നാം റൗഡിസംഘങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കാലിഫോർണിയയിലെ ഒരു റൗഡിസംഘത്തിൽ മുമ്പ് അംഗമായിരുന്ന വെയ്ഡ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അയൽപക്കക്കാരായ പയ്യൻമാരായിരുന്നു. സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ. ഞങ്ങൾ ശരിയായ തീരുമാനങ്ങൾ എടുത്തില്ല, അത്രതന്നെ.”
റൗഡിസംഘങ്ങൾ മിക്കപ്പോഴും തുടക്കമിടുന്നത് ഏറെക്കുറെ അയൽക്കാരുടെ സംഘങ്ങളായിട്ടാണ്. കൗമാരത്തിന്റെ ആരംഭദശയിലുള്ളവരോ അതിലും പ്രായം കുറഞ്ഞവരോ ആയ കുട്ടികൾ ഒരു തെരുക്കോണിൽ കൂടിവരുന്നു. അവർ ഒരുമിച്ചു കാര്യങ്ങൾ ചെയ്യുകയും പിന്നീട് സമീപത്തുള്ള ഏറെ സുസ്ഥാപിതമായ ഒരു സംഘത്തിൽനിന്നു തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനായി ഏകീകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ പെട്ടെന്നുതന്നെ അവരുടെ സംഘം അതിലെ ഏറ്റവും അക്രമാസക്തരായ അംഗങ്ങളുടെ നിലയിലേക്കു താഴാൻ തുടങ്ങുന്നു, അപകടകരമായ കുറ്റകൃത്യങ്ങളിലുമേർപ്പെടുന്നു.
മറ്റൊരു തെരുവിലുള്ള ഒരു എതിർ സംഘം പുതിയ സംഘത്തെ അതിന്റെ ശത്രുവായി വീക്ഷിച്ചേക്കാം. അപ്പോൾ കോപം അക്രമത്തിനു വഴിമരുന്നിടുന്നു. മയക്കുമരുന്നു വ്യാപാരികൾ നിയമവിരുദ്ധ മയക്കുമരുന്നുകൾ വിൽക്കുന്നതിന് പ്രസ്തുത സംഘത്തെ ഉപയോഗിക്കുന്നു. അതേത്തുടർന്ന് മറ്റു കുറ്റകൃത്യങ്ങളും രംഗപ്രവേശംചെയ്യുന്നു
ലൂയിസിന്റെ കൂട്ടുകാർ ഒരു സംഘം രൂപീകരിച്ചപ്പോൾ അവന് 11 വയസ്സായിരുന്നു. 12 വയസ്സായപ്പോൾ അവൻ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങി. 13-ാം വയസ്സിൽ ആദ്യമായി അറസ്റ്റു ചെയ്യപ്പെട്ടു. അവൻ വാഹന മോഷണത്തിലും കുത്തിക്കവർച്ചകളിലും സായുധ കൊള്ളയിലും പങ്കെടുത്തു. സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളിലും ലഹളകളിലും പങ്കെടുത്തതു നിമിത്തം അവൻ അടിക്കടി ജയിലിലായി.
സംഘാംഗങ്ങൾ ആരൊക്കെ എന്നറിയുന്നത് ചിലപ്പോൾ നമ്മെ അമ്പരപ്പിച്ചേക്കാം. മാർത്ത വൃത്തിയായി വസ്ത്രധാരണം ചെയ്ത, പ്രായത്തിൽ കവിഞ്ഞ പ്രാപ്തിയുള്ള ഒരു ഹൈസ്കൂൾ വിദ്യാർഥിനിയായിരുന്നു. നല്ല മാർക്കുകൾ കിട്ടിയിരുന്ന അവൾ സ്കൂളിൽ നന്നായി പെരുമാറുകയും ചെയ്തിരുന്നു. എങ്കിലും, അവൾ മരിജ്വാന, ഹെറോയിൻ, കൊക്കെയ്ൻ എന്നിവ വിൽക്കുന്ന ഒരു സംഘത്തിനു നേതൃത്വം വഹിച്ചു. തന്റെ സുഹൃത്തുക്കളിലൊരാൾക്ക് പല തവണ വെടിയേൽക്കുകയും ഒടുവിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തപ്പോൾ മാത്രമാണ് അവൾ ഭയപ്പെട്ട് തന്റെ ജീവിതത്തിനു മാറ്റംവരുത്തിയത്.
അവർ റൗഡിസംഘങ്ങളിൽ ചേരുന്നതിന്റെ കാരണം
അതിശയകരമെന്നു പറയട്ടെ, തങ്ങൾ സംഘത്തിൽ ചേർന്നത് സ്നേഹത്തിനു വേണ്ടിയാണെന്നാണു ചിലർ പറയുന്നത്. വീട്ടിൽ കണ്ടെത്താൻ കഴിയാഞ്ഞ സൗഹൃദത്തിനും ഉറ്റബന്ധത്തിനും വേണ്ടി അവർ തിരയുകയായിരുന്നു. യുവജനങ്ങൾ തങ്ങൾക്ക് മറ്റൊരിടത്തും കണ്ടെത്താൻ കഴിയാത്ത സുരക്ഷിതത്വം തെരുവു റൗഡിസംഘങ്ങളിൽ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ജർമനിയിലെ ഹാംബർഗിലുള്ള പത്രമായ ഡി റ്റ്സൈറ്റ് പറഞ്ഞു. നിങ്ങൾ ഭവനത്തിൽ സ്നേഹം കണ്ടെത്തുന്നില്ലെങ്കിൽ “മെച്ചമായ ഒന്നിനായി തിരഞ്ഞുകൊണ്ട് നിങ്ങൾ കുടുംബത്തിനു വെളിയിൽ പോകും” എന്ന് റൗഡിസംഘത്തിൽ മുമ്പ് അംഗമായിരുന്ന എറിക്ക് പറഞ്ഞു.
റൗഡിസംഘത്തിൽ മുമ്പ് അംഗമായിരുന്ന ഒരു പിതാവ് തന്റെ ആദ്യകാല അനുഭവങ്ങളെക്കുറിച്ച് ഇങ്ങനെയെഴുതി: “ദ്രോഹപരമായ പെരുമാറ്റം കാരണവും സംഘങ്ങൾ തമ്മിലുള്ള പോരാട്ടം, ലഹള എന്നിവയിലുൾപ്പെട്ടതു നിമിത്തവും അവസാനമായി, ഓടിക്കൊണ്ടിരുന്ന ഒരു കാറിലിരുന്ന് ഒരാളെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ചതു നിമിത്തവും ഞാൻ പലതവണ ജയിലിലായി.” പിന്നീട്, അദ്ദേഹത്തിനൊരു പുത്രൻ—പേര് റാമിറോ—ജനിച്ചപ്പോൾ കുട്ടിയുമായി ചെലവിടാൻ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. റാമിറോ വലുതായപ്പോൾ അവനും റൗഡിസംഘത്തിൽ ചേർന്നു. ഒരു സംഘ പോരാട്ടത്തിലേർപ്പെട്ട അവനെ പൊലീസ് അറസ്റ്റു ചെയ്തു. സംഘത്തിൽനിന്നു പുറത്തുകടക്കാൻ പിതാവ് അവനെ നിർബന്ധിച്ചപ്പോൾ അവൻ ഇങ്ങനെ ആക്രോശിച്ചു: “ഇപ്പോൾ അവരാണ് എന്റെ കുടുംബാംഗങ്ങൾ.”
ഒരു വർഷത്തിലധികം സമയംകൊണ്ട്, തോക്കിനിരയായ 114 ചെറുപ്പക്കാരോട് സംസാരിച്ച ടെക്സാസിലുള്ള ഒരു ആശുപത്രിയിലെ നേഴ്സ് ഇങ്ങനെ പറഞ്ഞു: “അത് വിചിത്രംതന്നെയാണ്. അവരിലാരെങ്കിലും അമ്മയെക്കുറിച്ചോ മറ്റേതെങ്കിലും കുടുംബാംഗത്തെക്കുറിച്ചോ ചോദിക്കുന്നത് ഞാനൊരിക്കലും കേട്ടിട്ടില്ല.”
റൗഡിസംഘങ്ങളിൽ ചേരുന്നത് പട്ടണത്തിലെ കൂടുതൽ ദരിദ്രമായ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ മാത്രമല്ല എന്ന സംഗതി ശ്രദ്ധേയമാണ്. നഗരത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ദരിദ്രവുമായ ഭാഗങ്ങളിലുള്ള യുവജനങ്ങളെ ഒരേ റൗഡിസംഘത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നതായി ഏതാനും വർഷംമുമ്പ് കാനഡയിലെ മാസികയായ മക്ലീൻസ് റിപ്പോർട്ടു ചെയ്തു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ഈ ചെറുപ്പക്കാരെ സമാനമായ ഒരു കാരണമാണ് ഒരുമിച്ചുചേർക്കുന്നത്—അവരെല്ലാം സ്വന്തം ഭവനത്തിൽ കണ്ടെത്താൻ കഴിയാത്ത കുടുംബ ഒത്തൊരുമാബോധം തേടുന്നു.
ചില പ്രദേശങ്ങളിൽ യുവജനങ്ങൾ വളർന്നുവരുന്നത് സംഘത്തിൽ അംഗമാകുന്നതിനെ ഒരു സാധാരണ ജീവിതരീതിയായി വീക്ഷിച്ചുകൊണ്ടാണ്. പതിനാറുവയസ്സുകാരനായ ഫെർനാൻഡോ ഇപ്രകാരം വിശദീകരിച്ചു: “സംഘത്തിൽ ചേരുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളെ സഹായിക്കുമെന്ന് അവർ വിചാരിക്കുന്നു. അവരിങ്ങനെ ചിന്തിക്കുന്നു: ‘ഞാൻ കുറെ സുഹൃത്തുക്കളെ സമ്പാദിക്കും. അവർ വലിയവരും തോക്കുകൾ ഏന്തിയവരുമാണ്. അവർ എന്നെ സംരക്ഷിക്കും. ആരും എന്നെ ഒന്നും ചെയ്യില്ല.’” എന്നാൽ, ഒരു സംഘത്തിലായിരിക്കുന്നത് തങ്ങളെ സംഘത്തിന്റെ ശത്രുക്കളുടെ നോട്ടപ്പുള്ളിയാക്കുന്നുവെന്ന് പുതിയ സംഘാംഗങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തുന്നു.
കുറച്ചു പണവും ഒരുപാടു തോക്കുകളുമുള്ള പ്രദേശങ്ങളിലാണ് മിക്കപ്പോഴും റൗഡിസംഘങ്ങളെ കാണാൻ കഴിയുന്നത്. 3 വിദ്യാർഥികളിൽ 2 പേർ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഭവനങ്ങളിൽനിന്നായിരിക്കുന്ന വൻനഗരത്തിലെ സ്കൂൾമുറികളെക്കുറിച്ച് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ചിലപ്പോൾ, ഒരു വിദ്യാർഥിനിയുടെ മാതാവോ പിതാവോ മയക്കുമരുന്ന് ആസക്തിയുള്ളയാളായിരിക്കും, ആ വ്യക്തി രാത്രിയിൽ വീട്ടിൽ തിരിച്ചെത്തിയെന്നും വരില്ല. വിദ്യാർഥിനിയാണെങ്കിൽ അപ്പനില്ലാത്ത തന്റെ സ്വന്തം കുട്ടിയെ ഡേ കെയറിൽ വിട്ടിട്ടുവേണം രാവിലെ സ്കൂളിൽ പോകാൻ.
കാലിഫോർണിയയിലെ ഗവർണറായ പീറ്റ് വിൽസൺ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഒരു ഭയങ്കര പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. എന്തെന്നാൽ കുട്ടികളിലനേകരും ഒരു പിതാവില്ലാതെ, സ്നേഹവും മാർഗനിർദേശവും ശിക്ഷണവും മൂല്യങ്ങളും നൽകാൻ ഒരു ആദർശ പുരുഷൻ ഇല്ലാതെയാണ് വളർന്നുവരുന്നത്—തങ്ങളെത്തന്നെയും മറ്റുള്ളവരെയും ആദരിക്കേണ്ടതിന്റെ കാരണവും അവർക്കറിയില്ല.” ചില യുവജനങ്ങൾക്ക് ഇങ്ങനെ മറ്റുള്ളവരോട് സഹതപിക്കാൻ കഴിയാതെ വരുന്നതുകൊണ്ടാണ് “പ്രത്യക്ഷത്തിൽ പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെ ആരെയെങ്കിലും വകവരുത്താൻ [വെടിവെച്ചു കൊല്ലാൻ]” അവർക്കു “കഴിയുന്നത്.”
കുടുംബ ഒത്തൊരുമയുടെയും വ്യക്തിപരമായ പരിശീലനത്തിന്റെയും ഈടുറ്റ ധാർമിക മാതൃകയുടെയും അഭാവം റൗഡിസംഘങ്ങളുടെ വളർച്ചയ്ക്കിടയാക്കുന്ന പ്രമുഖ ഘടകങ്ങളാണെങ്കിലും മറ്റു ഘടകങ്ങളും ഉൾപ്പെടുന്നുണ്ട്. അക്രമത്തെ പ്രശ്നങ്ങൾക്കുള്ള അനായാസ പരിഹാരമായി അവതരിപ്പിക്കുന്ന ടിവി പരിപാടികൾ, ചലച്ചിത്രങ്ങൾ; പാവപ്പെട്ടവരെ മിക്കപ്പോഴും പരാജിതരായി മുദ്രകുത്തുകയും മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ അവരുടെ കൊക്കിലൊതുങ്ങുന്നതല്ലെന്ന് അവരെ തുടർച്ചയായി ഓർമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം; മേൽനോട്ടമില്ലാതെ വളരുന്ന ഒന്നോ അതിലധികമോ കുട്ടികളെ പോറ്റുന്നതിനായി യുവ മാതാവിന് അത്യധ്വാനം ചെയ്യേണ്ടിവരുന്ന, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ വർധനവ് എന്നിവ ഈ ഘടകങ്ങളിൽ പെടുന്നു. ഈ ഘടകങ്ങളിൽ മിക്കതിന്റെയോ എല്ലാത്തിന്റെയോ ഒരുപക്ഷേ മറ്റുചിലതിന്റെയും കൂടെയോ സങ്കലനം തെരുവു റൗഡിസംഘങ്ങളുടെ ലോകവ്യാപകമായി പെരുകുന്ന ബാധയ്ക്കിടയാക്കിയിരിക്കുന്നു.
പുറത്തു കടക്കുക ബുദ്ധിമുട്ടാണ്
സംഘാംഗങ്ങളിൽ ചിലർ കുറേക്കാലം കഴിയുമ്പോൾ മറ്റുചില പ്രവർത്തനങ്ങളിൽ വ്യാപരിച്ചുകൊണ്ട് സംഘത്തിൽനിന്നു പതുക്കെ പതുക്കെ അകന്നു മാറുന്നുവെന്നതു സത്യമാണ്. മറ്റുചിലർ മറ്റൊരു പ്രദേശത്തുള്ള ബന്ധുക്കളോടൊപ്പം താമസിക്കാനായി പോകുകയും അങ്ങനെ സംഘത്തിൽനിന്ന് തലയൂരുകയും ചെയ്യുന്നു. എങ്കിലും, സംഘത്തിൽനിന്നു പുറത്തു കടക്കുന്നത് മിക്കപ്പോഴും അത്ര എളുപ്പമല്ല.
സാധാരണഗതിയിൽ, സംഘാംഗങ്ങളെ ജീവനോടെ പുറത്തുകടക്കാൻ അനുവദിക്കുന്നതിനു മുമ്പ് പല അംഗങ്ങൾ കൂടി അവരെ ക്രൂരമായി തല്ലുന്നു. ചില സംഘങ്ങളിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചവർക്ക് വാസ്തവത്തിൽ വെടിയേൽക്കേണ്ടി വന്നിട്ടുണ്ട്. അതിജീവിക്കുന്നപക്ഷം അവർക്ക് പുറത്തുകടക്കാനുള്ള അനുമതിയുണ്ടായിരുന്നു! സംഘത്തിൽനിന്നു പുറത്തു കടക്കുന്നത് ഇത്രകണ്ടു ദ്രോഹം സഹിക്കാൻ മാത്രം മൂല്യമുള്ളതാണോ?
താൻ പുറത്തുകടക്കാൻ ആഗ്രഹിച്ചതെന്തുകൊണ്ടാണെന്ന് ഒരു മുൻ റൗഡിസംഘാംഗം വിശദീകരിച്ചു: “എന്റെ അഞ്ചു സുഹൃത്തുക്കൾ ഇതിനോടകം മരിച്ചുകഴിഞ്ഞു.” തീർച്ചയായും, ഒരു സംഘാംഗമെന്ന നിലയിലുള്ള ജീവിതം ഏതാണ്ട് അങ്ങേയറ്റം അപകടകരമായിരിക്കാൻ കഴിയും. ചിക്കാഗോയിലുള്ള ഒരു റൗഡിസംഘത്തിലെ ഒരു മുൻ അംഗത്തെക്കുറിച്ച് ടൈം മാസിക ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഏഴു വർഷത്തെ ആ ജീവിതത്തിനിടയിൽ അയാൾക്ക് വയറ്റിൽ വെടിയേറ്റു, തീവണ്ടിപ്പാളത്തിലെ കുറുക്കുതടികൊണ്ട് തലയ്ക്കടിയേറ്റു, ഒരു പോരാട്ടത്തിൽ കയ്യൊടിഞ്ഞു, വാഹന മോഷണത്തിന് രണ്ടു തവണ ജയിലിലായി . . . എന്നാൽ ഇപ്പോൾ അയാൾ നേർവഴിക്കു വന്നതുകൊണ്ട് അയാളുടെ മുൻ സുഹൃത്തുക്കൾ അയാളെ ദ്രോഹിക്കാനായി നോട്ടമിട്ടിരിക്കുകയാണ്.”
ഒരു മെച്ചമായ ജീവിതം സാധ്യമാണ്
ബ്രസീലുകാരനായ എലെനൂ, കത്തികളും ചിലപ്പോൾ തോക്കുകളും ഉപയോഗിച്ചു പോരാട്ടം നടത്തുന്ന ഹെഡ്ബാങ്ങേഴ്സ് എന്ന ഒരു സംഘത്തിലെ അംഗമായിരുന്നു. നിർഭാഗ്യനാണെന്ന തോന്നൽ നിമിത്തം അയാൾ സാധനങ്ങൾ തകർത്തുടയ്ക്കുന്നതിലും ആളുകളെ ആക്രമിക്കുന്നതിലും സംതൃപ്തി കണ്ടെത്തി. അങ്ങനെയിരിക്കെ ഒരു സഹജോലിക്കാരൻ അയാളോടു ബൈബിളിനെക്കുറിച്ചു സംസാരിച്ചു. പിന്നീട് എലെനൂ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ സംബന്ധിച്ചു. അവിടെവെച്ച് അയാൾ തന്റെ സംഘത്തിൽനിന്നു പോയ മുൻ സഹകാരികളെയും അതുപോലെതന്നെ ഒരു എതിർ സംഘത്തിലെ മുൻ അംഗത്തെയും കണ്ടുമുട്ടി. അവർ സഹോദരങ്ങളെപ്പോലെ പരസ്പരം അഭിവാദനം ചെയ്തു—മുമ്പു സംഭവിക്കുമായിരുന്നതിൽനിന്നു വളരെ വ്യത്യസ്തം.
ഇത് യഥാർഥത്തിൽ സംഭവിക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്! അടുത്തയിടെ ഉണരുക!യുടെ ഒരു പ്രതിനിധി ലോസാഞ്ചലസിലെ പ്രമുഖ റൗഡിസംഘങ്ങളിലെ മുൻ അംഗങ്ങളെ അഭിമുഖം നടത്തി. അവർ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ സഭകളോടൊത്തു സേവിക്കുകയാണ്. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനു ശേഷം അവരിലൊരാൾ സംഭാഷണം ഒന്നു നിർത്തിയിട്ട് കസേരയിലേക്കു ചാഞ്ഞുകൊണ്ടു പറഞ്ഞു: “നോക്കൂ! ബ്ലഡ്സിലെയും ക്രിപ്സിലെയും മുന്നംഗങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിച്ചുകൊണ്ട് ഇവിടെയിരിക്കുന്നു!” നിർദയരായ സംഘാംഗങ്ങളിൽനിന്ന് ദയയും സ്നേഹവുമുള്ള ആളുകളായി തങ്ങൾ മാറാൻ കാരണം ബൈബിളിന്റെ ശ്രദ്ധാപൂർവമായ പഠനത്തിലൂടെ ദൈവിക തത്ത്വങ്ങൾ മനസ്സിലാക്കിയതാണെന്ന് അവർ സമ്മതിച്ചു.
1990-കളിൽ ഇത് യഥാർഥത്തിൽ സംഭവിക്കുമോ? സംഘാംഗങ്ങൾക്ക് ഇപ്പോൾ അത്തരം മാറ്റങ്ങൾ വാസ്തവമായും വരുത്താൻ കഴിയുമോ? ദൈവവചനത്തിൽ നൽകപ്പെട്ടിരിക്കുന്ന ശക്തമായ പ്രോത്സാഹനത്തെക്കുറിച്ചു മനസ്സിലാക്കാൻ മനസ്സൊരുക്കം കാട്ടുകയും എന്നിട്ട് ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിതം നയിക്കുകയും ചെയ്യുന്നപക്ഷം അവർക്കതിനു കഴിയും. നിങ്ങളൊരു സംഘാംഗമാണെങ്കിൽ അപ്രകാരം മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കരുതോ?
‘മുമ്പിലത്തെ നടപ്പു സംബന്ധിച്ച പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിക്കാനും’ ‘സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊള്ളാനും’ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 4:22-24) ആ പുതിയ വ്യക്തിത്വം വികാസംപ്രാപിക്കുന്നത് എങ്ങനെയാണ്? ഒരുവന്റെ വ്യക്തിത്വം “അതിനെ സൃഷ്ടിച്ചവന്റെ [ദൈവത്തിന്റെ] പ്രതിച്ഛായപ്രകാരം സൂക്ഷ്മപരിജ്ഞാനത്താൽ പുതുക്കപ്പെ”ടുന്നുവെന്ന് ബൈബിൾ പറയുന്നു.—കൊലൊസ്സ്യർ 3:9-11, NW.
മാറ്റം വരുത്താൻ ശ്രമിക്കുന്നത് തക്കമൂല്യമുള്ളതാണോ? തീർച്ചയായും! നിങ്ങളൊരു സംഘാംഗമാണെങ്കിൽ അപ്രകാരം മാറ്റം വരുത്തുന്നതിന് ഒരുപക്ഷേ നിങ്ങൾക്കു സഹായം ആവശ്യമായിരുന്നേക്കാം. നിങ്ങളെ സഹായിക്കാൻ സന്തോഷമുള്ള ആളുകൾ നിങ്ങളുടെ അയൽപക്കത്തു തന്നെയുണ്ട്. എങ്കിലും, മിക്കപ്പോഴും മാതാപിതാക്കളാണ് കുട്ടികളുടെമേൽ ഏറ്റവും ഗുണകരമായ സ്വാധീനം ചെലുത്താൻ പറ്റിയ സ്ഥാനത്തായിരിക്കുന്നത്. അതുകൊണ്ട്, കുട്ടികളെ റൗഡിസംഘങ്ങളിൽനിന്നു സംരക്ഷിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് നാമിപ്പോൾ പരിചിന്തിക്കുന്നതായിരിക്കും.
[7-ാം പേജിലെ ചിത്രം]
മുമ്പ് എതിർ സംഘങ്ങളിൽ അംഗങ്ങളായിരുന്നവർ ഇപ്പോൾ ബൈബിൾ സത്യത്താൽ ഏകീകരിക്കപ്പെട്ടിരിക്കുന്നു