നമ്മുടെ കുട്ടികളെ റൗഡിസംഘങ്ങളിൽനിന്നു സംരക്ഷിക്കൽ
“കുട്ടികൾക്ക് തങ്ങളെക്കുറിച്ചു കരുതുന്നവരെ ആവശ്യമാണ്.”—നോട്ട് മൈ കിഡ്—ഗാങ് പ്രിവെൻഷൻ ഫോർ പേരൻറ്സ്.
ദൈവവുമായുള്ള നമ്മുടെ ബന്ധം കഴിഞ്ഞാൽ പിന്നെ നമുക്ക് ഏറ്റവും വിലപ്പെട്ട ഒരു സ്വത്താണ് നമ്മുടെ കുട്ടികൾ. നാം അവരുമായി സംസാരിക്കുകയും അവരെ ശ്രദ്ധിക്കുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ടതുണ്ട്, അവർ നമുക്കു വളരെ പ്രധാനപ്പെട്ടവരാണെന്ന് അവർ അറിയുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. അവരെ നാം നല്ല കാര്യങ്ങൾ അതായത്, സത്യസന്ധരും സഹായമനസ്കരും ആയിരിക്കാനും നല്ല ജീവിതം നയിക്കാനും മറ്റുള്ളവരോട് ദയ പ്രകടമാക്കാനും പഠിപ്പിക്കേണ്ടതുണ്ട്.
പ്രായപൂർത്തിയാകാത്തവർക്കുള്ള ഒരു ജയിലിന്റെ സൂപ്രണ്ട് പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഇന്നത്തെ ഒരു വലിയ പ്രശ്നത്തിലേക്കു വിരൽചൂണ്ടി: “കുടുംബത്തിനുള്ളിൽ മൂല്യങ്ങൾ പഠിപ്പിക്കപ്പെടുന്നില്ല.” തീർച്ചയായും, അതു ചെയ്യാൻ നാം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ കുട്ടികൾ എങ്ങനെ ജീവിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ ആ വിധത്തിൽ നാം ജീവിക്കണം. അതുമൂലം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷം അവർ കാണട്ടെ. അവരെ നാം ശരിയായ മൂല്യങ്ങൾ പഠിപ്പിക്കാത്തപക്ഷം അവർ അത്തരം മൂല്യങ്ങൾ പിൻപറ്റുമെന്ന് നമുക്കെങ്ങനെ പ്രതീക്ഷിക്കാനാകും?
“സ്വയം പരാജിതരായി കാണുന്നവരും . . . സുരക്ഷിതത്വവും ഉറ്റബന്ധവും സമൂഹത്തിന്റെ അംഗീകാരവും തേടുന്നവരു”മായ യുവജനങ്ങളെയാണ് റൗഡിസംഘങ്ങൾ മിക്കപ്പോഴും ആകർഷിക്കുന്നതെന്ന് അമേരിക്കയിലെ സ്കൂളധ്യാപകർക്കുവേണ്ടി പ്രസിദ്ധീകരിച്ച ടുഡേ എന്ന മാസിക പ്രസ്താവിക്കുകയുണ്ടായി. ഈ സംഗതികൾ—സുരക്ഷിതത്വം, കുടുംബത്തിലും സ്വന്തം ജീവിതത്തിലും ഒരു ഉറച്ച വിജയ ബോധം എന്നിവ—നാം നമ്മുടെ കുട്ടികൾക്ക് വാസ്തവത്തിൽ വീട്ടിൽവെച്ചു കൊടുക്കുന്നെങ്കിൽ അവർ ഒരു റൗഡിസംഘത്തിന്റെ വ്യാജ വാഗ്ദാനങ്ങളാൽ ആകർഷിക്കപ്പെടാനുള്ള സാധ്യത വിരളമായിരിക്കും.
കുട്ടി കുഴപ്പത്തിലാണെന്നു പറയാനായി പൊലീസ് വാതിൽക്കൽ മുട്ടുമ്പോൾ ഞെട്ടൽ മൂലം മാതാപിതാക്കളുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്പകർച്ചകളെക്കുറിച്ച് കാലിഫോർണിയയിലെ പൊലീസ് ഡിപ്പാർട്ടുമെൻറിലെ റൗഡിസംഘവിരുദ്ധ യൂണിറ്റിന്റെ നേതാവ് പറയുന്നു. തങ്ങൾക്കു വളരെ നന്നായി അറിയാമെന്നു കരുതിയിരുന്ന തങ്ങളുടെ കുട്ടി എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചെന്ന് അവർക്കു വിശ്വസിക്കാനേ കഴിയില്ല. എന്നാൽ അവരുടെ കുട്ടി പുതിയ കൂട്ടുകാരെ കണ്ടെത്തുകയും അവന് മാറ്റം സംഭവിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കൾ അത് ശ്രദ്ധിച്ചില്ലെന്നു മാത്രം.
മുൻകരുതലുകളെടുക്കുന്നത് മർമപ്രധാനം
യുവജനങ്ങളും മുതിർന്നവരും നല്ല വിവേചനാശക്തി പ്രകടമാക്കണമെന്നും സംഘത്തെ വെല്ലുവിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും റൗഡിസംഘങ്ങൾ പ്രവർത്തനനിരതമായിരിക്കുന്ന പ്രദേശങ്ങളിൽ പാർക്കുന്നവർ പറയുന്നു. സംഘാംഗങ്ങളുടെ വലിയ കൂട്ടങ്ങളെ ഒഴിവാക്കുക, അവരുടെ വസ്ത്രധാരണ ശൈലിയും അവർ ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും ഉൾപ്പെടെ, അവർ കാണപ്പെടുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന വിധം അനുകരിക്കരുത്. അവരെ അനുകരിക്കുന്നത് നിങ്ങളെ ഒരു ശത്രു സംഘത്തിന്റെ നോട്ടപ്പുള്ളിയാക്കിയേക്കാം.
കൂടാതെ, ഒരു വ്യക്തി ഒരു സംഘത്തിന്റെ ഭാഗമായിത്തീരാൻ ആഗ്രഹിക്കുന്നതുപോലെ വസ്ത്രം ധരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നെങ്കിൽ തങ്ങളിൽ ഒരാളായിത്തീരാൻ അതിലെ അംഗങ്ങൾ അയാളിൽ സമ്മർദം ചെലുത്തിയേക്കാം. പ്രാദേശിക സംഘാംഗങ്ങളുടെ മനോഭാവങ്ങൾ മനസ്സിലാക്കുന്നത് എത്രമാത്രം പ്രധാനമാണെന്ന് ചിക്കാഗോയിലുള്ള മൂന്നു കുട്ടികളുടെ പിതാവ് വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പ്രസ്താവിച്ചു: ‘എന്റെ തൊപ്പി വലത്തോട്ടു ചെരിഞ്ഞിരിക്കുന്നെങ്കിൽ ഞാൻ അവരോട് അനാദരവു കാട്ടുകയാണെന്ന് അവർ വിചാരിക്കുന്നു.’ അതുമതി അക്രമം തുടങ്ങാൻ!
നിങ്ങളുടെ കുട്ടികളിൽ താത്പര്യമെടുക്കുക
ഒരു മാതാവു പറഞ്ഞു: “നാം നമ്മുടെ കുട്ടികളെ—അവർ എന്തു വിചാരിക്കുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും—അറിയേണ്ടതുണ്ട്. നാം അവരുടെ ജീവിതത്തിൽ വ്യക്തിപരമായ താത്പര്യം എടുക്കുന്നില്ലെങ്കിൽ നമുക്കവരെ സഹായിക്കാൻ കഴിയില്ല.” മാതാപിതാക്കൾ അവസാനിപ്പിച്ചാലല്ലാതെ റൗഡിസംഘങ്ങളുടെ പ്രശ്നം അവസാനിക്കുകയില്ലെന്ന് മറ്റൊരു മാതാവു പറഞ്ഞു. അവരിങ്ങനെ കൂട്ടിച്ചേർത്തു: “നമുക്ക് അവരോട് സ്നേഹം കാണിക്കാം. അവർ നശിച്ചാൽ നമുക്കാണു പോകുന്നത്.”
നമുക്ക് നമ്മുടെ കുട്ടികളുടെ കൂട്ടുകാരെ അറിയാമോ, സ്കൂളു വിട്ടുകഴിഞ്ഞ് അവരെങ്ങോട്ടാണു പോകുന്നതെന്നറിയാമോ, ഇരുട്ടിക്കഴിഞ്ഞും അവരെവിടെയാണു തങ്ങുന്നതെന്നറിയാമോ? തീർച്ചയായും, കുട്ടികൾ സ്കൂൾ വിട്ടുവരുമ്പോൾ എല്ലാ അമ്മമാർക്കും വീട്ടിലായിരിക്കാൻ കഴിയില്ല. എങ്കിലും, വാടക അടയ്ക്കാനും കുട്ടികളെ തീറ്റിപ്പോറ്റാനുമായി ധൈര്യപൂർവം അധ്വാനിക്കുന്ന ഏകാകിനികളായ മാതാക്കൾക്ക്, മറ്റ് അമ്മമാരോ ആശ്രയയോഗ്യരായ മറ്റാരെങ്കിലുമോ ഉച്ചകഴിഞ്ഞ് കുട്ടികളെ നോക്കുവാൻ തക്കവണ്ണം ക്രമീകരണം ചെയ്യാൻ കഴിഞ്ഞേക്കും.
റൗഡിസംഘങ്ങൾ പ്രബലമായിരിക്കുന്ന ഒരു മേഖലയിൽ പാർക്കുന്ന മനുഷ്യനോട് റൗഡിസംഘങ്ങളിൽനിന്ന് അദ്ദേഹം തന്റെ കുട്ടികളെ എങ്ങനെയാണു സംരക്ഷിക്കുന്നതെന്നു ചോദിച്ചു. തന്റെ മകനെ അയൽപക്കത്തുകൂടി കൊണ്ടുനടന്ന് റൗഡിസംഘത്തിന്റെ പ്രവർത്തനത്തിന്റെ അനന്തരഫലങ്ങൾ കാണിച്ചുകൊടുക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭിത്തിയിലെ കുത്തിവരകളും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുമൊക്കെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, “ആ പ്രദേശം സുരക്ഷിതമായി കാണപ്പെടുന്നില്ലെന്നും സംഘാംഗങ്ങൾ ജീവിതം പാഴാക്കിക്കൊണ്ട് വെറുതെ കറങ്ങിനടക്കുകയാണെന്നും” അദ്ദേഹം മകന് കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അതിനുശേഷം, ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്നത് അതുപോലൊരു ഗതി വരുന്നതിൽനിന്ന് അവനെ തടയുമെന്ന് ഞാൻ വിശദീകരിക്കുന്നു.”
കുട്ടികളുടെ സ്കൂൾ പ്രവർത്തനങ്ങളിൽ ആത്മാർഥമായ താത്പര്യമെടുക്കുന്നതുപോലുള്ള ലളിതമായ കാര്യങ്ങൾ അവർക്കു സംരക്ഷണമായേക്കാം. സ്കൂളിൽ രക്ഷാകർത്തൃ യോഗമോ ക്ലാസ്മുറികൾ സന്ദർശിക്കാനും അധ്യാപകരുമായി സംസാരിക്കാനും മാതാപിതാക്കളെ ക്ഷണിക്കുന്ന മറ്റേതെങ്കിലും വേളകളോ ഉണ്ടെങ്കിൽ തീർച്ചയായും പോകുക. നിങ്ങളുടെ കുട്ടികളുടെ അധ്യാപകരെ അറിയുക. നിങ്ങളുടെ കുട്ടിയിലും കുട്ടിയുടെ പഠനകാര്യങ്ങളിലും നിങ്ങൾക്കുള്ള താത്പര്യം അവരറിയട്ടെ. സ്കൂൾ സന്ദർശനത്തിനുവേണ്ടി പ്രത്യേക ക്രമീകരണമില്ലാത്തപക്ഷം നിങ്ങളുടെ കുട്ടിയുടെ സ്കൂളിലെ പുരോഗതിയെക്കുറിച്ചും നിങ്ങൾക്കു സഹായിക്കാൻ കഴിഞ്ഞേക്കാവുന്ന വിധത്തെക്കുറിച്ചും അധ്യാപകരോടു സംസാരിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
ഗൃഹപാഠം ചെയ്യുന്നതിൽ കുടുംബത്തിന്റെ സഹായമോ പ്രോത്സാഹനമോ ലഭിച്ച വിദ്യാർഥികളുടെ 9 ശതമാനം റൗഡിസംഘത്തിൽ ചേർന്നതായി അമേരിക്കയിലെ ഒരു വൻ നഗരത്തിൽ നടത്തിയ സർവേ കണ്ടെത്തി. എന്നാൽ അത്തരം ശ്രദ്ധ ലഭിക്കാഞ്ഞ വിദ്യാർഥികളുടെ 18 ശതമാനം—അതായത് ആദ്യത്തേതിന്റെ ഇരട്ടി—റൗഡിസംഘത്തിൽ ചേർന്നു. നമ്മുടെ കുടുംബം സ്നേഹവും ഇഴയടുപ്പവും ഉള്ളതായിരിക്കുകയും നാം ആരോഗ്യാവഹമായ കാര്യങ്ങൾ ഒരുമിച്ചു ചെയ്യുകയും ചെയ്യുന്നപക്ഷം നമ്മുടെ കുട്ടികൾ റൗഡിസംഘങ്ങളുടെ വ്യാജ വാഗ്ദാനങ്ങളാൽ ആകർഷിക്കപ്പെടാനുള്ള സാധ്യത കുറയും.
നമ്മുടെ കുട്ടികൾക്ക് യഥാർഥത്തിൽ ആവശ്യമായിരിക്കുന്നത്
നമുക്കാവശ്യമുള്ള അതേ കാര്യങ്ങൾതന്നെ നമ്മുടെ കുട്ടികൾക്കും ആവശ്യമാണ്—സ്നേഹം, ദയ, വാത്സല്യം. അനേകം കുട്ടികളെയും അവരുടെ മാതാപിതാക്കൾ സ്നേഹ-വാത്സല്യത്തോടെ ഒന്ന് സ്പർശിക്കുകയോ അവർ തങ്ങൾക്ക് വിലയേറിയവരാണെന്ന് അവരോടു പറയുകയോ ചെയ്തിട്ടില്ല. നമ്മുടെ കുട്ടികളുടെ കാര്യത്തിൽ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ! നമുക്കവരെ ആശ്ലേഷിക്കാം, അവരെ നാം സ്നേഹിക്കുന്നുവെന്ന് നമുക്കവരോടു പറയാം, നാമവരെ പഠിപ്പിച്ച സാന്മാർഗിക മാർഗത്തിൽ അവർ ജീവിക്കുന്നുണ്ടെന്നു കാണാൻ നമുക്കു ശ്രമിക്കാം. അവർ നമുക്ക് വളരെ വിലപ്പെട്ടവരാകയാൽ ആ വിധത്തിലുള്ള പെരുമാറ്റം തന്നെ അർഹിക്കുന്നു.
ഒരു മുൻ റൗഡിസംഘാംഗമായ ജെറൾഡ് ഇങ്ങനെ വിശദീകരിച്ചു: “എനിക്കു നോക്കി പഠിക്കാൻ ഒരു പിതാവില്ലായിരുന്നു. അതുകൊണ്ട് ജീവിതത്തിലെ ആ ശൂന്യത നികത്താൻ ഞാൻ റൗഡിസംഘങ്ങളെ അഭയം പ്രാപിച്ചു.” 12 വയസ്സുള്ളപ്പോൾ അവൻ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, അവന് 17 വയസ്സുള്ളപ്പോൾ അവന്റെ അമ്മ യഹോവയുടെ സാക്ഷികളോടൊത്ത് ക്രമമായ ഭവന ബൈബിളധ്യയനം ആരംഭിച്ചു. അവൾ ബൈബിളിലെ ഉത്തമ തത്ത്വങ്ങൾ തന്റെ ജീവിതത്തിൽ ബാധകമാക്കി. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ അമ്മയിലുണ്ടായ മാറ്റം ശ്രദ്ധിച്ചു. ‘ഇതിൽ എന്തോ കാര്യമുണ്ട്,’ ഞാൻ വിചാരിച്ചു.” അമ്മയുടെ ഉത്തമ മാതൃക തന്റെ ജീവിതത്തിനു മാറ്റം വരുത്താൻ അവനെ പ്രേരിപ്പിച്ചു.
നാം നല്ല മാതൃകയാണെന്നു നമ്മുടെ കുട്ടികൾ കാണണം—അതായത് നാമവരോട് എങ്ങനെ ജീവിക്കണമെന്നു പറയുന്നുവോ അതേ രീതിയിൽ നാമും ജീവിക്കുന്നുണ്ടെന്ന് അവർ അറിയണം. തങ്ങളുടെ കുടുംബത്തെക്കുറിച്ച് അഭിമാനിക്കാൻ അവർക്കു കഴിയണം—കുടുംബസ്വത്തിനെപ്രതിയല്ല, കുടുംബം ചെയ്യുന്ന കാര്യങ്ങളെപ്രതി. സ്വന്തം സാൻമാർഗിക പെരുമാറ്റത്തെക്കുറിച്ച് അഭിമാനം തോന്നത്തക്കവിധത്തിൽ കുട്ടികളെ സഹായിക്കേണ്ടതുണ്ട്. ലോസാഞ്ചലസിലെ മുൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായ ഐറ റെയ്നർ അതേക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്: “കുട്ടികൾ റൗഡിസംഘങ്ങളിൽ ചെന്നു ചേരുന്നതിനുമുമ്പേ നാം അവരെ സഹായിക്കണം.”
അവർക്കാവശ്യമുള്ളതു പ്രദാനംചെയ്യൽ
കുട്ടികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരിക്കുന്നത് നാം നൽകുന്ന ഭൗതിക വസ്തുക്കളല്ല. ഉത്തമ ധാർമിക നിലവാരങ്ങളുള്ള സ്നേഹധനരും കരുതൽമനോഭാവമുള്ളവരുമായ മുതിർന്നവരായി വളർന്നുവരാൻ അവരെ സഹായിക്കുന്നതാണ് യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്ന സംഗതി. നീതിമാനായ യാക്കോബ് തന്റെ കുട്ടികളെ “ദൈവം [എനിക്കു] നൽകിയിരിക്കുന്ന മക്കൾ” എന്നു വിളിച്ചതായി ബൈബിൾ പറയുന്നു. (ഉല്പത്തി 33:5) നാം നമ്മുടെ കുട്ടികളെ ആ വിധത്തിൽ—ദൈവം നമുക്കു നൽകിയിരിക്കുന്ന ദാനമായി—കാണുന്നെങ്കിൽ അവരോട് സ്നേഹത്തോടെ ഇടപെടാനും സത്യസന്ധമായ, നേരുള്ള, സാന്മാർഗിക ജീവിതം നയിക്കാൻ അവരെ പഠിപ്പിക്കാനും നാം കൂടുതൽ ചായ്വുള്ളവരായിത്തീരും.
അങ്ങനെ കുട്ടികൾക്ക് ശരിയായ മാതൃകയായിരിക്കത്തക്കവിധത്തിൽ നമ്മുടെ തന്നെ ജീവിതത്തെ നയിക്കാൻ നാം കഴിവിന്റെ പരമാവധി ചെയ്യും. കുടുംബത്തെക്കുറിച്ച് ഉചിതവും ആരോഗ്യാവഹവുമായ അഭിമാനബോധം നാം അവർക്കു പകർന്നു കൊടുക്കും. ഇത് കുടുംബത്തിലെ ഭൗതിക സ്വത്തുക്കളിലുള്ള അഭിമാനമല്ല, പിന്നെയോ നാം ഏതുതരം വ്യക്തികളാണെന്നതിൽനിന്ന് ഉരുത്തിരിയുന്നതാണ്. അങ്ങനെയാകുമ്പോൾ, അവർ തെരുവുകളിലുള്ളവരുടെ സഹായം തേടുന്നതിനുള്ള സാധ്യത കുറവായിരിക്കും.
തന്റെ യൗവനകാലത്തേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു മുത്തശ്ശൻ പറയുന്നു: “എന്റെ കുടുംബത്തിന്റെമേൽ ലജ്ജ വരുത്തുന്ന യാതൊന്നും ഞാനൊരിക്കലും ചെയ്യുമായിരുന്നില്ല.” മാതാപിതാക്കൾക്കു തന്നോടുള്ള സ്നേഹത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. സ്വന്തം മാതാപിതാക്കളിൽനിന്ന് ഒരിക്കലും സ്നേഹം ലഭിച്ചിട്ടില്ലാത്ത ചില മാതാക്കളെയും പിതാക്കന്മാരെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നത് എളുപ്പമായിരിക്കില്ല എന്നതു സത്യമാണ്. എങ്കിലും, കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കേണ്ടതാണ്.
ഇത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? യൂട്ടോ ഗാങ് ഇൻവെസ്റ്റിഗേറ്റേഴ്സ് അസ്സോസ്സിയേഷൻ പ്രസിദ്ധീകരിച്ച ഒരു മാസികയായ “വാട്ട്സ് അപ്” ഇങ്ങനെ പറഞ്ഞു: “യുവജനങ്ങൾക്കു തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്നു തോന്നുകയും സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യുമ്പോൾ—സാമ്പത്തിക സുരക്ഷിതത്വമല്ല, വൈകാരിക സുരക്ഷിതത്വം—റൗഡിസംഘങ്ങളിൽ ചേരാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ മിക്കപ്പോഴും ഇല്ലാതാകുന്നു.”
സ്നേഹിക്കുന്ന അത്തരം കുടുംബങ്ങൾ ഇന്നില്ലെന്ന് ചില വായനക്കാർ വിചാരിച്ചേക്കാം. എന്നാൽ അവ ഇന്നുണ്ട്. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ നിങ്ങൾക്ക് അത്തരം അനേക കുടുംബങ്ങളെ കണ്ടെത്താൻ കഴിയും. ഈ കുടുംബങ്ങൾ പൂർണതയുള്ളവയല്ല എന്നതു സത്യംതന്നെ, എന്നാൽ അവയ്ക്ക് വലിയൊരു നേട്ടമുണ്ട്: കുട്ടികളെ വളർത്തുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ പഠിക്കുകയും ബൈബിളിലെ ദൈവിക തത്ത്വങ്ങൾ സ്വന്തം ജീവിതത്തിൽ ബാധകമാക്കാൻ കിണഞ്ഞുശ്രമിക്കുകയും ചെയ്യുന്നു. അതിലുപരി, അവർ ആ തത്ത്വങ്ങൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു.
ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസ്സിയേഷനിലെ പ്രസ്താവനയോട് യഹോവയുടെ സാക്ഷികൾ യോജിക്കുന്നു: “കൗമാരപ്രായക്കാർക്ക് ‘ഉവ്വ് എന്നു പറയാൻ’ എന്തെങ്കിലും നൽകാതെ അവർ ‘ഇല്ല എന്നു പറയു’മെന്ന് പ്രതീക്ഷിക്കാനാവില്ല.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, നല്ലതും ആരോഗ്യാവഹവുമായ കാര്യങ്ങളോട് നമ്മുടെ കുട്ടികൾ ഉവ്വ് എന്നു പറയാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നാം ആ ദിശയിൽ അവരെ നയിക്കേണ്ടതുണ്ട്.
ഒരു പിതാവു പറഞ്ഞതുപോലെ പറയാനിടവരാൻ നമ്മിലാരും ഒരിക്കലും ആഗ്രഹിക്കുകയില്ല. അദ്ദേഹമിങ്ങനെ പറഞ്ഞു: ‘എന്റെ മകൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ചങ്ങാത്തവും ആദരവും അവന്റെ റൗഡിസംഘത്തിൽ കണ്ടെത്തുന്നു.’ ഒരു യുവാവു പറഞ്ഞതുപോലെ നമ്മുടെ കുട്ടികൾ പറഞ്ഞു കേൾക്കാനും നാം ഒരിക്കലും ആഗ്രഹിക്കുകയില്ല: “ഞാൻ റൗഡിസംഘത്തിൽ ചേർന്നത് എനിക്കൊരു കുടുംബത്തെ ആവശ്യമായിരുന്നതിനാലാണ്.”
മാതാപിതാക്കളായ നാം ആയിരിക്കണം ആ കുടുംബം. നമ്മുടെ വിലപ്പെട്ട കുട്ടികൾ ആ കുടുംബത്തിന്റെ ഊഷ്മളവും സ്നേഹപുരസ്സരവുമായ ഒരു ഭാഗം ആയി നിലകൊള്ളുന്നുവെന്നു കാണാൻ നാം കഴിവിന്റെ പരമാവധി ചെയ്യണം.
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മാതാപിതാക്കൾക്ക് ഒത്തുനോക്കാനുള്ള പട്ടിക
✔ വീട്ടിൽ കുട്ടികളോടൊത്തു സമയം ചെലവഴിക്കുക, കുടുംബമൊന്നിച്ച് കാര്യങ്ങൾ ചെയ്യുക
✔ കുട്ടികളുടെ കൂട്ടുകാരെയും അവരുടെ കുടുംബങ്ങളെയും അറിയുക, നിങ്ങളുടെ കുട്ടികൾ എവിടെ, ആരോടൊപ്പം പോകുന്നുവെന്നു നിരീക്ഷിക്കുക
✔ ഏതു സമയത്തും ഏതു പ്രശ്നവുമായി നിങ്ങളെ സമീപിക്കാൻ കഴിയുമെന്ന് കുട്ടികൾ അറിയട്ടെ
✔ മറ്റാളുകളെയും അവരുടെ അവകാശങ്ങളെയും ആശയങ്ങളെയും ആദരിക്കാൻ കുട്ടികളെ പഠിപ്പിക്കുക
✔ കുട്ടികളുടെ അധ്യാപകരുമായി പരിചയത്തിലായിക്കൊണ്ട് കുട്ടികളെ പിന്തുണയ്ക്കുക, നിങ്ങൾ അവരെ വിലമതിക്കുന്നുവെന്നും അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അധ്യാപകർ അറിയട്ടെ
✔ ആക്രോശത്തിലൂടെയോ അക്രമപ്രവൃത്തികളിലൂടെയോ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്
കുട്ടിയുടെ സ്കൂൾ പ്രവർത്തനങ്ങളിൽ താത്പര്യമെടുക്കുന്നത് സംരക്ഷണമായേക്കാം
[9-ാം പേജിലെ ചിത്രം]
കുട്ടികൾക്ക് നിങ്ങളുടെ ഊഷ്മളമായ സ്നേഹവായ്പ് ആവശ്യമാണ്