യുവജനങ്ങൾ ചോദിക്കുന്നു . . .
സുഹൃത്ത് എന്നെ വീർപ്പുമുട്ടിക്കുന്നത് എങ്ങനെ ഒഴിവാക്കാനാകും?
“എന്റെ കൂട്ടുകാരിയുടെ ഭാവം കണ്ടാൽ ഞാൻ അവളുടെ സ്വന്തമാണെന്നു തോന്നുമായിരുന്നു. ഒന്ന് ശ്വാസംവിടാൻപോലും അവൾ എന്നെ അനുവദിച്ചില്ല.”—ഹോളി.
‘സഹോദരനെക്കാളും അടുത്തു പറ്റിനിൽക്കുന്ന സ്നേഹിതനുണ്ട്,’ ഒരു പുരാതന ജ്ഞാനമൊഴി പറയുന്നു. (സദൃശവാക്യങ്ങൾ 18:24, NW) നിങ്ങളുടെ വിശ്വാസങ്ങളോ നർമബോധമോ താത്പര്യങ്ങളോ പങ്കിടുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ ഒരുമിച്ചായിരിക്കാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. കാരളൈൻ എന്നൊരു പെൺകുട്ടി ഇങ്ങനെ പറയുന്നു: “ക്രിസ്തീയ സഭയിൽ എനിക്ക് ചിലരുമായി അടുത്ത സൗഹൃദമുള്ളത് ഞങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ഫലമായാണ്.” ഒരു യഹോവയുടെ സാക്ഷിയെന്നനിലയിൽ സുവിശേഷ വേലയിൽ 60 മണിക്കൂർ ചെലവിടാനായി കാരളൈൻ ഒരു മാസം നീക്കിവെച്ചു. ഈ വേലയിൽ അവളെ പിന്തുണയ്ക്കാൻ കൂട്ടുകാർ അവരുടെ പട്ടികകൾ ക്രമീകരിച്ചു!
ഒരുമിച്ചായിരിക്കുന്നതിന് അതിന്റേതായ പ്രയോജനങ്ങളുണ്ടെങ്കിലും ചിലപ്പോൾ അതൽപ്പം കൂടിപ്പോകുന്നതുപോലെ തോന്നിയേക്കാം. തുടക്കത്തിൽ പ്രതിപാദിച്ച ഹോളിക്ക് കൂട്ടുകാരിലൊരാൾ തന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നതായി തോന്നുന്നു. ഇത് അവളുടെ മാത്രം പ്രശ്നമല്ലതാനും. ഹോളി പറയുന്നു: “മറ്റു കുട്ടികൾക്കും ഇതേ പ്രശ്നമുണ്ടെന്നു തോന്നുന്നു. അവർ എപ്പോഴും ഒട്ടിപ്പിടിച്ചു നടക്കും. ഒടുവിൽ അതു വഴക്കിൽ കലാശിക്കും. പിന്നെ ആഴ്ചകളോളം അവർ തമ്മിൽ മിണ്ടില്ല.”
നിങ്ങൾക്കു വീർപ്പുമുട്ടുന്നതായും കൂടുതൽ സ്വകാര്യത വേണ്ടതായും സുഹൃത്തിനോടു പറയുക എളുപ്പമല്ല എന്നതാണു പ്രശ്നം. സുഹൃത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുമോ എന്നു നിങ്ങൾ ഭയന്നേക്കാം. നിങ്ങളുടെ ബന്ധത്തെ അപകടപ്പെടുത്തുമോ എന്ന ഭയവും ഉണ്ടായേക്കാം. എന്നിരുന്നാലും, സുഹൃത്തുക്കൾക്കായി നീക്കിവെച്ചിരിക്കുന്ന സമയത്തിന് ന്യായമായ പരിധി കൽപ്പിക്കുന്നത് ദോഷത്തെക്കാളധികം ഗുണം ചെയ്യാനാണു സാധ്യത.
ദൃഷ്ടാന്തത്തിന്, ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പൊതു ഉദ്യാനത്തിൽ ഒരു കൂറ്റൻ വൃക്ഷത്തിനു ചുറ്റും കമ്പിവേലി കെട്ടേണ്ടിവന്നു. എന്തുകൊണ്ടായിരുന്നെന്നറിയാമോ? സന്ദർശകരുടെ കൂട്ടം ക്രമേണ മണ്ണ് ഉറച്ചുപോകാൻ ഇടയാക്കുകയും വേരുകൾ ഞെരുക്കിക്കളയുകയുമായിരുന്നു. സംരക്ഷണം ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ വൃക്ഷം നശിച്ചുപോയേനെ. സുഹൃദ്ബന്ധങ്ങളുടെ കാര്യത്തിലും ഇത് ശരിയായിരുന്നേക്കാം. എപ്പോഴും ഒരുമിച്ചായിരിക്കുന്നത് ബന്ധത്തെ ഞെരുക്കിക്കളഞ്ഞേക്കാം. ശലോമോൻ രാജാവ് ഇപ്രകാരം എഴുതി: “കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.”—സദൃശവാക്യങ്ങൾ 25:17.
വ്യക്തിപരമായ സമയത്തിന്റെയും സ്വകാര്യതയുടെയും ആവശ്യം
ശലോമോൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്? വ്യക്തിപരമായ സമയവും സ്വകാര്യതയും നമുക്കേവർക്കും ആവശ്യമാണ് എന്നതാണ് ഒരു കാരണം. യേശുക്രിസ്തുവിനുപോലും അതിന്റെ ആവശ്യമുണ്ടായിരുന്നു. തന്റെ ശിഷ്യന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും ഇടയ്ക്കിടെ അവൻ “പ്രാർത്ഥിപ്പാൻ തനിയെ” പോകുമായിരുന്നു. (മത്തായി 14:23; മർക്കൊസ് 1:35) ദൈവഭയമുണ്ടായിരുന്ന യിസ്ഹാക്കും ഒറ്റയ്ക്കായിരിക്കാൻ സമയം കണ്ടെത്തി. (ഉല്പത്തി 24:63) ഗൃഹപാഠം, വീട്ടുജോലികൾ, വ്യക്തിപരമായ ബൈബിൾ പഠനം എന്നിവയ്ക്കായി നിങ്ങൾക്കും ഒരളവുവരെ വ്യക്തിപരമായ സമയം ആവശ്യമാണ്. നിങ്ങളുടെ ഈ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് സുഹൃത്തുക്കൾ പരിഗണനയില്ലായ്മ കാട്ടുന്നെങ്കിൽ അമർഷം നുരഞ്ഞുപൊന്താൻ ഇടയുണ്ട്.
അതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങൾക്ക് അൽപ്പം സമയം ആവശ്യമുള്ളപ്പോൾ സുഹൃത്തിനെ അതറിയിക്കാൻ പേടിക്കേണ്ടതില്ല. ക്രിസ്തീയ സ്നേഹം “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്നതുകൊണ്ട് ഒരു യഥാർഥ സുഹൃത്ത് പൊതുവേ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. (1 കൊരിന്ത്യർ 13:4, 5; സദൃശവാക്യങ്ങൾ 17:17) “അവസാനവർഷ പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ എന്റെ സുഹൃത്തുക്കൾ എനിക്ക് വളരെ പിന്തുണ നൽകി, പരിഗണനയും കാണിച്ചു” എന്ന് ഒരു പെൺകുട്ടി പറയുന്നു. “പഠിക്കാനുള്ള സമയമാകുമ്പോൾ അവരോടു പോകാൻ പറയാൻ എനിക്ക് തെല്ലും മടി തോന്നിയില്ല. എന്റെ കൂട്ടുകാരോട് എന്തും തുറന്നു പറയാം; എല്ലാവർക്കും ഉത്തരവാദിത്വങ്ങളുണ്ടെന്ന് അവർക്കറിയാം.”
സുവർണനിയമപ്രകാരം കൂട്ടുകാരോട് നിങ്ങളും ഇതേ പരിഗണന കാട്ടണം. (മത്തായി 7:12) തമാര എന്നൊരു പെൺകുട്ടി എഴുതുന്നു: “എനിക്ക് നിരവധി ഉത്തരവാദിത്വങ്ങളുള്ളതുകൊണ്ട് കൂട്ടുകാരിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കായി സമയം വേണമെന്ന് എനിക്കു നന്നായറിയാം.” തമാരയ്ക്ക് വീട്ടിൽ ജോലിയുള്ളപ്പോൾ തിരക്കിട്ട് അത് ചെയ്തു തീർക്കാനോ പിന്നത്തേക്കായി അവ മാറ്റിവെക്കാനോ കൂട്ടുകാരികൾ അവളെ നിർബന്ധിക്കാറില്ല. പകരം, “അതുകഴിഞ്ഞ് കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യേണ്ടതിന് അവർ എന്നെ ജോലിയിൽ സഹായിക്കുകയാണ് പതിവ്.” നിസ്വാർഥരായ അത്തരം സുഹൃത്തുക്കൾ എത്ര നല്ല മുതൽക്കൂട്ടാണ്—അവ്വണ്ണം സമയം ഒരുമിച്ചു ചെലവിടുന്നത് എത്ര മൂല്യവത്താണ്!
“വിശാലതയുള്ള വരായിരിപ്പിൻ”
കൂട്ടുകാരെ കയ്യകലത്തിൽ നിർത്തുന്നതു ബുദ്ധിപൂർവമായിരിക്കുന്നതിന് മറ്റൊരു കാരണവുമുണ്ട്. നമ്മുടെ സമയവും വികാരങ്ങളും ഒരൊറ്റ സുഹൃത്തിനുമാത്രമായി നീക്കിവെച്ചാൽ മറ്റ് പ്രധാനപ്പെട്ട ബന്ധങ്ങൾ—നമ്മുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും മറ്റു ക്രിസ്ത്യാനികളുമായുള്ള ബന്ധങ്ങൾ പോലുള്ളവ—അവഗണിക്കാൻ നാം ചായ്വു കാട്ടിയേക്കാം. നമ്മുടെ വൈകാരികവും ആത്മീയവുമായ വളർച്ചയെയും നാം വളരെയധികം പരിമിതപ്പെടുത്തിയേക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17) ഒരൊറ്റ വ്യക്തിയുമായി—വിശേഷിച്ചും അതു നിങ്ങളുടെ അതേ പ്രായത്തിൽപ്പെട്ടയാളാണെങ്കിൽ—മാത്രം സഹവസിച്ചാൽ കാര്യമായ ‘മൂർച്ചകൂട്ടൽ’ ഉണ്ടാകുകയില്ലെന്നു വ്യക്തം.
അതുകൊണ്ട്, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പക്ഷപാതമനോഭാവമോ സങ്കുചിത ചിന്താഗതിയോ വേർതിരിവോ പുലർത്തുന്നതിനെ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നു. “വിശാലതയുള്ളവരായിരിപ്പിൻ” എന്ന് അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:13) “നിങ്ങൾക്ക് ആരെങ്കിലുമായി പ്രത്യേക കൂട്ടുകെട്ടുണ്ടെങ്കിലും മറ്റ് കൂട്ടുകാരെ കാണാനും സമയം കണ്ടെത്തുന്നതു പ്രധാനമാണ്” എന്ന് മനോനിലയും വികാരങ്ങളും എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു.
അത്തരം ഉപദേശം ബാധകമാക്കാൻ എപ്പോഴും എളുപ്പമല്ല. മൈക്കിൾ എന്നുപേരുള്ള ഒരു ക്രിസ്തീയ യുവാവ് പറയുന്നു: “സഭയ്ക്ക് അകത്തും പുറത്തും ഉള്ള എന്തു കാര്യവും ഞാനും ട്രോയിയും ഒരുമിച്ചേ ചെയ്യുമായിരുന്നുള്ളൂ. ഞങ്ങൾ പിരിയാനാകാത്ത കൂട്ടുകാരായിരുന്നു. അപ്പോഴാണ് ചെറുപ്പക്കാരനായ മറ്റൊരു സാക്ഷി സഭയിലേക്കു വന്നത്. മുഴുസമയ സുവിശേഷകരായി ഒരുമിച്ചു സേവിക്കാൻ ഞങ്ങളിരുവരും ആഗ്രഹിച്ചു.” ഫലമോ? “ട്രോയി എന്നോടു മിണ്ടാതായി,” മൈക്കിൾ പറയുന്നു. “കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാൻ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോൾ ഞാനും അവനോട് സംസാരിക്കുന്നതു നിർത്തി. ഇത് ഒരു വർഷത്തോളം തുടർന്നു.” തങ്ങളുടെ സുഹൃദ്ബന്ധത്തെ “അവകാശത്തിനുവേണ്ടി അസൂയയോടെയുള്ള ശ്രമം” എന്നാണ് അവൻ വിശേഷിപ്പിക്കുന്നത്.
എന്നാൽ ആരോഗ്യാവഹമായ ബന്ധമാണെങ്കിൽ സുഹൃത്തുക്കൾ പരസ്പരം സ്വകാര്യസ്വത്തെന്ന മട്ടിൽ പെരുമാറുകയില്ല. അതുകൊണ്ട് വിശാലതയുള്ളവരായിരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സുഹൃത്ത് അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ ഉള്ളുതുറന്നു സംസാരിക്കേണ്ടിവരും. അവനുമായി അല്ലെങ്കിൽ അവളുമായി ഉള്ള സുഹൃദ്ബന്ധം നിങ്ങൾ നിലനിർത്തിക്കൊണ്ടുപോകുമെന്നുള്ള ഉറപ്പ് മാത്രമായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തിന് ആവശ്യം. നിങ്ങൾ തുടർന്നും കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുമെന്നു വ്യക്തമാക്കുക.
ഈ ആശയവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ സുഹൃത്തിന് അൽപ്പം സമയം വേണ്ടിവരുമെന്നതു ശരിതന്നെ. ഉദാഹരണത്തിന്, പതിനാറു വയസ്സുകാരി സനീറ്റയ്ക്ക് തന്റെ അടുത്ത സുഹൃത്ത് മറ്റുള്ളവരുമായി സമയം ചെലവഴിക്കാൻ തുടങ്ങിയപ്പോൾ അസൂയ തോന്നി. എന്നാൽ “പ്രാർഥനയുടെയും വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെയും സഹായത്തോടെ” ഈ തോന്നലുകൾ കീഴടക്കിയതായി സനീറ്റ പറയുന്നു. അങ്ങനെ തന്റെ സുഹൃത്തുമായി അടുത്ത ബന്ധം പുലർത്താൻ അവൾക്കു കഴിഞ്ഞു. മൈക്കിളിന്റെ സുഹൃത്തായ ട്രോയിയും ആദ്യമുണ്ടായ അസൂയയെ മറികടന്നു. അവർ വീണ്ടും നല്ല സുഹൃത്തുക്കളായി. ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തും അതുപോലെ ചെയ്തേക്കാം. വിശാലതയുള്ളവരായിരിക്കുന്നത്, ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും വാസ്തവമായും പ്രയോജനം ചെയ്യും. കൂട്ടുകാർ പുതിയ കൂട്ടുകാരെ സമ്പാദിക്കുമ്പോൾ “അവർ എന്റെയും സുഹൃത്തുക്കളായി മാറുന്നു” എന്ന് പതിനേഴുകാരി ഡെബി പറയുന്നു.
എന്നാൽ നിങ്ങളുടെ ബന്ധത്തിലെ ഈ മാറ്റങ്ങൾ അംഗീകരിക്കാൻ സുഹൃത്ത് തയ്യാറല്ലെങ്കിലോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി നോക്കുകയല്ലാതെ നിവൃത്തിയില്ലായിരിക്കാം. എങ്കിലും എല്ലാ വഴികളും അടഞ്ഞെന്ന നിഗമനത്തിലെത്തുന്നതിനുമുമ്പ് ഇതേക്കുറിച്ചുള്ള മാതാപിതാക്കളുടെ അഭിപ്രായം ആരായരുതോ? വാസ്തവത്തിൽ, ദൈവഭയമുള്ള മാതാപിതാക്കളാണ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അകലം സൂക്ഷിക്കാനുള്ള നിങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ച വരുത്താതെതന്നെ നിങ്ങളുടെ സുഹൃദ്ബന്ധത്തിന് കോട്ടംതട്ടാതിരിക്കാൻവേണ്ട ചില പ്രായോഗിക നിർദേശങ്ങൾ അവരുടെ പക്കലുണ്ടായിരിക്കാം.
നല്ല സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുക
ജാഗ്രത പുലർത്തേണ്ട ഒരു വശം: വിശാലതയുള്ളവരായിരിക്കുക എന്നത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിവേചനയില്ലാത്തവരായിരിക്കണമെന്ന് അർഥമാക്കുന്നില്ല. സുഹൃദ്ബന്ധത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു: “ഏത് ആളുകളോടൊപ്പമാണോ കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങൾ അവരെപ്പോലെ ആയിത്തീരുന്നത് സ്വാഭാവികം മാത്രമാണ്. ചിലപ്പോൾ നിങ്ങൾ അറിയാതെയായിരിക്കും അതു സംഭവിക്കുന്നത്. നിങ്ങൾ കൂട്ടാളികളെപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യും, നിങ്ങളുടെ തോന്നലുകൾക്കു പ്രസക്തിയില്ല. ഈ വിധത്തിൽ നിങ്ങളുടെ സുഹൃദ്വലയം നിങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തേക്കാം.” ഇതേ ആശയം ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ബൈബിൾ പറഞ്ഞതാണ്: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
സ്കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ യഹോവയെ സേവിക്കുന്നതിൽ തത്പരരല്ലാത്ത ആളുകളുമൊത്ത് നിങ്ങൾക്കു സമയം ചെലവഴിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം ഓർക്കുക: “മോശമായ കൂട്ടുകെട്ടുകൾ സത്സ്വഭാവത്തെ നശിപ്പിക്കുന്നു.”—1 കൊരിന്ത്യർ 15:33, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
ഏതൊരു മാനുഷ സുഹൃദ്ബന്ധത്തെക്കാളും പ്രധാനം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവവുമായുള്ള സുഹൃദ്ബന്ധമാണെന്നും ഓർക്കുക. മുമ്പ് പരാമർശിച്ച ഡെബിക്ക് ഒട്ടേറെ നല്ല സുഹൃത്തുക്കളുണ്ട്. പക്ഷേ “എപ്പോഴും യഹോവയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്ന് ഉറപ്പുവരുത്തണം” എന്നാണ് അവളുടെ ഉപദേശം. പുരാതനകാലത്തെ വിശ്വസ്തനായ അബ്രാഹാം അതാണു ചെയ്തത്. യഹോവ വിശേഷിച്ചും അവനെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചു. (യെശയ്യാവു 41:8) കൂടാതെ ഇതും പരിചിന്തിക്കുക: നിങ്ങളുടെ സുഹൃത്തുക്കൾ യഹോവയെ സ്നേഹിക്കുന്നവരാണെങ്കിൽ അവർക്കായി സമയം നീക്കിവെക്കുന്നതിൽ അവൻ ഈർഷ്യപ്പെടുന്നില്ല; വാസ്തവത്തിൽ അവൻ അത് പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. എത്ര നല്ല സുഹൃത്താണവൻ!
[18-ാം പേജിലെ ചിത്രം]
യഥാർഥ സുഹൃത്തുക്കൾ ഓരോരുത്തർക്കും സ്വകാര്യസമയത്തിനു വേണ്ട ആവശ്യം തിരിച്ചറിയുന്നു