നക്ഷത്രങ്ങളെ കാണാനാവാത്തതിന്റെ കാരണം
നിശാ നഭസ്സിലേക്ക് ഉറ്റുനോക്കുകയും ശൂന്യാകാശത്തിലേക്ക് ബഹുദൂരം വ്യാപിച്ചുകിടക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളുടെ മിന്നുന്ന സൗന്ദര്യത്തിൽ അത്ഭുതംകൂറുകയും ചെയ്യാത്തവരായി ആരാണുള്ളത്? എങ്കിലും, വിസ്മയാവഹമായ ഈ ദൃശ്യം സാവധാനം നമ്മുടെ കണ്ണുകളിൽനിന്നു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. എന്താണു കാരണം? പ്രകാശ മലിനീകരണം.
തെരുവുകൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതു കെട്ടിടങ്ങൾ, സ്പോർട്സ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലെ കൃത്രിമ വിളക്കുകൾ ഉത്പാദിപ്പിക്കുന്ന അതിശക്തവും കണ്ണഞ്ചിക്കുന്നതുമായ വെളിച്ചമാണ് പ്രകാശ മലിനീകരണം. ഈ പ്രകാശത്തിന്റെ പകുതി ആകാശത്തിലേക്കു വ്യാപിക്കുന്നു, അങ്ങനെ നക്ഷത്രങ്ങളിലധികത്തെയും നമുക്കു കാണാൻ പറ്റാതാകുന്നു. ഈ പ്രശ്നം എത്രമാത്രം ഗുരുതരമാണ്? ഒരു ഉദാഹരണമെടുത്താൽ, ഉത്തര യൂറോപ്പിലെ മേഘങ്ങളില്ലാത്ത, ഒരു ഇരുണ്ട രാത്രിയിൽ നഗ്നനേത്രം കൊണ്ട് ഏതാണ്ട് 2,000 നക്ഷത്രങ്ങളെ കാണാൻ കഴിയും. എന്നാൽ പട്ടണപ്രാന്തങ്ങളിൽ പാർക്കുന്നവർക്ക് 200 എണ്ണത്തെയും പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ഒരു നഗരത്തിന്റെ മധ്യത്തിൽ പാർക്കുന്നവർക്ക് കേവലം 20 എണ്ണത്തെയും മാത്രമേ കാണാൻ കഴിയൂ. മുൻകരുതലുകൾ എടുക്കാത്തപക്ഷം 25 വർഷത്തിനുള്ളിൽ ഉത്തര യൂറോപ്പിൽ ഒരു നക്ഷത്രത്തെപോലും കാണാൻ പറ്റാത്ത അവസ്ഥ വരുമെന്ന് ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഭയപ്പെടുന്നു.
തീർച്ചയായും, കുറെയൊക്കെ വെളിച്ചം അനിവാര്യമാണ്. അത് കുറ്റകൃത്യത്തെ തടയുകയും അക്രമത്തിന് അടിപ്പെടാനിടയുള്ള വീട്ടുകാർക്ക് കൂടുതൽ സുരക്ഷിതത്വം തോന്നാൻ ഇടയാക്കുകയും ചെയ്യുന്നു. എങ്കിലും, അനാവശ്യമായി വളരെയധികം വെളിച്ചം കടന്നുവരുന്നത് സമ്മർദത്തിനിടയാക്കുകയും ഉറക്കത്തിന്റെ ഗുണത്തെ ബാധിക്കുകയും ചെയ്യുന്നു. മനുഷ്യർ മാത്രമല്ല ബാധിക്കപ്പെടുന്നത്. ദേശാടനപ്പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ദിശാബോധം നഷ്ടപ്പെടുന്നതിന് വെളിച്ചം ഇടയാക്കിയേക്കാം. സസ്യങ്ങളിൽ അതു ദിവസത്തിൽ ഒരു തവണ വീതമുണ്ടാകുന്ന നിജാവർത്തനത്തെ (circadian rhythm) തകിടംമറിക്കുകയും ചെയ്യുന്നു.
എന്നാൽ ഈ പ്രശ്നത്തെ ലഘൂകരിക്കുന്നതിന് എന്തു ചെയ്യാൻ കഴിയും? വെളിയിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾക്ക് നല്ല ഷെയ്ഡ് ഉണ്ടെന്നും അവയുടെ വെളിച്ചം താഴേക്കു പതിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതാണ് സഹായകരമായ ഒരു നടപടി. എപ്പോഴും കത്തിനിൽക്കുന്ന സുരക്ഷാ ലൈറ്റുകൾക്കു പകരം സെൻസർ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നവ ഉപയോഗിക്കാവുന്നതാണ്. പ്രകാശത്തെ ആവശ്യമുള്ളിടത്തേക്ക് കൂടുതൽ കൃത്യമായി തിരിച്ചുവിടുന്ന ഉന്നത മർദത്തിലുള്ള സോഡിയം വിളക്കുകൾ ഉപയോഗിച്ചുകൊണ്ടും ഇപ്പോഴുള്ള നിമ്നമർദ തെരുവു വിളക്കുകളിൽ മൂടികൾ സ്ഥാപിച്ച് വെളിച്ചം താഴേക്കു പതിക്കുന്നതിന് ഇടയാക്കിക്കൊണ്ടും ഫ്രാൻസിലെ ഒരു നഗരപ്രാന്തത്തിൽ പ്രശ്നം ഫലപ്രദമായി കൈകാര്യംചെയ്യപ്പെട്ടു. റോഡുകളുടെ പ്രതലത്തിൽ പ്രകാശത്തെ ആഗിരണം ചെയ്യുന്ന കറുത്ത ടാറിട്ടു. രാത്രി 11 മണിക്കുശേഷം പൊതു കെട്ടിടങ്ങളിലെ ലൈറ്റുകൾ അണച്ചു. ഇത് മുകളിലേക്കുള്ള പ്രകാശ മലിനീകരണത്തെ ഏതാണ്ട് ഇല്ലാതാക്കുകയും പ്രതിബിംബിത വെളിച്ചത്തിന്റെ അളവ് മൂന്നിൽ രണ്ടായി കുറയ്ക്കുകയും ചെയ്തതോടൊപ്പം ഊർജശേഷി 30 ശതമാനം വർധിക്കുന്നതിനിടയാക്കുകയും ചെയ്തു.
തീർച്ചയായും, അത്തരം പരിഹാരമാർഗങ്ങളെല്ലാം സമയവും പണവും ആവശ്യമാക്കിത്തീർക്കുന്നു—ഇക്കാലത്ത് ദുർലഭമായ സംഗതികളാണ് അവ. ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ കൈകളിലെ ദൈവരാജ്യ ഗവൺമെൻറ് പെട്ടെന്നുതന്നെ എല്ലാത്തരത്തിലുള്ള മലിനീകരണവും നീക്കംചെയ്യുമെന്നറിയുന്നത് എത്ര നല്ല സംഗതിയാണ്! അപ്പോൾ അതിന്റെ പ്രജകൾക്ക് നമ്മുടെ സ്രഷ്ടാവിന്റെ കരവേലയായ നക്ഷത്രഖചിതമായ സുന്ദരാകാശത്തെ ഒരിക്കൽക്കൂടെ വ്യക്തമായി കാണാൻ കഴിയും.—സങ്കീർത്തനങ്ങൾ 19:1, 2; വെളിപ്പാടു 11:18.