ഓർത്തഡോക്സ് വൈദികർ ഉണർന്നിരിക്കുന്നുവോ?
ഗ്രീസിലെ ഉണരുക! ലേഖകൻ
“യേശു ദേവാലയത്തിൽ പ്രവേശിച്ച് . . . ‘വ്യാപാരമേള’ കണ്ടപ്പോൾ രോഷാകുലനായി ഉത്ക്രോശിച്ചു: ‘എന്റെ പിതാവിന്റെ ഭവനം വാണിഭശാലയാക്കുന്നത് നിർത്തുവിൻ!’ ഇന്നാളുകളിൽ അവനു പത്മോസ് ദ്വീപിലേക്കു സഞ്ചരിക്കേണ്ടിവന്നാൽ . . . അവൻ ഇതിലും പരുഷമായി സംസാരിക്കും. പക്ഷേ അവൻ പറയുന്നത് ആരെങ്കിലും ശ്രദ്ധിക്കുമെന്ന് എനിക്കുറപ്പില്ല.” “പരമപ്രധാനമായ ഒരു അഖില ക്രിസ്തീയ കൂടിവരവ്” എന്നും “ആധുനിക ക്രിസ്ത്യാനിത്വത്തിലെ നിർണായക നിമിഷങ്ങളിലൊന്ന്” എന്നും വിളിക്കപ്പെട്ടതിനെ സംബന്ധിച്ച് റിപ്പോർട്ടു ചെയ്തുകൊണ്ട് ഒരു പത്രപ്രവർത്തകൻ വിലപിച്ചത് അങ്ങനെയാണ്.
ലോകവ്യാപകമായുള്ള ഓർത്തഡോക്സ് സഭയുടെ പ്രതീകാത്മക ശിരസ്സായി കരുതപ്പെടുന്ന കോൺസ്റ്റാൻറിനോപ്പിളിലെ സഭൈക്യപ്രസ്ഥാനത്തിന്റെ പാത്രിയാർക്കീസായ ബാർത്താലൊമ്യൂ I, 1995 എന്ന വർഷത്തെ “വെളിപാടിന്റെ വർഷ”മായി പ്രഖ്യാപിച്ചു.a മിക്ക ഓർത്തഡോക്സ് പാത്രിയാർക്കീസുമാരുടെയും കീഴിലെ ഉന്നതന്മാരായ വൈദികർ പത്മോസ് ദ്വീപിൽ കൂടിവരവേ 1995 സെപ്റ്റംബർ 23 മുതൽ 27 വരെയുണ്ടായിരുന്ന ആഘോഷങ്ങൾ പാരമ്യത്തിലെത്തി. റോമൻ കത്തോലിക്കാ സഭ, ആംഗ്ലിക്കൻ സഭ, വിവിധ പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു. വിദേശ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, പ്രമുഖ ബിസിനസുകാർ, ലോകമെമ്പാടുനിന്നും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ എന്നിവർക്കൊപ്പം ഗ്രീസിലെ ഉന്നതരായ രാഷ്ട്രീയ, സൈനിക അധികാരികളും ചടങ്ങിൽ സംബന്ധിച്ചു.
വെളിപാടു പുസ്തകത്തിന്റെ പഠിതാക്കൾ, അതിൽ നൽകിയിരിക്കുന്ന യേശുവിന്റെ ഈ അടിയന്തിര ഓർമിപ്പിക്കലുകൾ അനുസ്മരിക്കും: ‘ഞാൻ കള്ളനെപ്പോലെ വരും. ജാഗരിച്ചു കൊള്ളുന്നവൻ ഭാഗ്യവാൻ.’ (വെളിപ്പാടു 16:15) അതുകൊണ്ട്, ഇതിനോടും വെളിപാടിനെ കേന്ദ്രമാക്കിയുള്ള ഏറെ കൊട്ടിഘോഷിക്കപ്പെട്ട മതപരമായ ഈ ചടങ്ങിനോടുമുള്ള ബന്ധത്തിൽ നമുക്ക് ഇങ്ങനെ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല: ക്രൈസ്തവലോകം ഉണർന്നിരിക്കുന്നുവോ? സിംഹാസനസ്ഥനായ യേശുവിന്റെ വരവ് ആകാംക്ഷാപൂർവം കാത്തിരുന്നുകൊണ്ട് അവർ ജാഗ്രതയുള്ളവരായിരിക്കുന്നുവോ? ഈ ആഘോഷങ്ങൾ വെളിപാടിൽ പാരമ്യത്തിലെത്തുന്ന ബൈബിളിന്റെ പ്രതിപാദ്യവിഷയത്തെ—യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തെയും ക്രിസ്തുവിന്റെ കീഴിലുള്ള രാജ്യം മുഖാന്തരമുള്ള അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനത്തെയും—കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നോ? നമുക്ക് ചില യാഥാർഥ്യങ്ങൾ പരിചിന്തിക്കാം.
ഈ ലോകത്തിന്റെ ഭാഗമോ?
പല നിരീക്ഷകരെയും സംബന്ധിച്ചിടത്തോളം, മതനേതാക്കന്മാർക്കും രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും ഇടയിലുള്ള ആഘോഷ വേളകളിലെ അസ്ഥിരമായ ഈ കൂട്ടുകെട്ട് തികച്ചും പ്രതിഷേധാർഹമായിരുന്നു. ഉൾപ്പെട്ടിരുന്ന കക്ഷികൾ എല്ലാംതന്നെ തങ്ങളുടെ സ്വന്തം താത്പര്യത്തിനുവേണ്ടി സാഹചര്യത്തെ മുതലെടുക്കുന്നതായി ചിലർക്കു തോന്നി. ഉന്നത രാഷ്ട്രീയക്കാരുടെ തൊട്ടടുത്തായി പ്രത്യക്ഷപ്പെട്ടുകൊണ്ട് വൈദികർ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തി. രാഷ്ട്രീയക്കാരാകട്ടെ, പൊതുജനത്തിന്റെ മതപരമായ വികാരങ്ങൾ ചൂഷണം ചെയ്തുകൊണ്ട് തങ്ങളുടെ പ്രതിച്ഛായ നന്നാക്കാൻ നോക്കി. ചർച്ച് ഓഫ് ഗ്രീസിന്റെ പരിശുദ്ധ സിനഡിനുവേണ്ടിയുള്ള വക്താവ് ഇപ്രകാരം പറയുകപോലും ചെയ്തു: “വെളിപാടിന് ഒരു രാഷ്ട്രീയവിവക്ഷകൂടെ ഉണ്ടായിരുന്നു . . . ഭൂമിയിൽ വികസിതമാകുന്ന ഒരു നാടകമാണത്.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)
വെളിപ്പാടു 17:1, 2-ൽ കാണപ്പെടുന്ന വിവരണത്തോട് എത്ര ചേർച്ചയിലാണിത്. അവിടെ, ക്രൈസ്തവലോകം പ്രമുഖ ഭാഗമായിരിക്കുന്ന വ്യാജമതലോകസാമ്രാജ്യമായ പ്രതീകാത്മക “മഹാവേശ്യ,” “ഭൂമിയിലെ രാജാക്ക”ന്മാരുമായി ആത്മീയ “വേശ്യാവൃത്തി”യിലേർപ്പെടുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു! ആത്മീയമായി ശുദ്ധിയുള്ളവരും ഉണർവുള്ളവരുമായിരിക്കുന്നതിനുപകരം ഓർത്തഡോക്സ് സഭ, ശേഷിച്ച ക്രൈസ്തവലോകത്തെപ്പോലെതന്നെ വിശേഷിച്ചും യഹോവയുടെ സാക്ഷികൾക്കെതിരെ മതപരമായ പീഡനങ്ങൾ ഇളക്കിവിട്ടുകൊണ്ട് അവളുമായി അവിശുദ്ധ സഖിത്വത്തിലാകാൻ രാഷ്ട്രീയ ഭരണാധികാരികളെ വശീകരിച്ചിരിക്കുന്നു.
ഏകീകൃതരല്ല
രണ്ട് ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ ആഘോഷങ്ങളിൽ ഹാജരായിരുന്നില്ല എന്നതു ശ്രദ്ധേയമാണ്. കാരണം? മോസ്കോയിലെ പാത്രിയാർക്കീസായ ആലെക്സ്യോസ് II-ാമൻ ഒരു പ്രതിഷേധപ്രകടനമെന്നനിലയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. തങ്ങളെ മോസ്ക്കോയുടേതിനുപകരം, കോൺസ്റ്റാൻറിനോപ്പിളിന്റെ അധികാരപരിധിയിൻകീഴിലാക്കണമെന്ന ഈസ്റ്റോണിയയിലെയും ഉക്രെയിനിലെയും അതിരൂപതകളുടെ നിവേദനത്തോട് കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയാർക്കീസ് അനുകൂലമായി പ്രതികരിച്ചു എന്നതായിരുന്നു കാരണം. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, “[കോൺസ്റ്റാൻറിനോപ്പിളിന്റെ പാത്രിയാർക്കീസുമാർക്കും] കുറേക്കൂടെ ശക്തമായ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കുമിടയിൽ ഉയർന്നിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണിത്.” “ഓർത്തഡോക്സ് സഭയുടെ ഐക്യത്തിനും അധികാരത്തിനും പ്രവചനാതീതമായ ഭവിഷ്യത്തുകൾ” നേരിടും എന്ന ഭീഷണി ഇത് ഉണർത്തുന്നുവത്രെ.
കൂടാതെ, യെരുശലേമിലെ പാത്രിയാർക്കീസും സിനഡ് ബഹിഷ്കരിക്കുകയുണ്ടായി. കാരണം? ഓസ്ട്രേലിയയിലെ ഓർത്തഡോക്സ് സഭയെ അധീനതയിലാക്കാൻ ശ്രമിച്ചതിന് മൂന്നു വർഷംമുമ്പ് കോൺസ്റ്റാൻറിനോപ്പിളിലെ പാത്രിയാർക്കീസ് തന്നോടു പ്രായശ്ചിത്തകർമം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടതിൽ അദ്ദേഹം രോഷാകുലനായിരുന്നതാണ് കാരണം എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.
ആദ്യം, ജോൺ പോൾ II-ാമൻ പാപ്പായെ ക്ഷണിക്കാനിരുന്നതാണ്. പക്ഷേ, ഓർത്തഡോക്സ് സഭയ്ക്കുള്ളിലെ യാഥാസ്ഥിതിക ഘടകങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയതിന്റെപേരിൽ ഇത് അവസാനനിമിഷം മാറ്റി. 1995 മേയിൽ ഏതെൻസിലെ പ്രശസ്തനായ ഒരു ഓർത്തഡോക്സ് വൈദികൻ പാപ്പായെ “യുദ്ധ കുറ്റവാളി” എന്ന് മുദ്രകുത്തി. ഇത്തരം സാഹചര്യങ്ങളിൽ “പത്മോസിലെ ആഘോഷങ്ങളിൽ പാപ്പായ്ക്കു . . . പങ്കെടുക്കാൻ കഴിയില്ല” എന്ന് പിന്നീടു പ്രഖ്യാപിക്കപ്പെട്ടു.
ഈ ആഘോഷങ്ങൾ നടക്കുമ്പോൾ പത്മോസിന് വെറും 1,500 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ബോസ്നിയയിലും ഹെർട്സെഗോവിനയിലും ഓർത്തഡോക്സ് സഭയിലെയും റോമൻ കത്തോലിക്കാ സഭയിലെയും “ക്രിസ്ത്യാനികൾ” പരസ്പരം കൊന്നുകൊണ്ടിരുന്നതിലെ വിരോധാഭാസം ഈ അവസ്ഥയെ ഏറെ പരിതാപകരമാക്കി!
ആത്മീയ മയക്കത്തിലായ നാമധേയ ക്രിസ്ത്യാനികൾ തങ്ങളെ വിഭജിക്കാൻ വിഭാഗീയതയെ അനുവദിക്കുന്നുവെന്നതു വ്യക്തം! ഈ അനൈക്യത്തെ അപലപിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ഓർത്തഡോക്സ് ആർച്ച്ബിഷപ്പായ യാക്കോവോസ് ഒരു അഭിമുഖത്തിൽ പ്രസ്താവിച്ചു: “ഈ ലോകത്തിലെ പ്രബലർക്കല്ല, മനുഷ്യർക്കു സേവനം ചെയ്യുന്നതിൽ സഭകൾ ഏകീകരിച്ചിരിക്കുന്നതു കാണാനുള്ള നമ്മുടെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. . . . പാത്രിയാർക്കീസുമാരുടെ ആശീർവാദങ്ങൾ . . . ആളുകൾക്കു മതിയായിരിക്കുന്നു.”
“ആഡംബരത്തിന്റെ ഒരു ‘വെളിപാട്’”
“ധനത്തിന്റെ ദുർവ്യയം” എന്നു വിളിക്കപ്പെട്ടത് കടുത്ത സൂക്ഷ്മപരിശോധനയിൻകീഴിൽ വന്നു. വർത്തമാനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “പത്മോസിലെ ആഘോഷത്തിന്റെ നാലു ദിനങ്ങൾ ഒടുവിൽ ആഡംബരത്തിന്റെ ഒരു ‘വെളിപാ’ടായിരുന്നെന്നു തെളിഞ്ഞു. . . . ബൈസാന്റൈൻ പകിട്ട് സഭാചടങ്ങുകളുടെ അതിരുകളെ ലംഘിച്ചു. സഭകൾ ഒത്തുചേരുന്ന ഒരു ചടങ്ങ് ആർഭാടപൂർവമായ ആഘോഷമായി മാറുന്നതിന്റെ ഭീഷണി ഉയർത്തി.” വിശേഷിച്ചും അയലത്തെ ബാൽക്കൻ രാജ്യങ്ങളിലെയും കിഴക്കൻ യൂറോപ്പിലെയും ജനങ്ങളുടെ അതിജീവനം ഭീഷണിയിലായിരിക്കുന്ന ഒരു സമയത്ത് ഈ ആഘോഷങ്ങൾക്കുവേണ്ടി ചെലവഴിച്ച പണത്തുകയിൽ ഒട്ടേറെപ്പേർ ഉത്കണ്ഠാകുലരായിരുന്നു. “അഭൂതപൂർവമായ ഈ ആഘോഷ”ത്തിന്റെ ചെലവ് ഏതാണ്ട് 1 കോടി 70 ലക്ഷം (യു.എസ്.) ഡോളറായിരുന്നുവെന്നു ചില കണക്കുകൾ കാണിക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട സമ്പന്നരായ ചില അതിഥികളെ പാർപ്പിക്കാൻ ആഡംബര ഉല്ലാസനൗകകൾ പത്മോസ് തുറമുഖത്തണഞ്ഞു. ഒരാശുപത്രിയോ നല്ലൊരു സ്കൂൾ കെട്ടിടമോ ഇല്ലെങ്കിലും ഉന്നത സന്ദർശകരിൽ കുറേക്കൂടെ മെച്ചപ്പെട്ട മതിപ്പുളവാക്കാനായി ദ്വീപിലെ സ്ഥിരതാമസക്കാരിൽ വെറുപ്പു ജനിപ്പിക്കുന്നവിധം അവിടെ ഒരവസാന മിനുക്കുപണി നടന്നു.
വെളിപ്പാടു 18:2, 3, 7-ലെ വാക്യങ്ങൾ ഈ സാഹചര്യത്തിന് എത്ര നന്നായി ബാധകമാകുന്നു: ‘ഭൂമിയിലെ വ്യാപാരികൾ [മഹാബാബിലോന്റെ] പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരായി. അവൾ തന്നെത്താൻ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവൾക്കു പീഡയും ദുഃഖവും കൊടുപ്പിൻ!’ സാധാരണക്കാരായ ആളുകൾ ദുരിതമനുഭവിക്കുമ്പോൾ, സാന്ത്വനവും ആത്മീയ സഹായവും നൽകാൻ ഉണർന്നിരിക്കേണ്ടതിനുപകരം ഓർത്തഡോക്സ് സഭ ആത്മീയമായി കഴമ്പില്ലാത്ത ആർഭാടമായ വിരുന്നുകളിൽ മുഴുകിയിരിക്കുകയായിരുന്നു.
വ്യാജ പ്രത്യാശകളെ ഊട്ടിവളർത്തൽ
ഈ ആഘോഷച്ചടങ്ങിൽ നിരവധി സിമ്പോസിയങ്ങളും ചർച്ചകളും നടന്നു. മനുഷ്യവർഗം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പരിഹാരങ്ങൾ നിർദേശിക്കപ്പെട്ടു. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി പ്രവർത്തിക്കാൻ ശാസ്ത്രജ്ഞന്മാരോട് അഭ്യർഥിക്കുന്ന ഒരു പ്രമേയം പുറപ്പെടുവിച്ചു. ദൈവരാജ്യത്തെക്കുറിച്ച് ഒന്നു പരാമർശിക്കുകപോലും ചെയ്തില്ല. എന്നാൽ, അതിൽനിന്നു വ്യത്യസ്തമായി വെളിപാടു പുസ്തകം ബൈബിളിന്റെ മറ്റു ഭാഗങ്ങളോടുള്ള ചേർച്ചയിൽ, യേശുക്രിസ്തുവിന്റെ കരങ്ങളിലെ ദൈവരാജ്യം മാത്രമാണ് മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന് ഊന്നിപ്പറയുന്നു.—വെളിപ്പാടു 11:15-18; 12:10; 21:1-5.
ബൈബിളധിഷ്ഠിതമായ രാജ്യപ്രത്യാശ ക്രൈസ്തവലോകം ഗൗരവമായിട്ടെടുക്കുന്നില്ല എന്നുള്ളതിൽ അതിശയിക്കാനില്ല. നിലവിലുള്ള മനോഭാവത്തെ പ്രതിധ്വനിപ്പിക്കുന്നവിധം പത്മോസിലെ ഒരു സന്ന്യാസിമഠത്തിലുള്ള സന്യാസിമാരിലൊരാൾ ഇപ്രകാരം തുറന്നു സമ്മതിച്ചു: “വെളിപാടിനെ ഒരു പ്രാമാണിക ഗ്രന്ഥമായി ഞങ്ങൾ കരുതുന്നില്ല. സഭകളിൽ വായിക്കപ്പെടാത്ത തിരുവെഴുത്തുകളിൽപെട്ടതാണത്.” ഒരു ദൈവശാസ്ത്രജ്ഞനും ഇപ്രകാരം തന്നെ പറഞ്ഞു: “സംഭവിക്കാൻ പോകുന്നതെന്തെന്നു വിശദമായി വിവരിക്കുന്ന ഒരു ഗ്രന്ഥമെന്നപോലെ വെളിപാടിനെ ലോകചരിത്രവുമായി കൂട്ടിയിണക്കുന്നത് അപകടകരമാണ്. . . . ഇത് പ്രാകൃതമാണ്, അപകടകരമായ ഒരു വ്യാഖ്യാനവുമാണ്.” എത്ര ആഴത്തിലുള്ള ആത്മീയ മയക്കം!
അവർ ഉണർന്നിരിക്കുന്നില്ല
അപ്പോൾ, ക്രൈസ്തവലോകം ഉണർന്നിരിക്കുന്നില്ലെന്നതു സ്പഷ്ടം. ദൈവത്തിന്റെ വചനത്തിലും അവന്റെ വാഗ്ദത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഈ ആഘോഷം, പൊള്ളയായ, പ്രയോജനശൂന്യമായ ഒരു മത “ഉത്സവ”മായിരുന്നു. ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന സഭകളുടെ അവസ്ഥ ലവോദിക്യയിലെ സഭയോട് ഏറെക്കുറെ സമാനമാണ്. ആ സഭയോടു യേശു പറഞ്ഞു: ‘ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കുന്നു.’—വെളിപ്പാടു 3:17.
രസകരമായി, ഓർത്തഡോക്സ് സഭയിലെ കടുത്ത യാഥാസ്ഥിതികനായ ഒരു വ്യക്തി, “ഇതിൽനിന്ന് ഏറ്റവും പ്രയോജനം ലഭിച്ച ഒരേ ഒരു കൂട്ടർ” യഹോവയുടെ സാക്ഷികളാണെന്ന് പരാതിപ്പെടാൻ ഒരു വർത്തമാനപത്രത്തിന് എഴുതി. അദ്ദേഹം അങ്ങനെ ചിന്തിച്ചത് എന്തുകൊണ്ടായിരുന്നു? യോഹന്നാനു ലഭിച്ച വെളിപാടിനും “യഹോവയുടെ സാക്ഷികളുടെ ഉപദേശസംബന്ധമായ നിലപാടിനും ലോകാവസാനകാര്യങ്ങളോടു ബന്ധപ്പെട്ട ഒരു പൊതു അടിസ്ഥാന”മുണ്ടെന്ന് അദ്ദേഹം വിശദമാക്കി. അതേ, ദൈവോദ്ദേശ്യത്തിന്റെ നിവൃത്തി സംബന്ധിച്ച് ജാഗരൂകരായിക്കൊണ്ട് സാക്ഷികൾ “ഉണർന്നിരിപ്പാൻ” ശുഷ്കാന്തിയോടെ ശ്രമിക്കുന്നുവെന്നതു സത്യംതന്നെ. ‘മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാൻ തക്കവണ്ണം ഉണർന്നിരിക്കേണ്ടതിന്’ പരമാർഥഹൃദയമുള്ള ഏവരെയും സഹായിക്കാനും അവർ ഉത്സുകരാണ്.—മത്തായി 24:42; ലൂക്കൊസ് 21:36.
[അടിക്കുറിപ്പ്]
a ക്രൈസ്തവലോകത്തിന്റെ കാലക്കണക്കനുസരിച്ച്, പത്മോസിൽവെച്ച് വെളിപാട് പുസ്തകം (ഗ്രീക്കിൽ അപ്പോക്കലിപ്സിസ്) എഴുതിയതിന്റെ 1,900-ാമത്തെ വാർഷികമായിരുന്നു ആ വർഷം. വെളിപാട് പൊ.യു. 96-ലാണ് എഴുതിയതെന്ന് ആശ്രയയോഗ്യമായ തെളിവുകൾ കാണിക്കുന്നു.
[20-ാം പേജിലെ ആകർഷകവാക്യം]
“ധനത്തിന്റെ ദുർവ്യയ”വും “അഭൂതപൂർവമായ ആഘോഷ”വും
[21-ാം പേജിലെ ആകർഷകവാക്യം]
“പാത്രിയാർക്കീസുമാരുടെ ആശീർവാദങ്ങൾ . . . ആളുകൾക്കു മതിയായിരിക്കുന്നു”
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Garo Nalbandian