ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഏറ്റവും വലിയ കലാകാരൻ “ഏറ്റവും വലിയ കലാകാരനെ തേടി” (നവംബർ 8, 1995) എന്ന പരമ്പരയ്ക്കു നന്ദി. ഒരു കലാകാരനെന്നനിലയ്ക്ക് ലേഖനങ്ങളോട് എനിക്കു വളരെ മതിപ്പുതോന്നി. ദൈവത്തിന്റെ സൃഷ്ടിയുടെ വൈവിധ്യതയും സങ്കീർത്തനങ്ങളിലെ കാവ്യകലയും ഭംഗിയായി രചിക്കപ്പെട്ടിരിക്കുന്ന മറ്റു ബൈബിൾ വൃത്താന്തങ്ങളും, യഹോവ കലയെ സൃഷ്ടിക്കുക മാത്രമല്ല അതു ആസ്വദിക്കുക കൂടെ ചെയ്യുന്നുവെന്നു കാണിക്കുന്നു!
ബി. ആർ., ഐക്യനാടുകൾ
30 വർഷത്തിലേറെയായി കലയിൽ ഉൾപ്പെട്ടിരിക്കുന്ന എനിക്ക്, ഇത്ര വിശിഷ്ടമായ ഒരു ലേഖനം ഒരുക്കുന്നതിൽ പങ്കെടുത്ത എല്ലാവരെയും അനുമോദിക്കണമെന്നുണ്ട്! നമ്മുടെ മഹാദൈവമായ യഹോവയെയും അവന്റെ അസാമാന്യ സൃഷ്ടിപാടവത്തെയും സംബന്ധിച്ച വിശിഷ്ടമായ ന്യായവാദങ്ങളും കാര്യകാരണങ്ങളും അടങ്ങിയ ഒമ്പതു പേജുകളായിരുന്നു അവ.
പി. എം., ഐക്യനാടുകൾ
മോർമൻമാർ “മോർമൻ സഭ—എല്ലാ കാര്യങ്ങളുടെയും ഒരു പുനഃസ്ഥാപനമോ?” (നവംബർ 8, 1995) എന്ന ലേഖനം ഞാൻ ആകാംക്ഷയോടെ വായിച്ചു. ഒരു യഹോവയുടെ സാക്ഷിയായിത്തീരുന്നതിനുമുമ്പ് ഒരു മോർമൻ ഭവനത്തിലാണു ഞാൻ വളർന്നുവന്നത്. ഞാൻ സ്നാപനമേൽക്കുകയും മോർമൻ എന്നനിലയിൽ പുരോഹിതനായി നിയമിക്കപ്പെടുകയും ചെയ്തു. ഒരു പ്രസ്താവന എന്റെ ശ്രദ്ധ പിടിച്ചുപറ്റി. മോർമന്റെ, “ആദ്യ വിവാഹ ദമ്പതികളുടെ പാപം സംബന്ധിച്ച ഭാഷ്യത്തിൽ ലൈംഗിക ബന്ധവും പ്രസവവും ഉൾപ്പെട്ടിരുന്ന”തായി നിങ്ങൾ പ്രസ്താവിച്ചിരുന്നു. എന്റെ ഓർമയനുസരിച്ച്, അക്ഷരീയ ഫലം തിന്നുകൊണ്ടാണ് ആദാമും ഹവ്വായും പാപം ചെയ്തതെന്നാണു ഞങ്ങളെ പഠിപ്പിച്ചിരുന്നത്.
ഡി. എ., ഐക്യനാടുകൾ
ഈ പ്രസ്താവന എന്തെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിൽ ക്ഷമിക്കണം. “മോർമന്റെ പുസ്തക” വിവരണത്തിൽനിന്നും ഒരു വ്യക്തിക്ക് അപ്രകാരമുള്ള ധാരണയാണു ലഭിക്കുന്നതെങ്കിൽതന്നെയും, പാപം ലൈംഗിക ബന്ധം തന്നെയാണെന്നു മോർമൻമാർ വിശ്വസിക്കുന്നതായി ഞങ്ങൾ അർഥമാക്കിയില്ല. (2 നെഫൈ 2:22, 23, 25) പകരം, ലൈംഗികത പാപത്തിൽ “ഉൾപ്പെട്ടിരുന്നു” എന്നാണു ഞങ്ങൾ പ്രസ്താവിച്ചത്. എപ്രകാരം? അതായത്, മോർമൻ ദൈവശാസ്ത്രമനുസരിച്ച്, അത് മാനവ സന്താനോത്പാദനത്തിനു വഴിതെളിച്ചു. ബ്രുയ്സ് ആർ. മക്കൊംക്കിയുടെ “മോർമൻ പഠിപ്പിക്കലുകൾ” എന്ന പുസ്തകം പറയുന്നതനുസരിച്ച്, “ആദാമിന്റെ പാപത്തിനുമുമ്പ് അവനു കുട്ടികളുണ്ടാവുമായിരുന്നില്ല. . . . മുൻകൂട്ടി നിയമിച്ചിരുന്ന പദ്ധതിപ്രകാരം ആദാമിനു വീഴ്ച ഭവിക്കണമായിരുന്നു. . . . മർത്ത്യനായനിലയ്ക്ക് അവനിപ്പോൾ കുട്ടികളുണ്ടാകാവുന്നതാണ്.” അതിനു വിരുദ്ധമായി സന്താനോത്പാദനം നടത്തുന്നതിന് ആദാം പാപം ചെയ്യേണ്ടതുണ്ടായിരുന്നുവെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. (ഉല്പത്തി 1:28) അവരുടെ വീഴ്ച, ദൈവത്തിന്റെ മുൻകൂട്ടിനിയമിച്ചിരുന്ന പദ്ധതിപ്രകാരമായിരുന്നെന്നും അതു പറയുന്നില്ല. മറിച്ച്, അത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ സ്വന്തം ആഗ്രഹം നിമിത്തമായിരുന്നു എന്നാണ് അതു പറയുന്നത്. (സഭാപ്രസംഗി 7:29) അതുകൊണ്ട്, ഇഷ്ടപ്രകാരം വിശ്വസിക്കാനുള്ള മോർമൻമാരുടെ അവകാശങ്ങളെ ഞങ്ങൾ ബഹുമാനിക്കുമ്പോൾതന്നെ, “മോർമന്റെ പുസ്തക”ത്തിലെ പഠിപ്പിക്കലുകൾ ബൈബിളുമായി യോജിക്കുന്നില്ലെന്ന് ഈ സംഗതി ദൃഷ്ടാന്തീകരിക്കുന്നു.—പത്രാധിപർ
മോർമൻമാരുമായി എന്തിനെക്കുറിച്ചാണു സംസാരിക്കേണ്ടതെന്ന് ഒരിക്കലും അറിയില്ലായിരുന്ന ഒരു വ്യക്തിയെന്നനിലയിൽ, അവരെക്കുറിച്ച് ശരിയായി വിവരം ലഭിച്ചിരിക്കുന്നതായി എനിക്കു പറയാൻ കഴിയും. ഈ ലേഖനങ്ങൾക്കു വളരെ നന്ദി. ബൈബിളും മോർമന്റെ പുസ്തകവും ദൈവത്തിൽ നിന്നാണെന്നു പറയാനും എന്നാൽ അവ പരസ്പര വിരുദ്ധമാണെന്നു കാണാതിരിക്കാനും മോർമൻമാർക്ക് എങ്ങനെ കഴിയുന്നു?
ജെ. എം., ഐക്യനാടുകൾ
കമ്പ്യൂട്ടർ അശ്ലീലം “കമ്പ്യൂട്ടർ അശ്ലീലം കുട്ടികൾക്കു ലഭ്യം” (നവംബർ 8, 1995) എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു വായിച്ചു ഞാൻ ഞെട്ടിപ്പോയി! ഈ പ്രോഗ്രാമുകൾ എത്രമാത്രം അപകടകാരികളാണെന്നും കുട്ടികൾക്ക് ഇവ എങ്ങനെ പ്രാപ്യമായേക്കാമെന്നും ഇതു കാട്ടിത്തന്നു. ഇത്തരത്തിലുള്ള കമ്പ്യൂട്ടർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നല്ലതും ചീത്തയുമായ വശങ്ങളെ വിലയിരുത്താൻ ഈ ലേഖനം ക്രിസ്ത്യാനികളെ സഹായിക്കും.
ഡി. പി., ഐക്യനാടുകൾ
ഭക്ഷ്യജന്യ രോഗം “ഭക്ഷ്യജന്യ രോഗത്തിൽനിന്നു സ്വയം സംരക്ഷിക്കുക” (നവംബർ 22, 1995) എന്ന നിങ്ങളുടെ ലേഖനം ഞാൻ ആസ്വദിച്ചു. തൊഴിൽപരമായി ഞാൻ ഒരു മുഖ്യ കുശിനിക്കാരനാണ്. ഒരു കാര്യം കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ ഒഴിവാക്കണമെങ്കിൽ നന്നായി വേവിക്കാത്ത മാംസം ഭക്ഷിക്കുന്ന രീതി ഉപേക്ഷിക്കണം. ഉയർന്ന താപത്തിൽ പാചകം ചെയ്യുന്നതു മാംസത്തെ കൂടുതൽ ഉണക്കുകയും ദഹിക്കാൻ പ്രയാസകരമാക്കിത്തീർക്കുകയും ചെയ്തേക്കാമെന്നതു ശരിതന്നെ. മാംസം നന്നായി പാചകം ചെയ്യുന്നതോടൊപ്പം അതിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ അതു പതുക്കെ വേവിക്കുകയോ ഉലർത്തുകയോ ചെയ്യുന്നത് ഒരു നല്ല മാർഗമാണ്.
ജെ. പി. കെ., ഐക്യനാടുകൾ
പാചകക്കുറിപ്പിനു നന്ദി.—പത്രാധിപർ