റബർ വെട്ട്—നിങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു തൊഴിൽ
നൈജീരിയയിലെ ഉണരുക! ലേഖകൻ
പുലർച്ചെ അഞ്ചു മണിക്കു നൈജീരിയയിലെ മഴവനം ഇരുണ്ടതും കുളിരണിഞ്ഞതുമാണ്. വനമധ്യത്തിൽ മൺകട്ടകൾക്കൊണ്ടു പണിത ഒരു വീട്ടിൽ ജോൺ ഉറക്കമുണർന്നു ധൃതിയിൽ വസ്ത്രം ധരിക്കുന്നു. പിന്നെ അദ്ദേഹം ഒരു റാന്തൽ വിളക്കും പ്ലാസ്റ്റിക്ക് തൊട്ടിയും വളഞ്ഞ വായ്ത്തലയുള്ള ഒരു ചെറു കത്തിയുമെടുത്ത് ഇരുട്ടിലേക്കു നടക്കുന്നു. അടുത്ത നാലു മണിക്കൂർ അദ്ദേഹം വൃക്ഷങ്ങൾതോറും നടന്ന് ഓരോ വൃക്ഷത്തിന്റെയും തൊലിയിൽ ശസ്ത്രക്രിയാപരമായ മുറിവുകൾ വരുത്തുന്നു.
ഒടുവിൽ, നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചേക്കാവുന്ന നീണ്ട സംഭവപരമ്പരയിൽ ആദ്യത്തേതാണ് ഇത്. അതെങ്ങനെ? എന്തുകൊണ്ടെന്നാൽ ജോൺ വെട്ടുന്നതു റബർ മരങ്ങളാണ്. പെൻസിൽ അടയാളങ്ങൾ മായ്ച്ചു (rub) കളയുന്നതിനുള്ള കഴിവിനു പേരുകേട്ട റബർ, ഏറ്റവും മൂല്യവത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ വിഭവങ്ങളിൽ ഒന്നാണ്.
ആയിരക്കണക്കിന് ഉത്പന്നങ്ങൾ
റബർ നിങ്ങളുടെ ജീവിതത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒന്നു ചിന്തിക്കുക. നിങ്ങളുടെ ഷൂസിന്റെ സോളുകളും ഹീലുകളും റബർകൊണ്ട് ഉള്ളവയായിരിക്കാം. നിങ്ങളുടെ പരവതാനിയുടെ അടിഭാഗത്തും ഫർണിച്ചറിലും ഫോം റബർ ഉണ്ടായിരുന്നേക്കാം. നിങ്ങളുടെ വസ്ത്രത്തിലെ ഇലാസ്റ്റിക്ക് റബർകൊണ്ടുള്ളതായിരിക്കാൻ സാധ്യതയുണ്ട്. മഴപെയ്യുമ്പോൾ റബർകൊണ്ടുണ്ടാക്കിയ മഴക്കോട്ടും ബൂട്സും നിങ്ങൾ എടുത്തേക്കാം. നിങ്ങൾ നീന്താൻ പോകുകയാണോ? ഡൈവിങ് ചെയ്യുന്നവർ ഉപയോഗിക്കുന്ന തണുപ്പുരോധന വസ്ത്രങ്ങൾ, കണ്ണടകൾ, കാൽച്ചിറകുകൾ (fins) ഇവയിലെല്ലാം റബർ ഉണ്ട്. നിങ്ങൾ നീന്താൻ ആഗ്രഹിക്കുന്നില്ലേ? ഒരു റബർ ചങ്ങാടത്തിൽ ഒഴുകിനടക്കാനോ കടലോരത്തുപയോഗിക്കുന്ന റബർ പന്തുകൊണ്ടു കളിക്കാനോ ആയിരിക്കും ഒരുപക്ഷേ നിങ്ങൾക്കിഷ്ടം. റബർ ബാൻഡുകളും മായ്ക്കാൻ ഉപയോഗിക്കുന്ന റബറുകളും റബർ പശകളും ഒരുപക്ഷേ നിങ്ങളുടെ വീട്ടിൽ പലയിടങ്ങളിലും ഉണ്ടായിരുന്നേക്കാം. റബർ ഉത്പന്നങ്ങൾക്കൊണ്ടുണ്ടാക്കിയ മെത്തയിലും തലയണയിലും കിടന്നായിരിക്കാം നിങ്ങൾ ഇന്നുരാത്രി ഉറങ്ങുന്നത്. തണുപ്പു തോന്നുമ്പോൾ നിങ്ങൾ റബർ കൊണ്ടുള്ള ഒരു ഹോട്ട്-വാട്ടർ ബോട്ടിൽ ചേർത്തുപിടിച്ചേക്കാം.
ഈ സംഗതികൾ കൂടാതെ, റബർ ഭാഗങ്ങൾ ഇല്ലാത്തപക്ഷം തീർച്ചയായും അത്ര നന്നായി പ്രവർത്തിക്കാത്ത പല ഉത്പന്നങ്ങളുമുണ്ട്—വാഷറുകൾ, ബെൽറ്റുകൾ, ഗാസ്കറ്റുകൾ, ഹോസുകൾ, റോളറുകൾ, അല്ലെങ്കിൽ വാൽവുകൾ. ഉദാഹരണത്തിന്, സാധാരണ കാറിന് ഏതാണ്ട് 600 റബർ ഭാഗങ്ങളുണ്ട്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, മൊത്തത്തിൽ 40,000-ത്തിനും 50,000-ത്തിനും ഇടയ്ക്കു റബർ ഉത്പന്നങ്ങൾ നിർമിക്കപ്പെടുന്നുണ്ട്.
റബറിനെ ഇത്ര ഉപയോഗമുള്ളതാക്കിത്തീർക്കുന്നത് എന്താണ്? അതു പഴക്കം നിൽക്കുന്നതും താപത്തെ ചെറുത്തുനിൽക്കുന്നതും ഇലാസ്തികതയുള്ളതും വെള്ളവും വായുവും കടക്കാത്തതും കുലുക്കത്തെ പ്രതിരോധിക്കുന്നതുമാണ്. സൈക്കിളിന്റെയായാലും മോട്ടോർ വാഹനത്തിന്റെയായാലും വിമാനത്തിന്റെയായാലും ടയറിന്റെ കാര്യം പരിചിന്തിക്കുക. റബറുകൊണ്ടുള്ളതായതുകൊണ്ട് ടയറിനു റോഡുമായുള്ള സ്ഥിര സമ്പർക്കത്താൽ വേഗത്തിൽ തേയ്മാനം സംഭവിക്കുകയോ സ്ഥിരമായ ഉരസൽ നിമിത്തം അതു കത്തിപ്പോകുകയോ ചെയ്യുന്നില്ല. ചെളിക്കുണ്ടുകളിലൂടെ ഓടിക്കുമ്പോൾ ടയർ കുതിർന്ന് അഴുകുമെന്നു ഭയപ്പെടേണ്ടതില്ല; അതു തുരുമ്പിക്കുകയുമില്ല. റബർ, ടയറിനുള്ളിലേക്കു വെള്ളം കടക്കാതെ സൂക്ഷിക്കുമെന്നു മാത്രമല്ല, ഉള്ളിലുള്ള സമ്മർദ വായു ചോർന്നുപോകുന്നതു തടയുകയും ചെയ്യുന്നു. ഇനിയും, നിങ്ങൾ മുമ്പോട്ടു നീങ്ങുമ്പോൾ, കുലുക്കത്തെ പ്രതിരോധിക്കുന്നതിനുള്ള ടയറുകളിലെ റബറിന്റെ കഴിവ് റോഡിലെ ബംബുകൾമൂലം കുലുക്കം തട്ടാതെ നിങ്ങളെ കാക്കുന്നു. വാസ്തവത്തിൽ, റബർ ഇല്ലായിരുന്നെങ്കിൽ ടയറുണ്ടാക്കാൻ നിർമാതാക്കൾ വിഷമിച്ചുപോയേനെ.
അതുകൊണ്ട്, ജോണിനെപ്പോലെയുള്ള റബർ വെട്ടുകാർ നമ്മുടെ ജീവിതത്തെ ഒരു ക്രിയാത്മക വിധത്തിൽ സ്പർശിക്കുന്ന മൂല്യവത്തായ ഒരു സേവനമാണു ചെയ്യുന്നതെന്ന് ഒരുപക്ഷേ നിങ്ങൾ സമ്മതിച്ചേക്കാം. തീർച്ചയായും മുഴുവൻ റബറും മരങ്ങളിൽനിന്നല്ല കിട്ടുന്നത്. രാസവസ്തുക്കളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കൃത്രിമ റബർ വ്യവസായത്തിന്റെ ഒരു വലിയ പങ്ക് ഏറ്റെടുക്കുന്നു. രണ്ടിനം റബറുകൾക്കും അവയുടെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പല ഉത്പന്നങ്ങളും ഇവയിലേതും ഉപയോഗിച്ചുണ്ടാക്കാൻ കഴിയും. ഏതു വേണമെന്നു തീരുമാനിക്കുന്നതു പലപ്പോഴും നിലവിലുള്ള വിലയുടെ അടിസ്ഥാനത്തിലാണ്. മറ്റു ചില ഉത്പന്നങ്ങൾ കൃത്രിമ റബറും പ്രകൃതിദത്ത റബറും കൂട്ടിച്ചേർത്താണു നിർമിക്കുന്നത്. മിക്ക മോട്ടർവാഹനങ്ങളുടെയും ടയറുകളിൽ പ്രകൃതിദത്ത റബറിനെക്കാളധികമായി കൃത്രിമ റബറാണുള്ളത്. എന്നിരുന്നാലും, ഉളവാകുന്ന താപത്തോടു കൃത്രിമ റബറിന് അത്ര പ്രതിരോധമില്ലാത്തതിനാൽ മത്സര ഓട്ട കാറുകൾ, ട്രക്കുകൾ, ബസുകൾ, വിമാനങ്ങൾ എന്നിവയുടെ ടയറുകളിൽ കൂടുതൽ ശതമാനം പ്രകൃതിദത്ത റബറാണ്.
മരം വെട്ട്
ഭൂമധ്യരേഖയ്ക്കു സമീപത്തുള്ള, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിലാണു റബർ മരങ്ങൾ ഏറ്റവും നന്നായി വളരുന്നത്. ലോകത്തിലെ പ്രകൃതിദത്ത റബറിന്റെ അധികപങ്കും വരുന്നതു തെക്കുകിഴക്കൻ ഏഷ്യയിലെ, പ്രത്യേകിച്ചു മലേഷ്യയിലെയും ഇൻഡോനേഷ്യയിലെയും കൃഷിത്തോട്ടങ്ങളിൽനിന്നാണ്. ബാക്കിയുള്ളതു തെക്കേ അമേരിക്കയിൽനിന്നും പശ്ചിമ-മധ്യ ആഫ്രിക്കകളിൽനിന്നും വരുന്നു.
മരത്തിന് ഏകദേശം ആറു വർഷം പ്രായമാകാതെ ജോൺ അതു വെട്ടുന്നില്ല. അതിനുശേഷം മരം അടുത്ത 25 മുതൽ 30 വർഷം വരെ റബർ ഉത്പാദിപ്പിക്കുകയും 20 മീറ്ററോളം ഉയരം വയ്ക്കുകയും ചെയ്യുന്നു. റബർമരം ഉത്പാദനം “നിർത്തു”മ്പോൾ 40 മീറ്റർ ഉയരംവരെ വളർച്ച തുടരുകയും പരമാവധി പ്രായമായ 100-ഓ അതിലധികമോ വർഷംവരെ ജീവിച്ചിരിക്കുകയും ചെയ്തേക്കാം.
മരത്തിൽനിന്ന് എടുക്കുമ്പോൾ റബർ കാറിന്റെ ടയറിനുപകരം, പാലുപോലെയാണു കാണപ്പെടുന്നത്. ലാറ്റെക്സ് എന്നു വിളിക്കപ്പെടുന്ന ഈ പാലുപോലുള്ള പദാർഥത്തിൽ റബറിന്റെ ചെറിയ കണികകളുണ്ട്. ലാറ്റെക്സിന്റെ 35 ശതമാനത്തോളം റബറാണ്. ശേഷിച്ച ഭാഗമധികവും വെള്ളമാണ്.
ലാറ്റെക്സ് എടുക്കുന്നതിനുവേണ്ടി ജോൺ മരത്തിന്റെ തൊലിയിൽ ഒരു ചെരിഞ്ഞ മുറിവുണ്ടാക്കുന്നു. ഈ മുറിവ് മരത്തിനു ചുറ്റും പകുതിവരെ എത്തുന്നു. ഈ മുറിവ് വളരെ ആഴത്തിലാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു, എന്തുകൊണ്ടെന്നാൽ അതു മരത്തിനു കേടുവരുത്തും. മുറിവ് ഉണ്ടാക്കിയാലുടൻതന്നെ ലാറ്റെക്സ് ഒഴുകി തുടങ്ങും; അത് മുറിവു മൂലമുണ്ടായ ചാലിലൂടെ അൽപ്പമായി ഒഴുകി ജോൺ മരത്തിൽ ഉറപ്പിച്ചിരിക്കുന്ന മുളങ്കോപ്പയിലേക്ക് ഒഴുകിവീഴുന്നു. ഒഴുക്ക് രണ്ടോ മൂന്നോ മണിക്കൂർ നേരം തുടരുന്നു; പിന്നെ അതു നിലയ്ക്കുന്നു.
ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു ജോൺ വീണ്ടും മരം വെട്ടുമ്പോൾ അദ്ദേഹം ആദ്യത്തെ മുറിവിനു തൊട്ടു താഴെയായി മറ്റൊരു മുറിവുണ്ടാക്കും. അടുത്തതവണ അദ്ദേഹം അതിന്റെ താഴെയായി മുറിക്കും. ഒടുവിൽ, മരത്തൊലിയുടെ ഒരു ഭാഗംതന്നെ മുറിച്ചു മാറ്റപ്പെടുന്നു. ഇപ്പോൾ ജോൺ, ഭാവിയിൽ ഒരു സമയത്തു വെട്ടുന്നതിനുവേണ്ടി ആ ഭാഗം പൂർണമായി ഉണങ്ങാനായി വിട്ടുകൊണ്ട് മരത്തിന്റെ മറ്റൊരു ഭാഗം വെട്ടി തുടങ്ങും.
നിശ്ശബ്ദമായ റബർ വനത്തിലൂടെ ഒറ്റയ്ക്കു നീങ്ങുന്ന ജോൺ, ലാറ്റെക്സ് ഒഴുകിവരത്തക്കവണ്ണം മരങ്ങൾ വെട്ടിക്കൊണ്ടു വേഗത്തിൽ ജോലിചെയ്യുന്നു. പിന്നീട്, അദ്ദേഹം ഓരോ മരത്തിന്റെയും അടുത്തു വീണ്ടും ചെന്ന് ശേഖരിക്കപ്പെട്ട ലാറ്റെക്സ് തന്റെ തൊട്ടിയിൽ സംഭരിക്കുന്നു. അടുത്തതായി, ജോൺ ലാറ്റെക്സിൽ ഫോമിക് ആസിഡും വെള്ളവും ചേർക്കുന്നു. വിന്നാഗിരി പാലിനെ തൈരാക്കുന്നതുപോലെതന്നെ ഇത് അതിനെ കട്ടയാക്കുകയും ഉറകൂട്ടുകയും ചെയ്യുന്നു. ജോൺ പിന്നെ ലാറ്റെക്സ് അടങ്ങിയ തൊട്ടിയും തലയിലേന്തി പ്രധാന നിരത്തിലേക്കു പോകുന്നു. സമീപത്തുള്ള റബർ സംസ്കരണശാലയിൽനിന്നുള്ള ഒരു ട്രക്ക് അത് അവിടെനിന്നു ശേഖരിക്കുന്നു.
ഇപ്പോൾ ജോൺ കുളിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി വീട്ടിലേക്കു മടങ്ങുന്നു. വൈകുന്നേരത്തോടടുത്ത് അദ്ദേഹം വീണ്ടും വീട്ടിൽനിന്നിറങ്ങുമ്പോൾ നന്നായി വസ്ത്രം ധരിച്ചിരിക്കും, കയ്യിൽ ഒരു ബ്രീഫ്കേസും ഉണ്ടായിരിക്കും. ഇത്തവണ അദ്ദേഹം പോകുന്നതു മരങ്ങൾതോറുമായിരിക്കുകയില്ല, പിന്നെയോ വീടുകൾതോറുമായിരിക്കും. ഒരു നിരന്തര പയനിയർ ശുശ്രൂഷകൻ എന്ന നിലയിൽ ജോണിനു പ്രസംഗത്തിലും ശിഷ്യരാക്കൽ വേലയിലും ഒരു പൂർണ പങ്കുണ്ട്.
ജോൺ ആ ദിവസത്തെ തന്റെ ആദ്യത്തെ ബൈബിളധ്യയനം നടത്തുമ്പോൾ അദ്ദേഹം ശേഖരിച്ച ലാറ്റെക്സ് സംസ്കരണശാലയിൽ എത്തിയിട്ടുണ്ടായിരിക്കും. അവിടെവച്ച് വെള്ളത്തിൽനിന്നു റബർ വേർതിരിച്ച് ഉണക്കിയെടുക്കുകയും കപ്പലിൽ കയറ്റി അയയ്ക്കുന്നതിനായി അതു കംപ്രെസ്സ് ചെയ്തു വലിയ കെട്ടുകളാക്കുകയും ചെയ്യുന്നു. ഉടൻതന്നെ അത് ഇംഗ്ലണ്ടിലേക്കോ ജപ്പാനിലേക്കോ ഐക്യനാടുകളിലേക്കോ പോകുന്നതായിരിക്കും. ലോകവ്യാപക പ്രകൃതിദത്ത റബർ വ്യവസായം ഓരോ വർഷവും അമ്പതു ലക്ഷം ടണ്ണിലേറെ റബർ ഉത്പാദിപ്പിക്കുന്നുണ്ട്. അസാധ്യമായിരിക്കാമെങ്കിലും, നിങ്ങൾ അടുത്തതായി വാങ്ങുന്ന ഷൂസിന്റെ സോളുകളിലുള്ള റബർ ജോൺ വെട്ടിയ മരത്തിൽനിന്നുള്ളതായിരിക്കാനിടയുണ്ട്.
[18-ാം പേജിലെ ചിത്രം]
ജോൺ റബർ മരങ്ങൾ വെട്ടുന്ന ജോലിയിൽ
[20-ാം പേജിലെ ചിത്രം]
ജോൺ ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കുന്നു