ഹാഡ്രിയൻ മതിലിങ്കലെ—തവിട്ടുനിറമുള്ള മൂങ്ങ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
മഞ്ഞിന്റെ ഒരു നേർത്ത പടലം വൃക്ഷത്തലപ്പുകളുടെ മീതെ തങ്ങിനിൽക്കവേ, പ്രഭാതത്തിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഉച്ചസ്ഥായിയിലുള്ള, കർണാനന്ദകരമായ, ഒരു സംഗീതം കേൾക്കുകയായി. തദ്ദേശവാസികളായ കരിങ്കുയിലിന്റെയും മൈനകളുടെയും കൂജനത്തോടു തങ്ങളുടെ നാദവും ചേർക്കാനായി ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തു ഗ്രീഷ്മകാല ദേശാടനക്കിളികൾ എത്തിയതേയുണ്ടായിരുന്നുള്ളൂ.
വസന്തകുസുമച്ചെടികളും വുഡ്വയലറ്റ് ചെടികളും തിങ്ങിവളരുന്ന ഇരുകരകൾക്കുമിടയിലൂടെ ഒഴുകുന്ന കാണപ്പുൽ നിറഞ്ഞ അരുവിയുടെ ഓരംചേർന്ന്, ഹാഡ്രിയൻ മതിലിങ്കലെa തവിട്ടുനിറത്തിലുള്ള മൂങ്ങയുടെ പാരമ്പര്യസിദ്ധമായ ഭവനത്തെ ലക്ഷ്യമാക്കി ഞാൻ നടന്നു. അരുവിയുടെ ഉത്ഭവസ്ഥാനം ലക്ഷ്യമാക്കി ഒരു മൈൽകൂടി പോയാൽ ഒരു പഴയ ഇരിമ്പകമരത്തിന്റെ തായ്ത്തടിയുടെ സമീപം തന്റെ നാലു കുഞ്ഞുങ്ങളെയും കാവൽ ചെയ്തുകൊണ്ട് അവൾ ഇരിപ്പുണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ഉണങ്ങിയ അശോകവൃക്ഷത്തിന്റെ പൊള്ളയായ കുറ്റിയിൽ അവ ചൂടുപറ്റി സുരക്ഷിതമായിരിക്കുന്നുണ്ടായിരിക്കും.
മൂങ്ങ—സൃഷ്ടിയുടെ ഒരു വിസ്മയംതന്നെ! രാത്രിയിലെ അതിന്റെ കാഴ്ചശക്തി മനുഷ്യരുടേതിനെക്കാൾ നൂറിരട്ടി സൂക്ഷ്മമാണ്. ചന്ദ്രന്റെ അരണ്ടവെളിച്ചത്തിൽപോലും അതിന് ഇരപിടിക്കാൻ കഴിയും. മനുഷ്യനേത്രങ്ങളിൽ കോൺകോശങ്ങൾ എന്നു വിളിക്കപ്പെടുന്ന കോശങ്ങളാണു നിറങ്ങൾ തിരിച്ചറിയുന്നത്, അതേസമയം റോഡുകോശങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുന്നു. എന്നാൽ, മൂങ്ങയുടെ കണ്ണുകളിൽ വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന ഒരു രാസപദാർഥം അടങ്ങുന്ന റോഡുകോശങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. അത് ഏറ്റവും സൂക്ഷ്മമായ പ്രകാശകിരണത്തെപോലും ആ പക്ഷിക്കു ദൃശ്യപ്രതീതി ഉളവാക്കുന്ന ഒരു രാസസംജ്ഞയാക്കി മാറ്റുന്നു. എന്നാൽ മനുഷ്യർ വെറും പ്രകാശം മാത്രമേ കാണുന്നുള്ളൂ.
മിക്ക ജീവികൾക്കും കഴിയുന്നതുപോലെ മൂങ്ങകൾക്ക് അവയുടെ കൺകുഴികളിൽ നേത്രങ്ങൾ ചലിപ്പിക്കാൻ സാധ്യമല്ല. ഒരു കാറിന്റെ ഹെഡ്ലൈറ്റ് പോലെ ഓരോ നേത്രവും ഘടിപ്പിച്ചുവെച്ചിരിക്കുകയാണ്. ഈ കുറവു നികത്താൻ, ഏതു ദിശയിൽ കാണുന്നതിനും അതിശയകരമാംവിധം വഴക്കമുള്ള കഴുത്തുള്ളതിനാൽ മൂങ്ങയ്ക്ക് അതിന്റെ തല കുറഞ്ഞത് 270 ഡിഗ്രി അക്ഷത്തിൽ തിരിക്കാൻ സാധിക്കും!
ഒരു മരത്തിൽ 15 മീറ്റർ ഉയരത്തിലുള്ള കൊമ്പിലിരുന്നുകൊണ്ട് മൂങ്ങയ്ക്ക് ഒരു ചുണ്ടെലിയെ കാണാൻ മാത്രമല്ല, അതു പുല്ലിലുണ്ടാക്കുന്ന മർമരശബ്ദം കേൾക്കാനും കഴിയും. അതിന്റെ ചെവികളുടെ ഘടന നിമിത്തമാണ് കേൾക്കാനുള്ള അതിശയകരമായ പ്രാപ്തി അതിനുള്ളത്. മൂങ്ങയുടെ മുഖത്തു നോക്കുകയാണെങ്കിൽ, പരുപരുത്ത വളഞ്ഞ തൂവലുകൾ വട്ടത്തിലുള്ളതായി കാണാം. പക്ഷിലോകത്തിലെ ഏറ്റവും വലിയ കർണപടങ്ങളിലേക്കു ശബ്ദത്തെ വീഴ്ത്തിക്കൊണ്ട് അവ ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്കു പ്രതിധ്വനിപ്പിക്കുന്നു. ഒരു ചെവി മറ്റേതിനെക്കാൾ അൽപ്പം ഉയർന്നിരിക്കത്തക്കവിധമാണു ചെവികളുടെ സ്ഥാനം. ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം കൃത്യമായി മനസ്സിലാക്കാൻ ഇതു മൂങ്ങയെ സഹായിക്കുന്നു.
കാഴ്ചയാലോ ശബ്ദത്താലോ തന്റെ ഇരയെ കണ്ടുപിടിച്ചുകഴിഞ്ഞാൽ അത് ഒച്ചയുണ്ടാക്കാതെ അതിനെ റാഞ്ചിയെടുക്കും. അൽപ്പംപോലും ശബ്ദമുളവാക്കാത്തവിധം അത്രയ്ക്കും മൃദുവായ തൂവലുകൾകൊണ്ടു മൂങ്ങയുടെ ശരീരം പൊതിയപ്പെട്ടിരിക്കുന്നു. പറക്കുമ്പോൾ ശബ്ദമുണ്ടാകാതിരിക്കാൻ അതിന്റെ ചിറകിലെ തൂവലുകൾക്കുപോലും മൃദുല അഗ്രങ്ങളുണ്ട്. രാത്രിയിൽ റോഡിനു സമാന്തരം താഴ്ന്നു റാഞ്ചിപ്പറക്കുന്ന മൂങ്ങയുടെ തിളങ്ങുന്ന രൂപം കണ്ട് ചിലപ്പോൾ ഗ്രാമീണർ പേടിച്ചരണ്ടിട്ടുണ്ട്. അവർക്ക് അജ്ഞാതമായ ഒരു സംഗതിയുണ്ട്. അതായത്, മൂങ്ങ കുടിയിരിക്കുന്ന ജീർണിച്ച മരത്തിൽ വളരുന്ന പ്രകാശം പുറപ്പെടുവിക്കുന്ന ഫംഗസുകളിൽനിന്ന് അതിന്റെ ചിറകിൽ ഫോസ്ഫറസെൻസ് പറ്റിപ്പിടിക്കുമ്പോഴാണു മൂങ്ങയ്ക്ക് ആ തിളക്കം ലഭിക്കുന്നത്.
നദിയുടെ ഉത്ഭവസ്ഥാനത്തെ ലക്ഷ്യമാക്കി ഞാൻ നടന്നപ്പോൾ വളഞ്ഞുപിരിഞ്ഞ ഒരു പഴയ മരക്കുറ്റി കണ്ടു. പ്രഭാതത്തിന്റെ ഊഷ്മളത ഒരു പക്ഷിക്കുഞ്ഞിനെ മരപ്പൊത്തിന്റെ വായ്ക്കലേക്കു കൊണ്ടുവന്നു. മുകളിലെ നിറയെ ഇലകളുള്ള മേലാപ്പിലൂടെ അരിച്ചിറങ്ങി ചെരിഞ്ഞുപതിക്കുന്ന സൂര്യരശ്മികളേറ്റ് അത് അവിടെയിരുന്നു വെയിൽ കായുകയായിരുന്നു. ചിതറിവീഴുന്ന സൂര്യപ്രകാശത്തിൽ കണ്ണുകൾ ചിമ്മി അതവിടെ ഇരുന്നു—ഹൃദ്യമായ ഒരു കാഴ്ചതന്നെ!
മുകളിലെ വൃക്ഷക്കൊമ്പുകളിലെവിടെയോ തവിട്ടുനിറമുള്ള ആ പ്രായമായ മൂങ്ങ അവളുടെ ഇണയോടൊപ്പം ചേക്കയിരുന്ന്, പകുതി അടഞ്ഞ നേത്രങ്ങളിലൂടെ തന്റെ മുമ്പിലുള്ളതെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. മഹദ്സ്രഷ്ടാവ് പക്ഷികൾക്കു നൽകിയ സഹജജ്ഞാനത്താൽ അവയ്ക്കു പരസഹായം കൂടാതെ കഴിയാറാകുന്നതുവരെ അവൾ ശ്രദ്ധാപൂർവം തന്റെ കുഞ്ഞുങ്ങളെ കാവൽചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.
[അടിക്കുറിപ്പുകൾ]
a റോമൻ ചക്രവർത്തിയായ ഹാഡ്രിയന്റെ കൽപ്പനപ്രകാരമാണു (പൊതുയുഗം) പൊ.യു. 120-നും 130-നും ഇടയ്ക്ക് ഹാഡ്രിയൻ മതിൽ നിർമിച്ചത്. ഇംഗ്ലണ്ടിന്റെ വടക്കുള്ള അജയ്യരായ കാലിഡോണിയൻ ഗോത്രങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധമെന്ന നിലയിലാണ് അതു നിർമിച്ചത്. അതു സ്ഥിതിചെയ്യുന്നത് ഇംഗ്ലണ്ടിന്റെ പടിഞ്ഞാറുമാറിയുള്ള സോൾവേ ഫിർത്തിൽനിന്നും പൂർവതീരത്തുള്ള ടൈൻ നദിയുടെ നദീമുഖംവരെ 117 കിലോമീറ്റർ നീളത്തിലാണ്.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of English Heritage