കറുത്ത വെൽവെററ് സൂട്ടിലെ കൊച്ചു മാന്യൻ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വടക്കൻ ഇംഗ്ലണ്ടിൽ തുരപ്പനെലികൾ ധാരാളമുണ്ട്. കൃഷിയിടത്തിന്റെ ഗേററിനപ്പുറത്തെ പുൽത്തകിടിയിലേക്കു ഞാൻ നോക്കി, അത്രയധികം പുററുകൾ മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ല. പുതുതായി നിർമിക്കപ്പെട്ട കൊച്ചു മൺകൂനകൾ ആ പുൽത്തകിടിയിൽ എല്ലായിടവും ഉണ്ടായിരുന്നു. തുരപ്പനെലി ഏതുതരം ജീവിയാണെന്നും അത് എങ്ങനെയാണു ജീവിക്കുന്നതെന്നും നിങ്ങൾക്കറിയാമോ?
തുരപ്പനെലിയെ കണ്ടിട്ടുള്ളവർ ചുരുങ്ങും, കാരണം ജീവകാലത്തിലേറിയ പങ്കും അതു മണ്ണിനടിയിലാണു ജീവിക്കുന്നത്. അത് ഒരു ചെറിയ ജീവിയാണ്, ഏകദേശം 15 സെൻറിമീററർ നീളം വരും. ആൺതുരപ്പനെലിക്ക് 115 ഗ്രാമിൽ അൽപ്പം കുറവു തൂക്കവും. ബ്രിട്ടനിലെ തുരപ്പനെലിക്ക് ഇരുണ്ട ചാരനിറത്തിലുള്ള, മിക്കവാറും കറുത്ത, രോമംകൊണ്ടുള്ള ആവരണമുണ്ട്. കറുത്ത വെൽവെററ് സൂട്ടിനുള്ളിലെ കൊച്ചു മാന്യൻ എന്ന് അതിനെ സാധാരണമായി പ്രിയത്തോടെ വിളിക്കാറുണ്ട്.
തുരപ്പനെലിയുടെ ചർമത്തിലെ രോമങ്ങൾ ചാഞ്ഞുനിൽക്കുന്നവയല്ല; അതായത് അവ തൊലിയിൽനിന്ന് എഴുന്നു നിൽക്കുന്നു. അതുകൊണ്ട് മണ്ണിനുള്ളിൽ അതിന് എങ്ങനെ വേണമെങ്കിലും അനായാസത്തോടെ തിരിഞ്ഞുമറിയാൻ കഴിയും. വർഷങ്ങൾക്കു മുമ്പ് തുരപ്പനെലിയെ പിടിച്ചിരുന്നവർ വസ്ത്രത്തിനു വേണ്ടി അതിന്റെ തൊലി വിററിരുന്നു. എന്നാൽ “ഒരു കോട്ട് ഉണ്ടാക്കുന്നതിനു വളരെയധികം തുരപ്പനെലികളുടെ തൊലി ആവശ്യമാണ്” എന്നു തുരപ്പനെലിയെ പിടിക്കുന്ന ഒരാൾ തമാശരൂപത്തിൽ അഭിപ്രായപ്പെട്ടു.
തുരപ്പനെലിയുടെ ശരീരം മണ്ണുതുരക്കാൻ വേണ്ടി പ്രത്യേകമായി രൂപസംവിധാനം ചെയ്യപ്പെട്ടതാണ്. മുൻകാലുകൾ ശരീരത്തിന്റെ വളരെ മുൻഭാഗത്തായാണു സ്ഥിതിചെയ്യുന്നത്, പാദങ്ങൾ പുറത്തേക്കു തള്ളിനിൽക്കുന്നു. അഞ്ചു വിരലുകളും അർധചന്ദ്രാകൃതിയിലുള്ള ഒരസ്ഥിയും ചേർന്നു രണ്ടു കോരികപോലെ വർത്തിക്കുന്നു. മുൻകാലുകളോടു താരതമ്യം ചെയ്യുമ്പോൾ ബലം കുറഞ്ഞ ചെറിയ പിൻകാലുകൾ തുരപ്പനെലിക്ക് ആക്കം കിട്ടാൻ സഹായിക്കുന്നു. ഇളകിക്കിടക്കുന്ന മണ്ണിൽ ഒരു തുരപ്പനെലിയെ വിടുകയാണെങ്കിൽ, അഞ്ചു സെക്കൻഡുകൊണ്ട് അതു മണ്ണിനടിയിലേക്ക് അപ്രത്യക്ഷമാകും! അതിന് അതിന്റെ ഇരുണ്ട, നനവുള്ള, തുരങ്കങ്ങളിൽ കൂടിയോ മണ്ണിന്റെ ഉപരിതലത്തിൽ കൂടിയോ മണിക്കൂറിൽ അഞ്ച് കിലോമീററർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നു കണക്കാക്കപ്പെടുന്നു.
അസാധാരണമായ ഇന്ദ്രിയങ്ങൾ
ചിലയാളുകൾ വിചാരിക്കുന്നതുപോലെ തുരപ്പനെലി തീർത്തും അന്ധനല്ല, എന്നാൽ രോമത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അതിന്റെ കൊച്ചുകണ്ണുകൾ ഇരുളിൽനിന്നു വെളിച്ചത്തെ തിരിച്ചറിയാനാവശ്യമായ കാഴ്ച മാത്രമേ അതിന് ഒരുപക്ഷേ കൊടുക്കുന്നുള്ളൂ. തുരപ്പനെലി മണ്ണിലൂടെ മാളമുണ്ടാക്കിപ്പോകുമ്പോൾ അതിന്റെ രോമങ്ങൾ കണ്ണുകൾക്കു കുറുകെ വന്ന് അവയ്ക്കു സംരക്ഷണം നൽകുന്നു. എന്നിരുന്നാലും, കാഴ്ചയെക്കാൾ ഏറെ പ്രധാനം തുരപ്പനെലിയുടെ സൂക്ഷ്മമായ ഘ്രാണശക്തിയും സ്പർശ്യശക്തിയുമാണ്.
യൂറോപ്യൻ തുരപ്പനെലിക്ക് ഇളം ചുവപ്പ് നിറത്തിലുള്ള അതിന്റെ മോന്തയുടെ അഗ്രഭാഗത്തായി ചെറിയ മുഴപ്പുകളുണ്ട്, ഓരോന്നിലും അതിന്റേതായ രോമങ്ങളുണ്ട്. അവ സംവേദകത്വമുള്ളതാണ്. അതിന്റെ തലയുടെ പല ഭാഗങ്ങളിലും നീണ്ട രോമങ്ങളും ഉണ്ട്. കൂടാതെ, വാലിന്റെ അഗ്രഭാഗത്തും സംവേദകത്വമുള്ള രോമങ്ങളുമുണ്ട്. തുരങ്കത്തിലൂടെ സഞ്ചരിക്കുമ്പോൾ രൂപംകൊള്ളുന്ന മർദതരംഗങ്ങൾ തുരപ്പനെലിക്കു തിരിച്ചറിയാൻ കഴിയും. അങ്ങനെ അവയ്ക്കു വലിയ കല്ലുകളോ ഇരപിടിയൻമാരോ പോലുള്ള മാർഗതടസ്സങ്ങൾ മനസ്സിലാക്കി അവയെ ഒഴിവാക്കാനാകും.
തുരപ്പനെലിക്കു ശരിക്കും വികസിതമായ ചെവികളില്ല, എന്നാൽ അതിനു നല്ല കേൾവിശക്തിയുണ്ട്. നിലത്തൂടെയുള്ള തരംഗങ്ങൾ തിരിച്ചറിഞ്ഞ് അവയോടു പ്രതികരിക്കാനുള്ള പ്രാപ്തി അതിനുണ്ട്. വൃത്തപേശികൾകൊണ്ടു തുരപ്പനെലിയുടെ ചെവികൾ അടയ്ക്കാൻ കഴിയും, മാർദവമായ സുഷിരങ്ങളിൽ മണ്ണും മററും കടക്കാതിരിക്കാൻ ഇതു സഹായിക്കുമെന്നു കരുതുന്നു.
ഭക്ഷണവും പാർപ്പിടവും
പുൽത്തകിടിക്കു കുറുകെ നോക്കിയപ്പോൾ എലികൾ കൂടെക്കൂടെ പോകുന്ന മണ്ണിനടിയിലെ ട്രാക്ക് അഥവാ പാത എനിക്കു കാണാൻ കഴിഞ്ഞു. ആ പാത മണ്ണിനു തൊട്ടു താഴേക്കൂടെയായിരുന്നു, ഉപരിതലം അൽപ്പം ഉയർന്നിരുന്നതായി കാണപ്പെട്ടു. മാത്രമല്ല, പുതുതായി നിർമിക്കപ്പെട്ട മൺകൂനകളും ദൃശ്യമായിരുന്നു, അതുണ്ടായതു തുരപ്പനെലികൾ പുതുതായി മാന്തിയെടുത്ത മണ്ണ് പുറത്തേക്കു തള്ളിയപ്പോഴായിരുന്നു. മണ്ണ് ഇങ്ങനെ തിരിച്ചുമറിക്കുന്നത് ഒരുതരം ഉഴവാണ്, മണ്ണിൽനിന്നു വെള്ളം വാർന്നുപോകാനും അതിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും അതു സഹായിക്കുന്നു.
തുരപ്പനെലിയുടെ മുഖ്യാഹാരം മണ്ണിരയാണ്. മാളങ്ങൾ ഉണ്ടാക്കുന്നതിന്റെ കാരണം ഇതാണ്. മണ്ണിരകൾ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ തുരപ്പനെലിയുടെ മാളങ്ങളുടെ ശൃംഖലയിൽ പ്രവേശിക്കുന്നു. അപ്പോൾ തുരപ്പനെലി അതിന്റെ ഇരുണ്ട മാളങ്ങളിലൂടെ ധൃതിയിൽ വന്നു തന്റെ ഇരയെ പിടിക്കുന്നു. ലെതർജാക്കററ് എന്ന ഒരുതരം മത്സ്യവും വിളകൾ നശിപ്പിക്കുന്ന ഒരുതരം പുഴുവും ഉൾപ്പെടെ പ്രാണികളെയും അതു തിന്നാറുണ്ട്. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും അതിന് എന്തെങ്കിലും തിന്നണം, അല്ലെങ്കിൽ ചത്തുപോകും.
തുരപ്പനെലിയുടെ ചെറിയ മൺകൂനകൾ അതിന്റെ പാർപ്പിടമായി തെററിദ്ധരിക്കരുത്. അതിന്റെ പാർപ്പിടം കുറേക്കൂടെ വലുതാണ്, അതിന് ഏതാണ്ട് 30 സെൻറിമീററർ ഉയരവും ഒരു മീററർ നീളവും ഉണ്ടായിരിക്കും. അതു സാധാരണമായി കാണുന്നത് ഏതെങ്കിലും അഭയകേന്ദ്രത്തിനടുത്താണ്—മരത്തിന്റെ കീഴിലോ നിരനിരയായി നിൽക്കുന്ന കുററിക്കാടുകളുടെ ഓരത്തോ ആയിരിക്കും. കൂടു നിർമിക്കാനാവശ്യമായ പുല്ല്, ചുള്ളിക്കമ്പുകൾ, ഇലകൾ തുടങ്ങിയവ അവിടെ എളുപ്പം കണ്ടെത്താനാകും.
വസന്തകാലാരംഭത്തിൽ ഒററ പേറിൽത്തന്നെ ഏഴു കുഞ്ഞുങ്ങൾ പിറക്കുന്നു. കൊച്ചു തുരപ്പനെലികൾക്കു കാഴ്ചയില്ല, പിറക്കുമ്പോൾ ശരീരത്തിൽ രോമങ്ങളില്ലാത്ത അവയ്ക്കു മൂന്നു ഗ്രാമിൽ കുറഞ്ഞ ഭാരമേ കാണുകയുള്ളൂ. അഞ്ചാഴ്ച കഴിയുമ്പോഴേക്കു തങ്ങൾക്കുതന്നെ തീററ തേടാൻ പ്രാപ്തി നേടുന്ന അവ ദൂരെ മാറിപ്പോകുന്നു, ഒരുപക്ഷേ 1.5 കിലോമീറററോളം ദൂരേക്ക്. ഒമ്പതു മാസം കഴിയുമ്പോൾ അവ ഇണചേരാനുള്ള പക്വത പ്രാപിക്കുന്നു. ഒരു തുരപ്പനെലിയുടെ ശരാശരി ആയുസ്സ് മൂന്നു വർഷമാണ്. എന്നിരുന്നാലും, അതിനു മുമ്പേതന്നെ ഇരപിടിയൻമാർ അവയിൽ പലതിനെയും കൊല്ലുന്നു.
നന്നായി ചെത്തിനിർത്തിയ പുൽത്തകിടിക്ക് അടിയെകൂടിയോ ഗോൾഫ് കളിസ്ഥലത്തോ തുരപ്പനെലി മാളമുണ്ടാക്കുമ്പോൾ അതിനു കുഴപ്പങ്ങൾ സൃഷ്ടിക്കാനാകും എന്നതു സമ്മതിക്കുന്നു. എന്നാൽ കറുത്ത വെൽവെററ് സൂട്ടിലെ നമ്മുടെ കൊച്ചു മാന്യൻ ഗ്രാമീണ ജീവിതത്തിന്റെ ജിജ്ഞാസയുണർത്തുന്ന ഒരു ഭാഗമായിത്തന്നെ തുടരുന്നു.