അവർ വീടുതോറും പ്രസംഗിക്കുമോ?
“പാപ്പാ മതപ്രസംഗകരെ റോമിലെ തെരുവുകളിലേക്ക് അയയ്ക്കുന്നു.” ഗ്രെഗ്ഗ് ബൂർക്കിന്റെ ഒരു വാർത്താറിപ്പോർട്ടിന്റെ ശീർഷകം അതായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “രാജ്യത്തു മതപരിവർത്തനം ചെയ്യുന്നതിലൂടെ ആളുകളെ നേടുന്ന യഹോവയുടെ സാക്ഷികൾ പോലെയുള്ള മതവിഭാഗങ്ങളുടെ മാതൃക പിൻപററാനും വീടുതോറുമുള്ള മതപ്രസംഗത്തിനു തുടക്കമിടാനും ജോൺ പോൾ മാർപ്പാപ്പാ ഇററലിയിലെ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
“‘ഇതു സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കാനുള്ള സമയമല്ല, പുരമുകളിൽനിന്നു ഘോഷിക്കേണ്ട സമയമാണ്,’ ദേശങ്ങൾതോറും സഞ്ചരിക്കുന്ന പ്രസംഗകരും മതോപദേഷ്ടാക്കളും ഉൾപ്പെട്ട 350 പേരോടു തിങ്കളാഴ്ച പാപ്പാ പറഞ്ഞു. . . .
“‘തെരുവുകളിൽ സുവിശേഷം പ്രഘോഷിക്കാനുള്ള നിങ്ങളുടെ പദ്ധതി . . . സമൃദ്ധമായ ഫലങ്ങൾ കൈവരുത്തുമെന്നു ഞാൻ പ്രത്യാശിക്കുന്നു,’ അദ്ദേഹം അവരോടു പറഞ്ഞു. ‘വിശ്വാസത്തിൽനിന്നു വഴിതെററിപ്പോയവരുടെ പക്കൽപോലും എത്തുന്ന പ്രസംഗരീതി നിങ്ങൾ വീണ്ടും കണ്ടുപിടിച്ചിരിക്കുന്നു.’”
റിപ്പോർട്ടർ ബൂർക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടു: “കഴിഞ്ഞ രണ്ടു പതിററാണ്ടുകളായി ഇററലിയിൽ കത്തോലിക്കാ സഭയിലെ ഹാജർ കുത്തനെ കുറഞ്ഞിരിക്കുന്നു, വീടുതോറും പ്രസംഗിക്കുന്നവർക്കു വേണ്ടിയുള്ള പാപ്പായുടെ അമിത താത്പര്യം ചുരുങ്ങിയപക്ഷം ഭാഗികമായെങ്കിലും സഭയുടെ സ്വാധീനം കുറഞ്ഞുവരുന്നതിനോടുള്ള പ്രതികരണമാണെന്നു തോന്നുന്നു.”
“വീടുതോറുമുള്ള മതപ്രസംഗത്തിനു തുടക്കമിടാ”നുള്ള അത്തരം ഉദ്ബോധനം പുത്തരിയല്ല. പോൾ VI-ാമൻ എന്നൊരു മുൻ പാപ്പാ, കത്തോലിക്കാസഭ “നിലകൊള്ളുന്നതു സുവിശേഷം പ്രചരിപ്പിക്കാനാണ്” എന്നു പറയുകയുണ്ടായി. നിലവിലുള്ള പാപ്പാ, ജോൺ പോൾ II-ാമൻ, 1991-ൽ എല്ലാ ബിഷപ്പുമാരെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള റെഡെംറേറാറിസ് മിസിയോ പുറത്തിറക്കി. പരസ്യമായി പ്രസംഗിക്കാനുള്ള യേശുവിന്റെ കൽപ്പന നിർവഹിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് തന്റെ സഭയെ ജാഗരൂകമാക്കാൻ വേണ്ടിയായിരുന്നു അത്.
റോമൻ കത്തോലിക്കാ എഴുത്തുകാരനായ പീററർ ഹെർനൻ ലണ്ടൻ കത്തോലിക്കാ ഹെരാൾഡിൽ ഈ ചോദ്യം ഉന്നയിച്ചു: “സുവിശേഷഘോഷണത്തിന് എന്തു സംഭവിച്ചു?” വളരെയധികം ശ്ലാഘിക്കപ്പെടുന്ന “സുവിശേഷഘോഷണ ദശകം” സംബന്ധിച്ച് അദ്ദേഹം ചിന്തയുള്ളവനായിരുന്നു, അതിനിപ്പോൾ അനേകവർഷത്തെ പഴക്കമുണ്ട്. പുരോഗതി കൈവരിക്കാത്തതിനെക്കുറിച്ച് അദ്ദേഹം ഒരു ബിഷപ്പിനോടു ചോദിച്ചപ്പോൾ ബിഷപ്പ് ഇങ്ങനെ പ്രതികരിച്ചു: “നിങ്ങൾ ധൃതികൂട്ടരുത്. സഭ ഉണ്ടായിട്ട് 2000 വർഷമല്ലേ ആയിട്ടുള്ളൂ.”
“ചുററുമുള്ള ഗ്രാമങ്ങളിൽ സുവിശേഷം പ്രചരിപ്പിക്കാൻ യേശു തന്റെ ശിഷ്യൻമാരെ അയച്ചപ്പോൾ നൽകിയ അടിയന്തിരത എവിടെ? അല്ലെങ്കിൽ, ‘സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു കഷ്ടം! (1 കൊ. 9:16)’ എന്നു പറഞ്ഞപ്പോൾ വി പൗലോസ് നൽകിയ അടിയന്തിരത എവിടെ?” എന്ന് ഹെർനൻ ചോദിച്ചതിൽ അതിശയിക്കാനില്ല. പരസ്യമായും “വീടുതോറും” പ്രസംഗിച്ച ആദിമ ക്രിസ്ത്യാനികളുടെ മാതൃക കത്തോലിക്കർ വാസ്തവത്തിൽ അനുകരിക്കുമോ?—പ്രവൃത്തികൾ 5:42; 20:20, ഡൂവേ വേർഷൻ.
വീടുതോറുമുള്ള സുവിശേഷഘോഷണത്തിന്റെ കാര്യത്തിലാണെങ്കിൽ “സന്ദേഹവാദികൾ ‘താത്ത്വികം, അപ്രായോഗികം’ എന്നു പിറുപിറുക്കുന്നത്” തനിക്കു കേൾക്കാൻ കഴിയുന്നുണ്ടെന്ന് ഹെർമൻ സമ്മതിച്ചു. എന്നാൽ, അത് “അങ്ങനെയല്ല,” എന്നു ഹെർമൻ പറയുന്നു. “ആ അവകാശവാദത്തെ ന്യായീകരിക്കുന്നതിന് ഞാനൊരു വിലകെട്ട പദം ഉപയോഗിച്ചേ പററൂ. അതു വിലകെട്ടതാണെന്ന് എനിക്കറിയാം, കാരണം ഒരു കത്തോലിക്കാ ലേഖനത്തിൽ കഴിഞ്ഞ പ്രാവശ്യം ഞാനത് ഉപയോഗിച്ചപ്പോൾ (മറെറാന്നിനും ഭേദഗതി വരുത്തിയില്ലെങ്കിലും) ആ മുഴു സെക്ഷനും നീക്കം ചെയ്തു. ആ പദം യഹോവയുടെ സാക്ഷി എന്നതാണ്. . . . തന്റെ ആന്തരിക പ്രചോദനത്താൽ താൻ അവശ്യം ഒരു മിഷനറിയാണെന്ന് ഓരോ സാക്ഷിയും പഠിപ്പിക്കപ്പെടുന്നു.”
ഹെർനൻ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളോടു വിയോജിക്കുന്നുവെങ്കിലും, ഒരു വ്യക്തി അവരുടെ പ്രസംഗരീതികൾ പരിഗണിക്കുമ്പോൾ “അപ്പോസ്തലപ്രവൃത്തികളിൽ വരച്ചുകാട്ടപ്പെട്ടിരിക്കുന്ന ആദിമസഭയെ ഓർക്കാതിരിക്കുക ദുഷ്കരമാണ്” എന്ന് അദ്ദേഹം സമ്മതിക്കുന്നു.
യഹോവയുടെ സാക്ഷികൾ തീക്ഷ്ണതയോടെ തങ്ങളുടെ വീടുതോറുമുള്ള ശുശ്രൂഷയിൽ തുടരുന്നു, അങ്ങനെ അവർ ഈ ആധുനിക നാളുകളിൽ യേശുക്രിസ്തുവിന്റെ കൽപ്പന നിറവേററിക്കൊണ്ടുതന്നെ: “നിങ്ങൾ . . . ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും.”—പ്രവൃത്തികൾ 1:8, NW.