നിങ്ങൾക്കു ശാസ്ത്രത്തെ എത്രത്തോളം ആശ്രയിക്കാം?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഒട്ടുമിക്ക ആളുകളും ശാസ്ത്രത്തെ ശ്ലാഘിക്കുന്നു. വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, വാർത്താവിനിയമം എന്നീ രംഗങ്ങളിലും മറ്റുമുള്ള നിരവധി നേട്ടങ്ങളാണ് അതിനു നിദാനം. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഇന്നു ജീവിക്കുന്ന മിക്കവാറും എല്ലാ ആളുകളുടെയും ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. നിരവധി ശാസ്ത്രജ്ഞന്മാർ തങ്ങളുടെ മുഴു ജീവിതവും ശാസ്ത്രത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുന്നു. ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തിൽ നടത്തുന്ന സത്യസന്ധമായ ശാസ്ത്രീയോദ്യമങ്ങൾ ശ്ലാഘനീയംതന്നെ. വാസ്തവത്തിൽ, ഗ്രന്ഥകർത്താവായ ടോണി മോർട്ടൻ ഇങ്ങനെപോലും പറയുന്നു: “ശാസ്ത്രം നിസ്സംശയമായും ആധുനിക സംസ്കാരത്തിന്റെ ആണിക്കല്ലാണ്.”
ജീവിതത്തിന്റെ എല്ലാ തുറകളിലും യഥാർഥ മൂല്യം വിലയിരുത്തുന്ന കാര്യത്തിൽ സമനില പാലിക്കേണ്ടതിന്റെ ആവശ്യമുണ്ട്. ശാസ്ത്രരംഗവും അതിലുൾപ്പെടുന്നു. സമനിലയുള്ള വീക്ഷണം പുലർത്താൻ നമ്മെ സഹായിക്കുന്നതിന്, നമുക്കു മറ്റൊരു എഴുത്തുകാരന്റെ വാക്കുകൾ പരിശോധിക്കാം. നമ്മുടെ ജീവിതത്തിൽ ശാസ്ത്രം വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹത്തിന് അത്രകണ്ടു നല്ല അഭിപ്രായമില്ല. ശാസ്ത്രത്തിന്റെ അസ്വാഭാവിക പ്രകൃതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ലൂയിസ് വോൾപെർട്ട് ഇങ്ങനെ എഴുതുന്നു: “ശാസ്ത്രം വളരെ തത്പരവിഷയമായിരിക്കുന്നതായും പ്രകീർത്തിക്കപ്പെടുന്നതായും സർവേകൾ സ്ഥിരീകരിക്കുന്നു. അതിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന അവാസ്തവിക വിശ്വാസവും നിലവിലുണ്ട്; എന്നാൽ ഒപ്പംതന്നെ ചിലർ അതിനെ ആഴമായി ഭയപ്പെടുകയും ദ്വേഷിക്കുകയും ചെയ്യുന്നു . . . ശാസ്ത്രജ്ഞന്മാരെ നിർവികാരരും വ്യക്തിത്വമില്ലാത്തവരും ചിന്താശൂന്യരുമായ ടെക്നീഷ്യന്മാരായാണു വീക്ഷിക്കുന്നത്.”
ശാസ്ത്രത്തിന്റെ ഉന്നമനം
ശാസ്ത്രീയ പരീക്ഷണങ്ങൾ പുതിയ കണ്ടുപിടിത്തങ്ങൾക്കു വഴിതെളിക്കുമ്പോഴും അതിൽ എല്ലായ്പോഴും അപകടമുൾപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ കണ്ടുപിടിത്തങ്ങൾ അപകടസാധ്യതയെ വെല്ലുന്നതോടെ പൊതുജനത്തിനു ശാസ്ത്രത്തിലുള്ള വിശ്വാസവും വർധിക്കുന്നു. അതുകൊണ്ട് ശാസ്ത്രം ഒരുപരിധിവരെ, ഗതകാല നേട്ടങ്ങളുടെ മഹത്ത്വത്തിൻ കുടക്കീഴിൽനിന്നുകൊണ്ടു കൂടുതൽ അപകടസാധ്യതയുള്ള പരീക്ഷണങ്ങൾക്കു മുതിർന്നിട്ടുണ്ട്. അങ്ങനെ, വിസ്മയവും ആവേശവും പൂണ്ടു നിരവധിയാളുകൾ ശാസ്ത്രത്തെ മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി വീക്ഷിക്കാൻ ഇടയായിരിക്കുന്നു. തത്ഫലമായി അനേകരും “ശാസ്ത്രം,” “ശാസ്ത്രീയം” എന്നീ പദങ്ങളെ ആത്യന്തിക സത്യവുമായി ബന്ധപ്പെടുത്തുന്നു.
അമേരിക്കൻ പഠനങ്ങൾ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “1920-കളിൽ തുടങ്ങിയ, 1930-കളിൽ വർധമാനമായിത്തീർന്ന ഒരു രീതി, ലാബിലെ വെള്ളക്കുപ്പായമണിഞ്ഞ ശാസ്ത്രജ്ഞന്മാർ ഒരുത്പന്നം അതിന്റെ ബദലുകളെക്കാൾ ‘ശാസ്ത്രീയമായി’ ഉത്കൃഷ്ടമാണെന്ന് ഉപഭോക്താക്കൾക്കു വസ്തുനിഷ്ഠമായി ഉറപ്പേകുന്നതായിരുന്നു. 1928-ൽ നേഷൻ എന്ന ഒരു പത്രികയുടെ മുഖപ്രസംഗം, ‘“ശാസ്ത്രത്തിന്റെ അഭിപ്രായത്തിൽ” എന്നു തുടങ്ങുന്ന ഒരു വാചകം പൊതുവേ, സാമൂഹിക കൂടിവരവുകളിൽ ഏതൊരു വാഗ്വാദത്തിനും വിരാമമിടുന്നതായോ ടൂത്ത്പേസ്റ്റു മുതൽ റെഫ്രിജറേറ്റർ വരെ ഏതൊരു വസ്തുവും വിറ്റുകിട്ടാൻ ഇടയാക്കുന്നതായോ കാണപ്പെടുന്നു’ എന്നു വിലപിച്ചു.”
എന്നാൽ ശാസ്ത്രം എല്ലായ്പോഴും ആത്യന്തിക സത്യത്തിന്റെ പര്യായമാണോ? നൂറ്റാണ്ടുകളിലുടനീളം ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കു ശക്തമായ എതിരാളികളും ഉണ്ടായിരുന്നിട്ടുണ്ട്. ചില എതിർപ്പുകളിൽ കഴമ്പില്ലായിരുന്നു; മറ്റു ചിലതിനു നല്ല അടിസ്ഥാനമുള്ളതായി തോന്നിച്ചു. ഉദാഹരണത്തിന്, ഗലീലിയോയുടെ കണ്ടുപിടിത്തങ്ങൾ കത്തോലിക്കാ സഭയുടെ രോഷം ആളിക്കത്തിച്ചു. മനുഷ്യന്റെ ഉത്ഭവം സംബന്ധിച്ച ശാസ്ത്രീയ സിദ്ധാന്തങ്ങൾക്കു ശാസ്ത്രീയവും ബൈബിളധിഷ്ഠിതവുമായ പ്രതികൂല പ്രതികരണങ്ങളെ നേരിടേണ്ടിവന്നു. അതുകൊണ്ട്, ഓരോ പുതിയ ശാസ്ത്രീയ കണ്ടുപിടിത്തത്തിനും വക്താക്കളും വൈരികളും ഉണ്ടെന്നുള്ളതിൽ തെല്ലും അതിശയിക്കാനില്ല.
“അജ്ഞനല്ലാതെ ശാസ്ത്രത്തിന് [അല്ലെങ്കിൽ ജ്ഞാനത്തിന്] വേറെ ശത്രുവില്ല” എന്ന് ഒരു പുരാതന ലത്തീൻ പഴമൊഴി പറയുന്നു. അതു മേലാൽ സത്യമായിരിക്കുന്നില്ല. കാരണം, ശാസ്ത്രം പണ്ടെന്നത്തെക്കാളും ഇന്ന് ആക്രമണ വിധേയമാണ്—എന്നാൽ അജ്ഞരാലല്ല. ശാസ്ത്രം ആക്രമണാതീതമാണെന്ന് ഒരിക്കൽ അനേകരും കണക്കാക്കിയിരുന്നെങ്കിലും അതിന്റെ ചില മുൻകാല വക്താക്കൾ അതിനെ ഇപ്പോൾ എതിർക്കുന്നതായി കാണുന്നു. അവരിൽ വലിയൊരു സംഖ്യ അതിന്റെ ന്യായാധിപനും ജൂറിയും വധനിർവാഹകനും ആയിത്തീർന്നിരിക്കുന്നുവെന്നു പറയാവുന്നതാണ്. പ്രസിദ്ധ ശാസ്ത്ര പഠനകേന്ദ്രങ്ങൾ ഇപ്പോൾ മിക്കവാറും പോർക്കളമായി മാറിയിരിക്കുന്നു. മുൻകാല ശാസ്ത്രീയ വമ്പന്മാരിൽ ചിലരുടെ വഞ്ചനയും അഴിമതിയും വെളിച്ചത്തു വന്നതാണു പ്രശ്നങ്ങൾക്ക് ഒരു കാരണം.
അതുകൊണ്ട്, പിൻവരുന്ന ചോദ്യം മുമ്പെന്നത്തേക്കാളുമധികം കൂടെക്കൂടെ ഉന്നയിക്കപ്പെടുന്നു: ശാസ്ത്രത്തെ വാസ്തവമായും അപ്പാടെ ആശ്രയിക്കാമോ? അധികമധികമാളുകൾ ഈ ചോദ്യം ഉന്നയിക്കുന്നതിന്റെ ചില കാരണങ്ങൾ തുടർന്നുവരുന്ന ലേഖനം വിവരിക്കുന്നു.
[4-ാം പേജിലെ ആകർഷകവാക്യം⁄ചിത്രം]
ശാസ്ത്രം എല്ലായ്പോഴും ആത്യന്തിക സത്യത്തിന്റെ പര്യായമാണോ?