ശാസ്ത്രജ്ഞന്മാർക്കിടയിൽ ഭിന്നതയോ?
“ലോകസത്യത്തെക്കുറിച്ച് അറിയാനുള്ള അന്വേഷണമാണു ശാസ്ത്രം എന്ന ധാരണ നാം തള്ളിക്കളയരുത്. എന്നുവരികിലും, മിക്കപ്പോഴും ആ അന്വേഷണത്തിനു തടയിടുന്ന മനശ്ശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളും നാം പരിഗണിക്കേണ്ടതുണ്ട്.” “വിരുദ്ധ ആശയഗതികൾ: ശാസ്ത്രജ്ഞന്മാരുടെ ഉദ്ദേശ്യങ്ങളും രീതികളും” (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒരു ഉപന്യാസത്തിൽ ടോണി മോർട്ടൻ അപ്രകാരം എഴുതി. പ്രശസ്തിയോ സാമ്പത്തിക നേട്ടമോ രാഷ്ട്രീയ ചായ്വുകൾ പോലുമോ ചിലപ്പോഴൊക്കെ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളെ സ്വാധീനിച്ചിരിക്കുന്നതായി കാണപ്പെടുന്നു.
1873-ൽ കോടതിക്കേസുകളിലുള്ള അത്തരം സ്വാധീനങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടു ജെസെൽ പ്രഭു ഇങ്ങനെ പറഞ്ഞു: “വിദഗ്ധ തെളിവുകൾ എന്നത് . . . അതു പ്രദാനം ചെയ്യുന്നതു ജീവിതവൃത്തിയാക്കിയിരിക്കുന്നവർ സമർപ്പിക്കുന്ന തെളിവുകളാണ്. അത്തരം സാഹചര്യങ്ങളിലെല്ലാം തെളിവുകൾ സമർപ്പിക്കുന്നതിന് അവർക്കു പ്രതിഫലം ലഭിക്കുന്നു. . . . ആ സ്ഥിതിക്ക് അത്തരമൊരാളുടെ മനസ്സ്, അയാൾ എത്രതന്നെ സത്യസന്ധനായിരുന്നാലും, തന്റെ തൊഴിലുടമയുടെ പക്ഷംപിടിക്കാൻ ചായ്വുകാട്ടുക സ്വാഭാവികമാണ്. തന്മൂലം അത്തരം പക്ഷപാതം നാം കാണുന്നു.”
ഉദാഹരണത്തിന്, ഫോറൻസിക് ശാസ്ത്രത്തിന്റെതന്നെ കാര്യം. ഫോറൻസിക് ശാസ്ത്രജ്ഞന്മാർ അങ്ങേയറ്റം പക്ഷപാതികളായിത്തീർന്നേക്കാമെന്ന് ഒരു അപ്പീൽ കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം (ഇംഗ്ലീഷ്) എന്ന പത്രിക ഇങ്ങനെ പ്രസ്താവിച്ചു: “പൊലീസുകാർ ഫോറൻസിക് ശാസ്ത്രജ്ഞന്മാരുടെ സഹായം തേടുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, അവർക്കിടയിൽ ഒരു ബന്ധം ഉടലെടുക്കുന്നുവെന്നു വരാം. . . . ഗവൺമെൻറ് നിയമിത ഫോറൻസിക് ശാസ്ത്രജ്ഞന്മാർ പൊലീസുകാരെ സഹായിക്കുന്നതു തങ്ങളുടെ കടമയായി വീക്ഷിച്ചേക്കാം.” അതേ പത്രിക, ബ്രിട്ടനിലെ മാഗ്വൈറും (1989) വോർഡും (1974) ഉൾപ്പെട്ട ഐആർഎ (ഐറിഷ് റിപ്പബ്ലിക്കൻ സേന) ബോംബുവർഷം സംബന്ധിച്ച കേസുകൾ ഉദാഹരണമായി എടുത്തുകാട്ടുന്നു. അത്, “ശാസ്ത്രീയ നിഷ്പക്ഷത വെടിയാനും പ്രോസിക്യൂഷനെ സഹായിക്കുന്നതു തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽപ്പെടുന്നതായി വീക്ഷിക്കാനുമുള്ള, അങ്ങേയറ്റം അനുഭവപരിചയവും പ്രശസ്തിയുമാർജിച്ച ചില ശാസ്ത്രജ്ഞന്മാരുടെ മനസ്സൊരുക്കത്തിനു വാചാലമായ സാക്ഷ്യം വഹിക്കുന്നു.”
ശ്രദ്ധേയമായ മറ്റൊരു ദൃഷ്ടാന്തമാണ് ഓസ്ട്രേലിയയിൽ നടന്ന ലിൻഡി ചേംബർലെയിൻ കേസ് (1981-82). പിന്നീട് അതിനെ അധികരിച്ച് എ ക്രൈ ഇൻ ദ ഡാർക്ക് എന്ന പേരിൽ ഒരു ചലച്ചിത്രവുമിറങ്ങി. തന്റെ മകൾ അസറിയയെ കൊലചെയ്തുവെന്നതായിരുന്നു ശ്രീമതി ചേംബർലെയിനെതിരെയുള്ള ആരോപണം. ഫോറൻസിക് വിദഗ്ധർ സമർപ്പിച്ച തെളിവുകൾ അവർക്കെതിരെ വിധി കൽപ്പിക്കാൻ കളമൊരുക്കി. കുഞ്ഞിനെ കൊന്നത് ഒരു ഡിങ്കോ (കാട്ടു നായ്) ആണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞെങ്കിലും കൊലക്കുറ്റം ചുമത്തി അവരെ തടവിലാക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം, കുട്ടിയുടെ രക്തത്തിൽക്കുതിർന്ന, അഴുക്കുപുരണ്ട ജാക്കറ്റു കണ്ടെത്തിയപ്പോൾ മുമ്പു സമർപ്പിച്ച തെളിവുകൾ അപര്യാപ്തമെന്നു വന്നു. തത്ഫലമായി, ലിൻഡി ജയിൽമോചിതയായി. അവർക്കെതിരെയുള്ള ആരോപണം അസാധുവാക്കപ്പെട്ടു. മാത്രമല്ല, തെറ്റായ വിധിനിർവഹണത്തിന്റെ പേരിൽ അവർക്കു നഷ്ടപരിഹാരവും ലഭിച്ചു.
ഒരു ശാസ്ത്രജ്ഞൻ മറ്റൊരു ശാസ്ത്രജ്ഞനെതിരെ വാദിക്കുമ്പോൾ വാദപ്രതിവാദം രൂക്ഷമായേക്കാം. ഏതാനും ദശകങ്ങൾക്കു മുമ്പ് താലിഡോമൈഡ് എന്ന മരുന്നിന്റെ ഉത്പാദകർക്കെതിരെയുള്ള ഡോ. വില്ല്യം മക്ബ്രൈഡിന്റെ വെല്ലുവിളി ലോകം മുഴുവൻ വാർത്തയായി. ഗർഭകാലരോഗങ്ങളിൽനിന്നു ശമനം ലഭിക്കാൻ വിപണനം ചെയ്യപ്പെട്ട ആ മരുന്ന് അജാതശിശുക്കളിൽ കൊടിയ അംഗവൈകല്യങ്ങൾക്ക് ഇടവരുത്തിയെന്ന് അഭിപ്രായപ്പെട്ടതോടെ അദ്ദേഹം രായ്ക്കുരാമാനം വീരപുരുഷനായിമാറി. എന്നാൽ, വർഷങ്ങൾക്കുശേഷം അദ്ദേഹം മറ്റൊരു പദ്ധതിയിലേർപ്പെട്ടിരിക്കേ, വിവരങ്ങളിൽ മാറ്റം വരുത്തിയതായി പത്രപ്രവർത്തകനായിത്തീർന്ന ഒരു ഡോക്ടർ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചു. ശാസ്ത്രീയ വഞ്ചനയ്ക്കും തൊഴിൽപരമായ ദുഷ്പെരുമാറ്റത്തിനും കുറ്റക്കാരനെന്നു കണ്ടെത്തി, ഓസ്ട്രേലിയയുടെ വൈദ്യശാസ്ത്ര രജിസ്റ്ററിൽനിന്ന് അദ്ദേഹത്തിന്റെ പേരുവെട്ടി.
ശാസ്ത്രീയ തർക്കവിഷയങ്ങൾ
വിദ്യുത്കാന്തിക മണ്ഡലങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനു ഹാനികരമാണോ അല്ലയോ എന്നതാണു നിലവിലുള്ള ഒരു തർക്കവിഷയം. അത്യന്തം വോൾട്ടേജുള്ള വൈദ്യുത കമ്പികൾ തുടങ്ങി വീട്ടിലുള്ള പേഴ്സണൽ കമ്പ്യൂട്ടറും മൈക്രോവേവ് അവ്നും വരെയുള്ള സംഗതികളുടെ വിദ്യുത്കാന്തികത നമ്മുടെ പരിസ്ഥിതിയെ കാര്യമായി മലീമസമാക്കുന്നുവെന്നാണു ചില തെളിവുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായുള്ള ഉപയോഗംകൊണ്ടു സെല്ലുലാർ ഫോണുകൾ മസ്തിഷ്കത്തിനു ഹാനി വരുത്തിയേക്കാമെന്നും ചിലർ അവകാശപ്പെടുന്നു. ഇനിയും മറ്റുചിലർ, വിദ്യുത്കാന്തിക വികിരണം മൂലം കാൻസറും മരണവുമുണ്ടായേക്കാമെന്നു സൂചിപ്പിക്കുന്ന ശാസ്ത്രീയ പഠനങ്ങളിലേക്കു വിരൽചൂണ്ടുന്നു. അതിന് ഉദാഹരണമെന്ന നിലയിൽ ദി ഓസ്ട്രേലിയൻ എന്ന പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഉയർന്ന വോൾട്ടേജുള്ള വൈദ്യുത കമ്പികൾ തന്റെ വീടിനടിയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ക്യാൻസർ ഉണ്ടായെന്നു കരുതപ്പെടുന്ന ഒരു കുട്ടി മരിച്ചതിന്റെ പേരിൽ ഒരു ബ്രിട്ടീഷ് വൈദ്യുത ബോർഡിനെതിരെ കേസെടുത്തിരിക്കുന്നു.” മെൽബൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു തൊഴിൽചികിത്സാ ഉപദേഷ്ടാവായ ഡോ. ബ്രൂസ് ഹോക്കിങ് ഈ നിഗമനത്തിൽ എത്തിച്ചേർന്നു: “സിഡ്നിയിലെ പ്രധാന ടെലിവിഷൻ പ്രക്ഷേപണ ഗോപുരത്തിന് ഏതാണ്ടു നാലു കിലോമീറ്റർ ചുറ്റളവിൽ കഴിയുന്ന കുട്ടികളിൽ, അതിനു വെളിയിൽ കഴിയുന്ന കുട്ടികളെ അപേക്ഷിച്ച് രക്താർബുദനിരക്ക് രണ്ടുമടങ്ങിലധികമായിരുന്നു.”
പരിസ്ഥിതിവാദികൾ അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ വൻ ബിസിനസ്, വാണിജ്യ സംരംഭങ്ങൾക്ക് “അടിസ്ഥാനരഹിത വിരട്ടൽ പ്രചരണങ്ങൾ” എന്നു തങ്ങൾ വിളിക്കുന്നവയുടെ പേരിൽ കോടിക്കണക്കിനു ഡോളർ നഷ്ടമാകുന്നു. തന്മൂലം അവർ പ്രത്യാക്രമണം നടത്തുകയും ശാസ്ത്ര സമുദായത്തിലെ മറ്റു വിഭാഗങ്ങളിൽനിന്നു പിന്തുണ നേടുകയും ചെയ്യുന്നു.
തർക്കത്തിന് ഇടയാക്കുന്ന മറ്റൊരു ഘടകമാണ് രാസമലിനീകരണം. “മനുഷ്യൻ ഉത്പാദിപ്പിച്ചിട്ടുള്ളതിലേക്കും ഏറ്റവും വിഷമുള്ള രാസവസ്തു” എന്ന് ചിലർ ഡയോക്സിനെ വിളിക്കുന്നു. “ചില സസ്യനാശിനികളുടെ ഉത്പാദനത്തിലെ ഒഴിച്ചുകൂടാനാവാത്ത ഉപോത്പന്നം മാത്ര”മെന്നു മൈക്കൾ ഫൂമെന്റോ വർണിച്ച ഈ രാസവസ്തുവിനെ ചിലർ “ഏജൻറ് ഓറഞ്ചിലെ മുഖ്യ ഘടകം” എന്നു വിളിക്കുന്നു.a വിയറ്റ്നാം യുദ്ധത്തെത്തുടർന്നാണ് അതു പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയത്. തുടർന്ന്, വിമുക്തഭടന്മാരും രാസവസ്തുനിർമാണ കമ്പനികളും തമ്മിൽ നിയമയുദ്ധങ്ങൾ അരങ്ങേറി. ഇരു വിഭാഗങ്ങളും വിരോധികളായ ശാസ്ത്ര വിദഗ്ധരെ അണിനിരത്തുകയും ചെയ്തു.
സമാനമായി, ആഗോളതപനം, ഹരിതഗൃഹ പ്രഭാവം, ഓസോൺ പാളിയുടെ ശോഷണം എന്നിങ്ങനെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ വളരെയധികം പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നു. അന്റാർട്ടിക്കയിലെ പരിസ്ഥിതിസംബന്ധമായ ആശങ്കകളെക്കുറിച്ച് ദ കാൻബെറാ ടൈംസ് വാർത്താപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ആൻവെർ ദ്വീപിലെ ഐക്യനാടുകളുടെ ശാസ്ത്ര ഗവേഷണ കേന്ദ്രമായ പാമർ സ്റ്റേഷനിൽ ശാസ്ത്രജ്ഞന്മാർ നടത്തിയ പഠനം, ഉയർന്ന അൾട്രാവയലറ്റ് വികിരണം പ്ലവകങ്ങളും കക്കാജീവികളും പോലുള്ള താഴ്ന്ന ജീവരൂപങ്ങളെ നശിപ്പിക്കുന്നതായി വെളിപ്പെടുത്തുന്നു. മാത്രമല്ല, ഭക്ഷ്യശൃംഖലയിലെ മറ്റു ജീവരൂപങ്ങളെ അതു ബാധിക്കാനും സാധ്യതയുണ്ട്.” എന്നാൽ, മറ്റനേകം ശാസ്ത്രീയ പഠനങ്ങൾ അത്തരം ആശയഗതിയെ നിരാകരിക്കുകയും ഓസോൺ പാളിയുടെ ശോഷണവും ആഗോളതപനവും സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.
ആ സ്ഥിതിക്ക് ആരു പറയുന്നതാണു ശരി? ഏത് അവകാശവാദവും ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ളവർക്കു കഴിയുന്നതായി തോന്നുന്നു. “ശാസ്ത്രീയ സത്യം ന്യായബോധത്തെയും യുക്തിചിന്തയെയും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവോ അതുപോലെതന്നെ ഒരു പരിധിവരെ അതാതു കാലത്തെ സാമൂഹിക അന്തരീക്ഷവും അതിനെ സ്വാധീനിക്കുന്നുണ്ട്” എന്ന് പാരഡൈംസ് ലോസ്റ്റ് എന്ന ഗ്രന്ഥം പറയുന്നു. ഡയോക്സിനുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് മൈക്കൾ ഫൂമെന്റോ ഇങ്ങനെ സംഗ്രഹിക്കുന്നു: “നാമെല്ലാം ഒന്നുകിൽ വിഷബാധയ്ക്ക് ഇരകളായേക്കാം അല്ലെങ്കിൽ തെറ്റിദ്ധാരണയ്ക്ക് ഇരകളായേക്കാം. അത് നാം ആർക്കു ചെവികൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.”
എങ്കിലും, പരക്കെ അറിയപ്പെടുന്ന ശാസ്ത്രീയ ദുരന്തങ്ങൾ നിസ്സാരമായി തള്ളിക്കളയാനാവില്ല. ശാസ്ത്രം അതിനു കണക്കു ബോധിപ്പിക്കേണ്ടിയിരിക്കുന്നു.
‘അത്യന്തം വേദനാജനകമായ ദുരന്തം’
1948 ആഗസ്റ്റ് 29-നു പ്രകാശനം ചെയ്ത “ബുദ്ധിജീവികൾക്കുള്ള സന്ദേശ”ത്തിൽ (ഇംഗ്ലീഷ്) ആൽബർട്ട് ഐൻസ്റ്റീൻ പിൻവരുന്നപ്രകാരം പ്രസ്താവിച്ചപ്പോൾ അദ്ദേഹം ശാസ്ത്രത്തിന്റെ ഒളിമങ്ങിയ നിമിഷങ്ങളിലേക്ക് ഊളിയിടുകയായിരുന്നു: “നമ്മുടെ സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്തിസഹമായ ചിന്താഗതി മാത്രം പോര എന്നു വേദനാജനകമായ അനുഭവത്തിലൂടെ നാം പഠിച്ചിരിക്കുന്നു. ആഴമായ ഗവേഷണവും സൂക്ഷ്മമായ ശാസ്ത്ര പരീക്ഷണവും ഒട്ടുമിക്കപ്പോഴും മനുഷ്യവർഗത്തിനു ദാരുണമായ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചിട്ടുണ്ട്, . . . അതു മനുഷ്യന്റെതന്നെ കൂട്ടനാശത്തിനുപോലും വഴിയൊരുക്കിയിട്ടുണ്ട്. തീർച്ചയായും അത് അത്യന്തം വേദനാജനകമായ ദുരന്തമാണ്!”
സമീപകാലത്തെ ഒരു അസോഷിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ഇങ്ങനെ വായിക്കുന്നു: “മനുഷ്യരിൽ വികിരണം പരീക്ഷിച്ചതായി ബ്രിട്ടൻ സമ്മതിക്കുന്നു.” ഏതാണ്ടു 40 വർഷമായി ഗവൺമെൻറ് മനുഷ്യരിൽ വികിരണ പരീക്ഷണം നടത്തിയെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. അതിൽ 1950-കളുടെ മധ്യത്തിൽ ദക്ഷിണ ഓസ്ട്രേലിയയിലെ മരലിങ്കയിൽ നടത്തിയ പരീക്ഷണവും ഉൾപ്പെടുന്നു.
മരലിങ്ക എന്ന പേര് “ഇടിമുഴക്കം” എന്നർഥമുള്ള ഒരു ആദിവാസി പദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ഒറ്റപ്പെട്ടുകിടക്കുന്ന ആ പ്രദേശം ബ്രിട്ടനു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ സ്ഥലമായിരുന്നു. ആദ്യത്തെ സ്ഫോടനത്തിനുശേഷം എങ്ങും വിജയത്തിന്റെ അമിതാനന്ദം തുടികൊട്ടി. ഒരു മെൽബൺ വാർത്താപത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “[റേഡിയോ ആക്ടീവതയുള്ള] പുകപടലം ഒന്നൊതുങ്ങിയപ്പോൾ, സ്ഫോടനം നടന്നിടത്തുനിന്നു വെറും അഞ്ചു മൈൽ അകലെ, ഒളിത്താവളത്തിൽനിന്ന് അതു വീക്ഷിച്ച ബ്രിട്ടീഷുകാരും കാനഡക്കാരും ഓസ്ട്രേലിയക്കാരും ന്യൂസിലൻഡുകാരുമായ സൈനികരെ നിരവധി ട്രക്കുകളിലും ജീപ്പുകളിലുമായി സംഭവസ്ഥലത്തേക്കു കൊണ്ടുവന്നു. സകലരുടെയും ചുണ്ടിൽ പുഞ്ചിരി കളിയാടി. അവരെ കണ്ടാൽ ഒരു പിക്നിക് കഴിഞ്ഞു വരുന്നതുപോലുണ്ടായിരുന്നു.”
ബ്രിട്ടീഷ് ഡെയ്ലി എക്സ്പ്രസ് വാർത്താപത്രത്തിന്റെ ശാസ്ത്ര ലേഖകനായ ചാപ്മൻ പിൻഷ്നർ, “കൂണാകാര മേഘങ്ങൾക്കായി വാഞ്ഛിക്കുന്നു” എന്ന ശീർഷകത്തിൽ ഒരു ഗീതംപോലും രചിച്ചു. അതിനു പുറമേ, പരീക്ഷണം തികച്ചും ആസൂത്രിതമായിരുന്നെന്നും ഓസ്ട്രേലിയയിൽ ആർക്കും വികിരണഫലമായി ദോഷമൊന്നും ഉണ്ടാകുകയില്ലെന്നും ഭരണപക്ഷത്തെ ഒരു മന്ത്രി ഉറപ്പു നൽകി. എന്നാൽ, വർഷങ്ങൾക്കുശേഷം വികിരണത്തിനു വിധേയരായവർ മരിക്കാൻ തുടങ്ങുകയും നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ ഒരു പ്രളയംതന്നെയുണ്ടാവുകയും ചെയ്തതോടെ ആ പുഞ്ചിരി മാഞ്ഞു. വീണ്ടുമാരും “കൂണാകാര മേഘങ്ങൾക്കായി വാഞ്ഛി”ച്ചില്ല! വികിരണ മലിനീകരണം നിമിത്തം മരലിങ്ക ഇപ്പോഴും നിരോധിത മേഖലയാണ്.
നെവാദയിൽവെച്ച് ഐക്യനാടുകൾ നടത്തിയ ആറ്റംബോംബ് പരീക്ഷണങ്ങളുടെ ഫലവും ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെ ആയിരുന്നതായി കാണപ്പെടുന്നു. ഉൾപ്പെട്ടിരിക്കുന്നതു ശാസ്ത്രീയ അബദ്ധമല്ല മറിച്ച്, ഒരു രാഷ്ട്രീയ വിവാദവിഷയമാണെന്നാണു ചിലരുടെ അഭിപ്രായം. ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസിൽ ആദ്യത്തെ അമേരിക്കൻ ആറ്റം ബോംബ് നിർമിച്ച റോബർട്ട് ഓപ്പൻഹൈമർ ഇങ്ങനെ പറഞ്ഞു: “ഹൈഡ്രജൻ ബോംബ് ഉപയോഗിക്കണോ എന്നു നിർണയിക്കുന്നത് ഒരു ശാസ്ത്രജ്ഞന്റെ ഉത്തരവാദിത്വമല്ല. അത് അമേരിക്കൻ ജനതയുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്.”
മറ്റൊരു വിധത്തിലുള്ള ദുരന്തം
വൈദ്യചികിത്സയിൽ രക്തമുപയോഗിക്കുന്നതു രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു സാധാരണ രീതിയായിത്തീർന്നു. ശാസ്ത്രം അതിനെ രക്ഷകനായി വാഴ്ത്തിയെന്നു മാത്രമല്ല, അതിന്റെ ഉപയോഗം സുരക്ഷിതമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ എയ്ഡ്സിന്റെ വരവ് വൈദ്യശാസ്ത്രത്തെ പിടിച്ചുലച്ചതോടെ അത് അലംഭാവത്തിൽനിന്നു ഞെട്ടിയുണർന്നു. പെട്ടെന്നുതന്നെ, ജീവരക്ഷാകരമാണെന്നു കരുതിപ്പോന്ന ആ ദ്രാവകം ചിലരെ സംബന്ധിച്ചിടത്തോളം കൊലയാളിയുടെ രൂപം കൈക്കൊണ്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഒരു പ്രമുഖ ആശുപത്രി മേലധികാരി ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ദശകങ്ങളോളം, കാര്യമായി ഒന്നുമറിഞ്ഞുകൂടാത്ത ഒരു വസ്തുവാണു ഞങ്ങൾ കുത്തിവെച്ചുകൊണ്ടിരുന്നത്. അതു വഹിച്ചിരുന്ന ചില രോഗങ്ങളെക്കുറിച്ചുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുത്തിവെക്കുന്ന രക്തത്തിൽ വേറെയും എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നു ഞങ്ങൾക്ക് ഇപ്പോഴുമറിയില്ല. കാരണം, അറിഞ്ഞുകൂടാത്ത ഒരു സംഗതി ഞങ്ങൾക്കു പരിശോധിച്ചു കണ്ടെത്താനാവില്ല.”
വന്ധ്യസ്ത്രീകളിൽ നടത്തുന്ന ഹോർമോൺ വർധക ചികിത്സാരംഗത്തും ഒരു ദാരുണ സംഭവം നടന്നു. ഒരു കുട്ടിയുണ്ടാകുന്നതോടെ ജീവിതം അർഥസമ്പുഷ്ടമാകുമെന്നു കരുതിയ സ്ത്രീകൾ ഈ ചികിത്സയെ അനുഗ്രഹമായി കരുതി. വർഷങ്ങൾക്കുശേഷം അവരിൽ ചിലർ മസ്തിഷ്കത്തിൽ സുഷിരങ്ങളുണ്ടാക്കുന്ന ക്രൂറ്റ്സ്ഫെൽറ്റ്-ജക്കോബ് രോഗം (സിജെഡി) ബാധിച്ചു നിഗൂഢമായ വിധത്തിൽ മരണമടഞ്ഞു. വളർച്ചമുരടിപ്പിന് പ്രതിവിധിയായി ഇതേ ഹോർമോൺ ചികിത്സയ്ക്കു വിധേയരായ കുട്ടികൾ മരണമടയാൻ തുടങ്ങി. മരിച്ചവരുടെ പിറ്റ്യൂട്ടറി ഗ്രന്ഥികളിൽ ശാസ്ത്രജ്ഞന്മാർ ആ ഹോർമോൺ കണ്ടെത്തിയതായി ഗവേഷകർ വെളിപ്പെടുത്തി. മൃതശരീരങ്ങളിൽ ചിലതു സ്പഷ്ടമായും സിജെഡി വൈറസ് വഹിച്ചിരുന്നുവെന്നു മാത്രമല്ല, ആ ഹോർമോൺ ഡോസുകളിൽ ചിലതു മലീമസവുമായിരുന്നു. ഹോർമോൺ ചികിത്സയ്ക്കു വിധേയരായ ചില സ്ത്രീകൾ, സിജെഡി-യുടെ ലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുമ്പു രക്തം ദാനം ചെയ്തതാണ് അതിനേക്കാളൊക്കെ ദാരുണമായ സംഗതി. ഇപ്പോൾ ആ വൈറസ്, ദാനം ചെയ്യപ്പെട്ട രക്തത്തിൽ കാണുമെന്ന ഭയവുമുണ്ട്. കാരണം, അതു പരിശോധിച്ചു കണ്ടുപിടിക്കാൻ യാതൊരു മാർഗവുമില്ല.
ശാസ്ത്രരംഗങ്ങളിലെല്ലാംതന്നെ എന്തെങ്കിലുമൊക്കെ അപകടം പതിയിരുപ്പുണ്ട്. തന്മൂലം, ശാസ്ത്രത്തെ “ആരാധനയും ഭീതിയും, ആശയും നിരാശയും കലർന്ന സമ്മിശ്ര ഭാവത്തോടെ വീക്ഷിക്കുന്നതോടൊപ്പം ആധുനിക വ്യവസായവത്കൃത സമൂഹത്തിന്റെ പല തിന്മകളുടെയും ഉറവിടവും അവയുടെ നിവാരണ മാർഗവുമായി കണക്കാക്കുന്നു” എന്ന് ശാസ്ത്രത്തിന്റെ അസ്വാഭാവിക പ്രകൃതം എന്ന ഗ്രന്ഥം പ്രസ്താവിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.
എന്നാൽ വ്യക്തിപരമായി നമുക്കെങ്ങനെ അപകടം ലഘൂകരിക്കാം? ശാസ്ത്രത്തെക്കുറിച്ചു നമുക്കെങ്ങനെ സമനിലയുള്ള വീക്ഷണം നിലനിർത്താനാകും? തുടർന്നുവരുന്ന ലേഖനം സഹായകമെന്നു തെളിയും.
[അടിക്കുറിപ്പ്]
a വിയറ്റ്നാം യുദ്ധത്തിൽ ചില ഭാഗങ്ങളിലുള്ള വനവൃക്ഷങ്ങളുടെ ഇലപൊഴിച്ചുകളയാൻ ഉപയോഗിച്ച ഒരു സസ്യനാശിനിയാണ് ഏജൻറ് ഓറഞ്ച്.
[6-ാം പേജിലെ ആകർഷകവാക്യം]
ആർക്കും വികിരണഫലമായി ദോഷമൊന്നും ഉണ്ടാകുകയില്ലെന്നു ഭരണപക്ഷത്തെ ഒരു മന്ത്രി ഉറപ്പു നൽകി
[7-ാം പേജിലെ ആകർഷകവാക്യം]
മരലിങ്കയിൽ പരീക്ഷണം നടത്തിയ പ്രദേശം വികിരണത്താൽ മലീമസമാണ്
[8-ാം പേജിലെ ആകർഷകവാക്യം⁄ചിത്രം]
“ഹൈഡ്രജൻ ബോംബ് ഉപയോഗിക്കണോ എന്നു നിർണയിക്കുന്നത് ഒരു ശാസ്ത്രജ്ഞന്റെ ഉത്തരവാദിത്വമല്ല.”
—റോബർട്ട് ഓപ്പൻഹൈമർ, ആറ്റോമിക ശാസ്ത്രജ്ഞൻ
[കടപ്പാട്]
Hulton-Deutsch Collection/Corbis
[9-ാം പേജിലെ ആകർഷകവാക്യം⁄ചിത്രം]
“നമ്മുടെ സാമൂഹിക ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്തിസഹമായ ചിന്താഗതി മാത്രം പോര എന്നു വേദനാജനകമായ അനുഭവത്തിലൂടെ നാം പഠിച്ചിരിക്കുന്നു.”
—ആൽബർട്ട് ഐൻസ്റ്റീൻ, ഭൗതിക ശാസ്ത്രജ്ഞൻ
[കടപ്പാട]
U.S. National Archives photo
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Richard T. Nowitz/Corbis
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
USAF photo