ബൈബിളിന്റെ വീക്ഷണം
പുറത്താക്കൽ ഒരു സ്നേഹപൂർവകമായ ക്രമീകരണമായിരിക്കുന്നതിന്റെ കാരണം
മതഭ്രഷ്ട്—ആ ആശയംതന്നെ മതഭക്തിയുള്ള ഒട്ടനവധി ആളുകളിൽ സമ്മിശ്ര വികാരങ്ങൾ ഇളക്കിവിടുന്നു.a മതങ്ങൾക്കു ചിലതരം അച്ചടക്കനടപടികൾ ആവശ്യമാണെന്നുള്ളതിനോടു ഭൂരിഭാഗം ആളുകളും യോജിക്കുന്നു. എന്നാൽ മതഭ്രഷ്ടിനെ അനേകർ ഭൂതകാല ആചാരങ്ങളുടെ ഒരു അവശിഷ്ടമായി, മന്ത്രവാദി-വേട്ടയെയും മതവിചാരണയെയും ഓർമിപ്പിക്കുന്ന പരുഷമായ വിധത്തിലുള്ള ശിക്ഷണനടപടിയായി വീക്ഷിക്കുന്നു.
മതേതര ലോകത്തിന്റെ വ്യാപകമായ സ്വാധീനം പ്രശ്നത്തെ വർധിപ്പിക്കുന്നു. അതുകൊണ്ട്, ക്രൈസ്തവലോകത്തിലെ മിക്ക മതങ്ങളും പാപം സംബന്ധിച്ചു കൂടുതൽ സഹിഷ്ണുതാപരമായ ഒരു വീക്ഷണം സ്വീകരിച്ചിരിക്കുന്നു. “മതഭ്രഷ്ട് ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമാണ്, എന്നാൽ അത് ഈ നൂറ്റാണ്ടിൽ നടപ്പാക്കപ്പെടുന്നുവെന്നു ഞാൻ വിചാരിക്കുന്നില്ല” എന്ന് ഒരു എപ്പിസ്ക്കോപ്പൽ ശുശ്രൂഷകൻ പറഞ്ഞതിൽ അപ്പോൾ യാതൊരു അതിശയവുമില്ല.
എന്നാൽ, യഹോവയുടെ സാക്ഷികൾ പുറത്താക്കലിനെ (മതഭ്രഷ്ടിനു തുല്യമായത്) ഗൗരവമായെടുക്കുന്നുവെന്നു മനസ്സിലാക്കുന്നതു നിരവധിയാളുകളെ അത്ഭുതപ്പെടുത്തിയേക്കാം. അത് എടുക്കാൻ എളുപ്പമുള്ള ഒരു നടപടിയല്ലെന്നുള്ളതു സത്യമാണ്, എന്നാൽ അതൊരു സ്നേഹപൂർവകമായ ക്രമീകരണമാണ്. അതെങ്ങനെ?
അത് ദൈവനാമത്തെ ഉയർത്തിപ്പിടിക്കുന്നു
യഹോവ വിശുദ്ധനായ ദൈവമാണ്. അവനെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ഭാഗത്തെ മനപ്പൂർവ പാപം അവൻ പൊറുക്കുന്നില്ല. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്കെഴുതി: “എല്ലാനടപ്പിലും വിശുദ്ധരാകുവിൻ ‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ’ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (1 പത്രൊസ് 1:15, 16) അതുകൊണ്ട് അനുതാപമില്ലാത്ത പാപികളെ പുറത്താക്കുന്നത് ദൈവത്തിന്റെ വിശുദ്ധ നാമത്തെ ഉയർത്തിപ്പിടിക്കുന്നു; ആ നാമത്തോടുള്ള സ്നേഹം പ്രകടമാക്കുന്നു.—എബ്രായർ 6:10 താരതമ്യം ചെയ്യുക.
ഒരു ക്രിസ്ത്യാനി ബലഹീനതയ്ക്കു വഴങ്ങുകയോ കടുത്ത പാപത്തിലേക്കു വഴുതിവീഴുകയോ ചെയ്താൽ അയാൾ സഭയിൽനിന്നു താനേ പുറത്താകുന്നുവെന്ന് ഇത് അർഥമാക്കുന്നുവോ? യാതൊരു പ്രകാരത്തിലും ഇല്ല! യഹോവ നിർവികാരനായ ഒരു സ്വേച്ഛാധിപതി അല്ല. അവൻ കരുണയുള്ളവനും വികാരങ്ങൾ മനസ്സിലാക്കുന്നവനുമാണ്. നാം അപൂർണരാണെന്ന് അവൻ ഓർമിക്കുന്നു. (സങ്കീർത്തനം 103:14) “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു”വെന്ന് യഹോവ തിരിച്ചറിയുന്നു. (റോമർ 3:23) ഒരു ക്രിസ്ത്യാനി ഒരു “തെറ്റായ പടി” സ്വീകരിക്കുകയോ ഗുരുതരമായ പാപം ചെയ്യുകപോലുമോ ചെയ്താൽ, അയാളെ സൗമ്യതയുടെ ആത്മാവിൽ സ്നേഹപൂർവം ‘യഥാസ്ഥാനപ്പെടുത്തേ’ണ്ടതിന് ദൈവം സഭയ്ക്കുള്ളിൽതന്നെ ആത്മീയ സഹായത്തിനായി ക്രമീകരണം ചെയ്തിരിക്കുന്നു. (ഗലാത്യർ 6:1, NW) നീതിയുടെ പാതയിൽനിന്ന് അകന്നുപോയിരിക്കുന്ന ഒരുവന്, ദൈവവചനത്തിൽനിന്നുള്ള ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിനാലും ഹൃദയംഗമമായ ദുഃഖവും യഥാർഥ അനുതാപവും പ്രകടിപ്പിക്കുന്നതിനാലും ആത്മീയമായി “രോഗശാന്തി” നേടാവുന്നതാണ്.—യാക്കോബ് 5:13-16.
എന്നാൽ സ്നാപനമേററ ഒരു ക്രിസ്ത്യാനി ഗുരുതരമായി തെറ്റുചെയ്യുകയും അയാളെ പുനഃസ്ഥിതീകരിക്കാനുള്ള സകല ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യു ന്നെങ്കിലെന്ത്? മറ്റുവാക്കുകളിൽ, അയാൾ തന്റെ പാപപൂർണമായ ഗതി തിരുത്താൻ ശാഠ്യപൂർവം വിസമ്മതിക്കുന്നെങ്കിലെന്ത്?
അത് സഭയെ സുരക്ഷിതമായി സൂക്ഷിക്കുന്നു
“എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു” എന്നു ബൈബിൾ ക്രിസ്ത്യാനികളോടു കൽപ്പിക്കുന്നു.—1 കൊരിന്ത്യർ 5:11.
ഈ ബൈബിൾ നിയമം പരുഷവും മാനംകെടുത്തുന്നതുമാണോ? ഇതൊന്നു പരിഗണിക്കുക: ഒരു തഴമ്പിച്ച കുറ്റവാളിയെ നിയമലംഘനത്തിന് ജയിലിലേക്ക് അയയ്ക്കുമ്പോൾ, അത് പരുഷമോ അനുകമ്പാരഹിതമോ ആയി വീക്ഷിക്കപ്പെടുമോ? ഇല്ല, കാരണം ജനസമുദായത്തിന്റെ സമാധാനവും സുരക്ഷിതത്വവും സംരക്ഷിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്. ഫലത്തിൽ, കുറ്റവാളി തന്റെ ജയിൽവാസക്കാലത്തു നിയമമനുസരിക്കുന്ന സമൂഹത്തിൽനിന്നു പുറത്താക്കപ്പെടുന്നു.
സമാനമായി, തങ്ങളുടെ ഇടയിൽനിന്ന് അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരെ പുറന്തള്ളുന്നതിൽ ക്രിസ്തീയ സഭ ന്യായീകരിക്കപ്പെടുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അധാർമിക ഇരപിടിയൻമാരിൽനിന്നും മനഃപൂർവം പതിവായി പാപം ചെയ്യുന്ന മറ്റുള്ളവരിൽനിന്നും സ്വതന്ത്രമായ സുരക്ഷിതത്വത്തിന്റെ ഒരു സ്ഥലമായിരിക്കണം സഭ.
“ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു”വെന്നു തിരിച്ചറിഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോട്; “ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ” എന്നു കൽപ്പിച്ചു. (സഭാപ്രസംഗി 9:18; 1 കൊരിന്ത്യർ 5:13) സഭയിൽ ദുഷിപ്പു വ്യാപിപ്പിക്കുന്നതിൽനിന്ന് ഈ നടപടി പാപിയെ തടയുന്നു, അതു സഭയുടെ നല്ല പേരിനെ സംരക്ഷിക്കുകയും ചെയ്യുന്നു.—1 തിമൊഥെയൊസ് 3:15 താരതമ്യം ചെയ്യുക.
വ്യക്തികൾക്ക് സംരക്ഷണം
പുറത്താക്കൽ സഭയിലെ ഓരോ അംഗത്തെയും സംരക്ഷിക്കുകയും ചെയ്യുന്നു. നമുക്കത് ഇങ്ങനെ ചിത്രീകരിക്കാം: ഒരു കാർ ഹോണോ അലാറമോ ശക്തമായി മുഴങ്ങുന്നതുകേട്ട് നിങ്ങൾ ഉറക്കമുണരുന്നുവെന്നു സങ്കൽപ്പിക്കുക. ആ തുളച്ചുകയറുന്ന ശബ്ദം അവഗണിക്കുക പ്രയാസമാണ്; തീർച്ചയായും അതു നിങ്ങളെ ഞെട്ടിക്കുന്നു! സമാനമായി, ഒരുവൻ സഭയിൽനിന്നു പുറത്താക്കപ്പെടുമ്പോൾ, ആ നടപടി പ്രത്യാശാവഹമായി ആട്ടിൻകൂട്ടത്തിലെ എല്ലാ അംഗങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റുന്നു. അത് അവരുടെ ബോധത്തിന് ഇളക്കംസൃഷ്ടിക്കുന്നു. അത് അവഗണിക്കപ്പെടാവുന്നതല്ല. ഇത് ഒരു സംരക്ഷണമായിരിക്കാവുന്നത് എങ്ങനെ?
“ഒരുവൻ പുറത്താക്കപ്പെട്ടുവെന്നു രാജ്യഹാളിൽവച്ച് കേട്ടപ്പോൾ ആദ്യം ഞാൻ ഞെട്ടിപ്പോയി” എന്ന് ഒരു സാക്ഷി പറയുന്നു. “പിന്നീട് അത് എന്നെ താഴ്മയുള്ളവളാക്കി. എനിക്കും വീഴ്ചഭവിച്ചേക്കാമെന്നു തിരിച്ചറിയാൻ അത് എന്നെ പ്രേരിപ്പിച്ചു.” അവളുടെ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, തങ്ങളുടെ നടത്ത വിലയിരുത്തുവാൻ പുറത്താക്കൽ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാവുന്നതാണ്.—1 കൊരിന്ത്യർ 10:12.
‘ഞാൻ ആത്മീയമായി ദുർബലനായിരിക്കുന്ന ഏതെങ്കിലും ജീവിത മണ്ഡലങ്ങൾ ഉണ്ടോ?’ എന്നതു പോലുള്ള ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിച്ചുകൊണ്ട് ദൈവവുമായുള്ള നമ്മുടെ സ്വന്തം നില പരിശോധിക്കാൻ നാം സഹായിക്കപ്പെടാവുന്നതാണ്. ഈ വിധത്തിൽ നമുക്ക് ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷക്കായി പ്രവർത്തി’ക്കുന്നതിൽ തുടരാവുന്നതാണ്.—ഫിലിപ്പിയർ 2:12.
ദൈവത്തിങ്കലേക്കു മടങ്ങിവരിക
“ശിക്ഷണം കഠിനമായിരുന്നെങ്കിലും അനിവാര്യമായിരുന്നു, അത് ജീവരക്ഷാകരമെന്നു തെളിയുകയും ചെയ്തു” എന്ന് പുറത്താക്കപ്പെട്ട ഒരു ക്രിസ്ത്യാനി പറഞ്ഞു. ഇത് പുറത്താക്കലിന്റെ മറ്റൊരു പ്രധാനപ്പെട്ട വശത്തെ വിശേഷവത്കരിക്കുന്നു. ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നതിനുള്ള തങ്ങളുടെ ആദ്യ പടികൾ സ്വീകരിക്കാൻ അത് മുമ്പ് അനുതാപമില്ലാഞ്ഞ പാപികളെ പ്രേരിപ്പിച്ചേക്കാവുന്നതാണ്.
“കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (എബ്രായർ 12:6) “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും” എന്നതു സത്യമാണ്.—എബ്രായർ 12:11.
റിച്ചാർഡിന് സംഭവിച്ചത് അതാണ്. ഏകദേശം രണ്ടു വർഷം പുറത്തായിരുന്നതിനുശേഷം, അവൻ അനുതപിച്ചു, തന്റെ ദൈവനിന്ദാകരമായ നടത്ത തിരുത്തി, അപ്പോൾ അവനെ ക്രിസ്തീയ സഭയിലേക്കു തിരികെ സ്വീകരിച്ചു. പിന്തിരിഞ്ഞു നോക്കിക്കൊണ്ട് അവൻ ആ അനുഭവത്തെക്കുറിച്ചു പറയുന്നു: “ഞാൻ പുറത്താക്കപ്പെടേണ്ടിയിരുന്നുവെന്ന്, എനിക്കു ലഭിച്ചത് ഞാൻ പൂർണമായി അർഹിച്ചതാണെന്ന്, ഞാൻ തിരിച്ചറിയുന്നു. അതു വാസ്തവത്തിൽ അനിവാര്യം തന്നെയായിരുന്നു, എന്റെ ഗതി കേവലമെത്ര ഗുരുതരമായിരുന്നുവെന്നതും യഹോവയുടെ ക്ഷമ തേടേണ്ടതിന്റെ ആവശ്യവും കാണാൻ അതെന്നെ സഹായിച്ചു.”
ശിക്ഷണം സഹിക്കുന്നത് എളുപ്പമല്ലായിരിക്കാം. അത് സ്വീകരിക്കുവാൻ താഴ്മ ആവശ്യമാണ്, എന്നാൽ അതിൽനിന്നു പഠിക്കുന്നവർ ധാരാളം ഫലം കൊയ്യുന്നു.
അതുകൊണ്ട് പുറത്താക്കൽ ഒരു സ്നേഹപൂർവകമായ ക്രമീകരണമാണ്, കാരണം അത് യഹോവയുടെ വിശുദ്ധനാമത്തെ ഉയർത്തിപ്പിടിക്കുകയും പാപത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തിൽനിന്നു സഭയെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, അനുതപിക്കുന്നതിനും തങ്ങളുടെ ‘പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുവന്നുകൊണ്ട് കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ’ സ്വീകരിക്കുന്നതിനും ദുഷ്പ്രവൃത്തിക്കാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അത് അയാളോട് സ്നേഹം പ്രകടമാക്കുന്നു.—പ്രവൃത്തികൾ 3:19.
[അടിക്കുറിപ്പ്]
a ഒരു മതത്തിലെ അംഗത്വത്തിൽനിന്ന് ഒഴിവാക്കുന്നതിൽ കലാശിക്കുന്ന ഒരു ശിക്ഷണനടപടിയാണ് മതഭ്രഷ്ട്.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The New Testament: A Pictorial Archive from Nineteenth-Century Sources, by Don Rice/Dover Publications, Inc.