ലണ്ടനിലെ ജലവിതരണം—ഒരു പുതിയമാനം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയായ ലണ്ടനിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും പുരോഗതിയാർജിച്ച ജലവിതരണ സംവിധാനങ്ങളിലൊന്നുണ്ട്. അതിന്റെ പണി പട്ടികപ്പെടുത്തിയിരുന്ന സമയത്തിനു രണ്ടു വർഷം മുമ്പു പൂർത്തിയായി, ഏതാണ്ട് 37.5 കോടി ഡോളർ ചെലവും വന്നു. അതിന്റെ നിർമിതിയിൽ നേടിയെടുത്ത വൈദഗ്ധ്യം ഇപ്പോൾത്തന്നെ മറ്റു രാജ്യങ്ങൾക്കു പണത്തിനു കൈമാറിക്കൊണ്ടിരിക്കുന്നു.
അത്തരം ചെലവേറിയ ഒരു പദ്ധതി ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്, അത് എന്തു നേട്ടമാണു കൈവരിച്ചത്?
പഴയതിനുപകരം പുതിയത്
ലണ്ടനിലെ ഏറ്റവും പഴക്കമുള്ള കേന്ദ്ര ജലവാഹി 1838-ലാണു നിർമിച്ചത്. നാൽപ്പതു വർഷം പിന്നിട്ടിട്ടും, നഗരത്തിലെ കൂടുതൽ ദരിദ്രമായ പ്രദേശങ്ങളിലെ തെരുവിൽ സ്ഥാപിച്ചിരിക്കുന്ന പൊതു പൈപ്പുകളിൽനിന്നും ബക്കറ്റുകളിൽ വെള്ളം കൊണ്ടുപോയിരുന്നു. “അതിരാവിലെ ഒരാൾ താക്കോലുമായി വന്നു ടാപ്പു തുറക്കുന്നത് ഒരു പ്രധാന സംഭവമായിരുന്നു, . . . കാരണം, താക്കോലുള്ള ആ അധികൃതൻ പോയാൽപ്പിന്നെ പിറ്റേന്നു രാവിലെവരെ ഒരു തുള്ളി വെള്ളം പോലും എടുക്കാനാവില്ല,” ഒരെഴുത്തുകാരി വിവരിക്കുന്നു.
റോഡിന്റെ ഉപരിതലങ്ങൾക്കടിയിലായി വ്യത്യസ്ത ആഴങ്ങളിൽ ഇരുമ്പുകൊണ്ടുള്ള പ്രധാന ജലവാഹികളും കെട്ടിടങ്ങളിലേക്കുള്ള കുഴലുകളും സ്ഥാപിച്ചുകൊണ്ട് ഓരോ ഭവനത്തിലേക്കും ഈ ജലവിതരണം വ്യാപിപ്പിച്ച വിക്ടോറിയൻ എഞ്ചിനീയർമാർ ഒരു വിദഗ്ധ വേലയാണു നിർവഹിച്ചത്. എന്നിരുന്നാലും, മോട്ടോർ ഗതാഗതത്തിന്റെ വർധിച്ച അളവും ഭാരവും കമ്പനവും അതോടൊപ്പം മതിയായ അളവിൽ വെള്ളം ദീർഘദൂരം—ചിലപ്പോൾ 30 കിലോമീറ്റർവരെ—എത്തിക്കുന്നതിനാവശ്യമായ കൂടുതൽ പമ്പിങ് മർദവും അന്നുമുതൽ പ്രധാന കുഴലുകൾ പൊട്ടുന്നതിനിടയാക്കിയിരിക്കുകയാണ്. പ്രധാന ജലവാഹി നന്നാക്കുന്നതിനായി റോഡുകൾ അടയ്ക്കേണ്ടിവരുമ്പോൾ ഇതു ഗതാഗത കുഴപ്പത്തിന് ഇടയാക്കുന്നു. ഇംഗ്ലണ്ടിലെ ജലസംഭരണികളിൽനിന്ന് എടുക്കുന്ന ജലത്തിന്റെ 25 ശതമാനവും ജലമെത്തിക്കുന്ന പൈപ്പുകളിലെ തകരാറുകൾ മൂലം നഷ്ടപ്പെടുന്നതായി കണക്കാക്കപ്പെടുന്നു.
മാത്രമല്ല, ലണ്ടനിൽ വെള്ളത്തിന്റെ ആവശ്യം കഴിഞ്ഞ 150 വർഷമായി വർധിച്ചിരിക്കുന്നു—അതായത് ദിനംതോറും 33 കോടി ലിറ്ററായിരുന്നതിൽനിന്ന് ഇരുനൂറു കോടിയിലധികം ലിറ്ററായിത്തീർന്നിരിക്കുന്നു അത്. അലക്കുയന്ത്രങ്ങളും പാത്രം കഴുകുന്നതിനുള്ള യന്ത്രങ്ങളും കാർ കഴുകലും വരണ്ട വേനൽക്കാലങ്ങളിൽ പൂന്തോട്ടങ്ങൾ നനയ്ക്കുന്നതുമെല്ലാം ആവശ്യം വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്നു. തലസ്ഥാനനഗരിയിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തേണ്ടത് ഒരു അടിയന്തിരാവശ്യമായിത്തീർന്നു. എന്നാൽ എന്തു ചെയ്യാൻ കഴിയുമായിരുന്നു?
വലുതായി ചിന്തിക്കുന്നു
അതേ റോഡുകളുടെ കീഴിൽ കൂടുതൽ ശക്തമായ പൈപ്പുകൾ സ്ഥാപിച്ചുകൊണ്ട് പഴയ പൈപ്പുകൾ മാറ്റുന്നത് അസാധ്യമായിരുന്നു. ലണ്ടൻകാർക്ക് അസൗകര്യം പ്രശ്നമായിരുന്നതുപോലെതന്നെ ചെലവുകളും ഇതിനു പ്രതിബന്ധം സൃഷ്ടിച്ചു. അങ്ങനെ, പത്തു വർഷം മുമ്പ് തെയിംസ് വാട്ടർ റിങ് മെയിൻ (തെയിംസ് നദീജലം കൊണ്ടുപോകുന്ന വൃത്താകാരത്തിലുള്ള പ്രധാന കുഴൽ) പദ്ധതി രൂപീകരിക്കപ്പെട്ടു. അത് ലണ്ടന്റെ ജലവിതരണ വൻതോതിൽ വർധിപ്പിക്കുമായിരുന്നു. നഗരത്തിനടിയിൽ 40 മീറ്റർ എന്ന ശരാശരി ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതും ഓരോ ദിവസവും നൂറു കോടി ലിറ്ററിലധികം വെള്ളം കൊണ്ടുപോകാൻ കഴിവുള്ളതുമായ, 80 കിലോമീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള പ്രധാന ജലവാഹി അഥവാ തുരങ്കമാണ് പദ്ധതി. വൃത്താകാരത്തിലുള്ള അത്തരം പ്രധാന കുഴൽ ഇരുദിശകളിൽ ഏതൊന്നിലേക്കുമുള്ള പ്രവാഹം നിയന്ത്രിക്കാൻ സഹായിക്കുന്നു, അങ്ങനെ കേടുപോക്കുന്നതിനായി ഏതൊരു ഭാഗത്തിന്റെയും പ്രവർത്തനം ഏതൊരു സമയത്തും നിർത്തിവയ്ക്കാൻ സാധിക്കുന്നു. ജല സംസ്കരണ പ്ലാന്റുകളിൽനിന്നുള്ള ജലം ഗുരുത്വാകർഷണശക്തിമൂലം തുരങ്കത്തിലേക്ക് ഒഴുകുന്നതായിരിക്കും. എന്നിട്ട് അത് പ്രാദേശികമായി നിലവിലുള്ള പ്രധാനജലവിതരണ കുഴലുകളിലേക്കോ ജലസംഭരണികളിലേക്കോ നേരിട്ടു പമ്പു ചെയ്യപ്പെടുന്നു.
ബ്രിട്ടനിലെ ഏറ്റവും നീളമുള്ള തുരങ്കം ഇത്ര ആഴത്തിലായിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ലണ്ടന്റെ ഭൂഗർഭ ഭാഗം 12 റെയിൽവേ സമ്പ്രദായങ്ങളാലും ജനോപകാര സംവിധാനങ്ങളുടെ പതിവു സമുച്ചയങ്ങളാലും ഇടതൂർന്നതാണ്. വ്യക്തമായും തുരങ്കം ഇവയെയൊന്നും തൊടാത്ത വിധത്തിൽ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തെ സർവേയിൽ കണ്ടുപിടിക്കാതെ പോയിരുന്ന, ഒരു കെട്ടിടത്തിന്റെ ആഴത്തിലുള്ള അസ്തിവാര തൂണുകൾ എഞ്ചിനീയർമാർ യാദൃച്ഛികമായി കണ്ടെത്തിയപ്പോൾ പത്തിലധികം മാസത്തേക്കു പണി താമസിച്ചു.
നിർമാണം പല ഘട്ടങ്ങളിലായിട്ടാണു പട്ടികപ്പെടുത്തിയിരുന്നത്. ലണ്ടനിലെ കളിമണ്ണിലൂടെ കുഴിക്കുമ്പോൾ വലിയ പ്രശ്നങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ റ്റൂട്ടിങ് ബെക്കിലെ തെയിംസിന്റെ തെക്കുള്ള ആദ്യ സ്ഥാനത്തു തുരങ്ക നിർമാണം ഒന്നിലധികം വർഷത്തേക്ക് ഉപേക്ഷിക്കേണ്ടിവന്നു. അവിടെ തുരങ്ക നിർമാതാക്കൾ ഉയർന്ന മർദത്തിൽ സ്ഥിതിചെയ്യുന്ന വെള്ളമടങ്ങിയ ഒരു മണൽപാളി കണ്ടെത്തി. അത് അവസാനം തുരക്കൽ യന്ത്രത്തെ മൂടിക്കളഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി, തുരന്നുണ്ടാക്കിയ രന്ധ്രങ്ങളിലൂടെ ന്യൂനം 28° സെൽഷ്യസിൽ ഉപ്പു ലായനി പരിക്രമണം ചെയ്യിച്ചുകൊണ്ട് നിലം തണുത്തുറച്ചതാക്കാൻ കോൺട്രാക്ടർമാർ തീരുമാനിച്ചു. സമീപത്ത് മറ്റൊരു ഷാഫ്റ്റ് അടിച്ചിറക്കിക്കൊണ്ട് അവർക്കു മഞ്ഞുകട്ട കുഴിക്കാനും മൂടിപ്പോയ യന്ത്രം വീണ്ടെടുത്തു തുളയ്ക്കൽ തുടരുന്നതിനും കഴിഞ്ഞു.
തുരങ്കത്തിനു കോൺക്രീറ്റ് ലൈനിങ് കൊടുക്കുന്ന ഒരു പുതിയ സംവിധാനം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് എഞ്ചിനീയർമാർ ഈ അനുഭവത്തിലൂടെ മനസ്സിലാക്കി. അസ്ഥിരമായ അത്തരം നിലത്തിന്റെ പ്രശ്നങ്ങളെ തരണം ചെയ്യാൻ ഒരു വ്യത്യസ്ത ഇനം തുരങ്ക നിർമാണ യന്ത്രം ആവശ്യമാണെന്നുള്ളതും സ്പഷ്ടമായിത്തീർന്നു. കാനഡയിൽനിന്നുള്ള ഒരു ഭൗമ മർദ സന്തുലന യന്ത്രമായിരുന്നു പ്രതിവിധി. ഇവ മൂന്നെണ്ണം വാങ്ങി. അതിന്റെ ഫലമായി തുരങ്ക നിർമാണത്തിന്റെ വേഗത മാസത്തിൽ 1.5 കിലോമീറ്ററായി ഇരട്ടിച്ചു.
കമ്പ്യൂട്ടർ നിർമിതി
ഷാഫ്റ്റിന്റെ സ്ഥാനങ്ങൾ സംബന്ധിച്ച് ദൃശ്യ-രേഖാ (line–of–sight) അളവുകൾ എടുക്കുന്നതിനായി മേൽത്തട്ടിൽനിന്നു ഭൂമാപനക്കുഴൽ ഉപയോഗിച്ചുള്ള പരമ്പരാഗതമായ ഭൂസർവേകൾ നടത്തി. അതിനുശേഷം ഇതിന്റെ ഫലങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചു പരിശോധിച്ചു. ആരംഭത്തിൽ ഈ രീതി മതിയായിരുന്നു, എന്നാൽ തുരങ്ക നിർമാണം ആരംഭിച്ചപ്പോൾ ഭൂമിക്കടിയിൽ കൃത്യമായി അവ കൂട്ടിയോജിക്കപ്പെടുന്നുവെന്ന് എങ്ങനെ ഉറപ്പുവരുത്താൻ കഴിയുമായിരുന്നു?
ഇവിടെ, ആഗോള സ്ഥാനക്രമീകരണ വ്യവസ്ഥ (ജിപിഎസ്) എന്ന സംവിധാനത്തിലൂടെ ആധുനിക സാങ്കേതികവിദ്യ കടന്നുവന്നു. ഭൂമിയെ ഭ്രമണം ചെയ്യുന്ന ഒരു ജിപിഎസ് ബഹിരാകാശപേടകത്തോടു ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഉപഗ്രഹ റിസീവറാണ് ഈ സർവേ സജ്ജീകരണത്തിലുള്ളത്. ഭ്രമണംചെയ്യുന്ന അനേകം ഉപഗ്രഹങ്ങളിൽനിന്നുള്ള സംജ്ഞകൾ ഈ സജ്ജീകരണത്തിനു താരതമ്യം ചെയ്യാൻ കഴിഞ്ഞു. ഈ അളവുകളെല്ലാം കമ്പ്യൂട്ടർവഴി ഏകോപിപ്പിച്ചു കഴിഞ്ഞപ്പോൾ എല്ലാ 21 ഷാഫ്റ്റുകളുടെയും തുരന്നുണ്ടാക്കിയ 580 രന്ധ്രങ്ങളുടെയും സ്ഥാനങ്ങൾ ഓർഡൻസ് സർവേ മാപ്പുകളിലെ റൂട്ടിലുടനീളം ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ ഡേറ്റായാൽ സജ്ജീകൃതരായ തുരങ്ക നിർമാതാക്കൾക്കു കൃത്യതയുള്ള മാർഗനിർദേശം ലഭിച്ചു.
കമ്പ്യൂട്ടർ നിയന്ത്രണം
60 ലക്ഷം ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതു നിസ്സാര പണിയൊന്നുമല്ല. ആവശ്യം കാലംതോറും മാത്രമല്ല, ദിനംതോറും വ്യത്യാസപ്പെടാം. എല്ലായ്പോഴും കൃത്യമായ ജലമർദവും ഗുണമേൻമയും നിലനിർത്തപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായി 24 മണിക്കൂർ നിരീക്ഷണം നടത്തേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. ഈ ജീവത്പ്രധാനമായ ഏകോപനം സാധ്യമാകുന്നതെങ്ങനെ? 50 ലക്ഷം ഡോളർ വിലയുള്ള ഒരു കമ്പ്യൂട്ടർ നിയന്ത്രണ സംവിധാനം മുഖേന.
ഓരോ ഷാഫ്റ്റ് പമ്പിനെയും അതിന്റേതായ കമ്പ്യൂട്ടറാണു നിയന്ത്രിക്കുന്നത്. ചെലവുകുറഞ്ഞതും ഉപയോഗം അധികമില്ലാത്തപ്പോഴത്തേതുമായ വൈദ്യുതി പ്രയോജനപ്പെടുത്തിക്കൊണ്ട് ചെലവ് ഏറ്റവും കുറഞ്ഞതോതിൽ നിലനിർത്തുന്നു. ലണ്ടന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഹാംപ്റ്റണിലെ മാസ്റ്റർ കമ്പ്യൂട്ടറുകൾ മുഴു ശൃംഖലയെയും നിയന്ത്രിക്കുന്നു. കമ്പ്യൂട്ടറുകൾ, തുരങ്ക ഭിത്തികളിലെ നാളികളിൽ ഉറപ്പിച്ചിരിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകളിൽനിന്നു ഡേറ്റ ശേഖരിക്കുകയും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ മോണിറ്ററുകൾ വഴി അതു റിലേ ചെയ്യുകയും ചെയ്യുന്നു.
ജലത്തിന്റെ ഗുണമേൻമ ദിവസംതോറും ആഴ്ചതോറും മാസംതോറും പരിശോധിക്കുന്നു. “ജലത്തിന്റെ ഗുണമേൻമാ പരിശോധനയിൽ 120 പദാർഥങ്ങൾക്കുവേണ്ടിയുള്ള 60 നിർബന്ധിത പരിശോധനകളുണ്ട്. നൈട്രേറ്റുകൾ, അൽപ്പ മൂലകങ്ങൾ, കീടനാശിനികൾ, മറ്റു രാസ ലായകങ്ങൾ എന്നീ പദാർഥങ്ങൾക്കുവേണ്ടിയുള്ള വിശ്ലേഷണങ്ങൾ അവയിൽ ഉൾപ്പെടുന്നു” എന്ന് ദ ടൈംസ് പത്രം വിശദീകരിക്കുന്നു. ഈ അളവെടുക്കലുകൾ ഇപ്പോൾ ഓട്ടോമാറ്റിക്കായി നടത്തപ്പെടുന്നു, വ്യാഖ്യാനത്തിനും ആവശ്യാനുസരണം നടപടി സ്വീകരിക്കുന്നതിനുമായി അവ കമ്പ്യൂട്ടർ ആസ്ഥാനത്തേക്കു റിലേ ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ സ്വാദു പരിശോധിക്കുന്നവർ ഗുണമേൻമ സംബന്ധിച്ച് ആനുകാലിക വിലയിരുത്തലുകൾ നടത്തുന്നു.
മുൻകൂട്ടി ചിന്തിക്കുന്നു
ആധുനിക എഞ്ചിനീയറിങ്ങിന്റെ ഈ അത്ഭുതം, ഗ്രേറ്റർ ലണ്ടന്റെ 1,500-ലധികം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജനസംഖ്യയ്ക്ക് ഇപ്പോൾത്തന്നെ 58.3 കോടി ലിറ്റർ കുടിവെള്ളം ദിവസവും പ്രദാനം ചെയ്യുന്നുണ്ട്. പൂർണമായി പ്രവർത്തനോത്മുഖമാകുമ്പോൾ അതു മറ്റു വിതരണ സ്രോതസ്സുകളുടെ സമ്മർദം നീക്കംചെയ്തുകൊണ്ട് ഇപ്പോഴത്തെ ആവശ്യത്തിന്റെ ഏതാണ്ട് 50 ശതമാനം നിറവേറ്റും.
ഇതും മതിയാകുകയില്ല. അതുകൊണ്ട്, വൃത്താകാരത്തിലുള്ള പ്രധാന കുഴലിനെ അടുത്ത നൂറ്റാണ്ടിന്റെ ആരംഭത്തിൽ 60 കിലോമീറ്റർ കൂടി വികസിപ്പിക്കാനുള്ള ആസൂത്രണങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. സത്യമായും ഒരു വിഷമപ്രശ്നത്തിന് വിദഗ്ധ പരിഹാരം തന്നെ!
[15-ാം പേജിലെ രേഖാചിത്രം]
മറ്റു തുരങ്ക സേവനങ്ങളുടെ അടിയിലായുള്ള പ്രധാന ജലവാഹി കാണിക്കുന്ന, ലണ്ടന്റെ കീഴ്ഭാഗത്തിന്റെ പരിച്ഛേദം
തെ
പുതിയ പ്രധാന ജലവാഹിയും ഷാഫ്റ്റുകളും
തെയിംസ് നദി
ഭൂഗർഭ റെയിൽവേ തുരങ്കങ്ങൾ
വ
[കടപ്പാട്]
Based on photograph: Thames Water
[16-ാം പേജിലെ ചിത്രം]
പ്രധാന ജലവാഹിയായ തുരങ്കം നിർമിക്കുന്ന യന്ത്രം
[കടപ്പാട്]
Photograph: Thames Water
[17-ാം പേജിലെ ചിത്രം]
പ്രധാന ജലവാഹിയുടെ നിർമാണ പ്രവർത്തനം
[കടപ്പാട്]
Photograph: Thames Water