ഉത്തരങ്ങൾക്കുവേണ്ടിയുള്ള ഒരു ചെറുപ്പക്കാരന്റെ അന്വേഷണം
പ്രഭാത സൂര്യൻ ഉജ്ജ്വലമായി പ്രശോഭിച്ചു. അതിന്റെ കിരണങ്ങൾ വൃക്ഷങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങി, മുട്ടുകുത്തിനിന്നുകൊണ്ട് ഉള്ളുരുകി പ്രാർഥിക്കുന്ന, ഒരു ആൺകുട്ടിയിൽ ചെന്നു പതിച്ചു. പതിന്നാലു വയസ്സുകാരനായ ജോസഫ് തന്റെ നാളിലെ മതപരമായ പ്രക്ഷുബ്ധത നിമിത്തം ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു. പരമ്പരാഗതമായുള്ള സഭകളെല്ലാം വിഭജനത്താൽ ഉലയുകയായിരുന്നു. എല്ലായിടത്തും പുതിയ പുതിയ മതവിഭാഗങ്ങൾ. ഏതു വിഭാഗത്തിൽ ചേരണം? മുട്ടുകുത്തി അവൻ ഇപ്രകാരം അപേക്ഷിച്ചു: “ഈ വിഭാഗങ്ങളിൽ ഏതാണ് ശരിയായത്; അതോ ഇവയെല്ലാം തെറ്റാണോ? ഇവയിലേതെങ്കിലും ശരിയാണെങ്കിൽ അത് ഏതാണ്, ഞാനത് എങ്ങനെ അറിയും?”
ആദ്യകാലത്തെ തന്റെ ആത്മീയ പ്രതിസന്ധിയെക്കുറിച്ചു ജോസഫ് സ്മിത്ത് വർണിച്ചത് അപ്രകാരമായിരുന്നു. അവൻ ചിന്താക്കുഴപ്പത്തിലായിരുന്നതിൽ അതിശയിക്കാനില്ല. ഇത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഗ്രാമീണ പ്രദേശമായിരുന്നു. മതാവേശം ജ്വലിച്ചുനിന്നിരുന്ന ഒരു പ്രദേശം.a പ്രത്യാശയുടെ തീവ്രമായ ആവശ്യമുണ്ടായിരുന്നു. അവർ ഉഴുതുമറിച്ച കടുപ്പമേറിയ മണ്ണിന്റെ അത്രയും തന്നെ ദുഷ്കരമായ ഒരു ജീവിതവുമായി പല കർഷകരും മല്ലടിച്ചു. മെച്ചമായ എന്തെങ്കിലുമൊന്നിനുവേണ്ടിയുള്ള ഉത്ക്കടമായ ആഗ്രഹം നിമിത്തം അവർ മൺമറഞ്ഞ അമേരിക്കൻ ഇന്ത്യൻ നിധിയെ സംബന്ധിച്ചുള്ള കെട്ടുകഥകളുടെ ആകർഷകവലയിൽ കുടുങ്ങി. അങ്ങനെ അവർ സിദ്ധൻമാരുടെ മാന്ത്രിക കല്ലുകളും മന്ത്രോച്ചാരണങ്ങളും ശല്യക്കോലുകളുമായി (divining rods) കുന്നുകൾ അരിച്ചുപെറുക്കി. ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഏതോ ഒരു ഭാഗത്തു നടന്ന ഭയങ്കരമായ യുദ്ധത്തിൽ ഛിന്നഭിന്നമായ ഒരു മഹത്തായ ഇൻഡ്യൻ സംസ്കാരത്തെക്കുറിച്ച് പ്രാദേശിക ഐതിഹ്യങ്ങൾ പറഞ്ഞു.
അമേരിക്കൻ ഇൻഡ്യാക്കാർ ഇസ്രായേലിലെ നഷ്ടപ്പെട്ട പത്തുഗോത്രങ്ങളിൽനിന്നു വന്നിട്ടുള്ളവരാണെന്നു പറഞ്ഞുകൊണ്ട് ആ നാളുകളിലെ ജനസമ്മിതിയുള്ള പ്രസംഗകർ ഊഹാപോഹങ്ങളുടെ തീ ആളിക്കത്തിച്ചു. ഉദാഹരണത്തിന് 1823-ൽ ഈഥൻ സ്മിത്ത് എബ്രായരുടെ വീക്ഷണം; അഥവാ അമേരിക്കയിലെ ഇസ്രായേൽ ഗോത്രങ്ങൾ എന്ന പുസ്തകം (ഇംഗ്ലീഷ്) എഴുതി.
സ്വർണ തകിടുകളും ഒരു പ്രവാചകനും
പുരാതനാചാരാനുഷ്ഠാനങ്ങളുടെയും മതതീക്ഷ്ണതയുടെയും ഈ ഫലഭൂയിഷ്ഠമായ ചുറ്റുപാടിലായിരുന്നു ചെറുപ്പക്കാരനായ ജോസഫ് സ്മിത്ത് വളർന്നുവന്നത്. അദ്ദേഹത്തിന്റെ കുടുംബവും ഈ ആവേശത്തിൽ ഉൾപ്പെട്ടുപോയിരുന്നു. രോഗശാന്തികളുടെയും അത്ഭുതങ്ങളുടെയും ദർശനങ്ങളുടെയും അനുഭവം തങ്ങൾക്ക് ഉണ്ടായതായി ജോസഫിന്റെ അമ്മ എഴുതി. എന്നാൽ അവരും അവരുടെ ചില മക്കളും ഒരു സഭയിൽ ചേർന്നപ്പോൾ ജോസഫ് അവരോടുകൂടെ പോകാൻ വിസമ്മതിച്ചു. സഹായത്തിനുവേണ്ടിയുള്ള തന്റെ പ്രാർഥനയെക്കുറിച്ചും തനിക്കു ലഭിച്ച ഉത്തരത്തെക്കുറിച്ചും പിന്നീട് അദ്ദേഹം തന്റെ ജീവിതകഥയിൽ എഴുതുകയുണ്ടായി.
എല്ലാ മതവിഭാഗങ്ങളും തെറ്റായതുകൊണ്ട് താൻ ഏതെങ്കിലുമൊരു മതവിഭാഗത്തിൽ ചേരുന്നത് ദൈവം ഒരു ദർശനത്തിലൂടെ വിലക്കിയെന്ന് ജോസഫ് പറഞ്ഞു. അങ്ങനെയിരിക്കെ, മൊറോണി എന്നു പേരുള്ള ഒരു ദൂതൻ തന്നെ ഒരു കൂട്ടം പുരാതന സ്വർണ തകിടുകൾ കാണിച്ചെന്ന് 17 വയസ്സുകാരനായ സ്മിത്ത് 1823-ലെ ഒരു ശരത്കാല ദിവസം തന്റെ കുടുംബത്തോടു പറഞ്ഞു. ആ തകിടുകളും അവ പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രത്യേകമായ ദിവ്യ ശക്തിയും തനിക്കു ലഭിച്ചതായി നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം അവകാശപ്പെട്ടതനുസരിച്ച് പരിഭാഷയ്ക്ക് “സിദ്ധക്കല്ല്” എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും ഗ്ലാസ്സിൽ മൂന്നു മൂലകളുള്ള മിനുസമുള്ള രണ്ടു വജ്രങ്ങൾ ഉറപ്പിച്ചിരുന്ന, വെള്ളികൊണ്ടുള്ള ഒരു ജോടി മാന്ത്രിക കണ്ണടകളും ആവശ്യമായിരുന്നു. അന്ന് മറ്റുള്ളവർ ഈ തകിടുകൾ കണ്ടാൽ അവർ തത്ക്ഷണം മരിച്ചുപോകുമെന്ന് സ്മിത്ത് മുന്നറിയിപ്പു നൽകി.
വായിക്കാൻ കഴിയുമായിരുന്നെങ്കിലും എഴുതാൻ നല്ല വശമില്ലായിരുന്ന സ്മിത്ത് അനേകം ശാസ്ത്രിമാരെ ഇരുത്തി തകിടുകളിലെ “പരിഭാഷ” അവർക്കു പറഞ്ഞുകൊടുത്തു. യവനികയുടെ മറയത്തിരുന്ന് അദ്ദേഹം മോർമൻ എന്നു പേരുള്ള ഒരു എബ്രായ മനുഷ്യൻ സമാഹരിച്ചതായി പറയപ്പെടുന്ന ഒരു കഥ വിവരിച്ചു. എബ്രായഭാഷയെക്കാളും വളരെ സംക്ഷിപ്തമായ “പരിഷ്കൃത ഈജിപ്ഷ്യൻ” ലിപിയിലാണ് തകിടുകൾ എഴുതിയിരുന്നതെന്ന് സ്മിത്ത് വിശദീകരിച്ചു. മോർമനും അദ്ദേഹത്തിന്റെ മകനായ മൊറോണിയും നെഫൈറ്റ് ജനത എന്നറിയപ്പെടുന്ന ആളുകളുടെ അവസാനത്തെ അതിജീവകരിൽപെടുന്നതായി വർണിക്കപ്പെട്ടിരിക്കുന്നു. യെരുശലേമിന്റെ നാശത്തിൽനിന്നു രക്ഷനേടുന്നതിനുവേണ്ടി പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) ഏതാണ്ട് 600-ൽ അമേരിക്കയിലേക്കു കുടിയേറിപ്പാർത്തതായി പറയപ്പെടുന്ന എബ്രായരുടെ വെള്ളക്കാരായ പിൻഗാമികളാണ് നെഫൈറ്റ് ജനത.
യേശു തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അമേരിക്കയിലെ ഈ ജനതക്കു പ്രത്യക്ഷമാകുകയും 12 നെഫൈറ്റ് അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുകയും ചെയ്തതായി വിവരണം പറയുന്നു. ലേമനൈറ്റുകളും എബ്രായരുടെ പിൻഗാമികളായിരുന്നു. അവർ മത്സരികളും യുദ്ധക്കൊതിയൻമാരുമായിരുന്നതുകൊണ്ട് ഇരുണ്ട ചർമം നൽകി ദൈവം അവരെ ശപിച്ചു. ഈ രണ്ടു ജനതകൾ തമ്മിലുണ്ടായ തുടർച്ചയായ യുദ്ധങ്ങളുടെ കാലാനുസൃത വിവരണമാണ് മോർമന്റെ വിവരണത്തിൽ മുഖ്യമായുമുള്ളത്. നെഫൈറ്റുകൾ ദുഷ്ടൻമാരായിത്തീരുകയും ഒടുവിൽ അമേരിക്കൻ ഇൻഡ്യാക്കാരുടെ പൂർവപിതാക്കളായ ലേമനൈറ്റുകൾ അവരെ ഉൻമൂലനം ചെയ്യുകയും ചെയ്തു.
തനിക്ക് സ്വർണ തകിടുകളിലെ രേഖ പ്രദാനം ചെയ്യുകയും ക്രിസ്തുവിന്റെ സഭയുടെ പുനഃസ്ഥാപനത്തിലേക്കു നയിക്കുന്ന ദൗത്യം നൽകുകയും ചെയ്തത് ഇപ്പോൾ ആത്മജീവിയായിരിക്കുന്ന, മോർമന്റെ പുത്രൻ മൊറോണിയാണെന്ന് സ്മിത്ത് പറഞ്ഞു. പെട്ടെന്നുതന്നെ ആളുകൾ സ്മിത്തിനെ അനുഗമിച്ചുതുടങ്ങി. മോർമന്റെ പുസ്തകം (ഇംഗ്ലീഷ്) എന്നു വിളിക്കപ്പെടുന്ന സ്മിത്തിന്റെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കുന്നതിന് ധനികനായ ഒരു വിശ്വാസി പണം നൽകി. 1830-ലെ വസന്തത്തിൽ അത് അച്ചടിക്കപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോസഫ് സ്മിത്ത് തന്റെ ഔദ്യോഗികനാമം പ്രഖ്യാപിച്ചു: “സിദ്ധൻ, പരിഭാഷകൻ, പ്രവാചകൻ, യേശുക്രിസ്തുവിന്റെ അപ്പോസ്തലൻ.” 1830 ഏപ്രിൽ 6-ന് മോർമൻ സഭ അഥവാ പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ സഭ ഉദയംകൊണ്ടു.b
ആരെയും പിടിച്ചിരുത്തുന്ന സ്മിത്തിന്റെ വ്യക്തിത്വ ഭാവം അനേകം മതപരിവർത്തിതരുടെ ഭക്തി നേടിയെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ പരമ്പരാഗതമല്ലാത്ത മതം ശത്രുക്കളെയും സൃഷ്ടിച്ചു. ആ പുതിയ സഭ തുടർച്ചയായി ആക്രമിക്കപ്പെട്ടു; അതിന്റെ അംഗങ്ങൾ പുതിയ യെരുശലേം തേടി ന്യൂയോർക്കിൽനിന്ന് ഒഹായോയിലേക്കും അവിടെനിന്നു മിസ്സോറിയിലേക്കും പാഞ്ഞു. പ്രവാചകനെന്നനിലയിൽ സ്മിത്ത് കാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവേഷ്ടം പ്രഖ്യാപിച്ചുകൊണ്ട് ഒന്നിനുപുറകെ ഒന്നായി വെളിപ്പാടുകൾ ഉച്ചരിച്ചു. സാമ്പത്തികപരമായ സംഭാവനകൾമുതൽ ഒന്നിലധികം ഭാര്യമാരെ എടുക്കുന്നതിനുള്ള ദിവ്യകൽപ്പനവരെയുള്ള സംഗതികൾ അവയിൽപെടുന്നു. രണ്ടാമത്തെ വെളിപ്പാട് പ്രത്യേകിച്ചും വളരെയധികം പീഡനം അഴിച്ചുവിട്ടു. എല്ലായിടത്തും സംശയത്തെയും ശത്രുതയെയും അഭിമുഖീകരിച്ച മോർമൻമാർ സ്വയ സംരക്ഷണത്തിനായി ആയുധങ്ങളെടുത്തു.
ജോസഫ് സ്മിത്തിന്റെ ജീവിതത്തിലെ ആദ്യകാല വർഷങ്ങളുടെ മുഖമുദ്രയായിരുന്ന ഗൂഢാലോചനയ്ക്കും അസ്വസ്ഥതയ്ക്കും ഒരിക്കലും ശമനമുണ്ടായില്ല. സ്മിത്തിന്റെ അനുഗാമികളുടെ അമിതപ്രവാഹത്താൽ വീർപ്പുമുട്ടിയ അതിർത്തി പട്ടണങ്ങൾ ശക്തമായി പ്രതിരോധിച്ചു. അവർക്ക് വേറൊരു വിശുദ്ധ പുസ്തകത്തിന്റെയോ സ്വയം-പ്രഖ്യാപിത പ്രവാചകന്റെയോ ആവശ്യമില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോൾ 1839-ൽ പ്രാദേശിക ജനങ്ങളെ അന്ധാളിപ്പിച്ചുകൊണ്ട് മോർമൻമാർ സ്വന്തം മില്ലുകളും ഫാക്ടറിയും യൂണിവേഴ്സിറ്റിയും അടിയന്തിര സേനയും എല്ലാമുള്ള തഴച്ചു വളരുന്ന ഒരു കോളനി ഇല്ലിനോയ്സിലെ നോവൂയിൽ സ്ഥാപിച്ചു. ശത്രുതകൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്മിത്ത് അറസ്റ്റു ചെയ്യപ്പെടുകയും ഇല്ലിനോയ്സിലെ കാർത്തിജിൽ തടവിലാക്കപ്പെടുകയും ചെയ്തു. 1844, ജൂൺ 27-ാം തീയതി ഒരു ജനക്കൂട്ടം ജയിലിൽ കടന്നാക്രമണം നടത്തി അദ്ദേഹത്തെ വെടിവെച്ചു കൊന്നു.
പ്രവാചകനുശേഷവും സഭ തുടരുന്നു
ജോസഫ് സ്മിത്തിന്റെ മരണത്തോടെ തീർച്ചയായും കഥ അവസാനിക്കുന്നില്ല. പന്ത്രണ്ട് അപ്പോസ്തലൻമാരുടെ ആലോചനാസമിതി പ്രസിഡന്റായ ബ്രിഗാം യങ് പെട്ടെന്നുതന്നെ അധികാരം ഏറ്റെടുക്കുകയും അനേകം വിശ്വാസികളുമായി യുട്ടയിലെ ഗ്രേറ്റ് സോൾട്ട് ലേക്ക് താഴ്വരയിലേക്കുള്ള അപകടകരമായ യാത്ര നടത്തുകയും ചെയ്തു. മോർമൻ ഹെഡ്ക്വാർട്ടേഴ്സ് അവിടെയാണ് ഇന്നുവരെ സ്ഥിതിചെയ്യുന്നത്.c
ജോസഫ് സ്മിത്ത് സ്ഥാപിച്ച സഭ മതപരിവർത്തിതരെ ആകർഷിക്കുന്നതിൽ തുടരുന്നു. എൽഡിഎസ് സ്രോതസ്സുകൾ പറയുന്നതനുസരിച്ച് അതിന് ലോകമെമ്പാടും ഏതാണ്ട് തൊണ്ണൂറ് ലക്ഷം അംഗങ്ങളുണ്ട്. അത് ന്യൂയോർക്ക് സ്റ്റേറ്റാകുന്ന അതിന്റെ ഈറ്റില്ലത്തിൽനിന്ന് ഇറ്റലി, ഉറുഗ്വേ, ഫിലിപ്പീൻസ്, സയിർ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. തുടർച്ചയായ ശത്രുത ഉണ്ടായിരുന്നിട്ടും ശ്രദ്ധേയമായ മോർമൻ സഭ തഴച്ചുവളർന്നിരിക്കുന്നു. വിശ്വാസികൾ നോക്കിപ്പാർത്തിരുന്ന സത്യക്രിസ്ത്യാനിത്വത്തിന്റെ പുനഃസ്ഥാപനമായിരുന്നോ വാസ്തവത്തിൽ അത്?
[അടിക്കുറിപ്പുകൾ]
a 1800-കളുടെ ആദ്യം ഈ പ്രദേശത്ത് ആഞ്ഞടിച്ച താത്കാലികമായ മത നവോത്ഥാനങ്ങളുടെ അലകൾ നിമിത്തം ചരിത്രകാരൻമാർ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ഈ പ്രദേശത്തിനു പിന്നീട് കത്തിയമർന്ന ഡിസ്ട്രിക്റ്റ് എന്ന ഇരട്ടപ്പേർ നൽകി.
b ക്രിസ്തുവിന്റെ സഭയെന്ന് തുടക്കത്തിൽ പേരുണ്ടായിരുന്ന അത് 1838 ഏപ്രിൽ 26-ന് പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ സഭ അഥവാ എൽഡിഎസ് ആയിത്തീർന്നു. അംഗങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്ന നാമകരണം എൽഡിഎസ് ആണെങ്കിലും പല വായനക്കാർക്കും കൂടുതൽ പരിചിതമായ പദം മോർമൻ (മോർമന്റെ പുസ്തകത്തിൽനിന്നു വന്നത്) ആയതിനാൽ ഈ ലേഖന പരമ്പരയിൽ ആ പേരും ഉപയോഗിച്ചിട്ടുണ്ട്.
c എൽഡിഎസ്-ൽ നിന്നും പിരിഞ്ഞുപോന്നിട്ടുള്ള പല വിഭാഗങ്ങളുണ്ട്. അവരും മോർമൻമാർ എന്നാണു തങ്ങളെ വിളിക്കുന്നത്. അവയിൽ മുഖ്യമായത് മിസ്സോറിയിലെ ഇൻഡിപ്പെൻഡൻസിൽ ആസ്ഥാനമുള്ള പിൽക്കാല പുണ്യവാളൻമാരുടെ യേശുക്രിസ്തുവിന്റെ പുനഃസംഘടിത സഭയാണ്.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photo: Courtesy Church of Jesus Christ of Latter-Day Saints/Dictionary of American Portraits/Dover