പൂർവയൂറോപ്പിലെ സമാധാന സന്ദേശവാഹകർ
ബധിരർ കേൾക്കുന്നു! തടവുകാർ സ്വാതന്ത്ര്യം നേടുന്നു! പൊലീസിന് അവിടെ ഒന്നുംതന്നെ ചെയ്യാനില്ലായിരുന്നു! നാമെന്തിനെക്കുറിച്ചാണു സംസാരിക്കുന്നത്? പൂർവയൂറോപ്പിൽ കഴിഞ്ഞ വർഷം ജൂലൈയിലും ആഗസ്റ്റിലുമായി നടന്ന യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനുകളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണു നാം സംസാരിക്കുന്നത്.
“ദൈവസമാധാന സന്ദേശവാഹകർ” എന്നതായിരുന്നു കാര്യപരിപാടിയുടെ വിഷയം. റൊമേനിയയിൽa വൈദിക വൃന്ദം ഇളക്കിവിട്ട പ്രശ്നങ്ങളെല്ലാമുണ്ടായിരിക്കെ, യഹോവയുടെ സാക്ഷികൾക്ക് ദൈവത്തെയും ക്രിസ്തുവിനെയും അറിയുന്നതിലൂടെ ലഭിക്കുന്ന സമാധാനം ഉണ്ടെന്നു പലരും കാണുകയുണ്ടായി.—യെശയ്യാവു 26:2, 3; ഫിലിപ്പിയർ 4:7.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്; ഹംഗറിയിലെ ബുഡാപെസ്റ്റ്; പോളണ്ടിലെ വാർസോ, ലൂജ്, എസ്തോണിയയിലെ ടാലിൻ; റൊമേനിയയിലെ ബ്രാഷൊവ്, ക്ലൂഷ്നാപോക തുടങ്ങിയ ഇടങ്ങളിലെല്ലാം കൺവെൻഷനുകൾ നടത്തപ്പെട്ടു.
വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഈ കൺവെൻഷനുകളിൽ സംബന്ധിക്കുകയും അവിടെ നടന്ന സംഭവങ്ങൾക്ക് ഒരു യഥാർഥ സാർവദേശീയ അന്തരീക്ഷമുളവാക്കുകയും ചെയ്തു. ജർമനി, ജപ്പാൻ, പോളണ്ട്, ഐക്യനാടുകൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വലിയ സംഘങ്ങൾ പ്രാഗിൽ ഹാജരായി. വാച്ച് ടവർ സൊസൈറ്റിയുടെ ചെക്കിയ ബ്രാഞ്ച് ഓഫീസിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയാം ദൈവത്തിന്റെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിർമലതാപാലകരായ വളരെയേറെ ആരാധകരിൽനിന്നും ഞങ്ങൾക്കു പ്രോത്സാഹനം ലഭിച്ചിരിക്കുന്നു. ഉദാഹരണമായി, ജപ്പാൻ പ്രതിനിധികളിൽ അനേകരും പയനിയർമാരായിരുന്നു. മാത്രമല്ല, അവരുടെ വൃത്തിയുള്ള വസ്ത്രവും അടുക്കും ചിട്ടയും സ്റ്റേഡിയത്തിലെ അവരുടെ ഭാഗത്തെ വ്യതിരിക്തമാക്കിനിർത്തി. അതുപോലെതന്നെ പോളണ്ട് പ്രതിനിധികളുടെ ഊഷ്മള സ്നേഹവും സ്ലോവാക്യയിലെ സഹോദരങ്ങൾ പ്രകടമാക്കിയ കൃതജ്ഞതയും ജർമൻകാരുടെ ഉദാരമനസ്കതയും അമേരിക്കക്കാരുടെ ഹൃദയവിശാലതയും ശ്രദ്ധേയമായിരുന്നു. അവരെല്ലാം ഞങ്ങൾക്കൊരു പാഠമായിരുന്നു.”
കൺവെൻഷനുകൾ നമ്മോടൊത്തു സഹവസിക്കുന്ന പുതിയവരെ എങ്ങനെയാണു ബാധിക്കുന്നത്? പണ്ഡിതനും എഴുത്തുകാരനും ഭാഷാവിദഗ്ധനുമായ ഒരു 85-കാരൻ പ്രമേഹവും കാലിന്റെ അസുഖവുമെല്ലാമുണ്ടായിരുന്നിട്ടും ഹാജരായിരുന്നു. പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അദ്ദേഹം ഏകദേശം ആറു മാസത്തോളമായി ബൈബിൾ പഠിച്ചുവരുകയായിരുന്നു. പരിപാടികളിൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചത് ഭാഷാപരമോ വ്യാകരണപരമോ ആയ പ്രത്യേകതകളിലല്ല, പകരം മറ്റൊന്നിലായിരുന്നു. “പരിപാടികൾ വളരെ നന്നായിരുന്നു!” അദ്ദേഹം ഉദ്ഘോഷിച്ചു. “നിങ്ങളുടെ ഇടയിലുള്ള സ്നേഹവും പരിഗണനയും വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു.”—യോഹന്നാൻ 13:34, 35; 1 കൊരിന്ത്യർ 13:1-8.
പ്രാഗ് സന്ദർശിക്കാനെത്തിയവർ പൗരാണിക സ്മാരക സ്ഥലങ്ങളും മറ്റും സന്ദർശിച്ചുകൊണ്ടും കിട്ടുന്ന അവസരത്തിലെല്ലാം അനൗപചാരിക സാക്ഷീകരണം നടത്തിക്കൊണ്ടും തങ്ങളുടെ സമയം ആസ്വാദ്യമായി ചെലവഴിച്ചു. ഒരു അഭിഭാഷകന്റെ ഭാര്യയായ ഒരു അമേരിക്കൻ സാക്ഷി, പ്രാഗിനു തെക്കുള്ള ഒരു കോട്ടയിൽ, ഗോപുരമുകളിലേക്കു നടകയറിവരുന്നവർക്കെല്ലാം കൊടുക്കാനായി ചെക്ക് ഭാഷയിലുള്ള ലഘുലേഖകളുമായി കാത്തുനിൽപ്പുണ്ടായിരുന്നു. മറ്റുചിലർ ഒരു പഴയ ജൂത സെമിത്തേരി സന്ദർശിക്കാനെത്തിയ സ്കൂൾ വിദ്യാർഥിനികൾക്കു ലഘുലേഖകൾ വിതരണം ചെയ്തു. മാത്രമല്ല, എല്ലാ തൊഴിലധിഷ്ഠിത വിനോദയാത്രാ വഴികാട്ടികൾക്കും ബസ് ഡ്രൈവർമാർക്കും സാഹിത്യങ്ങൾ ലഭിച്ചു.—1 പത്രൊസ് 3:15.
സാക്ഷികളെയും അവരുടെ നടത്തയെയുംപ്രതി വിലമതിപ്പു പ്രകടിപ്പിച്ച ഒരു വഴികാട്ടി ഇങ്ങനെ എഴുതി: “സൗഹാർദ മനോഭാവമുള്ളവരും ഊഷ്മളസ്നേഹമുള്ളവരുമായ ഇത്രയേറെ ആളുകളെ എന്റെ ജീവിതത്തിലൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഞാനൊരു കത്തോലിക്കനാണെങ്കിലും, നിങ്ങളുടെ ആത്മീയ വീക്ഷണഗതി എന്നെ തികച്ചും വശീകരിച്ചിരിക്കുന്നു. മനുഷ്യവർഗത്തിന് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന പ്രത്യാശ നിങ്ങളെനിക്കു നൽകിയിരിക്കുന്നു. നിങ്ങളുടെ ദയയ്ക്കു ഞാൻ നന്ദി പറയട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!”
വെള്ളിയാഴ്ച കനത്ത മഴയുണ്ടായിരുന്നിട്ടും, കുടുംബങ്ങൾ സ്റ്റേഡിയത്തിലെ തുറന്ന സ്ഥലത്ത് ഇരുന്ന് സ്വദേശീയരും വിദേശീയരുമായ പ്രസംഗകരിലൂടെ പ്രദാനം ചെയ്യപ്പെട്ട ആത്മീയ ഭക്ഷണം ആസ്വദിച്ചു. ഒരുപാട് കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നതിനാൽ നടപ്പാതകളിൽ അപകടങ്ങൾ ഉണ്ടാകുന്നതൊഴിവാക്കാൻ, സ്ട്രോളറുകൾ, അതായത് കുട്ടികളെ ഇരുത്തി ഉന്തിക്കൊണ്ടു നടക്കുന്ന വണ്ടികൾ, പാർക്കുചെയ്യുന്നതിന് ഒരു പ്രത്യേക സ്ഥലം സ്റ്റേഡിയത്തിനു പുറത്ത് ഒരുക്കി.
പ്രാഗ് കൺവെൻഷനിൽ 22,000-ത്തിലേറെപേർ ഹാജരായിരുന്നു. വീൽച്ചെയറിലായ രണ്ടു പേരും അംഗവൈകല്യം സംഭവിച്ച വേറെ അഞ്ചുപേരും ഉൾപ്പെടെ 432 പുതിയ സമർപ്പിത സാക്ഷികൾ സ്നാപനമേറ്റു.
ബുഡാപെസ്റ്റിൽ ബധിരർ ‘കേൾക്കുന്നു’
ഡാന്യൂബ് നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ബുഡാപെസ്റ്റ് നഗരമാണ് ജൂലൈയിൽ നടന്ന സാർവദേശീയ കൺവെൻഷന് ആതിഥേയത്വം വഹിച്ചത്. ഹംഗറി കൂടാതെ 11 രാജ്യങ്ങളിൽ നിന്നുള്ള 3,341 പ്രതിനിധികൾ ഉൾപ്പെടെ 23,893 പേരുടെ ഒരു അത്യുച്ച ഹാജരുണ്ടായിരുന്നു.
സ്റ്റേജിനോടു ചേർന്നുള്ള ഒരു കൂടാരത്തിൽ ബധിരരായ ആളുകൾക്കുവേണ്ടി മുഴുപരിപാടിയും പരിഭാഷപ്പെടുത്തിയിരുന്നു. അവിടെ ഏകദേശം 100 പേർ ഹാജരുണ്ടായിരുന്നു. ഹംഗേറിയൻ ഭാഷയൊഴികെയുള്ള മറ്റു ഭാഷകൾ ഉപയോഗിക്കുന്ന പ്രതിനിധികൾക്കു സ്വാഗതമരുളിയപ്പോൾ അതിൽ ബധിരരായവർക്കുവേണ്ടി ഈ പ്രത്യേക സ്വാഗത വചനങ്ങളുമുണ്ടായിരുന്നു: “മുഴുപരിപാടിയും ആംഗ്യഭാഷയിലേക്കും പരിഭാഷപ്പെടുത്തുന്നതാണ് എന്നകാര്യം പരാമർശിക്കാതെ വിട്ടുകളയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ബധിരരായവർ ഞങ്ങളോടൊപ്പമുള്ളതു ഞങ്ങൾ വിലമതിക്കുന്നു.”
സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നു
ഈ കൺവെൻഷനുകളിൽ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകമുൾപ്പെടെ പുതിയ ബൈബിൾ സാഹിത്യങ്ങൾ പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണം ലഭിച്ച ശേഷം ഒരു ഫ്രഞ്ച് പ്രതിനിധിസംഘം തങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്കു മടങ്ങാൻ ഒരു ബസ് വാടകയ്ക്കെടുത്തു. വഴിക്കുവെച്ച് അവർ ഒരു വധുവിനെയും വരനെയും വിവാഹപ്പാർട്ടിയോടൊത്തു നിൽക്കുന്നതു കണ്ടു. സഹോദരങ്ങൾ ഡ്രൈവറോടു ബസ്സു നിർത്താനാവശ്യപ്പെട്ടു. സാക്ഷികളിലൊരാൾ പുറത്തേക്കിറങ്ങി ആ പുതിയ പുസ്തകത്തിന്റെ ഹംഗേറിയൻ ഭാഷയിലുള്ള ഒരു പതിപ്പ് ദമ്പതികൾക്കു നൽകി. കൃതജ്ഞതയോടെ അതു സ്വീകരിച്ച അവർ ഉടൻതന്നെ ആ പുസ്തകം ശ്രദ്ധാപൂർവം സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. ഒരുപക്ഷേ അതിന്റെ പ്രകാശനത്തിനു ശേഷം സമർപ്പിക്കപ്പെട്ട ആദ്യത്തെ കോപ്പിയായിരുന്നിരിക്കാം അത്!
കമ്മ്യുണിസ്റ്റായിത്തീർന്ന കത്തോലിക്കൻ സാക്ഷിയാകുന്നു
ഈ കൺവെൻഷനിൽ സ്നാപനമേറ്റവർ 510 പേരായിരുന്നു. അതു ഹാജരായവരുടെ രണ്ടു ശതമാനത്തിലധികമായിരുന്നു. ഈ പുതിയ സാക്ഷികളിൽ മൂന്നുപേർ തങ്ങൾ ബൈബിൾ സത്യം പഠിക്കുന്നതിനു മുമ്പു ചെയ്ത കുറ്റകൃത്യങ്ങളെപ്രതി ഇപ്പോഴും തടവിലാണ്. പ്രാദേശിക സഹോദരന്മാർ അവരെ ക്രമമായി സന്ദർശിക്കാറുണ്ട്, കൂടാതെ അവർ ജയിലിലുള്ള മറ്റുള്ളവർക്കു ബൈബിളധ്യയനം നടത്തുകയും ചെയ്യുന്നു. ബുഡാപെസ്റ്റിലെ ഒരു ജയിലിൽ അന്തേവാസികളുമായി 50-ഓളം ബൈബിളധ്യയനങ്ങൾ നടത്തിവരുന്നു.
ഒരു ബെനഡിക്ടൈൻ കത്തോലിക്കാ സ്കൂളിലെ അംഗമായി വളർത്തപ്പെട്ട ഒരു മനുഷ്യൻ കത്തോലിക്കാ സഭയിലുള്ള വിശ്വാസം നഷ്ടമായതിനെത്തുടർന്ന്, 20-ാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. പിന്നീട്, പട്ടാളത്തിൽ ചേർന്ന അദ്ദേഹം ക്രമേണ ഉയർന്ന് ലെഫ്റ്റനൻറ് പദവിയിലെത്തിച്ചേർന്നു. തൊഴിലാളികളുടെ അർധസൈനിക വിഭാഗത്തിന്റെ അംഗമെന്ന നിലയിൽ അദ്ദേഹം സർവകലാശാലയിൽ മാർക്സിസവും ലെനിനിസവും പഠിപ്പിച്ചുപോന്നു. “സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം” എന്ന മുദ്രാവാക്യത്തിൽനിന്ന് അദ്ദേഹം ആവേശമുൾക്കൊണ്ടിരുന്നു. എന്നിരുന്നാലും, അധികാരത്തിലിരിക്കുന്നവർ “ജനകീയ ഭരണം” എന്ന മുദ്രാവാക്യത്തെ ദുരുപയോഗപ്പെടുത്തുന്നതു കണ്ടത് കമ്മ്യുണിസം സംബന്ധിച്ച തന്റെ വീക്ഷണം പുനർവിചിന്തനം ചെയ്യാൻ അയാളെ പ്രേരിപ്പിച്ചു. എന്തോ ഒന്നിന്റെ കുറവ് അദ്ദേഹത്തിനനുഭവപ്പെട്ടു. ഒടുവിൽ അദ്ദേഹം സേവനത്തിൽനിന്നു വിരമിച്ചു. സാക്ഷികൾ സന്ദർശിച്ചപ്പോൾ അദ്ദേഹം ശ്രദ്ധിക്കാൻ ഉത്സാഹമുള്ളവനായിരുന്നു. അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു: “ഒടുക്കം യഥാർഥ സാഹോദര്യം ഞാൻ കണ്ടെത്തിയെന്നു രാജ്യഹാളിലേക്കുള്ള എന്റെ ആദ്യ സന്ദർശനത്തിൽത്തന്നെ എനിക്കു ബോധ്യമായി. ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളുടേതായ സ്നേഹത്താൽ ഞാൻ വലയം ചെയ്യപ്പെട്ടിരുന്നു. കമ്മ്യുണിസ്റ്റുകാരനായ ഞാൻ സാക്ഷിയായി രൂപാന്തരം പ്രാപിക്കുന്നതിനു നാലു വർഷമെടുത്തു. പക്ഷേ ഞാൻ സത്യം തിരഞ്ഞെടുത്തിരിക്കുന്നു.” അദ്ദേഹം ആ കൺവെൻഷനിൽ സ്നാപനമേറ്റു.
കൺവെൻഷൻ സ്ഥലത്തു ജോലിചെയ്യുന്നത് പൊലീസിന് ശരിക്കും വ്യത്യസ്തമായ ഒരു അനുഭവമാണ്. സ്റ്റേഡിയത്തിന്റെ മുൻഭാഗത്തു ജോലി ചെയ്യാൻ നിയമനം ലഭിച്ച ഒരു പൊലീസുകാരൻ സാക്ഷികളുടെ കൺവെൻഷനുകൾ നടക്കുന്ന സ്ഥലത്തെ ജോലി വളരെ ബുദ്ധിമുട്ടു പിടിച്ചതാണെന്നു പറഞ്ഞു. എന്തുകൊണ്ട്? കാരണം എല്ലാ സംഗതികളും വളരെ നന്നായി നടക്കുന്നതിനാൽ പൊലീസുകാർ ഉറങ്ങാതിരിക്കാൻ വളരെ പാടുപെടുന്നത്രേ!
പോളണ്ടിലെ അനുകൂലമായ പത്രറിപ്പോർട്ടുകൾ
പോളണ്ടിൽ രണ്ടു സാർവദേശീയ കൺവെൻഷനുകൾ നടത്തപ്പെട്ടു, 20,000-ത്തിലേറെ ഹാജരുണ്ടായിരുന്ന ഒന്ന് തലസ്ഥാനനഗരിയായ വാർസോയിലും 12,000-ത്തിനടത്തു ഹാജരുണ്ടായിരുന്ന ഒന്ന് പോളണ്ടിലെ നഗരങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ലൂജിലും.
വാർസോയിലെ വർത്തമാനപത്രങ്ങളിൽ മുൻനിരയിലുള്ള ഷിക്ക വാർഷാവയിൽ പിൻവരുന്ന പ്രകാരം എഴുതിയിരുന്നു: “‘പ്രഘോഷിക്കാനായി സുവാർത്തയുണ്ട്. അതു സമാധാനത്തെപ്പറ്റിയുള്ള വാർത്തയാണ്, യഥാർഥ സമാധാനത്തെപ്പറ്റിയുള്ളത്. ദൈവം വേല പൂർത്തിയായി എന്നു പറയുന്ന സമയം വരെ ഇടവിടാതെ പ്രസംഗിക്കാൻ യഹോവയോടും അയൽക്കാരനോടുമുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു,’ എന്ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായ ക്യാരി ബാർബർ പ്രസ്താവിച്ചു.”
ഷ്റ്റാൻഡർ മ്വാഡിക്ക് എന്ന പത്രത്തിന്റെ ഒരു ലേഖകൻ ഇങ്ങനെ പറഞ്ഞു: “വാർസോയിലെ ലെഗിയ സ്റ്റേഡിയത്തിൽ 12,000-ത്തോളം യഹോവയുടെ സാക്ഷികൾ ഒരു മതപരമായ സമ്മേളനത്തിനായി രണ്ടു ദിവസം കൂടിവന്നു. മാതൃകായോഗ്യമായ വിധത്തിൽ ക്രമനിബദ്ധത പാലിക്കപ്പെട്ടു, മാത്രമല്ല ഞാൻ സൂക്ഷ്മപരിശോധന നടത്തിയിട്ടുപോലും പൊലീസ് കാറുകളോ പരിശോധക സംഘങ്ങളോ കാണപ്പെട്ടില്ല.
“പോളണ്ട്, മിക്കവാറും ഒരു കത്തോലിക്കാ രാജ്യമാണെന്നാണു പൊതു ധാരണ. എങ്കിലും നമ്മുടെ കത്തോലിക്കരായ യുവജനങ്ങൾ ഇതേ സ്റ്റേഡിയത്തിൽ കൂടിവരുമ്പോൾ, പ്രവർത്തനത്തിനു തയ്യാറായ ഒരു വലിയ പൊലീസ് സംഘം എല്ലായ്പോഴും ഹാജരാണ്.
“നിങ്ങളവരെ [യഹോവയുടെ സാക്ഷികളെ] കത്തോലിക്കാ മതത്തിൽ നിന്നു വേർപിരിഞ്ഞുപോയവരെന്നോ വിഭാഗീയ ചിന്താഗതിക്കാരെന്നോ എന്തുതന്നെ വിളിച്ചാലും, ക്രമസമാധാനനിലയ്ക്കും സുരക്ഷിതത്വത്തിനും യാതൊരു ഭീഷണിയുമുളവാക്കാതെ വളരെ വലിയ കൂട്ടങ്ങളായി സമ്മേളിക്കുന്നതിന് അവർക്കു സാധിക്കുമ്പോൾ നമ്മുടെ കത്തോലിക്കാ യുവജനങ്ങൾ ആൾക്കൂട്ടത്തിൽ അപകടകാരികളാണെന്നും അവരുടെ സാമൂഹിക വിരുദ്ധ പ്രവൃത്തികൾക്കെതിരെ പൊലീസ് സംരക്ഷണം അത്യാവശ്യമാണെന്നുമുള്ള വസ്തുത ആകുലതയുളവാക്കേണ്ടതാണ്. അതേക്കുറിച്ചു വളരെയധികം ചിന്തിക്കാനുണ്ട്.”
പുതിയ വിശ്വാസികളുടെ സ്നാപനം ഇവിടെയും നടന്നു. വാർസോയിൽ 462 പേരും ലൂജിൽ 278 പേരും സ്നാപനമേറ്റു. ഈ കൂട്ടത്തിലൊരാൾ സാക്ഷികളോടു മുൻവിധിയുണ്ടായിരുന്ന 19-കാരിയായ സിൽവിയയായിരുന്നു. മഴയുള്ള ഒരു ദിവസം സാക്ഷികളിലൊരാൾ തെരുവിൽവെച്ച് അവളെ കണ്ടുമുട്ടി. “ഞാനവരെ എങ്ങനെയൊക്കെയോ ഒഴിവാക്കി അവിടെനിന്നു വേഗം നടന്നകന്നു. എങ്കിലും നനഞ്ഞുപോകുകയായിരുന്ന ഒരു പെൺകുട്ടിയെ ഞാൻ എന്റെ കുടക്കീഴിൽ കയറ്റി. പക്ഷേ അവളും ഒരു സാക്ഷിയായിരുന്നു! അവൾ എനിക്കു യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം കൊണ്ടുവന്നു തരാമെന്നു പറഞ്ഞു. മര്യാദയോർത്ത് ഞാൻ എന്റെ മേൽവിലാസം അവൾക്കു നൽകി, അങ്ങനെ . . . ഇന്നു ഞാൻ സ്നാപനമേറ്റിരിക്കുന്നു!”
കൊച്ച് എസ്തോണിയയ്ക്ക് വലിയൊരു സാക്ഷ്യം
എസ്തോണിയയും ലാറ്റ്വിയയും ലിത്വേനിയയും ചേർന്നതാണ് ബാൾട്ടിക് സ്റ്റേറ്റുകൾ. എസ്തോണിയയിലെ ജനസംഖ്യ ആകെ 15 ലക്ഷത്തോളം മാത്രമാണ്. തലസ്ഥാന നഗരിയിൽ ഏകദേശം 4,50,000 നിവാസികളാണുള്ളത്. 1996 ആഗസ്റ്റിൽ അവിടെ രണ്ടു കൺവെൻഷനുകൾ നടന്നു.
ഈ വൻ യോഗങ്ങളുളവാക്കിയ ശക്തമായ പ്രഭാവത്തെക്കുറിച്ച് ഒരു വർത്തമാനപത്രം ഇങ്ങനെ പറഞ്ഞു: “ടാലിൻ അക്ഷരാർഥത്തിൽ യഹോവയുടെ സാക്ഷികളുടെ ആരാധനയാൽ നിറഞ്ഞിരിക്കുന്നു. ലിന്നഹാളിൽവെച്ചു നടത്തപ്പെട്ട അവരുടെ കൺവെൻഷനിലാണ് എസ്തോണിയയിൽ ഇന്നേവരെ നടന്നിട്ടുള്ള ഏതു മതയോഗത്തെക്കാളും വലിയ സദസ്സ് കൂടിവന്നിട്ടുള്ളതെന്നു പറയപ്പെടുന്നു.” ഹോട്ടലുകൾ മുഴുവൻ സാക്ഷികൾ ബുക്കുചെയ്തിരുന്നു.
ക്യാരി ബാർബർ സഹോദരൻ പിന്നീടു നൽകിയ റിപ്പോർട്ടിൽ അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: “എസ്തോണിയയിലേക്കു നിയമനം ലഭിച്ച ഫിൻലൻഡിലെ സഹോദരങ്ങളും മറ്റുള്ളവരും അവിടെയായിരിക്കാനിഷ്ടപ്പെടുന്നതിൽ അത്ഭുതമില്ല. മനോഹരമായ ഈ കൊച്ചു രാജ്യം പലപ്പോഴും വൻരാഷ്ട്രങ്ങളുടെ കടന്നാക്രമണങ്ങൾക്കു വിധേയമാകുകയും അടിച്ചമർത്തപ്പെടുകയും അനേകം പ്രയാസങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ എസ്തോണിയക്കാർ . . . യഹോവയിൽ നിന്നു ലഭിക്കുന്ന ശാശ്വതമായ സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു ഭാവിക്കായി നോക്കിപ്പാർത്തിരിക്കുകയാണ്.” 3,100-ലേറെ സാക്ഷികൾ എസ്തോണിയയിൽ സജീവമായി പ്രവർത്തിക്കുന്നു, ഇവരിൽ പകുതിയോളം പേർ റഷ്യൻ ഭാഷയാണു സംസാരിക്കുന്നത്.
കൺവെൻഷനുകൾ എസ്തോണിയൻ ഭാഷക്കാർക്കും റഷ്യൻ ഭാഷ സംസാരിക്കുന്ന എസ്തോണിയക്കാർക്കും ലാറ്റ്വിയൻ ഭാഷക്കാർക്കും ലിത്വേനിയൻ ഭാഷക്കാർക്കും ബ്രിട്ടനിൽ നിന്നുള്ള 155 പേരും ഫിൻലൻഡിൽ നിന്നുള്ള 300 പേരും ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക പ്രതിനിധികൾക്കും പ്രയോജനപ്പെട്ടു.
എസ്തോണിയയിലും ബധിരർ ‘കേൾക്കുന്നു’
മൂന്നു വർഷം മുമ്പ് ഫിൻലൻഡിൽ നിന്നുള്ള ബധിരനായ ഒരു മൂപ്പൻ എസ്തോണിയയിലെ ടാലിനിലുള്ള ബധിരർക്കായി തനിക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നറിയുന്നതിന് ആ രാജ്യത്തേക്കു പോയി. അദ്ദേഹത്തിന് അവിടെ ബധിരനായ ഒറ്റ വ്യക്തിയെപ്പോലും പരിചയമില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ടാലിനിൽ ബധിരർ ഒത്തുചേരുന്ന സ്ഥലത്ത് കെട്ടുകണക്കിനു വീക്ഷാഗോപുരം മാസികകളും മറ്റു സാഹിത്യങ്ങളുമായി ചെന്നു. എസ്തോണിയക്കാരായ ബധിരർ അദ്ദേഹത്തെ സ്വാഗതം ചെയ്തു, അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നതു കാണാൻ അവർ ആകാംക്ഷയുള്ളവരായിരുന്നു. അദ്ദേഹം തന്റെ ആദ്യ സന്ദർശനത്തിൽ കയ്യിലുണ്ടായിരുന്ന എല്ലാ സാഹിത്യങ്ങളും സമർപ്പിക്കുകയും താത്പര്യക്കാരുടെ പേരും മേൽവിലാസവും കുറിച്ചെടുക്കുകയും ചെയ്തു. മൊത്തം 70 പേരുകൾ അദ്ദേഹം കുറിച്ചെടുത്തു.
മിക്കവാറും എല്ലാവർക്കുംതന്നെ ഒരു ബൈബിളധ്യയനം വേണമായിരുന്നു. അവ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ തന്നെക്കൊണ്ടാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തിന് നല്ല താത്പര്യമുള്ളവരെ തിരഞ്ഞെടുക്കേണ്ടിവന്നു. എസ്തോണിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിനു ശേഷം അദ്ദേഹം 30 ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. 40 ഭാവി ബൈബിളധ്യയനങ്ങൾകൂടി വെയിറ്റിംഗ് ലിസ്റ്റിലുണ്ടായിരുന്നു! ഇപ്പോൾ ടാലിനിൽ ബധിരർക്കായി നാല് ആംഗ്യഭാഷാ പരിഭാഷകർ ഉണ്ട്.
“പുതിയനിയമ സംഭവപരമ്പരയിലെ ഒരു പുതിയ കഥാഖണ്ഡം”
കടത്തുകടവിൽ ജോലിചെയ്യുന്ന ഒരു സഹോദരി കൺവെൻഷനിൽ പങ്കെടുക്കുന്നവരെ അഭിവാദനം ചെയ്യുകയായിരുന്നു. അവൾ ഒരു എസ്തോണിയൻ വഴികാട്ടിയെ സമീപിച്ച് അവളോട് ഈ വലിയ കൺവെൻഷനെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നു ചോദിച്ചു. വഴികാട്ടി അവളോട് താൻ വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സാക്ഷികളുടെ നിരവധി കൂട്ടങ്ങളെ വഴി നയിച്ചിട്ടുണ്ടെന്നും സാക്ഷികൾ എല്ലായ്പോഴും നല്ല പെരുമാറ്റരീതികൾ പാലിക്കുന്നവരും ദയയുള്ളവരുമാണെന്നു താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും പറഞ്ഞു. വാച്ച് ടവർ സൊസൈറ്റിയുടെ പൂഹാങ്ങൂ തെരുവിലുള്ള ഓഫീസ് സന്ദർശിക്കാൻ അവളെ ക്ഷണിച്ചു. അവിടുത്തെ ചിട്ടയും ക്രമവും ദയയുള്ളവരും സന്തഷ്ടരുമായ യുവജനങ്ങളും എല്ലാം അവളെ അതിശയിപ്പിച്ചു. സാക്ഷികൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നു വസ്തുതകൾ തെളിയിക്കുമ്പോൾപ്പോലും അവർക്ക് ഇത്ര കടുത്ത എതിർപ്പും ദുഷ്പ്രചരണങ്ങളും നേരിടേണ്ടിവരുന്നതെന്തുകൊണ്ടാണെന്ന് അവൾക്കു മനസ്സിലായില്ല. അവൾ പറഞ്ഞു: “നിങ്ങളുടെ വേലയും സേവനവും എല്ലാം പുതിയ നിയമ സംഭവപരമ്പരയിലെ ഒരു പുതിയ കഥാഖണ്ഡം പോലെയാണെന്നാണ് എനിക്കു തോന്നുന്നത്.”
തീർച്ചയായും, ദൈവസമാധാന സന്ദേശവാഹകരെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബഹുമാന്യമായ പെരുമാറ്റത്തെയും അപരിചിതരോടുള്ള തങ്ങളുടെ ദയാവായ്പിനെയുംപ്രതി ലോകവ്യാപകമായി ഖ്യാതി നേടുവാൻ പ്രതീക്ഷിക്കുന്നു. (1 പത്രൊസ് 3:16) യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട, വിദ്വേഷപൂരിതമായ നമ്മുടെ ലോകത്തിന് ഏറ്റവും അത്യാവശ്യമായ സമാധാനത്തിന്റെ സന്ദേശം പ്രഘോഷിക്കവെ, മതപരമായ ശത്രുക്കളിൽ നിന്നും വിശ്വാസത്യാഗികളിൽ നിന്നുമുള്ള അപവാദങ്ങളും ദുഷ്പ്രചരണങ്ങളും എല്ലാം ഉണ്ടായിട്ടുപോലും യഹോവയുടെ സാക്ഷികൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്നു പൂർവയൂറോപ്പിൽ നടന്ന ഈ കൺവെൻഷനുകൾ തെളിയിക്കുന്നു.—യെശയ്യാവു 2:2-4; മർക്കൊസ് 13:10.
[അടിക്കുറിപ്പ്]
a റൊമേനിയയിൽ നടന്ന കൺവെൻഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി 1997 ഫെബ്രുവരി 22 ലക്കം ഉണരുക!യിലെ “എതിർപ്പുകളുണ്ടായിരുന്നിട്ടും നടത്തപ്പെട്ട റൊമേനിയൻ കൺവെൻഷനുകൾ” എന്ന ലേഖനം കാണുക. അവതരിപ്പിച്ച പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് 1997 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവസമാധാന സന്ദേശവാഹകർ സമ്മേളിക്കുന്നു” എന്ന ലേഖനം കാണുക.
[23-ാം പേജിലെ ചിത്രം]
മഴയുണ്ടായിരുന്നിട്ടും കുടുംബങ്ങൾ പരിപാടിക്ക് അടുത്ത ശ്രദ്ധ കൊടുത്തു
[24-ാം പേജിലെ ചിത്രം]
പോളണ്ടിലെ സന്തുഷ്ട സാക്ഷികൾ തങ്ങളുടെ പുതുതായി പ്രകാശനം ചെയ്യപ്പെട്ട പ്രസിദ്ധീകരണങ്ങളുമായി
[25-ാം പേജിലെ ചിത്രം]
സന്തോഷഭരിതരായ എസ്തോണിയൻ സാക്ഷികൾ തങ്ങളുടെ പരമ്പരാഗത വേഷത്തിൽ