ബൈബിളിന്റെ വീക്ഷണം
കുട്ടികൾ മതം സ്വയം തിരഞ്ഞെടുക്കേണ്ടതുണ്ടോ?
ഒരു കുട്ടി പിറന്നുവീഴുന്ന നിമിഷംമുതൽ, അവന്റെ കൗമാരദശയിൽപ്പോലും മാതാപിതാക്കൾ അവനുവേണ്ടി തിരഞ്ഞെടുപ്പു നടത്തുന്നു. അതേസമയം, സാധ്യമാകുമ്പോഴെല്ലാം കുട്ടിക്കു താത്പര്യമുള്ള സംഗതി കണക്കിലെടുത്തുകൊണ്ട് എപ്പോഴൊക്കെ വഴക്കമുള്ളവരായിരിക്കണമെന്നു വിവേകമുള്ള ഒരു മാതാവിനോ പിതാവിനോ അറിയാം.
എങ്കിലും, തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരു കുട്ടിക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകാമെന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായേക്കാം. കുട്ടികൾ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തിയേക്കാമെന്നതും ഒരളവുവരെയുള്ള സ്വാതന്ത്ര്യത്തിൽനിന്ന് അവർ പ്രയോജനം അനുഭവിച്ചേക്കാമെന്നതും സത്യമാണെങ്കിലും, ദുരന്തത്തിൽ കലാശിക്കാവുന്ന തെറ്റായ തിരഞ്ഞെടുപ്പുകൾ അവർ നടത്തിയേക്കാമെന്നത് അതുപോലെതന്നെ സത്യമാണ്.—2 രാജാക്കന്മാർ 2:23-25; എഫെസ്യർ 6:1-3.
ഉദാഹരണത്തിന്, കുട്ടികൾ മിക്കപ്പോഴും പോഷകസമൃദ്ധമായ ആഹാരത്തിനുപകരം പോഷകഗുണം കുറഞ്ഞ ആഹാരമായിരിക്കും തിരഞ്ഞെടുക്കുന്നത്. കാരണം? ചെറുപ്രായത്തിൽ അവർക്കു സ്വന്തമായി ശരിയായ വിലയിരുത്തലുകൾ നടത്താൻ സാധിക്കുകയില്ല എന്നതുതന്നെ. ഒടുവിൽ അവർ പോഷകാഹാരം തിരഞ്ഞെടുക്കുമെന്നു പ്രതീക്ഷിച്ച് ഇക്കാര്യത്തിൽ കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിയായിരിക്കുമോ? ഇല്ല, മറിച്ച് മക്കളുടെ സ്ഥായിയായ പ്രയോജനത്തെ കണക്കിലെടുത്തുകൊണ്ട് അവർക്കുവേണ്ടി മാതാപിതാക്കൾ തിരഞ്ഞെടുപ്പു നടത്തണം.
അതുകൊണ്ട് ഭക്ഷണം, വസ്ത്രധാരണം, ചമയം, ധാർമികത എന്നിവയുടെ കാര്യത്തിൽ മാതാപിതാക്കൾ കുട്ടികൾക്കുവേണ്ടി ഉചി തമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു. എന്നാൽ, മതത്തിന്റെ കാര്യത്തിലോ? ഇക്കാര്യത്തിലും മാതാപിതാക്കൾത്തന്നെ തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടോ?
തിരഞ്ഞെടുപ്പ്
മാതാപിതാക്കൾ തങ്ങളുടെ മതവിശ്വാസങ്ങൾ മക്കളുടെമേൽ അടിച്ചേൽപ്പിക്കരുതെന്ന് ചിലർ വാദിക്കും. വാസ്തവത്തിൽ, 160-ലേറെ വർഷംമുമ്പ് ക്രിസ്തീയ വിശ്വാസങ്ങൾ പുലർത്തിയിരുന്ന ചിലർ, “ഏതെങ്കിലും പ്രത്യേക മതവിഭാഗത്തോടു മാനസികമായ ചായ്വ് തോന്നുമെന്ന ഭയമുള്ളതുകൊണ്ട് മതത്തെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കരുത്, അവർ ഒരു തിരഞ്ഞെടുപ്പ് നടത്താൻ പ്രാപ്തരാകുന്നതുവരെ ഒരു മതം തിരഞ്ഞെടുക്കുന്നതുവരെ അവരെ സ്വതന്ത്രരായി വിടണം” എന്ന ആശയം മുന്നോട്ടുവെച്ചു.
എന്നാൽ, ഈ ആശയം ബൈബിളിന്റെ വീക്ഷണത്തോടു യോജിക്കുന്നില്ല. ജനനംമുതൽ കുട്ടികളിൽ മതവിശ്വാസങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിൾ ഊന്നിപ്പറയുന്നു. സദൃശവാക്യങ്ങൾ 22:6 പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”
“ബാലൻ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദം ശൈശവംമുതൽ കൗമാരംവരെയുള്ള പ്രായത്തെ സൂചിപ്പിക്കുന്നു. ചെറുപ്രായത്തിലുള്ള പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യു.എസ്.എ.-യിലെ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റിയിലുള്ള ഡോ. ജോസഫ് എം. ഹണ്ട് ഇങ്ങനെ പറഞ്ഞു: “കുട്ടിയുടെ വളർച്ച ഏറ്റവും ത്വരിതഗതിയിലാകുന്നതും ഏറ്റവുമധികം രൂപീകരണത്തിനു വിധേയമാകുന്നതും ആദ്യത്തെ നാലോ അഞ്ചോ വർഷങ്ങളിലാണ്. . . . ഒരുപക്ഷേ, [അവന്റെ] അടിസ്ഥാന പ്രാപ്തികളിൽ 20 ശതമാനം വികാസം പ്രാപിക്കുന്നത് ആദ്യത്തെ പിറന്നാളിനുമുമ്പും പ്രാപ്തികളിൽ പകുതിയും വികാസം പ്രാപിക്കുന്നത് നാലു വയസ്സാകുന്നതിനുമുമ്പുമായിരിക്കും.” കുട്ടിയെ ദൈവത്തിന്റെ വഴികളിൽ പരിശീലിപ്പിച്ചുകൊണ്ട്, അവന്റെ ജീവിതത്തിൽ നേരത്തേതന്നെ ബുദ്ധിപൂർവകമായ മാർഗനിർദേശം നൽകുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മർമ പ്രധാനമാണെന്ന ബൈബിളിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിന് അടിവരയിടുക മാത്രമാണ് ഇതു ചെയ്യുന്നത്.—ആവർത്തനപുസ്തകം 11:18-21.
മക്കളിൽ യഹോവയോടുള്ള സ്നേഹം നട്ടുവളർത്താനുള്ള മാർഗനിർദേശം ദൈവഭയമുള്ള മാതാപിതാക്കൾക്കു തിരുവെഴുത്തുകൾ നൽകുന്നത് ശ്രദ്ധേയമാണ്. ആവർത്തനപുസ്തകം 6:5-7 ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും [“ഉൾനടുകയും,” NW] നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) “ഉൾനടുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ ക്രിയ, ഒരു ഉപകരണം ഉരകല്ലുപോലുള്ള ഒന്നിൽ ഉരച്ചു മൂർച്ചവരുത്തുക എന്ന ആശയത്തെ ധ്വനിപ്പിക്കുന്നു. ഏതാനും പ്രാവശ്യം ഉരച്ചതുകൊണ്ടു മാത്രം ഇതു സാധിക്കുകയില്ല. എന്നാൽ, ഉത്സാഹത്തോടെ വീണ്ടും വീണ്ടും അതു ചെയ്യണം. ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പ്രസ്തുത എബ്രായ ക്രിയയെ “ആവർത്തിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, “ഉൾനടുക” എന്നതുകൊണ്ട് നിലനിൽക്കുന്ന മുദ്ര അവശേഷിപ്പിക്കുക എന്നാണ് അർഥമാക്കുന്നത്.—സദൃശവാക്യങ്ങൾ 27:17 താരതമ്യം ചെയ്യുക.
അതുകൊണ്ട് യഥാർഥ ക്രിസ്തീയ മാതാപിതാക്കൾ, തങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ചു മക്കളിൽ മതിപ്പുളവാക്കാനുള്ള കടമ ഗൗരവമായിട്ടെടുക്കേണ്ടതാണ്. സ്വയം തിരഞ്ഞെടുക്കാൻ മക്കളെ അനുവദിച്ചുകൊണ്ട് അവർക്കു തങ്ങളുടെ ഉത്തരവാദിത്വം അവഗണിക്കുക സാധ്യമല്ല. തങ്ങളുടെ “കൊച്ചുകുട്ടികളെ” യോഗങ്ങൾക്കു കൊണ്ടുപോകുന്നത് ഇതിൽ ഉൾപ്പെടുന്നു. അവിടെ മാതാപിതാക്കൾക്ക് അവരോടൊപ്പമിരുന്ന്, തിരുവെഴുത്തു ചർച്ചകൾക്കു ശ്രദ്ധനൽകിക്കൊണ്ടും അതിൽ പങ്കുപറ്റിക്കൊണ്ടും ഏകീകൃതമായ ഒരു കുടുംബത്തിനു നേടാവുന്ന ആത്മീയ പ്രയോജനം വിലമതിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയും.—ആവർത്തനപുസ്തകം 31:12, 13; യെശയ്യാവു 48:17-19; 2 തിമൊഥെയൊസ് 1:5; 3:15.
മാതാപിതാക്കളുടെ ഉത്തരവാദിത്വം
എന്തെങ്കിലും പോഷകസമൃദ്ധമാണെന്നുള്ളതുകൊണ്ടു മാത്രം അതു ഭക്ഷിക്കാൻ പറഞ്ഞാൽ കുട്ടി അത് ആസ്വദിക്കണമെന്നില്ല. അപ്രകാരംതന്നെ, കുട്ടിക്ക് ഇഷ്ടം തോന്നത്തക്കവിധം അനിവാര്യ ആഹാരസാധനങ്ങൾ കഴിയുന്നത്ര സ്വാദിഷ്ടമാക്കാൻ ബുദ്ധിമതിയായ ഒരമ്മയ്ക്കറിയാം. കൂടാതെ, തീർച്ചയായും കുട്ടിക്കു ദഹിക്കാവുന്ന തരത്തിലായിരിക്കും അവൾ ആഹാരം തയ്യാറാക്കുക.
അതുപോലെതന്നെ, മതപരമായ പ്രബോധനങ്ങൾ ആദ്യമൊക്കെ ഒരു കുട്ടി നിരാകരിച്ചേക്കാം. അതിനെക്കുറിച്ചു ന്യായവാദം ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടു കാര്യമില്ലെന്നു മാതാപിതാക്കൾക്കു തോന്നിയേക്കാം. എങ്കിലും ബൈബിളിന്റെ മാർഗനിർദേശം വ്യക്തമാണ്—മാതാപിതാക്കൾ മക്കൾക്കു ശൈശവംമുതൽ പരിശീലനം നൽകാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. അതുകൊണ്ട് വിവേകമുള്ള മാതാപിതാക്കൾ മതപരമായ പ്രബോധനങ്ങൾ കുട്ടിക്ക് ആകർഷകമായ വിധത്തിൽ, അതു ഗ്രഹിക്കാനുള്ള അവന്റെ പ്രാപ്തിയെ കണക്കിലെടുത്തുകൊണ്ട് നൽകും.
സ്നേഹസമ്പന്നരായ മാതാപിതാക്കൾ മക്കളുടെ ആവശ്യങ്ങൾ നിവർത്തിക്കാനുള്ള കടപ്പാട് ഗൗരവമായിട്ടെടുക്കുന്നു. ഒട്ടുമിക്ക സാഹചര്യങ്ങളിലും കുട്ടികളുടെ ആവശ്യങ്ങൾ മാതാപിതാക്കളെക്കാൾ മെച്ചമായി മറ്റാർക്കും മനസ്സിലാകുകയില്ല. ഇതിനോടു ചേർച്ചയിൽ, ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ പ്രദാനം ചെയ്യാനുള്ള പ്രധാന ഉത്തരവാദിത്വം ബൈബിൾ മാതാപിതാക്കളുടെ—പ്രത്യേകിച്ച് പിതാവിന്റെ—ചുമലിൽ വെക്കുന്നു. (എഫെസ്യർ 6:4) അങ്ങനെ, മാതാപിതാക്കൾ തങ്ങളുടെ കടപ്പാട് മറ്റാരുടെയെങ്കിലും മേൽ കെട്ടിവെക്കാൻ ശ്രമിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പാടില്ല. മറ്റുള്ളവർ നൽകുന്ന സഹായം മാതാപിതാക്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും, അതു മാതാപിതാക്കളിൽനിന്നുള്ള മതപരമായ പ്രബോധനത്തിന് ഒരു അനുബന്ധമായിട്ടേ ഉതകൂ, അല്ലാതെ അതിനു പകരമാകുകയില്ല.—1 തിമൊഥെയൊസ് 5:8.
ജീവിതത്തിൽ ഏതെങ്കിലും അവസരത്തിൽ താൻ ഏതു മതവിശ്വാസം പിൻപറ്റണമെന്നതു സംബന്ധിച്ച് ഓരോ വ്യക്തിയും തീരുമാനമെടുത്തേക്കാം. ക്രിസ്തീയ മാതാപിതാക്കൾ മക്കൾക്കു ചെറുപ്രായത്തിൽ തുടങ്ങി മതപരമായ പ്രബോധനങ്ങൾ നൽകാൻ വ്യക്തിപരമായ ഉത്തരവാദിത്വം എടുക്കുകയും ശരിയായ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ന്യായവാദം ചെയ്യാൻ പഠിപ്പിക്കുന്നതിന് ഈ സമയം അവർ ഉപയോഗിക്കുകയുമാണെങ്കിൽ, പിൽക്കാലത്തു മക്കൾ നടത്തുന്ന തിരഞ്ഞെടുപ്പ് ശരിയായതായിരിക്കാൻ വളരെയധികം സാധ്യതയുണ്ട്.—2 ദിനവൃത്താന്തം 34:1, 2; സദൃശവാക്യങ്ങൾ 2:1-9.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Doré Bible Illustrations/Dover Publications, Inc.