നാസിസത്തിന്റെ ദുഷ്ടതകൾ തുറന്നുകാട്ടപ്പെടുന്നു
ഒന്നാം ലോകമഹായുദ്ധത്തിൽ നേരിട്ട പരാജയത്തിൽനിന്നു കരേറാൻ ജർമനി പാടുപെട്ടുകൊണ്ടിരിക്കെ, 1920-കളിൽ യഹോവയുടെ സാക്ഷികൾ വളരെയധികം ബൈബിൾ സാഹിത്യം വിതരണം ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതു ജർമൻ ജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പ്രദാനംചെയ്യുക മാത്രമല്ല, പട്ടാളഭരണത്തിന്റെ വർധിച്ചുവരുന്ന ശക്തി സംബന്ധിച്ച് അവരെ ജാഗരൂകരാക്കുകയും ചെയ്തു. 1919-നും 1933-നും ഇടയ്ക്ക്, സാക്ഷികൾ ജർമനിയിലെ ഏതാണ്ട് 1 കോടി 50 ലക്ഷം കുടുംബങ്ങൾക്കോരോന്നിനും ശരാശരി എട്ടു പുസ്തകങ്ങളും ചെറുപുസ്തകങ്ങളും മാസികകളും എത്തിച്ചുകൊടുത്തു.
സുവർണ്ണയുഗം, ആശ്വാസം എന്നീ മാസികകൾ ജർമനിയിലെ സൈനികവളർച്ചയിലേക്കു പലപ്പോഴും ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. 1929-ൽ, അതായത് ഹിറ്റ്ലർ അധികാരത്തിൽ വരുന്നതിനു മൂന്നു വർഷം മുമ്പ്, സുവർണ്ണയുഗം മാസികയുടെ ജർമൻ പതിപ്പ് സധൈര്യം ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “ദേശീയ സോഷ്യലിസം . . . മനുഷ്യന്റെ ശത്രുവായ പിശാചിനെ നേരിട്ടു സേവിച്ചുകൊണ്ട് . . . പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്.”
ഹിറ്റ്ലർ അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പ്, 1933 ജനുവരി 4-ലെ സുവർണ്ണയുഗം ഇങ്ങനെ പറഞ്ഞു: “ദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനം അപകടകരമായ ഒരു പാറക്കെട്ടുപോലെ ഭയാനകമായ അതിന്റെ രൂപം കൈക്കൊള്ളുകയാണ്. തുടക്കത്തിൽ വളരെ നിസ്സാരമെന്നു തോന്നിയ, നയങ്ങളിൽ യാഥാസ്ഥിതികമല്ലാത്ത, ഒരു രാഷ്ട്രീയ പാർട്ടി ഒരു ദേശീയ ഗവൺമെൻറിന്റെ ചട്ടക്കൂടിൽത്തന്നെ ഏതാനും വർഷംകൊണ്ട് നിഴൽ വീഴ്ത്താൻ കഴിയുന്ന അളവോളം വളർന്നിരിക്കുന്നത് അവിശ്വസനീയമായി തോന്നുന്നു. എങ്കിലും അഡോൾഫ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ ദേശീയ പാർട്ടിയും (നാസികളും) ഈ അപൂർവ നേട്ടം കൈവരിച്ചതായി തോന്നുന്നു.”
മനസ്സിലാക്കുന്നതിനുള്ള ഒരഭ്യർഥന
1933 ജനുവരി 30-ന്, ഹിറ്റ്ലർ ജർമനിയുടെ പ്രധാനമന്ത്രിയായി. രണ്ടു മാസം കഴിഞ്ഞ്, അതായത്, 1933 ഏപ്രിൽ 4-ന് യഹോവയുടെ സാക്ഷികളുടെ മക്ഡെബർഗ് ബ്രാഞ്ച് ഓഫീസ് കണ്ടുകെട്ടുകയുണ്ടായി. എന്നിരുന്നാലും, 1933 ഏപ്രിൽ 28-ന് ആ ഉത്തരവ് റദ്ദു ചെയ്തുകൊണ്ട് സ്ഥലം തിരികെ നൽകി. അടുത്തതായി എന്തു സംഭവിക്കുമായിരുന്നു?
ഹിറ്റ്ലർ ഭരണകൂടത്തിന്റെ വ്യക്തമായ ശത്രുത ഉണ്ടായിരുന്നിട്ടുകൂടി 1933 ജൂൺ 25-ന് യഹോവയുടെ സാക്ഷികൾ ജർമനിയിലെ ബെർലിനിൽ ഒരു കൺവെൻഷൻ സംഘടിപ്പിച്ചു. ഏകദേശം 7,000 പേർ അതിൽ സമ്മേളിക്കുകയുണ്ടായി. സാക്ഷികൾ തങ്ങളുടെ ഉദ്ദേശ്യങ്ങൾ പരസ്യമായിത്തന്നെ വ്യക്തമാക്കുകയുണ്ടായി: “ഏത് അർഥത്തിൽ നോക്കിയാലും ഞങ്ങളുടെ സംഘടന രാഷ്ട്രീയസ്വഭാവമുള്ളതല്ല. ആളുകളെ യഹോവയാം ദൈവത്തിന്റെ വചനം നിർവിഘ്നം പഠിപ്പിക്കുന്ന കാര്യത്തിൽ മാത്രമേ ഞങ്ങൾക്കു നിർബന്ധമുള്ളൂ.”
അങ്ങനെ യഹോവയുടെ സാക്ഷികൾ തങ്ങളെ സംബന്ധിച്ച വസ്തുതകൾ നിരത്താൻ ആത്മാർഥമായ ഒരു ശ്രമം നടത്തി. അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരുന്നു?
ആക്രമണം ആരംഭിക്കുന്നു
സാക്ഷികളുടെ അചഞ്ചലമായ നിഷ്പക്ഷ നിലപാടും ദൈവരാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയും ഹിറ്റ്ലറുടെ ഗവൺമെൻറിനു സ്വീകാര്യമായിരുന്നില്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പിന്താങ്ങാനുള്ള ഏതൊരു നിരസനത്തെയും വെച്ചുപൊറുപ്പിക്കാൻ നാസികൾ ഉദ്ദേശിച്ചുമില്ല.
ബെർലിൻ കൺവെൻഷൻ സമാപിച്ച ഉടനെതന്നെ, 1933 ജൂൺ 28-ന് മക്ഡെബർഗിലെ ബ്രാഞ്ച് ഓഫീസ് നാസികൾ വീണ്ടും കണ്ടുകെട്ടി. സാക്ഷികൾ യോഗങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ അവർ അതിക്രമിച്ചുകയറി അറസ്റ്റു ചെയ്യുകയുണ്ടായി. താമസിയാതെ സാക്ഷികളെ ജോലിയിൽനിന്നു പിരിച്ചുവിടാൻ തുടങ്ങി. അവരുടെ വീടുകളിൽ റെയ്ഡുകൾ നടത്തുകയും അവരെ തല്ലുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. 1934-ന്റെ പ്രാരംഭത്തിൽ നാസികൾ സാക്ഷികളിൽനിന്ന് 65 ടൺ ബൈബിൾ സാഹിത്യങ്ങൾ പിടിച്ചെടുത്ത് മക്ഡെബർഗിനു വെളിയിൽവെച്ചു ചുട്ടുചാമ്പലാക്കുകയുണ്ടായി.
സാക്ഷികളുടെ അചഞ്ചലമായ നിലപാട്
ഈ പ്രാരംഭ ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും, യഹോവയുടെ സാക്ഷികൾ ദൃഢചിത്തരായി നിലകൊള്ളുകയും മർദനത്തെയും അനീതിയെയും പരസ്യമായി അപലപിക്കുകയും ചെയ്തു. 1933 നവംബർ 1 ലക്കം വീക്ഷാഗോപുരം “അവരെ ഭയപ്പെടരുത്” എന്ന ലേഖനം വിശേഷവത്കരിച്ചു. പ്രത്യേകിച്ച് ജർമൻ സാക്ഷികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച ആ ലേഖനം, വർധിച്ചുവരുന്ന സമ്മർദത്തിൻമധ്യേയും ധൈര്യമുള്ളവരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.
1934 ഫെബ്രുവരി 9-ന് വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് ഹിറ്റ്ലർക്ക് ഒരു പ്രതിഷേധക്കത്ത് അയയ്ക്കുകയുണ്ടായി, അതിങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ എല്ലാ മനുഷ്യരെയും വിജയപ്രദമായി എതിർത്തേക്കാം, എന്നാൽ യഹോവയാം ദൈവത്തെ വിജയപ്രദമായി എതിർക്കാൻ നിങ്ങൾക്കാവില്ല. . . . സമാധാനത്തോടെ സമ്മേളിക്കാനും തടസ്സംകൂടാതെ ദൈവത്തെ ആരാധിക്കാനും ജർമനിയിലെ യഹോവയുടെ സാക്ഷികളെ അനുവദിക്കാൻ താങ്കളുടെ ഗവൺമെൻറിലെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും ജോലിക്കാർക്കും കൽപ്പന കൊടുക്കാൻ യഹോവയാം ദൈവത്തിന്റെയും അവന്റെ അഭിഷിക്ത രാജാവായ ക്രിസ്തുയേശുവിന്റെയും നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.”
റതർഫോർഡ് വെച്ച അന്തിമ തീയതി 1934 മാർച്ച് 24 ആയിരുന്നു. ആ സമയമാകുമ്പോഴേക്കും ജർമൻ സാക്ഷികൾക്ക് ആശ്വാസം കിട്ടിയില്ലെങ്കിൽ പീഡനത്തെ സംബന്ധിച്ച വസ്തുതകൾ ജർമനിയിലും ലോകത്തിന്റെ ശേഷിച്ച ഭാഗത്തും പ്രസിദ്ധീകരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. റതർഫോർഡിന്റെ ഡിമാൻറിനോട് നാസികൾ പ്രതികരിച്ചവിധം പീഡനം വർധിപ്പിച്ചുകൊണ്ടും സമീപകാലത്തു പണിതുയർത്തിയ തടങ്കൽപ്പാളയങ്ങളിലേക്ക് അനേകം യഹോവയുടെ സാക്ഷികളെ അയച്ചുകൊണ്ടുമാണ്. അങ്ങനെ, ഈ പാളയങ്ങളിലെ ആദ്യത്തെ അന്തേവാസികളിൽപ്പെട്ടവരായിത്തീർന്നു അവർ.
സാക്ഷികൾ നാസികളുടെ കൊടുംക്രൂരതകൾ തുറന്നുകാട്ടുന്നു
യഹോവയുടെ സാക്ഷികൾ പറഞ്ഞിരുന്നതുപോലെതന്നെ, അവർ ജർമനിയിൽ അരങ്ങേറിയ കൊടുംക്രൂരതകൾ തുറന്നുകാട്ടാൻ തുടങ്ങി. ഗോളത്തിനു ചുറ്റുമുള്ള സാക്ഷികൾ ഹിറ്റ്ലർ ഗവൺമെൻറിനെതിരെയുള്ള പ്രതിഷേധം ആവർത്തിച്ചാവർത്തിച്ച് അറിയിക്കുകയുണ്ടായി.
1934 ഒക്ടോബർ 7-ന് ജർമനിയിലുള്ള യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളും കൂടിവന്നു. ഹിറ്റ്ലർ ഗവൺമെൻറിന്റെ ഉദ്യോഗസ്ഥന്മാർക്കയച്ചുകൊണ്ടിരുന്ന ഒരു കത്തു വായിച്ചുകേൾക്കാനായിരുന്നു അത്. അതിങ്ങനെ പറഞ്ഞു: “നിങ്ങളുടെ നിയമവും ദൈവനിയമവും കടകവിരുദ്ധമാണ് . . . അതുകൊണ്ട് എന്തു വില കൊടുത്തും ഞങ്ങൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുമെന്നും അവന്റെ വചനം പഠിക്കാൻ കൂടിവരുമെന്നും അവൻ കൽപ്പിച്ചതുപോലെ അവനെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുമെന്നും നിങ്ങളെ അറിയിക്കാനാണിത്.”
അതേസമയംതന്നെ, മറ്റു 49 രാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ ഒരു പ്രത്യേക സമ്മേളനത്തിൽ കൂടിവന്ന് പിൻവരുന്ന ടെലഗ്രാം ഹിറ്റ്ലർക്ക് അയയ്ക്കുകയുണ്ടായി: “നിങ്ങൾ യഹോവയുടെ സാക്ഷികളോടു ചെയ്യുന്ന ദുഷ്പെരുമാറ്റം ഭൂമിയിലെ സകല നല്ല ആളുകളെയും ഞെട്ടിക്കുകയും ദൈവനാമത്തെ നിന്ദിക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികളെ കൂടുതലായി പീഡിപ്പിക്കുന്നതിൽനിന്നു പിന്തിരിയുക; അല്ലെങ്കിൽ ദൈവം നിങ്ങളെയും നിങ്ങളുടെ ദേശീയപാർട്ടിയെയും നശിപ്പിക്കും.”
പീഡനം വർധിപ്പിച്ചുകൊണ്ടു നാസികൾ അതിനോടു സത്വരം പ്രതികരിച്ചു. ഹിറ്റ്ലർ ഇങ്ങനെ ആക്രോശിച്ചു: “ഈ ജാതി ജർമനിയിൽ ഇല്ലാതാക്കപ്പെടും!” എന്നാൽ എതിർപ്പ് ശക്തമായിത്തീർന്നതനുസരിച്ച്, സാക്ഷികളുടെ ദൃഢതീരുമാനവും ബലപ്പെട്ടു.
1935-ൽ, മതവിചാരണ പോലുള്ള നാസി ഭരണകൂടത്തിന്റെ പീഡനമുറകളെയും അതിന്റെ ചാരവൃത്തിസംവിധാനത്തെയും സുവർണ്ണയുഗം തുറന്നുകാട്ടുകയുണ്ടായി. ജർമനിയിലെ യുവാക്കൾക്കു ദൈവത്തിലുള്ള വിശ്വാസം ഇല്ലാതാക്കുക എന്നത് ഹിറ്റ്ലർ യുവസംഘടനയുടെ ഉദ്ദേശ്യമായിരുന്നുവെന്നും അതു വെളിപ്പെടുത്തി. അടുത്ത വർഷം രാജ്യവ്യാപകമായി നടന്ന ഗസ്റ്റപ്പോയുടെ സൈനിക ദൗത്യങ്ങളുടെ ഫലമായി ആയിരക്കണക്കിനു സാക്ഷികൾ അറസ്റ്റു ചെയ്യപ്പെട്ടു. ഉടൻതന്നെ, 1936 ഡിസംബർ 12-ന് സാക്ഷികൾ തങ്ങളുടെ സ്വന്തം പ്രചരണപരിപാടിയിൽ, യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള പീഡനത്തോട് എതിർപ്പു പ്രകടിപ്പിക്കുന്ന ഒരു പ്രമേയത്തിന്റെ ലക്ഷക്കണക്കിനു കോപ്പികൾ ജർമനിയുടെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്തു.
1937 ജൂൺ 20-ന്, പീഡനത്തിന്റെ സൂക്ഷ്മവിശദാംശങ്ങൾ അടങ്ങിയ മറ്റൊരു സന്ദേശം അപ്പോഴും സ്വതന്ത്രരായിരുന്ന സാക്ഷികൾ വിതരണം ചെയ്തു. അതിൽ അധികാരികളുടെ പേരുകൾ കൊടുക്കുകയും തീയതിയും സ്ഥലവും പരാമർശിക്കുകയും ചെയ്തിരുന്നു. വിജയപ്രദമായി ഗസ്റ്റപ്പോയെ തുറന്നുകാട്ടിയതിലും അതുപോലെതന്നെ സാക്ഷികളുടെ പ്രാപ്തിയിലും അവർ അമ്പരന്നുപോയി.
മൂന്നാം റെയ്ക്കിന്റെ മഹത്തായ ആയിരം-വർഷ വാഴ്ചയുടെ മോഹനമായ ദർശനത്താൽ വിഡ്ഢികളാകരുതെന്നു ജർമനിയിലെ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാൻ സാക്ഷികളെ പ്രചോദിപ്പിച്ചത് അയൽക്കാരനോടുള്ള സ്നേഹമായിരുന്നു. “നാം സത്യം പറയുകയും മുന്നറിയിപ്പു കൊടുക്കുകയും വേണം,” 1938-ൽ പ്രസിദ്ധീകരിക്കപ്പെട്ട വസ്തുതകളെ അഭിമുഖീകരിക്കുക എന്ന ചെറുപുസ്തകം പറഞ്ഞു. “ദൈവരാജ്യത്തിനു ബദലായി സാത്താൻ കൊണ്ടുവന്ന ഒരു ഉത്പന്നമാണ് . . . ഏകാധിപത്യ ഗവൺമെൻറ് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.” നാസി ദുഷ്പെരുമാറ്റത്തിന്റെ ആദ്യ ലക്ഷ്യങ്ങളിൽ പെട്ടവരായിരുന്നു യഹോവയുടെ സാക്ഷികൾ. എങ്കിലും യഹൂദന്മാർ, പോളണ്ടുകാർ, വികലാംഗർ തുടങ്ങിയവർക്കൊക്കെ എതിരെയുള്ള കൊടുംക്രൂരതകളെയും അവർ ഉച്ചൈസ്തരം അപലപിക്കുകയുണ്ടായി.
യു.എസ്.എ.-യിലെ വാഷിങ്ടണിലുള്ള സിയാറ്റിലിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ 1938-ലെ ഒരു കൺവെൻഷനിൽ കൈക്കൊണ്ട ഒരു പ്രമേയമായിരുന്നു “മുന്നറിയിപ്പ്!” അതിങ്ങനെ പറഞ്ഞു: “മൗലിക രാഷ്ട്രീയ സംഘടനകളായ ഫാസിസ്റ്റുകാരും നാസികളും യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിയന്ത്രണം അനധികൃതമായി പിടിച്ചെടുത്തിരിക്കുന്നു . . . എല്ലാ ആളുകളും നിർബന്ധിതമായി സംഘടിപ്പിക്കപ്പെടും, സ്വാതന്ത്ര്യങ്ങളെല്ലാം എടുത്തുമാറ്റപ്പെടും, സർവാധികാര സ്വേച്ഛാധിപതിയുടെ ഭരണത്തിനു കീഴ്പെടാൻ എല്ലാവരും നിർബന്ധിതരായിത്തീരും. എന്നിട്ട് പുരാതന മതവിചാരണ പൂർണമായും ചുരുളഴിക്കപ്പെടും.”
നാസിസത്തിന്റെ സാത്താന്യസ്വഭാവത്തെക്കുറിച്ചുള്ള ശക്തമായ പ്രസംഗങ്ങൾ ജെ. എഫ്. റതർഫോർഡ് പതിവായി റേഡിയോവഴി പ്രക്ഷേപണം ചെയ്തു. ആ പ്രഭാഷണങ്ങൾ ലോകവ്യാപകമായി പുനഃപ്രക്ഷേപണം ചെയ്യുകയും വിതരണത്തിനായി അവയുടെ ദശലക്ഷക്കണക്കിനു കോപ്പികൾ അച്ചടിക്കുകയും ചെയ്തു. 1938 ഒക്ടോബർ 2-ന് “ഫാസിസം അല്ലെങ്കിൽ സ്വാതന്ത്ര്യം” എന്ന പ്രഭാഷണം നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ഹിറ്റ്ലറെ വ്യക്തമായ ഭാഷയിൽ അപലപിക്കുകയുണ്ടായി.
റതർഫോർഡ് സഹോദരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ജർമനിയിലെ സാമാന്യജനം സമാധാനപ്രിയരാണ്. സുബോധമില്ലാത്തവനും ക്രൂരനും ദ്രോഹബുദ്ധിയുള്ളവനും നിർദയനുമായ ഒരു മനുഷ്യനായ ഹിറ്റ്ലറെ തന്റെ പ്രതിനിധിയായി പിശാച് അധികാരത്തിൽ വാഴിച്ചിരിക്കുന്നു . . . അവൻ യഹൂദന്മാരെ പീഡിപ്പിക്കുന്നു, കാരണം അവർ ഒരിക്കൽ യഹോവയോട് ഉടമ്പടിയുണ്ടായിരുന്ന ജനതയും യഹോവയുടെ നാമം വഹിച്ചിരുന്നവരുമായിരുന്നു. ക്രിസ്തുതന്നെ ഒരു യഹൂദനായിരുന്നതുകൊണ്ടുമായിരുന്നു അത്.”
യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള നാസികളുടെ ക്രോധം വർധിച്ചുവന്നപ്പോൾ സാക്ഷികളുടെ അപലപനം അധികമധികം രൂക്ഷമായിത്തീർന്നു. 1940 മേയ് 15 ലക്കം ആശ്വാസം ഇങ്ങനെ പ്രസ്താവിച്ചു: “ശരിക്കും പണിത ഒരു അഴുക്കുചാലിലൂടെ വെള്ളം പോകുന്നതുപോലെ ഇത്തരം പ്രസംഗങ്ങളും തീരുമാനങ്ങളും അദ്ദേഹത്തിലൂടെ കടന്നുപോകത്തക്കവണ്ണം പിശാചിന്റെ അത്രയ്ക്കു പൂർണനായ ഒരു കുട്ടിയാണു ഹിറ്റ്ലർ.”
പാളയങ്ങളിലെ ഭീകരതകൾ തുറന്നുകാട്ടപ്പെടുന്നു
തടങ്കൽപ്പാളയങ്ങൾ ഉണ്ടായിരുന്നുവെന്ന സംഗതി 1945 വരെ പൊതുജനങ്ങൾ കാര്യമായൊന്നും അറിഞ്ഞില്ലെങ്കിലും അവയെ സംബന്ധിച്ച സവിസ്തര വിവരങ്ങൾ വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ 1930-കളിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടുകയുണ്ടായി. ഉദാഹരണത്തിന്, ഡാക്കൗവിൽ വിഷവാതകം ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെപ്പറ്റി ആശ്വാസം 1937-ൽ പറഞ്ഞു. 1940 ആയപ്പോഴേക്കും, സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ 20 വ്യത്യസ്ത പാളയങ്ങളുടെ പേര് പറയുകയും അവിടത്തെ ഭയങ്കരമായ അവസ്ഥകളെക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയും ചെയ്തു.
തടങ്കൽപ്പാളയങ്ങളുമായി സാക്ഷികൾക്ക് അത്ര അടുത്ത പരിചയം എങ്ങനെയാണുണ്ടായത്? 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, പാളയങ്ങളിലും ജയിലുകളിലും തടവിലാക്കപ്പെട്ടിരുന്ന 6,000 സാക്ഷികൾ ഉണ്ടായിരുന്നു. അക്കാലത്ത് തടവിൽ കിടന്നിരുന്ന ആളുകളുടെ 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയ്ക്കു സാക്ഷികളായിരുന്നുവെന്നു ജർമൻ ചരിത്രകാരനായ ഡെറ്റ്ലെഫ് ഗാർബി കണക്കാക്കുന്നു!
സാക്ഷികളും കൂട്ടക്കൊലയും എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു സെമിനാറിൽ ഗാർബി ഇങ്ങനെ പറഞ്ഞു: “മൂന്നാം റെയ്ക്കിന്റെ ആരംഭകാലത്ത് യഹോവയുടെ സാക്ഷികളാണെന്നു സമ്മതിച്ച 25,000 പേരിൽ, ഏതാണ്ട് 10,000 പേർ ദീർഘകാലം തടവിലാക്കപ്പെട്ടു. ഇവരിൽ 2,000-ത്തിലധികം പേരെ ഇട്ടിരുന്നതു തടങ്കൽപ്പാളയങ്ങളിലായിരുന്നു. അതിന്റെ അർഥം, യഹൂദന്മാരെ ഒഴിച്ചാൽ, എല്ലാ മതവിഭാഗങ്ങളിലുംവെച്ച് എസ്എസിനാൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടവർ യഹോവയുടെ സാക്ഷികളായിരുന്നുവെന്നാണ്.”
1940 ജൂണിൽ ആശ്വാസം ഇങ്ങനെ പറഞ്ഞു: “ജർമനി ത്വരിതഗതിയിൽ അതിന്റെ യുദ്ധം തുടങ്ങിയപ്പോൾ പോളണ്ടിൽ 35,00,000 യഹൂദരുണ്ടായിരുന്നു . . . പാശ്ചാത്യലോകത്ത് എത്തുന്ന റിപ്പോർട്ടു ശരിയാണെങ്കിൽ അവരുടെ നാശം തുടങ്ങിക്കഴിഞ്ഞതായി തോന്നുന്നു.” 1943-ൽ ആശ്വാസം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഗ്രീക്കുകാർ, പോളണ്ടുകാർ, സെർബിയക്കാർ എന്നിവരെപ്പോലുള്ള ജനതകൾ ഒന്നടങ്കം ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണ്.” 1946 ആയപ്പോഴേക്കും, സുവർണ്ണയുഗവും ആശ്വാസവും പലതരത്തിലുള്ള 60 തടവു-തടങ്കൽ പാളയങ്ങളെ തിരിച്ചറിയിച്ചുകഴിഞ്ഞിരുന്നു.
സാക്ഷികൾ നാസികളെ നിരാശരാക്കുന്നു
വാച്ച് ടവർ സാഹിത്യങ്ങളുടെ പ്രവാഹം നിർത്താൻ നാസികൾ ശ്രമിച്ചുവെങ്കിലും ഒരു ബെർലിൻ ഉദ്യോഗസ്ഥൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ബൈബിൾ വിദ്യാർഥികളുടെ സാഹിത്യം ഇപ്പോഴും അച്ചടിക്കുന്ന ജർമനിയിലെ രഹസ്യസ്ഥലങ്ങൾ കണ്ടുപിടിക്കുക ദുഷ്കരമാണ്; ആരും പേരുകളോ വിലാസങ്ങളോ കൊണ്ടുനടക്കുന്നില്ല, ആരും ആരെയും ഒറ്റിക്കൊടുക്കുന്നില്ല.”
ഗസ്റ്റപ്പോ ഭ്രാന്തൻ ശ്രമങ്ങളൊക്കെ നടത്തിയിട്ടും, ഏതൊരു നിർദിഷ്ട സമയത്തും ജർമനിയിലെ മൊത്തം സാക്ഷികളുടെ പകുതിയിലധികം പേരെ പിടികൂടാൻ അവർക്കൊരിക്കലും കഴിഞ്ഞില്ല. ബൃഹത്തായ നാസി ചാരവൃത്തിസംവിധാനത്തിനുണ്ടായ നിരാശയെക്കുറിച്ചൊന്നു സങ്കൽപ്പിച്ചുനോക്കൂ—ഈ കൊച്ചു സൈന്യത്തെ ഒന്നിച്ചുകൂട്ടി നിശബ്ദമാക്കാനോ സാഹിത്യപ്രവാഹം നിർത്താനോ അതിനു കഴിഞ്ഞില്ല. സാഹിത്യങ്ങൾ തെരുവിലെത്തി, അതു തടങ്കൽപ്പാളയങ്ങളുടെ മുള്ളുകമ്പികൾക്കുള്ളിൽപ്പോലും എത്തിച്ചേർന്നു!
കിരാതത്വത്തിന്മേൽ വിജയം
മനുഷ്യന്റെ മനോവീര്യം കെടുത്തുന്നതിൽ വിദഗ്ധരെന്നു കരുതപ്പെട്ടിരുന്ന നാസികൾ യഹോവയുടെ സാക്ഷികളെക്കൊണ്ട് തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത ലംഘിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അവർ ദയനീയമാംവിധം പരാജയപ്പെടുകയാണുണ്ടായത്. ദ തിയറി ആൻഡ് പ്രാക്ടീസ് ഓഫ് ഹെൽ എന്ന പുസ്തകം ഇങ്ങനെ പറഞ്ഞു: “മനശ്ശാസ്ത്രപരമായി പറഞ്ഞാൽ, യഹോവയുടെ സാക്ഷികൾ ഉയർത്തിയ വെല്ലുവിളികളോടു തുല്യം നിൽക്കാൻ എസ്എസിന് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്ന സംഗതി നിഷേധിക്കാൻ ആർക്കുമാവില്ല.”
വാസ്തവത്തിൽ, പോരാട്ടത്തിൽ വിജയം വരിച്ചത് ദൈവാത്മാവിന്റെ സഹായമുണ്ടായിരുന്ന സാക്ഷികളായിരുന്നു. യുദ്ധത്തിലെ ചേരികളെക്കുറിച്ച് ഇംഗ്ലണ്ടിലെ സ്റ്റാഫോർഷയർ സർവകലാശാലയിലെ ചരിത്രകാരിയായ ക്രിസ്റ്റീൻ കിങ് ഇങ്ങനെ വർണിച്ചു: “ബൃഹത്തായ, ശക്തമായ, അജയ്യമെന്നു തോന്നുന്ന [നാസികൾ] ഒരു വശത്ത്. വളരെ വളരെ നിസ്സാരരായ . . . തങ്ങളുടെ വിശ്വാസം മാത്രമല്ലാതെ മറ്റൊരായുധവും കയ്യിലില്ലാത്ത . . . [സാക്ഷികൾ] മറുവശത്ത്. ധർമാധർമങ്ങളുടെ കാര്യത്തിൽ യഹോവയുടെ സാക്ഷികൾ ഗസ്റ്റപ്പോ ശക്തിയെ മുട്ടുകുത്തിച്ചു.”
യഹോവയുടെ സാക്ഷികൾ നാസി അധികാരമണ്ഡലത്തിലെ വളരെ ചെറിയ, സമാധാനപ്രിയരായ ഒരു വ്യതിരിക്ത ഘടകമായിരുന്നു. എന്നിട്ടും, അവർ തങ്ങളുടേതായ വിധത്തിൽ യുദ്ധത്തിൽ പോരാടി വിജയം വരിച്ചു—അത് ദൈവത്തെ ആരാധിക്കാനുള്ള, തങ്ങളുടെ അയൽക്കാരനെ സ്നേഹിക്കാനുള്ള, സത്യം പറയാനുള്ള ഒരു പോരാട്ടമായിരുന്നു.
[9-ാം പേജിലെ ചതുരം]
സാക്ഷികൾ പാളയങ്ങളുടെ അസ്തിത്വം തുറന്നുകാട്ടി
ഓഷ്വിറ്റ്സ്, ബുച്ചെൻവാൾഡ്, ഡാക്കൗ, സാക്സെൻഹോസ്സൻ എന്നീ പേരുകൾ രണ്ടാം ലോകമഹായുദ്ധം കഴിയുന്നതുവരെ മിക്കയാളുകൾക്കും അറിയില്ലായിരുന്നെങ്കിലും സുവർണ്ണയുഗത്തിന്റെയും ആശ്വാസത്തിന്റെയും വായനക്കാർക്ക് അവ സുപരിചിതമായിരുന്നു. പാളയങ്ങളിൽനിന്നു ജീവൻ പണയംവെച്ചു കടത്തിക്കൊണ്ടുവന്നു വാച്ച് ടവർ സാഹിത്യങ്ങളിൽ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളുടെ റിപ്പോർട്ടുകൾ മൂന്നാം റെയ്ക്കിന്റെ ഹത്യാപരമായ ഉദ്ദേശ്യത്തെ തുറന്നുകാട്ടി.
ജർമനിയിൽ തടങ്കൽപ്പാളയങ്ങൾ ഉണ്ടെന്നതു സംബന്ധിച്ച ആദ്യ റിപ്പോർട്ടു സുവർണ്ണയുഗത്തിൽ വന്നത് 1933-ലായിരുന്നു. 1938-ൽ യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനിത്വത്തിനെതിരെയുള്ള കുരിശുയുദ്ധം എന്ന പുസ്തകം ഫ്രഞ്ച്, ജർമൻ, പോളീഷ് എന്നീ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തി. അതു സാക്ഷികൾക്കെതിരെയുള്ള ദുഷ്ടമായ നാസി ആക്രമണങ്ങളെ തെളിവു സഹിതം ശ്രദ്ധയോടെ അവതരിപ്പിച്ചു. സാക്സെൻഹോസ്സൻ, എസ്റ്റർവാജൻ തടങ്കൽപ്പാളയങ്ങളുടെ രേഖാചിത്രം അതിൽ ഉൾപ്പെടുത്തിയിരുന്നു.
നോബൽസമ്മാന ജേതാവായ ഡോ. തോമസ് മാൻ ഇപ്രകാരമെഴുതി: “നിങ്ങളുടെ പുസ്തകവും അത്യഗാധമായ വികാരമുൾക്കൊള്ളുന്ന അതിന്റെ ഭയങ്കര തെളിവും ഞാൻ വായിച്ചുകഴിഞ്ഞു. മനുഷ്യാധഃപതനത്തിന്റെയും നിന്ദ്യമായ ക്രൂരതയുടെയും ഈ ലിഖിതതെളിവുകൾ പരിശോധിക്കവേ എന്റെ ഹൃദയത്തിൽ നിറഞ്ഞ വെറുപ്പിന്റെയും അറപ്പിന്റെയും സമ്മിശ്രവികാരത്തെ എനിക്കു വർണിക്കാൻ കഴിയുന്നില്ല. . . . നിശബ്ദനായിരുന്നാൽ അതു ലോകത്തിന്റെ ധാർമിക നിസ്സംഗതയ്ക്കു മാത്രമേ പ്രയോജകീഭവിക്കുകയുള്ളൂ . . . ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിങ്ങൾ നിങ്ങളുടെ കടമ നിറവേറ്റിയിരിക്കുന്നു, ഒപ്പം വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിലും.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
[10-ാം പേജിലെ ചതുരം]
ആദ്യം പാളയങ്ങളിൽ എത്തിയവരിൽ സാക്ഷികൾ
ഫ്രാൻസിലെ ഒരു മുൻ പ്രസിഡൻറായിരുന്ന ചാൾസ് ഡെ ഗൊലെയുടെ മാതുലപുത്രിയായ മാഡം ഷാൻവീവ് ഡെ ഗൊലെ ഫ്രഞ്ച് റെസിസ്റ്റൻസ് എന്ന ഒരു രഹസ്യ സംഘടനയിലെ അംഗമായിരുന്നു. അവൾ പിടിക്കപ്പെട്ട് റാവൻസ്ബ്രക്ക് തടങ്കൽപ്പാളയത്തിൽ 1944-ൽ തടവിലായിരിക്കെ യഹോവയുടെ സാക്ഷികളുമായി കണ്ടുമുട്ടി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാഡം ഡെ ഗൊലെ സ്വിറ്റ്സർലണ്ടിലുടനീളം പ്രസംഗപര്യടനങ്ങൾ നടത്തി, അവർ മിക്കപ്പോഴും സാക്ഷികളുടെ നിർമലതയെയും ധൈര്യത്തെയും കുറിച്ചു സംസാരിച്ചു. 1994 മേയ് 20-ന് നടന്ന ഒരഭിമുഖത്തിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് അവരിങ്ങനെ പറഞ്ഞു:
“പാളയത്തിലേക്ക് ആദ്യം കടത്തപ്പെട്ടവരിൽ അവരുണ്ടായിരുന്നു. പലരും അതിനോടകംതന്നെ മരിച്ചുകഴിഞ്ഞിരുന്നു . . . അവരുടെ പ്രത്യേകമായ ബാഡ്ജിനാൽ ഞങ്ങൾ അവരെ തിരിച്ചറിഞ്ഞു. . . . അവർ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കുന്നതോ മതസംബന്ധമായ എന്തെങ്കിലും പുസ്തകങ്ങൾ, പ്രത്യേകിച്ച് രാജ്യദ്രോഹത്തിന്റെ ഏറ്റവും വലിയ പുസ്തകം എന്നു കരുതപ്പെട്ടിരുന്ന ബൈബിൾ, വെച്ചുകൊണ്ടിരിക്കുന്നതോ പൂർണമായും വിലക്കിയിരുന്നു. . . . ബൈബിൾ ഭാഗങ്ങളുടെ ഏതാനും പേജുകൾ വെച്ചുകൊണ്ടിരുന്നതിനു വധിക്കപ്പെട്ട [യഹോവയുടെ സാക്ഷികളിൽ ഒരുവനെ] എനിക്കറിയാം. മറ്റുള്ളവരും അങ്ങനെ വധിക്കപ്പെട്ടുവെന്നു ഞാൻ കേട്ടിട്ടുണ്ട്. . . .
“തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറഞ്ഞ് ഒപ്പുവെച്ചുകൊണ്ട് അവർക്ക് ഏതു സമയത്തും പുറത്തു പോകാമായിരുന്നു എന്ന കാര്യം അവരിൽ എനിക്കു വളരെയധികം മതിപ്പുളവാക്കിയ ഒരു സംഗതിയാണ്. ആത്യന്തികമായി, ദുർബലരും അവശരുമെന്നു തോന്നിയ ഈ സ്ത്രീകൾ അധികാരവും മറ്റു സകല മാർഗവുമുണ്ടായിരുന്ന എസ്എസ് ഭടന്മാരെക്കാൾ ബലിഷ്ഠരായിരുന്നു. [യഹോവയുടെ സാക്ഷികൾക്ക്] അവരുടെ ശക്തിയുണ്ടായിരുന്നു, ആർക്കും തോൽപ്പിക്കാൻ കഴിയാത്തത് അവരുടെ മനോവീര്യമായിരുന്നു.”
[11-ാം പേജിലെ ചതുരം]
പാളയങ്ങളിലെ സാക്ഷികളുടെ നടത്ത
അയൽക്കാരനോടുള്ള—തടവുമുറിയിലെയും ബാരക്കിലെയും പാളയത്തിലെയും തങ്ങളുടെ സഹവർത്തിയോടുള്ള—സ്നേഹം നിമിത്തം സാക്ഷികൾ പങ്കുവെച്ചത് ആത്മീയ ഭക്ഷണം മാത്രമായിരുന്നില്ല, തങ്ങൾക്കുണ്ടായിരുന്ന ഭൗതികഭക്ഷണവും അവർ പങ്കുവെച്ചു.
ബുച്ചെൻവാൾഡ് തടങ്കൽപ്പാളയത്തിൽനിന്നു ജീവനോടെ രക്ഷപ്പെട്ട ഒരു യഹൂദൻ ഇങ്ങനെ വിശദീകരിച്ചു: “അവിടെ ഞാൻ ബൈബെൽഫോർഷറെ [ബൈബിൾ വിദ്യാർഥികളെ] കണ്ടുമുട്ടി. അവർ നിരന്തരം തങ്ങളുടെ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു. വാസ്തവത്തിൽ, ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതിൽനിന്ന് അവരെ ഒന്നും തടയുമായിരുന്നില്ല. അവർ മറ്റു തടവുകാരോടു വളരെ സഹായമനസ്ഥിതി കാട്ടി. യഹൂദന്മാരെ കൂട്ടക്കൊല ചെയ്തതിന്റെ ഫലമായി 1938 നവംബർ 10-ന് പാളയത്തിലേക്കു യഹൂദന്മാരുടെ ഒരു പ്രവാഹം തന്നെയുണ്ടായിരുന്നു. അപ്പോൾ ‘യഹോവയുടെ പന്നികൾ,’ അങ്ങനെയാണ് ഗാർഡുകൾ അവരെ വിളിച്ചത്, തങ്ങളുടെ ആഹാരവിഹിതവുമായി പ്രായമുള്ളവരും വിശന്നുവലഞ്ഞവരുമായ യഹൂദന്മാരുടെ അടുക്കൽപോയി അവർക്കു കൊടുത്തു, നാലു ദിവസത്തോളം അവർ ഒന്നും കഴിക്കാതെയാണ് ഇത് ചെയ്തത്.”
സമാനമായി, ലിക്റ്റൻബർഗ് പാളയത്തിൽ തടവിലാക്കപ്പെട്ട ഒരു യഹൂദസ്ത്രീ സാക്ഷികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ക്ഷമാപൂർവം തങ്ങളുടെ വിധി ഏറ്റുവാങ്ങിയ ധീരരായ ആളുകളായിരുന്നു അവർ. പുറജാതീയ സ്ത്രീകൾ ഞങ്ങളോടു സംസാരിക്കുന്നതു നിഷിദ്ധമായിരുന്നെങ്കിലും, ആ സ്ത്രീകൾ ഒരിക്കലും അതനുസരിച്ചില്ല. ഞങ്ങൾ അവരുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നതുപോലെ അവർ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും മടുത്തുപോകരുതെന്നു ഞങ്ങളോട് അപേക്ഷിക്കുകയും ചെയ്തു.”
[12-ാം പേജിലെ ചതുരം]
കൂട്ടക്കൊലയെ നിഷേധിക്കാനുള്ള ശ്രമങ്ങൾ മുൻകൂട്ടിപ്പറയപ്പെട്ടു
ചരിത്രത്തെ മാറ്റിമറിക്കാനും സംഭവിച്ച കാര്യത്തെ നിഷേധിക്കാനും ഭാവി ശ്രമങ്ങൾ നടന്നേക്കാമെന്ന് ആശ്വാസം അതിന്റെ 1945 സെപ്റ്റംബർ 26 ലക്കത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. “നാസിസം നശിപ്പിക്കപ്പെട്ടോ?” എന്ന ലേഖനം ഇങ്ങനെ പറഞ്ഞു:
“ആളുകൾ കാര്യങ്ങളൊക്കെ പെട്ടെന്നു മറക്കുമെന്നു പ്രചരണക്കാർ കരുതുന്നു. ഉപകാരികൾ എന്ന ആധുനിക മുഖമറയ്ക്കുള്ളിൽ തങ്ങളുടെ കുറ്റകൃത്യത്തിന്റെ രേഖകൾ മൂടിവെച്ചുകൊണ്ട് കഴിഞ്ഞകാല ചരിത്രത്തെ മായ്ച്ചുകളയാനുള്ള അവരുടെ ശ്രമമാണത്.”
ആ മാസിക ഈ സൂക്ഷ്മമായ മുന്നറിയിപ്പു മുഴക്കുകയുണ്ടായി: “യഹോവ അർമഗെദോനിൽ പോരാടുന്നതുവരെ, നാസിസം അതിന്റെ വൃത്തികെട്ട തല പുറത്തേക്കു നീട്ടിക്കൊണ്ടിരിക്കും.”
[11-ാം പേജിലെ രേഖാചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
തടങ്കൽപ്പാളയങ്ങളുടെ ഈ രേഖാചിത്രങ്ങൾ 1937-ൽ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടു
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ മക്ഡെബർഗ് ബ്രാഞ്ച് ഓഫീസിലെ 150 പ്രവർത്തകർ 1931-ൽ
[8-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ നാസിസവുമായുള്ള സഭയുടെ സഹകരണത്തെ തുറന്നുകാട്ടി