ങളുടെ വേല മതപരമാണെന്നും യു.എസ്. ഭരണഘടനയുടെ ആദ്യത്തെ ഭേദഗതിയനുസരിച്ച് അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണെന്നും ഞങ്ങൾ വിവരിച്ചുകൊടുത്തു.
കൂടുതൽ അറസ്റ്റുകളും തടവുകളും
പിറ്റേ ആഴ്ച ഞാനും ഐലീനും ഗൾഫ് കപ്പൽനിർമാണ സഹകരണസംഘത്തിന്റെ വൈസ് പ്രസിഡൻറായ ഇ. ബി. പീബൽസിനെ ചെന്നു കണ്ട് ഞങ്ങളുടെ മതപ്രവർത്തനത്തിന്റെ പ്രാധാന്യം വിശദമാക്കി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ചിക്കസൊയിൽ അനുവദിക്കുകയില്ലെന്ന് അദ്ദേഹം ഞങ്ങൾക്കു മുന്നറിയിപ്പു നൽകി. ആളുകൾ ഞങ്ങളെ സന്തോഷത്തോടെയാണ് അവരുടെ ഭവനങ്ങളിൽ സ്വീകരിച്ചിട്ടുള്ളതെന്നു ഞങ്ങൾ വ്യക്തമാക്കി. ബൈബിൾ പഠിക്കാനുള്ള അവരുടെ അവകാശം അദ്ദേഹത്തിനു തടഞ്ഞുവെക്കാനാകുമോ? അദ്ദേഹത്തിന് ഞങ്ങളോടു വിരോധമായി, അതിക്രമിച്ചു കടന്നതിന് ഞങ്ങളെ ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തി.
ഞാൻ കൂടെക്കൂടെ ചിക്കസൊയിലേക്കു മടങ്ങിച്ചെന്നു. ഓരോ പ്രാവശ്യവും ഞാൻ അറസ്റ്റു ചെയ്യപ്പെട്ടു. എന്നാൽ ഓരോ പ്രാവശ്യവും ജാമ്യത്തുക കെട്ടിവെച്ച് ഞാൻ മോചിതയായി. ഒടുവിൽ ജാമ്യത്തുക വളരെ വർധിപ്പിച്ചു. അതിനുവേണ്ട പണം സ്വരുക്കൂട്ടുന്നതുവരെ കൂടുതൽ കാലം എനിക്കു ജയിലിൽ കഴിച്ചുകൂട്ടേണ്ടിവന്നു. ജയിലിൽ വൃത്തിഹീനമായ ചുറ്റുപാടായിരുന്നു—കക്കൂസുണ്ടായിരുന്നില്ല, അഴുക്കു പിടിച്ച കിടക്കകൾക്ക് വിരിയുണ്ടായിരുന്നില്ല. പുതയ്ക്കാനാകട്ടെ, വൃത്തികെട്ട ഒരു കമ്പിളിയും. തത്ഫലമായി വീണ്ടും എനിക്ക് രോഗം പിടിപെട്ടു.
1943 ഡിസംബർ 24-ന് അറസ്റ്റു ചെയ്യപ്പെട്ട യഹോവയുടെ സാക്ഷികളായ ആറ് പേരുടെ കേസ്, 1944 ജൂൺ 27-ന് ഒരുമിച്ച് വിചാരണയ്ക്കെടുത്തു. എന്റെ മൊഴി മറ്റ് പ്രതികളെയും പ്രതിനിധാനം ചെയ്യുമായിരുന്നു. വിചാരണയ്ക്കിടയിൽ യഹോവയുടെ സാക്ഷികളോടുള്ള വിവേചനം തുറന്നുകാട്ടപ്പെട്ടെങ്കിലും ഞാൻ കുറ്റക്കാരിയാണെന്നായിരുന്നു കണ്ടെത്തൽ. തീർപ്പിനെതിരെ ഞങ്ങൾ അപ്പീൽ സമർപ്പിച്ചു.
1945 ജനുവരി 15-ന് അപ്പീൽ കോടതി വിധി പ്രസ്താവിച്ചു: അതിക്രമിച്ചു കടന്നതിന് ഞാൻ കുറ്റക്കാരിയാണത്രേ. ഇതിനുപുറമേ, അലബാമയിലെ സുപ്രീം കോടതി എന്റെ കേസ് കേൾക്കാൻ വിസമ്മതിച്ചു. 1945 മേയ് 3-ന്, ഒരു യഹോവയുടെ സാക്ഷിയും ചുറുചുറുക്കും ധീരതയുമുള്ള അഭിഭാഷകനുമായ ഹേഡൻ കവിങ്ടൻ യു.എസ്. സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
സുപ്രീം കോടതിയുടെ വിധി കാത്തിരിക്കെ, ഐലീനും ഞാനും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇ. ബി. പീബൽസിനും ഷെരീഫിന്റെ ഡിപ്പാർട്ട്മെൻറിലുള്ള അയാളുടെ കൂട്ടാളികൾക്കും എതിരെ സിവിൽ കേസ് ഫയൽ ചെയ്തു. അന്യായക്കാർ കുറ്റാരോപണം മാറ്റാനുള്ള ശ്രമമായി. അതിക്രമിച്ചു കടന്നുവെന്ന ആരോപണം മാറ്റി ഞങ്ങൾ ഗതാഗതം സ്തംഭിപ്പിച്ചു എന്നായി. എന്നാൽ, ഞങ്ങൾ അതിക്രമിച്ചു കടന്നതായി ആരോപിച്ചുകൊണ്ടുള്ള ഒരു രേഖ—ഡെപ്യൂട്ടി ഉദ്യോഗസ്ഥനായ ചതമിന്റെ ഒപ്പോടുകൂടിയത്—ജയിലിലായിരുന്നപ്പോൾ ഞാൻ കൈക്കലാക്കിയിരുന്നു. ഈ തെളിവ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഹോൾക്കൂം ഷെരീഫ് ഇരിപ്പിടത്തിൽനിന്നു ചാടിയെഴുന്നേറ്റു. ഇരുട്ടടിയേറ്റതുപോലെയായി അയാൾക്ക്! 1945 ഫെബ്രുവരിയിലെ ആ വിചാരണ അവസാനിച്ചപ്പോൾ ജഡ്ജിമാർക്ക് ഒരു തീരുമാനത്തിലെത്താനായില്ല.
സുപ്രീം കോടതി തീർപ്പു കൽപ്പിക്കുന്നു
യു.എസ്. സുപ്രീം കോടതിക്ക് എന്റെ കേസിൽ താത്പര്യം ഉണ്ടായിരുന്നു. കാരണം സ്വകാര്യ പ്രദേശത്ത് അതിക്രമിച്ചു കടക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു പുതിയ വഴിത്തിരിവായി. ചിക്കസൊയുടെ നിയമവ്യവസ്ഥ പ്രതികളുടെ മാത്രമല്ല മുഴുസമുദായത്തിന്റെ തന്നെയും അവകാശങ്ങൾ ലംഘിച്ചതായി കവിങ്ടൻ തെളിയിച്ചു.
1946 ജനുവരി 7-ന് യു.എസ്. സുപ്രീം കോടതി കീഴ്ക്കോടതിയുടെ വിധി മാറ്റിയെഴുതിക്കൊണ്ട് ഞങ്ങൾക്ക് അനുകൂലമായി മഹത്തായ ആ വിധി പ്രസ്താവിച്ചു. ജസ്റ്റിസ് ബ്ലാക്ക് ആണ് വിധി പുറപ്പെടുവിച്ചത്. അതിലെ ഏതാനും വാക്കുകൾ ഇതാണ്: “ഒരു കമ്പനി കോളനിയിൽ മത സാഹിത്യം വിതരണം ചെയ്തതിന് [അലബാമ] സംസ്ഥാനം അപ്പീലുകാരിയുടെ [ഗ്രേസ് മാർഷിന്റെ] മേൽ ക്രിമിനൽ ശിക്ഷ കെട്ടിവെക്കാൻ ശ്രമിച്ചത് ന്യായയുക്തമായ നടപടിയല്ല.”
തുടരുന്ന പോരാട്ടം
ഹർബർട്ടും ഞാനും ഒടുവിൽ അലബാമയിലെ ഫാർഹോപ്പിൽ സ്ഥിരതാമസമാക്കി. വർഷങ്ങളിലുടനീളം രാജ്യതാത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾ തുടർന്നു. 1981-ൽ എനിക്ക് ഹർബർട്ടിനെ നഷ്ടമായി. എങ്കിലും ഞങ്ങളൊന്നിച്ചു കഴിഞ്ഞ ആ നാളുകളിലെ അനേകം മധുരസ്മരണകൾ ഞാനിന്നും താലോലിക്കുന്നു. എന്റെ മകൻ ഹറോൾഡ് പിന്നീട് യഹോവയെ സേവിക്കുന്നതിൽനിന്നു പിന്മാറി. താമസിയാതെ 1984-ൽ അവൻ മരിച്ചു. എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നാണത്.
എങ്കിലും ഹറോൾഡും ഭാര്യ എൽസിയും എനിക്ക് നല്ല മൂന്ന് പേരക്കുട്ടികളെ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ അവരുടെ മക്കളിൽ ചിലരും സ്നാപനമേറ്റ സാക്ഷികളാണ്. എന്റെ മൂന്ന് അനുജത്തിമാർ, മാർഗരറ്റും എലെൻ ജോയും ക്രിസ്റ്റലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർ യഹോവയുടെ വിശ്വസ്ത സാക്ഷികളായി തുടരുന്നു. ക്രിസ്റ്റലിനെ വിവാഹം കഴിച്ചിരിക്കുന്നത്, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ ലൈമൻ സ്വിംഗളാണ്. അവർ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് താമസിക്കുന്നു. സമീപ വർഷങ്ങളിൽ ക്രിസ്റ്റലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായെങ്കിലും അവൾ ഇന്നും എനിക്കു നല്ലൊരു മാതൃകയും പ്രോത്സാഹനവുമായി തുടരുന്നു.
ഒരിക്കലും മനുഷ്യരുടെ പ്രവൃത്തികളെ ഭയപ്പെടരുതെന്ന് 90-ലധികം വർഷത്തെ സേവനംകൊണ്ട് ഞാൻ പഠിച്ചിരിക്കുന്നു. കാരണം, ഏതൊരു ഷെരീഫിനെക്കാളും ജഡ്ജിയെക്കാളും മനുഷ്യനെക്കാളും ശക്തനാണ് യഹോവ. ഈ ഗതകാല സംഭവവികാസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ‘സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും’ ഒരു പങ്കുവഹിക്കാൻ ലഭിച്ച പദവിയെ ഞാൻ അത്യന്തം വിലമതിക്കുന്നു!—ഫിലിപ്പിയർ 1:7.
[22-ാം പേജിലെ ചതുരം]
ഭരണഘടനയുടെ ബലത്തിൽ
മെർളിൻ ഓവെൻ ന്യൂട്ടൻ 1995-ൽ ഭരണഘടനയുടെ ബലത്തിൽ എന്ന ഒരു പുസ്തകം രചിക്കുകയുണ്ടായി. യു.എസ്. ഭരണഘടനയ്ക്ക് ആദ്യമായി ഭേദഗതി വരുത്തുന്നതിൽ യഹോവയുടെ സാക്ഷികൾക്കുള്ള പങ്കിനെക്കുറിച്ച് അതു വിവരിക്കുന്നു. അക്കാലത്ത്, അലബാമയിലെ ഹണ്ടിങ്ടൺ കോളെജിൽ ചരിത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും സഹപ്രൊഫസറായിരുന്നു ശ്രീമതി ന്യൂട്ടൻ. ഗഹനമായ ഗവേഷണത്തിനുശേഷം തയ്യാറാക്കിയ ആ പുസ്തകം യു.എസ്. സുപ്രീം കോടതിയിൽ എത്തിയ രണ്ട് അലബാമ കോടതി കേസുകളെ പുനരവലോകനം ചെയ്യുന്നു.
ഈ സുപ്രീം കോടതി കേസുകളിൽ ഒന്ന് ഗ്രേസ് മാർഷിന്റേതാണ്. അവരുടെ കഥയാണ് ഇതോടൊപ്പമുള്ള ലേഖനത്തിൽ നൽകിയിരിക്കുന്നത്. ഒപ്പെലീക നഗരത്തിനെതിരേ ജോൺസ് എന്ന രണ്ടാമത്തെ കേസിൽ, പ്രസിദ്ധീകരണങ്ങളിലൂടെ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം കൈകാര്യം ചെയ്യുന്നതായിരുന്നു. കറുത്തവർഗക്കാരായ റോസ്കോ, തെൽമ ജോൺസ് ദമ്പതികൾ യഹോവയുടെ സാക്ഷികളുടെ മുഴുസമയശുശ്രൂഷകരായിരുന്നു.
പുസ്തകം തയ്യാറാക്കാൻ പ്രൊഫസർ ന്യൂട്ടൻ സമകാലിക പ്രസിദ്ധീകരണങ്ങളും നിയമ പത്രികകളും, സാക്ഷികളുടെ ആത്മകഥകളും കത്തുകളും, സാക്ഷികളുമായുള്ള അഭിമുഖവും അവർ പ്രസിദ്ധീകരിച്ച വിവരങ്ങളും, സാക്ഷികളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ പഠനങ്ങളും എല്ലാം ഉപയോഗിക്കുകയുണ്ടായി. ഭരണഘടനയുടെ ബലത്തിൽ എന്ന പുസ്തകത്തിൽ പ്രതികളും അഭിഭാഷകരും ന്യായാധിപന്മാരും നൽകിയ ശ്രദ്ധേയമായ വിവരങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ട നിയമ ചരിത്രത്തിന്റെ ഒരു ഭാഗം പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നു.
[20-ാം പേജിലെ ചിത്രം]
മുത്തച്ഛൻ സിം വൊൾഡ്രൊപ്പിനോടൊപ്പം
[23-ാം പേജിലെ ചിത്രം]
ഗ്രേസ് മാർഷ് ഇന്ന്