വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 6/22 പേ. 16-18
  • നദീതീരത്തെ രത്‌നങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നദീതീരത്തെ രത്‌നങ്ങൾ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആനത്തു​മ്പി​യു​ടെ പറക്കൽ
  • തലനി​റയെ നേത്രങ്ങൾ
  • ജീവി​ത​രീ​തി​യിൽ മാറ്റം
  • പരിണാ​മ​ത്തി​നെ​തി​രെ​യുള്ള തെളിവ്‌
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1998
  • പ്രാണികളുടെ അത്ഭുതലോകം
    ഉണരുക!—2000
  • സൃഷ്ടിക്രിയകൾ ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുന്നു
    2013 വീക്ഷാഗോപുരം
  • ഷഡ്‌പദങ്ങളുടെ പറക്കൽരഹസ്യം ചുരുളഴിഞ്ഞു
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 6/22 പേ. 16-18

നദീതീ​രത്തെ രത്‌നങ്ങൾ

സ്‌പെയിനിലെ ഉണരുക! ലേഖകൻ

ഒരു നദിയു​ടെ​യോ കുളത്തി​ന്റെ​യോ ഓരത്തു​കൂ​ടി നടക്കു​മ്പോ​ഴെ​ല്ലാം എന്റെ പ്രിയ​പ്പെട്ട രത്‌ന​ങ്ങ​ളി​ലൊ​ന്നി​നെ ഞാൻ തിരയു​ന്നു—അത്‌ ചെമപ്പോ നീലയോ പച്ചയോ ആകാം. ചില​പ്പോൾ ഒരെണ്ണം ചലനമറ്റ്‌ ഒരു ഇലയിൽ കിടക്കു​ന്നതു കാണാം; മറ്റൊ​രെണ്ണം ജലോ​പ​രി​ത​ല​ത്തി​നു​മീ​തെ വട്ടമിട്ടു പറക്കു​ക​യോ എന്റെ മുമ്പിൽ തത്തിക്ക​ളി​ക്കു​ക​യോ ആയിരി​ക്കും. ഞാൻ തേടുന്ന രത്‌നം, ആനത്തു​മ്പി​യാണ്‌—പ്രാണി​ലോ​കത്തെ പകി​ട്ടേ​റിയ “ഹെലി​ക്കോ​പ്‌റ്റർ.”

വർഷങ്ങൾക്കു​മുമ്പ്‌, വനത്തി​ലൂ​ടെ മന്ദമാ​യൊ​ഴു​കുന്ന ഒരു അരുവി​ക്ക​രി​കിൽ ആകസ്‌മി​ക​മാ​യി എത്തി​പ്പെ​ട്ട​പ്പോ​ഴാണ്‌ ഈ പറക്കും രത്‌നങ്ങൾ ആദ്യമാ​യി എന്റെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്നത്‌. ഒട്ടേറെ ആനത്തു​മ്പി​കൾ സൂര്യ​പ്ര​കാ​ശ​ത്തിൽ തത്തിക്ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു—ചിലതിന്‌ വെട്ടി​ത്തി​ള​ങ്ങുന്ന കടുത്ത നീലനി​റ​മാ​യി​രു​ന്നു, മറ്റുചി​ല​തി​നാ​കട്ടെ മിന്നുന്ന പച്ചകലർന്ന മഞ്ഞനി​റ​വും. വനത്തെ ഒരു കൊച്ചു നൃത്തശാ​ല​യാ​ക്കി മാറ്റി​ക്കൊണ്ട്‌ അവ വായു​വിൽ നൃത്തം വെക്കു​ന്നത്‌ ഒരു മണിക്കൂ​റോ​ളം ഞാൻ നോക്കി​നി​ന്നു. അതിൽപ്പി​ന്നെ എപ്പോ​ഴും അവ എന്നിൽ വിസ്‌മയം ഉണർത്തി​യി​ട്ടുണ്ട്‌.

ആനത്തു​മ്പി​ക​ളെ​പ്പറ്റി എത്ര​യേറെ പഠിച്ചു​വോ അത്ര​യേറെ ഞാൻ അവയുടെ അഴകും മൂല്യ​വും വിലമ​തി​ക്കാൻ ഇടയായി. ആനത്തു​മ്പി​ക​ളും ഡാം​സെൽത്തു​മ്പി​ക​ളും തമ്മിൽ വ്യത്യാ​സ​മുണ്ട്‌ എന്നതാ​യി​രു​ന്നു എന്റെ ആദ്യത്തെ കണ്ടുപി​ടി​ത്തം. ആനത്തു​മ്പി​കൾ പറക്കൽ വിദഗ്‌ധ​രും സാധാ​ര​ണ​ഗ​തി​യിൽ വലുപ്പ​മേ​റി​യ​വ​യു​മാണ്‌. എന്നാൽ ഡാം​സെൽത്തു​മ്പി​ക​ളാ​കട്ടെ—ഇംഗ്ലീ​ഷി​ലെ അവയുടെ പേരു സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ—അഴകേ​റി​യ​വ​യും പറക്കാൻ അത്ര കഴിവി​ല്ലാ​ത്ത​വ​യു​മാണ്‌. ഒരു പ്രധാന വ്യത്യാ​സം അവ തങ്ങളുടെ ചിറകു​കൾ പിടി​ക്കുന്ന രീതി​യാണ്‌. ഒരു ആനത്തുമ്പി വിശ്ര​മി​ക്കു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ തന്റെ രണ്ടു ജോഡി ചിറകു​ക​ളും തിരശ്ചീ​ന​മാ​യി പിടി​ക്കു​ന്നു. അതേസ​മയം ഒരു ഡാംസൽത്തു​മ്പി തന്റെ ചിറകു​കൾ ശരീര​ത്തി​നു മുകളിൽ കൂട്ടി​പ്പി​ടി​ക്കു​ന്നു.a

ആനത്തു​മ്പി​കൾ കൊതു​കു​കളെ അവ വായു​വിൽ പറക്കു​മ്പോൾത്തന്നെ ഇത്ര അനായാ​സ​മാ​യി പിടി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ഞാൻ ചിന്തി​ക്കാൻ തുടങ്ങി. ഒരു വലിയ ഈച്ച അടുക്ക​ള​ച്ചു​മ​രി​ന്മേൽ വിശ്ര​മി​ക്കു​മ്പോൾപ്പോ​ലും അതിനെ അടിക്കാൻ എനിക്ക്‌ കഴിയു​ന്നില്ല. ‘എനിക്കി​ല്ലാത്ത എന്ത്‌ കഴിവാണ്‌ ഒരാന​ത്തു​മ്പി​ക്കു​ള്ളത്‌?’ ഞാൻ സ്വയം ചോദി​ച്ചു. രണ്ടു കാര്യങ്ങൾ: വായു​വി​ന്മേ​ലുള്ള പൂർണ നിയ​ന്ത്ര​ണ​വും ഒരു പാറാ​വു​കാ​രനെ അസൂയ​പ്പെ​ടു​ത്തുന്ന തരത്തി​ലുള്ള കണ്ണുക​ളും.

ആനത്തു​മ്പി​യു​ടെ പറക്കൽ

ആനത്തു​മ്പി​യെ ഹെലി​ക്കോ​പ്‌റ്റർ എന്നു വിളി​ക്കു​ന്നത്‌—സ്‌പെ​യി​നിൽ അതിനെ കളിയാ​ക്കി വിളി​ക്കുന്ന പേര്‌—വാസ്‌ത​വ​ത്തിൽ അതിനെ അവമതി​ക്കുന്ന ഒരു താരത​മ്യ​മാ​യി​രി​ക്കും. ചില​പ്പോൾ അതിന്റെ പിന്നാലെ കണ്ണു പായി​ക്കാൻ സാധി​ക്കാ​നാ​കാത്ത വിധം അത്‌ വായു​വിൽ അത്ര വേഗത്തി​ലാണ്‌ അഭ്യാസം നടത്തു​ന്നത്‌. ഹ്രസ്വ​ദൂര അടിസ്ഥാ​ന​ത്തിൽ ക്രമേണ വേഗം വർധി​പ്പിച്ച്‌ ചില ഇനം തുമ്പി​കൾക്ക്‌ മണിക്കൂ​റിൽ 96 കിലോ​മീ​റ്റർ വരെ വേഗം കൈവ​രി​ക്കാൻ കഴിയും. ദ്രുത​ഗ​തി​യിൽ ചിറക​ടി​ച്ചു​കൊ​ണ്ടു വായു​വിൽ തങ്ങിനിൽക്കാ​നും പിമ്പി​ലേ​ക്കോ മുമ്പി​ലേ​ക്കോ പാർശ്വ​ങ്ങ​ളി​ലേ​ക്കോ പറക്കാ​നും അവയ്‌ക്കു കഴിയും. ഇതിനു​പു​റമേ, ഒരു ആനത്തുമ്പി വായു​വിൽ വെട്ടി​ത്തി​രി​യു​മ്പോൾ അതിന്‌ 2.5 G വരെ ബലം ചെറു​ത്തു​നിൽക്കേ​ണ്ട​തു​ണ്ടെ​ന്നും ശാസ്‌ത്ര​ജ്ഞ​ന്മാർ കണക്കാ​ക്കു​ന്നു.

ആനത്തു​മ്പി​കൾക്ക്‌ വഴക്കമുള്ള, സുതാ​ര്യ​മായ രണ്ടു ജോഡി ചിറകു​ക​ളുണ്ട്‌. വളരെ ലോല​മെന്നു തോന്നി​ക്കു​മെ​ങ്കി​ലും അവയ്‌ക്കതു സെക്കൻഡിൽ 40 തവണ അടിക്കാൻ കഴിയും. മാത്രമല്ല ചിറകു​കൾക്ക്‌ ക്ഷതമേൽക്കാ​നുള്ള സാധ്യ​ത​യും കുറവാണ്‌. “ബുദ്ധി​പൂർവ​ക​മായ രൂപകൽപ്പ​ന​യു​ടെ മഹത്‌കർമങ്ങൾ” എന്നാണ്‌ ജീവശാ​സ്‌ത്ര​ജ്ഞ​നായ റോബിൻ ജെ. വൂട്ടൻ അവയെ വർണി​ക്കു​ന്നത്‌.

“പ്രാണി​ക​ളു​ടെ ചിറകു​കൾ പ്രവർത്തി​ക്കുന്ന വിധം നാം എത്ര​യേറെ മനസ്സി​ലാ​ക്കു​ന്നു​വോ അത്ര​യേറെ അവയുടെ രൂപകൽപ്പന ബുദ്ധി​പൂർവ​ക​വും മനോ​ഹ​ര​വു​മാ​ണെന്നു നാം കാണും. . . . അവയോ​ടു കിടപി​ടി​ക്കാൻ പറ്റിയ സാങ്കേ​തിക വസ്‌തു​ക്കൾ ഉണ്ടെങ്കിൽത്തന്നെ വിരള​മാണ്‌,” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. വൈമാ​നിക എഞ്ചിനീ​യർമാർ ഇപ്പോൾ ആനത്തു​മ്പി​യു​ടെ പറക്കൽ വിദ്യ​ക​ളെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തിൽ ഒട്ടും അത്ഭുത​പ്പെ​ടാ​നില്ല.

തലനി​റയെ നേത്രങ്ങൾ

ആനത്തു​മ്പി​യു​ടെ പറക്കൽ അസാധാ​ര​ണ​മാ​ണെ​ങ്കിൽ അതിന്റെ കാഴ്‌ച​ശ​ക്തി​യും ഒട്ടും പിന്നിലല്ല. വലിയ രണ്ട്‌ സംയുക്ത നേത്രങ്ങൾ ആനത്തു​മ്പി​യു​ടെ തല മിക്കവാ​റും മൂടുന്നു. ഓരോ കണ്ണിനും 30,000 ഷഡ്‌ഭുജ യൂണി​റ്റു​ക​ളുണ്ട്‌. ഇവ ഓരോ​ന്നും തലച്ചോ​റി​ലേക്ക്‌ വെവ്വേറെ രൂപങ്ങൾ അയയ്‌ക്കു​ന്ന​തു​കൊണ്ട്‌ ഒരു നേത്ര​ത്തി​നു​ള്ളിൽത്ത​ന്നെ​യുള്ള കൊച്ചു നേത്ര​ങ്ങൾപ്പോ​ലെ​യാ​ണവ. എന്നാൽ, ആനത്തു​മ്പിക്ക്‌ ഒരേസ​മയം വിവി​ധ​ത​ര​ത്തി​ലുള്ള ആയിര​ക്ക​ണ​ക്കി​നു ചിത്രങ്ങൾ കാണാ​മെന്നല്ല ഇതിനർഥം. നാം കാണു​ന്ന​തു​പോ​ലെ ഒരു മുഴു​ചി​ത്രം കാണു​ന്ന​തി​നു​പ​കരം അത്‌ ചലനവും ഘടനക​ളും വൈരു​ദ്ധ്യ​ങ്ങ​ളും ആകാര​ങ്ങ​ളും അറിയു​ന്നു.

ഈ സകല രൂപങ്ങൾക്കും വിശക​ലനം ആവശ്യ​മാണ്‌. അതു​കൊണ്ട്‌ ആനത്തു​മ്പി​യു​ടെ തലച്ചോ​റി​ന്റെ 80 ശതമാനം, കാഴ്‌ച​സം​ബ​ന്ധ​മായ വിവരങ്ങൾ അപഗ്ര​ഥി​ക്കാൻ നീക്കി​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ചില നേത്ര വ്യവസ്ഥകൾ വളരെ സംവേ​ദ​ന​ക്ഷ​മ​ത​യു​ള്ള​താണ്‌—ഒരു ആനത്തു​മ്പിക്ക്‌ ഏതാണ്ട്‌ 20 മീറ്റർ അകലെ​യുള്ള ഒരു കൊതു​കി​നെ കണ്ടെത്താ​നാ​കും. സന്ധ്യമ​യ​ങ്ങു​മ്പോൾ, ഒരു മനുഷ്യന്‌ കൊച്ചു പ്രാണി​കളെ കാണാൻ സാധി​ക്കാ​ത്ത​വി​ധം വെളിച്ചം തീരെ​യി​ല്ലാത്ത അവസ്ഥയിൽപ്പോ​ലും ഉഷ്‌ണ​മേ​ഖലാ ആനത്തു​മ്പി​കൾ അവയെ എളുപ്പ​ത്തിൽ പിടി​ക്കു​ന്നു.

നദീതീ​ര​ത്തു വളർന്നു​നിൽക്കുന്ന ചെടി​കൾക്കി​ട​യി​ലൂ​ടെ മിന്നൽവേ​ഗ​ത്തിൽ പറക്കു​ന്ന​തിന്‌ ആനത്തു​മ്പി​കൾക്ക്‌ ത്വരി​ത​ഗ​തി​യി​ലുള്ള നൂറു​ക​ണ​ക്കി​നു തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ട​തുണ്ട്‌. ഒരു സെക്കൻഡിൽ വ്യതി​രി​ക്ത​മായ നൂറോ​ളം പ്രതി​ബിം​ബങ്ങൾ, അതായത്‌ നമുക്കു കാണാൻ സാധി​ക്കു​ന്ന​തി​നെ​ക്കാൾ അഞ്ചിര​ട്ടി​യി​ലേറെ പ്രതി​ബിം​ബങ്ങൾ, കാണാൻ സാധി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അതിന്‌ ഈ അതിശ​യ​ക​ര​മായ പ്രവർത്തനം കൈകാ​ര്യം ചെയ്യാൻ കഴിയു​ന്നത്‌. അതു​കൊണ്ട്‌, സെക്കൻഡിൽ 24 പ്രതി​ബിം​ബങ്ങൾ പ്രക്ഷേ​പണം ചെയ്യുന്ന ഒരു ചലച്ചി​ത്രം, ഒരു ആനത്തു​മ്പി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം നിശ്ചല ചിത്ര​ങ്ങ​ളു​ടെ ഒരു ശ്രേണി പോ​ലെ​യാണ്‌.

ജീവി​ത​രീ​തി​യിൽ മാറ്റം

ഒരു ആനത്തു​മ്പി​യു​ടെ ജീവി​ത​ത്തി​ന്റെ ആരംഭ​ഘ​ട്ട​ത്തിൽ അത്‌ ഭാവി​യിൽ ഇത്ര ആകർഷ​ക​മായ ഒരു പറക്കൽ വിദഗ്‌ധ​നാ​യി​ത്തീ​രു​മെ​ന്നു​ള്ള​തിന്‌ യാതൊ​രു സൂചന​യു​മു​ണ്ടാ​യി​രി​ക്കില്ല. മുട്ടവി​രിഞ്ഞ്‌ പുറത്തു​വ​ന്ന​ശേഷം ഉഭയജീ​വി​യായ ലാർവ, പിടി​ക്കാ​വുന്ന അകലത്തിൽ വരുന്ന ഏത്‌ ഇരയെ​യും പിടി​കൂ​ടാൻ ഒരു കുളത്തി​ലോ അരുവി​യി​ലോ നിശ്ചല​മാ​യി പതുങ്ങി​ക്കി​ട​ക്കും. പല പ്രാവ​ശ്യം തോൽ ഉരിച്ചു​ക​ള​ഞ്ഞ​ശേഷം—ചില ഇനങ്ങളു​ടെ കാര്യ​ത്തിൽ ഇത്‌ നിരവധി മാസങ്ങ​ളോ വർഷങ്ങ​ളോ​പോ​ലും എടുക്കും—ലാർവ ഒരു ഞാങ്ങണ​യി​ന്മേൽ കയറി​ക്കൂ​ടും. അവിടെ അസാധാ​ര​ണ​മായ ഒരു രൂപ​ഭേദം സംഭവി​ക്കും.

ഉരസ്സിന്റെ ഭാഗത്താ​യി ചർമം പിളരും, പൂർണ​രൂ​പം പ്രാപിച്ച ഒരു ആനത്തുമ്പി പുറ​ത്തേ​ക്കി​ഴ​ഞ്ഞു​വ​രും. ഒരു ചിത്ര​ശ​ല​ഭ​ത്തെ​പ്പോ​ലെ​തന്നെ പൂർണ​വ​ളർച്ച പ്രാപിച്ച്‌ പുറത്തു വന്ന പുതിയ ആനത്തു​മ്പിക്ക്‌ ചിറകു​കൾ ഉറച്ച്‌ പുതി​യൊ​രു ജീവിതം തുടങ്ങാൻ ഏതാനും മണിക്കൂ​റു​കൾ കാത്തി​രി​ക്കേ​ണ്ടി​വ​രും. ദിവസ​ങ്ങൾക്കൊണ്ട്‌ സഹജജ്ഞാ​നം, വിജയ​ക​ര​മാ​യി ഭക്ഷണം തേടി​പ്പി​ടി​ക്കാ​നും പറക്കലി​ന്റെ അത്ഭുതങ്ങൾ സ്വായ​ത്ത​മാ​ക്കാ​നും അതിനെ പ്രാപ്‌ത​മാ​ക്കു​ന്നു.

താമസി​യാ​തെ, പറക്കു​ന്ന​തി​നി​ട​യിൽത്തന്നെ പ്രാണി​ക​ളെ​യും കൊതു​കു​ക​ളെ​യും പിടി​ക്കു​ന്ന​തിൽ കൊച്ച്‌ ആനത്തുമ്പി വൈദ​ഗ്‌ധ്യം ആർജി​ക്കു​ന്നു. തന്റെ തൂക്ക​ത്തോ​ളം​തന്നെ വരുന്ന പ്രാണി​കളെ ദിവസ​വും അകത്താ​ക്കി​ക്കൊണ്ട്‌ അത്‌ വിലതീ​രാത്ത ഒരു സേവന​മാണ്‌ അനുഷ്‌ഠി​ക്കു​ന്നത്‌. സ്ഥിരമായ ഒരു ഭക്ഷ്യ​ശേ​ഖരം ഉറപ്പു​വ​രു​ത്തു​ന്ന​തി​നു​വേണ്ടി പല ആൺ ആനത്തു​മ്പി​ക​ളും ചെറിയ പ്രദേ​ശങ്ങൾ തങ്ങളുടെ അധീന​ത​യി​ലാ​ക്കി​വെ​ക്കു​ന്നു. മറ്റാർക്കും വിട്ടു​കൊ​ടു​ക്കാ​തെ അവ അതു കാവൽചെ​യ്യു​ന്നു.

ചിലയി​നം ആനത്തു​മ്പി​കൾ സസ്യപ്പു​ഴു​ക്ക​ളെ​യോ വണ്ടുക​ളെ​യോ വേട്ടയാ​ടി​പ്പി​ടി​ക്കു​മ്പോൾ മറ്റു ചിലത്‌ തവളക്കു​ഞ്ഞു​ങ്ങളെ പിടി​ക്കു​ന്നു. ഉഷ്‌ണ​മേ​ഖ​ല​യിൽ കാണ​പ്പെ​ടുന്ന ഡാം​സെൽത്തു​മ്പി​കൾ ചിലന്തി​ക​ളെ​പ്പോ​ലും പിടി​ച്ചു​തി​ന്നു​ന്നു. വലിയ ഓർബ്‌ ചിലന്തി​യു​ടെ വലയ്‌ക്ക​രി​കിൽ അവ വട്ടമിട്ടു പറക്കുന്നു. ഉടമസ്ഥൻചി​ല​ന്തി​യു​ടെ ഉച്ഛിഷ്ടം ഭക്ഷിക്കാ​നെ​ത്തുന്ന കൊച്ചു ചിലന്തി​കളെ അവ പിടി​കൂ​ടു​ന്നു.

പരിണാ​മ​ത്തി​നെ​തി​രെ​യുള്ള തെളിവ്‌

പല പരിണാമ ശാസ്‌ത്ര​ജ്ഞ​ന്മാ​രും ആനത്തു​മ്പി​കളെ പറക്കുന്ന പ്രാണി​ക​ളിൽ ഏറ്റവും ആദ്യ​ത്തേ​താ​യി കണക്കാ​ക്കു​ന്നു. ഫ്രാൻസിൽ കണ്ടെത്തിയ ഒരു ഫോസിൽ, ഒരു ആനത്തു​മ്പി​യു​ടെ ചിറകു​ക​ളു​ടെ മുദ്ര​യാണ്‌. അതിന്റെ വിടർത്തിയ ചിറകു​ക​ളു​ടെ അകലം 75 സെൻറി​മീ​റ്റ​റാ​യി​രു​ന്നു! ജീവനുള്ള ഏത്‌ ആനത്തു​മ്പി​യെ​ക്കാ​ളും മൂന്നി​ര​ട്ടി​യി​ലേറെ വലുപ്പ​മുള്ള അതാണ്‌ അറിയ​പ്പെ​ടു​ന്ന​തി​ലേക്ക്‌ ഏറ്റവും വലിയ പ്രാണി.

‘മനുഷ്യന്‌ അറിവു​ള്ള​തിൽ ഏറ്റവും സങ്കീർണ​മായ പറക്കൽ വ്യവസ്ഥ​ക​ളി​ലൊന്ന്‌ പൂർണ​മാ​യി വികാസം പ്രാപിച്ച നിലയിൽ പ്രത്യ​ക്ഷ​മാ​യത്‌ എങ്ങനെ?’ ഞാൻ സ്വയം ചോദി​ച്ചു. “ചിറകുള്ള അവസ്ഥയ്‌ക്കും ചിറകി​ല്ലാത്ത അവസ്ഥയ്‌ക്കും ഇടയി​ലുള്ള പ്രാണി​ക​ളു​ടെ ഫോസി​ലു​ക​ളൊ​ന്നു​മില്ല,” അന്യ സാമ്രാ​ജ്യം—പ്രാണി​ക​ളു​ടെ ജീവ​നെ​ക്കു​റി​ച്ചുള്ള ഒരന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമ്മതി​ക്കു​ന്നു. ബുദ്ധി​ശ​ക്തി​യുള്ള ഒരു വിദഗ്‌ധ രൂപകൽപ്പി​താ​വി​ന്റെ കരവേ​ല​യാണ്‌ ആനത്തു​മ്പി​കൾ എന്നതു സ്‌പഷ്ടം.

ആനത്തു​മ്പി​കൾ ഭൂഗോ​ള​ത്തി​ന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങ​ളും​തന്നെ വിജയ​പ്ര​ദ​മാ​യി കൈയ​ട​ക്കി​യി​രി​ക്കു​ന്നു. ഒരു ആൽപ്പിയൻ തടാക​ത്തി​ന്റെ ഓരത്തി​ലോ ഭൂമധ്യ​രേ​ഖ​യ്‌ക്ക​രി​കി​ലുള്ള ഒരു ചതുപ്പു​നി​ല​ത്തി​ലോ നഗര​പ്രാ​ന്ത​ത്തി​ലെ നീന്തൽത്ത​ടാ​ക​ത്തി​ലോ പോലും അവ അനു​യോ​ജ്യ​മായ ആവാസം കണ്ടെത്തു​ന്നു.

ആഫ്രി​ക്ക​യി​ലെ ഒരു ഉഷ്‌ണ​മേ​ഖലാ കടലോ​രത്ത്‌ ആനത്തു​മ്പി​ക​ളു​ടെ കൂട്ടങ്ങൾ പറന്നു​ന​ട​ക്കു​ന്ന​തും ഏകാകി​ക​ളായ ആനത്തുമ്പി ചക്രവർത്തി​മാർ തങ്ങളുടെ പ്രിയ​പ്പെട്ട യൂറോ​പ്യൻ കുളം ശൗര്യ​ത്തോ​ടെ കാവൽചെ​യ്യു​ന്ന​തും ഞാൻ കണ്ടിട്ടുണ്ട്‌. ഫിലി​പ്പീൻസിൽ സസ്യങ്ങൾ വളർന്നു നിൽക്കുന്ന ഒരു മലയി​ടു​ക്കി​ലൂ​ടെ ഒരു ചിറ്റോ​ട​ത്തിൽ സഞ്ചരി​ക്കു​മ്പോൾ വെട്ടി​ത്തി​ള​ങ്ങുന്ന ചില ഡാംസൽത്തു​മ്പി​കൾ എനിക്കു പിന്നാലെ അംഗര​ക്ഷ​ക​രാ​യി വന്നു. ചിലത്‌ എന്റെ നഗ്നമായ കൈത്ത​ണ്ട​യിൽ വന്നിരി​ക്കു​ക​പോ​ലും ചെയ്‌തു.

ആനത്തു​മ്പി​കൾ, ഭൂമി​യി​ലേ​ക്കും​വെച്ച്‌ ഏറ്റവും സങ്കീർണ​മായ പറക്കൽ വിദഗ്‌ധ​രിൽപ്പെ​ട്ട​വ​രാ​യി​രി​ക്കു​മ്പോൾത്തന്നെ പറക്കൽ കഴിവു​ക​ളെ​ക്കാൾ അവയുടെ ചാരു​ത​യും അഴകു​മാണ്‌ എന്നിൽ എപ്പോ​ഴും കൂടുതൽ മതിപ്പു​ള​വാ​ക്കി​യി​ട്ടു​ള്ളത്‌. അവയുടെ സാന്നി​ധ്യം നമ്മുടെ കുളങ്ങൾക്കും നദീതീ​ര​ങ്ങൾക്കും ഒരു പ്രത്യേക ശോഭ പകരുന്നു. ഏറ്റവും വിശി​ഷ്ട​മായ രത്‌നങ്ങൾ അവയാണ്‌. നമുക്കാ​സ്വ​ദി​ക്കാൻ എപ്പോ​ഴും അവ അവി​ടെ​യുണ്ട്‌.

[അടിക്കു​റിപ്പ്‌]

a ചില സമയങ്ങ​ളിൽ ആനത്തു​മ്പി​കൾ ചിറകു​കൾ താഴോ​ട്ടാ​ക്കി ശരീരം സൂര്യനു നേരെ ഉയർത്തി​പ്പി​ടി​ക്കു​ന്നു. ശരീരം തണുപ്പി​ക്കാ​നാണ്‌ അവ ഇങ്ങനെ ചെയ്യു​ന്നത്‌. കാരണം, അപ്പോൾ സൂര്യ​നിൽനി​ന്നുള്ള ചൂട്‌ ശരീര​ത്തി​ന്റെ കുറച്ചു ഭാഗത്തു മാത്രമേ തട്ടൂ.

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സാധാരണഗതിയിൽ, ചിറകു​കൾ ശരീര​ത്തി​നു മുകളി​ലാ​യി കൂട്ടി​പ്പി​ടി​ക്കുന്ന ഡാംസൽത്തു​മ്പി​ക​ളെ​ക്കാൾ വലുത്‌ ചിറകു​കൾ തിരശ്ചീ​ന​മാ​യി പിടി​ക്കുന്ന ആനത്തു​മ്പി​ക​ളാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക