“ഏറ്റവും കുപ്രസിദ്ധിയാർജിച്ച ശാസ്ത്രവഞ്ചന”
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ഈ നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധിയാർജിച്ച ശാസ്ത്രവഞ്ചന” 1912-ൽ കണ്ടെടുത്ത പിൽറ്റ്ഡൗൺ മനുഷ്യനാണെന്ന് ലണ്ടന്റെ ദ ടൈംസ് പറയുന്നു. 1953-ലാണ് അതൊരു വഞ്ചനയാണെന്നു തുറന്നുകാട്ടപ്പെട്ടത്. അതായത്, മനുഷ്യപാരമ്പര്യത്തിന്റെ ഏതോ സാങ്കൽപ്പിക പരിണാമശൃംഖലയിലെ ഒരു നഷ്ടപ്പെട്ട കണ്ണി ആയിരിക്കുന്നതിനുപകരം ആ തലയോട്ടി ഒരു ആധുനിക മനുഷ്യന്റേതായിരുന്നുവെന്നും കീഴ്ത്താടി ഒരു ഒറാങ് ഉട്ടാന്റേതായിരുന്നുവെന്നും ശാസ്ത്രീയ പരീക്ഷണങ്ങൾ തെളിയിച്ചശേഷം. ഇത്രയും സമർഥമായ ഒരു തന്ത്രത്തിനു രൂപംകൊടുത്തത് ആരാണ്?
വർഷങ്ങളോളം സംശയത്തോടെ വീക്ഷിച്ചിരുന്നത് അവശിഷ്ടങ്ങൾ കണ്ടെടുത്ത അഭിഭാഷകനും അമച്ച്വർ ഭൂഗർഭശാസ്ത്രജ്ഞനുമായ ചാൾസ് ഡൗസനെയാണ്. ഒരു കടുത്ത പരിണാമവാദിയും റോയൽ കോളെജ് ഓഫ് സർജൻസിന്റെ മുൻ പ്രധാന ഉദ്യോഗസ്ഥനുമായ സർ ആർതർ കീത്തും ബ്രിട്ടീഷ് ഗ്രന്ഥകാരനായ സർ ആർതർ കോനാൻ ഡോയ്ലും ഫ്രഞ്ച് പുരോഹിതനായ പ്യെർ ടെയ്ൽഹാർഡ് ദെ ചാർഡിനുമാണ് സംശയത്തിന്റെ കുരുക്കിൽ വീണ മറ്റു ചിലർ. എങ്കിലും അതിന് ശക്തമായ തെളിവുകളൊന്നുമില്ലായിരുന്നു. ഒടുവിൽ ഡൗസനാണ് ഉത്തരവാദിയെന്ന് മുദ്രകുത്തി.
യഥാർഥ കുറ്റവാളിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ലണ്ടനിലെ നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന മാർട്ടിൻ എ. സി. ഹിന്റൺ. 1961-ൽ അദ്ദേഹം മരണമടഞ്ഞു. ഒമ്പതു വർഷം മുമ്പ്, ഹിന്റണിന്റെ ഒരു കാൻവാസ് പെട്ടി മ്യൂസിയത്തിൽനിന്നു കണ്ടെടുക്കപ്പെട്ടു. അതിനകത്ത് ആനക്കൊമ്പും ഒരു കാണ്ടാമൃഗത്തിന്റെ ഫോസിൽ കഷണങ്ങളും മറ്റ് അസ്ഥികളും ഉണ്ടായിരുന്നു. അവയെല്ലാം സൂക്ഷ്മമായി വിശകലനം ചെയ്യപ്പെട്ടു. എല്ലാറ്റിനും ഇരുമ്പും മാംഗനീസും ഉപയോഗിച്ച് നിറംകൊടുത്തിരുന്നു. പിൽറ്റ്ഡൗൺ അസ്ഥികളിൽ കാണപ്പെട്ട അതേ അളവിൽ. പല്ലുകളിൽ കാണപ്പെട്ട ക്രോമിയമാണ് സംഗതി സ്ഥിരീകരിച്ചത്. നിറംകൊടുക്കാൻ ഇതും ഉപയോഗിച്ചിരുന്നു.
യാഥാർഥ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ലണ്ടനിലുള്ള കിങ്സ് കോളെജിലെ പ്രൊഫസറായ ബ്രയൻ ഗാർഡിനർ ഇപ്രകാരം പറഞ്ഞു: “ഹിന്റൺ ഉപദ്രവകാരിയായ ഒരു തമാശക്കാരനായിട്ടാണ് അറിയപ്പെട്ടിരുന്നത്. . . . [അയാളുടെ] ഉദ്ദേശ്യം ചില എഴുത്തുകളാൽ വെളിവാക്കപ്പെടുന്നു.” ഗാർഡിനർ ഉപസംഹരിച്ചു: ഇത് അയാളുടെ പണിയാണെന്ന് എനിക്കു 100 ശതമാനം ഉറപ്പുണ്ട്.” തനിക്ക് അവകാശപ്പെട്ടതാണെന്ന് കരുതിയ അംഗീകാരമോ പണമോ നൽകാഞ്ഞതിന് ഹിന്റൺ തന്റെ മേലധികാരിയായ ആർതർ സ്മിത്ത് വുഡ്വേർഡിനോടു പ്രതികാരം ചെയ്തതാണെന്ന് തെളിവുകൾ കാണിക്കുന്നു. വുഡ്വേർഡിനെ പറ്റിക്കുന്നതിൽ ഹിന്റൺ വിജയിച്ചു. മരണംവരെ പിൽറ്റ്ഡൗൺ മനുഷ്യൻ യഥാർഥമാണെന്ന് വുഡ്വേർഡ് ഉറച്ചുവിശ്വസിച്ചിരുന്നു. അദ്ദേഹം മരിച്ച് അഞ്ചു വർഷം കഴിഞ്ഞാണ് കള്ളി വെളിച്ചത്താകുന്നത്. ഒരൊറ്റ ചോദ്യത്തിനേ ഉത്തരം കിട്ടാനുള്ളൂ: വുഡ്വേർഡ് ഈ വഞ്ചനയെ പരസ്യമായി അംഗീകരിച്ചശേഷവും ഹിന്റൺ എന്തുകൊണ്ട് കുറ്റം ഏറ്റെടുത്തില്ല? പിൽറ്റ്ഡൗൺ മനുഷ്യന് ശാസ്ത്രലോകത്ത് ഇത്ര വേഗത്തിൽ അംഗീകാരം കിട്ടിയതുകൊണ്ട് കള്ളി മറച്ചുവെക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നു ഹിന്റണു തോന്നിയതായി കാണപ്പെടുന്നു.
ഇത്ര പ്രമുഖരായ വ്യക്തികൾ പിൽറ്റ്ഡൗൺ തലയോട്ടിയെ അംഗീകരിച്ചതുകണ്ട് പൊതുജനവും കബളിപ്പിക്കപ്പെട്ടു. ലോകമൊട്ടാകെയുള്ള കാഴ്ചബംഗ്ലാവുകൾ തലയോട്ടിയുടെ പകർപ്പുകളും ഫോട്ടോകളും പ്രാമുഖ്യത്തോടെ പ്രദർശിപ്പിച്ചു. പുസ്തകങ്ങളും പത്രികകളും വാർത്ത അതിവേഗം പ്രചരിപ്പിച്ചു. ഹിന്റണിന്റെ ഉപദ്രവകരമായ തമാശയുടെ ദോഷഫലങ്ങൾ അസംഖ്യമാണ്. ബൈബിളിന്റെ ഈ പ്രസ്താവന എത്രയോ വാസ്തവം: “കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.”—സദൃശവാക്യങ്ങൾ 26:18, 19.
[31-ാം പേജിലെ രേഖാചിത്രം]
ഇരുണ്ട ഭാഗങ്ങൾ മനുഷ്യ കപാലത്തിന്റെ ശകലങ്ങളാണ്
വെളുത്ത മുഴുഭാഗവും കുമ്മായം കൊണ്ടുണ്ടാക്കിയതാണ്
ഇരുണ്ട ഭാഗങ്ങൾ ഒരു ഒറാങ് ഉട്ടാന്റെ താടിയുടെയും പല്ലിന്റെയും ശകലങ്ങളാണ്