മഴവനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ആരാണ്?
മിക്കപ്പോഴും ലോകത്തിലെ ദരിദ്രരെ കുററപ്പെടുത്തിക്കൊണ്ട് ആ ചോദ്യത്തിന് ഉത്തരം നൽകപ്പെടുന്നു. ഉഷ്ണമേഖലാരാജ്യങ്ങളിലെ കൃഷിക്കാർ നൂററാണ്ടുകളായി വനം വെട്ടി തീയിട്ട് കൃഷിചെയ്തുപോന്നു. അവർ വനത്തിന്റെ ഒരു ഭാഗം വെട്ടി തീയിടുന്നു. തീയിടുന്നതിനു തൊട്ടുമുമ്പൊ അല്ലെങ്കിൽ ശേഷമൊ കൃഷിയിറക്കുകയും ചെയ്യുന്നു. വനം കത്തിയുണ്ടാകുന്ന ചാരം വിളകൾക്ക് പോഷണം പ്രദാനം ചെയ്യുന്നു.
വളരെക്കാലം മുമ്പ് ഈ വിധത്തിലുള്ള കൃഷി ഉഷ്ണമേഖലാ മഴവനങ്ങളെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന ഒരു സത്യം പുറത്തുകൊണ്ടുവന്നു. അവയിൽ ഏകദേശം 95 ശതമാനം വളരെ മോശമായ മണ്ണിൽ വളരുന്നു. വനങ്ങൾ പോഷകങ്ങളെ മണ്ണിൽനിന്ന് ഒഴുക്കിക്കളയുന്ന മഴയിൽ നിന്ന് സംരക്ഷിച്ചുകൊണ്ട് അവയെ മിക്കവാറും മണ്ണിനുമുകളിൽ വൃക്ഷങ്ങളിലും സസ്യങ്ങളിലും സൂക്ഷിക്കത്തക്കവണ്ണം വളരെവേഗം പുനഃപരിവൃത്തി നടത്തുന്നു. അതുകൊണ്ട് മഴവനങ്ങൾ അതിന്റെ പരിസ്ഥിതിക്ക് പൂർണ്ണമായും അനുയോജ്യമാണ്. ഈ വാർത്ത കൃഷിക്കാരന് അത്രതന്നെ പ്രയോജകരമല്ല.
ദരിദ്രരുടെ ദുരവസ്ഥ
ചാമ്പലായ വനങ്ങളുടെ ചാരം അവശേഷിപ്പിക്കുന്ന പോഷകങ്ങളെ മഴ വളരെവേഗം ഒഴുക്കിക്കളയുന്നു. സാവകാശം കൃഷി ഒരു ദുഃസ്വപ്നമായിത്തീരുന്നു. അതിനെ സംബന്ധിച്ച് ദരിദ്രനായ ഒരു ബൊളീവിയൻ കൃഷിക്കാരൻ ഇപ്രകാരം പറയുന്നു: “ഒന്നാം വർഷം ഞാൻ വൃക്ഷങ്ങൾ മുറിക്കുകയും അവ ദഹിപ്പിക്കുകയും ചെയ്തു. ചാരത്തിൽ ധാന്യച്ചെടികൾ നല്ല ഉയരത്തിൽ ഭംഗിയായി വളർന്നു, അവസാനം ഞങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് വിചാരിച്ചു. . . . എന്നാൽ അതിനുശേഷം കാര്യങ്ങൾ മോശമായിത്തീർന്നു. മണ്ണ് വരണ്ടു വരണ്ടു പോവുകയും കളകൾ ഒഴികെ മറെറാന്നും വളരാതാകുകയും ചെയ്തു. . . . വിളകൾ നശിപ്പിക്കുന്ന കീടങ്ങളോ? ഞാൻ ഇത്രയധികം ഇനങ്ങളെ ഒരിക്കലും കണ്ടിട്ടില്ല. . . . ഞങ്ങൾ പരാജയപ്പെട്ടു.”
കഴിഞ്ഞ കാലങ്ങളിൽ ഒരു കൃഷിക്കാരൻ കേവലം വനത്തിന്റെ പുതിയ ഭാഗങ്ങൾ വെട്ടിത്തെളിക്കുകയും പഴയ സ്ഥലം തരിശായിടുകയും ചെയ്തിരുന്നു. ആദ്യത്തെ ഭാഗങ്ങളിൽ വീണ്ടും വനങ്ങൾ വളരുമ്പോൾ വീണ്ടും അവ വെട്ടിത്തെളിക്കാൻ കഴിയുമായിരുന്നു. എന്നിരുന്നാലും ഈ പ്രക്രിയ നടപ്പിലാകുന്നതിന് വിത്തുവിതരണം നടത്തുന്നതിനും പുതിയ വൃക്ഷത്തൈകളിൽ പരാഗണം നടത്തുന്നതിനും പ്രാണികളും പക്ഷികളും മൃഗങ്ങളും ഉണ്ടായിരിക്കത്തക്കവണ്ണം വെട്ടിത്തെളിച്ച ഭാഗത്തിനു ചുററും മൂലവനങ്ങൾ ഉണ്ടായിരിക്കണം. ഇതിന് സമയമെടുക്കും.
ജനസംഖ്യാസ്ഫോടനവും കാര്യങ്ങൾക്കു മാററം വരുത്തി. കൃഷിക്കാർ കൂടിവന്നപ്പോൾ തരിശിടുന്ന കാലഘട്ടം ചുരുങ്ങിചുരുങ്ങി വന്നു. മിക്കപ്പോഴും കുടിയേററക്കാരായ കൃഷിക്കാർ തങ്ങളുടെ ഭൂമി ഏതാനും വർഷങ്ങൾകൊണ്ട് ക്ഷീണിപ്പിച്ചശേഷം ഒരു വിശാലമായ ഭാഗം ദഹിപ്പിച്ചുകൊണ്ട് വനത്തിനുള്ളിലേക്ക് നീങ്ങുന്നു.
മറെറാരു ഘടകം സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു. അൽപ്പവികസിത രാജ്യങ്ങളിലെ ഏതാണ്ട് മൂന്നിൽരണ്ടുഭാഗം ആളുകൾ പാചകത്തിനും ചൂടുപിടിപ്പിക്കുന്നതിനും ഇന്ധനമായി വിറകിനെ ആശ്രയിക്കുന്നു. വിറകിനുള്ള വൃക്ഷങ്ങൾ ഇപ്പോൾ വീണ്ടും നട്ടുപിടിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ അവ വെട്ടിയിട്ടുകൊണ്ടു മാത്രമെ നൂറുകോടിയിൽപരം ആളുകൾക്ക് തങ്ങളുടെ വിറകിന്റെ ആവശ്യം നിറവേററാൻ കഴിയുകയുള്ളു.
ആഴമേറിയ കാരണങ്ങൾ
ദരിദ്രരെ കുററപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ പരിസ്ഥിതി വിദഗ്ദ്ധരായ ജെയിംസ് ഡി. നാഷൻസും ഡാനിയേൽ ഐ. കോമറും, അത്, “യുദ്ധങ്ങൾ ഉണ്ടാകുന്നതിന് പട്ടാളക്കാരെ കുററപ്പെടുത്തുന്നതുപോലെയാണ്” എന്ന് പറയുന്നു. അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “അവർ ഒരു ജനറലിന്റെ കളിയിലെ വെറും കരുക്കളാണ്. വനനശീകരണത്തിൽ കുടിയേററക്കാരുടെ പങ്ക് മനസ്സിലാക്കുന്നതിന് ഈ കുടുംബങ്ങൾ ഒന്നാമതുതന്നെ ഈ മഴവനങ്ങളിൽ പ്രവേശിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഒരുവൻ ചോദിക്കണം. ഉത്തരം ലളിതമാണ്: അവർക്ക് മറെറാരിടത്തും ഭൂമിയില്ല.”
ഒരു ഉഷ്ണമേഖലാ രാജ്യത്ത് ഭൂമിയുടെ ഉദ്ദേശം 72 ശതമാനം ഭൂവുടമകളുടെ കേവലം 2 ശതമാനം സ്വന്തമാക്കിയിരിക്കയാണ്. അതേസമയം കർഷക കുടുംബങ്ങളുടെ 83 ശതമാനം പേർക്ക് ഒന്നുകിൽ അതിജീവിക്കുന്നതിന് ആവശ്യമായ ഭൂമിയില്ല അല്ലെങ്കിൽ ഒട്ടുംതന്നെയില്ല. ഗോളത്തിനുചുററും ആ രീതി വ്യത്യസ്തമായ അളവിൽ ആവർത്തിക്കപ്പെടുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള വിസ്തൃതമായ ഭൂഭാഗങ്ങൾ സ്വദേശികളായ ആളുകൾക്ക് ആഹാരം വിളയിക്കാനല്ല ഉപയോഗിക്കുന്നത് പിന്നെയൊ മിതോഷ്ണപ്രദേശങ്ങളിലെ സമ്പന്നരാജ്യങ്ങളിലേക്ക് കയററിയയക്കുന്നതിനുവേണ്ടിയുള്ള വിളവുകൾ ഉൽപ്പാദിപ്പിക്കാനാണ്.
തടിവ്യവസായമാണ് സുപ്രസിദ്ധമായ മറെറാരു കുററവാളി. തടിവ്യവസായം വനങ്ങൾക്ക് നേരിട്ടു കേടുവരുത്തുന്നതുകൂടാതെ അത് മഴവനങ്ങളിൽ അഗ്നിയും മനുഷ്യരും കൂടുതലായി ഭേദിച്ചുകടക്കാൻ ഇടയാക്കുന്നു. കന്നി വനങ്ങളിൽ ബുൾഡോസറിനാൽ നിർമ്മിക്കപ്പെടുന്ന തടിവ്യവസായാവശ്യത്തിനുള്ള റോഡുകൾ കുടിയേററ കർഷകകൂട്ടങ്ങളുടെ മുന്നേററത്തിന് വഴിതെളിക്കുന്നു.
മിക്കപ്പോഴും സംഭവിക്കുന്നതുപോലെ, കർഷകർ പരാജയപ്പെടുമ്പോൾ കന്നുകാലി വളർത്തുകാർ ആ സ്ഥലം വാങ്ങുകയും മേച്ചിൽസ്ഥലങ്ങളാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് തെക്കെ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലും സംഗതി ഇങ്ങനെതന്നെയാണ്. അവർ വളർത്തിയെടുക്കുന്ന മാട്ടിറച്ചിയിൽ അധികപങ്കും സമ്പന്നരാജ്യങ്ങളിലേക്ക് കയററിയയക്കുന്നു. ശരാശരി മദ്ധ്യ അമേരിക്കക്കാരൻ ഒരു വർഷം കഴിക്കുന്ന മാട്ടിറച്ചിയേക്കാൾ അധികം ഐക്യനാടുകളിലെ ശരാശരി വീട്ടുപൂച്ച ഒരു വർഷം തിന്നുന്നു.
അവസാനമായി, വികസിത രാജ്യങ്ങളാണ്—തങ്ങളുടെ അത്യാർത്തിയോടുകൂടിയ സ്വന്തം വിശപ്പടക്കുന്നതിനുവേണ്ടി—ഉഷ്ണമേഖലാ മഴവനങ്ങളുടെ നാശത്തിന് സാമ്പത്തികസഹായം ചെയ്യുന്നത്. അവ ആകാംക്ഷയോടെ ഉഷ്ണമേഖലാ രാജ്യങ്ങളിൽനിന്ന് വാങ്ങുന്ന വിശിഷ്ടമായ ഉഷ്ണമേഖലാ തടികൾ, ഉൽപ്പന്നങ്ങൾ, മാട് എന്നിവക്കെല്ലാം വനനശീകരണം അല്ലെങ്കിൽ വനങ്ങളുടെ അധോഗതി ആവശ്യമാണ്. കൊക്കെയിനുവേണ്ടിയുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും അതിയായ വാഞ്ഛ ആദായകരമായ കൊക്കാ വിളകൾക്കുവേണ്ടി പെറുവിലെ ശതസഹസ്രക്കണക്കിന് ഏക്കർ മഴവനങ്ങൾ വെട്ടിനശിപ്പിക്കുന്നതിനെ അർത്ഥമാക്കി.
അസംതൃപതമായ നേട്ടങ്ങൾ
അനേകം ഗവൺമെൻറുകൾ സജീവമായി വനനശീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. അവ കാലിവളർത്തുകാർക്കും തടിക്കമ്പനികൾക്കും കയററുമതികർഷകർക്കും നികുതിയിളവുകൾ പ്രദാനംചെയ്യുന്നു. ചില രാജ്യങ്ങൾ ഒരു കർഷകൻ വനം വെട്ടി “അഭിവൃദ്ധിപ്പെടുത്തുന്നു”വെങ്കിൽ അയാൾക്ക് കുറച്ചു ഭൂമി കൊടുക്കുന്നു. തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യം ലക്ഷക്കണക്കിനു കുടിയേററ കർഷകരെ അതിന്റെ വിദൂരമഴവനങ്ങളിലേക്ക് അയച്ചു.
ദരിദ്രർക്ക് പ്രയോജനം ചെയ്യുന്നതിനുവേണ്ടിയൊ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയൊ വനങ്ങളെ പ്രയോജനപ്പെടുത്തുകയാണെന്നുള്ള വാദത്താൽ അത്തരം പദ്ധതികളെ അനുകൂലിക്കുന്നു. എന്നാൽ വിമർശകർ കാണുന്നതുപോലെ, ഈ ഹ്രസ്വകാല നേട്ടങ്ങൾപോലും മിഥ്യയാണ്. ദൃഷ്ടാന്തത്തിന്, കാർഷികവിളകൾക്ക് പററിയതല്ലാത്ത പ്രദേശം കാലിവളർത്തുകാരന്റെ കന്നുകാലികൾക്ക് പററിയതായിരിക്കയില്ലായിരിക്കാം. മേച്ചൽസ്ഥലങ്ങൾ പത്തുവർഷങ്ങൾക്കുശേഷം പൊതുവേ ഉപേക്ഷിക്കപ്പെടുന്നു.
തടിവ്യവസായം മിക്കപ്പോഴും അഭിവൃദ്ധിപ്പെടുന്നില്ല. ഉഷ്ണമേഖലയിലെ കടുപ്പമുള്ള തടികൾ ഭാവിയെസംബന്ധിച്ച് ചിന്തകൂടാതെ വനങ്ങളിൽനിന്ന് മാററപ്പെടുമ്പോൾ വനങ്ങൾ വേഗത്തിൽ ക്ഷയിക്കുന്നു. ഇപ്പോൾ തങ്ങളുടെ ഉഷ്ണമേഖലാ തടികൾ കയററിയയച്ചുകൊണ്ടിരിക്കുന്ന 33 രാജ്യങ്ങളിൽ 20-ൽ പരം രാജ്യങ്ങളിൽ പത്തുവർഷങ്ങൾക്കുള്ളിൽ തടികൾ തീർന്നുപോകും എന്ന് ലോകബാങ്ക് കണക്കാക്കുന്നു. തായ്ലണ്ട് തടിവ്യവസായത്തെ നിയമവിരുദ്ധമാക്കത്തക്കവണ്ണം അത് അത്ര ഗുരുതരമായി വനനശീകരണം നടത്തിയിരുന്നു. ഫിലിപ്പീൻസ് 1990-കളുടെ മദ്ധ്യത്തോടെ തടികൾ പൂർണ്ണമായും വെട്ടിത്തീർത്തിരിക്കും എന്ന് കണക്കാക്കപ്പെട്ടിരുന്നു.
എന്നാൽ ഏററവും കൈപ്പേറിയ വിരോധാഭാസം ഇതാണ്: കേടുവരുത്താതിരിക്കുകയും ഉല്പന്നങ്ങളുടെ വിള—ഉദാഹരണത്തിന് പഴങ്ങളും റബ്ബറും—ശേഖരിക്കുകയുമാണെങ്കിൽ മഴവനത്തിന്റെ ഒരു പ്ലോട്ടിന് കൂടുതൽ ആദായമുണ്ടാക്കാൻകഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഉവ്വ്, അതേ സ്ഥലത്തുനിന്ന് കൃഷി, കാലിവളർത്തൽ തടിവ്യവസായം എന്നിവമൂലം ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം. എന്നിരുന്നാലും നശീകരണം തുടരുന്നു.
ഭൂഗോളത്തിന് ഈ പ്രവർത്തനത്തെ എന്നേക്കും പിൻതാങ്ങാൻ സാധ്യമല്ല. സേവിംങ് ദി ട്രോപ്പിക്കൽ ഫോറസ്ററ്സ് എന്ന പുസ്തകം രേഖപ്പെടുത്തുന്നപ്രകാരം: “നാം ഇപ്പോഴത്തെ നശീകരണം തുടരുകയാണെങ്കിൽ ചോദ്യം മഴവനങ്ങൾ അപ്രത്യക്ഷമാകുമോ എന്നതല്ല പിന്നെയോ എപ്പോൾ എന്നതാണ്.” എന്നാൽ മഴവനങ്ങൾ എല്ലാം നശിപ്പിക്കപ്പെടുന്നുവെങ്കിൽ ലോകം യഥാർത്ഥത്തിൽ പ്രയാസമനുഭവിക്കുമോ? (g90 3⁄22)
[7-ാം പേജിലെ ചിത്രം]
വനനശീകരണത്തിന്റെ ഏജൻറുമാർ
വെട്ടിത്തെളിച്ച് തീയിട്ട് കൃഷിചെയ്യൽ
അണകളാൽ വരുത്തിക്കൂട്ടുന്ന വെള്ളപ്പൊക്കം
കന്നുകാലി വളർത്തൽ
തടിവ്യവസായ പ്രവർത്തനങ്ങൾ