നിങ്ങൾ പല്ലിറുമ്മാറുണ്ടോ?
പുരാതനകാലം മുതൽക്കേ, സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ ആളുകൾ പല്ലിറുമ്മാറുണ്ട്. ദേഷ്യത്തെയോ കഠോരവേദനയെയോ കുറിക്കാൻ ബൈബിൾ മിക്കപ്പോഴും പല്ലിറുമ്മുക അഥവാ പല്ലുകടിക്കുക എന്ന പദം ഉപയോഗിക്കുന്നു. (ഇയ്യോബ് 16:9; മത്തായി 13:42, 50) ദേഷ്യവും സമ്മർദവും നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കോടിക്കണക്കിനാളുകൾ അക്ഷരാർഥത്തിൽ പല്ലുകടിക്കുന്നു. എങ്കിലും പലരും അതിനെക്കുറിച്ചു ബോധവാന്മാരല്ല. അവരുടെ പല്ലുകൾക്കു തേയ്മാനം സംഭവിച്ചേക്കാം.
ചിലർ പല്ലിറുമ്മുന്നത് എന്തുകൊണ്ടാണ്? കാരണങ്ങൾ സങ്കീർണമാണ്, അവ മുഴുവനായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ വൈകാരിക സമ്മർദമാണ് മുഖ്യ കാരണം. യുസി ബെർക്ലി വെൽനെസ് ലെറ്റർ ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: “തങ്ങൾ വൈവാഹികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായോ അവസാനവർഷ പരീക്ഷ എഴുതാൻ പോകുന്നതായോ ജോലി പോകുമെന്നു ഭയക്കുന്നതായോ സമ്മർദത്തിൻ കീഴിലായിരിക്കുന്നതായോ പല്ലിറുമ്മുന്നവർ മിക്കപ്പോഴും പറയുന്നു.” മേൽനിരയിലെയും കീഴ്നിരയിലെയും പല്ലുകൾ തമ്മിലുള്ള സമ്പർക്കത്തിലെ തകരാറോ ഉറക്കത്തിനു നേരിടുന്ന തടസ്സങ്ങളോ മദ്യപാനമോ ഒക്കെയാണ് ഇതിന്റെ മറ്റു കാരണങ്ങളും ഘടകങ്ങളും. അതുകൊണ്ട് പല്ലിറുമ്മുന്ന ശീലമുള്ളവർ മദ്യപാനം കുറയ്ക്കുക; കിടക്കാൻ പോകുന്നതിനു മുമ്പായി ഇളം ചൂടുവെള്ളത്തിൽ കുളിക്കുക; മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ ഒരു സുഹൃത്തിനോടോ വിശ്വസ്തനായ ഉപദേശകനോടോ സംസാരിക്കുക എന്നിങ്ങനെ ലളിതമായ ചില പടികൾ സ്വീകരിക്കേണ്ടതാണെന്ന് വെൽനെസ് ലെറ്റർ നിർദേശിക്കുന്നു.
പകൽസമയത്ത് പല്ലിറുമ്മുന്നതോ പല്ലുഞെരിക്കുന്നതോ നിങ്ങൾക്കു മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഉറക്കത്തിൽ അങ്ങനെ ചെയ്യുന്നുണ്ടോയെന്ന് എങ്ങനെ അറിയും? ചിലപ്പോൾ, ബ്രൂക്സിസം എന്നറിയപ്പെടുന്ന സ്ഥായിയായ പല്ലിറുമ്മൽ, നിങ്ങളോടൊപ്പം ഒരേ മുറിയിൽ കിടന്നുറങ്ങുന്ന മറ്റൊരാളെ ഉണർത്തത്തക്കവിധം ഉച്ചത്തിലായിരിക്കും. ഉണരുമ്പോൾ ചെന്നിയിൽ വേദന അനുഭവപ്പെടുകയോ താടിയെല്ലുകളിൽ ഒരു പ്രത്യേക ശബ്ദം കേൾക്കുകയോ ചെയ്തേക്കാം.a നിങ്ങളുടെ പല്ലുകൾക്കു വളരെ തേയ്മാനം സംഭവിച്ചിരിക്കുന്നതായിപോലും ദന്തരോഗവിദഗ്ധന്റെ ശ്രദ്ധയിൽപ്പെട്ടേക്കാം. രാത്രിയിൽ പല്ലിനിടയിൽ എന്തെങ്കിലും വെക്കുന്നതുപോലെ അൽപ്പം ആശ്വാസം നൽകുന്ന പടികൾ അദ്ദേഹം നിർദേശിക്കും. ഇതുപോലുള്ള ഒരു മൗത്ത് ഗാർഡ് പല്ലിറുമ്മൽ നിർത്താൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതല്ലെങ്കിലും നിങ്ങളുടെ പല്ലുകൾക്കു കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അതു സഹായിക്കും. സാഹചര്യം എന്തുതന്നെയായിരുന്നാലും, ശാന്തരാകുക! നിങ്ങളുടെ ഉത്കണ്ഠ കുറയുന്തോറും പല്ലിറുമ്മൽശീലവും കുറഞ്ഞേക്കാം.
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്ക് 1991 ജൂൺ 22 ലക്കത്തിലെ ഉണരുക!യുടെ (ഇംഗ്ലീഷ്) 20-22 പേജുകൾ ദയവായി കാണുക.