പോം പൈ സമയം നിശ്ചലമായി നിന്നിടം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
അടുപ്പത്തു ചട്ടികളിരിക്കുന്ന അടുക്കളകൾ, വിൽപ്പനച്ചരക്കുകളുടെ നല്ലൊരു ശേഖരമുള്ള പീടികകൾ, വെള്ളമില്ലാത്ത ജലധാരായന്ത്രങ്ങൾ, ഊനംതട്ടാത്ത തെരുവുകൾ—ശൂന്യവും തരിശുമായ, നിവാസികളില്ലാത്ത ഒരു നഗരത്തിൽ ഇവയെല്ലാം ഒട്ടും കേടുപറ്റാതെ നിലകൊണ്ടിരിക്കുന്നു. സമയം നിശ്ചലമായി നിന്നപോലെ കാണപ്പെടുന്ന പോംപൈ ആണിത്.
1,900-ത്തിലേറെ വർഷം മുമ്പ്, നേപ്പിൾസ് ഉൾക്കടലിന് അഭിമുഖമായി നിൽക്കുന്ന വെസൂവിയസ് പർവതം പൊട്ടിത്തെറിച്ച ആ ദുരന്തദിനത്തിലേതുപോലെതന്നെ എല്ലാം നിലകൊള്ളുന്നു. പോംപൈ, ഹെർക്യുലാനിയം, സറ്റാബ്യ എന്നീ സ്ഥലങ്ങളെയും ചുറ്റുമുള്ള നാട്ടിൻപുറങ്ങളെയും അത് ചാരത്തിലും ലാവയിലും കുഴിച്ചുമൂടി.
“വെസൂവിയസിന്റെ സ്ഫോടനാത്മക സ്വഭാവത്തെക്കുറിച്ച് പുരാതനകാലത്തെ സംസ്കാരസമ്പന്നരായ ആളുകൾക്ക് അവ്യക്തമായ ആശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിബിഢമായ വൃക്ഷക്കൂട്ടങ്ങളും കണ്ണിനു വിരുന്നൊരുക്കുന്ന മുന്തിരിത്തോപ്പുകളും ഇടകലർന്നു നിന്നിരുന്ന പച്ചപുതച്ച ഒരു പർവതമായി അവർ അതിനെ കരുതിപ്പോന്നു,” പോംപൈ എന്ന പുസ്തകം പറയുന്നു. പക്ഷേ, പൊ.യു. 79 ആഗസ്റ്റ് 24-ാം തീയതി പല വർഷത്തെ ശാന്തതയ്ക്കുശേഷം പർവതം ഭയങ്കര സ്ഫോടനത്തോടെ നിദ്രയിൽനിന്നുണർന്നു.
പൊ.യു. 79-ലെ സ്ഫോടനം
അഗ്നിപർവതം, സ്തംഭാകൃതിയിൽ വാതകവും മാഗ്മയും അവശിഷ്ടങ്ങളും പുറന്തള്ളി. ഇത് ആകാശത്ത് ഇരുട്ടുപരത്തിയെന്നു മാത്രമല്ല, ചാരവും ലാപ്പിലിയും (ലാവയുടെ ചെറിയ കഷണങ്ങൾ) വർഷിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. രണ്ടു ദിവസംകൊണ്ട് പോംപൈയും നാട്ടിൻപുറത്തിന്റെ ഒരു വലിയ ഭാഗവും ശരാശരി രണ്ടര മീറ്റർ ആഴത്തിൽ ഒരു കട്ടിയേറിയ പാളിക്കടിയിലായി. ശക്തിയേറിയ പ്രകമ്പനങ്ങൾ തറയെ വിറപ്പിച്ചുകൊണ്ടിരിക്കെ, ദൃശ്യമല്ലാത്തതും എന്നാൽ മാരകവുമായ ഭീമാകാര വിഷവാതകമേഘങ്ങൾ മരണകരമായ വിധത്തിൽ നഗരത്തെ വലയം ചെയ്ത് അതിന്റെ കരാളഹസ്തങ്ങളിലൊതുക്കി. പേംപൈ സാവധാനം മൂടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഹെർക്യുലാനിയം ഒറ്റ നിമിഷംകൊണ്ട് അപ്രത്യക്ഷമായി. റീസ്കോപ്രീറ പോംപൈ (പോംപൈയെ വീണ്ടും കണ്ടെത്തൽ) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “തീരത്തിനരികെ ഇരുപത്തിരണ്ടു മീറ്ററോളം ആഴം വരുന്ന ചെളിയുടെയും അഗ്നിപർവത അവശിഷ്ടങ്ങളുടെയും” പ്രവാഹത്തിൽ ഹെർക്യുലാനിയം മുങ്ങിപ്പോയി.
15,000-ത്തോളം വരുന്ന പോംപൈ നിവാസികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. ഉടനടി പലായനം ചെയ്തവർക്കു മാത്രമേ തങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുള്ളൂ. എങ്കിലും, തങ്ങളുടെ വീടും അതിലുള്ളതൊക്കെയും കൈവെടിയാൻ മനസ്സില്ലാഞ്ഞതുകൊണ്ട്, വിപത്ത് ഒഴിവാക്കാമെന്നു പ്രതീക്ഷിച്ച് ചിലർ അവിടെത്തന്നെ തങ്ങി. മറ്റുള്ളവരാകട്ടെ, തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിൽ ഉത്കണ്ഠാകുലരായി പലായനം ചെയ്യാനുള്ള തീരുമാനമെടുക്കാൻ അമാന്തിച്ചുനിന്നു. ചാരത്തിന്റെ ഘനം നിമിത്തം നിലംപൊത്തിയ മേൽക്കൂരകൾക്കു കീഴിൽ അവർ അമർന്നുപോയി.
“ഫൗൺ ഭവനത്തിന്റെ” ഉടമസ്ഥ ഇതിന് ഒരുദാഹരണമാണ്. തന്റെ സമ്പത്ത് ഉപേക്ഷിക്കാൻ അവർക്കു മനസ്സില്ലായിരുന്നു എന്നതു വ്യക്തമാണ്. “ഭവനത്തിന്റെ ഉടമസ്ഥ, തന്റെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങൾ—സർപ്പങ്ങളുടെ രൂപത്തിലുള്ള സ്വർണ ബ്രേസ്ലറ്റുകൾ, മോതിരങ്ങൾ, മുടിപ്പിന്നുകൾ, കമ്മലുകൾ, ഒരു വെള്ളിക്കണ്ണാടി, സ്വർണാഭരണങ്ങൾ നിറച്ച ഒരു സഞ്ചി എന്നിവ—ശേഖരിച്ച് പലായനം ചെയ്യാൻ തയ്യാറെടുത്തു,” ലാ വീ കോട്ടീഡ്യെൻ ആ പോംപൈ (പോംപൈയിലെ ദൈനംദിന ജീവിതം) എന്ന തന്റെ പുസ്തകത്തിൽ റോബെർ ഏറ്റ്യെൻ പറയുന്നു. ഒരുപക്ഷേ ചാരവർഷം ഭയന്നിട്ടാകാം അവർ അകത്തുതന്നെ കഴിച്ചുകൂട്ടി. “പെട്ടെന്നുതന്നെ നിർഭാഗ്യവതിയായ ആ സ്ത്രീയെയും അവരുടെ നിധികളെയും കുഴിച്ചുമൂടിക്കൊണ്ട് മേൽക്കൂര തകർന്നുവീണു,” ഏറ്റ്യെൻ തുടരുന്നു. മറ്റുള്ളവർ എങ്ങും വ്യാപിച്ച വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു.
അമാന്തിച്ചുനിന്നവർക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ അപ്പോഴേക്കും രൂപംകൊണ്ടിരുന്ന ലാവാചാരത്തിന്റെ പാളികൾക്കു മുകളിലൂടെ ഓടേണ്ടിവന്നു. മാരകമായ വിഷവാതകങ്ങൾ ശ്വസിച്ച് മരിച്ചുവീണ അവരുടെ ശരീരം വീണിടത്തുതന്നെ കിടന്നു. നിറുത്താതെ പെയ്തുകൊണ്ടിരുന്ന നേർത്ത ചാരം അവരുടെ ശരീരത്തെ പൊതിഞ്ഞു. ശോചനീയമായ അവരുടെ അവശിഷ്ടങ്ങൾ നൂറ്റാണ്ടുകൾക്കുശേഷം കണ്ടെത്തിയിരിക്കുന്നു. വിലപിടിപ്പുള്ള അവരുടെ വസ്തുക്കൾ അപ്പോഴും അവർക്കരികിലുണ്ടായിരുന്നു. നഗരവും അതിലെ നിവാസികളും 6 മീറ്ററിലേറെ ആഴമുള്ള ചാരത്തിൽ കുഴിച്ചുമൂടപ്പെട്ടു.
എങ്കിലും മരണം വിതച്ച ആ ചാരവർഷം നിമിത്തം നഗരവാസികൾപോലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നു നിങ്ങൾക്കറിയാമോ? ഈ പേജിലെ ഫോട്ടോയിലുള്ള വാർത്തെടുത്ത അവരുടെ ശരീരരൂപങ്ങൾ നിരീക്ഷിക്കുക. അവ നിർമിച്ചത് എങ്ങനെയാണ്? അഴുകി ദ്രവിച്ച ജഡങ്ങൾ ചാരത്തിൽ അവശേഷിപ്പിച്ച പൊള്ളയായ ഉൾഭാഗത്ത് പ്ലാസ്റ്റർ ഓഫ് പാരീസ് ഒഴിച്ചുകൊണ്ട് പുരാവസ്തുഗവേഷകർ ഭാഗ്യഹീനരായ ആ ഇരകളുടെ മരണവെപ്രാളത്തിന്റേതായ അവസാന ഭാവപ്രകടനങ്ങൾ കാണാൻ നമ്മെ സഹായിച്ചിരിക്കുന്നു—കൈത്തണ്ടയിൽ തലവെച്ചു കിടക്കുന്ന ചെറുപ്പക്കാരി; പൊടിയും വിഷവാതകങ്ങളും ശ്വസിക്കുന്നത് തടയാനാകാത്ത ഒരു തൂവാലകൊണ്ട് വായ്പൊത്തിയ ഒരു മനുഷ്യൻ; ശ്വാസം കിട്ടാതെ ഞെളിപിരികൊണ്ട് വികൃതമായ ഭാവപ്രകടനങ്ങളോടെ വീണുകിടക്കുന്ന ആരോഗ്യസ്നാനവേദിയിലെ പരിചാരകർ; . . . ദയനീയവും നിഷ്ഫലവുമായ അവസാന ആലിംഗനമെന്നപോലെ തന്റെ മകളെ ഇറുകെ പുണർന്നിരിക്കുന്ന ഒരമ്മ.”—ആർകേയോ
ഹെർക്യുലാനിയത്തിൽ സുരക്ഷിതത്വമില്ല
പോംപൈയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ഹെർക്യുലാനിയത്തിൽ, ഉടനടി പലായനം ചെയ്യാഞ്ഞ ആളുകൾ കുടുങ്ങിപ്പോയി. ഒട്ടേറെയാളുകൾ, കടലിലൂടെ രക്ഷപ്പെടാമെന്ന പ്രതീക്ഷയോടെ തിടുക്കത്തിൽ കടലോരത്തേക്കോടി. പക്ഷേ ഉഗ്രമായ ഒരു സമുദ്രാന്തരഭൂകമ്പം നിമിത്തം ബോട്ടുകൾ കടലിലേക്കിറക്കാനായില്ല. സമീപകാലത്ത് ഹെർക്യുലാനിയത്തിലെ പുരാതന കടലോരത്ത് നടത്തിയ ഖനനങ്ങളുടെ ഫലമായി 300-ലേറെ അസ്ഥികൂടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കടലിനഭിമുഖമായി നിന്ന ഒരു മട്ടുപ്പാവിൻകീഴിൽ ഇവർ അഭയം പ്രാപിക്കവേ, ചെളിയുടെയും അഗ്നിപർവത അവശിഷ്ടങ്ങളുടെയും ഉഗ്രമായ പ്രവാഹം ഇവരെ ജീവനോടെ കുഴിച്ചുമൂടി. ഇവിടെയും അനേകമാളുകൾ തങ്ങളുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ സംരക്ഷിക്കാൻ ശ്രമിച്ചു: സ്വർണാഭരണങ്ങൾ, വെള്ളിപ്പാത്രങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ശേഖരം—എല്ലാം ഇപ്പോഴും അവിടെയുണ്ട്. ഉടമസ്ഥർക്കരികിൽ, പ്രയോജനരഹിതമായി.
സമയം നിശ്ചലമായിനിന്നു
പ്രകൃതിശക്തികളുടെ മുന്നിൽ ജീവിതം എത്ര ക്ഷണഭംഗുരമാണെന്നതിന് പോപൈ ശക്തമായ സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ മറ്റ് പുരാവസ്തുഗവേഷക സ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി പോംപൈയുടെയും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളുടെയും അവശിഷ്ടങ്ങൾ, പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ദൈനംദിന ജീവിതത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാൻ ആധുനിക പണ്ഡിതന്മാരെയും കുതുകികളെയും സഹായിക്കുന്ന ഒരു ക്ഷണികഛായാപടം പ്രദാനംചെയ്യുന്നു.
ആ പ്രദേശത്തിന്റെ സമൃദ്ധിക്കു നിദാനമായിരുന്നത് കൃഷി, വ്യവസായം, വാണിജ്യം എന്നിവയായിരുന്നു. മനുഷ്യശക്തിയുടെ—ദിവസവും കൂലിക്കെടുത്തിരുന്ന അടിമകളുടെയും സ്വതന്ത്രരുടെയും—ശക്തമായ വിനിയോഗം മൂലം ഫലഭൂയിഷ്ഠമായ നാട്ടിൻപുറം സമൃദ്ധമായി വിളവ് ഉത്പാദിപ്പിച്ചു. നഗരത്തിലെ ഒട്ടേറെ പ്രവർത്തനങ്ങൾ ഭക്ഷ്യവസ്തുക്കളുടെ കച്ചവടത്തോടു ബന്ധപ്പെട്ടതായിരുന്നു. പോംപൈ സന്ദർശിക്കുന്ന ഏതൊരുവനും, ചോളം പൊടിക്കുന്ന മില്ലുകളും പഴക്കച്ചവടക്കാരുടെയും വീഞ്ഞുവിൽപ്പനക്കാരുടെയും കടകളും ഇപ്പോഴും കാണാവുന്നതാണ്. ഒരിക്കൽ വാണിജ്യത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ—വ്യവസായ തോതിൽ കമ്പിളിയും ചണവും നിർമിക്കാനും നൂൽ നൂൽക്കാനും തുണി നെയ്യാനും ഉപയോഗിച്ചിരുന്ന മില്ലുകൾ—നിങ്ങൾക്കു കാണാൻ കഴിയും. തട്ടാന്റെ പണിപ്പുര തുടങ്ങി ഇരുമ്പുകട വരെ ഡസൻകണക്കിനുവരുന്ന മറ്റു ചെറുകിട വ്യവസായങ്ങളും ഈ കെട്ടിടങ്ങളും ഒപ്പം വീടുകളും ഒരു നഗരംതന്നെ തീർത്തു.
ഒരിക്കൽ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ ഇടുങ്ങിയ തെരുവുകൾ കല്ലുകൾ പാകിയവയാണ്. അവയുടെ പാർശ്വങ്ങളിലായി ഉയർത്തിക്കെട്ടിയ നടപ്പാതകളും വിദഗ്ധ ജലപ്രണാളികളാൽ പോഷിപ്പിക്കപ്പെട്ടിരുന്ന പൊതു ജലധാരായന്ത്രങ്ങളുമുണ്ട്. പ്രധാന നിരത്തുകളിൽ അസാധാരണവും രസകരവുമായ ഒരു സംഗതി കാണാനാവും. ആധുനികനാളിൽ കാൽനടക്കാർക്ക് കുറുകെ കടക്കാനായി നഗരറോഡുകളിൽ വരകൾക്കൊണ്ട് അടയാളപ്പെടുത്തിയ ഇടങ്ങളുടെ പ്രാചീന മുൻഗാമികളെപ്പോലെ, തെരുവുകൾക്കു മധ്യേ ഇഷ്ടികകൾകൊണ്ട് ഉയർത്തിക്കെട്ടിയിരിക്കുന്നത് കാൽനടക്കാരുടെ പ്രവാഹത്തെ സൗകര്യപ്പെടുത്തിയെന്നു മാത്രമല്ല മഴ പെയ്യുമ്പോൾ കാൽപാദങ്ങൾ നനയാതിരിക്കാനും സഹായിച്ചു. നഗരത്തിലൂടെ വണ്ടി ഓടിച്ചിരുന്ന ഏതൊരുവനും ഉയർത്തിക്കെട്ടിയ ആ ഇഷ്ടികകൾ ഒഴിവാക്കാൻ ഒരു പ്രത്യേക ചാതുര്യം വേണമായിരുന്നു. അവ ഇപ്പോഴും അവിടെയുണ്ട്! ഒന്നിനും മാറ്റം വന്നിട്ടില്ല.
സ്വകാര്യ ജീവിതം
പോംപൈക്കാരുടെ സ്വകാര്യ ജീവിതത്തെ വലയം ചെയ്തിരുന്ന ആ കരുതലിനുപോലും ആധുനിക നാളിലെ ആളുകളുടെ വകതിരിവില്ലാത്ത തുറിച്ചുനോട്ടത്തെ ചെറുത്തു നിൽക്കാനാവില്ല. കണ്ണഞ്ചിപ്പിക്കുംവിധം സർവാഭരണവിഭൂഷിതയായ ഒരു സ്ത്രീ ഒരു പോരാളിയുടെ സൈന്യാലയത്തിൽ അയാളുടെ കരവലയത്തിനുള്ളിൽ മരിച്ചുകിടക്കുന്നു. വീടുകളുടെയും കടകളുടെയും വാതിലുകൾ മലർക്കെ തുറന്നുകിടക്കുന്നു. അടുക്കളകൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതാനും നിമിഷങ്ങൾ മുമ്പു മാത്രം ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന നിലയിലാണ് അവ: അടുപ്പത്തിരിക്കുന്ന ചട്ടികൾ, ഇപ്പോഴും അപ്പച്ചൂളയിലിരിക്കുന്ന വേകാത്ത റൊട്ടി, ചുവരിൽ ചാരി വെച്ചിരിക്കുന്ന വലിയ ഭരണികൾ. വിശിഷ്ടമായ കുമ്മായപ്പണികളും ചുവർചിത്രങ്ങളും മൊസൈക്കും കൊണ്ട് അലങ്കരിക്കപ്പെട്ട മുറികളുണ്ട്. അത്ഭുതം ജനിപ്പിക്കുന്ന രീതിയിൽ ശുദ്ധിചെയ്തെടുത്ത വെള്ളികൊണ്ടുള്ള കപ്പുകളും പാത്രങ്ങളും ഉപയോഗിച്ച് സമ്പന്നർ അവിടെ സുഖലോലുപരായി മൃഷ്ടാന്ന ഭോജനം കഴിച്ചുപോന്നു. പ്രശാന്തമായ ഗൃഹാന്തര ഉദ്യാനങ്ങൾക്കു ചുറ്റും നിരനിരയായ തൂണുകൾ. അവയെ മോടിപിടിപ്പിച്ചിരുന്ന ജലധാരായന്ത്രങ്ങളുടെ പ്രവർത്തനം ഇപ്പോൾ നിലച്ചിരിക്കുന്നു. വിശിഷ്ടമായ കൈവേലയെ വിളിച്ചോതുന്ന വെണ്ണക്കൽപ്രതിമകളും പിച്ചളപ്രതിമകളും കുലദൈവങ്ങളുടെ ബലിപീഠങ്ങളും കാണാവുന്നതാണ്.
എങ്കിലും ഭൂരിപക്ഷം പേരുടെയും കുറേക്കൂടെ ചെലവ് ചുരുങ്ങിയ ജീവിതരീതിയായിരുന്നു. വീട്ടിൽ പാചകസൗകര്യമില്ലാതിരുന്ന പലരും അവിടെയുണ്ടായിരുന്ന അസംഖ്യം സത്രങ്ങൾ കൂടെക്കൂടെ സന്ദർശിച്ചു. അവിടെ അവർക്ക് അധികം പണം നൽകാതെതന്നെ പരദൂഷണം പറയാനും ചൂതാട്ടം നടത്താനും അല്ലെങ്കിൽ ഭക്ഷണം കഴിക്കാനും മദ്യപിക്കാനും കഴിയുമായിരുന്നു. ഇവയിൽ ചിലത് വേശ്യാലയങ്ങളായിരുന്നിരിക്കണം. അവിടെ വരുന്നവർക്ക് മദ്യം വിളമ്പിയതിനുശേഷം പരിചാരികകൾ, മിക്കപ്പോഴും അടിമപ്പെൺകുട്ടികൾ, വേശ്യകളായി സേവിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി സത്രങ്ങൾക്കു പുറമേ, ഖനനങ്ങളുടെ ഫലമായി ഇരുപതിലേറെ വരുന്ന മറ്റു വേശ്യാലയങ്ങളും കണ്ടെടുത്തിരിക്കുന്നു. മിക്കപ്പോഴും കടുത്ത അശ്ലീല ചിത്രങ്ങളും എഴുത്തുകളും അവിടത്തെ സവിശേഷതകളായിരുന്നു.
നടപടിയെടുക്കാനുള്ള സമയമായി
പോംപൈയുടെ പെട്ടെന്നുള്ള നാശം ഒരുവനെ ചിന്തിപ്പിക്കുന്നു. അവിടെ മരിച്ചുവീണ ആയിരങ്ങൾ, ആസന്നമായ വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പിൻ സൂചനകളോട് വേണ്ടത്ര ഉത്സാഹത്തോടെ പ്രതികരിച്ചില്ലെന്നതു സ്പഷ്ടം—തുടരെത്തുടരെയുള്ള ഭൂകമ്പങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ, കനത്ത ലാപ്പിലിവർഷം എന്നിവയോടുതന്നെ. ഒരുപക്ഷേ തങ്ങളുടെ സുഖജീവിതവും വസ്തുവകകളും കൈവെടിയാനുള്ള വൈമനസ്യംകൊണ്ടാവാം, അവർ അമാന്തിച്ചുനിന്നു. ആപത്ത് ഒഴിഞ്ഞുപോകുമെന്നോ കാര്യങ്ങൾ കൂടുതൽ വഷളാകുന്നപക്ഷം പലായനം ചെയ്യാനുള്ള സമയം ഇനിയുമുണ്ടെന്നോ അവർ പ്രതീക്ഷിച്ചിരിക്കാം. ഖേദകരമെന്നു പറയട്ടെ, അവർക്കു തെറ്റുപറ്റി.
ഇന്ന് മുഴുലോകവും സമാനമായ ഒരു സാഹചര്യത്തിലാണെന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. നാം ജീവിക്കുന്ന ദുഷിച്ച സമൂഹം ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു. അത് പെട്ടെന്നുതന്നെ നീക്കംചെയ്യപ്പെടാറായിരിക്കുന്നു. (2 പത്രൊസ് 3:10-12; എഫെസ്യർ 4:17-19) സമയം അടുത്തിരിക്കുന്നുവെന്ന് തെളിവുകളെല്ലാം സൂചിപ്പിക്കുന്നു. (മത്തായി 24:3-42; മർക്കൊസ് 13:3-37; ലൂക്കൊസ് 21:7-36) പോംപൈയുടെ ദുരന്ത അവശിഷ്ടങ്ങൾ, അനിശ്ചിതത്വത്തിന്റെ ബുദ്ധിശൂന്യതയ്ക്ക് നിശ്ശബ്ദസാക്ഷ്യം വഹിക്കുന്നു.
[24-ാം പേജിലെ ചതുരം]
ക്രിസ്തീയ കുരിശുകളോ?
ഒരു ബേക്കറിയുടെ ചുവരിലെ കുമ്മായപ്പണിയിൽ ഉണ്ടായിരുന്നത് ഉൾപ്പെടെ പോംപൈയിൽ കണ്ടെടുക്കപ്പെട്ട വിവിധതരത്തിലുള്ള കുരിശുകൾ, പൊ.യു. 79-ലെ അതിന്റെ നാശത്തിനുമുമ്പ് അവിടെ ക്രിസ്ത്യാനിത്വം ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവാണെന്നു ചിലർ വ്യാഖ്യാനിച്ചിരിക്കുന്നു. ഇത് സാധുവായ ഒരു അഭ്യൂഹമാണോ?
അല്ലെന്നു സ്പഷ്ടം. “കുരിശ് ഉപയോഗിച്ചുള്ള ആരാധനസംബന്ധിച്ച് ഒരു പൂർണരൂപം ലഭിക്കണമെങ്കിൽ നാലാം നൂറ്റാണ്ടുവരെ, അതായത്, ചക്രവർത്തിയും പുറജാതീയ കൂട്ടങ്ങളും മതം മാറി ഇത്തരത്തിലുള്ള ആരാധനാക്രമത്തെ തങ്ങളുടെ ആത്മീയതയ്ക്കു ചേർച്ചയിലാക്കിയ സമയംവരെ നാം കാത്തിരിക്കേണ്ടി വരും” പ്രീസെൻസെ ഗ്വീഡോയീകെ ഏ ക്രീസ്റ്റ്യാന്യെ ആ പോംപൈ (പോംപൈയിൽ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും സാന്നിധ്യം) എന്ന തന്റെ പുസ്തകത്തിൽ ആന്റോണ്യോ വാറോനീ പറയുന്നു. “രണ്ടും മൂന്നും നൂറ്റാണ്ടുകളിലും കോൺസ്റ്റൻറയിൻ ചക്രവർത്തിയുടെ കാലം വരെയും ക്രിസ്ത്യാനിത്വത്തോടു ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒരു ചിഹ്നം വളരെ അപൂർവമായിട്ടേ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
അവയ്ക്കു ക്രിസ്തീയ ഉത്ഭവമില്ലെങ്കിൽ ഇത്തരം ചിഹ്നങ്ങൾക്ക് എന്ത് ഉത്ഭവമാണുള്ളത്? ഒരു കുരിശാണെന്നു കരുതപ്പെടുന്ന ഈ ചിഹ്നത്തിന്റെ തിരിച്ചറിവിനെയും അതേ ബേക്കറിയിൽനിന്നു കണ്ടെടുത്ത സർപ്പരൂപത്തിലുള്ള ഒരു ദേവിയുടെ ചിത്രത്തിന്റെ കണ്ടെത്തലിന്റെയും സംശയങ്ങൾക്കുപുറമേ “ബേക്കറി പാട്ടക്കാരന്റെ ക്രിസ്തീയമെന്നു തോന്നിക്കുന്ന ആത്മീയതയ്ക്ക് നിരക്കാത്തതരം, അങ്ങേയറ്റം ആഭാസകരമായ ചില വസ്തുക്കളും” അവിടെയുണ്ടായിരുന്നതായി വാറോനീ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നാഗരികതയുടെ ഉദയംമുതൽ, വീണ്ടെടുപ്പിന്റെ പ്രതീകമായിത്തീരുന്നതിനുമുമ്പുതന്നെ കുരിശാകൃതിയിലുള്ള ചിഹ്നം, വ്യക്തമായ മാന്ത്രിക, അനുഷ്ഠാന പ്രാധാന്യത്തോടുകൂടി ഉപയോഗിക്കപ്പെട്ടിരുന്നു.” പുരാതന നാളുകളിൽ, ദുഷ്ട സ്വാധീനങ്ങളെ അകറ്റി നിർത്താനോ നശിപ്പിക്കാനോ കഴിയുന്ന ഒന്നായി കുരിശ് വീക്ഷിക്കപ്പെട്ടിരുന്നുവെന്നും പ്രധാനമായും ഒരു രക്ഷാബന്ധനമെന്ന നിലയ്ക്കാണ് അത് ഉപയോഗിച്ചിരുന്നതെന്നും ഈ പണ്ഡിതൻ വിശദമാക്കുന്നു.
[23-ാം പേജിലെ ചിത്രം]
വെസൂവിയസ് പർവതം പശ്ചാത്തലമായുള്ള കേലിഗ്യൂള കമാനം
[23-ാം പേജിലെ ചിത്രം]
മുകളിൽ: പോംപൈ നിവാസികളുടെ വാർത്തെടുത്ത രൂപങ്ങൾ
ഇടത്: നീറോ കമാനത്തിന്റെയും ജൂപ്പിറ്റർ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തിന്റെയും വീക്ഷണം
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Vertical borders: Glazier
Photos on pages 2 (bottom), 22, and 23: Soprintendenza Archeologica di Pompei