പുകയിലയുടെ പ്രതിവാദികൾ ഊതിവീർപ്പിച്ച ബലൂണുകൾ വിക്ഷേപിക്കുന്നു
ലണ്ടൻ 1940-കളിൽ ഉപരോധത്തിൻ കീഴിലുള്ള ഒരു നഗരമായിരുന്നു. ജർമൻ പോർവിമാനങ്ങളും ബോംബർ വിമാനങ്ങളും ഭീതിയും വിനാശവും വാരിവിതച്ചു. അപ്പോഴത്തെ അവസ്ഥ അത്ര ദാരുണമല്ലായിരുന്നെങ്കിൽ, അവിടത്തെ നിവാസികൾ ഒരു വിചിത്രമായ കാഴ്ചയാൽ രസിക്കുമായിരുന്നു.
കേബിളുകൾകൊണ്ടു ബന്ധിച്ചിരുന്ന ആയിരക്കണക്കിനു വലിയ ബലൂണുകൾ തലയ്ക്കുമീതെ തത്തിക്കളിച്ചു. അവയുടെ ഉദ്ദേശ്യം വിമാനങ്ങൾ താഴ്ന്ന് പറന്ന് വ്യോമാക്രമണം നടത്താതിരിക്കയും കഴിയുമെങ്കിൽ ഏതാനും ബോംബർ വിമാനങ്ങളെ ഉടക്കിനിർത്തുകയുമായിരുന്നു. ബലൂൺ പ്രതിരോധം ബുദ്ധിപൂർവം തയ്യാറാക്കിയതായിരുന്നെങ്കിലും അതിനു വളരെ കുറഞ്ഞ വിജയമേ ലഭിച്ചുള്ളൂ.
സമാനമായി, തങ്ങൾ ഉപരോധത്തിൻ കീഴിലാണെന്നു സിഗരറ്റ് കമ്പനികൾ മനസ്സിലാക്കിയിരിക്കുന്നു. വ്യാപിച്ചുകൊണ്ടിരിക്കുന്ന പുകയില സാമ്രാജ്യങ്ങൾ എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുകയാണ്, ഒരിക്കൽ അവ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിയുടെ അജയ്യമായ കോട്ടകളായിരുന്നു.
വൈദ്യശാസ്ത്ര സമൂഹം തെറ്റു ചൂണ്ടിക്കാണിക്കുന്ന അവരുടെ പഠനങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കുന്നു. കുരിശുയുദ്ധം നടത്തുന്ന ആരോഗ്യ പരിപാലക ഉദ്യോഗസ്ഥൻമാർ ഈ സ്ഥിതിവിശേഷത്തിൽനിന്നു മുതലെടുക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ കുട്ടികളെ ഇരകളാക്കിയിരിക്കുന്നു എന്നു കോപാകുലരായ മാതാപിതാക്കൾ ആരോപിക്കുന്നു. അരയും തലയും മുറുക്കിയ നിയമനിർമാതാക്കൾ ഓഫീസ് കെട്ടിടങ്ങളിലും റെസ്റ്ററന്റുകളിലും സൈനിക സ്ഥാപനങ്ങളിലും വിമാനങ്ങളിലും പുകവലി നിരോധിച്ചിരിക്കുന്നു. പല രാജ്യങ്ങളിലും ടെലിവിഷനിലും റേഡിയോയിലും പുകയില പരസ്യങ്ങൾ വിലക്കിയിരിക്കുന്നു. ഐക്യനാടുകളിൽ, എല്ലാ സംസ്ഥാനങ്ങളും ആരോഗ്യപരിപാലന ചെലവുകൾക്കായി ലക്ഷക്കണക്കിനു ഡോളറുകൾ മുടക്കി കേസു നടത്തുകയാണ്. ഈ പോരാട്ടത്തിൽ വക്കീലൻമാർ പോലും പങ്കുചേരുന്നു.
അതുകൊണ്ട്, അവരുടെ ആക്രമണങ്ങളെ ചെറുത്തുനിൽക്കാനുള്ള ശ്രമത്തിൽ, പുകയില കമ്പനികൾ സ്വയം സംരക്ഷിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കയാണ്. എന്നിരുന്നാലും, അവർ വളരെയധികം വീമ്പിളക്കുന്നതുപോലെ തോന്നുന്നു.
അമർഷം പൂണ്ട നിയമനിർമാതാക്കളും ഗവൺമെൻറ് ആരോഗ്യ ഉദ്യോഗസ്ഥൻമാരും പുകയില വ്യവസായത്തിനെതിരെ ശക്തമായ ആക്രമണം നടത്തുന്നത് കഴിഞ്ഞ വർഷം ഐക്യനാടുകളിലെ പൊതുജനങ്ങൾ അടുത്തു വീക്ഷിക്കുകയുണ്ടായി. 1994 ഏപ്രിലിൽ യു.എസ്. കോൺഗ്രസിന്റെ ഒരു കമ്മിറ്റിയുടെ മുമ്പാകെവെച്ചു നടന്ന വിചാരണയിൽ ഏഴു വലിയ അമേരിക്കൻ കമ്പനികളിൽനിന്നുള്ള എക്സിക്യുട്ടീവുകൾക്കു കുറ്റപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകളെ നേരിടേണ്ടിവന്നു: 4,00,000 അമേരിക്കക്കാരാണ് ഓരോ വർഷവും മരിച്ചുകൊണ്ടിരിക്കുന്നത്, കൂടുതൽ പേർ രോഗികളും മരണത്തോട് അടുത്തെത്തിയിരിക്കുന്നവരും ആസക്തരുമാണ്.
സ്വയം പ്രതിവാദിക്കാൻ അവർ എന്താണ് പറഞ്ഞത്? പോരാടാൻ ഒരുങ്ങിവന്ന എക്സിക്യുട്ടിവുകൾ തങ്ങളുടെ പ്രതിവാദത്തിനായി രസകരമായ ചില പ്രസ്താവനകൾ നടത്തി: “പുകവലി . . . രോഗങ്ങൾക്കു കാരണമാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു,” ഒരു പുകയില കമ്പനിയുടെ വക്താവു പ്രസ്താവിച്ചു. മാത്രമല്ല, മിഠായി തിന്നുന്നതോ കാപ്പി കുടിക്കുന്നതോ പോലുള്ള ആസ്വാദ്യമായ മറ്റേതൊരു പ്രവർത്തനത്തെയും പോലെയാണു പുകവലി ശീലം എന്നു ചിത്രീകരിക്കപ്പെടുകയുണ്ടായി. “നിക്കോട്ടിന്റെ സന്നിദ്ധ്യം സിഗരറ്റിനെ ഒരു മയക്കുമരുന്നായോ പുകവലിയെ ഒരു ആസക്തിയായോ മാറ്റുന്നില്ല,” ഒരു പുകയില കമ്പനിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ പറഞ്ഞു. “സിഗരറ്റുകളിൽ ഏതൊരളവിലുമുള്ള നിക്കോട്ടിൻ ആസക്തിയുളവാക്കുന്നു എന്ന കാര്യം ശരിയല്ല” എന്ന് ഒരു പുകയിലക്കമ്പനി ശാസ്ത്രജ്ഞൻ പ്രസ്താവിച്ചു.
സിഗരറ്റുകൾ ആസക്തിയുളവാക്കുന്നതല്ലെങ്കിൽ, തങ്ങളുടെ ഉത്പന്നങ്ങളിലെ നിക്കോട്ടിൻ അളവുകളിൽ വ്യത്യാസം വരുത്താൻ പുകയില കമ്പനികൾ ശ്രമിച്ചത് എന്തുകൊണ്ടാണ്? കമ്മിറ്റി തിരിച്ചടിച്ചു. “രുചിക്ക്,” മറ്റൊരു പുകയില കമ്പനിയുടെ എക്സിക്യുട്ടിവ് വിശദീകരിച്ചു. രുചിയില്ലാത്ത സിഗരറ്റിനെക്കാൾ മോശമായ എന്തെങ്കിലുമുണ്ടോ? നിക്കോട്ടിന്റെ ആസക്തിയെക്കുറിച്ചു സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെതന്നെ കമ്പനിയുടെ ഫയലുകളിൽനിന്നുള്ള അനേകം ഗവേഷണ വിവരങ്ങൾ കാട്ടിയപ്പോൾ അദ്ദേഹം തന്റെ കഥയോടു പറ്റിനിൽക്കുകയാണു ചെയ്തത്.
പുകയിലയുടെ ഇരകളെക്കൊണ്ട് സെമിത്തേരികൾ എത്രമാത്രം നിറഞ്ഞാലും അദ്ദേഹവും മറ്റുള്ള ചിലരും ആ അഭിപ്രായത്തോടു പറ്റിനിൽക്കുമെന്നതു വ്യക്തം. 1993-ന്റെ തുടക്കത്തിൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അധ്യക്ഷനായ ഡോ. ലോണീ ബ്രിസ്റ്റോ രസകരമായ ഒരു വെല്ലുവിളി ഉയർത്തി. ദ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “തന്റെ കൂടെ ആശുപത്രി വാർഡുകളിൽക്കൂടി നടന്ന് പുകവലി ഉളവാക്കുന്ന ഫലങ്ങളിൽ ഒന്ന്—ശ്വാസകോശ അർബുദം പിടിപെട്ട രോഗികളെയും ശ്വാസകോശസംബന്ധമായി വേറെ അസുഖങ്ങളുള്ളവരെയും—നോക്കിക്കാണാൻ ഐക്യനാടുകളിലെ പ്രമുഖ പുകയില കമ്പനികളുടെ എക്സിക്യുട്ടിവുകളെ അദ്ദേഹം ക്ഷണിച്ചു. ആരും ആ ക്ഷണം സ്വീകരിക്കുകയുണ്ടായില്ല.”
തൊഴിലില്ലായ്മ പെരുകുന്ന ഒരു ലോകസമ്പദ്വ്യവസ്ഥയിൽ അതു നല്ല തൊഴിൽ പ്രദാനം ചെയ്യുന്നുവെന്ന് പുകയില വ്യവസായം അഹങ്കരിക്കുന്നു. ഉദാഹരണത്തിന്, അർജൻറീനയിൽ ഈ വ്യവസായം 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, കൂടാതെ പരോക്ഷമായി 40 ലക്ഷം തൊഴിലവസരങ്ങളും ഇതിനോടു ബന്ധപ്പെട്ടിരിക്കുന്നു. വൻ വരുമാന നികുതികൾ അടയ്ക്കുമ്പോൾ പുകയില കമ്പനികൾക്കു പല ഗവൺമെൻറുകളുടെയും ആശിർവാദം ലഭിക്കുന്നു.
ഒരു പുകയിലക്കമ്പനി ഉദാരമായ സംഭാവനകളാൽ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ്—പൊതുകാര്യങ്ങളിലുള്ള താത്പര്യമെന്നല്ലേ തോന്നൂ. എന്നിരുന്നാലും, ഈ “നിയോജകമണ്ഡല വികസന ബജറ്റി”ന്റെ യഥാർഥ ഉദ്ദേശ്യം സാധ്യതയുള്ള വോട്ടർമാരുടെ ഇടയിൽ ഒരു സമ്മതഭാവം വളർത്തിയെടുക്കുകയായിരുന്നുവെന്ന് കമ്പനിക്കുള്ളിലെ രേഖകൾ വെളിപ്പെടുത്തി.
മ്യൂസിയങ്ങൾ, വിദ്യാലയങ്ങൾ, നൃത്ത അക്കാദമികൾ, സംഗീത സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് വലിയ സംഭാവനകൾ ചെയ്തുകൊണ്ട് കലാരംഗങ്ങളിലും അതേ പുകയില കമ്പനി സ്നേഹിതരെ സമ്പാദിച്ചിരിക്കുന്നു. വളരെ ആവശ്യമായിരിക്കുന്ന പുകയിലപ്പണം കൈനീട്ടി വാങ്ങാൻ കലാസംഘടനകളിലെ ഉദ്യോഗസ്ഥൻമാർ കച്ചകെട്ടിയിറങ്ങുന്നു. അടുത്തകാലത്ത്, പുകവലിവിരുദ്ധ നിയമനിർമാണത്തിനെതിരെയുള്ള ശ്രമങ്ങളെ അനുകൂലിച്ചുകൊണ്ട് തങ്ങളുടെ ശബ്ദമുയർത്താൻ അതേ പുകയില കമ്പനി അവരെ ആഹ്വാനം ചെയ്തപ്പോൾ ന്യൂയോർക്ക് നഗരത്തിലെ കലാസമുദായത്തിൽപ്പെട്ട അംഗങ്ങൾ തീർത്തും വിഷമസന്ധിയിലായി.
തീർച്ചയായും രാഷ്ട്രീയക്കാർക്കു പണം വിതറാൻ മടിയുള്ളവരൊന്നുമല്ല സമ്പന്നരായ ഈ പുകയില വമ്പൻമാർ, ആ രാഷ്ട്രീയക്കാർക്കാവട്ടെ പുകയില താത്പര്യങ്ങൾക്കെതിരെയുള്ള ഏതെങ്കിലും നിർദേശങ്ങൾക്കെതിരെ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാൻ കഴിയും. ഉന്നതസ്ഥാനങ്ങളിലെ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ പുകയില കമ്പനികളുടെ പക്ഷത്തെ ന്യായീകരിക്കുക പോലും ചെയ്തിട്ടുണ്ട്. ചിലർക്ക് ഈ വ്യവസായവുമായി സാമ്പത്തിക ബന്ധങ്ങളുണ്ട്, അല്ലെങ്കിൽ പുകയിലപ്പണംകൊണ്ട് തിരഞ്ഞെടുപ്പു പ്രചരണത്തിനു പിൻബലം ലഭിക്കുമ്പോൾ അവർക്കു പ്രത്യുപകാരം ചെയ്യാനുള്ള കടപ്പാടു തോന്നുന്നു.
യു.എസ്. പാർലമെൻറിലെ ഒരുവൻ സിഗരറ്റു കമ്പനികളിൽനിന്ന് 21,000 ഡോളർ കൈപ്പറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, തത്ഫലമായി, ഏതാനും പുകയിലവിരുദ്ധ വിവാദവിഷയങ്ങളിൽ അദ്ദേഹം പ്രതികൂലമായി വോട്ടു ചെയ്തു.
മുമ്പ് പുകയിലയെ അനുകൂലിച്ച് ധാരാളം പണം വാരിക്കൂട്ടിയിരുന്ന, ഒരിക്കൽ സ്റ്റേറ്റ് സെനറ്ററും വലിയ പുകവലിക്കാരനുമായിരുന്ന ഒരുവൻ അടുത്തകാലത്ത് തനിക്ക് തൊണ്ടയിലും ശ്വാസകോശത്തിലും കരളിലും കാൻസറുണ്ടെന്നു കണ്ടെത്തി. ഇപ്പോൾ അദ്ദേഹത്തിനു വലിയ ഖേദമുണ്ട്, “സ്വയം വരുത്തിവെച്ച വിനകൊണ്ട് രോഗിയായിരിക്കുന്നു” എന്നു വിലപിക്കുന്നത് ഒരു വിഡ്ഢിയെപ്പോലെ തോന്നാനേ ഇടയാക്കുകയുള്ളൂ.
പരസ്യപ്പെടുത്താൻ ഉപയോഗിക്കുന്ന ഡോളറിന്റെ ശക്തികൊണ്ട്, പുകയില ഭീമൻമാർ എതിർപ്പിനെ ശക്തമായി ആക്രമിക്കുകയാണ്. “ഇന്ന് സിഗരറ്റ്, നാളെയോ?” എന്നു മുന്നറിയിപ്പു കൊടുത്തുകൊണ്ട് ഒരു പരസ്യം സ്വാതന്ത്ര്യത്തിന്റെ പതാക വീശുകയാണ്. ഭ്രാന്തമെന്നു പറയപ്പെടുന്ന വിലക്കുകൾക്ക് അടുത്ത തവണ ഇരയായിത്തീരുന്നത് കഫീനും മദ്യവും ഇറച്ചിയപ്പവും (hamburger) ഒക്കെയായിരിക്കും എന്നാണ് അതിന്റെ വിവക്ഷ.
പുകവലിച്ചുവിടുന്ന ധൂമം വിഷമുള്ളതാണെന്നു പട്ടികപ്പെടുത്തിയ, വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന, യു.എസ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ പഠനം തെറ്റാണെന്നു വരുത്തിത്തീർക്കാൻ പത്രപരസ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഒരു നിയമയുദ്ധം നടത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് പുകയില വ്യവസായം പറയുകയുണ്ടായി. ആസക്തി കൂട്ടാൻ നിക്കോട്ടിന്റെ അളവിൽ തിരിമറികൾ വരുത്തുന്നതായി ഒരു ടെലിവിഷൻ പരിപാടി ഒരു കമ്പനിയെ കുറ്റപ്പെടുത്തി. ആ പരിപാടി ടെലിവിഷൻ നെറ്റ്വർക്കിലൂടെ അവതരിപ്പിച്ചതിനെത്തുടർന്ന് ഉടൻതന്നെ 1,000 കോടി ഡോളറിന്റെ ഒരു കേസ് നടക്കുകയുണ്ടായി.
പുകയില കമ്പനികൾ ശക്തമായി പൊരുതിയിരിക്കുന്നു, എന്നാൽ അവർക്കെതിരെയുള്ള ആരോപണം കൂടിവരികയാണ്. കഴിഞ്ഞ നാലു ദശകങ്ങളിലായി ഏതാണ്ട് 50,000 പഠനങ്ങൾ നടത്തിയിട്ടുണ്ട്, ഫലമോ, പുകയില ഉപയോഗത്തിന്റെ അപകടങ്ങൾ സംബന്ധിച്ച തെളിവിന്റെ സദാ വർധിച്ചുവരുന്ന ഒരു ബൃഹത്കൂമ്പാരംതന്നെ.
സിഗരറ്റു കമ്പനികൾക്കു നേരെ തൊടുത്തുവിട്ടിട്ടുള്ള ആരോപണങ്ങളെ അവ എങ്ങനെയാണു വെട്ടിച്ചുമാറാൻ ശ്രമിച്ചിട്ടുള്ളത്? വസ്തുതയെന്നു കരുതപ്പെടുന്ന ഒരു സംഗതിയോട് അവ മർക്കടമുഷ്ടിയോടെ പറ്റിനിൽക്കുന്നു: പുകവലിക്കാർ പുകവലി നിർത്തുന്നു. അതുകൊണ്ട് അവർ പറയുന്നത് നിക്കോട്ടിൻ ആസക്തിയുളവാക്കുന്നതല്ല എന്നാണ്. എന്നിരുന്നാലും, സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മറിച്ചാണ്. നാലു കോടി അമേരിക്കക്കാർ പുകവലി ഉപേക്ഷിച്ചിരിക്കുന്നുവെന്നതു സത്യമാണ്. എന്നാൽ, അഞ്ചു കോടി പേർ ഇപ്പോഴും പുകവലിക്കുന്നു, ഇവരിൽ 70 ശതമാനം പേരും പറയുന്നത് തങ്ങൾ പുകവലി നിർത്താൻ ആഗ്രഹിക്കുന്നുവെന്നാണ്. ഓരോ വർഷവും പുകവലി നിർത്താൻ ശ്രമിക്കുന്ന 1.7 കോടി പേരിൽ 90 ശതമാനവും ഒരു വർഷത്തിനുള്ളിൽ പരാജയപ്പെടുന്നു.
ശ്വാസകോശ അർബുദം നിമിത്തം ശസ്ത്രക്രിയയ്ക്കു വിധേയമായശേഷം, യു.എസ്. പുകവലിക്കാരിൽ ഏതാണ്ട് 50 ശതമാനവും ആ ശീലത്തിലേക്കു മടങ്ങിവരുന്നു. ഹൃദയസ്തംഭനമുണ്ടായ പുകവലിക്കാരിൽ 38 ശതമാനം പേരും ആശുപത്രി വിടുന്നതിനുമുമ്പ് വീണ്ടും പുകവലി തുടങ്ങുന്നു. കാൻസർ ബാധിച്ച സ്വനപേടകം നീക്കം ചെയ്തവരിൽ അമ്പതു ശതമാനം പേരും വീണ്ടും പുകവലിക്കാൻ ശ്രമിക്കുന്നു.
ഐക്യനാടുകളിലെ പുകവലിക്കാരായ ലക്ഷക്കണക്കിനു കൗമാരപ്രായക്കാരുടെ നാലിൽ മൂന്നു ഭാഗം പേരും പറയുന്നത് പുകവലി നിർത്താൻ ഒരു തവണയെങ്കിലും തങ്ങൾ കാര്യമായി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പരാജയപ്പെട്ടുവെന്നുമാണ്. അനേകം യുവാക്കളെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയായിരുന്നിട്ടുണ്ട് പുകയില ഉപയോഗം. പുകവലിക്കാത്തവർ കൊക്കയ്ൻ ഉപയോഗിക്കാനുള്ള സാധ്യതയെക്കാൾ 50 ഇരട്ടി കൂടുതലാണ് പുകവലിക്കാരായ കൗമാരപ്രായക്കാർ അതുപയോഗിക്കാനുള്ള സാധ്യത. 13 വയസ്സുള്ള ഒരു പുകവലിക്കാരി അതു സമ്മതിക്കുന്നു. “സിഗരറ്റുകൾ മയക്കുമരുന്നിലേക്കുള്ള ഒരു കവാടമാണെന്നുള്ളതിന് എനിക്കു യാതൊരു സംശയവുമില്ല,” അവൾ എഴുതി. “എനിക്കറിയാവുന്നവരിൽ മൂന്നു പേരൊഴികെ എല്ലാവരും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനു മുമ്പ് പുകവലിക്കാൻ തുടങ്ങിയിരുന്നു.”
ടാർ കുറവുള്ള സിഗരറ്റുകൾ സംബന്ധിച്ചെന്ത്? വാസ്തവത്തിൽ, രണ്ടു കാരണങ്ങളാൽ അവ കൂടുതൽ അപകടകരമായിരിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പ്രകടമാക്കുന്നു: ഒന്ന്, തന്റെ ശരീരം അതിയായി കാംക്ഷിക്കുന്ന നിക്കോട്ടിൻ വലിച്ചെടുക്കാൻ വേണ്ടി പുകവലിക്കാരൻ കൂടുതൽ പുക ആഞ്ഞുവലിക്കുന്നു. അങ്ങനെ ശ്വാസകോശത്തിലെ കൂടുതൽ പേശീകലകൾ പുകയുടെ വിഷലിപ്തഫലങ്ങൾക്കു വിധേയമായിത്തീരുന്നു; രണ്ട്, “കൂടുതൽ ആരോഗ്യപ്രദമായ” സിഗരറ്റാണ് താൻ വലിക്കുന്നതെന്ന തെറ്റിദ്ധാരണ പുകവലി ഉപേക്ഷിക്കാനുള്ള ശ്രമംതന്നെ ഉപേക്ഷിക്കാൻ അവനെ പ്രേരിപ്പിച്ചേക്കാം.
നിക്കോട്ടിനെക്കുറിച്ചു മാത്രം 2,000-ത്തിലധികം പഠനങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യന് അറിവായിട്ടുള്ളതിൽ ഏറ്റവും ആസക്തിയുളവാക്കുന്നതും ഏറ്റവും ഹാനികരവുമായ വസ്തുക്കളിൽ ഒന്നാണ് നിക്കോട്ടിനെന്ന് അവ വെളിപ്പെടുത്തുന്നു. നിക്കോട്ടിൻ ഹൃദയമിടിപ്പിനെ ത്വരിതപ്പെടുത്തുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു. അത് ഏഴു സെക്കൻഡുകൊണ്ട് രക്തത്തിലേക്കു വലിച്ചെടുക്കപ്പെടുന്നു—രക്തക്കുഴലിലേക്കു നേരിട്ടു നൽകുന്ന ഒരു കുത്തിവെപ്പിനെക്കാളും വേഗത്തിലാണ് അത് സ്വാംശീകരിക്കപ്പെടുന്നത്. അതു കൂടുതൽക്കൂടുതൽ വേണമെന്ന വാഞ്ഛ തലച്ചോറിൽ ഉളവാക്കുന്നു, ഈ ആഗ്രഹം ഹെറോയിന്റെ ആസക്തിയെക്കാൾ ഇരുമടങ്ങാണെന്നാണു ചിലർ പറയുന്നത്.
അവ നിഷേധിക്കുന്നുണ്ടെങ്കിൽപോലും, നിക്കോട്ടിന്റെ ആസക്തിയുളവാക്കാനുള്ള കഴിവു സംബന്ധിച്ച് പുകയില കമ്പനികൾ ബോധമുള്ളവരാണോ? ദീർഘകാലമായി അവർക്ക് അതറിയാം എന്നുള്ളതിന്റെ സൂചനകളുണ്ട്. ദൃഷ്ടാന്തത്തിന്, പരീക്ഷണശാലകളിലെ എലികൾ ആസക്തിയുടെ പൊതു ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്ന് ഒരു പുകയില കമ്പനിയിലെ ഒരു ഗവേഷകൻ നിരീക്ഷിച്ചതായി 1983-ലെ ഒരു റിപ്പോർട്ട് പ്രകടമാക്കുന്നു. കൂടുതൽക്കൂടുതൽ നിക്കോട്ടിൻ കിട്ടാൻ വേണ്ടി അവ ബാറുകളിൽ തട്ടുന്നുണ്ടായിരുന്നു. എന്നാൽ, ആ പഠനത്തെ പുകയില വ്യവസായം പെട്ടെന്ന് അടിച്ചമർത്തിയതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു, അടുത്ത കാലത്തു മാത്രമാണ് അതു വെളിച്ചത്തു വന്നത്.
പീരങ്കികൾ എല്ലാ വശത്തുനിന്നും വെടിയുണ്ട ഉതിർത്തുകൊണ്ടിരിക്കെ പുകയില വമ്പൻമാർ അലസമായിരുന്നിട്ടില്ല. “യു.എസ്. ബിസിനസ്സ് ചരിത്രത്തിലെ ഏറ്റവും ദീർഘകാലമായി നിലനിന്നുപോന്നിട്ടുള്ള തെറ്റിദ്ധാരണാ സംരംഭം” എന്ന് ദ വാൾ സ്ട്രീറ്റ് ജേണൽ വിളിക്കുന്നതാണ് ന്യൂയോർക്ക് നഗരത്തിലെ കൗൺസിൽ ഫോർ റ്റുബാക്കോ റിസേർച്ച് നടത്തുന്നത്.
സ്വതന്ത്ര ഗവേഷണം നടത്തുന്നു എന്നതിന്റെ പേരിൽ ആക്രമണകാരികളോടു പൊരുതുന്നതിൽ ഈ കൗൺസിൽ ലക്ഷക്കണക്കിനു ഡോളർ നിക്ഷേപിച്ചിരിക്കുന്നു. പുകയില ടാർ എലികളുടെ പുറത്ത് തേച്ചപ്പോൾ അതു കാൻസർ ഉളവാക്കി എന്ന് മെമ്മോറിയൽ സ്ലോവൻ കെറ്ററിങ് കാൻസർ സെന്ററിലെ ഡോ. ഏൺസ്റ്റ് വിൻഡർ 1953-ൽ കണ്ടുപിടിച്ചപ്പോഴാണ് ഇതെല്ലാം തുടങ്ങിയത്. തങ്ങളുടെ ഉത്പന്നത്തിനെതിരെ സ്വരുക്കൂട്ടുന്ന വ്യക്തമായ തെളിവിനെ ഇല്ലായ്മ ചെയ്യാൻ തങ്ങളുടെ സ്വന്തം ശാസ്ത്ര തെളിവുകൊണ്ട് അവയെ എതിരിട്ടുകൊണ്ടു പുകയില വ്യവസായം ആ കൗൺസിൽ സ്ഥാപിച്ചു.
ശേഷിച്ച ഗവേഷക സമൂഹത്തിന്റെ കണ്ടുപിടിത്തങ്ങൾക്കു വിരുദ്ധമായ ഫലങ്ങൾ കൗൺസിൽ ശാസ്ത്രജ്ഞൻമാർക്ക് എങ്ങനെയാണ് ഉളവാക്കാൻ കഴിഞ്ഞത്? അടുത്ത കാലത്തു പുറപ്പെടുവിച്ച ചില പ്രാമാണിക രേഖകൾ നിഗൂഢതയുടെ വലിയ ഒരു ശൃംഖല വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. ലിഖിത ഉടമ്പടികളാൽ വിലങ്ങുവയ്ക്കപ്പെടുകയും സൂക്ഷ്മദൃക്കുകളായ വക്കീലൻമാരാൽ കടിഞ്ഞാണിടപ്പെടുകയും ചെയ്യുന്ന അനേകം കൗൺസിൽ ഗവേഷകരും ആരോഗ്യസംബന്ധമായി വർധിച്ചുവരുന്ന ഭയങ്ങൾ നല്ല അടിസ്ഥാനമുള്ളവയാണെന്നു കണ്ടെത്തിയിരിക്കുന്നു. എന്നാൽ വസ്തുതകളെ അഭിമുഖീകരിച്ചപ്പോൾ കൗൺസിൽ “പുകവലി ഒരു ആരോഗ്യ വിനയായി എടുത്തുകാട്ടിയ അതിന്റെ സ്വന്തം പഠനങ്ങളെ അത് ചിലപ്പോൾ അവഗണിക്കുകയോ നിർത്തിവയ്ക്കുകയോ പോലും ചെയ്തിട്ടുണ്ട്” എന്ന് ദ വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു.
രഹസ്യത്തിന്റെ മതിലുകൾക്കു പിന്നിൽ ഏറെ സുരക്ഷിതമായ ഒരു സിഗരറ്റിനു വേണ്ടിയുള്ള അന്വേഷണം വർഷങ്ങളായി തുടർന്നുപോന്നിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് പുകവലി ആരോഗ്യത്തിനു തീർച്ചയായും ഹാനികരമാണ് എന്നതിന്റെ ഒരു നിശബ്ദ സമ്മതമായിരിക്കുമായിരുന്നു. “സുരക്ഷിതമായ” സിഗരറ്റ് നിർമിക്കാനുള്ള ശ്രമം വ്യർഥമായതിനാൽ അത് ഉപേക്ഷിക്കാനും ബന്ധപ്പെട്ട എല്ലാ രേഖകളും രഹസ്യമായി സൂക്ഷിക്കാനും ഒരു പുകയില കമ്പനിക്കു വേണ്ടിയുള്ള ഒരു മുതിർന്ന വക്കീൽ 1970-കളുടെ അവസാനമായപ്പോൾ ശുപാർശ ചെയ്തു.
വർഷങ്ങളായി പരീക്ഷണം നടത്തിയതിൽനിന്നു രണ്ടു കാര്യം വ്യക്തമായി: നിക്കോട്ടിൻ വാസ്തവത്തിൽ ആസക്തിയുളവാക്കുന്നതാണ്, സിഗരറ്റ് വലിക്കുന്നത് കൊല്ലുകതന്നെ ചെയ്യുന്നു. ഈ വസ്തുതകൾ ശക്തമായി, പരസ്യമായി നിരാകരിക്കുന്നുവെങ്കിലും, ആ വസ്തുതകൾ തങ്ങൾക്കു നന്നായി അറിയാമെന്ന് പുകയില കമ്പനികൾ അവയുടെ പ്രവർത്തനങ്ങളാൽ പ്രകടമാക്കുകയാണ്.
മനഃപൂർമായ വഞ്ചന ആരോപിച്ചുകൊണ്ട് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) കമ്മീഷണറായ ഡേവിഡ് കെസ്ലർ ഇങ്ങനെ പറഞ്ഞു: “ഇന്നത്തെ ചില സിഗരറ്റുകൾ ആസക്തി ഉളവാക്കാനും നിലനിർത്താനും മതിയായ . . . കൃത്യമായി കണക്കാക്കിയെടുത്ത അളവുകളിൽ നിക്കോട്ടിൻ പ്രദാനം ചെയ്യുന്ന ഉയർന്ന സാങ്കേതിക വിദ്യയുള്ള നിക്കോട്ടിൻ ഡെലിവറി സിസ്റ്റങ്ങളായി യോഗ്യത നേടിയേക്കാം.”
തങ്ങളുടെ ഉദ്ദേശ്യം തെളിയിക്കുന്ന പല ഉടമാവകാശങ്ങൾ പുകയില കമ്പനികൾക്കു സ്വന്തമായുണ്ടെന്ന് കെസ്ലർ വെളിപ്പെടുത്തി. ഒരെണ്ണം ജനിതകപരമായി മാറ്റം വരുത്തിയ പുകയിലയാണ്, അതാണ് കേട്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ നിക്കോട്ടിൻ പ്രദാനം ചെയ്യുന്നത്. കൂടുതലായ ഒരാക്കം കിട്ടാൻ വേണ്ടി സിഗരറ്റു ഫിൽറ്ററുകളെയും പേപ്പറുകളെയും നിക്കോട്ടിൻകൊണ്ട് പൂശുന്നതാണ് മറ്റൊരു രീതി. ഇനിയും വേറൊരു രീതി അനുസരിച്ചാണെങ്കിൽ, പുകവലിക്കാരൻ ആദ്യം എടുക്കുന്ന പുകകളിൽ അവസാനം എടുക്കുന്നതിനെക്കാൾ കൂടുതൽ നിക്കോട്ടിൻ അടങ്ങിയിരിക്കും. മാത്രമല്ല, പുകയിലയിൽനിന്നു നിക്കോട്ടിൻ കൂടുതൽ വിട്ടുതരാൻ സിഗരറ്റുകളിൽ അമോണിയാ ഘടകങ്ങൾ ചേർക്കുന്നതായി ആ വ്യവസായത്തിന്റെ രേഖകൾ പ്രകടമാക്കുന്നു. “സാധാരണ ഉള്ളിലേക്കു വലിച്ചെടുക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി പുകവലിക്കാരന്റെ രക്തത്തിൽ കടന്നു,” ഒരു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. നിക്കോട്ടിൻ ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്നാണെന്നും സിഗരറ്റുകളെ കർശനമായി നിയന്ത്രിക്കാൻ ലക്ഷ്യം വയ്ക്കുന്നതാണെന്നും എഫ്ഡിഎ പ്രഖ്യാപിച്ചിരിക്കുന്നു.
മറ്റൊരു വിധത്തിൽ ഗവൺമെന്റുകളും സിഗരറ്റുകളെ ആശ്രയിക്കുന്നു. ഉദാഹരണത്തിന്, യു.എസ്. ഗവൺമെൻറ് പുകയില ഉത്പന്നങ്ങളുടെ മേലുള്ള സ്റ്റേറ്റ്/ഫെഡറൽ നികുതി ഇനത്തിൽ 1,200 കോടി ഡോളറാണ് ഒരു വർഷം ശേഖരിക്കുന്നത്. എന്നുവരികിലും, ആരോഗ്യ പരിപാലന ചെലവുകളെയും നഷ്ടപ്പെട്ട ഉത്പാദനക്ഷമതയെയും അടിസ്ഥാനമാക്കി ഒരു വർഷം 6,800 കോടി ഡോളറിന്റെ നഷ്ടം ഗവൺമെൻറ് നേരിടുന്നതായി സാങ്കേതികവിദ്യാ നിർണയത്തിനുള്ള ഫെഡറൽ ഓഫീസ് കണക്കാക്കുന്നു.
സാമ്പത്തിക പ്രതിഫലങ്ങളുടെയും അനേകം തൊഴിലവസരങ്ങളുടെയും അവകാശവാദങ്ങൾ, കലയ്ക്കു നൽകുന്ന ഉദാരമായ പിന്തുണ, ആരോഗ്യ അപകടങ്ങളെ ശക്തമായി നിഷേധിക്കൽ—അതേ, പുകയില വ്യവസായം സ്വയംപ്രതിരോധത്തിന്റെ പ്രത്യേകതയുള്ളതെന്നു തോന്നിക്കുന്ന ബലൂണുകൾ ഉയർത്തിവിട്ടിരിക്കുന്നു. ലണ്ടനുമീതെ ഉണ്ടായിരുന്ന ബുലൂൺനിരയെക്കാൾ അവ ഫലപ്രദമാവുമോ ഇല്ലയോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
എന്നാൽ വമ്പൻമാരായ കമ്പനികൾക്ക് മേലാൽ അതിന്റെ യഥാർഥ സ്വഭാവം മൂടിവെക്കാൻ സാധ്യമല്ലെന്നു തെളിഞ്ഞിരിക്കുന്നു. അവർ ലക്ഷങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, അവർ ലക്ഷങ്ങളെ കൊന്നിരിക്കുന്നു. ഇവയൊന്നും അവയെ തെല്ലും ബാധിക്കാത്തതുപോലെ തോന്നുന്നു, അന്തിമഫലമോ, മനുഷ്യജീവന്റെ മാരകമായ ഒരു കൊയ്ത്തുതന്നെ.
[8-ാം പേജിലെ ആകർഷകവാക്യം]
അവർ വളരെയധികം വീമ്പിളക്കുന്നതുപോലെ തോന്നുന്നു
[9-ാം പേജിലെ ആകർഷകവാക്യം]
പുകവലിച്ചുവിടുന്ന ധൂമം വിഷമുള്ളതാണെന്ന് ഒരു ഗവൺമെൻറ് പഠനം സൂചിപ്പിക്കുന്നു
[10-ാം പേജിലെ ആകർഷകവാക്യം]
അറിവായിട്ടുള്ളതിൽ ഏറ്റവും ആസക്തിയുളവാക്കുന്ന പദാർഥങ്ങളിൽ ഒന്നാണ് നിക്കോട്ടിൻ
[11-ാം പേജിലെ ആകർഷകവാക്യം]
അവർ ലക്ഷങ്ങൾ ഉണ്ടാക്കിയിരിക്കുന്നു; അവർ ലക്ഷങ്ങളെ കൊന്നിരിക്കുന്നു
[10-ാം പേജിലെ ചതുരം]
50,000 പഠനങ്ങൾ—അവ എന്തു കണ്ടെത്തിയിരിക്കുന്നു?
പുകയില ഉപയോഗിക്കുന്നതിനോടു ബന്ധപ്പെട്ട് ഗവേഷകർ ഉയർത്തുന്ന ആരോഗ്യ അപകടങ്ങളുടെ ഒരു ചെറിയ സാമ്പിൾ ഇവിടെ കൊടുത്തിരിക്കുന്നു:
ശ്വാസകോശാർബുദം: ശ്വാസകോശാർബുദം നിമിത്തം മരിക്കുന്നവരിൽ 87 ശതമാനം പേരും പുകവലിക്കാരാണ്.
ഹൃദ്രോഗം: ഹൃദയസംബന്ധമായ അസുഖമുണ്ടാകാൻ പുകവലിക്കാർക്ക് 70 ശതമാനം സാധ്യത കൂടുതലാണ്.
സ്തനാർബുദം: ദിവസം 40-ഓ അതിലധികമോ സിഗരറ്റു വലിക്കുന്ന സ്ത്രീകൾ സ്തനാർബുദം നിമിത്തം മരിക്കാനുള്ള സാധ്യത 74 ശതമാനം കൂടുതലാണ്.
കേൾവി വൈകല്യം: പുകവലിക്കുന്ന മാതാക്കളുടെ കുട്ടികൾക്ക് ശബ്ദം തിരിച്ചറിയുന്നതിലെ വിഷമത കൂടുതലാണ്.
പ്രമേഹസംബന്ധമായ അപകടങ്ങൾ: പുകവലിക്കുകയോ പുകയില ചവയ്ക്കുകയോ ചെയ്യുന്ന പ്രമേഹരോഗികൾക്ക് വൃക്കസംബന്ധമായ കേടുപാടു സംഭവിക്കാൻ ഉയർന്ന സാധ്യതയുണ്ട്. കൂടാതെ, അവർക്ക് വളരെ വേഗം വർധിച്ചുകൊണ്ടിരിക്കുന്ന കാചപടല വൈകല്യവും (കാചപടലത്തെ ബാധിക്കുന്ന ഒരു രോഗം) ഉണ്ട്.
കുടലിലെ അർബുദം: 1,50,000 പേർ ഉൾപ്പെടുന്ന രണ്ട് പഠനങ്ങൾ പുകവലിയും കുടലിലെ അർബുദവും തമ്മിൽ വ്യക്തമായ ഒരു ബന്ധമുള്ളതായി കാണിക്കുന്നു.
ആസ്തമ: പ്രായം കുറഞ്ഞവരിൽ വലിച്ചുതള്ളുന്ന പുക ആസ്തമയെ കൂടുതൽ വഷളാക്കിയേക്കാം.
പുകവലിക്കാനുള്ള ചായ്വ്: ഗർഭസമയത്തു പുകവലിച്ചിരുന്നവരുടെ പുത്രിമാർ പുകവലിക്കാൻ നാലിരട്ടി പ്രവണത കൂടുതൽ ഉള്ളവരാണ്.
രക്താർബുദം: പുകവലി മൈലോയ്ഡ് ലുക്കീമിയയ്ക്കു കാരണമായിരിക്കുന്നതായി തോന്നുന്നു.
വ്യായാമം ചെയ്യുമ്പോഴത്തെ അപകടങ്ങൾ: ഒരു യു.എസ്. സൈനിക പഠനം അനുസരിച്ച്, വ്യായാമം ചെയ്യുമ്പോൾ അപകടങ്ങൾ സംഭവിക്കാൻ പുകവലിക്കാർക്കു സാധ്യത കൂടുതലാണ്.
ഓർമ: വളരെയധികം നിക്കോട്ടിൻ ഉൾക്കൊണ്ടാൽ അത് ഒരു വ്യക്തി സങ്കീർണമായ ജോലികൾ നിർവഹിക്കുമ്പോൾ മാനസികമായ വേഗതയെ കുറച്ചേക്കാം.
വിഷാദം: പുകവലിയും ഗുരുതരമായ വിഷാദവും അതുപോലെതന്നെ സ്കിസോഫ്രീനിയയും തമ്മിൽ ബന്ധമുണ്ടോ എന്നുള്ളതിന്റെ തെളിവിനു വേണ്ടി മനോരോഗശാസ്ത്രജ്ഞർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആത്മഹത്യ: പുകവലിക്കുന്ന നേഴ്സുമാരിൽ ആത്മഹത്യ ചെയ്യാനുള്ള പ്രവണത രണ്ടിരട്ടിയാണെന്ന് നേഴ്സുമാരെക്കുറിച്ചു നടത്തിയ ഒരു പഠനം പ്രകടമാക്കി.
ഈ ലിസ്റ്റിനോടു ചേർക്കാവുന്ന മറ്റപകടങ്ങൾ: വായ്, സ്വനപേടകം, തൊണ്ട, അന്നനാളം, പാൻക്രിയാസ്, ആമാശയം, ചെറുകുടൽ, മൂത്രസഞ്ചി, വൃക്ക, ഗർഭപാത്രഗളം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസർ; പക്ഷാഘാതം, ഹൃദയസ്തംഭനം, തീവ്രമായ ശ്വാസകോശരോഗം, രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങൾ, ദഹനസംബന്ധമായ അൾസറുകൾ, പ്രമേഹം, വന്ധ്യത, ജനിക്കുന്ന കുട്ടിക്കു ഭാരക്കുറവ്, അസ്ഥിക്ഷയം, കാതിലുണ്ടാകുന്ന അണുബാധ തുടങ്ങിയവ. തീകൊണ്ടുള്ള അപകടങ്ങളും ഇവയുടെ കൂടെ ചേർക്കാവുന്നതാണ്, കാരണം വീട്ടിലെയും ഹോട്ടലിലെയും ആശുപത്രിയിലെയും തീപിടിത്തങ്ങൾക്കു പ്രഥമ കാരണം പുകവലിയാണ്.
[12-ാം പേജിലെ ചതുരം]
പുകയില്ലാത്ത പുകയില—അപകടകരമായ ഒരു മറു ഉപാധി
110 കോടി ഡോളറിന്റെ വരുമാനമുണ്ടാക്കുന്ന പുകലപ്പൊടി വ്യവസായത്തിലെ മുമ്പൻ, രുചിയുള്ള ഇരയെ വെച്ചുകൊടുത്തുകൊണ്ട് തന്ത്രപൂർവം തുടക്കക്കാരെ വശീകരിക്കുന്നു. അതിനു രുചിയുള്ളതും പ്രചാരമുള്ളതുമായ ബ്രാൻഡുകളുണ്ട്. അവർ നൽകുന്ന “കൊച്ചു പുകയില അനുഭൂതി” സംതൃപ്തി പകരുന്നു, എന്നാൽ അധികസമയത്തേക്കില്ല. ഈ പുകയില കമ്പനിയുടെ ഒരു മുൻ ചെയർമാൻ പറഞ്ഞു: “അനേകമാളുകൾ കൂടുതൽ രുചിയുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ചുതുടങ്ങിയേക്കാം, എന്നാൽ അന്തിമമായി അവർ [ഏറ്റവും കടുപ്പമുള്ള ബ്രാൻഡിൽ] വന്നെത്തുന്നു.” അതിനെ ഇങ്ങനെ പരസ്യപ്പെടുത്തുന്നു, “ശക്തരായ പുരുഷൻമാർക്ക് ശക്തമായ ചവയ്ക്കൽ,” “അതു സംതൃപ്തി പകരുന്നു.”
ഈ കമ്പനിയുടെ ഈ തന്ത്രത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്ത ദ വാൾ സ്ട്രീറ്റ് ജേണൽ “അതു നിക്കോട്ടിന്റെ അളവിനു ഭേദഗതി വരുത്തുന്നു” എന്നുള്ള അതിന്റെ പ്രസ്താവത്തെ നിഷേധിച്ചതിനെക്കുറിച്ച് ഉദ്ധരിച്ചു. “കമ്പനി നിക്കോട്ടിന്റെ അളവിൽ കൃത്രിമത്വം കാണിക്കുന്നില്ലെങ്കിലും ഉപഭോക്താക്കൾ വലിച്ചെടുക്കുന്ന നിക്കോട്ടിന്റെ അളവിൽ അതു കൃത്രിമത്വം കാണിക്കുകതന്നെ ചെയ്യുന്നുണ്ട്” എന്ന് ഈ കമ്പനിയിലെ രണ്ടു മുൻ പുകയില ശാസ്ത്രജ്ഞൻമാർ ഈ വിഷയത്തെക്കുറിച്ച് ആദ്യമായി സംസാരിക്കവേ പറഞ്ഞതായും ജേണൽ പ്രസ്താവിച്ചു. പുകലപ്പൊടിയുടെ ക്ഷാരഗുണം വർധിപ്പിക്കാൻ കമ്പനി രാസപദാർഥങ്ങൾ ചേർക്കുന്നതായും അവർ പറയുന്നു. പുകലപ്പൊടിയിൽ ക്ഷാരഗുണം എത്രയധികം ഉണ്ടായിരിക്കുന്നുവോ അത് “അത്രയധികം നിക്കോട്ടിൻ പുറത്തുവിടുന്നു.” പുകലപ്പൊടിയെയും പുകല ചവയ്ക്കുന്നതിനെയും സംബന്ധിച്ചുള്ള ഈ വിശദീകരണം ജേണൽ കൂട്ടിച്ചേർക്കുന്നു: “ചവയ്ക്കാനുള്ള പുകയിലയായി ചിലപ്പോൾ കരുതാറുള്ള പുകലപ്പൊടി ഉപഭോക്താക്കൾ വലിക്കുന്ന പൊടിച്ച പുകയിലയാണ്, എന്നാൽ അതു ചവയ്ക്കുന്നില്ല. ഉപഭോക്താക്കൾ ഒരു നുള്ള് അഥവാ ‘പൊടി’ എടുത്ത് കവിളിന്റെയും മോണയുടെയും ഇടയിൽ വെക്കും, എന്നിട്ട് തങ്ങളുടെ നാക്കുകൊണ്ട് തിരിച്ചുമറിക്കുകയും ഇടയ്ക്കിടയ്ക്ക് തുപ്പുകയും ചെയ്യും.”
തുടക്കക്കാർക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന രുചിയുള്ള ബ്രാൻഡുകൾ രക്തത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതിനു വേണ്ടി 7 മുതൽ 22 വരെ ശതമാനം നിക്കോട്ടിൻ മാത്രമേ പുറത്തുവിടുന്നുള്ളൂ. ഏറ്റവും കടുപ്പമുള്ള ബ്രാൻഡ് പുതിയ ഉപഭോക്താക്കൾക്കു ശ്വാസംമുട്ടൽ ഉളവാക്കുന്നു. അതിലെ പുകയില “യഥാർഥ” പുരുഷൻമാർക്കു വേണ്ടി വളരെ നന്നായി പൊടിച്ച രൂപത്തിലാണ്. അതിന്റെ 79 ശതമാനം നിക്കോട്ടിനും “സ്വതന്ത്ര”മാണ്, പെട്ടെന്നുതന്നെ രക്തത്തിലേക്കു വലിച്ചെടുക്കപ്പെടാൻ ലഭ്യവുമാണ്. ഐക്യനാടുകളിൽ ശരാശരി ഒമ്പതു വയസ്സു പ്രായത്തിൽ ഉപഭോക്താക്കൾ പുകലപ്പൊടി ഉപയോഗിച്ചു തുടങ്ങുന്നു. കടുപ്പം കൂടുതലുള്ള ബ്രാൻഡുകൾ ഉപയോഗിച്ച് തുടങ്ങി “യഥാർഥ” പുരുഷൻമാരുടെ കൂട്ടത്തിൽ ചേരാനുള്ള ആഗ്രഹത്തെ തടയുന്ന ഏത് ഒമ്പതു വയസ്സുകാരനാണുള്ളത്?
തത്ഫലമായി ലഭിക്കുന്ന നിക്കോട്ടിൻ സിഗരറ്റിൽനിന്നു ലഭിക്കുന്നതിനെക്കാൾ വളരെ തീവ്രമാണ്. പുകലപ്പൊടി ഉപയോഗിക്കുന്നവർക്ക് വായിൽ അർബുദം ഉണ്ടാകാൻ 4 ഇരട്ടി സാധ്യത കൂടുതലാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു, പുകലപ്പൊടി ഉപയോഗിക്കാത്തവരെക്കാൾ തൊണ്ടയിൽ അർബുദം ഉണ്ടാകാനുള്ള സാധ്യത അവർക്ക് 50 ഇരട്ടി കൂടുതലാണ്.
വായിലെ അർബുദം നിമിത്തം മരിച്ച ഒരു മുൻ ഹൈസ്കൂൾ കായികതാരത്തിന്റെ മാതാവ് ഒരു പുകയില കമ്പനിക്കെതിരെ കേസു കൊടുത്തപ്പോൾ ഐക്യനാടുകളിൽ പൊതുമുറവിളി താത്കാലികമായി ആളിക്കത്തി. 12 വയസ്സിൽ കാളയുമായി മൽപ്പിടുത്തം നടത്തിയപ്പോൾ അവന് ഒരു ടിൻ പുകലപ്പൊടി സൗജന്യമായി ലഭിച്ചു, അവൻ പിന്നീട് ആഴ്ചയിൽ നാല് ടിൻ പുകലപ്പൊടി ഉപയോഗിക്കുന്നവനായി മാറി. നാക്ക്, താടിയെല്ല്, കഴുത്ത് എന്നീ ഭാഗങ്ങളിൽ വേദനാജനകമായ പല ശസ്ത്രക്രിയകൾക്കും അവൻ വിധേയനായി. ആ ചെറുപ്പക്കാരൻ 19-ാമത്തെ വയസ്സിൽ മരണമടഞ്ഞു.
[13-ാം പേജിലെ ചതുരം]
പുകവലി നിർത്തുന്ന വിധം
ലക്ഷക്കണക്കിനാളുകൾ നിക്കോട്ടിനോടുള്ള തങ്ങളുടെ ആസക്തിയെ വിജയപ്രദമായി തരണം ചെയ്തിട്ടുണ്ട്. നിങ്ങളൊരു പുകവലിക്കാരനാണെങ്കിൽ, ദീർഘകാലമായി പുകവലിക്കുന്ന ഒരാളാണെങ്കിൽപ്പോലും, ഈ ഹാനികരമായ ശീലം പറിച്ചെറിയാൻ നിങ്ങൾക്കും കഴിയും. സഹായിച്ചേക്കാവുന്ന ഏതാനും നിർദേശങ്ങൾ ഇതാ:
• എന്തു പ്രതീക്ഷിക്കണമെന്നു മുന്നമേ അറിഞ്ഞിരിക്കുക. നിർത്തിക്കഴിയുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ, ഉത്കണ്ഠ, അസ്വസ്ഥത, തലകറക്കം, തലവേദന, ഉറക്കമില്ലായ്മ, വയറുകമ്പിക്കൽ, വിശപ്പ്, തൃഷ്ണ, ശ്രദ്ധിക്കാനുള്ള കഴിവുകുറവ്, വിറയൽ തുടങ്ങിയവ ഉൾപ്പെട്ടേക്കാം. ഇതു തീർച്ചയായും അത്ര സുഖമുള്ള കാര്യങ്ങളല്ല, ഈ തീവ്രമായ ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ, ശരീരം നിക്കോട്ടിനിൽനിന്നു സ്വതന്ത്രമായിക്കഴിയുമ്പോൾ അതും ക്രമേണ മങ്ങിമറഞ്ഞുകൊള്ളും.
• ഇനി ആത്മാർഥമായ മാനസിക പോരാട്ടം ആരംഭിക്കുകയായി. നിങ്ങളുടെ ശരീരം നിക്കോട്ടിനു വേണ്ടി ദാഹിക്കുക മാത്രമല്ല, മനസ്സ് പുകവലിയോടു ബന്ധപ്പെട്ട പെരുമാറ്റങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങൾ അറിയാതെതന്നെ ഒരു സിഗരറ്റ് കയ്യിലെടുത്തതെപ്പോഴെന്നു പരിശോധിച്ച് ആ രീതിക്കു മാറ്റം വരുത്തുക. ഉദാഹരണത്തിന്, നിങ്ങൾ എല്ലായ്പോഴും ആഹാരം കഴിച്ച ഉടനെ പുകവലിച്ചിരുന്നുവെങ്കിൽ, ആഹാരം കഴിഞ്ഞ ഉടനെ എഴുന്നേറ്റു നടക്കാനോ പാത്രങ്ങൾ കഴുകാനോ ദൃഢനിശ്ചയം ചെയ്യുക.
• ഒരുപക്ഷേ, ആകുലപ്പെടുത്തുന്ന ഒരു സംഗതി നിമിത്തം പുകവലിക്കാൻ ശക്തമായ ആഗ്രഹം തോന്നുമ്പോൾ, അഞ്ചു മിനിറ്റുകൾക്കുള്ളിൽ ആ പ്രേരണ സാധാരണമായി ഇല്ലാതാകുമെന്ന് ഓർക്കുക. എഴുത്തെഴുതിക്കൊണ്ടോ വ്യായാമം ചെയ്തുകൊണ്ടോ ആരോഗ്യാവഹമായ ലഘുഭക്ഷണം കഴിച്ചുകൊണ്ടോ നിങ്ങളുടെ മനസ്സിനെ വ്യാപൃതമാക്കാൻ ഒരുങ്ങിയിരിക്കുക. ആത്മനിയന്ത്രണം കൈവരിക്കാൻ ശക്തമായ ഒരു സഹായമാണു പ്രാർഥന.
• പുകവലി ഉപേക്ഷിക്കാനുള്ള ശ്രമങ്ങളിൽ പരാജയപ്പെട്ടതു നിമിത്തം നിങ്ങൾക്കു നിരുത്സാഹം തോന്നുന്നുവെങ്കിൽ, ധൈര്യം കൈവെടിയരുത്. തുടർന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നതാണു പ്രധാന സംഗതി.
• തൂക്കം കൂടുമെന്നുള്ള തോന്നൽ നിങ്ങൾക്കു തടസ്സം സൃഷ്ടിക്കുകയാണെങ്കിൽ ഇതോർത്തിരിക്കുക, സിഗരറ്റുകൾ ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ കൂടുതലായി ഏതാനും കിലോഗ്രാം തൂക്കം ഉണ്ടാകുന്നതിന്റെ അപകടങ്ങളെക്കാൾ വളരെ വളരെ കൂടുതലാണ്. പെട്ടെന്ന് എടുക്കാവുന്ന വിധത്തിൽ പഴമോ പച്ചക്കറികളോ വെച്ചിരിക്കുന്നത് സഹായകരമാണ്. കൂടാതെ, ധാരാളം വെള്ളം കുടിക്കുക.
• പുകവലി ഉപേക്ഷിക്കുന്നത് ഒരു സംഗതിയാണ്. പുകവലിക്കാതെ തുടരുന്നത് മറ്റൊരു സംഗതിയും. പുകവലിക്കാതെ തുടരുന്നതിന് സമയ ലാക്കുകൾ വയ്ക്കുക—ഒരു ദിവസം, ഒരാഴ്ച, മൂന്നു മാസം, എന്നേക്കും.
യേശു ഇങ്ങനെ പറഞ്ഞു: “‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.’” (മർക്കൊസ് 12:31) കൂട്ടുകാരനെ സ്നേഹിക്കാൻ പുകവലി നിർത്തുക. നിങ്ങളെത്തന്നെ സ്നേഹിക്കാൻ പുകവലി നിർത്തുക.—കൂടാതെ, 1990 സെപ്റ്റംബർ 8 ഉണരുക!യുടെ 13-15 പേജുകളിലെ “പുകവലി—ക്രിസ്തീയ വീക്ഷണം” കാണുക.