യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ കമ്പ്യൂട്ടർ, വീഡിയോ കളികളിൽ ഏർപ്പെടണമോ?
അവ നിങ്ങളെ വളഞ്ഞിരിക്കുന്നു! എന്നാൽ നിങ്ങൾ ഒട്ടും നിസ്സഹായനല്ല. ലേസർ പീരങ്കികൾകൊണ്ടു നിങ്ങൾ വെടിവെക്കുന്നു, നിങ്ങളുടെ ശത്രുക്കളെ ഗോതമ്പുപോലെ അരിഞ്ഞുമാറ്റുന്നു. വെടിവെക്കുന്തോറും കൂടുതൽ കൂടുതൽ ശത്രുക്കൾ പ്രത്യക്ഷപ്പെടുന്നു എന്നതാണു പ്രശ്നം. അതുകൊണ്ട്, അതിജീവിക്കണമെങ്കിൽ നിങ്ങൾക്ക് ഒറ്റ വഴിയേ ഉള്ളൂ—കണ്ണിൽ കാണുന്നതിനെയൊക്കെ കൊല്ലുക. നിങ്ങൾ വെടിവെക്കവേ, ശത്രുക്കൾ ചോരപ്പുഴയിൽ മരിച്ചുവീഴുന്നു . . .
“നട്ടെല്ലു പിളർക്കുന്നതും മാംസം പിച്ചിച്ചീന്തുന്നതും തല തെറിപ്പിക്കുന്നതുമൊക്കെയുള്ള വിനോദം”! പ്രചാരത്തിലുള്ള ഏറ്റവും പുതിയ ഒരിനം കമ്പ്യൂട്ടർ കളിയെ ഒരു മാഗസിൻ എഴുത്തുകാരൻ ഉത്സാഹപൂർവം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. വാസ്തവത്തിൽ, ത്രസിപ്പിക്കുന്നതരം സങ്കൽപ്പങ്ങളെ അഭിനയിച്ചുകാണിക്കാൻ കളിക്കാരെ അനുവദിക്കുന്ന കമ്പ്യൂട്ടർ, വീഡിയോ കളികളുടെ പുതിയ ഇനങ്ങളിൽപെട്ട ഒന്നുമാത്രമാണിത്. രക്തമയമായ, മിക്കപ്പോഴും ക്രൂരതയിൽ നിർവൃതിയടയുന്ന അക്രമാസക്തമായ ഈ കളികളുമായി താരതമ്യം ചെയ്യുമ്പോൾ മുൻ ഇനങ്ങൾ ഏറെക്കുറെ മയമുള്ളതായി തോന്നിക്കുന്നു.
എങ്കിൽപോലും, അക്രമാസക്തമായ വീഡിയോ, കമ്പ്യൂട്ടർ കളികൾ യുവജനങ്ങൾക്കിടയിൽ പ്രചുരപ്രചാരമുള്ളതാണ്. ഐക്യനാടുകളിലെ മൂന്നിലൊന്നു ഭവനങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്ക് വിനോദ സംവിധാനങ്ങൾ ഉള്ളതിനാൽ കോടിക്കണക്കിനു യുവജനങ്ങൾക്ക് അവ പ്രാപ്യമാണ്. അത്തരം സജ്ജീകരണങ്ങളില്ലാത്ത ഭവനങ്ങളിലെ യുവജനങ്ങൾക്കാണെങ്കിൽ, ഈ കളികളിലേർപ്പെടുന്നതിനു സുഹൃത്തിന്റെ വീട്ടിലേക്കോ സ്ഥലത്തെ വീഡിയോ വിനോദകേന്ദ്രത്തിലേക്കോ ഒന്നു നടന്നാൽ മാത്രം മതിയാകും.
നിങ്ങളെ സംബന്ധിച്ചോ? ഈ പുതിയ ഗെയിമുകളിൽ ചിലതു വാങ്ങാനോ—കുറഞ്ഞപക്ഷം പരീക്ഷിച്ചുനോക്കാനോ—നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ടോ? വസ്തുതകളെല്ലാം പരിശോധിച്ചുകഴിയുമ്പോൾ അപ്രകാരം ചെയ്യാൻ നിങ്ങൾ രണ്ടാമതൊന്നു ചിന്തിച്ചേക്കാം.
കളികളെല്ലാം ഒരുപോലെയല്ല!
എല്ലാ വീഡിയോ, കമ്പ്യൂട്ടർ കളികളും ആക്ഷേപകരമോ അക്രമാസക്തമോ അല്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കിക്കൊള്ളട്ടെ. ഒട്ടേറെ ഗെയിമുകൾ വിദ്യാഭ്യാസമൂല്യമുള്ളതാണ്; ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ടൈപ്പിങ് തുടങ്ങിയ വിഷയങ്ങൾ സജീവവും രസകരവുമായ വിധത്തിൽ അവ പഠിപ്പിക്കുന്നു. മറ്റുചില ഗെയിമുകളാകട്ടെ ബാസ്ക്കറ്റ് ബോളും ഹോക്കിയും പോലുള്ള സ്പോർട്സുകളെ അനുകരിച്ചുകൊണ്ട് സ്പന്ദത്തിനു (Reflexes) വെല്ലുവിളി ഉയർത്തുന്നു. മനസ്സിനെ അമ്പരപ്പിക്കുന്നതും തൊട്ടുണർത്തുന്നതുമായ ഉയർന്ന സാങ്കേതികവിദ്യാ വിഷമപ്രശ്നങ്ങളുമുണ്ട്.
ഏറ്റവും നല്ല ഗെയിമുകൾപോലും വളരെയധികം സമയം കവർന്നെടുത്തേക്കാമെന്നതു സത്യമാണ്. ‘സമയം വിലയ്ക്കു വാങ്ങാൻ’, അതായത്, ജ്ഞാനപൂർവം ആത്മീയകാര്യങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 5:16, NW) എന്നാൽ ഉണർന്നിരി ക്കുന്ന സമയമെല്ലാംതന്നെ വേല ചെയ്യാനോ പഠിക്കാനോ ചെലവിടണമെന്നു ബൈബിൾ ആവശ്യപ്പെടുന്നില്ല. മറിച്ച്, “ചിരിക്കാൻ ഒരു കാലം . . . തുള്ളിക്കളിക്കാൻ ഒരു കാലം” എന്ന് അതു നമ്മെ അനുസ്മരിപ്പിക്കുന്നു. (സഭാപ്രസംഗി 3:4, NW) മിതമായി നടത്തുന്നപക്ഷം, വിനോദപരിപാടികൾ ഉല്ലാസം പകരുന്നതും ആരോഗ്യാവഹവുമായിരിക്കും.
എന്നിരുന്നാലും, ഇവയിൽ ഒട്ടേറെ കളികളും കളിക്കാരുടെ സമയം അമിതമായി നഷ്ടപ്പെടുത്തത്തക്കവിധം രൂപകൽപ്പന ചെയ്തിരിക്കുന്നതായി കാണപ്പെടുന്നുവെന്നു നാം മനസ്സിലാക്കണം. ഇവയിൽ ചിലതിൽ, കളി തീരുന്നതിനുമുമ്പ് കൂടുതൽ വിഷമം പിടിച്ചതും സങ്കീർണവുമായ നിരവധി ഘട്ടങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ടെന്നു കളിക്കാരൻ മനസ്സിലാക്കുന്നതിനുമുമ്പ്, കളിയുടെ ഒരു പ്രത്യേക ഘട്ടത്തിൽ വൈദഗ്ധ്യം നേടുന്നതിനായി അയാൾ മണിക്കൂറുകൾ ചെലവിടുന്നു! ഏറെ ശ്രമത്തിന് അൽപ്പനേട്ടം ലഭിക്കുന്നതായി കാണപ്പെടുന്ന കളികളുമുണ്ട്. ഡാൻ, സാം എന്ന രണ്ട് ക്രിസ്തീയ ജഡിക സഹോദരന്മാർ, ഗണിതശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായകമെന്നു തോന്നിയ ഒരു പ്രത്യേക കളിയിൽ ഉത്സാഹപൂർവം ഏർപ്പെട്ടു. എന്നാൽ, കണക്ക് സ്ക്രീനിൽ ചെയ്യുന്നതിനേക്കാൾ വേഗത്തിൽ കടലാസിൽ ചെയ്യാമെന്ന് അവർ താമസിയാതെ മനസ്സിലാക്കി!
അതുകൊണ്ട്, സാമാന്യം ആരോഗ്യാവഹമായ കളികളുടെ കാര്യത്തിൽപോലും വിവേചന ഉപയോഗിക്കേണ്ടതുണ്ട്. ഡാനും സാമും പറയുന്നു: “ശ്രദ്ധാപൂർവം ഷോപ്പിങ് നടത്തുകയാണെങ്കിൽ നിങ്ങൾക്കു പൊതുവേ നല്ല ഇനം കളി കണ്ടെത്താനാവും.” എന്നിരുന്നാലും, ഒരു വ്യക്തിയെ പെട്ടെന്നു വിരസതയിൽ കൊണ്ടെത്തിക്കാൻ മാത്രം ഉതകുന്ന ഗെയിമുകൾക്കുവേണ്ടി വളരെയേറെ പണം ചെലവിടുന്നത് ഒഴിവാക്കുന്നതു തീർച്ചയായും ന്യായയുക്തമായി തോന്നുന്നു. ഒരു പിതാവ് തന്റെ പുത്രന്മാരെ, അവർ സ്കൂളിൽ പഠിക്കുന്ന വിഷയങ്ങളിൽ സഹായിക്കുന്നതരം വീഡിയോ ഗെയിമുകളിൽ മാത്രം ഒതുങ്ങിനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
അവയുടെ കുടില വശം
ഖേദകരമെന്നു പറയട്ടെ, എല്ലാ കമ്പ്യൂട്ടർ, വീഡിയോ ഗെയിമുകളും ദോഷരഹിതമായ വിനോദങ്ങളല്ല—വിദ്യാഭ്യാസമൂല്യം കുറവാണുതാനും. ഇന്നത്തെ ഒട്ടേറെ സോഫ്റ്റ്വെയർ വിനോദങ്ങൾ, “ജഡത്തിന്റെ പ്രവൃത്തികൾ” എന്നു ബൈബിൾ വിളിക്കുന്നവയെ—ദൈവം കുറ്റം വിധിക്കുന്ന അശുദ്ധമായ പ്രവൃത്തികളെ—കേന്ദ്രീകരിച്ചുള്ളതാണ്. ഇത്തരം കുറ്റം വിധിക്കപ്പെട്ട “പ്രവൃത്തിക”ളിൽപെട്ടതാണ് “ആത്മവിദ്യാചാരം.” (ഗലാത്യർ 5:19-21, NW) ജാലവിദ്യ തീർച്ചയായും യഹോവയാം ദൈവത്തെ സംബന്ധിച്ചിടത്തോളം ‘വെറുക്കപ്പെട്ടതു’തന്നെ.—ആവർത്തനപുസ്തകം 18:10-12.
എങ്കിലും, ഇക്കാലത്തെ ഒട്ടേറെ ഗെയിമുകൾ ആത്മവിദ്യയിലും ജാലവിദ്യയിലും മുക്കിയെടുത്തവയാണ്! ഒരു കളിയിൽ ജയിക്കണമെങ്കിൽ “മന്ത്രോച്ചാരണങ്ങൾ” പ്രയോഗിക്കണം. കളിക്കാർക്കു ലഭിക്കുന്ന നിർദേശം ഇതാണ്: “നിങ്ങൾ മന്ത്രോച്ചാരണം നടത്താൻ തയ്യാറായിക്കഴിഞ്ഞാൽ മെനുവിലെ വലത്തെ കോണിലെ അടിയിലുള്ള മിന്നൽപിണറിൽ ക്ലിക്ക് ചെയ്യുക, എന്നിട്ടു നിങ്ങൾക്കു കൊല്ലേണ്ട ജീവിയുടെമേൽ ക്ലിക്ക് ചെയ്യുക.” ഇത്തരം കളികൾ സാത്താന്യ ശക്തികളെ സംബന്ധിച്ച ആരോഗ്യാവഹമല്ലാത്ത ജിജ്ഞാസ വളർത്തിയെടുക്കുകയില്ലേ?
ബീഭത്സമായ അക്രമങ്ങൾ ഒരുവൻ കാണുന്നതിനെ സംബന്ധിച്ചോ? “എതിരാളിയുടെ ഹൃദയം പറിച്ചെടുക്കുന്ന”തും “രക്തരക്ഷസുകൾ നാമമാത്ര വസ്ത്രധാരികളായ കുമാരിമാരുടെ ശരീരം തുരക്കുന്ന”തും പ്രദർശിപ്പിക്കുന്ന രണ്ടു പ്രചാരമേറിയ ഗെയിമുകളെക്കുറിച്ച് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. കമ്പ്യൂട്ടർവത്കൃത രക്തച്ചൊരിച്ചിൽ ദോഷരഹിതമായ സങ്കൽപ്പമായി ചിലർ തള്ളിക്കളഞ്ഞേക്കാമെങ്കിലും, സങ്കീർത്തനം 11:5-ൽ ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: ‘യഹോവ നീതിമാനെയും ദുഷ്ടനെയും ശോധന ചെയ്യുന്നു. അക്രമത്തെ സ്നേഹിക്കുന്നവനെ അവന്റെ ദേഹി തീർച്ചയായും വെറുക്കുന്നു.’—യെശയ്യാവു 2:4 താരതമ്യം ചെയ്യുക.
തരംതാണ അശ്ലീലവും കമ്പ്യൂട്ടർ സ്ക്രീനിൽ കൊണ്ടുവരാൻ സാധിക്കും. ആക്ഷേപകരമായ കളികൾക്കെതിരെ മുന്നറിയിപ്പുനൽകാൻ യു.എസ്. ഗെയിം നിർമാതാക്കൾ ഒരു തരംതിരിക്കൽ പദ്ധതി നിർമിക്കത്തക്കവണ്ണം നഗ്നതയും സുവ്യക്തമായ ലൈംഗികതയും അത്രയ്ക്കു സർവസാധാരണമായ കാഴ്ചകളായിത്തീർന്നു. എങ്കിലും, ചില്ലറക്കച്ചവടക്കാരിലാരുംതന്നെ കുട്ടികൾക്കു വിൽപ്പന നടത്തുന്നതിനു കടിഞ്ഞാണിടാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. “സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കു വേണ്ടതു നൽകുക എന്നതു മാത്രമാണ് ഞങ്ങളുടെ കടമ,” ഒരു സ്റ്റോർ ക്ലാർക്ക് പറയുന്നു. എങ്കിലും, ‘ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന പ്രതിരൂപങ്ങൾ കാണുന്നത്, ‘നീതിയും നിർമലവും രമ്യവും സൽക്കീർത്തിയും’ ആയ കാര്യങ്ങളിൽ മനസ്സിനെ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കുമോ?’ എന്നു സ്വയം ചോദിക്കുക.—ഫിലിപ്പിയർ 4:8.
ആസക്തരോ!
കമ്പ്യൂട്ടർവത്കൃത കളികൾ യുവജനങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നതിനെച്ചൊല്ലി വിദഗ്ധർ സംവാദം നടത്തുന്നു എന്നതു ശരിതന്നെ. “ചീത്ത പെരുമാറ്റത്തിന്റെ മൂലകാരണം” ഇത്തരം ഗെയിമുകൾ “അല്ല” എന്ന് ന്യൂ സയൻറിസ്റ്റിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു പഠനം, ശുഭാപ്തിവിശ്വാസത്തോടുകൂടി നിഗമനം ചെയ്തു. എന്നിരുന്നാലും ആ പഠനത്തിൽ സർവേ ചെയ്യപ്പെട്ട 97 ശതമാനം കുട്ടികൾ “ആ കളികളോട് ആസക്തിയുണ്ടാകാൻ സാധ്യതയുള്ളതായി കരുതി.” “കൂടുതൽ പണം നൽകാൻ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന”തുകൊണ്ട് വിനോദകേന്ദ്രങ്ങളിലെ കളികൾ വിശേഷിച്ചും ദോഷകരമാണെന്നു യുവജനങ്ങൾ പറഞ്ഞു.
ഈ കളികൾക്കു വാസ്തവമായും ആസക്തി ജനിപ്പിക്കാനാവുമോ? ചില കളിക്കാരിൽ അപ്രകാരമാണെന്നു കാണപ്പെടുന്നു. ഒരു യുവതി ഉണരുക!യോടു പറഞ്ഞു: “ഒരുവന് ആകെ ചിന്തിക്കാൻ കഴിയുന്നത്, കളിയുടെ അന്ത്യത്തിലെത്തി ജയിക്കുന്നതിനെക്കുറിച്ചു മാത്രമാണ്.” ഇതേവിധത്തിൽ ഒരു യുവാവും അനുസ്മരിക്കുന്നു: “എല്ലാവരെയും കൊന്ന് കളിയുടെ അടുത്ത ഘട്ടത്തിലേക്ക് എപ്രകാരം കടക്കാം എന്നതു ചിന്തിച്ചു ഞാൻ മണിക്കൂറുകൾ ചെലവിട്ടു.”
ഒരു കളിയിൽ ഒരിക്കലും അത്രയേറെ മുഴുകാൻ കഴിയുകയില്ലെന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ടിവി പരിപാടികളും ചലച്ചിത്രങ്ങളും ആളുകളുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക—അവ അവരെ കരയിക്കുകയും രോഷാകുലരാക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ, ഉത്തേജിപ്പിക്കുന്ന ഒരു ഇതിവൃത്തത്തോടും അസാധാരണമായ കഥാപാത്രങ്ങളോടും കണ്ണഞ്ചിപ്പിക്കുന്ന പ്രത്യേക പ്രഭാവങ്ങളോടും കൂടിയതെന്നു മാത്രമല്ല, നിങ്ങളെ സൂപ്പർഹീറോയുമാക്കുന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചു സങ്കൽപ്പിക്കുക. അതിൽ അപ്പാടെ മുഴുകിയിരിക്കുന്നതു ചെറുക്കാൻ എളുപ്പമാണോ? അതുകൊണ്ട്, യാഥാർഥ്യത്തിൽനിന്നു സങ്കൽപ്പത്തെ വേർതിരിക്കാൻ ചില കളിക്കാർക്കു കഴിയാത്തതിൽ അതിശയിക്കാനില്ല. ഒരു യുവാവ് അനുസ്മരിക്കുന്നു: “എന്റെ കൈ ഒരു തോക്കാണെന്നു വിചാരിച്ചു ഞാൻ അത് ആളുകൾക്കുനേരെ ചൂണ്ടുകപോലും ചെയ്തു. അക്രമാസക്തമായ കളികളിലേർപ്പെടുന്നതിന്റെ ഫലം അത്രയ്ക്കു ചീത്തയായിരുന്നു.”
ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
കമ്പ്യൂട്ടർ, വീഡിയോ കളികൾ ഉപയോഗിക്കുന്നതിനെ മാതാപിതാക്കൾ വിലക്കുന്നില്ലെങ്കിൽപോലും, സഭാപ്രസംഗി 2:14-ലെ ഈ ഉപദേശം യുവജനങ്ങൾ കണക്കിലെടുക്കേണ്ടതാണ്: “ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു.” അതായത്, ജ്ഞാനി താൻ എവിടേക്കാണു പോകുന്നത് എന്നു സൂക്ഷിക്കുകയും മുന്നിലുള്ളതു കാണുകയും ചെയ്യുന്നു എന്നർഥം. കമ്പ്യൂട്ടർ വിനോദ ലോകത്തിൽ ഇപ്പോൾതന്നെ ദൈവജ്ഞാനത്തിനെതിരായ പലതും അടങ്ങിയിരിക്കുന്നു എന്നതു വാസ്തവമാണ്. (2 കൊരിന്ത്യർ 10:5 താരതമ്യം ചെയ്യുക.) സോഫ്ററ്വെയർ മാന്ത്രികന്മാർ അടുത്തതായി രംഗത്തിറക്കുന്നത് എന്തായിരിക്കുമെന്ന് ആർക്കറിയാം? അതുകൊണ്ടു ഏതൊരു യുവാവും ഒരു ഗെയിം വാങ്ങുകയോ കളിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്നതിനുമുമ്പ്, ‘അത് എന്തിനെക്കുറിച്ചുള്ളതാണ്? അതിന്റെ പേര് ഗൂഢവിദ്യകളെ അർഥമാക്കുന്നുണ്ടോ? കവറിന്മേലുള്ള ചിത്രം ബീഭത്സമായ അക്രമത്തെ ചിത്രീകരിക്കുന്നുണ്ടോ?’ എന്നെല്ലാം സ്വയം ചോദിക്കണം.
അങ്ങേയറ്റം പോയാൽ ഇലക്ട്രോണിക്ക് കളികൾ അൽപ്പം ആസ്വാദനവും വിദ്യയും പ്രദാനം ചെയ്തേക്കാം. എന്നാൽ, നിങ്ങളുടെ വിലയേറിയ സമയത്തിന്റെ ഏറിയപങ്കും അതിനുവേണ്ടി ചെലവഴിക്കത്തക്ക മൂല്യമുള്ളതാണോ അത്? നേരത്തെ പ്രതിപാദിച്ചിരുന്ന പതിനാലു വയസ്സുകാരൻ സാം പറയുന്നു: “വീഡിയോ ഗെയിമുകൾ പാടില്ലെന്നൊന്നും ഡാഡി ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ, ‘ഒരു ബട്ടൺ അമർത്തുമ്പോൾ, സ്ക്രീനിനു കുറുകെ ആരെങ്കിലും ഓടുന്നതോ ചാടുന്നതോ കാണുന്നതിൽ ഇത്രയധികം രസിക്കാൻ എന്തിരിക്കുന്നു?’ എന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്.” “ഇപ്പോൾ ഞങ്ങളും ചിന്തിക്കുന്നത് അത്തരത്തിലാണ്,” അവന്റെ സഹോദരനായ ഡാൻ കൂട്ടിച്ചേർക്കുന്നു.
അതേ, വായന, കൗശലപ്പണികളിലും കൈത്തൊഴിലുകളിലും ഏർപ്പെടൽ, ആരോഗ്യാവഹമായ കായികവിനോദങ്ങളിൽ പങ്കെടുക്കൽ, പാട്ടുപാടൽ, അല്ലെങ്കിൽ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കൽ തുടങ്ങി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റിയ—ഒരുപക്ഷേ കൂടുതൽ ഫലദായകമായ—മറ്റു കാര്യങ്ങളുണ്ടെന്നതു മറക്കരുത്. “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം” ചെയ്യുന്നതിനായി സമയം ചെലവഴിക്കുന്നത് ഏറെ പ്രയോജനകരമായിരിക്കും. (1 തിമൊഥെയൊസ് 4:7) അപ്രകാരം ചെയ്യുന്നത് ഏതെങ്കിലും ഇലക്ട്രോണിക് കളിയിലേർപ്പെടുന്നതിനെക്കാൾ വളരെ വിലയുള്ളതായിരിക്കും.
[13-ാം പേജിലെ ആകർഷകവാക്യം]
ഒരു പഠനത്തിൽ സർവേ ചെയ്യപ്പെട്ടവരിൽ തൊണ്ണൂറ്റേഴു ശതമാനം ചെറുപ്പക്കാർ “ഗെയിമുകളോട് ആസക്തി ഉണ്ടാകാനുള്ള സാധ്യതയുള്ളതായി കരുതി”
[14-ാം പേജിലെ ചിത്രം]
അക്രമാസക്തമായ വീഡിയോ കളികളിൽ ഏർപ്പെടുന്നതു നിങ്ങൾക്കു ദോഷം ചെയ്യുമോ?