പരിഹാരത്തിനുവേണ്ടിയുള്ള അന്വേഷണം
“നിഴലിനെച്ചൊല്ലി തർക്കിക്കുന്നതിനിടയിൽ നാം യാഥാർഥ്യം വിട്ടുകളയുന്നു,” ആംഗലേയ ഗ്രന്ഥരചയിതാവായ ജോൺ ലിലി എഴുതി. ആ കെണി പറ്റാതിരിക്കാൻ, മഴക്കാടുകളെ മൂടിയിരിക്കുന്ന നിഴലുകൾ കൂടുതൽ ആഴത്തിലുള്ള പ്രശ്നങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമാണെന്നും അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതുവരെ വനനശീകരണം തുടരുമെന്നും നാം തീർച്ചയായും മനസ്സിൽ പിടിക്കേണ്ടതാണ്. ആ കാരണങ്ങൾ എന്തൊക്കെയാണ്? “ആമസോണിയൻ പരിരക്ഷണത്തെ ആക്രമിക്കുന്ന അടിസ്ഥാന ശക്തികൾ ദാരിദ്ര്യവും മാനവ അനീതിയുമാണ്,” യുഎൻ പ്രായോജനം ചെയ്ത ഒരു പഠനം പറയുന്നു.
പ്രതീക്ഷയ്ക്കൊത്തുയരാഞ്ഞ ഹരിതവിപ്ലവം
വനനശീകരണം, ഏതാനും പതിറ്റാണ്ടുകൾക്കുമുമ്പു ബ്രസീലിന്റെ തെക്കുഭാഗത്തും മധ്യഭാഗത്തും ആരംഭിച്ച ഹരിതവിപ്ലവമെന്നു വിളിക്കപ്പെട്ടതിന്റെ ഭാഗികമായ പാർശ്വഫലമായിരുന്നുവെന്നു ചില ഗവേഷകർ വാദിക്കുന്നു. അതിനുമുമ്പ്, അവിടെയുള്ള ആയിരക്കണക്കിനു കർഷകകുടുംബങ്ങൾ അരി, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ കൃഷിചെയ്തും ഒപ്പം കന്നുകാലികളെ വളർത്തിയുമാണു നിത്യവൃത്തി കഴിച്ചുപോന്നത്. പിന്നീടു വൻകിട യന്ത്രവത്കൃത സോയബീൻ വളർത്തൽ നടപടികളും ജലവൈദ്യുത പദ്ധതികളും അവരുടെ നിലങ്ങളെ കയ്യടക്കി. പശുക്കൾക്കും പ്രാദേശിക വിളകൾക്കും പകരം വ്യവസായവത്കൃത രാജ്യങ്ങളെ പോഷിപ്പിക്കാൻ വേണ്ട കാർഷികോത്പന്നങ്ങൾ വന്നു. 1966-നും 1979-നും ഇടയ്ക്കു മാത്രം, കയറ്റുമതി വിളകൾക്കുവേണ്ടി നീക്കിവെച്ച കൃഷിയിടങ്ങളിൽ 182 ശതമാനം വർധനവുണ്ടായി. ഇതിന്റെ ഫലമായി പരമ്പരാഗത കൃഷിക്കാരിൽ 12-ൽ 11 പേർക്കുവീതം തങ്ങളുടെ ഭൂമിയും ഉപജീവനമാർഗവും നഷ്ടമായി. അവരെ സംബന്ധിച്ചിടത്തോളം ഹരിതവിപ്ലവം ഇരുണ്ടവിപ്ലവമായി മാറി.
ഭൂരഹിതരായ ഈ കൃഷിക്കാർ എങ്ങോട്ടു പോകും? സ്വന്തം പ്രദേശത്തെ നീതിരഹിതമായ ഭൂവിതരണത്തെ നേരിടാൻ മനസ്സില്ലാഞ്ഞ രാഷ്ട്രീയക്കാർ, അവർക്കു പോംവഴി കാണിച്ചുകൊടുത്തു. ആമസോൺ പ്രദേശം “ഭൂരഹിതർക്കുവേണ്ടിയുള്ള ആൾരഹിത ഭൂമി”യാണെന്ന ആശയം അവർ ഉന്നമിപ്പിച്ചു. ആദ്യത്തെ ആമസോൺ പൊതുവഴി തുറന്ന് ഒരു പതിറ്റാണ്ടിനകം, തെക്കേ ബ്രസീലിൽനിന്നും വരൾച്ചയും ദാരിദ്ര്യവും ബാധിച്ച വടക്കുകിഴക്കൻ ബ്രസീലിൽനിന്നുമുള്ള ദരിദ്രരായ 20 ലക്ഷത്തിലധികം കർഷകർ, പൊതുവഴിയുടെ ഓരങ്ങളിൽ ആയിരക്കണക്കിനു കുടിലുകളിലായി താമസം തുടങ്ങി. കൂടുതൽ റോഡുകൾ പണിതപ്പോൾ വനങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റാനുള്ള തയ്യാറെടുപ്പോടെ കൂടുതൽ ആളുകൾ ആമസോണിലേക്കു യാത്രയായി. ഗവേഷകർ ഈ അധിനിവേശ പദ്ധതികളിലേക്കു പിന്തിരിഞ്ഞു നോക്കവെ, “50 വർഷത്തെ അധിനിവേശത്തിന്റെ അനന്തരഫലം മോശമാണ്” എന്നു പറയുന്നു. ദാരിദ്ര്യവും അനീതിയും “ആമസോണിലേക്കു കയറ്റുമതി ചെയ്തിരിക്കുന്നു.” “അതുപോലെതന്നെ ആമസോൺ പ്രദേശത്തു പുതിയ പ്രശ്നങ്ങൾ തലപൊക്കിയിരിക്കുന്നു.”
മുമ്പിൽ മൂന്നു നടപടികൾ
വനനശീകരണത്തിനുള്ള കാരണങ്ങൾ പരിഹരിക്കാനും ആമസോൺ മഴക്കാടിൽ മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ആമസോണിയയുടെ വികസനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള കമ്മീഷൻ, ആമസോൺതടത്തിലെ ഗവൺമെൻറുകൾ മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ മൂന്നു പ്രാഥമിക നടപടികൾ കൈക്കൊള്ളണമെന്നു ശുപാർശ ചെയ്തുകൊണ്ട് ഒരു രേഖ പ്രസിദ്ധീകരിച്ചു. (1) ആമസോൺ മഴക്കാടിനു പുറത്തുള്ള ദരിദ്ര മേഖലകളിലെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. (2) നിലവിലുള്ള വനം ഉപയോഗിക്കുകയും വനനശീകരണം സംഭവിച്ച പ്രദേശങ്ങൾ പുനരുപയോഗിക്കുകയും ചെയ്യുക. (3) മാനവ ദുരിതത്തിനും വനനശീകരണത്തിനുമുള്ള യഥാർഥ കാരണമായ സമൂഹത്തിലെ കൊടിയ അനീതികൾ കൈകാര്യം ചെയ്യുക. ഈ മൂന്നു സമീപനങ്ങളെ നമുക്കൊന്ന് അടുത്തു വീക്ഷിക്കാം.
മുതൽമുടക്ക്
സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. “മെച്ചമായ ഭാവി തേടിപ്പോകാൻ ജനങ്ങളെ നിർബന്ധിതരാക്കുന്ന, ആമസോണിയൻ രാജ്യങ്ങളിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ മുതലിറക്കുന്നതാണു വനനശീകരണം ഫലപ്രദമായി തടയാനുള്ള കുറെക്കൂടെ നല്ല നിർദേശം,” കമ്മീഷൻ അഭിപ്രായപ്പെടുന്നു. എങ്കിലും, “ദേശീയമോ പ്രാദേശികമോ ആയ വികസന പദ്ധതികളോ ആമസോൺ വനനശീകരണം ഗണ്യമായി കുറയ്ക്കണമെന്നു വാദിക്കുന്ന ആളുകളോ ഈ നിർദേശം അപൂർവമായേ കണക്കിലെടുക്കുന്നുള്ളൂ,” കമ്മിറ്റിയംഗങ്ങൾ കൂട്ടിച്ചേർക്കുന്നു. ഗവൺമെൻറ് ഉദ്യോഗസ്ഥരും തത്പരരായ വിദേശ ഗവൺമെൻറുകളും തങ്ങളുടെ വിദഗ്ധോപദേശവും സാമ്പത്തിക പിന്തുണയും, ആമസോണിന്റെ പ്രാന്തപ്രദേശങ്ങൾ നേരിടുന്ന, വേണ്ടത്ര ഭൂമി വിതരണം ചെയ്യാനില്ലായ്മയോ ദാരിദ്ര്യമോ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുകയാണെങ്കിൽ ആമസോൺ കൈയ്യേറുന്ന കൃഷിക്കാരുടെ ഒഴുക്കു കുറയുകയും അങ്ങനെ വനം സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് അധികൃതർ വിവരിക്കുന്നു.
ആമസോണിൽ ജീവിക്കുന്ന ചെറുകിട കൃഷിക്കാർക്കുവേണ്ടി എന്തു ചെയ്യാൻ സാധിക്കും? അവരുടെ ദൈനംദിന ജീവിതം, കൃഷിക്കു പറ്റാത്ത മണ്ണിൽ വിളകൾ വളർത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മരങ്ങൾ ലഭിക്കാൻ വനം
വനം ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക. “ഉഷ്ണമേഖലാ വനങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അവയെ ഉപയോഗപ്പെടുത്തുന്നില്ല. അവയുടെ രക്ഷ ആശ്രയിച്ചിരിക്കുന്നത് ഈ വിരോധാഭാസത്തിലാണ്,” ഒരു യുഎൻ പ്രസിദ്ധീകരണമായ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വനങ്ങൾ (ഇംഗ്ലീഷ്) പറയുന്നു. വനം വെട്ടിയിട്ട് അതിനെ ചൂഷണം ചെയ്യുന്നതിനുപകരം മനുഷ്യൻ അതിന്റെ ഉത്പന്നങ്ങളായ പഴങ്ങൾ, കായ്കൾ, എണ്ണകൾ, റബർ, സത്തുകൾ, ഔഷധച്ചെടികൾ എന്നിവയും മറ്റു പ്രകൃതി വിഭവങ്ങളും ശേഖരിച്ചുകൊണ്ടോ വിളവെടുത്തുകൊണ്ടോ വനത്തെ ഉപയോഗപ്പെടുത്തണമെന്നു വിദഗ്ധർ പറയുന്നു. അത്തരം ഉത്പന്നങ്ങൾ “വനത്തിന്റെ സാമ്പത്തിക മൂല്യത്തിന്റെ 90 ശതമാനത്തോളം വരും” എന്ന് അവകാശപ്പെടുന്നു.
ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡനിലെ ഡഗ് ഡാലി, വനനശീകരണത്തിൽനിന്നു വനോത്പന്നങ്ങളെ ഉപയോഗപ്പെടുത്തുന്നതിലേക്കു തിരിയുന്നതായിരിക്കും അർഥവത്തെന്നു താൻ വിശ്വസിക്കുന്നതിന്റെ കാരണം വിവരിക്കുന്നു: “അതു ഗവൺമെൻറിന് ആശ്വാസം നൽകുന്നു. കാരണം, സമ്പദ്വ്യവസ്ഥയെ ഉന്നമിപ്പിക്കുന്ന ആമസോണിയയുടെ വലിയ ഭൂഭാഗങ്ങൾ നശിപ്പിക്കപ്പെടുന്നില്ല. . . . അത് ആളുകൾക്ക് ഉപജീവനമാർഗവും തൊഴിലും പ്രദാനം ചെയ്യും. അതു വനത്തെ പരിരക്ഷിക്കും. അതിനെക്കുറിച്ച് നിഷേധാത്മകമായി എന്തെങ്കിലും പറയുന്നതു ബുദ്ധിമുട്ടായിരിക്കും.”—വന്യജീവി പരിരക്ഷണം (ഇംഗ്ലീഷ്).
വൃക്ഷങ്ങൾ ഉപയോഗപ്പെടുത്താൻ വനത്തെ പരിരക്ഷിക്കുന്നതു വനവാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നു. ഉദാഹരണത്തിന്, രണ്ടര ഏക്കർ പ്രദേശം മേച്ചിൽപ്പുറമാക്കി മാറ്റിയാൽ പ്രതിവർഷം 25 ഡോളറേ ലഭിക്കൂ എന്ന് വടക്കൻ ബ്രസീലിലെ ബലെമിലുള്ള ഗവേഷകർ കണക്കുകൂട്ടിയിരിക്കുന്നു. അപ്പോൾ, ബ്രസീലിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം ലഭിക്കണമെങ്കിൽ ഒരു വ്യക്തിക്ക് 120 ഏക്കർ മേച്ചിൽസ്ഥലവും 16 കന്നുകാലികളും വേണ്ടിവരും. അതാണു സംഗതിയെങ്കിൽ കാലികളെ വളർത്താൻ ഉദ്ദേശിക്കുന്ന ഒരുവന് വനത്തിൽനിന്നു പ്രകൃതി ഉത്പന്നങ്ങൾ ശേഖരിച്ചുകൊണ്ട് അധികം പണം ഉണ്ടാക്കാവുന്നതാണെന്നു വേഴ റിപ്പോർട്ടു ചെയ്യുന്നു. ശേഖരിക്കാൻ കഴിയുന്ന ഉത്പന്നങ്ങളുടെ പെരുപ്പം വിസ്മയാവഹമാണെന്നു സസ്യശാസ്ത്രജ്ഞനായ ചാൾസ് ക്ലെമൻറ് പറയുന്നു. “ശ്രദ്ധാപൂർവം കൈകാര്യം ചെയ്തുകൊണ്ടു കൊയ്തെടുക്കാവുന്ന ഡസൻ കണക്കിനു സസ്യവിളകളും നൂറുകണക്കിനു പഴങ്ങളും എണ്ണക്കുരുക്കളും എണ്ണകളും ഉണ്ട്,” ഡോ. ക്ലെമൻറ് കൂട്ടിച്ചേർക്കുന്നു. “എന്നാൽ, വനം സമ്പത്തുണ്ടാക്കുന്നതിന് ഒരു തടസ്സമല്ലെന്നും പകരം അതു സമ്പത്തിന്റെ ഉറവിടമാണെന്നും മനുഷ്യൻ പഠിക്കണമെന്നതാണു പ്രശ്നം.”
പാഴ്നിലങ്ങൾക്കു വീണ്ടുമൊരവസരം
സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകാവുന്നതാണ്, ബ്രസീൽക്കാരനായ ഷ്വാവുൺ ഫെറാസ് എന്ന ഗവേഷകൻ പറയുന്നു. “ഇതിനോടകം നശിപ്പിക്കപ്പെട്ടിരിക്കുന്ന വനത്തിന്റെ കണക്കൊന്നു നോക്കൂ. ഊനംതട്ടാതെ നിലകൊള്ളുന്ന വനം ഇനിയും വെട്ടിയിടേണ്ട ആവശ്യമില്ല. പകരം നമുക്കു വനനശീകരണവും അപക്ഷയവും സംഭവിച്ച പ്രദേശങ്ങൾ പുനരുദ്ധാരണം ചെയ്തു പുനരുപയോഗിക്കാം. ആമസോൺ മേഖലയിൽ പുനരുദ്ധാരണം ചെയ്യേണ്ട നിലയിലുള്ള, അപക്ഷയം സംഭവിച്ച ധാരാളം പ്രദേശങ്ങളുണ്ട്.
1960-കളുടെ അവസാനം മുതൽ, വനം മേച്ചിൽപ്പുറങ്ങളാക്കി മാറ്റുന്നതിനു, വൻതോതിൽ മുതൽമുടക്കാൻ തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഗവൺമെൻറുകൾ വൻതുക ഉദാരമായി അനുവദിച്ചുകൊടുത്തു. അവർ അങ്ങനെതന്നെ ചെയ്തു. എന്നാൽ ഡോ. ഫെറാസ് വിവരിക്കുന്നതുപോലെ “ആറു മാസംകൊണ്ട് മേച്ചിൽപ്പുറങ്ങളുടെ ഗുണനിലവാരങ്ങൾക്ക് അപക്ഷയം സംഭവിച്ചു. പിന്നീട് അതൊരു വലിയ മണ്ടത്തരമാണെന്നു മനസ്സിലാക്കിയപ്പോൾ വൻകിട ഭൂവുടമകൾ പറഞ്ഞു: ‘സാരമില്ല, നമുക്ക് ഗവൺമെൻറിൽനിന്ന് ആവശ്യത്തിനു പണം കിട്ടിയിട്ടുണ്ട്.’ എന്നിട്ട് അവർ എല്ലാം ഇട്ടിട്ടുപോയി.” പരിണതഫലം എന്തായിരുന്നു? “ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഏതാണ്ട് 2,00,000 ചതുരശ്ര കിലോമീറ്റർ വരുന്ന മേച്ചിൽപ്പുറം തരിശുനിലമായി മാറിക്കൊണ്ടിരിക്കുകയാണ്.”
എങ്കിലും ഇന്ന് ഫെറാസിനെപ്പോലെയുള്ള ചില ഗവേഷകർ അപക്ഷയം സംഭവിച്ച ഈ നിലങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന പുതിയ വഴികൾ കണ്ടെത്തുന്നു. ഏതു വിധത്തിൽ? ഏതാനും വർഷം മുമ്പ് അവർ, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു കന്നുകാലി വളർത്തൽകേന്ദ്രത്തിൽ ആമസോണിയ-പരിപ്പ് വൃക്ഷത്തിന്റെ 3,20,000 തൈകൾ നട്ടുപിടിപ്പിച്ചു. ഇന്ന് ആ തൈകൾ ഫലം കായ്ക്കുന്ന വൃക്ഷങ്ങളാണ്. ഈ വൃക്ഷങ്ങൾ അതിവേഗം വളരുകയും അവ വിലയേറിയ തടി നൽകുകയും ചെയ്യുന്നതുകൊണ്ട് ആമസോൺ തടത്തിന്റെ വനനശീകരണം സംഭവിച്ച വിവിധ ഭാഗങ്ങളിൽ ആമസോണിയ-പരിപ്പ് തൈകൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. ഉത്പന്നങ്ങൾ ശേഖരിക്കൽ, നിത്യവിളകൾ നട്ടുപിടിപ്പിക്കാൻ കൃഷിക്കാരെ പഠിപ്പിക്കൽ, വനം നശിപ്പിക്കാതെ വൃക്ഷങ്ങൾ ശേഖരിക്കൽ, അപക്ഷയം സംഭവിച്ച പ്രദേശം പുനരുദ്ധാരണം ചെയ്യൽ എന്നിവ വിദഗ്ധരുടെ അഭിപ്രായത്തിൽ വനത്തെ നിലനിർത്താനുള്ള ബുദ്ധിപൂർവകമായ മാർഗങ്ങളാണ്.—“പരിരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കൽ” എന്ന ചതുരം കാണുക.
എങ്കിലും, വനങ്ങളെ സംരക്ഷിക്കുന്നതിൽ അപക്ഷയം സംഭവിച്ച ഭൂമി മാറ്റിയെടുക്കുന്നതിലുമധികം കാര്യങ്ങൾ ഉൾപ്പെടുന്നു. അതിനു മനുഷ്യപ്രകൃതത്തിൽ മാറ്റം ആവശ്യമാണ്.
വളവുള്ളതു നേരേയാക്കുന്ന വിധം
അനീതി കൈകാര്യം ചെയ്യുക. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന നീതികെട്ട പെരുമാറ്റം മിക്കതും അത്യാഗ്രഹം നിമിത്തം ഉണ്ടാകുന്നതാണ്. പുരാതന തത്ത്വചിന്തകനായ സെനിക്കയുടെ അഭിപ്രായപ്രകാരം “അത്യാഗ്രഹിയുടെ കണ്ണിൽ സകലവും വളരെ ചെറുതാണ്”—വിശാലമായ ആമസോൺ മഴക്കാടുൾപ്പെടെ.
ദരിദ്രരായ കർഷകരിൽനിന്നു വ്യത്യസ്തരായി വ്യവസായികളും വൻകിട ഭൂവുടമകളും കീശ വീർപ്പിക്കാൻ വനം നശിപ്പിക്കുന്നു. വനനശീകരണത്തിൽ പാശ്ചാത്യരാഷ്ട്രങ്ങൾക്കും ഒരു വലിയ പങ്കുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. “ഇപ്പോഴത്തെ പരിസ്ഥിതിപ്രശ്നത്തിന്റെ മുഖ്യകാരണക്കാർ സമ്പന്ന വ്യവസായവത്കൃത രാജ്യങ്ങളാണ്” എന്ന് ജർമൻ ഗവേഷകരുടെ ഒരു സംഘം അഭിപ്രായപ്പെട്ടു. ആമസോൺ പരിരക്ഷണത്തിനു തീർച്ചയായും “ഒരാഗോള സദാചാരസംഹിത, മാനവ ഐക്യദാർഢ്യത്തെയും നീതിയെയും അടിസ്ഥാനമാക്കിയുള്ള മെച്ചമായ ഒരു വികസനരീതി സൃഷ്ടിക്കുന്ന ഒരു സദാചാരസംഹിത” തീർച്ചയായും വേണമെന്ന് ആമസോണിയയുടെ വികസനത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള കമ്മീഷൻ പറയുന്നു.
ലോകമൊട്ടാകെ പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ള സ്ത്രീപുരുഷന്മാർ ശ്രമങ്ങൾ നടത്തിയിട്ടും ആമസോണിനു മുകളിൽ തുടർന്നും കാണപ്പെടുന്ന പുകപടലം, പ്രബുദ്ധമായ ആശയങ്ങൾ യാഥാർഥ്യമായി മാറ്റുന്നതു പുകയെ പിടിക്കാൻ ശ്രമിക്കുന്നതുപോലെതന്നെ പ്രയാസകരമാണെന്നു തെളിയിച്ചിരിക്കുന്നു. കാരണം?
ആമസോൺ വൃക്ഷങ്ങളുടെ വേരുകൾ വനത്തിലെ മണ്ണിൽ ഇറങ്ങിയിരിക്കുന്നതിനെക്കാൾ ആഴത്തിൽ അത്യാഗ്രഹംപോലെയുള്ള ദുർഗുണങ്ങൾ മാനവ സമുദായത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. വനത്തെ പരിരക്ഷിക്കാൻ വ്യക്തിപരമായി കഴിയുന്നതെല്ലാം നാം ചെയ്യേണ്ടതാണെങ്കിലും, വനനശീകരണത്തിനു കാരണമായി ആഴത്തിൽ വേരുറച്ചിരിക്കുന്ന സങ്കീർണമായ പ്രശ്നങ്ങൾ പിഴുതുകളയുന്നതിൽ മനുഷ്യർ, അവർ എത്രതന്നെ ആത്മാർഥതയുള്ളവരായിരുന്നുകൊള്ളട്ടെ, വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതു വാസ്തവികമായിരിക്കുകയില്ല. ഏതാണ്ട് മൂവായിരം വർഷം മുമ്പു മനുഷ്യപ്രകൃതത്തെ ജ്ഞാനപൂർവം നിരീക്ഷിച്ചിരുന്ന പുരാതന രാജാവായ ശലോമോൻ പറഞ്ഞത് ഇപ്പോഴും സത്യമായി ഭവിക്കുന്നു. മനുഷ്യന്റെ ശ്രമംകൊണ്ടു മാത്രം ‘വളവുള്ളതു നേരെയാക്കാൻ’ സാധിക്കുകയില്ല. (സഭാപ്രസംഗി 1:15) ഇതിനോടു സമാനമാണ് “O pau que nasce torto, morre torto” (ജന്മനാൽ വളഞ്ഞ വൃക്ഷം മരിക്കുമ്പോഴും വളഞ്ഞിരിക്കും) എന്ന പോർച്ചുഗീസ് പഴഞ്ചൊല്ല്. എന്നിരുന്നാലും ലോകത്തിനു ചുറ്റുമുള്ള മഴക്കാടുകൾക്ക് ഒരു ഭാവിയുണ്ട്. എന്തുകൊണ്ട്?
പ്രബുദ്ധത തൊട്ടുമുന്നിൽ
ഏതാണ്ട് നൂറു വർഷം മുമ്പു ബ്രസീൽക്കാരനായ എയൂക്ലീഡെസ് ഡാ കുൻയാ എന്ന ഗ്രന്ഥരചയിതാവിന് ആമസോണിലെ ജീവജാലങ്ങളുടെ വൈവിധ്യത്തിൽ മതിപ്പുതോന്നി. “ഉല്പത്തിയുടെ പ്രസിദ്ധീകരിക്കാത്ത സമകാലീന പേജ്” എന്ന് അദ്ദേഹം ആ വനത്തെ വിശേഷിപ്പിച്ചു. മനുഷ്യൻ ആ ‘പേജിനെ’ ദുഷിപ്പിക്കുന്നതിലും കീറിക്കളയുന്നതിലും ആമഗ്നരായിക്കുകയാണെങ്കിലും ഇന്നുള്ള ആമസോൺ, കെട്ടുകഥകളില്ലാത്ത ആമസോണിയ (ഇംഗ്ലീഷ്) പറയുന്നതുപോലെ “സൃഷ്ടിപ്പിന്റെ സമയത്തുണ്ടായിരുന്ന ഭൂമിയുടെ വിദൂരസ്മരണ ജനിപ്പിക്കുന്ന ഒരു പ്രതീക”മാണ്. എന്നാൽ എത്ര കാലത്തേക്ക്?
ഇതിനെക്കുറിച്ചു പരിചിന്തിക്കുക: ആമസോൺ മഴക്കാടും ലോകത്തിലെ മറ്റു മഴക്കാടുകളും ഡാ കുൻയാ പറയുന്നതുപോലെയുള്ള “ഒരതുല്യ ബുദ്ധിശക്തി”യുടെ തെളിവു നൽകുന്നു. വനത്തിലെ വൃക്ഷങ്ങൾ, വേരുകൾമുതൽ ഇലകൾവരെ അവ ഒരു വിദഗ്ധ ശിൽപ്പിയുടെ കൈവേലയാണെന്നു വിളിച്ചോതുന്നു. സംഗതി അതാണെങ്കിൽ മഴക്കാടുകളെ ഇല്ലാതാക്കിക്കൊണ്ടു ഭൂമിയെ നശിപ്പിക്കാൻ ആ മഹാ ശിൽപ്പി മനുഷ്യനെ അനുവദിക്കുമോ? ഈ ചോദ്യത്തിന് ഒരു ബൈബിൾ പ്രവചനം, ഇല്ല എന്ന മാറ്റൊലിക്കൊള്ളുന്ന മറുപടി നൽകുന്നു! അത് ഇപ്രകാരം വായിക്കുന്നു: “ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു. . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.”—വെളിപ്പാടു 11:18.
അത്യാഗ്രഹികളായ ആളുകളെ തുടച്ചുനീക്കിക്കൊണ്ടു സ്രഷ്ടാവ് പ്രശ്നത്തിന്റെ മൂലകാരണംതന്നെ പരിഹരിക്കുമെന്നു മാത്രമല്ല അവൻ അതു ചെയ്യുന്നതു നമ്മുടെ നാളിലായിരിക്കുമെന്നും പ്രവചനം പറയുന്നതു ശ്രദ്ധിക്കുക. നമുക്ക് ഈ പ്രസ്താവന നടത്താൻ കഴിയുന്നത് എന്തുകൊണ്ടാണ്? മനുഷ്യൻ ഭൂമിയെ ‘നശിപ്പിക്കുന്ന’ കാലത്താണ് ദൈവം നടപടി എടുക്കുന്നതെന്നു പ്രവചനം പറയുന്നു. ഏതാണ്ട് രണ്ടായിരം വർഷം മുമ്പ് ആ വാക്കുകൾ എഴുതുമ്പോൾ മനുഷ്യന് അതു ചെയ്യാനുള്ള സംഖ്യാബലവും മാർഗങ്ങളും ഇല്ലായിരുന്നു. പക്ഷേ സാഹചര്യത്തിനു മാറ്റം വന്നിരിക്കുന്നു. “ചരിത്രത്തിലാദ്യമായി, മനുഷ്യവർഗം അതിന്റെ നിലനിൽപ്പിനെ—ഒറ്റപ്പെട്ട മേഖലകളിലോ പ്രദേശങ്ങളിലോ അല്ല—ആഗോളവ്യാപകമായിത്തന്നെ നശിപ്പിക്കാവുന്ന സ്ഥാനത്താണ്” എന്ന് ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കൽ—മുൻഗണന അർഹിക്കുന്ന അന്താരാഷ്ട്ര ദൗത്യം എന്ന പുസ്തകം അഭിപ്രായപ്പെടുന്നു.
‘ഭൂമിയെ നശിപ്പിക്കുന്നവർ’ക്കെതിരെ സ്രഷ്ടാവ് നടപടിയെടുക്കാൻ പോകുന്ന ‘കാലം’ സമീപത്താണ്. ആമസോൺ മഴക്കാടിനും ഭൂമിയിലെ ഭീഷണിയിലായ മറ്റു പരിസ്ഥിതികൾക്കും ഒരു ഭാവിയുണ്ട്. അതുണ്ടാകുമെന്നു സ്രഷ്ടാവ് ഉറപ്പാക്കും—അതൊരു കെട്ടുകഥയല്ല, പിന്നെയോ യാഥാർഥ്യമാണ്.
[13-ാം പേജിലെ ചതുരം]
പരിരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കൽ
മധ്യ ആമസോണിയൻ നഗരമായ മനൗസിലെ 4,00,000 ചതുരശ്ര മീറ്റർ വരുന്ന, വെട്ടിത്തെളിച്ചശേഷം രണ്ടാമതു വളർന്നുവന്നിട്ടുള്ള വനത്തിലാണ് ആമസോണിയയ്ക്കുവേണ്ടിയുള്ള, ബ്രസീലിന്റെ ദേശീയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അല്ലെങ്കിൽ ഐഎൻപിഎ-യുടെ വിവിധ ഓഫീസുകൾ സ്ഥിതിചെയ്യുന്നത്. പരിസ്ഥിതിശാസ്ത്രംമുതൽ വനപരിപാലനംവരെ കൈകാര്യം ചെയ്യുന്ന 13 വിവിധ വിഭാഗങ്ങളുള്ള, 42 വർഷം പഴക്കമുള്ള ഈ സ്ഥാപനമാണ് ആ പ്രദേശത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനം. ആമസോണിലെ ചെടികൾ, മത്സ്യങ്ങൾ, ഇഴജന്തുക്കൾ, ഉഭയജീവികൾ, സസ്തനികൾ, പക്ഷികൾ, പ്രാണികൾ എന്നിവയുടെ ലോകത്തിൽവെച്ച് ഏറ്റവും സമൃദ്ധമായ ശേഖരം ഇവിടെയുണ്ട്. സ്ഥാപനത്തിലെ 280 ഗവേഷകരുടെ പ്രവർത്തനം, ആമസോണിയൻ ആവാസവ്യവസ്ഥയുടെ സങ്കീർണമായ പരസ്പരവർത്തനത്തെക്കുറിച്ചു മനുഷ്യന് മെച്ചമായ ഗ്രാഹ്യമുണ്ടായിരിക്കാൻ സഹായിക്കുന്നു. സ്ഥാപനത്തിലേക്കു സന്ദർശകർ വരുന്നതു ശുഭാപ്തിവിശ്വാസത്തോടെയാണ്. ഭരണ, രാഷ്ട്രീയ തലങ്ങളിൽനിന്നു വിലക്കുകളുണ്ടായിരുന്നിട്ടും ബ്രസീലിലും വിദേശത്തുമുള്ള ശാസ്ത്രജ്ഞന്മാർ ലോകത്തിലെ മഴക്കാടുകളിൽ വെച്ചേറ്റവും വിശിഷ്ടമായതിനെ—ആമസോണിനെ—പരിരക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.
[10-ാം പേജിലെ ചിത്രം]
മരം മുറിച്ചുകൊണ്ടുപോകാൻ വനത്തിൽ വെട്ടിത്തെളിച്ചിരിക്കുന്ന റോഡ്
[11-ാം പേജിലെ ചിത്രങ്ങൾ]
മഴക്കാടുകളിൽനിന്നുള്ള വിഭവങ്ങൾ: പഴങ്ങൾ, കായ്കൾ, എണ്ണകൾ, റബർ എന്നിവയ്ക്കു പുറമേ ഇനിയും വളരെയധികം വസ്തുക്കൾ
[കടപ്പാട്]
J. van Leeuwen, INPA-CPCA, Manaus, Brazil