ജലത്തിലെ കൃഷി—“വളർത്തു” മത്സ്യങ്ങൾ
നോർവേയിലെ ഉണരുക! ലേഖകൻ
ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ചൈനാക്കാരും ഈജിപ്തുകാരും ശുദ്ധജലമുള്ള കുളങ്ങൾ കുഴിച്ച് അവയിൽ ജീവനുള്ള മത്സ്യങ്ങളെ തീറ്റികൊടുത്തു വളർത്തിയിരുന്നു. മത്സ്യ പരിരക്ഷണം ഇക്കാലത്ത് ഒരു വ്യവസായമായി തീർന്നിരിക്കുകയാണ്. ഇതിന് മത്സ്യവളർത്തൽ എന്നു പറയുന്നു. “വെള്ളത്തിൽ സ്വതേയുള്ള ഉത്പന്നങ്ങളുടെ കൃഷി” എന്നാണ് വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയറ്റ് ഡിക്ഷ്ണറി അതിനെ നിർവചിക്കുന്നത്. ഇതിൽ വളർച്ചയ്ക്കനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതും ഉപ്പുജലത്തിലോ ശുദ്ധജലത്തിലോ ജലജന്തുക്കളെയും സസ്യങ്ങളെയും സംഭരിക്കുന്നതും കൃഷിചെയ്യുന്നതും ഉൾപ്പെടുന്നു.
മത്സ്യത്തിന്റെ വർധിച്ച രീതിയിലുള്ള കൃഷിചെയ്യലും സംഭരണവുമാണ് ഇതുവരെയുള്ള മത്സ്യവളർത്തലിന്റെ കൂടുതൽ സാധാരണമായ രൂപങ്ങൾ. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ശുദ്ധജല താപനിലകൾ താരതമ്യേന ഉയർന്ന രാജ്യങ്ങളിൽ സംഭരണികളിലും കുളങ്ങളിലും ശുദ്ധജല മത്സ്യക്കൃഷി നടത്തുന്ന രീതി വ്യാപകമാണ്. എന്നാൽ സമുദ്രപ്രാന്തങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ മറ്റു രാജ്യങ്ങൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. നോർവേ രണ്ടാമതു പറഞ്ഞതിനൊരു ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശങ്ങളിലൊന്നും ഉചിതമായ സമുദ്ര താപനിലകളും താരതമ്യേന ശുദ്ധജലവും ഉള്ള ഈ രാജ്യത്തിന് കടൽജലത്തിൽ മത്സ്യക്കൃഷി നടത്തുന്നതിനു പ്രകൃത്യാതന്നെ സൗകര്യമുണ്ട്. നോർവേ ഒരു മുന്നോടി രാജ്യമായിരുന്നിട്ടുണ്ട്, പ്രത്യേകിച്ച് അറ്റ്ലാൻറിക് സാൽമണും ട്രൗട്ടും സമുദ്രത്തിൽ കൃഷിചെയ്യുന്ന കാര്യത്തിൽ.
പനഞ്ഞിലിൽനിന്ന് വിപണിയിലേക്കുള്ള മത്സ്യമായി
ഉത്പാദനം ശരത്കാലത്ത് മുട്ടവിരിയിക്കൽസ്ഥലത്തുവെച്ച് ആരംഭിക്കുന്നു. പെൺമീനുകളെ “ഞെക്കി” പനഞ്ഞിൽ എടുക്കുന്നു. എന്നിട്ട് തിരഞ്ഞെടുത്ത ആൺമീനുകളിൽനിന്നുള്ള ബീജംകൊണ്ട് പനഞ്ഞിലിനെ ബീജസങ്കലനം നടത്തുന്നു. ബീജസങ്കലനം നടന്ന പനഞ്ഞിലുകളെ ശൈത്യകാലത്ത് മുട്ടവിരിയിക്കൽ സ്ഥലത്ത് ശ്രദ്ധാപൂർവമായ മേൽനോട്ടത്തിൻ കീഴിൽ വയ്ക്കുന്നു. ആറുമാസംകൊണ്ട് മുട്ട വിരിയുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഏതാനും ആഴ്ചത്തേക്ക് അവയുടെ വയറ്റിലുള്ള മഞ്ഞക്കരുസഞ്ചിയിൽനിന്നു തീറ്റി ലഭിക്കുന്നു; പിന്നെ ശ്രദ്ധാപൂർവമായ ആദ്യത്തെ തീറ്റി കൊടുക്കൽ ആരംഭിക്കുന്നു. തനിയെ വളരുന്നതാണെങ്കിൽ, ഒരു സാൽമൺ കുഞ്ഞ് മേയാനായി കൂടുതൽ ആഹാരമുള്ള സമുദ്രത്തിലേക്ക് കുടിയേറിപ്പാർക്കുന്നതിനു മുമ്പ് അത് മുട്ടവിരിഞ്ഞുണ്ടായ നദിയിൽത്തന്നെ രണ്ടുമുതൽ അഞ്ചുവരെ വർഷങ്ങൾ ചെലവഴിക്കുന്നു. മുട്ടവിരിയിക്കൽ സ്ഥലത്താണെങ്കിൽ മീൻകുഞ്ഞ് ഒന്നര വർഷംകൊണ്ട് സ്മോൾട്ട് (കുടിയേറിപ്പാർക്കാറായ സാൽമൺ മത്സ്യം) ആയി വളരുന്നു.
പിന്നെ മത്സ്യത്തെ ശുദ്ധജലത്തിൽനിന്ന് ഉപ്പുജലത്തിലേക്കു മാറ്റുന്നു. സാധാരണമായി അവയെ സമുദ്രത്തിൽ പ്രത്യേക സജ്ജീകരണങ്ങളിലോ ഒഴുകിനടക്കുന്ന വളപ്പുകളിലോ കൂടകളിലോ ആക്കുന്നു. സമുദ്ര കൃഷി സ്ഥലത്ത് ഒന്നോ രണ്ടോ വർഷം വളർന്നു കഴിയുമ്പോൾ സാൽമൺ ശരിയായ വലിപ്പമെത്തുകയും അവയെ പിടിച്ചെടുത്ത് സംസ്കരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കേൾക്കുമ്പോൾ വളരെ ലളിതവും എളുപ്പവുമാണെന്നു തോന്നും. എന്നാൽ മത്സ്യ“കൃഷി“ അസംഖ്യം വെല്ലുവിളികളുയർത്തുന്നു.a
ജീവശാസ്ത്ര വിഷമപ്രശ്നങ്ങളും വ്യതിയാനങ്ങളും
ആദ്യകാലത്തെ മത്സ്യത്തൊഴിലാളികൾ ആദ്യപാഠം തൊട്ടു തുടങ്ങി. അവർക്ക് വ്യത്യസ്ത വർഗങ്ങളുടെ പെറ്റുപെരുകലിനെക്കുറിച്ചും അവയ്ക്ക് ഇഷ്ടമുള്ള തീറ്റികളെക്കുറിച്ചും ജൈവവാസനകളെക്കുറിച്ചും അഗാധമായ അറിവു സമ്പാദിക്കേണ്ടിയുമിരുന്നു. അപരിഹാര്യമായ ജീവശാസ്ത്ര വിഷമപ്രശ്നങ്ങളും തെറ്റു സംഭവിക്കാവുന്ന കാര്യങ്ങളും അസംഖ്യം ഉണ്ടായിരിക്കുന്നതായി തോന്നി. ജലത്തിന്റെ ഗുണമേൻമ, താപനില, ആഹാരം, വെളിച്ചം എന്നിവ സംബന്ധിച്ച മത്സ്യ കുഞ്ഞുങ്ങളുടെയും മത്സ്യങ്ങളുടെയും നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്നെങ്കിലും സാധ്യമാണോ?
ഈ പ്രശ്നങ്ങളിൽ പലതും ദീർഘനാൾ മുമ്പ് പരിഹരിക്കപ്പെട്ടവയാണ്. വ്യായാമം, വെളിച്ച ക്രമീകരണം, ആഹാരത്തിന്റെ അനുയോജ്യമായ അളവും ഗുണവും എന്നീ ഘടകങ്ങളാൽ വ്യത്യസ്ത വർഗങ്ങളുടെ വളർച്ചയും സ്വഭാവവും നിയന്ത്രിക്കുന്ന വിധത്തിലാണ് ഇന്നത്തെ പല ഗവേഷണ പരിപാടികളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
മലിനീകരണവും ആൽഗകളുടെ ആക്രമണവും
വെടിപ്പുള്ള ചുറ്റുപാട് മത്സ്യക്കൃഷിക്ക് പ്രധാനമാണ്. അതുകൊണ്ട് അസന്തുലിതമായ പരിസ്ഥിതിവ്യവസ്ഥകളും മലിനീകരണത്തിന്റെ അളവുകളും മത്സ്യവളർത്തൽ വ്യവസായത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വെള്ളത്തിലടങ്ങിയിരിക്കുന്ന വിഷപദാർഥങ്ങൾ കണ്ടുപിടിക്കുന്ന സ്വതന്ത്രമായി വളരുന്ന മത്സ്യങ്ങൾ അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നു. എന്നാൽ സമുദ്രത്തിലെ കൃഷിയിടങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളെ വളപ്പുകളിൽ സൂക്ഷിക്കുന്നതിനാൽ അവയ്ക്ക് അതിനാവില്ല. അങ്ങനെ എണ്ണ ചോർച്ചയും വിഷരാസവസ്തുക്കളുടെ പുറന്തള്ളലും സാധ്യതയനുസരിച്ച് മത്സ്യ കൃഷിയിടങ്ങൾക്കു വളരെ വിപത്കരമാണ്.
1988-ൽ സ്വീഡന്റെ തെക്കുപടിഞ്ഞാറൻ തീരത്തും തെക്കൻ നോർവേയുടെ തീരത്തുനിന്നു കുറച്ചകലെയായും വിഷ ആൽഗകൾ അമ്പരപ്പിക്കുംവിധം ക്രമാതീതമായപ്പോൾ അത് ചിലരെ വല്ലാതെ ഞെട്ടിച്ചു. വിസ്തൃതമായ പ്രദേശങ്ങളിൽ ആൽഗ മത്സ്യത്തെയും കടലിലെ മറ്റു ജീവികളെയും കൊന്നൊടുക്കി. ഭാഗികമായി ആൽഗ നിമിത്തവും പിന്നെ മത്സ്യങ്ങളെ അടിയന്തിരമായി കൊല്ലേണ്ടതുണ്ടായിരുന്നതുകൊണ്ടും അനേകം മത്സ്യ വയലുകൾ ശൂന്യമായി. എന്നാൽ മത്സ്യ കർഷകർ വളപ്പുകൾ സുരക്ഷിതമായ കടലിടുക്കുകളിലേക്കു കെട്ടിവലിച്ചുകൊണ്ടു പോയതിനാൽ മിക്കവയും ആൽഗബാധയിൽനിന്ന് സംരക്ഷിക്കപ്പെട്ടു. ചിലർ ഈ ആൽഗ ദുരന്തത്തെ വിളിച്ചത് “സമുദ്രത്തിലെ ചെർണോബിൽ” എന്നാണ്. വർധിച്ചുവരുന്ന മലിനീകരണം സാധ്യതയനുസരിച്ച് ഈ ക്രമാതീതമായ ആൽഗ വളർച്ചയ്ക്ക് ഇടയാക്കുന്ന ഒരു ഘടകമായിരുന്നെന്ന് വിദഗ്ധർ അവകാശപ്പെടുകയുണ്ടായി.
കടലിലെ മത്സ്യ വളപ്പുകൾ എല്ലാത്തരത്തിലുള്ള കാലാവസ്ഥയ്ക്കും വിധേയമാണ്. അവയ്ക്ക് മഞ്ഞിനെയും അലറിമറിയുന്ന കടലിനെയും കൊടുങ്കാറ്റിനെയും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ഒരു വളപ്പ് പൊളിയുകയും മത്സ്യം രക്ഷപെടുകയും ചെയ്യുമ്പോൾ മത്സ്യ കർഷകന് വിലപ്പെട്ട സ്വത്താണ് നഷ്ടമാകുന്നത്. മാത്രമല്ല, രക്ഷപെടുന്ന മത്സ്യം കടലിൽ തനിയെ വളരുന്ന മത്സ്യങ്ങൾക്ക് രോഗം പകർത്തിയേക്കാം. ഇത് ഗുരുതരമായ ഒരു പ്രശ്നമായിരുന്നിട്ടുണ്ട്. രക്ഷപെടുന്ന മത്സ്യങ്ങൾ ആഹാരത്തിനും മുട്ടയിടൽ പ്രദേശങ്ങൾക്കും ആയി തനിയെ വളരുന്ന മത്സ്യങ്ങളോട് മത്സരിക്കുകയും ചെയ്തേക്കാം. പ്രാദേശിക ശേഖരങ്ങളുടെമേൽ ഇതിന് ഒരു പ്രതികൂല സ്വാധീനമുണ്ടായേക്കുമോയെന്നുള്ള ഭയമുണ്ട്.
അതുകൊണ്ട് രക്ഷപെട്ടുപോകുന്നതു തടയാനായി കടൽ വളപ്പുകൾ കൂടുതൽ ഭദ്രമാക്കണമെന്നതിനോടു പൂർണമായ യോജിപ്പാണുള്ളത്. ഈ മേഖലയിലും പുരോഗതികൾ ഉണ്ടായിട്ടുണ്ട്. “മത്സ്യവളർത്തൽ വളപ്പുകൾ കടുത്ത കാലാവസ്ഥയെ ചെറുത്തുനിൽക്കുന്ന കാര്യമെടുക്കുമ്പോൾ” അടുത്ത വർഷങ്ങളിൽ “ഒരു വലിയ നേട്ടം [കൈവരിച്ചിരിക്കുന്നു]” എന്ന് നോർവേയിലെ മത്സ്യവളർത്തൽ (ഇംഗ്ലീഷ്) പറയുന്നു.
രോഗങ്ങൾ കൈകാര്യം ചെയ്യൽ
മത്സ്യത്തിന്റെ പ്രകൃതിക്ക് വിരുദ്ധമായുള്ളതോ അവയുടെ സാധാരണ ചുറ്റുപാടിൽനിന്ന് വ്യത്യാസപ്പെട്ടതോ ആയ എന്തും സമ്മർദം ഉളവാക്കുന്നു. ഇത് അതിന്റെ പ്രതിരോധവ്യവസ്ഥക്ക് കുഴപ്പം സൃഷ്ടിക്കുന്നു. മീനുകളുടെ ബാഹുല്യം, അമിത തീറ്റി, ജൈവവസ്തുക്കളുടെ അടിഞ്ഞുകൂടൽ, വർധിച്ച അളവിലുള്ള വ്യത്യസ്ത മത്സ്യരോഗാണുക്കൾ എന്നീ ഘടകങ്ങൾ കൂടിചേർന്ന് വളർത്തു മത്സ്യങ്ങളിൽ സ്വതന്ത്രമായി വളരുന്ന മത്സ്യങ്ങളിൽ ഉണ്ടായിരിക്കുന്നതിനെക്കാളും വളരെയധികം പ്രശ്നങ്ങൾ ഉളവാക്കിയിരിക്കുന്നു. ഇത് വ്യവസായത്തിൽ വൻ നഷ്ടം ഉണ്ടാക്കിയിരിക്കുന്നു.
തീർച്ചയായും, മത്സ്യങ്ങൾക്കുണ്ടാകുന്ന ഈ രോഗങ്ങളിൽ പലതിനെയും ചികിത്സിക്കാവുന്നതാണ്. ഉദാഹരണമാണ് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ. ആൻറിബയോട്ടിക്കുകളുടെ ദീഘനാളത്തെ ഉപയോഗം പരിസ്ഥിതിക്ക് ഒരു ഭീഷണിയാണ്. പുതിയ ഔഷധങ്ങൾ കണ്ടുപിടിക്കേണ്ടത് ആവശ്യമാക്കിത്തീർത്തുകൊണ്ട് അത് പ്രതിരോധ ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്നു എന്നതാണ് മുഖ്യ കാരണം. മത്സ്യങ്ങളെ മറ്റു രോഗങ്ങൾക്ക് കൂടുതൽ വിധേയരാക്കിക്കൊണ്ട് മരുന്നുകൾ അവയെ ക്ഷീണിപ്പിക്കുകയും ചെയ്തേക്കാം. മത്സ്യ കർഷകർ ഈ വിഷമവൃത്തത്തിൽനിന്ന് കരകയറാൻ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ട്.b
അതുകൊണ്ട് പ്രതിരോധം പ്രതിവിധിയെക്കാൾ ഉത്തമം എന്ന പഴഞ്ചൊല്ല് മത്സ്യക്കൃഷിക്കും ബാധകമാണ്. മത്സ്യത്തിന്റെ സ്വാഭാവിക പ്രതിരോധശക്തികൾ വർധിപ്പിക്കുന്ന വിധം സംബന്ധിച്ച് കൂടുതൽ പരിജ്ഞാനം സമ്പാദിക്കുന്നതിന് വൻ ശ്രമം നടന്നിട്ടുണ്ട്. തീറ്റി ഫലപ്രദമാക്കിത്തീർക്കൽ, വളർത്തുന്ന ചുറ്റുപാടും പ്രവർത്തനചര്യകളും, പ്രത്യേകിച്ചും രോഗപ്രതിരോധശക്തിയുള്ള മത്സ്യങ്ങളെ പെരുപ്പിക്കൽ, ഫലപ്രദമായ വാക്സിനുകളും വാക്സിനേഷൻ രീതികളും വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിലേക്കാണു ഗവേഷണം തിരിച്ചുവിട്ടിരിക്കുന്നത്. ഈ പ്രവർത്തനം ഫലങ്ങൾ കൈവരുത്തിയിട്ടുണ്ട്. രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ മത്സ്യവളർത്തൽ വ്യവസായം നേട്ടം കൈവരിച്ചിരിക്കുന്നതായി കാണപ്പെടുന്നു.
ഒരു വളരുന്ന വ്യവസായം
തീരത്തെ അസംഖ്യം കുടുംബങ്ങൾക്കും മത്സ്യവളർത്തൽ വമ്പിച്ച പ്രാധാന്യമുള്ള ഒരു സാധാരണ മേഖലാ വ്യവസായമാണ്. മത്സ്യവളർത്തൽ വ്യവസായം സ്ഥാപിതമായതുമുതൽ അത്ഭുതകരമായ വളർച്ച ഉണ്ടായിട്ടുണ്ട്. 1990-ൽ ലോകവ്യാപക ഉത്പാദനത്തിന് 2,300 കോടിയിലധികം ഡോളർ മൊത്തവിലയുണ്ടായിരുന്നു. ലോകത്തിൽ കൃഷിചെയ്യുന്ന അറ്റ്ലാൻറിക് സാൽമണിന്റെ പകുതിയിലധികവും പ്രദാനം ചെയ്യുന്നത് നോർവേയാണ്. അത് ഗോളത്തിനു ചുറ്റുമുള്ള 90-ലധികം രാജ്യങ്ങളിലേക്ക് സാൽമൺ കയറ്റി അയയ്ക്കുന്നുണ്ട്.
സമുദ്രത്തിലെ കൃഷിയുടെ മുഖ്യ ഉത്പന്നം അറ്റ്ലാൻറിക് സാൽമൺ ആയിരുന്നെങ്കിലും കൃഷിചെയ്ത കോഡും ഹലിബട്ടും ഇപ്പോൾത്തന്നെ വിപണിയിൽ പരിമിതമായ അളവിൽ ഉണ്ട്. പുത്തനും ഗുണമേൻമയുള്ളതുമായ മത്സ്യം വർഷം മുഴുവൻ പ്രദാനം ചെയ്യുന്ന ആശ്രയയോഗ്യരായ വിതരണക്കാർ ആയിത്തീരാനാണു മത്സ്യവളർത്തൽ വ്യവസായം ആഗ്രഹിക്കുന്നത്.
ദുഃഖകരമെന്നു പറയട്ടെ, അത്യാഗ്രഹത്താൽ പ്രചോദിപ്പിക്കപ്പെടാൻ പലപ്പോഴും മനുഷ്യർ തങ്ങളെത്തന്നെ അനുവദിക്കുന്നു. ഇത് മത്സ്യവളർത്തൽ വ്യവസായത്തിൽ ചിലപ്പോൾ സംഭവിച്ചിരിക്കുന്നു. ചില കേസുകളിൽ പരിസ്ഥിതി സംബന്ധിച്ച പരിഗണനകൾ വേഗം ലാഭമുണ്ടാക്കാനുള്ള ആഗ്രഹത്തിനു മുമ്പിൽ അടിയറ വെക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിക്ക് എത്ര വേഗം തിരിച്ചടിക്കാനാവുമെന്ന് അത്തരം ചിന്താഗതിക്കാരായ മത്സ്യവളർത്തലുകാർ മനസ്സിലാക്കേണ്ടതുണ്ട്; പരിസ്ഥിതി സംരക്ഷിക്കുന്നത് തങ്ങളുടെതന്നെ നൻമക്കാണെന്ന് അവർ തിരിച്ചറിയണം. ഭൂമിയിലെ വിഭവങ്ങൾ സ്രഷ്ടാവിന്റെ ആദിമ ഉദ്ദേശ്യത്തിനു ചേർച്ചയിൽ—പ്രകൃതിയോടും അതിന്റെ സങ്കീർണമായ പരിസ്ഥിതിയോടുമുള്ള ചേർച്ചയിൽ—കൈകാര്യം ചെയ്യുന്നതാണു ബുദ്ധി എന്ന് എല്ലായ്പോഴും—ഇപ്പോഴല്ലെങ്കിൽ പിന്നീട്—തെളിയുന്നു.
[അടിക്കുറിപ്പുകൾ]
a നോർവേയിലെ മത്സ്യത്തൊഴിലാളി സംഘടന പ്രസിദ്ധീകരിച്ച നോർവേയിലെ മത്സ്യവളർത്തൽ (ഇംഗ്ലീഷ്) എന്ന ലഘുപത്രികയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത്.
b നോർവേയിലെ അധികാരികൾ ഉപഭോക്താക്കളെ മനസ്സിൽ പിടിച്ചുകൊണ്ട് മരുന്നിന്റെ ഉപയോഗത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യ കർഷകർക്ക് ഒരു മൃഗഡോക്ടറിൽനിന്നു മാത്രമേ മരുന്നു ലഭിക്കുകയുള്ളൂ. വിപണിയിലിറങ്ങുന്നതിനു മുമ്പ് എല്ലാ മീനുകളും ഔഷധ മുക്തമാണെന്ന് ഉറപ്പാക്കാനായി മരുന്നുകൊടുത്ത മത്സ്യങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.
[15-ാം പേജിലെ ചിത്രങ്ങൾ]
കടലിൽ ഒഴുകിനടക്കുന്ന വളപ്പുകളിൽ മത്സ്യങ്ങളെ ഇടുന്നു
പെൺമീനുകളെ ഞെക്കി പനഞ്ഞിൽ എടുക്കുന്നു
മത്സ്യങ്ങൾക്ക് ശരിയായ വലിപ്പമെത്തുമ്പോൾ അവയെ പിടിച്ച് ഉപയോഗിക്കുന്നു
[കടപ്പാട്]
Photos: Vidar Vassvik/Norwegian Seafood Export Council