സാൻസിബാർ—“സുഗന്ധവ്യഞ്ജനങ്ങളുടെ നാട്”
കെനിയയിലെ ഉണരുക! ലേഖകൻ
പൂർവ മധ്യ ആഫ്രിക്കയുടെ തീരത്തുനിന്നു 35 കിലോമീററർ അകലെയാണ് സാൻസിബാർ ദ്വീപ് കിടക്കുന്നത്. ഇന്ത്യൻ സമുദ്രത്തിലെ നീല ഉഷ്ണജലത്താൽ ചുററപ്പെട്ട്, വെള്ള കടൽത്തീരങ്ങളാൽ മാലയണിയിക്കപ്പെട്ട്, നിമ്നോന്നതമായ കുന്നുകളാലും വാണിജ്യക്കാററുകളിൽ ആടിയുലയുന്ന പനമരങ്ങളാലും അലങ്കൃതമായി കിടക്കുന്ന സാൻസിബാർ തീർച്ചയായും മനോഹരമായ ഒരു ദ്വീപുതന്നെ. ഏററവും കൂടിയ നീളം 85 കിലോമീറററും വീതി 39 കിലോമീറററും ഉള്ള താരതമ്യേന ചെറിയ ഒരു ദ്വീപാണെങ്കിലും അത് ആഫ്രിക്കയുടെ ചരിത്രത്തിൽ ഒരു വലിയ പങ്കു വഹിച്ചിരിക്കുന്നു.
പേർഷ്യക്കാരും അറബികളും ഇന്ത്യാക്കാരും പോർട്ടുഗീസുകാരും ബ്രിട്ടീഷുകാരും ഏഷ്യാക്കാരും വടക്കേ അമേരിക്കക്കാരും പിന്നെ തീർച്ചയായും തൊട്ടടുത്തു കിടക്കുന്ന ആഫ്രിക്കക്കാരും നൂററാണ്ടുകളായി സാൻസിബാർ സന്ദർശിച്ചുകൊണ്ടാണിരിക്കുന്നത്. ആദായകരമായ അടിമ വ്യാപാരത്തിനായിരുന്നു അന്ന് മുഖ്യശ്രദ്ധ കൊടുത്തിരുന്നത്. വാണിജ്യക്കാർക്കും പര്യവേക്ഷകർക്കും ഭക്ഷ്യസാധനങ്ങൾ ലഭിച്ചതും അവിടെനിന്നായിരുന്നു. വാസ്തവത്തിൽ, ആഫ്രിക്കയിലെ മിക്ക യൂറോപ്യൻ പര്യവേക്ഷകരും 19-ാം നൂററാണ്ടിൽ ഈ ദ്വീപിൽക്കൂടി കടന്നുപോയിരുന്നു! ഇത് ആഫ്രിക്കയുടെ പടിവാതിൽ എന്ന് അറിയപ്പെടാൻ ഇടയായതിൽ അതിശയമില്ല.
കരയാമ്പുവും അതിന്റെ ഉപയോഗങ്ങളും
1800-കളുടെ ആദ്യത്തെ പകുതിയിൽ ഒമാനിലെ സുൽത്താനായ സയിഡ് സായിദ് പേർഷ്യൻ ഉൾക്കടലിലുള്ള തന്റെ സ്വദേശം വിട്ട് സാൻസിബാറിൽ വാസമുറപ്പിച്ചു. ദ്വീപിന്റെ ഭരണാധികാരി എന്നനിലയിൽ അദ്ദേഹം അറബി തോട്ടമുടമകളെക്കൊണ്ട് തെങ്ങുകൃഷി നിർത്തലാക്കുകയും പകരം വളരെയേറെ ലാഭകരമായ ഒരു വിള കൃഷിചെയ്യിക്കയും ചെയ്തു: കരയാമ്പു. അദ്ദേഹം മരിക്കുമ്പോൾ അടിമവ്യാപാരവും ആനക്കൊമ്പു വ്യാപാരവും മാത്രമായിരുന്നു കരയാമ്പു ലാഭത്തെക്കാൾ മികച്ചുനിന്നത്. അതുകൊണ്ട് അടിമവ്യാപാരം നിർത്തലാക്കിയപ്പോൾ സാൻസിബാർ സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് അറിയപ്പെട്ടു. ഇന്ന് അത് ലോകത്തിൽ കരയാമ്പുവിന്റെ ഒരു മുഖ്യ സ്രോതസ്സാണ്.
കരയാമ്പു യഥാർഥത്തിൽ ഉഷ്ണമേഖലയിലെ ഒരു നിത്യപത്രിയുടെ ഉണങ്ങിയ പൂമൊട്ടുകളാണ്. വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം യൂജിനിയ കാര്യോഫില്ലററ എന്നാണ്. സാൻസിബാറിൽ മരത്തിന്റെ ശരാശരി ഉയരം ഏതാണ്ട് ഒൻപതു മീററർ വരും. ചുമപ്പു കലർന്ന തവിട്ടു നിറവും ഏതാണ്ട് ഒന്നേകാൽ സെൻറിമീററർ വലിപ്പവും ഉള്ളപ്പോൾ സാധാരണമായി പൂമൊട്ടുകൾ പറിച്ചെടുക്കുന്നു. നല്ല ഒരു വൃക്ഷത്തിന് ഏതാണ്ട് 34 കിലോഗ്രാം പൂമൊട്ടുകൾവരെ ഉത്പാദിപ്പിക്കാൻ കഴിയും. പറിച്ചെടുത്തശേഷം ഉഷ്ണമേഖലയിലെ ചൂടിൽ അവ ഉണങ്ങാനിടുന്നു.
അവയുടെ പരിമളവും നല്ല സ്വാദും നിമിത്തം കരയാമ്പു മുഖ്യമായും ഉപയോഗിക്കുന്നത് പാചകത്തിനാണ്. കരയാമ്പു ചേർത്ത് പലപ്പോഴും ഇറച്ചിയുടെയും പച്ചക്കറികളുടെയും സ്വാദ് വർധിപ്പിക്കുന്നു. അല്ലെങ്കിൽ നാലോ അഞ്ചോ മൊട്ടുകൾ ചെറുതായൊന്നു ഞെരിച്ച് തിളച്ച വെള്ളത്തിൽ ഇട്ട് വ്യഞ്ജന ചായ ഉണ്ടാക്കാം! ശൈത്യകാലത്തെ തണുപ്പുള്ള ഒരു ദിവസം ചുവന്ന വീഞ്ഞ് ചൂടാക്കി അതിൽ ഏതാനും കരയാമ്പു ചേർത്താൽ അത് നവോൻമേഷപ്രദമായ ഒരു പാനീയമായിത്തീരും. ചിലരാണെങ്കിൽ 20-ഓളം കരയാമ്പുകൾ ഒരു ഓറഞ്ചിലേക്കു കടത്തി കുളിമുറിയിൽ ഒരാഴ്ചയോളം കെട്ടിത്തൂക്കിയിടുന്നു. ഇത് കുളിമുറിക്കു പുതുമ പകരുന്നു. മോണ മരവിപ്പിച്ച് പല്ലുവേദന ശമിപ്പിക്കാൻ ദന്തചികിത്സകർ കരയാമ്പു എണ്ണ ഉപയോഗിക്കുന്നു. കരയാമ്പു മൗത്ത്വാഷുകളിലും പെർഫ്യൂമുകളിലും ഉപയോഗിക്കുന്നു. ഈ കൊച്ചു ദ്വീപ് അതിന്റെ സുഗന്ധവ്യഞ്ജന വിളവെടുപ്പിനു പേരുകേട്ടതായിരിക്കുന്നതിൽ അതിശയമില്ല!
ജനങ്ങൾ
സാൻസിബാറിലെ യഥാർഥ “സുഗന്ധവ്യഞ്ജനം” അവിടത്തെ ആളുകളാണ്. നിങ്ങൾ ആ ദ്വീപിൽ കാലുകുത്തുമ്പോൾത്തന്നെ സാൻസിബാരികൾ നിങ്ങളെ ഊഷ്മളമായി അഭിവാദനം ചെയ്യുന്നു. അവർ തികച്ചും സ്വസ്ഥമായിരിക്കുന്നതായും അന്യോന്യം സംസാരിക്കുന്നതിനു സമയമെടുക്കുന്നതായും കാണുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവർ ആവർത്തിച്ചാവർത്തിച്ചു കൈകൊടുക്കുന്നു, ചിലപ്പോൾ പത്തു മിനിററിൽ മൂന്നോ നാലോ പ്രാവശ്യം. എന്തെങ്കിലും ഒരു തമാശയോട് അവർ സ്വതവേ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
അവരുടെ ആരുടെയെങ്കിലും ഭവനം നിങ്ങൾ സന്ദർശിക്കുന്നെങ്കിൽ അവരുടെ വിഖ്യാതമായ ആതിഥേയത്വം നിങ്ങൾക്കും ആതിഥ്യമരുളും. സന്ദർശകന് എല്ലായ്പോഴും ഏററവും നല്ലതു കൊടുത്തിരിക്കും. ഊണിന്റെ സമയത്ത് അപ്രതീക്ഷിതമായി അയാൾ എത്തിച്ചേരുന്നെങ്കിൽ പിന്നെ ചോദ്യമൊന്നും ഉദിക്കുന്നില്ല: അയാൾ അവരുടെ കൂട്ടത്തിൽ ചേർന്ന് മതിവരുവോളം ഭക്ഷിക്കണം. അത്തരം ആതിഥേയത്വം ബൈബിൾ കാലങ്ങളെ അനുസ്മരിപ്പിക്കുന്നു.—താരതമ്യം ചെയ്യുക: ഉല്പത്തി 18:1-8.
സാൻസിബാരികളും ആകാരത്തിൽ നിറപ്പകിട്ടുള്ളവരും വളരെ വ്യത്യസ്തരുമാണ്. പുറത്തായിരിക്കുമ്പോൾ സ്ത്രീകൾ ബ്യൂയിബ്യൂയി—തലമുതൽ ഉപ്പൂററിവരെ മൂടിക്കിടക്കുന്ന കൈയില്ലാത്ത ഒരു ഉടുപ്പ്—ധരിക്കുന്നു. രസകരമെന്നുപറയട്ടെ, പാശ്ചാത്യ സ്റൈറലിലുള്ള വസ്ത്രത്തിനൊപ്പമെത്തിയേക്കാം ഇത്. പുരുഷൻമാരാണെങ്കിൽ, കാൻസു എന്നു പറയുന്ന വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ ഒരു അങ്കിയാണ് അവരുടെ വേഷം. അവർ കോഫിയ എന്നു പറയുന്ന ചിത്രത്തയ്യലുള്ള ഒരു തൊപ്പി ധരിക്കുന്നു.
കൽപ്പട്ടണം എന്നറിയപ്പെടുന്ന സാൻസിബാർ പട്ടണത്തിന്റെ ചരിത്രഭാഗത്തുകൂടെ കടന്നുപോകുമ്പോൾ ഏതോ ഒരു പഴയകാലത്തു ചെന്നെത്തിയതുപോലെ ഒരുവനു തോന്നും. കെട്ടുപിണഞ്ഞുകിടക്കുന്ന വീഥികളുടെയും ഇടവഴികളുടെയും അരികിൽ കാൽനടക്കാർക്കു നടക്കാൻ പ്രത്യേക സൗകര്യമൊന്നും ഇല്ല. അനേകം കടകളുടെയും വാതിലുകൾ നേരെ തെരുവിലേക്കാണു തുറക്കുന്നത്! പിന്നെ അവിടെ അനേകം തെരുവു കച്ചവടക്കാർ ഉണ്ട്. അറബികളുടെ ഇഞ്ചി ചേർത്ത മധുരമിട്ട കാപ്പിയായ കാഹാവാ വിൽപ്പനക്കാരെപ്പോലെയുള്ളവർ.
എന്നിരുന്നാലും, വാക്കുകൾക്കോ ഫോട്ടോകൾക്കോ ഒന്നും പൂർണമായി വർണിക്കാവുന്നതല്ല സാൻസിബാറിന്റെ സൗന്ദര്യം. “സുഗന്ധവ്യഞ്ജനങ്ങളുടെ നാട്” എന്ന അതിന്റെ സൽപ്പേര് അതിന് അർഹിക്കുന്നതുതന്നെയാണ്. പല തരത്തിലും.
[16-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സാൻസിബാർ
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Africa and border map: The Complete Encyclopedia of Illustration/J. G. Heck