വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 3/22 പേ. 4-9
  • നിഴൽമൂടിയ മഴക്കാടുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിഴൽമൂടിയ മഴക്കാടുകൾ
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒറ്റപ്പെ​ട്ടു​പോയ “ജീവച്ഛവം”
  • ചെറു​കിട മരം​വെട്ടൽ മൂലം ചെറു​കിട നഷ്ടമോ?
  • “പരവതാ​നി” ചുരു​ട്ടു​ന്നു
  • സസ്യമൃ​ഗാ​ദി​കൾ അപ്രത്യ​ക്ഷ​മാ​കു​ന്നു—അതു​കൊ​ണ്ടെന്ത്‌?
  • സമൃദ്ധി​യു​മില്ല ക്ഷാമവു​മി​ല്ല
  • ഉപയോ​ഗ​പ്ര​ദ​മായ സസ്യങ്ങൾ
  • പരിഹാരത്തിനുവേണ്ടിയുള്ള അന്വേഷണം
    ഉണരുക!—1997
  • മഴവനങ്ങളെ നശിപ്പിക്കൽ
    ഉണരുക!—1998
  • മഴവനങ്ങൾകൊണ്ടുള്ള പ്രയോജനങ്ങൾ
    ഉണരുക!—1998
  • മഴവനങ്ങളെ സംരക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1991
കൂടുതൽ കാണുക
ഉണരുക!—1997
g97 3/22 പേ. 4-9

നിഴൽമൂ​ടിയ മഴക്കാ​ടു​കൾ

ഒരു വിമാ​ന​ത്തി​ലി​രു​ന്നു നോക്കി​യാൽ ആമസോൺ മഴക്കാ​ടു​കൾ വൻകര​യു​ടെ വലുപ്പ​മുള്ള പതുപ​തുത്ത ഒരു പരവതാ​നി​യാ​ണെന്നേ തോന്നൂ. ഓറെ​യാ​നാ കണ്ടെത്തി​യ​പ്പോ​ഴെ​ന്ന​പോ​ലെ ഇപ്പോ​ഴും അതു പച്ചപു​തച്ച്‌ ഊനം​ത​ട്ടാ​തെ നില​കൊ​ള്ളു​ന്ന​തു​പോ​ലെ തോന്നും. ചൂടും ഈർപ്പ​വു​മുള്ള വനത്തി​ലൂ​ടെ, ചെറിയ സസ്‌ത​നി​ക​ളു​ടെ വലുപ്പ​മുള്ള പ്രാണി​കളെ ചവിട്ടാ​തി​രി​ക്കാൻ ഒഴിഞ്ഞു​മാ​റി ആയാസ​പ്പെട്ടു നടക്കു​മ്പോൾ യാഥാർഥ്യ​മേത്‌ മിഥ്യ​യേത്‌ എന്നു നിങ്ങൾക്കു തിരി​ച്ച​റി​യാൻ സാധി​ക്കാ​തെ വരുന്നു. ഇലകൾ ചിത്ര​ശ​ല​ഭ​ങ്ങ​ളാ​കു​ന്നു, വള്ളി​ച്ചെ​ടി​കൾ പാമ്പു​ക​ളാ​കു​ന്നു, ഉണക്കക്ക​മ്പു​കൾ ഭയാ​ക്രാ​ന്ത​രാ​യി നിലം​തൊ​ടാ​തെ പായുന്ന കരണ്ടു​തീ​നി​ക​ളാ​കു​ന്നു. ആമസോൺ വനത്തിൽ, യാഥാർഥ്യം ഇപ്പോ​ഴും മിഥ്യ​യു​മാ​യി കൂടി​ക്കു​ഴ​ഞ്ഞു​കി​ട​ക്കു​ന്നു.

“ആമസോൺ യാഥാർഥ്യം, അതിന്റെ കെട്ടു​ക​ഥ​ക​ളെ​പ്പോ​ലെ​തന്നെ അവിശ്വ​സ​നീ​യ​മാ​ണെ​ന്ന​താണ്‌ ഏറ്റവും വലിയ വിരോ​ധാ​ഭാ​സം,” ഒരു നിരീ​ക്ഷകൻ പറയുന്നു. അത്‌ അവിശ്വ​സ​നീ​യം​ത​ന്നെ​യാണ്‌! പശ്ചിമ യൂറോ​പ്പി​നോ​ളം വലുപ്പ​മുള്ള ഒരു വനം വിഭാവന ചെയ്യുക. 4,000 വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങൾ അവിടെ ഇടതൂർന്നു​വ​ള​രു​ന്ന​തും പൂവി​ടുന്ന 60,000 ഇനം ചെടികൾ അതിനു തോരണം ചാർത്തു​ന്ന​തും 1,000 ഇനം പക്ഷിക​ളു​ടെ കടും​വർണങ്ങൾ അതിനു നിറം പകരു​ന്ന​തും 300 ഇനം സസ്‌ത​നി​കൾ അതിനെ സമ്പുഷ്ട​മാ​ക്കു​ന്ന​തും പത്തു ലക്ഷം, ഒരുപക്ഷേ 20 ലക്ഷംവ​രുന്ന വിവി​ധ​യി​നം പ്രാണി​ക​ളു​ടെ മൂളൽക്കൊണ്ട്‌ അവിടം മുഖരി​ത​മാ​യി​രി​ക്കു​ന്ന​തു​മൊ​ക്കെ​യൊ​ന്നു സങ്കൽപ്പി​ക്കുക. ആമസോൺ വനത്തെ വർണി​ക്കാൻ ഒരുവൻ ഏറ്റവും മുന്തിയ വാക്കുകൾ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇപ്പോൾ നിങ്ങൾക്കു മനസ്സി​ലാ​യി​ക്കാ​ണും. ജീവ​വൈ​വി​ധ്യം തിങ്ങി​നി​റഞ്ഞ ഭൂമി​യി​ലെ ഏറ്റവും വലിയ ഈ ഉഷ്‌ണ​മേ​ഖലാ മഴക്കാ​ടി​നെ വർണി​ക്കാൻ അതിവി​ശി​ഷ്ട​പ​ദ​ങ്ങൾത്തന്നെ വേണം.

ഒറ്റപ്പെ​ട്ടു​പോയ “ജീവച്ഛവം”

തൊണ്ണൂ​റു വർഷം​മുമ്പ്‌, അമേരി​ക്കൻ എഴുത്തു​കാ​ര​നും നർമ​ലേ​ഖ​ക​നു​മായ മാർക്‌ ട്വേയ്‌ൻ മനോ​ഹ​ര​മായ ഈ വനത്തെ, “ഉഷ്‌ണ​മേ​ഖലാ അത്ഭുതങ്ങൾ നിറഞ്ഞ, മൃഗശാ​ല​യിൽ പ്രദർശി​പ്പി​ക്കേണ്ട തരത്തി​ലുള്ള പക്ഷിക​ളും പൂക്കളു​മുള്ള, ചീങ്കണ്ണി​യും മുതല​ക​ളും കുരങ്ങു​ക​ളും മൃഗശാ​ല​യി​ലെ​ന്ന​പോ​ലെ സ്വസ്ഥമാ​യി വിഹരി​ക്കുന്ന, വശ്യസു​ന്ദ​ര​മായ ഒരു ദേശം” എന്നു വർണിച്ചു. ഇന്ന്‌, ട്വേയ്‌നി​ന്റെ ഹാസ്യ​രസം തുളു​മ്പുന്ന ആ വാക്കു​കൾക്കു ഗൗരവാ​വ​ഹ​മായ ഒരർഥം കൈവ​ന്നി​രി​ക്കു​ന്നു. താമസി​യാ​തെ​തന്നെ, ആമസോ​ണി​ന്റെ ഉഷ്‌ണ​മേ​ഖലാ അത്ഭുത​ങ്ങൾക്ക്‌ അവശേ​ഷി​ക്കുന്ന ഭവനങ്ങൾ കാഴ്‌ച​ബം​ഗ്ലാ​വു​ക​ളും മൃഗശാ​ല​ക​ളും മാത്ര​മാ​കും. കാരണം?

മനുഷ്യൻ, ആമസോൺ മഴക്കാ​ടു​കൾ വെട്ടി​ന​ശി​പ്പിച്ച്‌ അവിടു​ത്തെ ജന്തുസ​സ്യ​ജാ​ല​ങ്ങ​ളു​ടെ സ്വാഭാ​വിക ആവാസത്തെ നശിപ്പി​ക്കു​ന്ന​താ​ണു പ്രധാന കാരണം. എങ്കിലും, മൊത്ത​ത്തി​ലുള്ള ആവാസ​ന​ശീ​ക​ര​ണ​ത്തി​നു പുറമേ, ഇപ്പോൾ ജീവ​നോ​ടെ​യി​രി​ക്കുന്ന സസ്യമൃ​ഗാ​ദി​ക​ളെ​പ്പോ​ലും “ജീവച്ഛവ”ങ്ങളാക്കി മാറ്റുന്ന—കൂടുതൽ കുത​ന്ത്ര​പ​ര​മായ—കാരണ​ങ്ങ​ളു​മുണ്ട്‌. മറ്റു വിധത്തിൽ പറഞ്ഞാൽ, സസ്യമൃ​ഗാ​ദി​ക​ളു​ടെ നാശത്തെ തടയാൻ കഴിയുന്ന യാതൊ​ന്നു​മി​ല്ലെന്ന്‌ അധികാ​രി​കൾ വിശ്വ​സി​ക്കു​ന്നു.

അത്തരത്തി​ലു​ള്ള ഒരു കാരണ​മാണ്‌ ഒറ്റപ്പെ​ടു​ത്തൽ. പരിര​ക്ഷ​ണ​ത​ത്‌പ​ര​രായ ഗവൺമെൻറ്‌ അധികാ​രി​കൾ, വനത്തിന്റെ ഒരു ഭാഗത്തു ജീവി​ക്കുന്ന സസ്യമൃ​ഗാ​ദി​ക​ളു​ടെ അതിജീ​വനം ഉറപ്പാ​ക്കു​ന്ന​തി​നാ​യി ആ ഭാഗത്തു മാത്രം ഈർച്ച​വാൾ നിരോ​ധി​ച്ചേ​ക്കാം. ചെറി​യൊ​രു വനദ്വീപ്‌ ഈ സസ്യമൃ​ഗാ​ദി​ക​ളു​ടെ ആത്യന്തി​ക​മായ നാശത്തെ അർഥമാ​ക്കും. ഉഷ്‌ണ​മേ​ഖലാ വനങ്ങളെ സംരക്ഷി​ക്കൽ—മുൻഗണന അർഹി​ക്കുന്ന അന്താരാ​ഷ്‌ട്ര ദൗത്യം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ചെറിയ വനദ്വീ​പു​കൾ ജീവനെ ദീർഘ​നാൾ പരിര​ക്ഷി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്ന​തി​നുള്ള കാരണം ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ ഒരുദാ​ഹ​രണം നൽകുന്നു.

ഉഷ്‌ണ​മേ​ഖ​ലാ വൃക്ഷയി​ന​ങ്ങ​ളിൽ മിക്കതി​നും ആൺ, പെൺ വൃക്ഷങ്ങൾ ഉണ്ടായി​രി​ക്കും. പ്രജനനം ചെയ്യാൻ അവയ്‌ക്കു വവ്വാലു​ക​ളിൽനി​ന്നു സഹായം ലഭിക്കു​ന്നു. വവ്വാലു​കൾ ആൺപു​ഷ്‌പ​ങ്ങ​ളിൽനി​ന്നു പെൺപു​ഷ്‌പ​ങ്ങ​ളി​ലേക്കു പരാഗ​രേ​ണു​ക്കളെ വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. വൃക്ഷങ്ങൾ വവ്വാലു​ക​ളു​ടെ പറക്കൽ പരിധി​ക്കു​ള്ളി​ലാ​ണെ​ങ്കി​ലേ ഈ പരാഗ​ണ​സേ​വനം ഫലപ്ര​ദ​മാ​കൂ. ആൺവൃ​ക്ഷ​വും പെൺവൃ​ക്ഷ​വും തമ്മിലുള്ള അകലം വളരെ കൂടു​ത​ലാ​ണെ​ങ്കിൽ വവ്വാലിന്‌ അത്ര ദൂരം പറക്കാൻ സാധി​ക്കു​ക​യില്ല. ഒരു വനദ്വീ​പി​നു ചുറ്റും ചുട്ടു​പ​ഴുത്ത ഭൂമി​യാ​ണെ​ങ്കിൽ മിക്ക​പ്പോ​ഴും സംഭവി​ക്കു​ന്നത്‌ ഇതാണ്‌. അങ്ങനെ വരു​മ്പോൾ “ദീർഘ​കാല പ്രജനനം സാധ്യ​മാ​കാ​തെ വരുന്ന​തു​കൊണ്ട്‌ അവ ‘ജീവച്ഛ​വങ്ങൾ’” ആയി മാറുന്നു.

വൃക്ഷങ്ങൾക്കും വവ്വാലു​കൾക്കും ഇടയി​ലുള്ള ഈ കണ്ണി ആമസോ​ണി​യൻ ആവാസ​വ്യ​വ​സ്ഥ​യി​ലെ ബന്ധങ്ങളിൽ ഒന്നു മാത്ര​മാണ്‌. ലളിത​മാ​യി പറഞ്ഞാൽ, വ്യത്യസ്‌ത വർഗത്തിൽപ്പെ​ട്ട​തും എന്നാൽ പരസ്‌പരം ഉറ്റ ബന്ധമു​ള്ള​തു​മായ ജീവജാ​ല​ങ്ങൾക്കു പാർപ്പി​ട​വും ഭക്ഷണവും പ്രദാനം ചെയ്യുന്ന ഒരു കൂറ്റൻ വീടു​പോ​ലെ​യാണ്‌ ആമസോൺ വനം. തിങ്ങി​പ്പാർക്കു​ന്നത്‌ ഒഴിവാ​ക്കാൻ മഴക്കാ​ടി​ലെ സസ്യമൃ​ഗാ​ദി​കൾ വിവിധ തട്ടുക​ളി​ലാ​യാ​ണു ജീവി​ക്കു​ന്നത്‌. ചിലതു നില​ത്തോ​ടു ചേർന്നും മറ്റു ചിലതു പടർന്നു പന്തലിച്ചു നിൽക്കുന്ന മുകൾപ്പ​ര​പ്പി​ലും. എല്ലാ നിവാ​സി​കൾക്കും ഓരോ​രോ ജോലി​യുണ്ട്‌. 24 മണിക്കൂ​റും അവ ജോലി ചെയ്യുന്നു—ചിലർ പകലും മറ്റു ചിലർ രാത്രി​യി​ലും. എല്ലാ സസ്യമൃ​ഗാ​ദി​ക​ളെ​യും ജോലി​യിൽ അവരവ​രു​ടെ പങ്കു നിർവ​ഹി​ക്കാൻ അനുവ​ദി​ച്ചാൽ ആമസോൺ സസ്യമൃ​ഗാ​ദി​ക​ളു​ടെ സങ്കീർണ​മായ ഈ ആവാസ​സ്ഥാ​നം പ്രശ്‌ന​ങ്ങ​ളൊ​ന്നും കൂടാതെ സുഗമ​മാ​യി പ്രവർത്തി​ക്കും.

എങ്കിലും ആമസോ​ണി​ന്റെ ആവാസ​വ്യ​വസ്ഥ (ഇംഗ്ലീ​ഷി​ലെ “ഇക്കോ” [“ആവാസം”] എന്നത്‌ “വീട്‌” എന്നർഥ​മുള്ള ഓയ്‌ക്കോസ്‌ എന്ന ഗ്രീക്കു പദത്തിൽനി​ന്നാ​ണു വരുന്നത്‌) ലോല​മാണ്‌. ഈ വന ആവാസ​ത്തി​ലെ ഏതാനും ജീവി​വർഗ​ങ്ങളെ മാത്രമേ മനുഷ്യൻ ചൂഷണം ചെയ്യു​ന്നു​ള്ളു​വെ​ങ്കി​ലും അവന്റെ കൈക​ടത്തൽ വനത്തിലെ എല്ലാ തട്ടിലു​മുള്ള മൃഗങ്ങ​ളെ​യും ബാധി​ക്കു​ന്നു. ഒരൊറ്റ സസ്യവർഗം നാമാ​വ​ശേ​ഷ​മാ​യാൽ, വേറെ 30-ഓളം ജീവി​വർഗ​ങ്ങ​ളു​ടെ മരണത്തിൽ അതു കലാശി​ക്കു​മെന്നു പരിസ്ഥി​തി​സം​ര​ക്ഷ​ണ​വാ​ദി​യായ നൊർമൻ മൈയർസ്‌ കണക്കാ​ക്കു​ന്നു. മിക്ക ഉഷ്‌ണ​മേ​ഖലാ വൃക്ഷങ്ങ​ളും വിത്തു​വി​ത​ര​ണ​ത്തി​നാ​യി മൃഗങ്ങളെ ആശ്രയി​ക്കു​ന്ന​തു​കൊണ്ട്‌ മനുഷ്യൻ ജന്തുവർഗ​ങ്ങളെ നശിപ്പി​ച്ചാൽ അവയുടെ സേവനം ലഭിക്കുന്ന വൃക്ഷങ്ങ​ളു​ടെ ഉന്മൂല​നാ​ശ​ത്തിൽ അതു കലാശി​ക്കും. (“വൃക്ഷ-മത്സ്യ ബന്ധം” എന്ന ചതുരം കാണുക.) ഒറ്റപ്പെ​ടു​ത്തൽപോ​ലെ​തന്നെ, ബന്ധങ്ങൾ താറു​മാ​റാ​കു​ന്ന​തും വനത്തിലെ അധിക​മ​ധി​കം ജീവി​വർഗ​ങ്ങളെ “ജീവച്ഛവ”ങ്ങളുടെ പട്ടിക​യിൽ ഉൾപ്പെ​ടു​ത്തു​ന്നു.

ചെറു​കിട മരം​വെട്ടൽ മൂലം ചെറു​കിട നഷ്ടമോ?

വിരലിൽ മുറി​വു​ണ്ടാ​യാൽ പുതിയ തൊലി വളർന്നു​വ​രു​ന്ന​തു​പോ​ലെ​തന്നെ വനത്തിന്റെ ഒരു ഭാഗം വെട്ടി​മാ​റ്റി​യാൽ അവിടെ വീണ്ടും പച്ചത്തഴ​പ്പു​ണ്ടാ​കു​മെന്നു ന്യായ​വാ​ദം ചെയ്‌തു​കൊണ്ട്‌ ചെറിയ തോതി​ലുള്ള വനനശീ​ക​ര​ണത്തെ ചിലർ ന്യായീ​ക​രി​ക്കു​ന്നു. ഇതു ശരിയാ​ണോ? അത്ര ശരിയല്ല.

വെട്ടി​ത്തെ​ളി​ച്ച വനഭാഗം കുറെ നാള​ത്തേക്കു മനുഷ്യൻ അങ്ങനെ​തന്നെ വിടു​ക​യാ​ണെ​ങ്കിൽ വനത്തിൽ വീണ്ടും സസ്യങ്ങൾ വളരു​മെ​ന്നതു തീർച്ച​യാ​യും ശരിയാണ്‌. എന്നാൽ, മേന്മ കുറഞ്ഞ ഒരു ഫോ​ട്ടോ​കോ​പ്പിക്ക്‌ അസ്സൽ രേഖയു​മാ​യി എത്രമാ​ത്രം സാമ്യ​മു​ണ്ടാ​യി​രി​ക്കു​മോ അത്രതന്നെ സാമ്യമേ പുതിയ സസ്യനി​ര​യ്‌ക്ക്‌ ആദ്യത്തെ വനവു​മാ​യി​ട്ടു​ണ്ടാ​കൂ. ബ്രസീൽക്കാ​രി​യായ ഇമ വ്യായിറ എന്ന സസ്യശാ​സ്‌ത്രജ്ഞ ആമസോ​ണി​ലെ ഒരു നൂറ്റാണ്ടു പഴക്കമുള്ള, വെട്ടി​ത്തെ​ളി​ച്ച​ശേഷം വീണ്ടും വളർന്നു​വന്ന വനഭാഗം പഠനവി​ധേ​യ​മാ​ക്കി. പഴയ വനത്തിൽ തഴച്ചു​വ​ളർന്നി​രുന്ന 268 ഇനം വൃക്ഷങ്ങ​ളിൽ 65 ഇനം മാത്രമേ പുതിയ വനത്തിൽ ഇന്നുള്ളൂ. പ്രദേ​ശത്തെ ജന്തുവർഗ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഈ വ്യത്യാ​സം കാണാ​മെന്ന്‌ ആ സസ്യശാ​സ്‌ത്രജ്ഞ പറയുന്നു. അതു​കൊണ്ട്‌, ചിലർ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ വനനശീ​ക​രണം ഹരിത​വ​ന​ങ്ങളെ ചുവന്ന മരുഭൂ​മി​യാ​ക്കി മാറ്റു​ന്നി​ല്ലെ​ങ്കി​ലും അത്‌ ആമസോൺ മഴക്കാ​ടി​ന്റെ ചില ഭാഗങ്ങ​ളു​ടെ ആദ്യത്തെ കൊഴു​പ്പും തഴപ്പും നഷ്ടമാ​ക്കു​ന്നു.

കൂടാതെ, വനത്തിന്റെ ചെറി​യൊ​രു ഭാഗത്തെ മരങ്ങൾ വെട്ടു​ന്ന​തു​പോ​ലും മിക്ക​പ്പോ​ഴും, ആ പ്രദേ​ശത്തു മാത്രം വളരുന്ന, ഇഴയുന്ന, അള്ളിപ്പി​ടി​ച്ചു​ക​യ​റുന്ന ചെടി​ക​ളെ​യും മൃഗങ്ങ​ളെ​യും നശിപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഉഷ്‌ണ​മേ​ഖലാ വനത്തിന്റെ ഒരു പ്രത്യേക പ്രദേ​ശത്ത്‌ 1.7 ചതുരശ്ര കിലോ​മീ​റ്റ​റിൽ 1,025 സസ്യവർഗ​ങ്ങളെ ഇക്വ​ഡോ​റി​ലെ ഗവേഷകർ കണ്ടെത്തു​ക​യു​ണ്ടാ​യി. ആ വർഗങ്ങ​ളിൽ 250-ലധികം ഭൂമി​യിൽ മറ്റെവി​ടെ​യും വളരു​ന്നില്ല. “ഒരു പ്രാ​ദേ​ശിക ഉദാഹ​ര​ണ​മാണ്‌ സൊയിൺ ദി കോലേറ (ഇംഗ്ലീ​ഷിൽ പൈഡ്‌ ബെയർ ഫെയ്‌സ്‌ഡ്‌ ടാമറിൻ)” എന്ന്‌ ബ്രസീൽക്കാ​ര​നായ റോ​ഷേ​റ്യോ ഗ്രിബെൽ എന്ന പരിസ്ഥി​തി ഗവേഷകൻ പറയുന്നു. വെള്ള ടീഷർട്ട്‌ ധരിച്ച​തു​പോ​ലെ കാണ​പ്പെ​ടുന്ന ഓമന​ത്ത​മുള്ള ഒരു കുരങ്ങാണ്‌ ഇത്‌. “ഇവയിൽ ശേഷി​ക്കുന്ന ചുരുക്കം ചിലതു ജീവി​ക്കു​ന്നതു മധ്യ ആമസോ​ണിൽ മനൗസി​ന​രി​കി​ലുള്ള ചെറി​യൊ​രു വനഭാ​ഗ​ത്താണ്‌. എന്നാൽ ആ ചെറിയ ആവാസ​സ്ഥ​ല​ത്തി​ന്റെ നശീക​രണം ഈ വർഗത്തെ എന്നേക്കു​മാ​യി തുടച്ചു​മാ​റ്റും,” ഡോ. ഗ്രിബെൽ പറയുന്നു. മരം​വെട്ടൽ ചെറു​തെ​ങ്കി​ലും നഷ്ടം ഭീമം​തന്നെ.

“പരവതാ​നി” ചുരു​ട്ടു​ന്നു

നേരി​ട്ടുള്ള വനനശീ​ക​രണം ആമസോൺ മഴക്കാ​ടി​നു​മീ​തെ കരിനി​ഴൽ പരത്തുന്നു. റോഡ്‌ നിർമാ​താ​ക്ക​ളും മരം​വെ​ട്ടു​കാ​രും ഖനി​ത്തൊ​ഴി​ലാ​ളി​ക​ളും മറ്റനേ​ക​രും വനത്തെ ഒരു പരവതാ​നി​പോ​ലെ ചുരുട്ടി മാറ്റുന്നു. മുഴു ആവാസ​വ്യ​വ​സ്ഥ​ക​ളെ​യും കണ്ണിമ​യ്‌ക്കു​ന്ന​തി​നി​ട​യിൽ നശിപ്പി​ക്കു​ന്നു.

ബ്രസീ​ലി​ലെ വാർഷിക വനനശീ​ക​ര​ണ​ത്തി​ന്റെ കൃത്യ​മായ തോതു സംബന്ധി​ച്ചു കടുത്ത വിയോ​ജി​പ്പു​ണ്ടെ​ങ്കി​ലും, അതു പ്രതി​വർഷം 36,000 ചതുരശ്ര കിലോ​മീ​റ്റർ വരു​മെന്നു ന്യായ​മായ കണക്കുകൾ കാണി​ക്കു​ന്നു. ആമസോൺ മഴക്കാ​ടി​ന്റെ, ഇതി​നോ​ടകം നശിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മൊത്തം പ്രദേശം 10 ശതമാ​ന​ത്തി​ല​ധി​കം വരും. അതായത്‌, ജർമനി​യെ​ക്കാൾ വലിയ ഒരു പ്രദേശം. 1995-ൽ കർഷകർ ഏതാണ്ട്‌ 40,000 തവണ കാടു വെട്ടി തീയി​ട്ടെന്നു ബ്രസീ​ലി​ലെ ഒരു പ്രശസ്‌ത വാർത്താ​വാ​രി​ക​യായ വേഴ റിപ്പോർട്ടു ചെയ്‌തു. ഇത്‌ മുൻ വർഷ​ത്തെ​ക്കാൾ അഞ്ചിര​ട്ടി​യാ​യി​രു​ന്നു. മനുഷ്യൻ വളരെ ഉത്സാഹ​ത്തോ​ടെ​യാ​ണു വനത്തിനു തീയി​ടു​ന്നത്‌. അതു​കൊണ്ട്‌, ആമസോ​ണി​ന്റെ ചില ഭാഗങ്ങൾ “ഹരിതാ​ഭ​മായ അതിർവ​ര​മ്പി​ലെ നരകം”പോലെ തോന്നി​ക്കു​ന്നു.

സസ്യമൃ​ഗാ​ദി​കൾ അപ്രത്യ​ക്ഷ​മാ​കു​ന്നു—അതു​കൊ​ണ്ടെന്ത്‌?

‘പക്ഷേ നമുക്ക്‌ ആ ലക്ഷക്കണ​ക്കി​നു സസ്യമൃ​ഗാ​ദി​ക​ളു​ടെ ആവശ്യ​മു​ണ്ടോ?’ ചിലർ ചോദി​ക്കു​ന്നു. ഉവ്വ്‌, നമുക്കാ​വ​ശ്യ​മുണ്ട്‌, ഹാർവാർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പരിസ്ഥി​തി​സം​ര​ക്ഷ​ണ​വാ​ദി​യായ എഡ്‌വാർഡ്‌ ഒ. വിൽസൻ വാദി​ക്കു​ന്നു. “ജലം ശുദ്ധി ചെയ്യാ​നും മണ്ണിനെ സമ്പുഷ്ട​മാ​ക്കാ​നും നാം ശ്വസി​ക്കുന്ന വായു ഉളവാ​ക്കാ​നും പ്രവർത്ത​ന​ക്ഷ​മ​മായ ആവാസ​വ്യ​വ​സ്ഥ​കളെ ആശ്രയി​ക്കു​ന്ന​തു​കൊണ്ട്‌ ജൈവ​വൈ​വി​ധ്യം നിസ്സാ​ര​മാ​യി തള്ളിക്ക​ള​യാ​നാ​കുന്ന ഒന്നല്ല,” വിൽസൻ പറയുന്നു. ആളുക​ളും സസ്യങ്ങ​ളും വിശേ​ഷാ​വ​കാ​ശ​ദാ​ന​ങ്ങ​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ജൈവ​വൈ​വി​ധ്യം യഥേഷ്ടം ഉണ്ടായി​രി​ക്കു​ന്ന​താ​ണു മനുഷ്യ​ന്റെ അതിജീ​വ​ന​ത്തി​നുള്ള താക്കോൽ. ഈ വൈവി​ധ്യം ഇല്ലാതാ​യാൽ താമസി​യാ​തെ നാമും ഇല്ലാതാ​കും.”

തീർച്ച​യാ​യും, ജീവി​വർഗ​ങ്ങ​ളു​ടെ നശീക​ര​ണ​ത്തി​ന്റെ ഭവിഷ്യ​ത്തു​കൾ വൃക്ഷ നാശം, മൃഗങ്ങൾ നേരി​ടുന്ന വംശനാ​ശ​ഭീ​ഷണി, നിവാ​സി​കൾക്കു​ണ്ടാ​കുന്ന ഉപദ്രവം എന്നിവ​യ്‌ക്കു​മ​പ്പു​റ​ത്തേക്കു പോകു​ന്നു. (“മനുഷ്യ​ഘ​ടകം” എന്ന ചതുരം കാണുക.) വനങ്ങളു​ടെ ശോഷണം നിങ്ങളെ ബാധി​ച്ചേ​ക്കാം. മൊസാ​മ്പി​ക്കി​ലെ ഒരു കൃഷി​ക്കാ​രൻ മരച്ചീനി നിറഞ്ഞ തണ്ടുകൾ പറി​ച്ചെ​ടു​ക്കു​ന്ന​തും ഉസ്‌ബെ​കി​സ്ഥാ​നി​ലുള്ള ഒരമ്മ ജനനനി​യ​ന്ത്രണ ഗുളിക കഴിക്കു​ന്ന​തും സാര​യെ​വോ​യിൽ പരിക്കേറ്റ ഒരാൺകു​ട്ടി​ക്കു മോർഫിൻ നൽകു​ന്ന​തും അല്ലെങ്കിൽ ന്യൂ​യോർക്കി​ലുള്ള ഒരു കടയിൽനി​ന്നു​കൊണ്ട്‌ ഒരു ഇടപാ​ടു​കാ​രി വിദേശ സുഗന്ധ​ദ്ര​വ്യം മണക്കു​ന്ന​തു​മൊ​ക്കെ​യൊ​ന്നു ചിന്തിക്കൂ. ഈ ആളുക​ളെ​ല്ലാം​തന്നെ, ഉഷ്‌ണ​മേ​ഖലാ വനങ്ങളിൽ ഉത്ഭവിച്ച ഉത്‌പ​ന്ന​ങ്ങ​ളാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്നു പാനൊസ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അങ്ങനെ നിലവി​ലുള്ള വനങ്ങൾ, നിങ്ങളുൾപ്പെടെ ലോക​മൊ​ട്ടാ​കെ​യുള്ള ആളുകളെ സേവി​ക്കു​ന്നു.

സമൃദ്ധി​യു​മില്ല ക്ഷാമവു​മി​ല്ല

ലോക​മൊ​ട്ടാ​കെ സമൃദ്ധി​യു​ണ്ടാ​ക്കാൻ ആമസോൺ മഴക്കാ​ടു​കൾക്കാ​വില്ല എന്നു സമ്മതി​ക്കു​ന്നു. പക്ഷേ ഒരാ​ഗോള ക്ഷാമം തടയാൻ അതു സഹായി​ക്കും. (“ഫലപുഷ്ടി സംബന്ധിച്ച കെട്ടുകഥ” എന്ന ചതുരം കാണുക.) ഏതു വിധത്തിൽ? 1970-കളിൽ മനുഷ്യൻ വമ്പിച്ച വിളവു​ത്‌പാ​ദി​പ്പി​ക്കുന്ന ചില ചെടികൾ വൻതോ​തിൽ നട്ടുപി​ടി​പ്പി​ച്ചു. വമ്പിച്ച വിളവു​ത്‌പാ​ദി​പ്പിച്ച ഈ സസ്യങ്ങൾ 50 കോടി ആളുക​ളെ​ക്കൂ​ടെ പോഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എവി​ടെ​യോ ഒരു കുഴപ്പ​മുണ്ട്‌. ജനിതക വ്യതി​യാ​നങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ അവ ദുർബ​ല​വും എളുപ്പ​ത്തിൽ രോഗം പിടി​പെ​ടാ​വുന്ന അവസ്ഥയി​ലു​ള്ള​തു​മാണ്‌. ക്ഷാമത്തി​നു വഴി​തെ​ളി​ച്ചു​കൊണ്ട്‌ ഒരു വൈറ​സിന്‌ രാഷ്‌ട്ര​ത്തി​ന്റെ വമ്പിച്ച വിളവു​ത്‌പാ​ദ​ന​ത്തി​നു കാര്യ​മായ നാശം വരുത്തി​വെ​ക്കാൻ കഴിയും.

പ്രതി​രോ​ധ​ശേഷി കൂടു​ത​ലുള്ള വിളകൾ ഉത്‌പാ​ദി​പ്പി​ക്കാ​നും പട്ടിണി ഇല്ലാതാ​ക്കാ​നും യുഎൻ ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ) “ജനിതക പദാർഥം കൂടുതൽ വിപു​ല​മാ​യി ഉപയോ​ഗി”ക്കാൻ ഇപ്പോൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. മഴക്കാ​ടി​ന്റെ​യും അതിലെ ആദിമ​നി​വാ​സി​ക​ളു​ടെ​യും പ്രസക്തി ഇവി​ടെ​യാണ്‌.

ലോക​ത്തി​ലെ സസ്യവർഗ​ങ്ങ​ളിൽ പകുതി​യി​ലേറെ ഉള്ളത്‌ ഉഷ്‌ണ​മേ​ഖലാ വനങ്ങളി​ലാ​യ​തു​കൊണ്ട്‌ (ഭക്ഷ്യവി​ള​ക​ളാ​കാൻ സാധ്യ​ത​യുള്ള ഏതാണ്ട്‌ 1,650 വർഗങ്ങൾ ഉൾപ്പെടെ) വന്യ സസ്യവർഗങ്ങൾ തിരഞ്ഞു​ന​ട​ക്കുന്ന ഏതൊരു ഗവേഷ​ക​നും അവയെ കണ്ടെത്താൻ ഏറ്റവും പറ്റിയ സ്ഥലം ആമസോൺ നഴ്‌സ​റി​യാണ്‌. കൂടാതെ, വനവാ​സി​കൾക്ക്‌ ഈ സസ്യങ്ങളെ എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അറിയാം. ഉദാഹ​ര​ണ​ത്തിന്‌, ബ്രസീ​ലി​ലെ കായാ​പൊ ഇന്ത്യക്കാർ പുതിയ തരത്തി​ലുള്ള വിവിധ വിളകൾ നട്ടുപി​ടി​പ്പി​ക്കു​ന്നു​വെന്നു മാത്രമല്ല, സാമ്പി​ളു​കൾ കുന്നിൻചെ​രു​വു​ക​ളി​ലെ ജീൻ കലവറ​ക​ളിൽ സൂക്ഷി​ച്ചു​വെ​ക്കു​ക​യും ചെയ്യുന്നു. അത്തരം വന്യവി​ള​യി​നങ്ങൾ, രോഗം എളുപ്പ​ത്തിൽ പിടി​പെ​ടാൻ സാധ്യ​ത​യുള്ള, നട്ടുപി​ടി​പ്പിച്ച വിളയി​ന​ങ്ങ​ളു​മാ​യി വർഗസ​ങ്കരം നടത്തു​ന്നതു മനുഷ്യ​ന്റെ ഭക്ഷ്യവി​ള​ക​ളു​ടെ ശക്തിയും പ്രതി​രോ​ധ​ശേ​ഷി​യും വർധി​പ്പി​ക്കും. ആ വർധനവ്‌ അടിയ​ന്തി​ര​മാണ്‌, കാരണം “അടുത്ത 25 വർഷ​ത്തേക്ക്‌ ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തിൽ 60% വർധനവ്‌ ആവശ്യ​മാണ്‌” എന്ന്‌ എഫ്‌എഒ പറയുന്നു. ഇതൊ​ക്കെ​യാ​യി​രു​ന്നി​ട്ടും, വനത്തെ തകർത്തു തരിപ്പ​ണ​മാ​ക്കുന്ന ബുൾഡോ​സ​റു​കൾ ആമസോൺ വനാന്ത​ര​ത്തി​ലേക്ക്‌ ഇറക്കുന്നു.

ഭവിഷ്യ​ത്തു​കൾ എന്തൊ​ക്കെ​യാണ്‌? മനുഷ്യൻ മഴക്കാടു നശിപ്പി​ക്കു​ന്നത്‌, ഒരു കർഷകൻ തന്റെ കൈവ​ശ​മുള്ള വിത്തു ഭക്ഷിക്കു​ന്ന​തു​പോ​ലെ​യാണ്‌. അയാളു​ടെ അപ്പോ​ഴത്തെ വിശപ്പു ശമിക്കു​മെ​ങ്കി​ലും ഭാവി​യി​ലെ ഭക്ഷ്യവ​സ്‌തു​ക്കൾ അപകട​ത്തി​ലാ​കു​ന്നു. “ശേഷി​ക്കുന്ന വിള​വൈ​വി​ധ്യ​ത്തെ പരിര​ക്ഷി​ക്കു​ന്ന​തും വികസി​പ്പി​ക്കു​ന്ന​തും ഒരാ​ഗോള അടിയ​ന്തി​ര​ത​യാണ്‌” എന്ന്‌ ജൈവ​വൈ​വി​ധ്യ വിഷയ​ത്തിൽ വിദഗ്‌ധ​രായ ഒരു സംഘം അടുത്ത​യി​ടെ മുന്നറി​യി​പ്പു നൽകി.

ഉപയോ​ഗ​പ്ര​ദ​മായ സസ്യങ്ങൾ

ഇനി വന “ഔഷധ​ശാല”യിലേക്കു കടക്കുക. അവിടെ, മനുഷ്യ​ന്റെ അവസ്ഥ ഉഷ്‌ണ​മേ​ഖലാ വള്ളി​ച്ചെ​ടി​കൾക്കി​ട​യി​ലും മറ്റു സസ്യങ്ങൾക്കി​ട​യി​ലും കുടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി നിങ്ങൾ കാണും. ഉദാഹ​ര​ണ​ത്തിന്‌, ആമസോ​ണി​യൻ വള്ളി​ച്ചെ​ടി​ക​ളിൽനി​ന്നെ​ടു​ക്കുന്ന ക്ഷാരകൽപ്പങ്ങൾ ശസ്‌ത്ര​ക്രി​യ​യ്‌ക്കു​മുമ്പ്‌ പേശി​കൾക്ക്‌ അയവു​വ​രു​ത്താൻ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. ഒരു വനപു​ഷ്‌പ​മായ റോസ്‌ നിറത്തി​ലുള്ള ആരോ​ഹി​ച്ചെ​ടി​യിൽ കാണ​പ്പെ​ടുന്ന രാസപ​ദാർഥങ്ങൾ, രക്താർബു​ദ​മുള്ള കുട്ടി​ക​ളിൽ 5-ൽ 4 പേർക്കു​വീ​തം ആയുസ്സു നീട്ടി​ക്കൊ​ടു​ക്കു​ന്ന​തിൽ സഹായി​ക്കു​ന്നു. മലമ്പനി ഭേദമാ​ക്കാൻ ഉപയോ​ഗി​ക്കുന്ന ക്വിനീൻ, ഹൃദയ​സ്‌തം​ഭ​ന​ത്തി​നു മരുന്നാ​യി ഉപയോ​ഗി​ക്കുന്ന ഡിജി​റ്റാ​ലിസ്‌, ജനനനി​യ​ന്ത്രണ ഗുളി​ക​ക​ളിൽ ഉപയോ​ഗി​ക്കുന്ന ഡയോ​സ്‌ജെ​നിൻ എന്നിവ​യും വനം പ്രദാനം ചെയ്യുന്നു. മറ്റു ചെടികൾ, എയ്‌ഡ്‌സി​നെ​യും അർബു​ദ​ത്തെ​യും ചെറു​ത്തു​നിൽക്കു​ന്ന​തിൽ ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. “ആമസോ​ണിൽ മാത്ര​മാ​യി, തദ്ദേശ​വാ​സി​കൾ ഉപയോ​ഗി​ക്കു​ന്ന​തും ഔഷധ​ശാ​ല​ക​ളിൽ വിൽക്ക​പ്പെ​ടാ​വു​ന്ന​തു​മായ 2,000 ഇനം സസ്യങ്ങ​ളുണ്ട്‌” എന്ന്‌ ഒരു യുഎൻ റിപ്പോർട്ടു പറയുന്നു. ലോക​മൊ​ട്ടാ​കെ, 10-ൽ 8 പേർ തങ്ങളുടെ അസുഖ​ത്തി​നുള്ള മറുമ​രു​ന്നെ​ന്ന​നി​ല​യിൽ ഔഷധ​ച്ചെ​ടി​കളെ ആശ്രയി​ക്കു​ന്നു​വെന്നു മറ്റൊരു പഠനം പറയുന്നു.

അതു​കൊണ്ട്‌, നമ്മെ രക്ഷിക്കുന്ന സസ്യങ്ങളെ നാമും രക്ഷി​ക്കേ​ണ്ടതു ന്യായ​യു​ക്ത​മാ​ണെന്നു ഡോ. ഫിലിപ്പ്‌ എം. ഫർൺ​സൈഡെ പറയുന്നു. “ആമസോൺ വനം നഷ്‌ട​മാ​കു​ന്നതു മനുഷ്യ​രി​ലു​ണ്ടാ​കുന്ന അർബു​ദ​ത്തി​നു പ്രതി​വി​ധി കണ്ടെത്താ​നുള്ള ശ്രമങ്ങൾക്കു വലി​യൊ​രു തിരി​ച്ച​ടി​യാ​കു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. . . . ആധുനിക വൈദ്യ​ശാ​സ്‌ത്രം കൈവ​രി​ച്ചി​രി​ക്കുന്ന മഹത്തായ നേട്ടങ്ങൾ ഈ സസ്യ​ശേ​ഖ​ര​ത്തി​ന്റെ വലി​യൊ​രു ഭാഗം ഒഴിവാ​ക്കാ​നുള്ള അനുമതി നമുക്കു തരുന്നു​വെന്ന ധാരണ അതിരു​കടന്ന അഹങ്കാ​ര​ത്തി​ന്റെ മാരക​മായ ഒരു രൂപമാ​യി​രി​ക്കാ​നുള്ള സാധ്യ​തയെ പ്രതി​നി​ധാ​നം ചെയ്യുന്നു” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

എന്നാൽ, മൃഗങ്ങ​ളെ​യും സസ്യങ്ങ​ളെ​യും കണ്ടെത്തി വർഗീ​ക​രി​ക്കു​ന്ന​തി​നെ​ക്കാൾ വേഗത്തിൽ മനുഷ്യൻ അവയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ‘ഈ വനനശീ​ക​രണം തുടരു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഈ പ്രവണ​ത​യ്‌ക്കു മാറ്റം വരുത്തി പൂർവ​സ്ഥി​തി കൈവ​രി​ക്കാൻ സാധി​ക്കു​മോ? ആമസോൺ മഴക്കാ​ടു​കൾക്ക്‌ ഒരു ഭാവി​യു​ണ്ടോ?’ എന്നൊക്കെ ഇതു നിങ്ങളെ ചിന്തി​പ്പി​ക്കു​ന്നു.

[8-ാം പേജിലെ ചതുരം]

ഫലപുഷ്ടി സംബന്ധിച്ച കെട്ടുകഥ

ആമസോൺമണ്ണ്‌ ഫലഭൂ​യി​ഷ്‌ഠ​മാ​ണെന്ന ആശയം “ദൂരീ​ക​രി​ക്കാൻ ബുദ്ധി​മു​ട്ടുള്ള ഒരു കെട്ടു​ക​ഥ​യാണ്‌,” കൗണ്ടർപാർട്ട്‌ മാഗസിൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. 19-ാം നൂറ്റാ​ണ്ടിൽ, പര്യ​വേ​ക്ഷ​ക​നായ അലക്‌സാ​ണ്ടർ വോൺ ഹമ്പോൾഡ്‌ ആമസോ​ണി​നെ “ലോക​ത്തി​ന്റെ പത്തായ​പ്പുര” എന്നു വർണിച്ചു. ഒരു നൂറ്റാ​ണ്ടി​നു​ശേഷം യു.എസ്‌. പ്രസി​ഡൻറാ​യി​രുന്ന തിയ​ഡോർ റൂസ്‌വെൽറ്റി​നും ആമസോൺ കൃഷിക്കു പറ്റിയ​താ​ണെന്നു തോന്നി. “ഇത്രയും സമ്പുഷ്ട​വും ഫലഭൂ​യി​ഷ്‌ഠ​വു​മായ പ്രദേശം ഉപയോ​ഗ​ശൂ​ന്യ​മാ​യി കിടക്കാൻ അനുവ​ദി​ക്ക​രുത്‌,” അദ്ദേഹം എഴുതി.

കത്തി​യെ​രിഞ്ഞ വൃക്ഷങ്ങ​ളു​ടെ​യും സസ്യങ്ങ​ളു​ടെ​യും ചാരം നല്ല വളമായി ഉതകു​ന്ന​തി​നാൽ ഒന്നോ രണ്ടോ വർഷ​ത്തേക്കു നല്ല വിളവു ലഭിക്കു​ന്നു​വെന്ന്‌ ഇവരെ​പ്പോ​ലെ വിശ്വ​സി​ക്കുന്ന ഒരു കർഷകൻ കണ്ടെത്തു​ന്നു. എന്നാൽ അതിനു ശേഷം മണ്ണു തരിശു​നി​ല​മാ​യി മാറുന്നു. വനത്തിന്റെ പച്ചത്തഴപ്പ്‌, അവി​ടെ​യുള്ള മണ്ണ്‌ ഫലഭൂ​യി​ഷ്‌ഠ​മാ​യി​രി​ക്കാ​മെന്ന ധാരണ ഉളവാ​ക്കി​യേ​ക്കാ​മെ​ങ്കി​ലും വാസ്‌ത​വ​ത്തിൽ വനത്തെ ദുർബ​ല​മാ​ക്കു​ന്നത്‌ ആ മണ്ണാണ്‌. കാരണം?

ഉണരുക! ആമസോ​ണി​ലെ ഗവേഷ​ണ​ത്തി​നു​വേ​ണ്ടി​യുള്ള ദേശീയ സ്ഥാപന​ത്തി​ലെ ഗവേഷ​ക​നും മഴക്കാ​ടി​ലെ മണ്ണി​നെ​ക്കു​റി​ച്ചുള്ള വിഷയ​ത്തിൽ വിദഗ്‌ധ​നു​മായ ഡോ. ഫ്‌ളാ​വ്യൂ ജെ. ലൂയി​സാ​വു​ണി​നോ​ടു സംസാ​രി​ച്ചു. അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യ​ങ്ങ​ളിൽ ചിലത്‌ ഇതാ:

‘മറ്റു വനങ്ങളി​ലെ മണ്ണുക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ആമസോൺ തടത്തിലെ മിക്ക മണ്ണിനും അടിഭാ​ഗ​ത്തു​നിന്ന്‌, അതായത്‌ ദ്രവി​ക്കുന്ന പാറക​ളിൽനിന്ന്‌ പോഷ​കങ്ങൾ ലഭിക്കു​ന്നില്ല. മാതൃ​ശില പോഷ​ക​ര​ഹി​ത​മാ​ണെ​ന്ന​തു​തന്നെ കാരണം. മാത്രമല്ല, അതു പ്രതല​ത്തിൽനി​ന്നു വളരെ താഴെ​യാ​ണു കിടക്കു​ന്ന​തും. മറിച്ച്‌, ഊറൽ മണ്ണിനു പോഷ​കങ്ങൾ ലഭിക്കു​ന്നതു മുകളിൽനി​ന്നാണ്‌, മഴയിൽനി​ന്നും ചപ്പുച​വ​റിൽനി​ന്നും. എങ്കിലും, മഴത്തു​ള്ളി​കൾക്കും വീണു​കി​ട​ക്കുന്ന ഇലകൾക്കും പോഷ​ക​ഗു​ണ​മു​ള്ള​താ​യി മാറാൻ സഹായം ആവശ്യ​മാണ്‌. എന്തു​കൊണ്ട്‌?

‘മഴക്കാ​ടു​ക​ളിൽ വീഴുന്ന മഴവെ​ള്ള​ത്തിൽ പല പോഷ​ക​ങ്ങ​ളും ഉണ്ടായി​രി​ക്കു​ക​യില്ല. എങ്കിലും, ഇലയിൽ തട്ടി വൃക്ഷശി​ഖ​ര​ങ്ങ​ളി​ലൂ​ടെ താഴോ​ട്ടൊ​ഴു​കു​മ്പോൾ അത്‌ ഇലകൾ, ശാഖകൾ, പായൽ, ആൽഗകൾ, ഉറുമ്പിൻകൂ​ടു​കൾ, പൊടി​പ​ടലം എന്നിവ​യിൽനി​ന്നു പോഷ​കങ്ങൾ സമ്പാദി​ക്കു​ന്നു. വെള്ളം മണ്ണി​ലേക്ക്‌ അരിച്ചി​റ​ങ്ങു​മ്പോ​ഴേ​ക്കും അതു സസ്യങ്ങൾക്കുള്ള ഒന്നാന്തരം ആഹാര​മാ​യി​ത്തീർന്നി​ട്ടു​ണ്ടാ​യി​രി​ക്കും. ദ്രവരൂ​പ​ത്തി​ലുള്ള ഈ ആഹാരം അരുവി​ക​ളി​ലേക്ക്‌ ഒഴുകി​പ്പോ​കു​ന്നതു തടയാൻ മണ്ണ്‌ ഒരു പോഷ​കാ​ഹാ​ര​ക്കെണി ഉപയോ​ഗി​ക്കു​ന്നു. മേൽമ​ണ്ണി​ന്റെ ആദ്യത്തെ ഏതാനും സെൻറി​മീ​റ്റ​റു​കൾ പടർന്നു കിടക്കുന്ന നേർത്ത വേരു​പ​ട​ല​മാ​ണത്‌. ഈ മഴവെള്ളം ലഭിക്കുന്ന അരുവി​ക​ളിൽ, വനത്തിന്റെ മണ്ണിലു​ള്ള​ത്ര​യും പോഷ​കങ്ങൾ അടങ്ങി​യി​രി​ക്കു​ന്നില്ല എന്നത്‌ ഈ കെണി​യു​ടെ കാര്യ​ക്ഷ​മ​ത​യ്‌ക്കുള്ള ഒരു തെളി​വാണ്‌. അതു​കൊണ്ട്‌, വെള്ളം അരുവി​ക​ളി​ലേ​ക്കോ നദിക​ളി​ലേ​ക്കോ ഒഴുകു​ന്ന​തി​നു​മുമ്പ്‌ പോഷ​കങ്ങൾ വേരു​ക​ളി​ലേക്കു കടക്കുന്നു.

‘മറ്റൊരു ഉറവി​ട​മാണ്‌ ചപ്പുച​വറ്‌—അതായത്‌ വീണു​കി​ട​ക്കുന്ന ഇലകൾ, ചുള്ളി​ക്ക​മ്പു​കൾ, പഴങ്ങൾ തുടങ്ങി​യവ. വർഷം​തോ​റും വനത്തിൽ ഒരു ഹെക്ടറിൽ [രണ്ടര ഏക്കറിൽ] എട്ടു ടൺ ചപ്പുച​വ​റു​കൾ വീഴുന്നു. പക്ഷേ ചപ്പുച​വ​റു​കൾ മണ്ണിന്റെ ഉപരി​ത​ല​ത്തി​ന​ടി​യി​ലേ​ക്കും സസ്യങ്ങ​ളു​ടെ വേരു​പ​ട​ല​ത്തി​ലേ​ക്കും കടക്കു​ന്നത്‌ എങ്ങനെ​യാണ്‌? ചിതലു​ക​ളാണ്‌ ഇതിനു സഹായി​ക്കു​ന്നത്‌. അവ ഇലകളിൽനി​ന്നു ഫലകാ​കൃ​തി​യി​ലുള്ള തുണ്ടുകൾ മുറി​ച്ചെ​ടു​ത്തു ഭൂമി​ക്ക​ടി​യി​ലുള്ള തങ്ങളുടെ പുറ്റു​ക​ളി​ലേക്കു വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു. പ്രത്യേ​കിച്ച്‌, വർഷകാ​ലത്ത്‌ ഈ സംഘം ചുറു​ചു​റു​ക്കോ​ടെ പ്രവർത്തി​ക്കു​ന്നു. വനത്തിൽ വീണു​കി​ട​ക്കുന്ന ചപ്പുച​വ​റു​ക​ളിൽ 40 ശതമാനം അവ വിസ്‌മയം ജനിപ്പി​ക്കുന്ന രീതി​യിൽ ഭൂമി​ക്ക​ടി​യി​ലേക്കു കൊണ്ടു​പോ​കു​ന്നു. അവിടെ അവ ആ ഇലകൾ തങ്ങൾ കൃഷി​ചെ​യ്യുന്ന കുമി​ളു​കൾക്കാ​യി ഉദ്യാ​നങ്ങൾ നിർമി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കു​ന്നു. ഈ കുമി​ളു​കൾ സസ്യപ​ദാർഥങ്ങൾ വിഘടി​പ്പി​ച്ചു സസ്യങ്ങൾക്ക്‌ അനിവാ​ര്യ​മായ നൈ​ട്രജൻ, ഫോസ്‌ഫ​റസ്‌, കാൽസ്യം എന്നിവ​യും മറ്റു മൂലക​ങ്ങ​ളും പുറ​ത്തേക്കു വിടുന്നു.

‘ചിതലു​കൾക്ക്‌ ഇതിൽനിന്ന്‌ എന്തു പ്രയോ​ജ​ന​മാ​ണു ലഭിക്കു​ന്നത്‌? ആഹാരം. അവ പൂപ്പൽ ഭക്ഷിക്കു​ന്നു. കൂടാതെ, ചില ഇലത്തു​ണ്ടു​ക​ളും. അടുത്ത​താ​യി, ചിതലു​ക​ളു​ടെ കുടലു​ക​ളി​ലുള്ള അതിസൂക്ഷ്‌മ ജീവികൾ തിരക്കി​ട്ടു ചിതലു​ക​ളു​ടെ ആഹാരം രാസപ​ര​മാ​യി വിഘടി​പ്പി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഈ പ്രാണി​ക​ളു​ടെ കാഷ്‌ഠം സസ്യങ്ങൾക്കു​വേ​ണ്ടി​യുള്ള പോഷ​ക​സ​മൃ​ദ്ധ​മായ ആഹാര​മാ​യി​ത്തീ​രു​ന്നു. അങ്ങനെ മഴക്കാ​ടി​ന്റെ നിലനിൽപ്പി​നും വളർച്ച​യ്‌ക്കും അനിവാ​ര്യ​മായ രണ്ടു ഘടകങ്ങ​ളാണ്‌ മഴയും ജൈവ​പ​ദാർഥ​ങ്ങ​ളു​ടെ പുനഃ​പ​ര്യ​യ​ന​വും.

‘നിങ്ങൾ വനം വെട്ടി​ത്തെ​ളി​ച്ചു തീയി​ട്ടാൽ എന്തു സംഭവി​ക്കു​മെന്നു കാണുക എളുപ്പ​മാണ്‌. മഴവെള്ളം നിലത്തു​വീ​ഴു​ന്നതു തടയാൻ ഒരു മേലാ​പ്പോ പുനഃ​പ​ര്യ​യനം ചെയ്യ​പ്പെ​ടാൻ ചപ്പുച​വ​റു​ക​ളു​ടെ ഒരു നിരയോ മേലാൽ ഇല്ലാതാ​കു​ന്നു. മറിച്ച്‌, കനത്ത മഴ ശക്തമായി വെറും​മ​ണ്ണിൽ പതിക്കു​ന്നു. ഇതുമൂ​ലം പ്രതലം കട്ടിയാ​കു​ന്നു. അതോ​ടൊ​പ്പം നേരിട്ടു മണ്ണിൽ പതിക്കുന്ന സൂര്യ​പ്ര​കാ​ശം മണ്ണിന്റെ ഉപരിതല താപനി​ല​യും കട്ടിയും വർധി​പ്പി​ക്കു​ന്നു. ഇതിന്റെ ഫലമായി മഴവെള്ളം ആ പ്രദേ​ശ​ത്തു​നിന്ന്‌ ഒഴുകി​പ്പോ​കു​ന്നു, മണ്ണിനു പകരം അതു നദികളെ പോഷി​പ്പി​ക്കു​ന്നു. വെട്ടി​ത്തെ​ളി​ച്ചു തീയിട്ട പ്രദേ​ശ​ത്തു​നി​ന്നുള്ള പോഷ​ക​നഷ്ടം വളരെ വലുതാ​യി​രു​ന്നേ​ക്കാം. വനനശീ​ക​രണം സംഭവിച്ച പ്രദേ​ശ​ത്തി​ന​രി​കെ​യുള്ള അരുവി​ക​ളിൽ പോഷ​ക​ങ്ങ​ളു​ടെ ആധിക്യ​ത്താൽ ജലജീ​വി​ക​ളു​ടെ ജീവൻ അപകട​ത്തി​ലാ​കു​ന്നു. മനുഷ്യൻ കൈക​ട​ത്താ​തി​രു​ന്നാൽ വനം സ്വയം നിലനി​ന്നു​കൊ​ള്ളും. എന്നാൽ മനുഷ്യ​ന്റെ കൈക​ടത്തൽ മൂലം നാശമു​ണ്ടാ​കു​ന്നു.’

[7-ാം പേജിലെ ചതുരം/ചിത്രം]

മനുഷ്യഘടകം

ആവാസ​വ്യ​വ​സ്ഥ​യ്‌ക്കു സംഭവി​ക്കുന്ന ക്ഷതവും വനനശീ​ക​ര​ണ​വും സസ്യങ്ങൾക്കും മൃഗങ്ങൾക്കും മാത്രമല്ല, മനുഷ്യർക്കും ദോഷം ചെയ്യു​ന്നുണ്ട്‌. ബ്രസീ​ലി​ലെ ആമസോൺ പ്രദേ​ശത്ത്‌ ഒരിക്കൽ പാർത്തി​രുന്ന 50,00,000 ഇന്ത്യക്കാ​രിൽ ഇപ്പോൾ ശേഷി​ക്കു​ന്ന​വ​രായ ഏതാണ്ട്‌ 3,00,000 ഇന്ത്യക്കാർ ഇപ്പോ​ഴും തങ്ങളുടെ വനപരി​സ്ഥി​തി​യിൽ കഴിയു​ന്നു. മരം​വെ​ട്ടു​കാ​രും പൊന്നു​തേ​ടു​ന്ന​വ​രും മറ്റുപ​ല​രും ഈ ഇന്ത്യക്കാ​രെ ശല്യം​ചെ​യ്യു​ന്നതു വർധി​ച്ചു​വ​രു​ന്നു. ഇവരിൽ പലരും ഇന്ത്യക്കാ​രെ “വികസ​ന​ത്തി​നു വിലങ്ങു​തടി”കളായി​ട്ടാ​ണു കരുതു​ന്നത്‌.

വെള്ളക്കാ​രു​ടെ​യും ഇന്ത്യക്കാ​രു​ടെ​യും സങ്കരമായ കാബോ​ക്ലുസ്‌ എന്ന പരുക്കൻ ആളുക​ളുണ്ട്‌. അവരുടെ പൂർവ​പി​താ​ക്ക​ന്മാർ ഏതാണ്ട്‌ 100 വർഷം​മുമ്പ്‌ ആമസോ​ണി​യ​യിൽ സ്ഥിരതാ​മ​സ​മാ​ക്കി​യി​രു​ന്നു. നദിയിൽ താങ്ങു​ത​ടി​ക​ളി​ന്മേൽ നിർമിച്ച ഷെഡ്ഡു​ക​ളിൽ താമസി​ക്കുന്ന അവർ “പരിസ്ഥി​തി​ശാ​സ്‌ത്രം” എന്ന പദം ഒരിക്ക​ലും കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കു​ക​യില്ല. എന്നാൽ, അവർ വനം നശിപ്പി​ക്കാ​തെ​തന്നെ അതിൽനി​ന്നു നിത്യ​വൃ​ത്തി​ക്കുള്ള വക നേടുന്നു. എങ്കിലും, തങ്ങളുടെ വനഭവനം കയ്യേറുന്ന പുതിയ കുടി​യേ​റ്റ​ക്കാ​രു​ടെ പ്രവാഹം അവരുടെ ദൈനം​ദിന നിലനിൽപ്പി​നു ഭീഷണി​യാണ്‌.

വാസ്‌ത​വ​ത്തിൽ ആമസോൺ മഴക്കാ​ടൊ​ട്ടാ​കെ, വനത്തിന്റെ പരിവൃ​ത്തി​ക്കും നദിക​ളു​ടെ പര്യയ​ന​ത്തി​നും ഒത്തു ജീവി​ക്കുന്ന, പരിപ്പു പെറു​ക്കു​ന്ന​വ​രും റബർ ടാപ്പിങ്‌ ചെയ്യു​ന്ന​വ​രും മുക്കു​വ​രും മറ്റു തദ്ദേശ​വാ​സി​ക​ളു​മായ ഏതാണ്ട്‌ 20,00,000 പേരുടെ ഭാവി അനിശ്ചി​ത​ത്വ​ത്തി​ലാണ്‌. വനപരി​ര​ക്ഷ​ണ​ത്തി​നാ​യുള്ള ശ്രമങ്ങൾ മഹാഗണി വൃക്ഷങ്ങ​ളെ​യും മനാറ്റീ വൃക്ഷങ്ങ​ളെ​യും സംരക്ഷി​ക്കു​ന്ന​തി​നു​മ​പ്പു​റ​ത്തേക്കു പോക​ണ​മെന്നു പലരും വിശ്വ​സി​ക്കു​ന്നു. വനവാ​സി​ക​ളെ​യും അവർ ഒരു​പോ​ലെ സംരക്ഷി​ക്കേ​ണ്ട​താണ്‌.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വൃക്ഷ-മത്സ്യ ബന്ധം

മഴക്കാ​ലത്ത്‌, ആമസോൺ നദിയിൽ വെള്ളം പൊങ്ങി താഴ്‌വീ​തി​യിൽ വളരുന്ന വൃക്ഷങ്ങളെ മുക്കി​ക്ക​ള​യു​ന്നു. വെള്ള​പ്പൊ​ക്ക​ത്തി​ന്റെ മൂർധ​ന്യ​ത്തിൽ ഈ വനങ്ങളി​ലുള്ള മിക്ക വൃക്ഷങ്ങ​ളും ഫലം ഉത്‌പാ​ദി​പ്പി​ച്ചു വിത്തുകൾ പൊഴി​ക്കു​ന്നു. എന്നാൽ, അവ വിതരണം ചെയ്യാൻ വെള്ളത്തി​ന​ടി​യിൽ കരണ്ടു​തീ​നി​ക​ളൊ​ന്നു​മില്ല. ഇപ്പോ​ഴാണ്‌ ടാമ്പാക്കി മത്സ്യം (കൊ​ളോ​നോ​നിയ മാ​ക്രോ​പോ​മം) രംഗത്തു വരുന്നത്‌. ഉയർന്ന ഘ്രാണ​ശ​ക്തി​യുള്ള, ജലോ​പ​രി​ത​ല​ത്തിൽ പൊങ്ങി​ക്കി​ട​ക്കുന്ന ഈ മത്സ്യം കായ്‌കൾ കടിച്ചു​പൊ​ട്ടി​ക്കു​ന്നു. വെള്ളത്തി​ന​ടി​യി​ലായ വൃക്ഷങ്ങ​ളു​ടെ ശിഖര​ങ്ങൾക്കി​ട​യി​ലൂ​ടെ നീന്തു​മ്പോൾ വിത്തുകൾ പൊഴി​ക്കാ​റായ വൃക്ഷങ്ങൾ ഏതെന്ന്‌ അതു ഗന്ധം​കൊ​ണ്ടു തിരി​ച്ച​റി​യു​ന്നു. വിത്തുകൾ വെള്ളത്തിൽ വീഴു​മ്പോൾ മത്സ്യം അതിന്റെ ബലമുള്ള അണയിൽവെച്ച്‌ തോടു​കൾ കടിച്ചു​പൊ​ട്ടി​ച്ചു വിഴു​ങ്ങു​ന്നു. ചുറ്റു​മുള്ള മാംസള ഭാഗങ്ങൾ ദഹിച്ചു​പോ​കു​ന്നു, വിത്തുകൾ വനത്തിലെ മണ്ണിൽ അതു വിസർജി​ക്കു​ന്നു. വെള്ളം താഴു​മ്പോൾ വിത്തുകൾ പൊട്ടി​മു​ള​യ്‌ക്കു​ന്നു. മത്സ്യവും വൃക്ഷവും പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്നു. ടാമ്പാക്കി കൊഴു​പ്പു ശേഖരി​ച്ചു​വെ​ക്കു​ന്നു. വൃക്ഷമാ​കട്ടെ, ഉത്‌പാ​ദനം നടത്തുന്നു. അത്തരം വൃക്ഷങ്ങൾ വെട്ടി​യി​ടു​ന്നത്‌ ടാമ്പാ​ക്കി​യു​ടെ​യും പഴം ഭക്ഷിക്കുന്ന മറ്റ്‌ 200-ഓളം ഇനം മത്സ്യങ്ങ​ളു​ടെ​യും നിലനിൽപ്പ്‌ അപകട​ത്തി​ലാ​ക്കു​ന്നു.

[5-ാം പേജിലെ ചിത്രം]

വവ്വാലുകൾ ആൺപു​ഷ്‌പ​ങ്ങ​ളിൽനി​ന്നു പെൺപു​ഷ്‌പ​ങ്ങ​ളി​ലേക്കു പരാഗ​രേ​ണു​ക്കളെ വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു

[കടപ്പാട്‌]

Rogério Gribel

[7-ാം പേജിലെ ചിത്രം]

നിങ്ങളുടെ നഴ്‌സ​റി​യും ഔഷധ​ശാ​ല​യും

[7-ാം പേജിലെ ചിത്രം]

ഹരിതാഭമായ അതിർവ​ര​മ്പി​നു തീ ഭീഷണി

[കടപ്പാട്‌]

Philip M. Fearnside

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക