തന്ത്രശാലിയായ ഒരു ബിഷപ്പിനെ പരാജയപ്പെടുത്തിയ വിവേകമതിയായ രാജ്ഞി
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിലെ കാതറിൻ പാർ രാജ്ഞി. തന്റെ വിശ്വസ്ത തോഴിമാരോടു കൂടെ ആയിരിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം തോന്നുന്നു. രോഗവും കൊട്ടാരത്തിലെ ഉപജാപങ്ങളും ഹെന്റി എട്ടാമൻ രാജാവിന്റെ ആരോഗ്യസ്ഥിതി വഷളാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്ഞി ഒരു കൂട്ടുകാരിയോട് സംസാരിച്ചിരിക്കവേ അവരുടെ തോഴിമാരിൽ ഒരുവൾ പെട്ടെന്ന് അകത്തേക്കു കയറിവരുന്നു. അവളുടെ കയ്യിൽ ഒരു കടലാസുണ്ട്. ഓടിക്കിതച്ച് എത്തിയ അവൾ അത് കാതറിന്റെ കയ്യിൽ കൊടുക്കുമ്പോൾ ആശങ്കയോടെ അവർ അതു വാങ്ങുന്നു. തോഴിയുടെ മുഖത്തെ പ്രയാസം കണ്ട് രാജ്ഞി ആകുലചിത്തയാണ്. രാജ്ഞിയുടെ അന്തഃപുരത്തിന് വെളിയിൽ കിടന്നു കിട്ടിയ അത്, ഏതോ കൊട്ടാര ഉദ്യോഗസ്ഥന്റെ കയ്യിൽനിന്ന് അബദ്ധവശാൽ താഴെ വീണു പോയതായിരിക്കാനാണു സാധ്യത.a
അതു വായിക്കവേ കാതറിന്റെ മുഖം വിവർണമാകുന്നു. ആദ്യം അവർക്ക് അതു വിശ്വസിക്കാൻ ആകുന്നില്ല. ക്രമേണ കൊടുംഭീതി അവരെ ഗ്രസിക്കുന്നു. തന്നെ മതവിരോധിയായി ആരോപിച്ച് നിരത്തിയിരിക്കുന്ന കുറ്റങ്ങളുടെ ഒരു പട്ടികയാണത്. രാജാവിന്റെ ഒപ്പും അതിൽ ഉണ്ട്. പൊട്ടിക്കരഞ്ഞു പോയി അവർ. കുഴഞ്ഞു വീഴാൻ തുടങ്ങിയ അവരെ കൂട്ടുകാരികൾ താങ്ങിപ്പിടിക്കുന്നു. ശാന്തത കൈവരിക്കാനും വ്യക്തമായി ചിന്തിക്കാനും അവർ ശ്രമിക്കുന്നു. പക്ഷേ അവർക്ക് അതിനു കഴിയുന്നില്ല, മനസ്സ് ആകെ കലുഷമാണ്. തോഴിമാർ ദയയോടെ അവരെ കിടക്കയിൽ എത്തിക്കുന്നു.
കിടന്നിട്ടും അവർക്ക് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. ഹെന്റി എട്ടാമൻ രാജാവും ഒത്തുള്ള തന്റെ വിവാഹ ജീവിതത്തിലെ സംഭവങ്ങൾ ഒന്നൊന്നായി അവരുടെ മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞുവന്നു. രണ്ടു തവണ വിവാഹം കഴിച്ച് വിധവയായി തീർന്ന മുപ്പത്തൊന്നുകാരിയായിരുന്ന അവർ പരിഷ്കാരിയായ തോമസ് സിമോറിനെ തന്റെ വിവാഹ പങ്കാളി ആക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു വരികയായിരുന്നു. ആ സമയത്താണ് രാജാവ് അവരോട് വിവാഹാഭ്യർഥന നടത്തിയത്. അവർക്ക് അത് എങ്ങനെ നിരസിക്കാനാകും? രാജാവിന്റെ ഭാര്യ ആകുക എന്നത് തീർച്ചയായും ഒരു പദവി ആയിരുന്നു. അങ്ങനെ 1543 ജൂലൈ 12-ന് അവർ രാജാവിന്റെ ആറാം ഭാര്യ ആയിത്തീർന്നു. എന്നാൽ രാജ്ഞിസ്ഥാനം പൂമെത്ത ആയിരുന്നില്ല.
പരിഷ്കാരിയും അശ്വയോദ്ധാവും ആയിരുന്ന കാലത്തെ ബലിഷ്ഠമായ, വടിവൊത്ത ശരീരപ്രകൃതിയായിരുന്നില്ല ഹെന്റി രാജാവിന് അപ്പോൾ ഉണ്ടായിരുന്നത്. 52 വയസ്സുള്ള അദ്ദേഹം പൊണ്ണത്തടിയനായിരുന്നു, പെട്ടെന്ന് ഭാവമാറ്റം ഉണ്ടാകുന്ന പ്രകൃതവും. കാലിൽ വ്രണങ്ങൾ ബാധിച്ചിരുന്ന അദ്ദേഹത്തിന് ചിലപ്പോൾ നടക്കാനേ കഴിഞ്ഞിരുന്നില്ല, കസേരയിൽ എടുത്താണ് എങ്ങോട്ടെങ്കിലും കൊണ്ടുപോയിരുന്നത്.
എന്നാൽ, തന്റെ ബുദ്ധിവൈഭവവും കഴിവുകളും ഉപയോഗിച്ച് വിവാഹത്തെ ഒരു വിജയമാക്കിത്തീർക്കാൻ കാതറിൻ ശ്രമിച്ചു. രാജാവിന്റെ മുൻ വിവാഹങ്ങളിലെ മൂന്നു കുട്ടികൾക്ക് അവർ ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു. ഭർത്താവിനെ സന്തോഷിപ്പിക്കുന്ന ഒരു ഭാര്യ ആയിത്തീരാൻ അവർ ആവതു ശ്രമിച്ചു. അദ്ദേഹത്തിന്റെ കാലുകൾ വേദനിച്ചപ്പോൾ ജീവസ്സുറ്റ ചർച്ചകളാൽ അവർ അദ്ദേഹത്തിന്റെ ശ്രദ്ധ മാറ്റി. പലപ്പോഴും മതപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു അവർ ചർച്ചചെയ്തിരുന്നത്. രാജാവിന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരളവുവരെ പ്രശാന്തത പകരാൻ അവർക്കു കഴിഞ്ഞു.
രാജാവുമൊത്തുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള ഓർമകളിലേക്ക് ഊളിയിട്ട് ഇറങ്ങാൻ അവർ ശ്രമിച്ചു. താൻ എന്തു തെറ്റാണു ചെയ്തത്? അടുത്തയിടെ അദ്ദേഹവും ആയി നടന്ന ഒരു ചർച്ചയെക്കുറിച്ച് അവർ ഓർത്തു. ആ വൈകുന്നേരം അദ്ദേഹത്തിന്റെ ചില കൊട്ടാര ഉദ്യോഗസ്ഥന്മാരും സന്നിഹിതരായിരുന്നു. അദ്ദേഹം സന്തോഷവാനായി കാണപ്പെട്ടു. പതിവുപോലെ, മതപരമായ വിഷയത്തെക്കുറിച്ചുള്ള ഒരു ചോദ്യം രാജ്ഞി ഉന്നയിച്ചു. അത് മുമ്പും ചർച്ച ചെയ്തിട്ടുള്ള ചോദ്യം ആയിരുന്നു. രാജാവ് കുപിതനാകുകയും ഉടൻതന്നെ അവരോട് സംസാരം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അവർ അമ്പരന്നുപോയി. എങ്കിലും, അദ്ദേഹത്തിന്റെ പതിവു ഭാവ മാറ്റങ്ങളിൽ ഒന്ന് എന്നു കണക്കാക്കി അത് അത്ര കാര്യമാക്കിയില്ല. സാധാരണഗതിയിൽ അദ്ദേഹം അത്തരം ചർച്ചകൾ ആസ്വദിക്കാറുള്ളതാണ്. മതകാര്യങ്ങളിലുള്ള അവരുടെ താത്പര്യത്തെ അദ്ദേഹം ഒരിക്കലും എതിർത്തിരുന്നില്ല.
ആ അവസരത്തിൽ അവിടെ സന്നിഹിതർ ആയിരുന്നവർ ആരെല്ലാം ആണെന്ന് അവർ ഓർമിക്കാൻ ശ്രമിച്ചു. രാജ്ഞിയുടെ ചിന്തകൾ ഒരാളിൽത്തന്നെ ഉടക്കി നിന്നു. ശത്രുവെന്ന നിലയിൽ അറിയപ്പെട്ടിരുന്ന സ്റ്റീവൻ ഗാർഡ്നറിൽ.
ഗൂഢതന്ത്രം മെനയുന്ന ഒരു ബിഷപ്പ്
വിൻചെസ്റ്ററിലെ ബിഷപ്പും രാജാവിന്റെ ഒരു ഉപദേഷ്ടാവും ആയ ഗാർഡ്നർ വളരെ സ്വാധീനമുള്ള വ്യക്തിയും മതനവീകരണത്തെ എതിർക്കുന്ന ആളും ആയിരുന്നു. മതനവീകരണത്തിലുള്ള കാതറിന്റെ താത്പര്യവും രാജാവിന്മേലുള്ള അവരുടെ സ്വാധീനവും നിമിത്തം അദ്ദേഹത്തിന് കാതറിനെ വെറുപ്പായിരുന്നു.
തന്നെ ഹെന്റി രാജാവിന്റെ മുഖ്യ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ കരുനീക്കിയ രാജാവിന്റെ പ്രധാന ഉപദേഷ്ടാവായ തോമസ് ക്രോംവെലിനോടു പകരം വീട്ടാൻ ഒരു അവസരം തേടി നടന്നിരുന്ന ആളാണ് ഗാർഡ്നർ. വാസ്തവത്തിൽ ക്രോംവെലിന്റെ വീഴ്ചയ്ക്കും വധത്തിനും ഇടയാക്കിയ ഗൂഢാലോചനയിൽ ഗാർഡ്നർക്ക് പങ്കുണ്ടായിരുന്നു. കൂടാതെ, തന്റെ അത്രയും പ്രശസ്തിയോ പ്രതാപമോ ഒന്നും ഇല്ലാഞ്ഞ, പ്രൊട്ടസ്റ്റന്റ് അനുഭാവി ആയിരുന്ന തോമസ് ക്രാൻമെറിനെ ഹെന്റി രാജാവ് കാന്റർബെറി ആർച്ചുബിഷപ്പ് ആക്കിയതും ഗാർഡ്നറിനെ നിരാശനാക്കി. ഗാർഡ്നറും സംഘവും ക്രാൻമെറിന് എതിരെയും ഗൂഢതന്ത്രം മെനഞ്ഞു. എന്നാൽ, ഹെന്റി അതു തകർത്തു കളഞ്ഞതുകൊണ്ട് ക്രാൻമെർ കുഴപ്പമൊന്നും കൂടാതെ രക്ഷപ്പെട്ടു.
ബിഷപ്പ് ഗാർഡ്നർ അടുത്തയിടെ മെനഞ്ഞ മറ്റൊരു ഗൂഢപദ്ധതി കാതറിന്റെയും കൊട്ടാരത്തിലെ കുലീന സ്ത്രീകളുടെയും അവസ്ഥ കൂടുതൽ അപകടത്തിലാക്കി. മതനവീകരണത്തിന്റെ തുറന്ന വക്താവായിരുന്ന ആൻ ആസ്ക്യൂ എന്ന ഒരു യുവതി പാഷണ്ഡതയ്ക്ക് വധശിക്ഷയും കാത്ത് ജയിലിൽ കഴിയുന്നുണ്ടായിരുന്നു. എന്നാൽ അതായിരുന്നില്ല ഗാർഡ്നർ അവളിൽ തത്പരനാകാൻ കാരണം. കൊട്ടാരത്തിലെ സ്വാധീനശക്തിയുള്ള സ്ത്രീജനങ്ങളുമായി അവൾക്കു ബന്ധമുണ്ടായിരുന്നു എന്നു കാണിക്കുന്ന, രാജ്ഞിയെയും കുറ്റക്കാരിയാക്കുന്ന തരത്തിലുള്ള തെളിവുകൾ അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഗാർഡ്നറിന്റെ സഹകാരിയും രാജാവിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളുമായ തോമസ് റൈയത്സ്ലി, ആൻ ആസ്ക്യൂവിനെ ചോദ്യം ചെയ്യാനായി ചെന്നു.
റാക്കിൽ ബന്ധിച്ചു പീഡിപ്പിക്കുന്നു
റൈയത്സ്ലി ആനിനെ കുറെ നേരം ചോദ്യം ചെയ്തു. എന്നാൽ കുറ്റാരോപണത്തിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനു ലഭിച്ചില്ല. ഒടുവിൽ, അവളെ റാക്ക്b എന്ന പീഡനയന്ത്രത്തിൽ ബന്ധിക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. സ്ത്രീകളെ ഈ ഉപകരണം ഉപയോഗിച്ചു പീഡിപ്പിക്കുന്നത് നിയമ വിരുദ്ധമായിരുന്നു എങ്കിലും അദ്ദേഹം അതിന് മുതിർന്നു. എന്നിട്ടും അവൾ സംസാരിക്കാതായപ്പോൾ റൈയത്സ്ലിയും മറ്റൊരു ഉപദേഷ്ടാവും ചേർന്ന് അവളുടെ ശരീരം പരമാവധി വലിയും വിധം റാക്ക് തിരിക്കാൻ തുടങ്ങി. പക്ഷേ, അവർക്ക് ആവശ്യമുള്ള വിവരങ്ങൾ ലഭിച്ചില്ല.
ആൻ ആസ്ക്യൂ നേരിട്ട പീഡനത്തെ കുറിച്ചുള്ള ഓർമകൾ കാതറിന്റെ കണ്ണുകളെ ഈറൻ അണിയിക്കുന്നു. തന്റെ മുറിയിലേക്ക് ആരോ കയറി വന്നതുപോലെ അവർക്കു തോന്നി. തോഴിമാരിൽ ഒരാളാണ്. രാജ്ഞിയെ പരിശോധിക്കുന്നതിനായി രാജാവ് തന്റെ വൈദ്യനായ ഡോ. വെൻഡിയെ അയച്ചിരിക്കുന്നു എന്ന് തോഴി അറിയിക്കുന്നു. ദയാലുവായ ഡോക്ടർ അവരുടെ സുഖ വിവരം തിരക്കുന്നു, രാജാവിന്റെ ക്ഷേമാന്വേഷണവും അറിയിക്കുന്നു.
രാജ്ഞിക്കെതിരെയുള്ള ഗൂഢാലോചന സംബന്ധിച്ച സകല രഹസ്യങ്ങളും രാജാവ് തന്നെ അറിയിച്ചിരിക്കുന്നുവെന്നും ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചിരിക്കുന്നുവെന്നും ഡോക്ടർ പറയുന്നു. എങ്കിലും, ഡോ. വെൻഡി അവരോട് എല്ലാം തുറന്നു പറയുന്നു: അന്നത്തെ ആ രാത്രിയിൽ, രാജ്ഞി രാജാവിന്റെ അടുക്കൽ നിന്നു പോന്നശേഷം, ഈ വയസ്സുകാലത്ത് “[തന്റെ] ഭാര്യയാൽ പഠിപ്പിക്കപ്പെടുന്നത്” തനിക്ക് വളരെയധികം ആശ്വാസം കൈവരുത്തുന്നുവെന്ന് രാജാവ് അവരെക്കുറിച്ച് പരിഹസിച്ചു പറഞ്ഞു.
ഗാർഡ്നർ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല. രാജ്ഞി മതവിരോധികളെ വെച്ചുപൊറുപ്പിക്കുന്നു എന്നും അവരുടെ പ്രവർത്തനങ്ങൾ രാജ്യദ്രോഹപരമാണ് എന്നും രാജാവിന്റെ അധികാരത്തിന് അവ ഭീഷണി ഉയർത്തുന്നുവെന്നും ഗാർഡ്നർ പറഞ്ഞു. സമയം അനുവദിക്കുകയാണെങ്കിൽ തനിക്കും കൂട്ടർക്കും ഇതിനുള്ള തെളിവ് രാജാവിന്റെ മുന്നിൽ ഹാജരാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുപിതനായ രാജാവ് രാജ്ഞിക്ക് എതിരെയുള്ള ഒരു കുറ്റപത്രത്തിൽ ഒപ്പിടാൻ സമ്മതിച്ചു.
ഈ സംഭവങ്ങളെല്ലാം വിവരിച്ചതിനു ശേഷം ഡോ. വെൻഡി, കഴിയുന്നതും നേരത്തെ രാജാവിന്റെ അടുക്കൽ പോയി താഴ്മയോടെ ക്ഷമാപണം നടത്താൻ രാജ്ഞിയെ നിർബന്ധിക്കുന്നു. രാജ്ഞിയെ ലണ്ടൻ ടവറിൽ തടവിലാക്കുകയും അവർക്ക് വധശിക്ഷ വിധിക്കുന്നതിന് വേണ്ടത്ര തെളിവുകൾ സമ്പാദിക്കുകയും ചെയ്തേ അടങ്ങൂ എന്നു പ്രതിജ്ഞയെടുത്തു നടക്കുന്ന അവരുടെ ശത്രുക്കളെ തറ പറ്റിക്കാൻ ഇതേ ഒരു മാർഗമുള്ളൂ.
ആ ബുദ്ധ്യുപദേശം അനുസരിക്കുന്നത് ജ്ഞാനമാണെന്ന് കാതറിൻ മനസ്സിലാക്കുന്നു. ഒരു ദിവസം രാത്രി വൈകിയപ്പോൾ രാജാവ് പള്ളിയറയിൽ ഉണ്ടെന്നു കേട്ട് അവർ ശ്രദ്ധാപൂർവം വസ്ത്രം ധരിച്ച് അങ്ങോട്ടു ചെല്ലാനായി ഒരുങ്ങുന്നു, പറയാനുള്ളതെല്ലാം സ്വയം പറഞ്ഞു നോക്കുന്നു. അവരുടെ സഹോദരിയും ലേഡി ലെയ്ൻ എന്ന കൂട്ടുകാരിയും അവരെ അനുഗമിക്കുന്നു.
ജ്ഞാനിയും വിവേകമതിയും ആയ ഒരു രാജ്ഞി
രാജാവ് തന്റെ ചില അംഗരക്ഷകരുമായി നേരമ്പോക്കു പറഞ്ഞ് ഇരിക്കുകയാണ്. ഒരു പുഞ്ചിരിയോടെ അദ്ദേഹം ഭാര്യയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സംഭാഷണം മത വിഷയങ്ങളിലേക്കു തിരിച്ചുവിടുന്നു. തന്റെ ചില സംശയങ്ങൾക്ക് ഉത്തരം തരാൻ അദ്ദേഹം കാതറിനോട് അഭ്യർഥിക്കുന്നു. കാതറിന് പെട്ടെന്നുതന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന കെണി പിടികിട്ടുന്നു. ആത്മാർഥതയും സത്യസന്ധതയും സ്ഫുരിക്കുന്ന വിധത്തിൽ പ്രതികരിക്കാൻ അവർ പരമാവധി ശ്രമിക്കുന്നു.
ദൈവം പുരുഷനെ സൃഷ്ടിച്ചതിനു ശേഷം, അവനെക്കാൾ താണവളായിട്ടാണ് സ്ത്രീയെ സൃഷ്ടിച്ചതെന്ന് അവർ പറയുന്നു. അവർ ഇങ്ങനെ തുടരുന്നു: ‘ദൈവം സ്ത്രീക്കും പുരുഷനും പ്രകൃത്യാ അത്തരം ഒരു വ്യത്യാസം കൽപ്പിച്ചിരിക്കെ, തിരുമനസ്സ് വളരെ ജ്ഞാനിയും അടിയൻ എല്ലാ അർഥത്തിലും തിരുമനസ്സിനെക്കാൾ വളരെ താണവളും ആയിരിക്കെ, തിരുമനസ്സ് സങ്കീർണമായ അത്തരം മത വിഷയങ്ങൾ സംബന്ധിച്ച് അടിയന്റെ ഉപദേശം ആരായുന്നത് എന്തിനാണ്?’ ദൈവം കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ആണ് തന്റെ തല എന്ന് അവർ തറപ്പിച്ചു പറയുന്നു.
അപ്പോൾ രാജാവ് ഇങ്ങനെ മറുപടി പറയുന്നു: ‘അങ്ങനെ അല്ല, പ്രബോധിപ്പിക്കപ്പെടുകയോ ഉപദേശിക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥാനത്തായിരിക്കുന്നതിനു പകരം നമ്മെ പ്രബോധിപ്പിക്കാൻ തക്കവണ്ണം നിങ്ങൾ ഒരു പണ്ഡിത ആയിത്തീർന്നിരിക്കുന്നു.’
‘അവിടുന്ന് അങ്ങനെയാണ് വീക്ഷിക്കുന്നതെങ്കിൽ അടിയനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഭർത്താവിൽനിന്നു പഠിക്കുകയും ഭർത്താവിനാൽ പഠിപ്പിക്കപ്പെടുകയും ചെയ്യുന്നതിനു പകരം തന്റെ യജമാനനും ഭർത്താവുമായ വ്യക്തിയെ പ്രബോധിപ്പിക്കാനോ പഠിപ്പിക്കാനോ ഉള്ള സ്ഥാനത്താണ് താൻ എന്നു സങ്കൽപ്പിക്കുന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം തീരെ അനുചിതവും അപഹാസ്യവും ആണെന്നാണ് അടിയൻ ഇതുവരെ കരുതിയിട്ടുള്ളത്,’ രാജ്ഞി പറയുന്നു. മത വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കുകയും ചിലപ്പോഴൊക്കെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിട്ടുള്ളത് സ്വന്തം ആശയങ്ങൾ ഉന്നമിപ്പിക്കാൻ ആയിരുന്നില്ല എന്ന് അവർ വിശദീകരിക്കുന്നു. പകരം, രോഗം നിമിത്തമുള്ള വേദനയിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു താൻ സംഭാഷണത്തിൽ ഏർപ്പെട്ടത് എന്ന് അവർ വ്യക്തമാക്കി.
‘പ്രിയേ, അതാണോ വാസ്തവം?’ രാജാവു ചോദിക്കുന്നു. ‘നിങ്ങൾ വാദഗതികൾ നടത്തിയത് മോശമായ ആന്തരത്തോടെ ആയിരുന്നില്ലെന്നോ? അങ്ങനെയെങ്കിൽ, നാം മുമ്പെന്നത്തെയും പോലെതന്നെ വീണ്ടും ഉത്തമ സുഹൃത്തുക്കളാണ്.’ അദ്ദേഹം രാജ്ഞിയെ തന്റെ അടുക്കലേക്കു വിളിക്കുന്നു. അവരെ ഊഷ്മളമായി ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ആ അറിവ്, അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു ലക്ഷം പൗണ്ടു വിലയുള്ള സമ്മാനത്തെക്കാൾ മൂല്യവത്താണെന്ന് അദ്ദേഹം പറയുന്നു. ഏതാണ്ട് അർധരാത്രിയോടെ രാജ്ഞിയെ പോകാൻ അനുവദിക്കുന്നതുവരെ അവർ ഹൃദ്യമായ സംഭാഷണം തുടരുന്നു.
പിറ്റേന്ന് രാജാവ് അരമന പൂന്തോട്ടത്തിലൂടെ ഉലാത്തുകയായിരുന്നു. പള്ളിയറയിലെ രണ്ട് അംഗരക്ഷകരും കൂടെ ഉണ്ട്. രാജാവ് രാജ്ഞിയെ തന്റെ അടുക്കൽ വരാൻ ആളയയ്ക്കുന്നു. അവർ തന്റെ മൂന്നു തോഴിമാരോടൊപ്പം യഥോചിതം അവിടെ എത്തിച്ചേരുന്നു. കാതറിനെ അറസ്റ്റു ചെയ്യാൻ നിശ്ചയിച്ചിരുന്ന സമയം അതായിരുന്നു എങ്കിലും അത് അവരോടു പറയാൻ ഹെന്റി മിനക്കെട്ടില്ല. താൻ രാജ്ഞിയുമായി അനുരഞ്ജനത്തിലായ കാര്യം, അറസ്റ്റു നിർവഹിക്കാൻ നിയുക്തനായിരുന്ന റൈയത്സ്ലിയെയും അദ്ദേഹം അറിയിച്ചില്ല. അവർ ഇങ്ങനെ ആഹ്ലാദത്തോടെ ഒരുമിച്ചു സമയം ചെലവഴിക്കവേ, രാജ്ഞിയെയും തോഴിമാരെയും അറസ്റ്റു ചെയ്യാനായി രാജാവിന്റെ 40 കാവൽക്കാരുമായി റൈയത്സ്ലി എത്തുന്നു.
ഹെന്റി കൂട്ടത്തിൽനിന്ന് മാറിയിട്ട് റൈയത്സ്ലിയോടു തന്റെ അടുത്തേക്കു വരാൻ കൽപ്പിക്കുന്നു. റൈയത്സ്ലി രാജാവിന്റെ മുന്നിൽ മുട്ടുകുത്തുന്നു. രാജാവ് എന്താണു പറയുന്നത് എന്ന് കൂടിനിൽക്കുന്ന ആർക്കും കേൾക്കാൻ കഴിയുന്നില്ല. എങ്കിലും, രാജാവ് അദ്ദേഹത്തെ രോഷത്തോടെ ‘വഞ്ചകാ! മൃഗമേ! വിഡ്ഢീ!’ എന്നൊക്കെ വിളിക്കുന്നത് അവർ കേൾക്കുന്നു. തന്റെ മുന്നിൽനിന്നു കടന്നു പോകാൻ രാജാവ് റൈയത്സ്ലിയോട് ആജ്ഞാപിക്കുന്നു.
രാജാവ് കാതറിന്റെ അടുത്ത് മടങ്ങിച്ചെന്നപ്പോൾ അവർ അദ്ദേഹത്തെ സൗമ്യ വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. റൈയത്സ്ലിക്ക് അറിയാതെ പറ്റിയ തെറ്റായിരിക്കും എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ അനുകൂലിച്ചു പോലും സംസാരിക്കുന്നു.
അപ്പോൾ രാജാവ് ഇങ്ങനെ പ്രതികരിക്കുന്നു: ‘പ്രിയേ, അവൻ നിന്നോട് അത്യന്തം വഞ്ചനാത്മകമായി ഇടപെട്ടിരിക്കുന്നു. അവനെ വെറുതെ വിട്ടുകൂടാ.’
അങ്ങനെ കാതറിൻ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്പെട്ടു. ബിഷപ്പ് ഗാർഡ്നറിന് രാജാവിന്റെ പ്രീതി നഷ്ടമായി. രാജ്ഞി തന്ത്രശാലിയായ ബിഷപ്പിനെ പരാജയപ്പെടുത്തി. അങ്ങനെ അദ്ദേഹത്തിന്റെ ഗൂഢനീക്കങ്ങൾക്കു തിരശ്ശീല വീണു.c
[അടിക്കുറിപ്പുകൾ]
a ഈ സാങ്കൽപ്പിക വിവരണം, രക്തസാക്ഷികളെ കുറിച്ചുള്ള ഫോക്സിന്റെ പുസ്തകം (ഇംഗ്ലീഷ്) ഉൾപ്പെടെയുള്ള വ്യത്യസ്ത ഉറവിടങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.
b “റോളറുകൾ ഘടിപ്പിച്ചിരിക്കുന്ന ചട്ടക്കൂടോടു കൂടിയ ഒരു പീഡനോപകരണം ആണിത്. പീഡിപ്പിക്കപ്പെടുന്ന ആളിന്റെ കൈക്കുഴകളും കാലിന്റെ വണ്ണയും ഈ റോളറുകളിൽ ബന്ധിച്ചിടുന്നു. റോളറുകൾ തിരിക്കുമ്പോൾ സന്ധികൾ വലിയുന്നു.”—ഓക്സ്ഫോർഡ് അഡ്വാൻസ്ഡ് ലേണേഴ്സ് ഡിക്ഷണറി.
c കാതറിൻ പാർ ഹെന്റിയെക്കാൾ കൂടുതൽ നാൾ ജീവിച്ചിരുന്നു. ഒടുവിൽ അവർ തോമസ് സിമോറിനെ വിവാഹം കഴിച്ചു. 1548-ൽ 36-ാം വയസ്സിൽ അവർ അന്തരിച്ചു. പ്രസവത്തെ തുടർന്നായിരുന്നു മരണം. ജയിലിലും ലണ്ടൻ ടവറിലും കുറെക്കാലം കഴിച്ചുകൂട്ടിയ ഗാർഡ്നറിന് 1550-ൽ ബിഷപ്പു സ്ഥാനം നഷ്ടമായി. കത്തോലിക്കയായ മേരി 1-ന്റെ (1553) ഭരണകാലത്ത് വീണ്ടും പ്രീതി നേടിയെടുത്ത അദ്ദേഹം 1555-ൽ മരണമടഞ്ഞു.
[21-ാം പേജിലെ ചിത്രങ്ങൾ]
ബിഷപ്പ് സ്റ്റീവൻ ഗാർഡ്നർ
കാതറിൻ പാർ രാജ്ഞി
[കടപ്പാട്]
കാതറിൻ പാറിന്റെ ചിത്രം: By courtesy of the National Portrait Gallery, London; സ്റ്റീവൻ ഗാർഡ്നർ: National Trust Photographic Library/J. Whitaker
[22-ാം പേജിലെ ചിത്രം]
ഹെന്റി എട്ടാമൻ, രാജ്ഞിയുടെ മുന്നിൽ വെച്ച് തോമസ് റൈയത്സ്ലിയെ ഭർത്സിച്ചു
[കടപ്പാട്]
Portrait by Holbein, from the book The History of Protestantism (Vol. III)
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Background on pages 20-2: From the book The Library of Historic Characters and Famous Events, Vol. VII, 1895