ശാസ്ത്രം സംസാരിക്കുമ്പോൾ—നിങ്ങളെങ്ങനെ ശ്രദ്ധിക്കുന്നു?
പുതിയതും വീണ്ടും രംഗപ്രവേശനം ചെയ്യുന്നതുമായ രോഗങ്ങൾ ശാസ്ത്രത്തിന് ഒരു വെല്ലുവിളിയാണ്. രോഗത്താൽ വലഞ്ഞ ആളുകൾ ശാസ്ത്രം സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നു. മരണഭീതി നിമിത്തം ആളുകൾ ഏറ്റവും പുതിയ സിദ്ധൗഷധം പരീക്ഷിച്ചുനോക്കാൻ പരക്കം പായുകയാണ്. മിക്കപ്പോഴും, ദീർഘകാല ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല.
പലപ്പോഴും, മെച്ചപ്പെട്ട ഗുണനിലവാരത്തോടുകൂടിയ ജീവിതം ആസ്വദിക്കാൻ രോഗികളെ ശാസ്ത്രം സഹായിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് അപകടകാരിയായ രക്തപ്പകർച്ച കൂടാതെയുള്ള ശസ്ത്രക്രിയാരീതികൾ. ശാസ്ത്രവും സാങ്കേതികവിദ്യയും ഭാവനയെ വെല്ലുന്ന കാര്യങ്ങൾ ചെയ്യാൻ മനുഷ്യവർഗത്തിനു ശക്തി പ്രദാനം ചെയ്തിട്ടുണ്ട്. ഒരിക്കൽ ശാസ്ത്ര കൽപ്പിതകഥയായിരുന്നത് ഇപ്പോൾ അനുദിന യാഥാർഥ്യമായിരിക്കുന്നു. എങ്കിലും, ശാസ്ത്രീയമായ എല്ലാ സംഗതികളും മനുഷ്യന്റെ കടുത്ത ആവശ്യങ്ങളാൽ പ്രേരിതമായ പരക്ഷേമകാംക്ഷിയായ സംഗതികളല്ല.
ആരാണു വാസ്തവത്തിൽ സംസാരിക്കുന്നത്?
ശാസ്ത്രത്തിന്റെ അധികഭാഗവും ഭൗതിക നേട്ടത്തെ ഉന്നംവെച്ചിരിക്കുന്നു. മാത്രമല്ല, മുമ്പു സൂചിപ്പിച്ചതുപോലെ പ്രബലമായ ചില വിഭാഗങ്ങൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ചില പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്തിച്ചേരുകയും ആവേശഭരിതരാകുകയും ചെയ്യുന്നതിനുമുമ്പ് ഇങ്ങനെ സ്വയം ചോദിക്കുക: ‘ആരാണു വാസ്തവത്തിൽ സംസാരിക്കുന്നത്?’ ഗൂഢോദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ പഠിക്കുക. വികാരോദ്ദീപകമായ വിവരങ്ങൾ പുറത്തിറക്കിയാലേ വാർത്താ മാധ്യമങ്ങൾക്കു പിടിച്ചുനിൽക്കാനാകൂ എന്നത് ഒരു രഹസ്യമല്ല. പത്രങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനു ചില പത്രക്കാർ എന്തു ചെയ്യാനും തയ്യാറാണ്. താരതമ്യേന ആദരണീയമായിരിക്കുന്ന പത്രികകൾപോലും ഇടയ്ക്കൊക്കെ വികാരോദ്ദീപകമായ വാർത്തകൾ പുറത്തിറക്കാറുണ്ട്.
സ്നേഹവും വെറുപ്പും ഇടകലർന്ന ബന്ധമാണു ശാസ്ത്രവും വാർത്താമാധ്യമവും തമ്മിലുള്ളത്. ശാസ്ത്രത്തിനു നല്ലൊരു പ്രതിച്ഛായ പകരാൻ മാധ്യമങ്ങൾക്കു കഴിയും. നേരേമറിച്ച്, “മിക്കപ്പോഴും ശാസ്ത്രജ്ഞന്മാർ പ്രസ്സ് റിപ്പോർട്ടുകളുടെ നിയന്ത്രണമേറ്റെടുക്കാൻ മുതിരുന്നു. അവരുമായി അഭിമുഖം നടത്തണമെങ്കിൽ, പ്രസിദ്ധീകരിക്കുന്നതിനു മുമ്പു കാര്യങ്ങൾ പുനഃപരിശോധിച്ചു തിരുത്താൻ അവർക്ക് അനുമതി ലഭിച്ചാലല്ലാതെ അവരതിനു സമ്മതിക്കുകയില്ല. റിപ്പോർട്ടർമാർ മിക്കപ്പോഴും വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ ശാസ്ത്രജ്ഞന്മാരുമായി ബന്ധപ്പെടുന്നുവെങ്കിലും വിവരങ്ങൾ സെൻസർ ചെയ്യുമെന്നു ഭയന്നു തങ്ങളുടെ ലേഖനങ്ങൾ അവരെ കാണിക്കാൻ പൊതുവേ വിമുഖത കാട്ടുന്നു.” ശാസ്ത്രം വിൽപ്പനയ്ക്ക് (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഡോറത്തി നെൽക്കിൻ എഴുതുന്നു.
എന്നിട്ട് തന്റെ ആശയം സ്ഥാപിക്കാൻ അവർ ഉദാഹരണങ്ങൾ എടുത്തുകാട്ടുന്നു: “പുതിയ ശാസ്ത്രീയ പുരോഗതികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകൾ ഹതാശരായ ആളുകൾക്കു പ്രത്യാശയ്ക്കു വകയേകുന്നു. . . . രോഗികൾ ഏറ്റവും പുതിയ [ജനരഞ്ജക മാസികയുടെ] പ്രതിയും പിടിച്ചുകൊണ്ട് ഡോക്ടറെ സമീപിച്ച് ഏറ്റവും പുതിയ ചികിത്സ ആവശ്യപ്പെടുന്നു.” അടുത്തതായി ഒരു റിപ്പോർട്ടറെ ഉദ്ധരിച്ചുകൊണ്ടു ഡോറത്തി നെൽക്കിൻ മറ്റൊരു ഉദാഹരണവും നൽകി. ആ റിപ്പോർട്ടർ, ലോകാരോഗ്യത്തെയും തൊഴിലാളികളെയും സംബന്ധിച്ചുള്ള അന്താരാഷ്ട്ര ദൗത്യസേനയുടെ അധ്യക്ഷനോട് “മന്ത്രവാദികൾക്ക് ആഫ്രിക്കയിൽ ഫലപ്രദമായി ചികിത്സ നടത്താൻ സാധിക്കുമെന്നു കരുതുന്നുണ്ടോ” എന്ന് ആരാഞ്ഞു. “ജനങ്ങൾക്കിടയിൽ അവർക്കുള്ള ഉയർന്ന വിശ്വാസ്യത നിമിത്തം ഒരുപക്ഷേ അവർക്കതിനു കഴിഞ്ഞേക്കും” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ പിറ്റേ ദിവസത്തെ പത്രത്തിന്റെ തലക്കെട്ട് എന്തായിരുന്നു? അതിങ്ങനെയായിരുന്നു: “യു.എൻ. വിദഗ്ധൻ കൂടുതൽ മന്ത്രവാദികളെ ശുപാർശ ചെയ്യുന്നു”!
നെൽക്കിന്റെ അഭിപ്രായത്തിൽ, ആധുനിക പ്രവണതയനുസരിച്ച് അധികമധികം ആളുകൾ പുതിയ ശാസ്ത്രീയ വിവരങ്ങൾ തങ്ങൾക്കു ലഭിക്കുന്നതിനു വാർത്താപത്രങ്ങളെയും മാസികകളെയും ആശ്രയിക്കുന്നതായി കാണപ്പെടുന്നതു നിർഭാഗ്യകരമാണ്. ഇനിയും, വായിക്കാനൊരുക്കമില്ലാത്ത അല്ലെങ്കിൽ അതിനു പ്രാപ്തി കുറഞ്ഞ അനേകരുടെയും കാര്യത്തിൽ വിവരങ്ങളുടെ മുഖ്യ സ്രോതസ്സ് ടെലിവിഷനാണ്.
ശാസ്ത്രത്തെക്കുറിച്ച് സമനിലയുള്ള വീക്ഷണം
മനുഷ്യവർഗത്തിനു പ്രയോജനപ്രദമായിരിക്കുന്ന ശാസ്ത്രീയ നേട്ടങ്ങൾ ഉണ്ടെന്നുവരികിലും ശാസ്ത്രജ്ഞന്മാർ മനുഷ്യരാണെന്ന വസ്തുത നാം മനസ്സിൽപ്പിടിക്കണം. അവർ പ്രലോഭന-അഴിമതി വിമുക്തരല്ല. അവരുടെ ആന്തരങ്ങൾ എല്ലായ്പോഴും ശുദ്ധമല്ല. ശാസ്ത്രത്തിനു സമൂഹത്തിൽ അതിന്റേതായ സ്ഥാനമുണ്ടെന്നതു ശരിതന്നെ. എന്നാൽ, അന്ധകാരത്തിൽ ആഴ്ന്നുകൊണ്ടിരിക്കുന്ന ലോകത്തിന് ഒരു മാർഗദീപമെന്ന നിലയിൽ അതിനെ പൂർണമായി ആശ്രയിക്കാനാവില്ല.
ശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും ഊഹാപോഹങ്ങൾ (ഇംഗ്ലീഷ്) എന്ന പത്രിക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ശാസ്ത്ര പ്രമുഖർ എത്രതന്നെ പ്രതാപമുള്ളവരായി . . . കാണപ്പെട്ടാലും അവർക്കപ്പോഴും തെറ്റുപറ്റാമെന്നാണു ശാസ്ത്രചരിത്രം പ്രകടമാക്കുന്നത്.” വാസ്തവത്തിൽ, ചിലരുടെ കാര്യത്തിലാണെങ്കിൽ തെറ്റുപറ്റുക മാത്രമല്ല, അതിലധികവും സംഭവിക്കുന്നുണ്ട്.
ഈ ലേഖനങ്ങളിൽ നൽകിയിരിക്കുന്ന കാരണങ്ങൾ നിമിത്തം ക്രിസ്ത്യാനികൾ ശാസ്ത്രീയ വാദവിവാദങ്ങളിൽ ഏർപ്പെടുന്നതോ തെളിയിക്കപ്പെടാത്ത ശാസ്ത്രീയ സിദ്ധാന്തങ്ങളെ ഉന്നമിപ്പിക്കുന്നതോ ബുദ്ധിയായിരിക്കുകയില്ല. ഉദാഹരണത്തിന്, ചിലർ വിദ്യുത്കാന്തികത നിമിത്തം അങ്ങേയറ്റം ഭയപരവശരായിത്തീർന്നേക്കാം. തന്നിമിത്തം, മൈക്രോവേവ് അവ്നും വൈദ്യുത കമ്പിളികളും സമാനമായ മറ്റ് ഉപകരണങ്ങളും നിർമാർജനം ചെയ്യാൻ അവർ മറ്റുള്ളവരെ സദുദ്ദേശ്യത്തോടെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയെന്നും വരാം. മറ്റൊരാളുടെ വിമർശനം കാര്യമാക്കാതെ തീരുമാനമെടുക്കാൻ ഏതൊരുവനും സ്വാതന്ത്ര്യമുണ്ടെന്നതു ശരിതന്നെ. എന്നാൽ, വ്യത്യസ്തമായ ഒരു തീരുമാനമെടുക്കുന്നയാൾക്കും അതേ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതുകൊണ്ട്, വികാരോദ്ദീപകമായ വാർത്ത പരത്തുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു ബുദ്ധിയായിരിക്കും. അസാധാരണമായ പല അവകാശവാദങ്ങളും ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ചില അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നോ തെറ്റാണെന്നോ ഒടുവിൽ തെളിയുന്നപക്ഷം, അത്തരം അവകാശവാദങ്ങളെ ഉയർത്തിപ്പിടിക്കുന്നവർ വിഡ്ഢികളായി കാണപ്പെടുമെന്നു മാത്രമല്ല അവർ മറ്റുള്ളവർക്ക് അറിയാതെ ദ്രോഹവും ചെയ്തിരിക്കുന്നതായി വരാം.
ബുദ്ധികൂർമതയുടെ ആവശ്യം
മാധ്യമങ്ങളിൽ വിവാദക്കൊടി പാറിച്ച ശാസ്ത്രീയ റിപ്പോർട്ടുകളോടു ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം? ഒന്നാമതായി, അതിന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കുക. ആ ലേഖനത്തിന്റെ അല്ലെങ്കിൽ വാർത്തയുടെ പിന്നിലെ ഉദ്ദേശ്യമെന്താണ്? രണ്ടാമതായി, മുഴു ലേഖനവും വായിക്കുക. വികാരോദ്ദീപകമായ തലക്കെട്ട് ലേഖനത്തിലെ വിശദാംശങ്ങളുമായി ചേർന്നുപോകുന്നുവെന്നു വരില്ല. മൂന്നാമത്തെതും സർവപ്രധാനവുമായ സംഗതി ലേഖകരുടെ നേട്ടങ്ങളുടെ രേഖ പരിശോധിക്കുക എന്നതാണ്. അവർ സത്യമാണോ സംസാരിക്കുന്നത്? അവർക്കെന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടോ?—റോമർ 3:4.
ശാസ്ത്രജ്ഞന്മാരെ ആരെങ്കിലും സംശയദൃഷ്ട്യാ വീക്ഷിക്കുന്നുവെങ്കിൽ ഒരുപരിധിവരെ അതിനു കാരണക്കാർ അവർതന്നെയാണെന്നു പറയാവുന്നതാണ്. തങ്ങൾ നിഷ്പക്ഷമതികളായ സത്യാന്വേഷികളാണെന്ന് അവകാശപ്പെടുന്ന ചില ശാസ്ത്രജ്ഞന്മാരുടെ വിശ്വാസ്യതയ്ക്കു കാര്യമായ മങ്ങലേറ്റിട്ടുണ്ട്. ശാസ്ത്രം നമ്മുടെ ലോകത്തെയും പ്രപഞ്ചത്തെയും കുറിച്ച് ആവേശമുണർത്തുന്ന അറിവിന്റെ ജാലകം തുറന്നുതന്നിട്ടുണ്ട്. എന്നിരുന്നാലും, മെച്ചപ്പെട്ട ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള ശാസ്ത്രാധിഷ്ഠിത ഭാവികഥനങ്ങൾ പ്രത്യാശയ്ക്കു പകരം ഭീതിയും ഉത്കണ്ഠയുമാണ് ഉണർത്തിവിടുന്നത്.
സംഭാവ്യമായ ഭാവി ദുരന്തങ്ങളെക്കുറിച്ചു ചില വിദഗ്ധർ അശുഭസൂചകമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. നോബൽ സമ്മാനജേതാവായ ജോസഫ് റോട്ട്ബ്ലാറ്റ് എന്ന ബ്രിട്ടീഷുകാരനായ ഭൗതിക ശാസ്ത്രജ്ഞൻ തന്റെ ഉത്കണ്ഠ ഇങ്ങനെ പ്രകടമാക്കി: “ശാസ്ത്രീയ രംഗത്തെ മറ്റു പുരോഗതികൾ കൂട്ടനാശത്തിനുള്ള മറ്റൊരു ഉപാധിയായിത്തീർന്നേക്കുമെന്നാണ് എന്റെ ഭയം. അതൊരുപക്ഷേ അണ്വായുധങ്ങളെക്കാളും എളുപ്പത്തിൽ ലഭ്യമായേക്കാം. അതിനു കാരണമായിത്തീരാൻ വളരെ സാധ്യതയുള്ള ഒരു മേഖലയാണു ജനിതക എഞ്ചിനീയറിങ്. കാരണം, ആ രംഗത്തു ഭീതിതമായ സംഭവവികാസങ്ങളാണു നടക്കുന്നത്.” ഓസ്ട്രേലിയയിലെ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസറായ ബെൻ സെലിംഗർ തനിക്കു മുൻകൂട്ടി കാണാനാകുന്ന പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു: “എന്റെ അഭിപ്രായത്തിൽ അടുത്ത പ്രതിസന്ധി ഉടലെടുക്കാൻ കൂടുതൽ സാധ്യതയുള്ളതു ജനിതക എഞ്ചിനീയറിങ്ങിലാണ്. എന്നാൽ, അതെന്താണെന്നോ എങ്ങനെയാണെന്നോ എപ്പോഴാണെന്നോ എനിക്കറിഞ്ഞുകൂടാ.”
നേരേമറിച്ച്, ദൈവവചനമായ ബൈബിൾ ‘നമ്മുടെ പാതെക്കു’ സുനിശ്ചിതവും ആശ്രയയോഗ്യവുമായ ‘പ്രകാശ’മേകുന്നു. ദൈവരാജ്യ ഭരണത്തിൻ കീഴിലെ ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ സമാധാനവും നല്ല ആരോഗ്യവും ലോകൈക്യവും ഉണ്ടായിരിക്കുന്ന ഒരു സുരക്ഷിത ഭാവി നേടിയെടുക്കാൻ അതു നമ്മെ സഹായിക്കും.—സങ്കീർത്തനം 119:105; വെളിപ്പാടു 11:18; 21:1-5.
[11-ാം പേജിലെ ചതുരം]
“കെട്ടുകഥയുടെ പ്രബലമായ ആധിപത്യം”
സമീപവർഷങ്ങളിൽ ചില ശാസ്ത്രജ്ഞന്മാർ, ചാൾസ് ഡാർവിൻ അവതരിപ്പിച്ച പരിണാമസിദ്ധാന്തത്തിന്റെ അതിജീവനം സംബന്ധിച്ചു ഗൗരവാവഹമായ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, തന്മാത്രാജീവശാസ്ത്രജ്ഞന്മാർ.
ജീവശാസ്ത്ര ഗവേഷകനായ മൈക്കിൾ ഡെൻറൺ, പരിണാമം: പ്രതിസന്ധിയിലായ ഒരു സിദ്ധാന്തം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “ഡാർവിന്റെ സിദ്ധാന്തത്തെ തെളിവ് ആവശ്യമില്ലാത്ത ഒരു സ്ഥാപിത പ്രമാണമായി ഉയർത്തിയതുകൊണ്ടുണ്ടായ ദൂഷ്യഫലം, വർഗോത്പത്തിയിൽ ഡാർവിൻ നേരിട്ട യഥാർഥ പ്രശ്നങ്ങളും എതിർപ്പുകളും അപ്പാടെ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. ബന്ധിപ്പിക്കുന്ന കണ്ണികളുടെ അഭാവമോ ഇടയ്ക്കുള്ള ജീവരൂപങ്ങളെ സങ്കൽപ്പിക്കുന്നതിലെ ബുദ്ധിമുട്ടോ വാസ്തവത്തിൽ ചർച്ചചെയ്യപ്പെടുന്നതേയില്ല. മാത്രമല്ല, അനുകൂലനങ്ങളിലെ ഏറ്റവും സങ്കീർണ അനുരൂപീകരണംപോലും പ്രകൃതിനിർധാരണത്തിന്റെ ഫലമാണെന്നു സംശയലേശമന്യേ അവകാശപ്പെടുന്നു.”
അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഈ കെട്ടുകഥയുടെ പ്രബലമായ ആധിപത്യം, പരിണാമസിദ്ധാന്തം ഒരു നൂറ്റാണ്ടു മുമ്പേ തെളിയിക്കപ്പെട്ടതാണെന്ന വ്യാപകമായ മിഥ്യാബോധം ഉളവാക്കിയിരിക്കുന്നു. . . . അത് ഒരു കാരണവശാലും വാസ്തവമല്ല.”—പേജ് 77.
“ക്രമാനുഗതമായ നിരവധി നേരിയ വ്യതിയാനങ്ങളാൽ ഉരുത്തിരിയാൻ സാധ്യതയില്ലാത്ത, സങ്കീർണമായ ഏതെങ്കിലും ഒരവയവം ഉണ്ടെന്നു തെളിയിക്കാനാകുമെങ്കിൽ എന്റെ സിദ്ധാന്തം തറപറ്റിയതുതന്നെ.”—വർഗോത്പത്തി (ഇംഗ്ലീഷ്), ചാൾസ് ഡാർവിൻ, പേജ് 154.
“വിശദീകരിക്കപ്പെടാത്ത, ലഘൂകരിക്കാനാവാത്തവിധം സങ്കീർണമായ ജൈവവ്യവസ്ഥകൾa പെരുകുന്നതിന്റെ അടിസ്ഥാനത്തിൽ, പരാജയത്തിന്റേതായ ഡാർവിന്റെ മാനദണ്ഡം ശാസ്ത്രം അപ്പാടെ സ്ഥിരീകരിക്കുന്നതായി ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു.” (ഡാർവിന്റെ ബ്ലാക്ക് ബോക്സ്—പരിണാമത്തിനെതിരെയുള്ള ജൈവരാസപരമായ വെല്ലുവിളി [ഇംഗ്ലീഷ്], മൈക്കിൾ ജെ. ബീഹി, പേജുകൾ 39-40) മറ്റുവാക്കുകളിൽ പറഞ്ഞാൽ, തന്മാത്രാജീവശാസ്ത്ര രംഗത്തെ സമീപകാല കണ്ടുപിടിത്തങ്ങൾ ഡാർവിന്റെ സിദ്ധാന്തം സംബന്ധിച്ചു ഗൗരവാവഹമായ സംശയങ്ങൾ ഉന്നയിക്കുന്നു.
“കോശത്തിന്റെ പഠനത്തിനായുള്ള—ജീവനെക്കുറിച്ചു തന്മാത്രാതലത്തിലുള്ള പഠനത്തിനായുള്ള—സർവ ശ്രമങ്ങളുടെയും ഫലമായി ഉറച്ച, സ്പഷ്ടമായ, ചെവിതുളയ്ക്കുംവിധമുള്ള ‘രൂപകൽപ്പന!’ എന്ന ആരവം കേൾക്കാം. ഫലം സുസ്പഷ്ടവും സുപ്രധാനവുമായിരിക്കുന്നതിനാൽ അതു ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടണം. ആ കണ്ടുപിടിത്തം ന്യൂട്ടന്റെയും ഐൻസ്റ്റീന്റെയും, ലവോസിയറുടെയും ഷ്രോടിംഗറിന്റെയും, പാസ്ചറുടെയും ഡാർവിന്റെയും കണ്ടുപിടിത്തങ്ങളെ വെല്ലുന്നു. ജീവനു പിന്നിൽ ബുദ്ധിപൂർവകമായ രൂപകൽപ്പനയുണ്ടെന്ന സംഗതി ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന സംഗതിപോലെതന്നെ അതിപ്രധാനമാണ്.”—ഡാർവിന്റെ ബ്ലാക് ബോക്സ്, പേജുകൾ 232-3.
[അടിക്കുറിപ്പുകൾ]
a പരിണാമത്തെയും തന്മാത്രാജീവശാസ്ത്രത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച 1997 മേയ് 8 ഉണരുക!യുടെ 3-17 പേജുകൾ കാണുക.
[10-ാം പേജിലെ ചിത്രം]
മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടായിരിക്കാനുള്ള സാധ്യതയെക്കുറിച്ചോ വിദ്യുത്കാന്തികതയുടെ സാങ്കൽപ്പിക ഫലങ്ങളെക്കുറിച്ചോ ഉള്ള വാഗ്വാദങ്ങൾ ക്രിസ്ത്യാനികൾ ബുദ്ധിപൂർവം ഒഴിവാക്കുന്നു
[കടപ്പാട്]
NASA photo/JPL
NASA photo/JPL