സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
“സമ്മർദം ഏതൊരു ആവശ്യത്തോടുമുള്ള ശരീരത്തിന്റെ അസ്പഷ്ട പ്രതികരണമായതിനാൽ സകലരും സദാ കുറേയൊക്കെ സമ്മർദം അനുഭവിക്കുന്നു.”—ഡോ. ഹാൻസ് സെല്യെ.
ഒരു വയലിനിൽ സംഗീതം ആലപിക്കണമെങ്കിൽ അതിന്റെ കമ്പികൾ മുറുകിയിരിക്കേണ്ടതുണ്ട്—എന്നാൽ ഒരു നിശ്ചിത അളവിൽ മാത്രമേ പാടുള്ളൂ. അവ കൂടുതൽ മുറുകിയാൽ പൊട്ടും. കൂടുതൽ അയഞ്ഞാണിരിക്കുന്നതെങ്കിൽ യാതൊരു ശബ്ദവും പുറപ്പെടുവിക്കുകയുമില്ല. ഇവ രണ്ടിന്റെയും ഇടയ്ക്കെവിടെയോ ആണ് ശരിയായ അളവിലുള്ള മുറുക്കം.
സമ്മർദത്തിന്റെ കാര്യവും അതുപോലെയാണ്. നാം കണ്ടുകഴിഞ്ഞതുപോലെ അധികമായാൽ അത് ഹാനികരമാണ്. എന്നാൽ ഒട്ടുമില്ലെങ്കിലോ? അതൊരു നല്ല കാര്യമായി തോന്നിയേക്കാമെങ്കിലും നിങ്ങൾക്ക് കുറച്ചെങ്കിലും സമ്മർദം ആവശ്യമാണെന്നതാണ് വാസ്തവം. ഉദാഹരണത്തിന്, വഴി മുറിച്ചുകടക്കുമ്പോൾ ഒരു കാർ നിങ്ങളുടെ അടുത്തേക്കു പാഞ്ഞുവരുന്നത് പെട്ടെന്നു ശ്രദ്ധയിൽ പെടുന്നു എന്നു സങ്കൽപ്പിക്കുക. അവിടെനിന്നു വേഗം മാറാൻ നിങ്ങളെ പ്രാപ്തനാക്കുന്നത് സമ്മർദമാണ്!
എന്നാൽ സമ്മർദം അടിയന്തിര സാഹചര്യങ്ങളിൽ മാത്രമല്ല ഉപകാരപ്പെടുന്നത്. ദൈനംദിന കൃത്യങ്ങൾ നിർവഹിക്കാനും നിങ്ങൾക്കു സമ്മർദം ആവശ്യമാണ്. സകലരും സദാ കുറേയൊക്കെ സമ്മർദം അനുഭവിക്കുന്നു. ‘സമ്മർദം ഒഴിവാക്കാനുള്ള ഏക മാർഗം മരിക്കുകയാണ്’ എന്ന് ഡോ. ഹാൻസ് സെല്യെ പറയുന്നു. എല്ലാവരുടെയും ശരീരത്തിന് ഒരളവുവരെ ചൂടുള്ളതുകൊണ്ട് “അദ്ദേഹത്തിന്റെ ശരീരത്തിനു ചൂടുണ്ട്” എന്നു പറയുന്നത് അതിൽത്തന്നെ നിരർഥകമാണ്. സമാനമായി, എല്ലാവർക്കും സമ്മർദമുള്ളതുകൊണ്ട് “അദ്ദേഹം സമ്മർദത്തിൻ കീഴിലാണ്” എന്നു പറയുന്നതും നിരർഥകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “അത്തരം ശൈലികൾ ഉപയോഗിക്കുമ്പോൾ നാം വാസ്തവത്തിൽ അർഥമാക്കുന്നത് ക്രമാതീതമായ സമ്മർദത്തെ അല്ലെങ്കിൽ ശരീരോഷ്മാവിനെ [പനിയെ] ആണ്” എന്ന് സെല്യെ പറയുന്നു. അങ്ങനെയാകുമ്പോൾ വിനോദത്തിലേർപ്പെടുമ്പോഴും ഉറങ്ങുമ്പോഴും സമ്മർദമുണ്ട്. എന്തെന്നാൽ അപ്പോഴും നിങ്ങളുടെ ഹൃദയം സ്പന്ദിച്ചുകൊണ്ടിരിക്കുകയും ശ്വാസകോശങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും വേണം.
മൂന്നുതരം സമ്മർദങ്ങൾ
സമ്മർദം വ്യത്യസ്ത അളവുകളിൽ ഉള്ളതുപോലെതന്നെ വ്യത്യസ്ത ഇനങ്ങളിലും ഉണ്ട്.
തീവ്രസമ്മർദം ദൈനംദിന ജീവിതത്തിലെ പിരിമുറുക്കം നിമിത്തമാണുണ്ടാകുന്നത്. അതിൽ പലപ്പോഴും പരിഹാരം കാണേണ്ട സന്തോഷകരമല്ലാത്ത സ്ഥിതിവിശേഷങ്ങളാണ് ഉൾപ്പെടുന്നത്. ഇവ യാദൃച്ഛികവും കേവലം താത്കാലികവുമായതിനാൽ പ്രസ്തുത സമ്മർദം സാധാരണഗതിയിൽ നിയന്ത്രണവിധേയമാണ്. തീർച്ചയായും, ഒന്നിനു പിറകേ മറ്റൊന്നായി പ്രതിസന്ധികളിലാകുന്ന ചിലരുണ്ട്—വാസ്തവത്തിൽ കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു തോന്നുന്നു. ഈ അളവിലുള്ള തീവ്രസമ്മർദവും നിയന്ത്രണവിധേയമാണ്. എന്നിരുന്നാലും, തന്റെ പ്രക്ഷുബ്ധമായ ജീവിതരീതി തന്റെമേലും തനിക്കു ചുറ്റുമുള്ളവരുടെമേലും ഉളവാക്കുന്ന ഫലത്തെക്കുറിച്ച് മനസ്സിലാക്കുന്നതുവരെ സമ്മർദമനുഭവിക്കുന്നയാൾ തന്റെ ജീവിതരീതിക്കു മാറ്റം വരുത്താൻ വിസമ്മതിച്ചേക്കാം.
തീവ്രസമ്മർദം താത്കാലികമാണെങ്കിൽ സ്ഥായിയായ സമ്മർദം നീണ്ടുനിൽക്കുന്നതാണ്. സമ്മർദപൂരിതമായ സാഹചര്യത്തിൽനിന്നു—അത് ദാരിദ്ര്യത്തിന്റെ കെടുതികളായാലും നിന്ദ്യമായ ഒരു ജോലിയുടെ ദുരിതങ്ങളായാലും ഒരു ജോലിയില്ലാത്തതിന്റെ ബുദ്ധിമുട്ടാണെങ്കിലും ശരി—പുറത്തുകടക്കാൻ സമ്മർദം അനുഭവിക്കുന്നയാൾ യാതൊരു മാർഗവും കാണുന്നില്ല. പരിഹാരം കാണാത്ത കുടുംബ പ്രശ്നങ്ങളും സ്ഥായിയായ സമ്മർദത്തിന് ഇടയാക്കുന്നു. അതുപോലെതന്നെ സുഖമില്ലാത്ത ഒരു ബന്ധുവിന്റെ പരിചരണവും സമ്മർദത്തിനിടയാക്കുന്നു. കാരണം എന്തുതന്നെയായിരുന്നാലും, സ്ഥായിയായ സമ്മർദം ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിടുന്നതനുസരിച്ച് അതിന്റെ ഇരയെ തളർത്തിക്കളയുന്നു. “സ്ഥായിയായ സമ്മർദത്തിന്റെ ഏറ്റവും മോശമായ വശം ആളുകൾ അത് പരിചയിക്കുന്നുവെന്നതാണ്” എന്ന് പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു. “തീവ്രസമ്മർദം പുതിയൊരു അനുഭവമായതുകൊണ്ട് ആളുകൾ ഉടൻതന്നെ അതിനെക്കുറിച്ച് ബോധവാൻമാരായിത്തീരുന്നു; അവർ സ്ഥായിയായ സമ്മർദത്തെ അവഗണിക്കുന്നു, എന്തെന്നാൽ അത് ദീർഘനാളായി ഉള്ളതാണ്, പരിചിതമാണ്, ചിലപ്പോൾ ഒട്ടൊക്കെ സ്വീകാര്യവുമാണ്.”
മാനസികാഘാതസംബന്ധമായ സമ്മർദം ബലാൽസംഗമോ അപകടമോ പ്രകൃതിവിപത്തോ പോലുള്ള ഭയങ്കരമായ ഒരു ദുരന്തത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. അനേകം മുൻസൈനികരും തടങ്കൽപ്പാളയ അതിജീവകരും ഇത്തരം സമ്മർദം അനുഭവിക്കുന്നവരാണ്. മാനസികാഘാതസംബന്ധമായ സമ്മർദത്തിന്റെ ലക്ഷണങ്ങളിൽ ദുരന്തം സംഭവിച്ച് വർഷങ്ങൾ കഴിഞ്ഞും അതിനെക്കുറിച്ച് വ്യക്തമായ ഓർമകളുണ്ടായിരിക്കുന്നതും നിസ്സാര കാര്യങ്ങളോടു വർധിച്ച സംവേദനക്ഷമതയുണ്ടായിരിക്കുന്നതും ഉൾപ്പെട്ടേക്കാം. ചിലപ്പോൾ സമ്മർദമനുഭവിക്കുന്ന ആൾക്ക് മാനസികാഘാതാനന്തര സമ്മർദ ക്രമക്കേട് (പിറ്റിഎസ്ഡി) എന്നു വിളിക്കപ്പെടുന്ന അവസ്ഥാവിശേഷം ഉള്ളതായി കണ്ടെത്തുന്നു—മുകളിലത്തെ ചതുരം കാണുക.
സമ്മർദത്തോടുള്ള സൂക്ഷ്മസംവേദകത്വം
നാമിപ്പോൾ സമ്മർദത്തോടു പ്രതികരിക്കുന്ന വിധം കഴിഞ്ഞ കാലത്ത് നാം അഭിമുഖീകരിച്ചിട്ടുള്ള സമ്മർദത്തിന്റെ അളവിനെയും തരത്തെയും വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്ന് ചിലർ പറയുന്നു. മാനസികാഘാതത്തിനിടയാക്കുന്ന സംഭവങ്ങൾക്ക് വാസ്തവത്തിൽ ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ രാസപരമായ “വയറിങ്ങിന്” മാറ്റം വരുത്തി ഭാവിയിൽ അയാൾ സമ്മർദത്തോട് വളരെക്കൂടുതൽ സംവേദനക്ഷമതയുള്ളവനായിത്തീരുന്നതിന് ഇടയാക്കാൻ കഴിയുമെന്ന് അവർ പറയുന്നു. ഉദാഹരണത്തിന്, യുദ്ധത്തടവുകാരായിരുന്നവർക്ക് മസ്തിഷ്കാഘാതം സംഭവിക്കുന്നതിന് യുദ്ധത്തടവുകാരല്ലാതിരുന്നവരെക്കാൾ എട്ടു മടങ്ങ് സാധ്യതയുണ്ടായിരുന്നതായി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 556 സൈനികരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു പഠനത്തിൽ ഡോ. ലോറൻസ് ബ്രാസ് കണ്ടെത്തി—ആദ്യ ദുരന്തം നടന്ന് 50 വർഷം കഴിഞ്ഞിട്ടുപോലും അവർക്കിത്രയും സാധ്യതയുണ്ടായിരുന്നു. “ഈ ആളുകൾ ഭാവിയിൽ സമ്മർദത്തോടു പ്രതികരിക്കുന്ന വിധത്തിന് മാറ്റം വരുത്തത്തക്ക അളവോളം ശക്തമായിരുന്നു ഒരു പിഒഡബ്ലിയു (യുദ്ധത്തടവുകാരൻ) ആയിരിക്കുന്നതിന്റെ സമ്മർദം—അത് അവരെ സൂക്ഷ്മസംവേദകത്വമുള്ളവരാക്കിത്തീർത്തു.”
ബാല്യകാലത്ത് അനുഭവിച്ചിട്ടുള്ള സമ്മർദപൂർണമായ അനുഭവങ്ങളെ നിസ്സാരമായി കാണരുതെന്ന് വിദഗ്ധർ പറയുന്നു. എന്തുകൊണ്ടെന്നാൽ ഇവയ്ക്ക് ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും. “മാനസികാഘാതം അനുഭവിക്കുന്ന മിക്ക കുട്ടികളെയും ഡോക്ടറുടെ അടുത്തു കൊണ്ടുപോകാറില്ല” എന്ന് ഡോ. ജീൻ കിങ് പറയുന്നു. “അവർ പ്രശ്നവുമായി കഴിഞ്ഞുകൂടുന്നു, ജീവിതം തുടരുന്നു, ഒടുവിൽ വർഷങ്ങൾക്കു ശേഷം വിഷാദരോഗികളോ ഹൃദ്രോഗികളോ ആയി ഞങ്ങളുടെ അടുക്കൽ എത്തിച്ചേരുന്നു.” ഉദാഹരണത്തിന്, മാതാപിതാക്കളിലൊരാളെ നഷ്ടമാകുന്നതിന്റെ ആഘാതത്തെക്കുറിച്ചു പരിചിന്തിക്കുക. “ചെറുപ്പത്തിൽ അനുഭവിക്കുന്ന അത്രയും വലിയ അളവിലുള്ള സമ്മർദം മസ്തിഷ്കത്തിൽ രാസപരവും നാഡീഘടനാപരവുമായ സ്ഥായിയായ മാറ്റങ്ങൾക്കിടയാക്കിയേക്കാം. അതിന്റെ ഫലമായി ദൈനംദിന ജീവിതത്തിലെ സാധാരണ സമ്മർദത്തെ കൈകാര്യം ചെയ്യാനുള്ള അതിന്റെ പ്രാപ്തി കുറയുന്നു,” ഡോ. കിങ് പറയുന്നു.
തീർച്ചയായും, ഒരു വ്യക്തി സമ്മർദത്തോടു പ്രതികരിക്കുന്ന വിധം അയാളുടെ ശരീരഘടന, സമ്മർദത്തിനിടയാക്കുന്ന സംഗതികളെ തരണം ചെയ്യുന്നതിന് അയാളെ സഹായിക്കുന്ന വിഭവങ്ങൾ എന്നിങ്ങനെയുള്ള മറ്റനേകം ഘടകങ്ങളെയും കൂടെ ആശ്രയിച്ചിരിക്കുന്നു. സമ്മർദത്തിന്റെ കാരണം എന്തുതന്നെയായിരുന്നാലും അതിനെ നിയന്ത്രിക്കാൻ കഴിയും. അത് എളുപ്പമുള്ള കാര്യമല്ലെന്നു സമ്മതിക്കുന്നു. ഡോ. റെയ്ച്ചൽ യഹൂദ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സമ്മർദത്തോട് സൂക്ഷ്മസംവേദകത്വമുള്ള ഒരാളോട് ആശ്വസിക്കാൻ പറയുന്നത് ഉറക്കമില്ലായ്മ എന്ന പ്രശ്നം അനുഭവിക്കുന്ന ഒരാളോട് ഉറങ്ങാൻ പറയുന്നതുപോലെയാണ്.” എന്നുവരുകിലും, സമ്മർദം കുറയ്ക്കാൻ ഒരു വ്യക്തിക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിനെക്കുറിച്ചാണ് പിൻവരുന്ന ലേഖനം ചർച്ചചെയ്യുന്നത്.
[7-ാം പേജിലെ ചതുരം]
തൊഴിൽ സമ്മർദം—ഒരു “ആഗോള പ്രതിഭാസം”
ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “സമ്മർദം 20-ാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നു.” ജോലിസ്ഥലത്ത് അതിന്റെ സാന്നിധ്യം വളരെ പ്രകടമാണ്.
• സമ്മർദം അനുഭവിക്കുന്നതിന്റെ പേരിൽ രോഗാവധി വേണമെന്ന ഓസ്ട്രേലിയയിലെ ഗവൺമെൻറ് ജോലിക്കാരുടെ അവകാശവാദങ്ങളുടെ എണ്ണം വെറും മൂന്നു വർഷംകൊണ്ട് 90 ശതമാനം വർധിച്ചു.
• ജോലിചെയ്യുന്ന സമ്മർദപൂരിതമായ ചുറ്റുപാടിനെക്കുറിച്ച് തങ്ങൾ ആകുലചിത്തരാണെന്ന് 64 ശതമാനം നേഴ്സുമാരും 61 ശതമാനം അധ്യാപകരും പറയുന്നതായി ഫ്രാൻസിലെ ഒരു സർവേ വെളിപ്പെടുത്തി.
• സമ്മർദസംബന്ധമായ രോഗങ്ങൾ ഐക്യനാടുകൾക്ക് ഓരോ വർഷവും 20,000 കോടി ഡോളർ ചെലവു വരുത്തുന്നതായി കണക്കാക്കപ്പെടുന്നു. വ്യവസായവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 75 മുതൽ 85 വരെ ശതമാനം സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
• പല രാജ്യങ്ങളിലും സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സമ്മർദം അനുഭവിക്കുന്നതായി കണ്ടെത്തപ്പെട്ടു. ഭവനത്തിലും ജോലിസ്ഥലത്തുമായി സ്ത്രീകൾക്ക് കൂടുതൽ ജോലികൾ നിർവഹിക്കേണ്ടിവരുന്നുവെന്നതാണ് സാധ്യതയനുസരിച്ച് ഇതിന്റെ കാരണം.
യുഎൻ റിപ്പോർട്ട് അതിനെ വിളിക്കുന്നതുപോലെ, തൊഴിൽ സമ്മർദം തീർച്ചയായും ഒരു “ആഗോള പ്രതിഭാസ”മാണ്.
[8-ാം പേജിലെ ചതുരം]
പിറ്റിഎസ്ഡി—ഒരു അസാധാരണ അനുഭവത്തോടുള്ള സാധാരണ പ്രതികരണം
‘ഞങ്ങളുടെ കാർ ഇടിച്ചുതകർന്നിട്ട് മൂന്നു മാസമായിരുന്നെങ്കിലും എനിക്ക് കരച്ചിലടക്കാനോ രാത്രിയിൽ ഉറങ്ങാനോ കഴിഞ്ഞില്ല. വീട്ടിൽനിന്ന് എങ്ങോട്ടെങ്കിലും പോകുന്നതുതന്നെ എന്നെ ഭയപ്പെടുത്തി.’—ലൊവിസ്.
ലൊവിസ് മാനസികാഘാതാനന്തര സമ്മർദ ക്രമക്കേട് (പിറ്റിഎസ്ഡി) അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. ഇതു ക്ഷീണിപ്പിക്കുന്ന ഒരു രോഗമാണ്. ഈ രോഗമുള്ളവർ മാനസികാഘാതത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് കൂടെക്കൂടെ സ്വപ്നങ്ങൾ കാണുകയോ അതിനെക്കുറിച്ചുള്ള ഓർമകൾ അവരുടെ മനസ്സിനെ മഥിക്കുകയോ ചെയ്യുന്നു. പിറ്റിഎസ്ഡി-യുള്ള ആൾ പെട്ടെന്നു ഞെട്ടുകയും ചെയ്തേക്കാം. ഉദാഹരണത്തിന്, വിയറ്റ്നാമിലെ ഒരു മുൻഭടനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധനായ മൈക്കിൾ ഡേവിസ് പറയുന്നു. തന്റെ വിവാഹദിവസം ഒരു കാറിന്റെ എഞ്ചിൻ സിലിണ്ടറിൽ ഉണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ അദ്ദേഹം ഓടിച്ചെന്ന് കുറ്റിക്കാട്ടിലൊളിച്ചു. “യാതൊരു കുഴപ്പവുമില്ലെന്നു കാണിക്കുന്ന എല്ലാത്തരം സൂചനകളും ആ ചുറ്റുപാടിലുണ്ടായിരുന്നിരിക്കണം” എന്ന് ഡേവിസ് പറയുന്നു. “അതു സംഭവിച്ചത് 25 വർഷത്തിനു ശേഷമായിരുന്നു; അപ്പോൾ അദ്ദേഹം ഐക്യനാടുകളിലായിരുന്നു, വിയറ്റ്നാമിലല്ലായിരുന്നു; . . . അദ്ദേഹം ഒരിനം ജാക്കറ്റാണു ധരിച്ചിരുന്നത്, യുദ്ധവസ്ത്രമല്ലായിരുന്നു. എന്നാൽ യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ആ ശബ്ദം കേട്ടപ്പോൾ അദ്ദേഹം അഭയത്തിനായി ഓടി.”
യുദ്ധക്കളത്തിലെ മാനസികാഘാതം പിറ്റിഎസ്ഡി-യുടെ ഒരു കാരണം മാത്രമാണ്. ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ അനുസരിച്ച്, ഈ ക്രമക്കേട് “സ്വാഭാവിക മരണമോ ഭീഷണി മരണമോ ഗുരുതരമായ പരിക്കോ ശാരീരിക പരിക്കിനുള്ള ഭീഷണിയോ ഉൾപ്പെടുന്ന” ഏതെങ്കിലും “സംഭവത്തിന്റെയോ സംഭവപരമ്പരയുടെയോ” ഫലമായി ഉണ്ടാകാവുന്നതാണ്. “അത് വെള്ളപ്പൊക്കം, തീപിടിത്തം, ഭൂകമ്പം, കാറപകടം, ബോംബിടീൽ, വെടിവയ്പ്, പീഡനം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം, ബലാൽസംഗം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം എന്നിങ്ങനെ ഏതെങ്കിലും പ്രകൃതി വിപത്തോ അപകടമോ മാനുഷിക പ്രവർത്തനമോ ആയിരുന്നേക്കാം.” വൈകാരികാഘാതമുളവാക്കുന്ന ഒരു സംഭവത്തിനു കേവലം ദൃക്സാക്ഷിയാകുന്നതോ അതിനെക്കുറിച്ചു മനസ്സിലാക്കുന്നതോ—ഒരുപക്ഷേ ശ്രദ്ധേയമായ തെളിവുകളുടെയോ ഫോട്ടോകളുടെയോ സഹായത്തോടെ—പിറ്റിഎസ്ഡി-യുടെ ലക്ഷണങ്ങൾക്കിടയാക്കിയേക്കാം, പ്രത്യേകിച്ചും സംഭവത്തിലുൾപ്പെട്ടിരിക്കുന്ന ആളുകൾ കുടുംബാംഗങ്ങളോ ഉറ്റ സുഹൃത്തുക്കളോ ആണെങ്കിൽ.
തീർച്ചയായും, ആളുകൾ വൈകാരികാഘാതത്തോട് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. “മാനസികാഘാതത്തിനിടയാക്കുന്ന ഒരു അനുഭവത്തിനു വിധേയരാകുന്ന മിക്കവരിലും ഗുരുതരമായ മാനസിക തകരാറിന്റെ ലക്ഷണങ്ങൾ വികാസംപ്രാപിക്കുന്നില്ല, ഇനി ആ ലക്ഷണങ്ങൾ വികാസംപ്രാപിച്ചാൽത്തന്നെ അവ പിറ്റിഎസ്ഡി-യായിത്തീരണമെന്ന് നിർബന്ധവുമില്ല” എന്ന് ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ വിശദീകരിക്കുന്നു. സമ്മർദം പിറ്റിഎസ്ഡി-ക്ക് ഇടയാക്കുന്നവരെ സംബന്ധിച്ചെന്ത്? ചിലർക്ക് മാനസികാഘാതവുമായി ബന്ധപ്പെട്ട വികാരങ്ങളെ കാലക്രമേണ നിയന്ത്രണത്തിൽ കൊണ്ടുവരാനും ആശ്വാസം നേടാനും കഴിയുന്നു. മറ്റുചിലർ അനേക വർഷങ്ങൾ കഴിഞ്ഞും മാനസികാഘാതത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചുള്ള ഓർമകളോട് മല്ലടിക്കുന്നു.
എങ്ങനെയായാലും, സുഖംപ്രാപിക്കൽ ക്ഷമ ആവശ്യമുള്ള ഒരു പ്രക്രിയയാണെന്ന് പിറ്റിഎസ്ഡി ഉള്ളവരും അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവരും ഓർമിക്കേണ്ടതുണ്ട്. “വിഷാദമുള്ള ദേഹികളോട് സാന്ത്വനദായകമാംവിധം സംസാരി”പ്പാനും “എല്ലാവരോടും ദീർഘക്ഷമ കാണി”പ്പാനും ബൈബിൾ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 5:14, NW) തുടക്കത്തിൽ ഉദ്ധരിച്ച ലൊവിസിന് കാറോടിക്കാനുള്ള ധൈര്യം വീണ്ടുകിട്ടിയത് അഞ്ചു മാസത്തിനു ശേഷമാണ്. അപകടം സംഭവിച്ച് നാലു വർഷത്തിനുശേഷം അവൾ പറഞ്ഞു: “ഞാൻ പുരോഗതി വരുത്തിയിട്ടുണ്ടെങ്കിലും . . . എന്നെ സംബന്ധിച്ചിടത്തോളം ഡ്രൈവിങ് വീണ്ടുമൊരിക്കലും മുമ്പായിരുന്നതുപോലെ സന്തോഷകരമായ ഒരു അനുഭവമായിരിക്കില്ല. അത് ചെയ്യാതിരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെയ്യുന്നുവെന്നു മാത്രം. എങ്കിലും അപകടം സംഭവിച്ചുകഴിഞ്ഞ് ഞാൻ നിസ്സഹായാവസ്ഥയിലായിരുന്ന ആ സമയവുമായി തട്ടിച്ചുനോക്കുമ്പോൾ ഞാൻ വളരെ പുരോഗതി വരുത്തിയിരിക്കുന്നു.”
[9-ാം പേജിലെ ചിത്രം]
പല ഓഫീസ് ജീവനക്കാരും സമ്മർദമനുഭവിക്കുന്നവരാണ്
[9-ാം പേജിലെ ചിത്രം]
എല്ലാത്തരം സമ്മർദവും ഹാനികരമല്ല