പുകഞ്ഞുതീരുന്ന ലക്ഷക്കണക്കിനു ജീവിതങ്ങൾ
ലോകത്തിൽ ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന ഉപഭോക്തൃ ഉത്പന്നങ്ങളിൽ ഒന്നാണത്. അത് വിശ്വസ്ത ഉപഭോക്താക്കളുടെ സൈന്യങ്ങൾക്കു കൽപ്പന കൊടുക്കുകയും സത്വരം വ്യാപിച്ചുകൊണ്ടിരിക്കുന്ന കമ്പോളം ആസ്വദിക്കുകയും ചെയ്യുന്നു. അതിന്റെ സന്തുഷ്ടരായ കമ്പനികൾ മതിപ്പാർന്ന ലാഭങ്ങളെയും രാഷ്ട്രീയ സ്വാധീനത്തെയും അന്തസ്സിനെയും കുറിച്ച് അഹങ്കരിക്കുന്നു. ആകെയുള്ള ഒരു പ്രശ്നം, അതിന്റെ ഏറ്റവും നല്ല ഉപഭോക്താക്കൾ മരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്!
ദി ഇക്കോണമിസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ലോകത്തിലെ ഏറ്റവും ലാഭകരമായ ഉപഭോക്തൃ ഉത്പന്നങ്ങളിൽ പെട്ടതാണു സിഗരറ്റുകൾ. തന്നെയുമല്ല, ഉപഭോക്താക്കളിൽ മിക്കവരെയും ആസക്തരാക്കി മാറ്റാനും പലപ്പോഴും കൊല്ലാനും (നിയമ)സാധുതയുള്ളത് അവയ്ക്കു മാത്രമാണ്.” അതിന്റെ അർഥമോ, പുകയില കമ്പനികൾക്കു കനത്ത ലാഭവും അവയുടെ ഉപഭോക്താക്കൾക്കു കനത്ത നഷ്ടവും. യു.എസ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ എന്ന സ്ഥാപനം പറയുന്നതനുസരിച്ച്, ഓരോ വർഷവും അമേരിക്കൻ പുകവലിക്കാരുടെ ജീവിതത്തിൽനിന്നു മുറിച്ചുമാറ്റപ്പെടുന്നത് ഏതാണ്ട് 50 ലക്ഷം വർഷത്തെ ജീവിതമാണ്. പുകവലിക്കാനായി ചെലവിടുന്ന ഓരോ മിനിറ്റിനും ഏറെക്കുറെ ഒരു മിനിറ്റ് വീതം. “പ്രതിവർഷം 4,20,000 അമേരിക്കക്കാരെയാണു പുകവലി കൊന്നൊടുക്കുന്നത്. നിയമവിരുദ്ധ മയക്കുമരുന്നുകൾ കൊന്നൊടുക്കുന്നവരുടെ 50 മടങ്ങാണ് അത്” എന്ന് ന്യൂസ്വീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു.
ലോകത്തിനു ചുറ്റും പ്രതിവർഷം പുകവലി നിമിത്തം മരണമടയുന്നവർ 30 ലക്ഷമാണ്—ഓരോ മിനിറ്റിലും ആറു പേർ വീതം. ബ്രിട്ടനിലെ ഇംപിരിയൽ കാൻസർ റിസേർച്ച് ഫണ്ടും ഡബ്ലിയുഎച്ച്ഒ-യും (ലോകാരോഗ്യസംഘടന) അമേരിക്കൻ കാൻസർ സൊസൈറ്റിയും ചേർന്നു പ്രസിദ്ധീകരിച്ച, വികസിത രാഷ്ട്രങ്ങളിൽ പുകവലി മൂലമുള്ള മരണനിരക്ക് 1950-2000 (ഇംഗ്ലീഷ്) എന്ന പുസ്തകമാണ് അങ്ങനെ പറയുന്നത്. 45 രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുകവലി പ്രവണതകൾ സംബന്ധിച്ച ഈ വിശകലനം ഇന്നോളം നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വ്യാപകമായതാണ്. ഇംപിരിയൽ കാൻസർ റിസേർച്ച് ഫണ്ടിലെ റിച്ചാർഡ് പീറ്റോ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “മിക്ക രാജ്യങ്ങളിലും ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂ. പുകവലിക്കുന്ന ഇപ്പോഴത്തെ രീതി തുടർന്ന് നിലനിൽക്കുകയാണെങ്കിൽ, ഇന്നത്തെ ചെറുപ്പക്കാരായ പുകവലിക്കാർ മധ്യവയസ്സിലോ വാദ്ധക്യത്തിലോ എത്തുമ്പോഴേക്കും പുകയില നിമിത്തം പ്രതിവർഷം ഏതാണ്ട് ഒരു കോടി പേർ മരിക്കും—ഓരോ മൂന്നു സെക്കൻഡിലും ഒരാൾ വീതം.”
“പുകവലി മറ്റേതെങ്കിലും അപകടം പോലെയല്ല, പുകവലിക്കുന്ന രണ്ടു പേരിൽ ഒരാളെ അത് ഒടുവിൽ കൊല്ലും,” ഡബ്ലിയുഎച്ച്ഒ-യുടെ ഡോ. അലൻ ലോപെസ് പറയുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ആരോഗ്യ വിഭാഗത്തിലുള്ള മാർട്ടിൻ വെസ്സീ സമാനമായി ഇങ്ങനെ പറയുന്നു: “പുകവലിക്കുന്ന എല്ലാവരിലുംവെച്ചു പകുതിപ്പേർ ഒടുവിൽ തങ്ങളുടെ ശീലത്താൽ കൊല്ലപ്പെടുമെന്ന ഭയങ്കരമായ നിഗമനത്തിലേക്കാണ് 40 വർഷക്കാലത്തെ കണ്ടുപിടിത്തങ്ങൾ നയിക്കുന്നത്—സത്യമായും ഞെട്ടിക്കുന്ന ഒരു കാര്യംതന്നെ.” 1950-കൾ മുതൽ ആറു കോടി ആളുകളാണു പുകവലി നിമിത്തം മരിച്ചുപോയിട്ടുള്ളത്.
പുകയില കമ്പനികൾക്കും അതു വാസ്തവത്തിൽ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. ഓരോ വർഷവും ലോകമെമ്പാടും 30 ലക്ഷം പേർ പുകവലിയോടു ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുകയും മറ്റു പലരും പുകവലി ഉപേക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് 30 ലക്ഷം പുതിയ ഉപഭോക്താക്കളെ വർഷന്തോറും കണ്ടെത്തേണ്ടതുണ്ട്.
സ്ത്രീവിമോചനമെന്നു പുകയിലക്കമ്പനികൾ കൊട്ടിഘോഷിക്കുന്നതു നിമിത്തം ഒരു പുതിയ വൃന്ദം ആവിർഭവിച്ചിരിക്കുകയാണ്. സ്ത്രീകൾ പുകവലിക്കുന്നത് കുറെ വർഷങ്ങളായി പാശ്ചാത്യനാടുകളിൽ അവിതർക്കിതമായ ഒരു വസ്തുതയായി മാറിയിരിക്കുന്നു. അതിപ്പോൾ ഒരപമാനമായി കരുതപ്പെട്ടിരുന്നിടത്തേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതെല്ലാം മാറ്റിമറിയ്ക്കാനാണു പുകയിലക്കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾ പുതിയതായി കണ്ടെത്തിയ സമൃദ്ധിയും സ്വാതന്ത്ര്യവും ആഘോഷിക്കാൻ അവരെ സഹായിക്കാൻ കമ്പനികൾ ആഗ്രഹിക്കുന്നു. ടാറും നിക്കോട്ടിനും കുറവുള്ളതെന്ന് അവകാശപ്പെടുന്ന പ്രത്യേകതരം സിഗരറ്റുകൾ വലിച്ചിട്ട് പുക അത്ര കടുപ്പമുള്ളതല്ലെന്നു കണ്ടെത്തുന്ന സ്ത്രീകളെ അവ വശീകരിക്കുകയാണ്. മറ്റു ചില സിഗരറ്റുകൾ സുഗന്ധദ്രവ്യങ്ങൾ ചേർത്തവയാണ്, അല്ലെങ്കിൽ വണ്ണം കുറഞ്ഞ് നീണ്ട ആകൃതിയിൽ ഉള്ളവയാണ്—സ്ത്രീകൾ പുകവലിയിലൂടെ ആർജിക്കാൻ ആഗ്രഹിക്കുന്ന ആകൃതിതന്നെ. ഏഷ്യയിലെ പുകയില പരസ്യങ്ങൾ ചിത്രീകരിക്കുന്നത് പാശ്ചാത്യ മോടിയിൽ വശീകരിക്കപ്പെടുംവിധം വസ്ത്രധാരണം ചെയ്തിരിക്കുന്ന യുവ ഏഷ്യൻ മോഡലുകളെയാണ്.
പുകവലിയോടു ബന്ധപ്പട്ട മരണനിരക്കുകൾ സ്ത്രീകളുടെ “വിമോചന”ത്തോടൊപ്പംതന്നെ വർധിച്ചുവരികയാണ്. ബ്രിട്ടൻ, ജപ്പാൻ, നോർവേ, പോളണ്ട്, സ്വീഡൻ എന്നിവിടങ്ങളിൽ കഴിഞ്ഞ 20 വർഷങ്ങളിൽ ശ്വാസകോശ അർബുദം നിമിത്തം മരിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഐക്യനാടുകളിലും കാനഡയിലും ഈ നിരക്കുകൾ 300 ശതമാനമായി വർധിച്ചിരിക്കുന്നു. “മോനേ, നീ ഒത്തിരി പുരോഗതി നേടിയിരിക്കുന്നു!” ഒരു സിഗരറ്റു പരസ്യം പ്രഖ്യാപിക്കുന്നു.
ചില പുകയില കമ്പനികൾക്ക് അവയുടെ സ്വന്തം തന്ത്രങ്ങളുണ്ട്. പ്രധാനമായും ഒരു കത്തോലിക്കാ രാഷ്ട്രമായ ഫിലിപ്പീൻസിലെ ഒരു കമ്പനി സൗജന്യമായി കലണ്ടറുകൾ വിതരണം ചെയ്യുകയുണ്ടായി, അവയിൽ കന്യാമറിയത്തിന്റെ ഒരു ചിത്രവും അതിനു കീഴെ യാതൊരു കൂസലും കൂടാതെ അവരുടെ സിഗരറ്റ് കമ്പനിയുടെ പരസ്യവും കൊടുത്തിരിക്കുന്നു. “ഇതുപോലൊന്നു മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഫിലിപ്പീൻസിലെ സ്ത്രീകൾക്കു പുകവലി എന്ന ആശയത്തിൽ അതൃപ്തി തോന്നാതിരിക്കാൻ ചിത്രത്തിലെ പ്രതിപാദ്യവിഷയത്തെ പുകയിലയുമായി ബന്ധിപ്പിക്കാൻ അവർ ശ്രമിക്കുകയായിരുന്നു” എന്ന് ഡബ്ലിയുഎച്ച്ഒ-യുടെ ഏഷ്യൻ ആരോഗ്യ ഉപദേശകയായ ഡോ. റോസ്മാരി എർബൻ പറഞ്ഞു.
ചൈനയിലാകട്ടെ പ്രായപൂർത്തിയായ പുരുഷൻമാരിൽ 61 ശതമാനം പേരും പുകവലിക്കുന്നതായി കണക്കാക്കപ്പെടുന്നു, എന്നാൽ സ്ത്രീകളിൽ 7 ശതമാനം പേരേ അവിടെ പുകവലിക്കുന്നുള്ളൂ. പാശ്ചാത്യ പുകയില കമ്പനികൾ അവയുടെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് സുന്ദരികളായ ഈ പൗരസ്ത്യ സ്ത്രീകളുടെ “വിമോചന”ത്തിലാണ്. ഈ സ്ത്രീകളിൽ ലക്ഷക്കണക്കിനു പേർക്ക് അവരുടെ പാശ്ചാത്യ സഹോദരിമാരുടെ “ഉല്ലാസങ്ങൾ” ദീർഘനാളായി നിഷേധിക്കപ്പെട്ടിരുന്നല്ലോ. എന്നുവരികിലും, പാശ്ചാത്യ കമ്പനികളുടെ വീക്ഷണത്തിൽ പ്രശ്നമെന്നു തോന്നിയ ഒരു സംഗതിയുണ്ടായിരുന്നു: ഗവൺമെൻറ് ഉടമസ്ഥതയിലുള്ള കമ്പനികളാണു സിഗരറ്റുകളധികവും വിതരണം ചെയ്യുന്നത്.
എന്നിരുന്നാലും, പാശ്ചാത്യ കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ നുഴഞ്ഞുകടത്തുകയാണ്. പരിമിതമായ പരസ്യപ്പെടുത്തൽ സൗകര്യങ്ങളുള്ള സിഗരറ്റു കമ്പനികൾ തങ്ങളുടെ ഭാവി ഉപഭോക്താക്കളെ നിഗൂഢമായ വിധങ്ങളിൽ ഒരുക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചൈന ഹോങ്കോങ്ങിൽനിന്നു ചലച്ചിത്രങ്ങൾ ഇറക്കുമതി ചെയ്യുന്നു, അവയിൽ മിക്കതിലും പുകവലിക്കാൻ വേണ്ടി അഭിനേതാക്കൾക്കു പണം കൊടുക്കുന്നു—നയപൂർവമുള്ള ഒരു വിൽപ്പന!
സ്വന്തരാജ്യത്തു പുകവലിയോട് എതിർപ്പു വർധിക്കുന്നതുകൊണ്ട്, അഭിവൃദ്ധിയുള്ള അമേരിക്കൻ പുകയില കമ്പനികൾ അവയുടെ കരാളഹസ്തങ്ങൾ പുതിയ ഇരകളെ തേടി നീട്ടുകയാണ്. വികസ്വര രാജ്യങ്ങളിൽ അവ മാരകമായ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വസ്തുതകൾ പ്രകടമാക്കുന്നു.
ലോകവ്യാപകമായി ആരോഗ്യ ഉദ്യോഗസ്ഥൻമാർ മുന്നറിയിപ്പ് മുഴക്കുകയാണ്. തലക്കെട്ടുകൾ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ആഫ്രിക്ക ഒരു പുതിയ പ്ലേഗിനോടു പൊരുതുന്നു—സിഗരറ്റുവലി.” “സിഗരറ്റു വിപണി കുതിച്ചുയരവേ ഏഷ്യയിൽ പുക തീയായി മാറുന്നു.” “ഏഷ്യയിലെ പുകവലി നിരക്കുകൾ കാൻസർ പകർച്ചവ്യാധിയിലേക്കു നയിക്കും.” “മൂന്നാം ലോക പോരാട്ടം പുകയില സംബന്ധിച്ചാണ്.”
ആഫ്രിക്കൻ ഭൂഖണ്ഡം വരൾച്ചയാലും ആഭ്യന്തര യുദ്ധത്താലും എയ്ഡ്സ് പകർച്ചവ്യാധിയാലും പ്രഹരിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും, ബ്രിട്ടീഷ് ഹൃദ്രോഗചികിത്സാ വിദഗ്ധനായ ഡോ. കീത്ത് ബോൾ ഇങ്ങനെ പറയുന്നു, “ന്യൂക്ലിയർ യുദ്ധവും ക്ഷാമവും ഒഴിച്ചാൽ, ആഫ്രിക്കയുടെ ഭാവി ആരോഗ്യത്തിന്റെ ഏറ്റവും വലിയ ഒറ്റ ഭീഷണി പുകവലിയാണ്.”
പുകയില വളർത്താൻ ബഹുരാഷ്ട്ര ഭീമൻമാർ പ്രാദേശിക കർഷകരെ വിലയ്ക്കെടുക്കുകയാണ്. പാചകത്തിനും ചൂടിനും ഭവനനിർമാണത്തിനും വളരെയധികം ആവശ്യമായ മരങ്ങൾ കർഷകർ മുറിച്ചുകളഞ്ഞ് പുകയില ഉണക്കുന്ന ഇന്ധനമായി ഉപയോഗിക്കുന്നു. ആദായം കുറഞ്ഞ ഭക്ഷ്യയിനങ്ങൾ കൃഷി ചെയ്യുന്നതിനു പകരം ആദായകരമായ പുകയില അവർ കൃഷി ചെയ്യുന്നു. പാവപ്പെട്ട ആഫ്രിക്കക്കാർ സാധാരണമായി തങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ സിംഹഭാഗം സിഗരറ്റുകൾക്കു വേണ്ടി ചെലവാക്കുന്നു. അതുകൊണ്ട് ആഫ്രിക്കൻ കുടുംബങ്ങൾ വികലപോഷണം നിമിത്തം ക്ഷയിച്ചുപോകുന്നു, അതേസമയം, പാശ്ചാത്യ പുകയില കമ്പനികളുടെ പണപ്പെട്ടികൾ ലാഭം നിമിത്തം ചീർക്കുന്നു.
ആഫ്രിക്ക, പൂർവ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളെല്ലാം പാശ്ചാത്യ പുകയില കമ്പനികൾ ലക്ഷ്യം വയ്ക്കുന്നിടങ്ങളാണ്. ഭീമമായ ബിസിനസ്സ് സാധ്യതയുള്ള ഒന്നായാണ് അവ വികസ്വരലോകത്തെ കാണുന്നത്. എല്ലാറ്റിലുംവെച്ച് ഏറ്റവും വലിയ സ്വർണഖനി ആളുകൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയാണ്. ഐക്യനാടുകളിലെ മൊത്തമാളുകളെക്കാൾ പുകവലിക്കാർ ഇപ്പോൾ ചൈനയിലുണ്ട്—30 കോടി ആളുകൾ. അമ്പരപ്പിക്കുംവിധം 1,60,000 കോടി സിഗരറ്റുകളാണ് ഒരു വർഷം അവർ പുകച്ചുതള്ളുന്നത്, അത് ലോകത്തിൽ ഉപയോഗിക്കുന്ന മൊത്തം സിഗരറ്റുകളുടെ മൂന്നിലൊന്നാണ്!
“ഏഷ്യയിലെ പുകയിലപ്രളയം നിമിത്തമുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾ ഞെട്ടിക്കുന്നതല്ലാതെ മറ്റൊന്നുമല്ലെന്നു ചികിത്സകർ പറയുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വരുന്ന രണ്ടോ മൂന്നോ ദശകങ്ങളിൽ പുകവലിയോടു ബന്ധപ്പെട്ട് ഓരോ വർഷവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഒരു കോടി മരണങ്ങളിൽ 20 ലക്ഷവും ചൈനയിൽ മാത്രമായിരിക്കും എന്ന് റിച്ചാർഡ് പീറ്റോ കണക്കാക്കുന്നു. ഇന്നു ചൈനയിൽ ജീവിച്ചിരിക്കുന്ന അഞ്ചു കോടി കുട്ടികൾ പുകവലിയോടു ബന്ധപ്പെട്ട രോഗങ്ങളാൽ മരണമടഞ്ഞേക്കാം എന്നു പീറ്റോ പറയുന്നു.
ഡോ. നൈജൽ ഗ്രേ ഇക്കാര്യം ഇങ്ങനെ സംഗ്രഹിച്ചു പറഞ്ഞു: “ചൈനയിലെയും പൂർവ യൂറോപ്പിലെയും കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ ഏറെക്കാലത്തെ പുകവലി ചരിത്രം ഒരു പ്രമുഖ പുകയില രോഗ പകർച്ചവ്യാധിക്ക് അവ കുറ്റം വഹിക്കുന്നുവെന്നു കാണിക്കുന്നു.”
“ഐക്യനാടുകളിൽ ഓരോ വർഷവും 4,00,000 അകാല മരണങ്ങൾക്കു കാരണമായ ഒരു ഉത്പന്നത്തിന്, പൗരൻമാർ ഉപേക്ഷിക്കാൻ അവരെ സഹായിക്കുന്നതിന് യുഎസ് ഗവൺമെൻറ് കിണഞ്ഞുശ്രമിക്കുന്ന ഒരു ഉത്പന്നത്തിന്, അമേരിക്കൻ അതിർത്തികൾക്കപ്പുറത്ത് ഇത്ര പെട്ടെന്ന് എങ്ങനെ വ്യത്യസ്തമായിത്തീരാൻ കഴിയും?” എന്ന് തായ്ലണ്ടിലെ പുകവലി-വിരുദ്ധ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട ഡോ. പ്രകിത് വട്ടീസറ്റോക്കിറ്റ് ചോദിച്ചു. “അതേ ഉത്പന്നം മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുമ്പോൾ ആരോഗ്യത്തിനു പ്രാധാന്യം നഷ്ടപ്പെടുന്നുവോ?”
യു.എസ്. ഗവൺമെൻറിൽ വർധിച്ചുവരുന്ന പുകയില താത്പര്യത്തിന് ശക്തമായ ചേരിയാണുള്ളത്. വിദേശത്ത്, പ്രത്യേകിച്ചും ഏഷ്യൻ കമ്പോളങ്ങളിൽ, കാലുറപ്പിക്കാനുള്ള സ്ഥാനം നേടിയെടുക്കാൻ അവ ഒന്നിച്ചുനിന്നു പോരാടിയിരിക്കുന്നു. വർഷങ്ങളായി ജപ്പാൻ, തായ്വാൻ, തായ്ലണ്ട് എന്നീ രാജ്യങ്ങളിലെയും മറ്റു പല രാജ്യങ്ങളിലെയും മാർക്കറ്റുകളിൽനിന്ന് അമേരിക്കൻ സിഗരറ്റുകൾ അകറ്റിനിർത്തിയിരുന്നു. അവയിൽ ചില ഗവൺമെന്റുകൾക്ക് പുകയില ഉത്പന്നങ്ങളുടെമേൽ കുത്തക ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്നതിനെ പുകവലി-വിരുദ്ധ സംഘങ്ങൾ എതിർത്തു, എന്നാൽ യു.എസ്. ഭരണകൂടം തന്ത്രപരമായ ഒരായുധമെടുത്ത് ഉപയോഗിച്ചു—ഇറക്കുമതി സാധനങ്ങളുടെമേൽ കഠിനമായ തീരുവ ചുമത്തി.
1985 മുതൽ യു.എസ്. ഗവൺമെൻറിന്റെ ശക്തമായ സമ്മർദം മൂലം, പല ഏഷ്യൻ രാജ്യങ്ങളും തങ്ങളുടെ കവാടം തുറന്നിട്ടു, അങ്ങനെ അമേരിക്കൻ സിഗരറ്റുകൾ ആ രാജ്യങ്ങളിലേക്കു പ്രവഹിക്കാൻ തുടങ്ങി. ഏഷ്യയിലേക്കുള്ള യു.എസ്. സിഗരറ്റ് കയറ്റുമതി 1988-ൽ 75 ശതമാനമായി കുതിച്ചുയർന്നു.
ഒരുപക്ഷേ, കുട്ടികളാണ് പുകയില യുദ്ധങ്ങളുടെ ഏറ്റവും വലിയ ഇരകൾ. “പുതിയ പുകവലിക്കാരിൽ 90% പേർ കുട്ടികളും കൗമാരപ്രായക്കാരുമാണ്” എന്ന് ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ റിപ്പോർട്ട് ചെയ്ത ഒരു പഠനം പറയുന്നു.
ഐക്യനാടുകളിൽ കൗമാരപ്രായത്തിലുള്ള പുകവലിക്കാരുടെ എണ്ണം 31 ലക്ഷമാണെന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു ലേഖനം കണക്കാക്കുന്നു. ഓരോ ദിവസവും 3,000 പുതിയ ആളുകൾ പുകവലി തുടങ്ങുന്നു—ഒരു വർഷം 10,00,000 പേർ.
രസപ്രിയനായ, ഉല്ലാസം തേടുന്ന ഒരു കാർട്ടൂൺ ഒട്ടകത്തിന്റെ ചുണ്ടുകളിൽ ഒരു സിഗരറ്റ് മിക്കപ്പോഴും തൂങ്ങിക്കിടക്കുന്നതാണ് ഒരു സിഗരറ്റിന്റെ പരസ്യം. ചെറുപ്പക്കാർ തങ്ങളുടെ ആരോഗ്യ അപകടങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പുതന്നെ അവരെ നിക്കോട്ടിന്റെ അടിമത്തത്തിലേക്കു വശീകരിക്കുന്നുവെന്ന ആരോപണം ഈ സിഗരറ്റു പരസ്യത്തിനുണ്ട്. ഈ പരസ്യപ്പെടുത്തൽ നടത്തി മൂന്നു വർഷങ്ങൾക്കുള്ളിൽ, കൗമാരപ്രായക്കാർക്കുള്ള വിൽപ്പനയിൽ ആ സിഗരറ്റു കമ്പനി 64 ശതമാനം വർധനവു നേടി. ജോർജിയയിലെ (യു.എസ്.എ.) മെഡിക്കൽ കോളെജിൽ നടത്തിയ ഒരു പഠനം, സർവേ ചെയ്യപ്പെട്ട ആറു വയസ്സുകാരിൽ 91 ശതമാനവും പുകവലിക്കുന്ന ഈ കാർട്ടൂൺ കഥാപാത്രത്തെ തിരിച്ചറിഞ്ഞതായി കണ്ടെത്തി.
പ്രസിദ്ധമായ മറ്റൊരു സിഗരറ്റ് ചിഹ്നം സ്വതന്ത്രമായി വിഹരിക്കുന്ന, ഊർജസ്വലനായ ഒരു ഗോപാലകന്റേതാണ്, ഒരു കൗമാരപ്രായക്കാരൻ പറയുന്നതനുസരിച്ച് അവൻ പുറത്തുവിടുന്ന സന്ദേശം, “പുകവലിക്കുമ്പോൾ നിങ്ങളെ ആർക്കും തടയാനാവില്ല” എന്നതാണ്. ലോകത്തിൽ ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന ഉപഭോക്തൃ ഉൽപ്പന്നമായ ഒരു സിഗരറ്റിന് കൗമാരപ്രായക്കാരുടെ ഇടയിലെ 69 ശതമാനം കമ്പോളത്തിന്റെമേലും നിയന്ത്രണമുണ്ടെന്നു പറയപ്പെടുന്നു. ഏറ്റവുമധികം പരസ്യം ചെയ്യപ്പെടുന്ന ബ്രാൻഡും അതുതന്നെയാണ്. കൂടുതലായ ഒരു പ്രചോദനമെന്ന നിലയിൽ, ഓരോ പാക്കറ്റിന്റെ കൂടെയും കൂപ്പണുകളുണ്ട്, അവ തിരികെ കൊടുത്താൽ യുവജനങ്ങളുടെ ഇടയിൽ പ്രസിദ്ധമായ ജീൻസുകൾ, തൊപ്പികൾ, സ്പോർട്സ് വസ്ത്രങ്ങൾ തുടങ്ങിയവ ലഭിക്കും.
പരസ്യത്തിന്റെ വലിയ ശക്തി തിരിച്ചറിഞ്ഞുകൊണ്ട്, പല രാജ്യങ്ങളിലെയും ടെലിവിഷനിലും റേഡിയോയിലും പുകയില പരസ്യങ്ങൾ നിരോധിക്കുന്നതിൽ പുകവലി-വിരുദ്ധ സംഘങ്ങൾ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിവരമുള്ള പുകയില പരസ്യകർത്താക്കൾ ആ സംഗതിയിൽ കൗശലം പ്രയോഗിക്കുന്നു, സ്പോർട്സ് പരിപാടികൾ നടക്കുമ്പോൾ തന്ത്രപരമായി പരസ്യബോർഡുകൾ സ്ഥാപിച്ചുകൊണ്ട്. അതുകൊണ്ട്, ഒരു മത്സരം സംപ്രേക്ഷണം ചെയ്യപ്പെടുമ്പോൾ ചെറുപ്പക്കാരായ വലിയ സദസ്സിനോടൊപ്പംതന്നെ, കളിക്കാൻ സജ്ജനായി നിൽക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ പൂർവതലത്തിലും തലയുയർത്തി അൽപ്പം മറഞ്ഞുനിൽക്കുന്ന സിഗരറ്റ് പരസ്യബോർഡ് പശ്ചാത്തലത്തിലും കാണാം.
പട്ടണത്തിന്റെ പ്രധാനഭാഗത്തോ സ്കൂളുകളുടെ മുമ്പിലോ കുട്ടിപ്പാവാടകളിലോ ഗോപാലകന്റെ വേഷത്തിലോ സഫാരി സ്യൂട്ടുകളിലോ വിദഗ്ധമായി വസ്ത്രധാരണം ചെയ്ത സ്ത്രീകൾ ആകാംക്ഷയുള്ള, ജിജ്ഞാസുക്കളായ കൗമാരപ്രയക്കാർക്ക് സിഗരറ്റുകൾ സൗജന്യമായി വെച്ചുനീട്ടുന്നു. വീഡിയോ ശാലകളിലും നൃത്തസദസ്സുകളിലും റോക്ക് സംഗീതക്കച്ചേരികൾ നടക്കുന്നിടത്തും സിഗരറ്റു സാമ്പിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ഒരു കമ്പനിയുടെ വിപണനതന്ത്രം വാർത്തയിൽ ചോരുകയുണ്ടായി, അതായത് കാനഡയിലെ ഒരു പ്രത്യേക കമ്പനി 12-നും 17-നും ഇടയ്ക്കു പ്രായമുള്ള ഫ്രഞ്ച് സംസാരിക്കുന്ന ആണുങ്ങളിൽ ലക്ഷ്യം വെച്ചുവത്രേ.
തിളങ്ങുന്ന സന്ദേശം ഇതാണ്, പുകവലി സുഖവും ആരോഗ്യവും ഓജസും പ്രസിദ്ധിയും കൈവരുത്തുന്നു. “ഞാൻ ജോലി ചെയ്തിടത്ത് 14 വയസ്സുള്ള കുട്ടികൾ പുകവലി തുടങ്ങാൻ സ്വാധീനിക്കുന്നതിനു ഞങ്ങൾ കഠിനശ്രമം ചെയ്യുകയായിരുന്നു,” ഒരു പരസ്യ ഏജൻറ് പറഞ്ഞു. ഏഷ്യയിലെ പരസ്യങ്ങൾ ചെറുപ്പക്കാരായ പാശ്ചാത്യ കായികതാരങ്ങൾ കടലോരത്തും കളിസ്ഥലത്തും ചുറ്റിത്തിരിഞ്ഞുനടക്കുന്നതായി കാണിക്കുന്നു—തീർച്ചയായും പുകവലിച്ചുകൊണ്ടുതന്നെ. “പാശ്ചാത്യ മോഡലുകളും ജീവിതരീതികളും അനുകരിക്കാനുള്ള ആകർഷകമായ നിലവാരങ്ങൾ സൃഷ്ടിക്കുന്നു, മാത്രമല്ല ഏഷ്യയിലെ പുകവലിക്കാർ പാശ്ചാത്യ ജീവിതരീതി പകർത്താൻ ആകാംക്ഷയുള്ളവരാണല്ലോ,” ഒരു മാർക്കറ്റിങ് വിപണന പത്രിക അഭിപ്രായപ്പെട്ടു.
പരസ്യത്തിനു വേണ്ടി ശതകോടിക്കണക്കിനു ഡോളർ ചെലവഴിച്ചശേഷം പുകയില വിപണനക്കാർ വൻതോതിലുള്ള വിജയങ്ങൾ നേടിയെടുത്തിട്ടുണ്ട്. ചെറുപ്പക്കാരായ പുകവലിക്കാരുടെ വർധനവ് ഞെട്ടിക്കുന്നതാണെന്ന് റീഡേഴ്സ് ഡൈജസ്റ്റിന്റെ ഒരു പ്രത്യേക റിപ്പോർട്ട് പ്രകടമാക്കുകയുണ്ടായി. ആ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഫിലിപ്പീൻസിൽ 18 വയസ്സിൽ താഴെയുള്ള 22.7 ശതമാനം ആളുകൾ ഇപ്പോൾ പുകവലിക്കുന്നു. ചില ലാറ്റിനമേരിക്കൻ നഗരങ്ങളിൽ, കൗമാരപ്രായക്കാരുടെ നിരക്ക് അമ്പരപ്പിക്കുംവിധം 50 ശതമാനമാണ്. ഹോങ്കോങിൽ ഏഴു വയസ്സുള്ള കുട്ടികൾ പോലും പുകവലിക്കുന്നു.”
എന്നിരുന്നാലും, പുകയില വിദേശങ്ങളിൽ ജയിച്ചടക്കൽ ആസ്വദിക്കുമ്പോൾ പോലും സ്വന്തരാജ്യത്ത് ഉരുണ്ടുകൂടിവരുന്ന കൊടുങ്കാറ്റു മേഘങ്ങളെ സംബന്ധിച്ച് സിഗരറ്റു കമ്പനികൾ വേദനാപൂർവം മനസ്സിലാക്കുന്നു. ഈ കൊടുങ്കാറ്റിനെ വിജയപ്രദമായി അതിജീവിക്കാനുള്ള പുകയിലയുടെ സാധ്യതകൾ എന്തെല്ലാമാണ്?
[3-ാം പേജിലെ ആകർഷകവാക്യം]
അതിന്റെ ഏറ്റവും നല്ല ഉപഭോക്താക്കൾ മരിച്ചുകൊണ്ടിരിക്കുന്നു
[5-ാം പേജിലെ ആകർഷകവാക്യം]
ഏഷ്യ, പുകയിലയുടെ ഏറ്റവും പുതിയ കൊലക്കളങ്ങൾ
[6-ാം പേജിലെ ആകർഷകവാക്യം]
പുതിയ മൊത്തം പുകവലിക്കാരുടെ 90 ശതമാനം—കുട്ടികളും കൗമാരപ്രായക്കാരും!
വശീകരിക്കുന്ന ഒരു ഏഷ്യൻ മോഡലും ലക്ഷ്യങ്ങളും
[4-ാം പേജിലെ ചതുരം]
മാരകമായ പാചകവിധി—ഒരു സിഗരറ്റിൽ എന്താണുള്ളത്?
സിഗരറ്റു നിർമാതാക്കൾ ആസക്തിയുളവാക്കുന്ന 700-ഓളം വ്യത്യസ്ത രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കാം, എന്നാൽ അതിന്റെ ലിസ്റ്റ് രഹസ്യമായി സൂക്ഷിക്കാൻ നിയമം ആ കമ്പനികളെ അനുവദിക്കുന്നു. എന്നിരുന്നാലും, ആ ലിസ്റ്റിൽ സാന്ദ്രത കൂടിയ ലോഹങ്ങളും അണുനാശിനികളും കീടനാശിനികളും അടങ്ങുന്നുണ്ട്. അതിലെ ചില ഘടകങ്ങൾ വളരെ വിഷമുള്ളതായതുകൊണ്ട് മണ്ണു നികത്തിയെടുക്കുമ്പോൾ പോലും അവ മണ്ണിനടിയിൽ തള്ളുന്നത് നിയമവിരുദ്ധമാണ്. കാഴ്ചയ്ക്കു രസമുള്ള സിഗരറ്റ് പുകച്ചുരുളിൽ ഏതാണ്ട് 4,000 പദാർഥങ്ങളാണുള്ളത്, അവയിൽ പെടുന്നവയാണ് അസെറ്റോൺ, ആഴ്സെനിക്, ബ്യൂട്ടേൻ, കാർബൺ മോണോക്സൈഡ്, സൈനൈഡ് തുടങ്ങിയവ. പുകവലിക്കാരുടെയും അവരുടെ അടുത്തുള്ളവരുടെയും ശ്വാസകോശങ്ങൾ കാൻസറിനിടയാക്കുന്നതെന്ന് അറിയപ്പെടുന്ന 43 ഘടകങ്ങൾക്കെങ്കിലും വിധേയമാണ്.
[5-ാം പേജിലെ ചതുരം]
പുകവലിക്കാത്തവർ അപകടത്തിൽ
ഭയങ്കര പുകവലിക്കാരുടെ കൂടെ നിങ്ങൾ ജീവിക്കുകയോ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ ശ്വാസകോശ അർബുദവും ഹൃദ്രോഗവും ഉണ്ടാകാൻ നിങ്ങൾക്കു സാധ്യത കൂടുതലാണ്. യു.എസ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (ഇപിഎ) നിഗമനം പരിസ്ഥിതിയിലുള്ള പുകയിലധൂമം (ഇറ്റിഎസ്) ഒരു ഗ്രൂപ്പ് എ കാഴ്സിനോജനാണെന്നും അത് ഏറ്റവും അപകടകരമാണെന്നുമാണ്. സിഗരറ്റിന്റെ അറ്റത്തുനിന്നു ചുരുളുകളായി ഉയരുന്ന പുകയെയും അതുപോലെതന്നെ നിശ്വസിക്കുന്ന പുകയെയും കുറിച്ചു നടത്തിയ 30 പഠനങ്ങളുടെ ഫലങ്ങളെ ആ വലിയ റിപ്പോർട്ട് അപഗ്രഥനം ചെയ്യുകയുണ്ടായി.
ഐക്യനാടുകളിൽ വർഷംതോറും ഉണ്ടാകുന്നതിൽ 3,000 ശ്വാസകോശാർബുദ രോഗങ്ങൾക്കു കാരണം ചുറ്റുപാടുമുള്ള പുകയില ധൂമമാണെന്ന് ഇപിഎ കുറ്റപ്പെടുത്തുന്നു. 1994 ജൂണിൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തോട് ഈ നിഗമനങ്ങളെ ബന്ധപ്പെടുത്തി. ഒരിക്കലും പുകവലിക്കാത്തവരെങ്കിലും ഇറ്റിഎസിനു വിധേയരായ സ്ത്രീകൾക്ക് ശ്വാസകോശ അർബുദമുണ്ടാകാൻ ആയുഷ്കാലത്തു പുകവലിക്കാത്ത മറ്റുള്ളവരെക്കാൾ 30 ശതമാനം സാധ്യത കൂടുതലാണെന്ന് ആ പഠനം പ്രകടമാക്കിയിരുന്നു.
പുക ശ്വസിക്കുന്നതു നിമിത്തം കൊച്ചു കുട്ടികളിൽ വർഷന്തോറും 1,50,000 മുതൽ 3,00,000 വരെ പേർക്ക് ബ്രോങ്കൈറ്റിസും ന്യൂമോണിയയും ഉണ്ടാകുന്നു. ഐക്യനാടുകളിൽ ഓരോ വർഷവും 2,00,000 മുതൽ 10,00,000 വരെ കുട്ടികളിൽ പുക ആസ്തമയുടെ ലക്ഷണങ്ങളെ രൂക്ഷമാക്കുന്നു.
ഇറ്റിഎസ് മൂലം ഹൃദയത്തിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന രോഗങ്ങളാൽ ഓരോ വർഷവും 40,000 മരണങ്ങൾ ഉണ്ടാകുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കണക്കാക്കുന്നു.
[7-ാം പേജിലെ ചിത്രങ്ങൾ]
വശീകരിക്കുന്ന ഒരു ഏഷ്യൻ മോഡലും ലക്ഷ്യങ്ങളും