പൂമ നോക്കിനിൽക്കേ അപ്രത്യക്ഷമാകുന്നു
ബ്രസീലിലെ ഉണരുക! ലേഖകൻ
തെക്കേ അമേരിക്കയിലെ മഴവനത്തിനു മീതെ ആകാശത്തിന് അവർണനീയമായ നിറപ്പകർച്ച. താമസിയാതെ രാത്രിയുടെ കരങ്ങൾ അതു മായ്ച്ചുകളയും. പൊടുന്നനെ, ശബ്ദമുണ്ടാക്കാതെ അതാ ഒരു പൂമ! വെട്ടിത്തെളിച്ച ആ പ്രദേശത്തേക്ക് വളരെ ജാഗ്രതയോടെയാണ് അതു പ്രവേശിച്ചത്. എന്നാൽ പിടിച്ചുനിർത്തിയതുപോലെ അത് പെട്ടെന്നു നിന്നു.
ഒരു നിമിഷത്തേക്ക് ആ വലിയ മാർജാരൻ നിശ്ചലനായി. വാലിന്റെ അഗ്രം മാത്രം അനങ്ങുന്നുണ്ടായിരുന്നു, സാവധാനം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വൈപ്പർപോലെ. ആരോ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഒറ്റ കുതിപ്പിന് കക്ഷി കാട്ടിലേക്കു മറഞ്ഞു. സ്പോർട്സുകാരുടെ ഷൂസുകൾക്കും വേഗമേറിയ മോട്ടോർവാഹനങ്ങൾക്കും എന്തിന്, പോർവിമാനങ്ങൾക്കുപോലും അതിന്റെ പേർ നൽകിയിരിക്കുന്നതിനുള്ള കാരണം ഏതാനും വർഷംമുമ്പ് ആ ഉച്ചനേരത്ത് എനിക്കു മനസ്സിലായി. വലുപ്പത്തിന്റെ കാര്യത്തിൽ അമേരിക്കൻ പൂച്ചകളിൽ രണ്ടാം സ്ഥാനം വഹിക്കുന്ന പൂമ അഥവാ കൗഗാർ തീർച്ചയായും വേഗതയ്ക്കായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണെന്നു വ്യക്തം.a
പേശികളുടെ ഒരു കെട്ട്
പുള്ളികളോ വരകളോ ഇല്ലാത്ത തവിട്ടു നിറത്തിലുള്ള അതിന്റെ ശരീരം ഒരു പെൺസിംഹത്തെ അനുസ്മരിപ്പിച്ചേക്കാം. എങ്കിലും പൂമയുടെ മുഖം അതിന്റെ ആഫ്രിക്കൻ ബന്ധുവിന്റേതുപോലെ ദീർഘചതുരാകൃതിയിലുള്ളതല്ല. പകരം അതിന്റെ തല ഉരുണ്ടതും ചെറുതുമാണ്, ചെവികളും അങ്ങനെതന്നെ. ഒരു വശത്തുനിന്നു നോക്കിയാൽ അതിന്റെ തല, നീണ്ടു കൂർത്ത വെടിയുണ്ടപോലെ തോന്നിക്കും. പച്ചനിറത്തിലുള്ള വലിയ കണ്ണുകൾകൊണ്ട് അത് നിങ്ങളെ തുറിച്ചുനോക്കും. വായ്ക്കു ചുറ്റുമുള്ള വെളുത്ത രോമം കണ്ടാലോ, പാൽപ്പാത്രത്തിൽ തലയിട്ടിട്ട് വായ് തുടയ്ക്കാൻ മറന്നതാണെന്നേ തോന്നൂ. വഴക്കമുള്ള മെലിഞ്ഞ ശരീരത്തിന് 1.5 മീറ്ററോ അതിലധികമോ നീളം കണ്ടേക്കാം, തടിച്ച വാൽ കൂട്ടാതെതന്നെ. വാലിന്റെ അഗ്രത്തിനു കറുത്ത നിറമാണ്.
കരുത്തുറ്റ നീണ്ട പിൻകാലുകൾമൂലം അതിന്റെ പൃഷ്ഠഭാഗം മുതുകിനെക്കാൾ ഉയർന്നുനിൽക്കുന്നു. 60 കിലോഗ്രാം തൂക്കമുള്ള പൂമയ്ക്ക് റോക്കറ്റുപോലെ പായാനുള്ള ശക്തിനൽകുന്നത് കരുത്തുറ്റ ആ കാലുകളാണ്. പൂമകൾ ഒറ്റക്കുതിപ്പിന് 5 മീറ്റർ ഉയരത്തിലെത്തുന്നതായി കാണപ്പെട്ടിട്ടുണ്ട്. പോളില്ലാതെ നടത്തുന്ന പോൾവാൾട്ട് എന്നു വേണമെങ്കിൽ പറയാം!
പൂമ താഴേക്കു ചാടുന്നതും അതുപോലെതന്നെ ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. 18 മീറ്റർ ഉയരത്തിൽനിന്നുപോലും അതു താഴേക്കു ചാടിയത് കണ്ടിട്ടുള്ളവരുണ്ട്. ഇത് ഒളിമ്പിക് മത്സരങ്ങളിൽ ഡൈവർമാർ വെള്ളത്തിലേക്ക് എടുത്തുചാടുന്ന പ്ലാറ്റ്ഫാറങ്ങളുടെ ഏതാണ്ട് ഇരട്ടി ഉയരംവരും. എന്നാൽ പൂമയെ സംബന്ധിച്ചിടത്തോളം താഴെ നീന്തൽക്കുളം ഇല്ലെന്നുമാത്രം. എങ്കിൽപ്പോലും, കുതിക്കാൻ തയ്യാറായിട്ടാണ് അതു നിലത്തേക്കുവീഴുന്നത്.
“കരുത്തനായ, വിസ്മയമുണർത്തുന്ന മൃഗം,” വന്യജീവി ശാസ്ത്രജ്ഞനായ കെന്നത്ത് ലോഗൻ പറയുന്നത് അങ്ങനെയാണ്. “ഈ പൂച്ചകളുടെ അതിജീവന മാർഗത്തെക്കുറിച്ചു പഠിക്കുമ്പോൾ അവ നമ്മുടെ ആദരവ് പിടിച്ചുപറ്റും.” നോക്കിനിൽക്കേ അത് അപ്രത്യക്ഷമാകുമെന്നതും ശ്രദ്ധേയമാണ്.
എല്ലായിടത്തുമുണ്ടെങ്കിലും അദൃശ്യം
ആദ്യകാലങ്ങളിലെ കുടിയേറ്റക്കാർ പശ്ചിമാർധഗോളത്തിൽ താമസമുറപ്പിച്ചപ്പോൾ അറ്റ്ലാൻറിക് മുതൽ പസഫിക് വരെ മുഴുഭൂഖണ്ഡവും പൂമയുടെ വിഹാരരംഗമായിരുന്നു. പർവതങ്ങളിലും ചതുപ്പുനിലങ്ങളിലും പുൽപ്പുറങ്ങളിലും വനങ്ങളിലും അത് ഒരുപോലെ ജീവിച്ചിരുന്നു. നായാട്ടുകാരും കൃഷിക്കാരുമൊക്കെ വടക്കേ അമേരിക്കയുടെ പല ഇടങ്ങളിൽനിന്നും പൂമയെ ഉന്മൂലനം ചെയ്തിരിക്കുന്നെങ്കിലും ഇന്നും അത് അമേരിക്കയുടെ പ്രതീകമായി നിലകൊള്ളുന്നു. ഇപ്പോഴും അത് കാനഡമുതൽ തെക്കേ അമേരിക്കയുടെ അറ്റംവരെയും വിഹരിക്കുന്നു. ഒരു മൃഗത്തിന്റെ അതിജീവനപ്രാപ്തി അതിനെ എത്ര ഇടങ്ങളിൽ കണ്ടെത്താമെന്നതിനെയും അതിന്റെ ആവാസ വൈവിധ്യത്തെയും ആസ്പദമാക്കിയാണു കണക്കാക്കുന്നതെങ്കിൽ അമേരിക്കയുടെ സസ്തനികളിൽ വിജയശ്രീലാളിതൻ പൂമതന്നെ. അതിന്റെ വിജയരഹസ്യം എന്താണ്?
പൂമ അതിജീവിക്കുന്നതിനായി സുസജ്ജനാണ്. അതിന് ബലിഷ്ഠമായ ഒരു ആമാശയം ഉണ്ടെന്നതിനുപുറമേ അത് വേട്ടയാടാൻ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. പ്രദേശത്തു ലഭിക്കുന്ന ഏതുതരം ആഹാരവുമായും അതു പൊരുത്തപ്പെടുന്നു. “അതിനെക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള മൃഗത്തെ കൊന്ന് വലിച്ചിഴച്ചു കൊണ്ടുപോകാൻ അതിനു കഴിയും. എന്നാൽ മറ്റൊന്നും തിന്നാൻ കിട്ടിയില്ലെങ്കിൽ അത് വിട്ടിലുകളെയും പിടിച്ചുതിന്നും,” ബ്രസീലിൽ കൊല്ലപ്പെട്ടിട്ടുള്ള നിരവധി പൂമകളുടെ ആമാശയം പരിശോധിച്ച ഒരു മൃഗഡോക്ടർ പറയുന്നു. “തീറ്റിയുടെ കാര്യത്തിൽ, മാർജാര വർഗത്തിൽപ്പെട്ട മറ്റേതിനെക്കാളും വൈവിധ്യം പുലർത്തുന്നതു പൂമയാണ്.”
വിവിധതരത്തിലുള്ള തീറ്റി ലഭിക്കണമെങ്കിൽ വിവിധതരം വേട്ടയാടൽരീതികളും ഉപയോഗിക്കണം. ഉദാഹരണത്തിന്, ഒരു മാനിന്റെ മേൽ ചാടിവീഴുന്നതിൽനിന്നു വ്യത്യസ്തമായ തന്ത്രം ഉപയോഗിച്ചുവേണം ഒരു പക്ഷിയെ പിടിക്കാൻ. പൂമ അത് എങ്ങനെയാണു ചെയ്യുന്നത്? ബ്രസീലിലെ അറ്റ്ലാൻറിക്ക് വനത്തിൽ അത് ടിനാമൂ എന്ന പക്ഷിയെ അതിന്റെ ശബ്ദത്തെ അനുകരിച്ചുകൊണ്ടാണ് ആകർഷിക്കുന്നത്. “തികഞ്ഞ അനുകരണം,” ഒരു നിരീക്ഷകൻ പറയുന്നു. “ഏതാനും തവണ കൂകിയിട്ട് ടിനാമൂ നിശ്ശബ്ദനാകും. പക്ഷേ പൂമ കൂകൽ തുടർന്നുകൊണ്ടേയിരിക്കും—10-ഓ 20-ഓ തവണപോലും.” അത് ഫലിക്കുകതന്നെ ചെയ്യുന്നു. ശല്യക്കാരനായ ഒരാൺപക്ഷി തന്റെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതായി ടിനാമൂ വിചാരിക്കും. എതിരാളിയുമായി ഏറ്റുമുട്ടാൻ തയ്യാറായി അത് മുമ്പോട്ടു വരും—പക്ഷേ ചെന്നുപെടുന്നത് പൂമയുടെ വായിലായിരിക്കുമെന്നു മാത്രം.
നിങ്ങൾ പൂമയെ തിരയുന്നത് വടക്കേ അമേരിക്കയിലോ മധ്യ അമേരിക്കയിലോ തെക്കേ അമേരിക്കയിലോ എവിടെയായിരുന്നാലും നിങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ അതിനറിയാം. എല്ലായിടത്തുമുണ്ടെങ്കിലും വായുവിനെപ്പോലെ അദ്യശ്യമാണത്. “രഹസ്യാത്മകതയുള്ള, വഴുതിമാറുന്ന, ജാഗ്രതയുള്ള” എന്നൊക്കെയാണ് പൂമയെക്കുറിച്ചു പഠിക്കുന്ന ഗവേഷകർ മിക്കപ്പോഴും അതിനെ വിശേഷിപ്പിക്കുന്നത്. “നായ്ക്കൾ മരത്തിൽ ഓടിച്ചിട്ടു കയറ്റാതെ ഒറ്റ പൂമയെപോലും താൻ കണ്ടിട്ടില്ല” എന്ന് 70 പൂമകളെ കൊന്നിട്ടുള്ള ഒരു വേട്ടക്കാരൻ സമ്മതിച്ചുപറഞ്ഞു. നിരാശരായ ഗവേഷകർ ഈ പൂച്ചയെ “ഭ്രാന്തുപിടിപ്പിക്കുംവിധം വഴുതിമാറുന്നത്” എന്നു വിളിച്ചതിൽ അതിശയിക്കാനില്ല!
പല പേരുകളുള്ള പൂച്ച
അമേരിക്കയുടെ പ്രതീകമായ ഈ പൂച്ചയെ കണ്ടെത്തുന്നതിനോളംതന്നെ ബുദ്ധിമുട്ടാണ് അതിന്റെ സ്വഭാവം നിർവചിക്കുന്നതും. “മറ്റേതൊരു സസ്തനിയെക്കാളും അധികം പേരുകൾ” പൂമയ്ക്കുണ്ട് എന്ന് ദ ഗിന്നസ് ബുക്ക് ഓഫ് ആനിമൽ റെക്കോർഡ്സ് പറയുന്നു. ഇംഗ്ലീഷിലുള്ള 40 വിചിത്രമായ പേരുകൾക്കു പുറമേ “അതിന് തെക്കേ അമേരിക്കയിൽ 18 പേരുകളും വടക്കേ അമേരിക്കയിൽ 25 പേരുകളുമുണ്ട്.”
മിക്ക ജന്തുശാസ്ത്രജ്ഞന്മാരും ഉപയോഗിക്കുന്ന പൂമ എന്ന പേര്, പെറുവിലെ കെച്ച്വ ഭാഷയിൽനിന്നു വന്നതാണ്. പർവത സിംഹം, കാറ്റമൗണ്ട്, പാന്തർ, പെയിൻറർ, ചെമ്പുലി, മാൻപുലി എന്നിവയാണ് ഈ പൂച്ചയ്ക്കു നൽകിയിരിക്കുന്ന മറ്റു ചില പേരുകൾ.
സാവൊ പൗലോ മൃഗശാലയുടെ സൂക്ഷിപ്പുകാരനും പൂമയെക്കുറിച്ചുള്ള പഠനമേഖലയിൽ വൈദഗ്ധ്യം നേടിയവനുമായ ഫൈസൽ സീമോൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പൂമയ്ക്കും മറ്റു വൻപൂച്ചകൾക്കും പൊതുവായ ശീലങ്ങളും ശാരീരിക കഴിവുകളും ഇല്ലെന്നുതന്നെ പറയാം.” ഇത് തികച്ചും വ്യത്യസ്തമായ, വലുപ്പത്തിലും നിറത്തിലും വൈവിധ്യം പുലർത്തുന്ന ഒരുതരം പൂച്ചയാണ്. പൂമയുടെ ഉപവിഭാഗങ്ങളിൽ ഏതാണ്ട് 30 എണ്ണത്തെ അമേരിക്കയിലുടനീളവും 6 എണ്ണത്തെ ബ്രസിലീലും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ?
ബ്രസീലിലും മറ്റിടങ്ങളിലുമുള്ള പല കന്നുകാലി വളർത്തുകാരും പൂമയെ ഉപദ്രവകാരിയായ ഒരു കീടത്തെപ്പോലെ, കണ്ണിൽപ്പെട്ടയുടനെ വെടിവെച്ചു വീഴ്ത്തേണ്ട ഒന്നായി കണക്കാക്കുന്നു. എന്നാൽ കന്നുകാലികളെ നിർദയം കൊല്ലുന്നവൻ എന്ന് പൂമയെ മുദ്രകുത്താമോ? “വന്യമൃഗങ്ങൾ ലഭ്യമാണെങ്കിൽ പൂമ കന്നുകാലികളെ വിരളമായേ കൊല്ലാറുള്ളൂ,” ഡോ. സൈമൺ വിവരിക്കുന്നു. “ഏതാനും പ്രാവശ്യം അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നു കരുതി, ഈ മൃഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് തീർച്ചയായും ന്യായീകരിക്കാനാവില്ല. വാസ്തവത്തിൽ പൂമകളെ വെടിവെച്ചു വീഴ്ത്തുന്നതുവഴി കന്നുകാലി വളർത്തുകാർ തങ്ങൾക്കുതന്നെ ദോഷം ചെയ്യുകയാണ്.” അതെങ്ങനെ?
ഉദാഹരണത്തിന് ബ്രസീലിലെ, ദക്ഷിണ കൊറിയയെക്കാൾ വലുപ്പമുള്ള ഒരു ചതുപ്പുനിലമായ പാൻറാനാൽ, അസംഖ്യം കന്നുകാലികൾ സ്വൈര്യമായി വിഹരിക്കുന്ന ഒരു പ്രദേശമാണ്. അവിടത്തെ കന്നുകാലി വളർത്തുകാർ പൂമകളെ കൊല്ലുന്നു. തത്ഫലമായി, എറുമ്പുതീനികളുടെ എണ്ണം—പൂമകളുടെ ആ പ്രദേശത്തെ ഇഷ്ടഭോജ്യം—സത്വരം വർധിക്കുകയാണ്. മുയലിന്റെ വലുപ്പമുള്ള, മാളങ്ങൾ കുഴിക്കുന്ന, കവചിത സസ്തനികളാണ് എറുമ്പുതീനികൾ. പൂമകളുടെ അഭാവംമൂലം അവ പാൻറാനാലിലെ മേച്ചിൽപ്പുറങ്ങൾ ശവപ്പറമ്പുകളാക്കി മാറ്റുകയാണ്. എങ്ങനെയെന്നല്ലേ?
കന്നുകാലികൾ അബദ്ധത്തിൽ ഈ മാളങ്ങളിൽ ചവിട്ടുന്നു. അങ്ങനെ കാലൊടിഞ്ഞ് അവ ചാകുന്നു. “പൂമകളെ കൊന്നതുകൊണ്ട് ആ കന്നുകാലി വളർത്തുകാർക്ക് മുമ്പത്തെക്കാളധികം കന്നുകാലികളെ നഷ്ടമാകുകയാണ്,” ഡോ. സൈമൺ പറയുന്നു. “മനുഷ്യൻ പ്രകൃതിയെ അമ്മാനമാടുമ്പോൾ എന്തു സംഭവിക്കുമെന്നുള്ളതിന് ഒരു ഉദാഹരണം മാത്രമാണിത്.”
പൂമയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. അതുകൊണ്ട്, വടക്കേ അമേരിക്കയിലെ ചില അധികൃതർ പൂമകളുടെ സംരക്ഷണാർഥം, അവയെ വേട്ടയാടുന്നതു നിയന്ത്രിക്കുന്നതിനും അവയുടെ ആവാസം പരിപാലിക്കുന്നതിനും മറ്റുമായി ചില നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.
തത്ഫലമായി, ഐക്യനാടുകളുടെ പടിഞ്ഞാറുഭാഗത്ത് പൂമ തിരിച്ചുവരവു നടത്തുകയാണ്. മുൻ ആവാസങ്ങളിൽ അവ പെരുകാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരുമല്ലെങ്കിലും പലരും ഇതു സ്വാഗതം ചെയ്യുന്നുണ്ട്. ‘ചുരുങ്ങിയ കാലഘട്ടംകൊണ്ട് പൂമ ഉപദ്രവകാരിയായ കീടം എന്നതിൽനിന്ന് ഒരു ഇഷ്ടമൃഗമായി മാറിയിരിക്കുന്നു’ എന്ന് സ്മിത്ത്സോണിയൻ മാഗസിൻ പറയുന്നു.
പ്രകൃതി സ്നേഹികളും നായാട്ടുകാരും പൂമയെ ഇഷ്ടപ്പെടുന്നു. ആദ്യം പറഞ്ഞവരെ സംബന്ധിച്ചിടത്തോളം ഈ പൂച്ച നിർജനപ്രദേശത്തിന്റെ പ്രൗഢതയുടെ ഒരു പ്രതീകമാണ്. രണ്ടാമത്തെ കൂട്ടരെ സംബന്ധിച്ചിടത്തോളം അവൻ ഒരു ട്രോഫിയാണ്. ഇപ്പോൾ ചോദ്യമിതാണ്: എത്ര നാളത്തേക്ക് പൂമയ്ക്ക് ഇതു രണ്ടുമായിരിക്കാൻ കഴിയും?
[അടിക്കുറിപ്പ്]
a അമേരിക്കകളിലെ ഏറ്റവും വലിയ പൂച്ച പുള്ളിപ്പുലിയാണ്; 1990 ആഗസ്റ്റ് 22 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 26-28 പേജുകൾ കാണുക.
[26-ാം പേജിലെ ചതുരം]
‘ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും’?
പൂമയെ അഥവാ കൗഗാറിനെ സംരക്ഷിക്കാൻ ഐക്യനാടുകളുടെ പടിഞ്ഞാറുഭാഗത്ത് നിയമം ഏർപ്പെടുത്തിയിരിക്കുന്നതുമൂലം പൂമയുടെ എണ്ണം മാത്രമല്ല അവയും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളും വർധിച്ചിരിക്കുന്നു. കാരണം വ്യക്തമാണ്: കൂടുതൽ ആളുകൾ നിർജനപ്രദേശങ്ങളുടെ—പൂമകളുടെ സാമ്രാജ്യത്തിന്റെ—അതിർത്തികളിൽ താമസമുറപ്പിക്കുകയാണ്. ഇത് അവരുടെ സുരക്ഷിതത്വത്തിനു പ്രശ്നമുണ്ടാക്കുന്നു. എങ്കിൽപ്പോലും പൂമകളിൽനിന്നുള്ള ആക്രമണങ്ങൾ കുറവാണ്.
1890 മുതൽ ഐക്യനാടുകളിലും കാനഡയിലുമായി പൂമകൾ മനുഷ്യരുടെമേൽ നടത്തിയ 65 ആക്രമണങ്ങളെക്കുറിച്ച് ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഓരോ അഞ്ച് വർഷത്തിലും 3 ആക്രമണങ്ങൾ വീതം എന്നർഥം. ഈ 65 ആക്രമണങ്ങളിൽ 10 എണ്ണം മാരകമായിരിക്കാം. എന്നാൽ ഇതുമായുള്ള താരതമ്യത്തിൽ ഐക്യനാടുകളിൽ മാത്രമായി വർഷംതോറും ഏതാണ്ട് 40 ആളുകൾ വീതം കടന്നൽക്കുത്തേറ്റ് മരിക്കുന്നുണ്ട്.
“പൂമയ്ക്ക് ആക്രമിക്കാൻ ലഭ്യമായിരിക്കുന്ന അവസരങ്ങൾ കണക്കിലെടുക്കുമ്പോൾ ആളുകൾക്കുനേരെയുള്ള ആക്രമണങ്ങൾ അത്ഭുതകരമാംവിധം വിരളമാണ്,” ജന്തുശാസ്ത്രജ്ഞനായ കെവിൻ ഹാൻസൺ പറയുന്നു. “ചുരുങ്ങിയപക്ഷം മനുഷ്യരുമൊത്തു ജീവിക്കാനും അവരെ ജീവിക്കാൻ അനുവദിക്കാനുമുള്ള കൗഗാറിന്റെ ഭാഗത്തെ അത്ഭുതകരമായ സന്നദ്ധതയെയാണ് ഇതു സൂചിപ്പിക്കുന്നത്.”
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ചിത്രങ്ങൾ: Courtesy São Paulo Zoo