‘ഇരുണ്ട യുഗത്തിൽ ഒരു പ്രകാശകിരണം’
ജർമനിയിലെ ഉണരുക! ലേഖകൻ
നാസി യുഗത്തിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തെ ഒരു ചരിത്രകാരൻ വർണിച്ചത് അങ്ങനെയാണ്. യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ ഡോക്യുമെന്ററി ലോകത്തിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെടാൻ പോകുകയായിരുന്നു, ജർമനിയിലെ റാവെൻസ്ബ്രൂക്ക് സ്മാരകത്തിൽ വെച്ച്. നാസി യുഗത്തിലെ 24 അതിജീവകരും 10 ചരിത്ര-മത പണ്ഡിതരും നൽകിയ, ധൈര്യത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ഹൃദയസ്പൃക്കായ ഒരു വൃത്താന്തമാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
റാവെൻസ്ബ്രൂക്കിലെ തടങ്കൽപ്പാളയത്തിൽ ഒരിക്കൽ നൂറുകണക്കിനു യഹോവയുടെ സാക്ഷികളുണ്ടായിരുന്നു. 50-ലേറെ വർഷംമുമ്പു നാസി തടങ്കലിനെ അതിജീവിച്ച ചില സാക്ഷികൾ ഈ ആദ്യപ്രദർശനത്തിന് സന്നിഹിതരായിരുന്നു. അവരും അതുപോലെതന്നെ ഗവൺമെൻറ് ഉദ്യോഗസ്ഥരും, നാസി ഭരണം യൂറോപ്പിലാസകലം ഭീതി വിതച്ച ആ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. തങ്ങളുടെ വിശ്വാസം ത്യജിക്കുന്നതിനുപകരം സധൈര്യം മരണത്തെ പുൽകിയ നൂറുകണക്കിന് സാക്ഷികളുടെ ക്രിസ്തീയ നിർമലതയെക്കുറിച്ചുള്ള പ്രചോദനാത്മകമായ വിവരണങ്ങൾ കേൾക്കാൻ ഏതാണ്ട് 350 ശ്രോതാക്കൾ സന്നിഹിതരായിരുന്നു.
വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുന്നു
1996 നവംബർ 6. ആദ്യപ്രദർശനത്തിന്റെ അന്ന് രാവിലെ ബെർലിനിലെ ഒരു ഹോട്ടലിൽ പത്രസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. വീഡിയോ പരിപാടിയുടെ ഭാഗങ്ങൾ നിരീക്ഷിച്ചശേഷം പത്രപ്രവർത്തകർ, ചരിത്രത്തിന്റെ അധികം അറിയപ്പെടാത്തതും എന്നാൽ പ്രാധാന്യമുള്ളതുമായ ഒരു വശത്തെ വെളിപ്പെടുത്തുന്നതിലുള്ള പുതിയ ഡോക്യുമെന്ററിയുടെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പണ്ഡിതരുടെ പ്രസംഗങ്ങൾ ശ്രവിച്ചു. നോയിങ്കാമാ സ്മാരകത്തിന്റെ ഡയറക്ടറായ ഡോ. ഡെറ്റ്ലെഫ് ഗാർബെ ഇപ്രകാരം വിവരിച്ചു: “നാം—യഹോവയുടെ സാക്ഷികളും അല്ലാത്തവരും—പർപ്പിൾ ട്രയാങ്കിൾ ധരിച്ച [സാക്ഷികളായ അന്തേവാസികൾ ധരിച്ചിരുന്ന അടയാളം] തടവുകാരുടെ ചരിത്രം മറക്കാൻ ഇടവരരുത്. ഇരുണ്ട യുഗത്തിൽ അതൊരു പ്രകാശകിരണമായിരുന്നു.”
ഉറച്ചുനിൽക്കുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട അതിജീവകരായ ഒട്ടേറെ സാക്ഷികൾ തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചു പറയാൻ സന്നിഹിതരായിരുന്നു. അവർ തങ്ങളുടെ യാതനകളെക്കുറിച്ച് വിദ്വേഷമുള്ളവരായിരുന്നോ? പ്രശാന്തത കളിയാടുന്ന, സന്തോഷം സ്ഫുരിക്കുന്ന അവരുടെ മുഖങ്ങൾ സൂചിപ്പിക്കുന്നത് അല്ലായിരുന്നു എന്നാണ്.
ചോദ്യോത്തരവേളയ്ക്കുശേഷം ഉറച്ചുനിൽക്കുന്നു എന്ന ഡോക്യുമെന്ററി അവതരണം കാണാൻ, ഏതാണ്ട് 64 കിലോമീറ്റർ അകലെയുള്ള റാവെൻസ്ബ്രൂക്ക് സ്മാരകത്തിലേക്കു റിപ്പോർട്ടർമാരെ ക്ഷണിക്കുകയുണ്ടായി. ഏതാണ്ട് എല്ലാവരുംതന്നെ ആ ക്ഷണം സ്വീകരിച്ചു.
ആദ്യപ്രദർശനം
ഈ ശരത്കാല ദിനത്തിലെ ഇരുണ്ട ആകാശവും നനുനനെയുള്ള മഴയും, റാവെൻസ്ബ്രൂക്ക് സ്മാരകത്തിനു തൊട്ടടുത്ത് പുതുക്കി പണിതിരിക്കുന്ന ഹാളിലെ ഉത്സാഹം നിറഞ്ഞ അന്തരീക്ഷത്തിനു വഴിമാറി. റാവെൻസ്ബ്രൂക്കിലെയും സാക്സൻഹൗസനിലെയും ബ്രാൻഡൻബർഗിലെയും സ്മാരകങ്ങളുടെ ഡയറക്ടറായ പ്രൊഫസർ യൂർഗൻ ഡിറ്റ്ബെർണർ ഇപ്രകാരം പറഞ്ഞു: “ദേശീയ സോഷ്യലിസത്തിനുകീഴിൽ യഹോവയുടെ സാക്ഷികൾ കാട്ടിയ ധാർമിക ധൈര്യം ആദരണീയമാണ്. . . . തങ്ങളുടെ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാഞ്ഞതിന്റെപേരിൽ ദുരിതമനുഭവിക്കേണ്ടിവന്ന, മരിക്കേണ്ടതായിപോലുംവന്ന ഈ ആളുകളെ ഞങ്ങൾ സകല ആദരവോടുംകൂടെ സ്മരിക്കുന്നു.”
ജർമനിയിലെ ബ്രാൻഡൻബർഗിലെ വിദ്യാഭ്യാസ-യുവജന-സ്പോർട്സ് മന്ത്രിയായ ആംഗേലിക പേറ്റർ അയച്ച ഒരു സന്ദേശം വായിക്കുകയുണ്ടായി. അത് ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ സാക്ഷികളുടെ മാതൃകായോഗ്യമായ അചഞ്ചലത ഇന്നു നാം അനുസ്മരിക്കേണ്ടതു പ്രധാനമാണ്.” റാവെൻസ്ബ്രൂക്ക് സ്മാരകത്തിന്റെ ഡയറക്ടറായ ഡോ. സീഗ്രിറ്റ് യാക്കോബൈറ്റ് പറഞ്ഞു: “ഈ ആദ്യപ്രദർശനത്തിനായി ഞാൻ പ്രതീക്ഷയോടും സന്തോഷത്തോടും കൂടെ ഉറ്റുനോക്കുകയാണ്. ഇതു നമ്മെ ഏവരെയും സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകദിനമാണെന്നു ഞാൻ കരുതുന്നു.”
പിന്നീട്, വീഡിയോ പരിപാടി തുടങ്ങാനായി ഹാളിലെ വെളിച്ചം കുറച്ചു. സന്നിഹിതരായിരുന്ന അതിജീവകർ മാത്രമല്ല, ഏതാണ്ട് സദസ്യർ ഒന്നടങ്കം ജർമൻ ചരിത്രത്തിലെ വേദനാജനകമായ ഈ അധ്യായത്തിന്റെ ദുരന്തവും വിജയവും, 78 മിനിറ്റോളം അയവിറക്കി. അത്യന്തം ഘോരമായ സാഹചര്യങ്ങളിൽപ്പോലും പ്രദർശിപ്പിക്കപ്പെട്ട സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് സാധാരണക്കാരായ ഈ ആളുകൾ വിവരിച്ചപ്പോൾ പലർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല.
വലിയ കരഘോഷം അവസാനിച്ചശേഷം ചരിത്രകാരനായ യോയാച്ചിം ഗോർലിറ്റ്സ്, ബ്രാൻഡൻബർഗിൽ വധിക്കപ്പെട്ട ഒരു സാക്ഷിയുടെ അവസാന വാക്കുകൾ വായിച്ചു. വെറും രണ്ടാഴ്ച മുമ്പ്, ബ്രാൻഡൻബർഗ് സ്മാരകത്തിലും പുരാഗ്രന്ഥശേഖരശാലയിലും ഗവേഷണം നടത്തുന്നതിനിടയിലാണ് ഗോർലിറ്റ്സ് ആ കുറിപ്പു കണ്ടെത്തിയത്. അവയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. തങ്ങളുടെ കർത്താവിനോടു വിശ്വസ്തത പുലർത്താൻ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ആ വിശ്വസ്ത ക്രിസ്ത്യാനിയുടെ വാക്കുകൾ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വരമിടറി. എന്നിട്ട് ഗോർലിറ്റ്സ് ഇപ്രകാരം ഉപസംഹരിച്ചു: “മാന്യരേ, മഹതികളേ, യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഈ സിനിമ നമ്മുടെ വിദ്യാഭ്യാസ പരിപാടിക്ക് ഒരു വിലപ്പെട്ട സംഭാവനയായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.”
ചരിത്രകാരനായ വുൾഫ് ബ്രേബെക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: “ഈ സിനിമയിലൂടെ ഒരു പുതിയ അമൂല്യവസ്തുകൂടെ ചേർക്കപ്പെട്ടിരിക്കുന്നു—തീരെ വിരളമായിമാത്രം കേൾക്കുന്ന അതിജീവകരുടെ സ്വരവും . . . അതിജീവിക്കാഞ്ഞവരുടെ സ്വരവും.” ഡോ. ഗാർബെ ഇപ്രകാരം കൂട്ടിച്ചേർത്തു: “ദൈവത്തിലുള്ള വിശ്വാസവും ബൈബിൾ വാഗ്ദത്തങ്ങളിലുള്ള ആശ്രയത്വവും മൂലം ആ ഘോരസമയങ്ങളിൽ പിടിച്ചുനിൽക്കാൻ ശക്തി ലഭിച്ച മനുഷ്യരുടെ പ്രധാനപ്പെട്ട അനുഭവങ്ങളാണിവ.”
പരിപാടിയുടെ ഉചിതമായ ഉപസംഹാരമെന്ന നിലയിൽ ഒരിക്കൽക്കൂടെ സാക്ഷികളായ നിരവധി അതിജീവകർ സദസ്യരെ അഭിസംബോധന ചെയ്തു. നിരവധി പീഡനങ്ങൾ സഹിച്ച കാലത്ത് തങ്ങളെ പുലർത്തിയ അതേ ശക്തമായ വിശ്വാസം ആത്മീയമായി ബലിഷ്ഠരായ ആ ക്രിസ്ത്യാനികൾക്ക് ഇപ്പോഴുമുണ്ടെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു.
ആദ്യപ്രദർശനത്തിനുശേഷം ജർമനിയിലുടനീളം വർത്തമാനപത്രങ്ങളിൽ യഹോവയുടെ സാക്ഷികളെയും ഉറച്ചുനിൽക്കുന്നു എന്ന ഡോക്യുമെന്ററിയെയും കുറിച്ചുള്ള 340-ലേറെ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ദേശീയ റേഡിയോ സ്റ്റേഷനിൽ നടത്തിയ ഒരു പരിപാടി ഉൾപ്പെടെ നിരവധി റേഡിയോ പരിപാടികൾ നല്ല റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഉറച്ചുനിൽക്കുന്നു എന്ന ഡോക്യുമെന്ററി കാലക്രമേണ കുറഞ്ഞത് 24 ഭാഷകളിലെങ്കിലും ലഭ്യമാക്കും. വിദ്യാലയങ്ങൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു കാസെറ്റ് കാലക്രമേണ പുറത്തിറക്കും. വീഡിയോ പുറത്തിറക്കിയതിൽപ്പിന്നെ, വിദ്യാഭ്യാസ അധികൃതരുടെ വർധിച്ചുവരുന്ന സംഖ്യ മുൻവിധി, കൂട്ടാളികളിൽനിന്നുള്ള സമ്മർദം, മനസ്സാക്ഷിയുടെ വിളി എന്നിങ്ങനെ പ്രധാനമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ യുവജനങ്ങളെ സഹായിക്കുന്നതിന് ഉറച്ചുനിൽക്കുന്നു എന്ന ഡോക്യുമെന്ററി പാഠ്യഭാഗമാക്കാൻ തുടങ്ങിയിട്ടുണ്ട്.
വിദ്വേഷത്താലും വഞ്ചനയാലും വിഭജിതമായ ഈ ലോകത്ത് നിർമലത സംബന്ധിച്ച ഈ കഥ പൊതുജനത്തെ അറിയിക്കുന്നത് എത്ര സമയോചിതമായ സംഗതിയാണ്! ഈ വിശ്വസ്ത ക്രിസ്ത്യാനികളുടെ യാതനകൾ വാസ്തവമായും വൃഥാവിലായിട്ടില്ല.—എബ്രായർ 6:10.
[15-ാം പേജിലെ ചിത്രങ്ങൾ]
ബെർലിൻ പത്രസമ്മേളനം. ഇടത്തുനിന്ന്: ഡോ. ഡെറ്റ്ലെഫ് ഗാർബെ; കൂട്ടക്കൊലയെ അതിജീവിച്ച സിമോൺ ലിബ്സ്റ്റർ, ഫ്രാൻസ് വോൾഫാർട്ട്; ചരിത്രകാരനായ വുൾഫ് ബ്രേബെക്ക്