സമ്മർദം—“സാവധാനം പ്രവർത്തിക്കുന്ന വിഷം”
“ഇങ്ങനെ സമ്മർദം അനുഭവിച്ചനുഭവിച്ച് രോഗിയായിത്തീരരുത്’ എന്ന് ആളുകൾ എല്ലായ്പോഴും പറയുന്നത് ഞങ്ങൾ കേൾക്കാറുണ്ട്. അതിന് ജീവശാസ്ത്രപരമായി ഒരു യഥാർഥ അടിസ്ഥാനമുണ്ടെന്ന് ഒരുപക്ഷേ അവർ മനസ്സിലാക്കുന്നില്ലായിരിക്കാം.”—ഡോ. ഡേവിഡ് ഫെൽറ്റൻ.
കൗമാരപ്രായക്കാരനായ മകൻ, കാലിയായിക്കൊണ്ടിരിക്കുന്ന ബാങ്ക് അക്കൗണ്ട്, മാതാപിതാക്കളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ. അവിവാഹിത മാതാവായ ജില്ലിന് സമ്മർദത്തിന് അടിപ്പെടാൻ ഈ കാരണങ്ങൾ ധാരാളം. അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായി അവളുടെ കൈയിൽ ഒരു തടിപ്പുണ്ടായി, അവൾക്ക് ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ടു. അവൾ ആൻറിബയോട്ടിക്കുകളും കോർട്ടിസോൺ ക്രീമുകളും ആൻറിഹിസ്റ്റമിനുകളും ഒക്കെ ഉപയോഗിച്ചുനോക്കി. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പകരം, തടിപ്പ് ജില്ലിന്റെ ശരീരം മുഴുവനും വ്യാപിച്ചു, അത് അവളുടെ മുഖത്തേക്കും പടർന്നുപിടിച്ചു. സമ്മർദം അവളെ അക്ഷരാർഥത്തിൽ കാർന്നുതിന്നുകയായിരുന്നു.
രോഗികളുടെ വൈകാരികാവസ്ഥ പരിശോധിക്കുന്ന ഒരു ചർമരോഗ ക്ലിനിക്കിലേക്ക് ജില്ലിനെ അയച്ചു. “അവരുടെ ജീവിതം എങ്ങനെയുള്ളതെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു” എന്ന് ക്ലിനിക്കിന്റെ സഹസ്ഥാപകനായ ഡോ. തോമസ് ഗ്രാഗ് പറയുന്നു. വിട്ടുമാറാത്ത ത്വഗ്രോഗങ്ങളുള്ളവർക്ക് വൈദ്യചികിത്സയ്ക്കു പുറമേ സമ്മർദത്തെ കൈകാര്യം ചെയ്യാനുള്ള സഹായവും ആവശ്യമായിരിക്കുന്നതായി അദ്ദേഹം പലപ്പോഴും കണ്ടെത്തുന്നു. “നിങ്ങളുടെ ചിന്താരീതിയോ പ്രവർത്തനരീതിയോ ത്വഗ്രോഗത്തിന് ഇടയാക്കുന്നുവെന്നു പറഞ്ഞാൽ അത് തീരെ ലളിതമായി പോകും” എന്ന് ഡോ. ഗ്രാഗ് സമ്മതിക്കുന്നു. “എന്നാൽ ഒരുവന്റെ വൈകാരികാവസ്ഥയ്ക്ക് ത്വക്കിനുണ്ടാകുന്ന തകരാറുകളിൽ ഒരു വലിയ പങ്കു വഹിക്കാനാവുമെന്നു പറയാൻ കഴിയും. ജീവിതത്തിലെ സമ്മർദത്തെ കൈകാര്യം ചെയ്യാൻ ഒരു വ്യക്തിയെ സഹായിക്കാതെ നാം അയാൾക്ക് സ്റ്റിറോയിഡ് ക്രീമിനുള്ള കുറിപ്പടികൾ മാത്രം എഴുതിക്കൊടുത്തുകൊണ്ടിരിക്കരുത്.”
സമ്മർദത്തെ നിയന്ത്രണത്തിൽ നിർത്താൻ പഠിച്ചത് അക്ഷരാർഥത്തിൽ തന്റെ ത്വക്കിനു സംരക്ഷണമായെന്ന് ജിൽ വിചാരിക്കുന്നു. “ത്വക്കിന്റെ പ്രശ്നം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. . . . എങ്കിലും ത്വക്കിന്റെ അവസ്ഥ നേരത്തത്തെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു” എന്ന് അവൾ പറയുന്നു. ജില്ലിന്റേത് ഒരു അസാധാരണ കേസാണോ? ഒരിക്കലുമല്ല. സമ്മർദം പലപ്പോഴും ചൊറിഞ്ഞുതടിപ്പ്, സോറിയാസിസ്, മുഖക്കുരു, വരട്ടുചൊറി തുടങ്ങിയ പലതരം ത്വഗ്രോഗങ്ങൾക്കിടയാക്കുന്ന ഒരു ഘടകമാണെന്ന് പല ഡോക്ടർമാരും വിശ്വസിക്കുന്നു. എന്നാൽ സമ്മർദം നിങ്ങളുടെ ത്വക്കിനെ മാത്രമല്ല ബാധിക്കുന്നത്.
സമ്മർദവും നിങ്ങളുടെ പ്രതിരോധവ്യവസ്ഥയും
സമ്മർദത്തിന് നിങ്ങളുടെ പ്രതിരോധവ്യവസ്ഥയെ കാര്യക്ഷമമല്ലാതാക്കാൻ കഴിയുമെന്ന് ഇപ്പോഴത്തെ ഗവേഷണം കാണിക്കുന്നു. ഇത് ഒരുപക്ഷേ അനേകം സാംക്രമിക രോഗങ്ങൾ നിങ്ങൾക്കു പിടിപെടാൻ ഇടയാക്കിയേക്കാം. “സമ്മർദം നിങ്ങളെ രോഗിയാക്കിത്തീർക്കുന്നില്ല” എന്ന് വൈറസ്വിജ്ഞാനിയായ റോണൾഡ് ഗ്ലെയ്സർ പറയുന്നു. “എന്നാൽ അത് നിങ്ങളുടെ പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്നതിനാൽ നിങ്ങൾക്കു രോഗം പിടിപെടുന്നതിനുള്ള സാധ്യത വർധിക്കുക തന്നെ ചെയ്യുന്നു.” ജലദോഷം, ഫ്ളൂ, ഹെർപ്പസ് എന്നിവയ്ക്കു സമ്മർദം കാരണമാണെന്നതിന് പ്രത്യേകിച്ചും ശക്തമായ തെളിവുണ്ട്. അത്തരം വൈറസുകളുമായി നാം തുടർച്ചയായി സമ്പർക്കത്തിൽ വരുന്നെങ്കിലും സാധാരണഗതിയിൽ നമ്മുടെ പ്രതിരോധവ്യവസ്ഥ അവയെ ചെറുത്തുനിൽക്കുന്നു. എന്നാൽ ഒരു വ്യക്തി വൈകാരിക ക്ലേശത്തിന് അടിപ്പെടുമ്പോൾ ഈ പ്രതിരോധമാർഗങ്ങൾ പ്രവർത്തിക്കാതാകുന്നതായി ചില വിദഗ്ധർ പറയുന്നു.
ഇതിലൊക്കെ ഉൾപ്പെട്ടിരിക്കുന്ന ജീവശാസ്ത്ര പ്രക്രിയകളെക്കുറിച്ച് ഇതുവരെ പൂർണമായി മനസ്സിലാക്കിയിട്ടില്ല. എങ്കിലും, നിങ്ങൾ സമ്മർദത്തിൻ കീഴിലായിരിക്കുന്ന സമയത്ത് നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്ന ഹോർമോണുകൾക്ക് അവ രക്തപ്രവാഹത്തിലൂടെ കുതിച്ചുപായുന്ന സമയത്ത് നിങ്ങളുടെ പ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് ചിലർ സിദ്ധാന്തിക്കുന്നു. സാധാരണഗതിയിൽ, ഇത് ഉത്കണ്ഠയ്ക്കുള്ള കാരണമല്ല. എന്തുകൊണ്ടെന്നാൽ ഈ ഹോർമോണുകൾ ഹ്രസ്വകാല ദൗത്യത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. എങ്കിലും, ഒരു വ്യക്തി തുടർച്ചയായി തീവ്രസമ്മർദത്തെ അഭിമുഖീകരിക്കുന്നെങ്കിൽ അയാൾ രോഗത്തിന് വശംവദനായിത്തീരുന്ന അളവോളം അയാളുടെ പ്രതിരോധവ്യവസ്ഥ ബാധിക്കപ്പെട്ടേക്കാമെന്ന് ചിലർ പറയുന്നു.
തങ്ങളുടെ അടുക്കൽ വരുന്ന രോഗികളുടെ ഏതാണ്ട് 50 മുതൽ 70 വരെ ശതമാനം സമ്മർദത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളനുഭവിക്കുന്നവരാണെന്ന് കാനഡയിലെ ഡോക്ടർമാർ കണക്കാക്കുന്നതിന്റെ കാരണം വിശദീകരിക്കാൻ ഇത് സഹായകമായേക്കാം. ഈ രോഗികളുടെ പ്രശ്നങ്ങളിൽ സാധാരണഗതിയിൽ തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം, ഉദര-കുടൽ രോഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഐക്യനാടുകളിലെ രോഗികളിൽ 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലുള്ളവർ ഇത്തരക്കാരാണെന്നു കണക്കാക്കപ്പെടുന്നു. “സ്ഥായിയായ സമ്മർദം സാവധാനം പ്രവർത്തിക്കുന്ന വിഷം പോലെയാണ്” എന്നു പറയുമ്പോൾ താൻ അതിശയോക്തി പറയുകയല്ലെന്ന് ഡോ. ജീൻ കിങ് കരുതുന്നു.
ഏക കാരണമോ സമ്പൂർണ പ്രതിവിധിയോ അല്ല
മേൽപ്പറഞ്ഞ കാര്യങ്ങൾ വാസ്തവമാണെങ്കിലും സമ്മർദത്തിനു മാത്രമായി, ചികിത്സ വേണ്ടിവരുന്ന അളവോളം പ്രതിരോധവ്യവസ്ഥയെ ബാധിക്കാനാകുമെന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞന്മാർക്കു തീർച്ചയില്ല. അതുകൊണ്ട്, സമ്മർദത്തെ—സ്ഥായിയായ രൂപത്തിലുള്ളതിനെ പോലും—നേരിടുന്ന എല്ലാവരും രോഗത്തിന് അടിപ്പെടുമെന്ന് തറപ്പിച്ചു പറയാനാവില്ല. നേരേമറിച്ച്, സമ്മർദത്തിന്റെ അഭാവം നല്ല ആരോഗ്യം ഉറപ്പുതരുമെന്നും പറയാനാവില്ല. ശുഭാപ്തിവിശ്വാസവും ക്രിയാത്മക ചിന്താഗതിയുമുണ്ടെങ്കിൽ രോഗത്തെ അകറ്റാൻ കഴിയുമെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിൽ വൈദ്യചികിത്സ നിരാകരിക്കുന്നതും ബുദ്ധിയായിരിക്കില്ല. ഡോ. ഡാനിയേൽ ഗോൾമൻ ഇപ്രകാരം മുന്നറിയിപ്പുനൽകുന്നു: “മനോഭാവത്തിന് എല്ലാ രോഗങ്ങളെയും ഭേദമാക്കാൻ കഴിയുമെന്ന, ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുന്ന ധാരണയുടെ ഫലമായി മനസ്സിന് രോഗത്തെ സ്വാധീനിക്കാൻ കഴിയുന്ന പരിധി സംബന്ധിച്ച് വ്യാപകമായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടായിട്ടുണ്ട്. രോഗം പിടിപെടുന്നത് ധാർമികമായി വീഴ്ച ഭവിച്ചതിന്റെയോ ആത്മീയ യോഗ്യതയില്ലാത്തതിന്റെയോ സൂചനയാണ് എന്ന ചിന്തയുടെ ഫലമായി, രോഗമുണ്ടാകുമ്പോൾ ആളുകൾക്ക് കുറ്റബോധം തോന്നുന്നുവെന്നത് ഒരുപക്ഷേ അതിലും മോശമായ അതിന്റെ മറ്റൊരു ഫലമാണ്.”
അതുകൊണ്ട്, സാധാരണഗതിയിൽ ഒരു രോഗത്തിന്റെ കാരണത്തെ ഒരൊറ്റ ഘടകത്തിൽ ഒതുക്കിനിർത്താനാവില്ലെന്ന സംഗതി തിരിച്ചറിയേണ്ടതുണ്ട്. എങ്കിലും, സമ്മർദവും രോഗവും തമ്മിലുള്ള ബന്ധം, “സാവധാനം പ്രവർത്തിക്കുന്ന വിഷ”ത്തെ സാധ്യമാകുമ്പോഴൊക്കെ ലഘൂകരിക്കാനാവുന്ന വിധത്തെക്കുറിച്ചു പഠിക്കുന്നത് എത്രമാത്രം ജ്ഞാനപൂർവകമാണെന്ന് ഊന്നിപ്പറയുന്നു.
സമ്മർദത്തെ ലഘൂകരിക്കാൻ കഴിയുന്ന വിധത്തെക്കുറിച്ചു പരിചിന്തിക്കുന്നതിനു മുമ്പ്, സമ്മർദത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചില സന്ദർഭങ്ങളിൽ നിങ്ങൾക്കതു ഗുണകരമായിരിക്കുകപോലും ചെയ്യുന്ന വിധത്തെക്കുറിച്ചും നമുക്ക് കുറേക്കൂടി അടുത്തു പരിചിന്തിക്കാം.
[5-ാം പേജിലെ ചതുരം]
സമ്മർദവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ചില അസുഖങ്ങൾ
• അലർജികൾ
• സന്ധിവീക്കം
• ആസ്ത്മ
• മുതുക്, കഴുത്ത്, തോൾ എന്നിവിടങ്ങളിലെ വേദന
• ജലദോഷം
• വിഷാദം
• അതിസാരം
• ഫ്ളൂ
• ഉദര-കുടൽ രോഗങ്ങൾ
• തലവേദന
• ഹൃദ്രോഗങ്ങൾ
• ഉറക്കമില്ലായ്മ
• ചെന്നിക്കുത്ത്
• ദഹനേന്ദ്രിയ വ്രണങ്ങൾ
• ലൈംഗിക തകരാറുകൾ
• ത്വഗ്രോഗങ്ങൾ
[6-ാം പേജിലെ ചിത്രം]
രോഗികളിൽ നല്ലൊരു ശതമാനം ഡോക്ടറെ കാണുന്നത് സമ്മർദത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തമാണ്