ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കണക്കുബോധിപ്പിക്കൽ “നമ്മുടെ പ്രവൃത്തികൾക്കു നാം കണക്കുബോധിപ്പിക്കേണ്ടവരോ?” (സെപ്റ്റംബർ 22, 1996) എന്ന നിങ്ങളുടെ ശ്രദ്ധേയമായ ലേഖനപരമ്പരയ്ക്കു നന്ദി. ഈ ലേഖനങ്ങൾ, ഞങ്ങളുടെ നഗരത്തിലെ ബിസിനസ് പ്രവിശ്യയിൽ കണ്ടുമുട്ടിയ അഭിഭാഷകർ, ഇൻഷ്വറൻസ് ഏജൻറുമാർ, ബിസിനസ് എക്സിക്യൂട്ടീവുകൾ, പുസ്തക പ്രസാധകർ, പ്രാദേശിക ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായും മറ്റ് ആളുകളുമായും നല്ല ചർച്ചകൾ ആരംഭിക്കുന്നതിൽ തികച്ചും ഫലപ്രദമായി ഞാൻ കണ്ടെത്തി. “അത് എന്റെ കുറ്റമല്ല” എന്ന ലേഖനം നഗര പാർക്കിങ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥയെ ഞാൻ കാണിച്ചു. “വളരെ ചുരുക്കം പേരേ സ്വന്തം കുറ്റം സമ്മതിക്കുന്നുള്ളൂ” എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവരെന്റെ കയ്യിൽനിന്നും ഉത്സാഹത്തോടെ തട്ടിപ്പറിക്കുന്നതുപോലെയാണ് അതു കരസ്ഥമാക്കിയത്. തന്റെ സ്ഥാപനത്തിലെ എല്ലാ ജോലിക്കാരും അതു വായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു.
ബി. എസ്., ഐക്യനാടുകൾ
ഉല്ലാസ സമയങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കെങ്ങനെ ഉല്ലസിക്കാൻ കഴിയും?” (സെപ്റ്റംബർ 22, 1996) എന്ന ലേഖനത്തിനു നന്ദി. എനിക്കു വയസ്സ് 15. ഞങ്ങളുടെ സഭയിൽ നിരവധി യുവജനങ്ങളുണ്ട്. ഞങ്ങൾ മിക്കപ്പോഴും കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നു. ഉദാഹരണമായി, ഞങ്ങൾ ചിലപ്പോൾ രാവിലെ പ്രസംഗവേലയ്ക്കു പോകുകയും ഉച്ചകഴിഞ്ഞു നീന്താൻ പോകുകയും ചെയ്യാറുണ്ട്. അതു നല്ല രസമാണ്! ചിലപ്പോൾ ഞങ്ങളുടെ സഭയിലെ മറ്റുള്ളവരും കൂടെ വരും. ഞങ്ങൾക്ക് ശരിയായ തരത്തിലുള്ള സഹവാസമാണുള്ളതെന്ന അറിവ് ഞങ്ങളുടെ മാതാപിതാക്കൾക്കും ആശ്വാസകരമാണ്.
ഐ. ഡബ്ലിയു., ജർമനി
സിക്കിൾ സെൽ അനീമിയ “സിക്കിൾ സെൽ അനീമിയ—അറിവ് ഏറ്റവും നല്ല പ്രതിരോധം” (ഒക്ടോബർ 8, 1996) എന്ന ലേഖനം ഞാൻ പലയാവർത്തി വായിച്ചു. അതെന്റെ അവസ്ഥയെ വർണിക്കുന്നു! 18 വർഷമായി ഞാൻ ഈ രോഗത്തോടു മല്ലിടുന്നു. നിറകണ്ണുകളോടെയാണു ഞാനതു വായിച്ചത്. ഈ രോഗം നിമിത്തം ദുരിതമനുഭവിക്കുന്നവരെ നിങ്ങൾ ഓർമിച്ചതിൽ എനിക്കു സന്തോഷം തോന്നി.
ആർ. എസ്., ഇറ്റലി
എനിക്ക് സിക്കിൾ സെൽ അനീമിയ ഉണ്ട്. മറ്റനേകർക്കും ഇതുണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. എന്റെ വേദനയെക്കുറിച്ചും ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു. എന്റെ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അധ്യാപകരെ സഹായിക്കുന്നതിന് എന്റെ മമ്മി അവർക്ക് ആ ലേഖനത്തിന്റെ കോപ്പികൾ കൊടുത്തു.
എ. എച്ച്., ഐക്യനാടുകൾ
സിക്കിൾ സെൽ അനീമിയ നിമിത്തം എനിക്ക് എന്റെ അനുജനെ നഷ്ടമായി. നൈജീരിയയിൽ വർഷം 60,000 ആളുകൾ ഇതുനിമിത്തം മരിക്കുന്നു. അതുകൊണ്ട് ആ ലേഖനം ഒരു യഥാർഥ പ്രശ്നത്തെയാണ് കൈകാര്യം ചെയ്തത്. ഓരോ നൈജീരിയൻ കുടുംബവും അതു വായിക്കേണ്ടതുണ്ട്. അതു തികച്ചും വിജ്ഞാനപ്രദമായിരുന്നു. ഒരു പുതിയ കാഴ്ചപ്പാടിലൂടെയായിരുന്നു അത് അവതരിപ്പിക്കപ്പെട്ടത്.
എഫ്. എ., നൈജീരിയ
സിക്കിൾ സെൽ അനീമിയയെക്കുറിച്ചുള്ള ഈ ലേഖനം സംബന്ധിച്ച എന്റെ വികാരങ്ങൾ നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്കാവില്ല. ഞാൻ 26 വർഷമായി ഈ രോഗം അനുഭവിച്ചു വരുകയായിരുന്നു. പക്ഷേ എനിക്ക് ഈ വിവരങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു. ലേഖനത്തിനു വളരെയേറെ നന്ദി.
ഡി. സി., സാംബിയ
പരസ്പരം കോർത്തിണക്കുന്ന സ്നേഹം പ്രിയ സഹോദരങ്ങളേ, “ബൈബിളിന്റെ വീക്ഷണം—പരസ്പരം കോർത്തിണക്കുന്ന സ്നേഹം” (ഒക്ടോബർ 8, 1996) എന്ന ലേഖനം അച്ചടിച്ചതിനു നിങ്ങൾക്കു നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണം ഉൾപ്പെടെ, വിശ്വാസത്തെപ്രതി ഞാൻ വർഷങ്ങളോളം നിരവധി പരിശോധനകളെ അഭിമുഖീകരിച്ചു. പക്ഷേ അവയെക്കാളൊക്കെ ഏറ്റവും കഠിനമായ പരിശോധനയായിരുന്നു സഭയ്ക്കുള്ളിൽത്തന്നെയുള്ള ഒരു വ്യക്തിയിൽനിന്നു നേരിടേണ്ടിവന്നത്. യഹോവ എന്റെ കണ്ണുനീരും വ്രണിത ഹൃദയത്തിന്റെ വേദനയും അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്നു കാണാൻ എന്നെ സഹായിച്ച ഈ ലേഖനം, എനിക്കു ശക്തിയും ആശ്വാസവും പ്രദാനം ചെയ്തു. അപ്പോസ്തലനായ പൗലൊസിനു പോലും സമാനമായ വ്രണപ്പെടുത്തലുകൾ സഹിക്കേണ്ടിവന്നുവെന്നു ഞാൻ മനസ്സിലാക്കി. കാലക്രമേണ യഹോവ എന്റെ മുറിവുകൾ ഉണക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
എസ്. ബി., കാനഡ
ഈ ദുഷ്ട വ്യവസ്ഥിതിയിൽ, ഒരുവന് ആത്മീയ കാര്യങ്ങളിലുള്ള ഏകാഗ്രത നഷ്ടപ്പെടാൻ എളുപ്പമാണ്. ലേഖനം എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രോത്സാഹജനകവും പ്രചോദനാത്മകവുമായിരുന്നു. കുറച്ചു നാളുകളായി, ഞാൻ ദൈനംദിന ജീവിതോത്കണ്ഠകൾ നിമിത്തം വളരെയേറെ സമ്മർദം അനുഭവിച്ചു വരുകയായിരുന്നു. ഈ ലേഖനം നമ്മുടെ അപൂർണമായ വികാരങ്ങളിൽ ആശ്രയിക്കുന്നതിനുപകരം യേശുവിന്റെ സ്നേഹത്തിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
എ. എം., ഐക്യനാടുകൾ
എനിക്ക് ഒരു രാസ അസന്തുലിതാവസ്ഥ നിമിത്തമുള്ള വിഷാദരോഗമുണ്ട്. വിഷാദത്തെ തരണംചെയ്യുന്നതിൽ ഒരു പടികൂടി മുന്നേറാൻ ലേഖനം എന്നെ സഹായിച്ചു.
ബി. യു., ഐക്യനാടുകൾ