ഭൗതിക സമൃദ്ധിക്കു സന്തുഷ്ടി ഉറപ്പുനൽകാൻ കഴിയുമോ?
“ഞങ്ങളുടെ സ്കൂളിലുണ്ടായിരുന്ന ഏതാണ്ട് 50 വിദ്യാർഥികളിൽ 1-ഓ 2-ഓ പേർക്കു മാത്രമേ ഷൂ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് അവയുടെ ചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല. എങ്കിലും, ഞങ്ങൾ ഒരിക്കലും പാവപ്പെട്ടവരായി സ്വയം കണക്കാക്കിയില്ല. ആവശ്യമുള്ളതെല്ലാം ഞങ്ങൾക്കുണ്ടായിരുന്നു,” 1950-കളിൽ തെക്കൻ തയ്വാനിൽ വളർന്നുവന്ന 45 വയസ്സുകാരനായ ബോചിങ് അനുസ്മരിക്കുന്നു.
അത് ഏതാണ്ട് 40 വർഷം മുമ്പായിരുന്നു. അതിനുശേഷം ബോചിങ്ങിന്റെയും ആ ദ്വീപിലെ രണ്ടു കോടി നിവാസികളിൽ ശേഷിച്ചവരുടെയും ജീവിതത്തിനു നാടകീയമായ മാററം ഭവിച്ചിരിക്കുന്നു. വസ്തുതകളും കണക്കുകളും—തയ്വാനിലെ ചൈനാ റിപ്പബ്ലിക് (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “തയ്വാൻ ഒരു കാർഷിക സമൂഹത്തിൽനിന്നു വ്യവസായം കൊടികുത്തി വാഴുന്ന ഒരു സമൂഹമായി രൂപാന്തരം (പ്രാപിച്ചു).” 1970-കളുടെ അവസാനമായപ്പോഴേക്കും തയ്വാൻ “ഒരു സുസ്ഥിരമായ, സമ്പന്ന സമൂഹമായി” കണക്കാക്കപ്പെട്ടു.
തീർച്ചയായും, സമൃദ്ധിയുടെ തെളിവുകൾ തയ്വാനിൽ എവിടെയും കാണാം. ദ്വീപാകെ കൂണുപോലെ മുളച്ചുവന്നിരിക്കുന്ന അത്യാധുനിക, അംബരചുംബികളായ ഓഫീസ് സമുച്ചയങ്ങൾ, ഇറക്കുമതി ചെയ്യപ്പെട്ട വിലകൂടിയ വാഹനങ്ങൾ നിറഞ്ഞ പ്രധാനവീഥികൾ എന്നു വേണ്ട, തയ്വാന്റെ ഭൗതിക സമൃദ്ധി മററു വികസ്വര രാഷ്ട്രങ്ങളുടെ അസൂയയ്ക്കു പാത്രമാണ്. “ചൈനയുടെ ചരിത്രത്തിൽവെച്ച്” ഇന്ന് “ഏററവും ഉയർന്ന ജീവിത നിലവാരം ആസ്വദിക്കുന്നതു തയ്വാനിലെ ജനങ്ങളാണ്” എന്നു പറഞ്ഞുകൊണ്ടു തയ്വാനിലെ മുഖ്യ ഇംഗ്ലീഷ് പത്രമായ ചൈനാ പോസ്ററ് ആത്മപ്രശംസ നടത്തുന്നു.
‘നീറുന്ന നിരവധി പ്രശ്നങ്ങൾ’
ഈ ഭൗതിക സമൃദ്ധിയെല്ലാം ആളുകൾക്കു യഥാർഥ സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തിയിട്ടുണ്ടോ? തയ്വാനിലെ ആളുകൾ അഭിമാനം കൊള്ളുന്ന ധാരാളം കാര്യങ്ങളുണ്ടെന്നുള്ളതിനു സംശയമില്ല. എന്നാൽ ഈ വിജയകഥയ്ക്കു മറെറാരു വശം കൂടിയുണ്ട്. “ഈ വൻ സമൃദ്ധിയോടൊപ്പം സങ്കീർണവും നീറുന്നതുമായ അനവധി പ്രശ്നങ്ങളും മുളച്ചുവന്നിട്ടുണ്ട്,” ചൈനാ പോസ്ററ് തുടർന്നു ചൂണ്ടിക്കാട്ടുന്നു. തയ്വാന്റെ ഭൗതിക സമൃദ്ധിക്ക് അതിന്റേതായ വിലയൊടുക്കേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ താരതമ്യേന കുററകൃത്യ രഹിതമായിരുന്ന ഈ ദ്വീപിനെ ഞെരുക്കുന്ന “സങ്കീർണവും നീറുന്നതുമായ പ്രശ്നങ്ങളെ”പ്പററി ചൈനാ പോസ്ററ് ഇപ്രകാരം നിരീക്ഷിക്കുന്നു: “നിയമം അനുസരിക്കുന്ന പൗരൻമാരുടെയെല്ലാം ജീവനും വസ്തുവിനും ഒരു വർധിച്ച ഭീഷണി ഉയർത്തിക്കൊണ്ട് കുററകൃത്യവും ക്രമരാഹിത്യവും കഴിഞ്ഞ വർഷങ്ങളിലായി ഞങ്ങളുടെ സമ്പന്ന സമൂഹത്തിൽ ഞെട്ടിക്കുംവിധം വർധിച്ചിരിക്കുന്നു.” “സമ്പത്ത് തയ്വാനെ അതിമോഹത്തിന്റെ ഒരു നാടാക്കിത്തീർക്കുന്നു” എന്ന തലക്കെട്ടോടു കൂടിയ ഒരു ലേഖനത്തിൽ പോസ്ററ് “വനിതാ റെസ്റററൻറുകളുടെയും ബാറുകളുടെയും” ബാർബർ ഷോപ്പുകൾ എന്ന വ്യാജനാമത്തിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ വേശ്യാലയങ്ങളുടെയും മുളച്ചുവരവിനെ അപലപിക്കുന്നു. മോചനദ്രവ്യം വാങ്ങാനുള്ള ഉദ്ദേശ്യത്തിൽ നടത്തുന്ന അപഹരണങ്ങളും തട്ടിക്കൊണ്ടുപോകലും മറെറാരു പ്രശ്നമായിത്തീർന്നിരിക്കുന്നു. “ത്വരിതഗതിയിൽ വളർച്ചപ്രാപിച്ച തയ്വാന്റെ പുതിയ വ്യവസായം” എന്നു വിളിച്ചുകൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ടു സംസാരിക്കുന്നു. ചൂതാട്ട കടങ്ങളോ മററു സാമ്പത്തിക നഷ്ടങ്ങളോ നികത്താനുള്ള ഒരു മാർഗമെന്ന നിലയിലാണ് പലരും അത്തരം കുററകൃത്യങ്ങളിലേക്കു തിരിയുന്നത്.
കുട്ടികൾ കുററകൃത്യത്തിന്റെ വെറും നിഷ്കളങ്കരായ ഇരകൾ മാത്രമല്ല. കുററകൃത്യങ്ങൾ നടത്തുന്നതിൽ അവർ കൂടുതലായി ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. 1989-ൽ മാത്രം യുവജന കുററകൃത്യങ്ങളുടെ എണ്ണം 30 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ കാണിക്കുന്നു. ചിലർ ഈ വർധനവിനു കാരണമായി കുടുംബത്തകർച്ചയിലേക്കു ചുവടുപിടിച്ചുപോകുന്നു. സ്ഥിതിവിവരക്കണക്കുകൾ ഇതിനെ പിന്തുണയ്ക്കുന്നതായും കാണുന്നു. ഉദാഹരണത്തിന്, 1977 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ തയ്വാനിലെ വിവാഹ ദമ്പതികളുടെ എണ്ണം കുറയുകയും വിവാഹമോചന നിരക്ക് ഇരട്ടിയിലധികമാകുകയും ചെയ്തു. ഒരു സുസ്ഥിര സമൂഹത്തിൽ കുടുംബത്തിന്റെ പ്രാധാന്യം ചൈനാ സംസ്കാരം പരമ്പരാഗതമായി ഊന്നിപ്പറയുന്നതുകൊണ്ട് മോശമായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥകളെക്കുറിച്ചു പലരും വളരെയധികം ഉത്കണ്ഠാകുലരായിരിക്കുന്നതിൽ അതിശയമില്ല.
പ്രശ്നത്തിന്റെ മൂലകാരണം
സമ്പന്ന സമൂഹത്തിന്റെ നടുവിൽ സാമൂഹിക വ്യവസ്ഥയുടെ അധഃപതന കാരണം നിർണയിക്കുന്നതിനുള്ള ശ്രമത്തിൽ നൽകപ്പെടുന്ന വിശദീകരണങ്ങൾ പലതാണ്. അൽപ്പം തത്ത്വചിന്തകരായിക്കൊണ്ട് ചില ആളുകൾ പറയുന്നത് അത് കേവലം വിജയത്തിനു കൊടുക്കേണ്ടി വരുന്ന വിലയാണെന്നാണ്. എന്നാൽ വിജയത്തെയോ സമൃദ്ധിയെയോ പഴിചാരുന്നത് അമിത തീററിക്ക് ആഹാരത്തെ കുററപ്പെടുത്തുന്നതുപോലെയാണ്. ആഹാരം കഴിക്കുന്നവരെല്ലാം അമിത തീററിക്കാരല്ലാത്തതുപോലെ സമൃദ്ധിയുള്ളവരെല്ലാം ഭൗതികാസക്തരോ കുററവാളികളോ ആയിരിക്കുന്നില്ല. ഇല്ല, ഭൗതികസമൃദ്ധി അതിൽത്തന്നെ കുററകൃത്യത്തിനും സാമൂഹിക ക്രമക്കേടിനും കാരണമല്ല.
ചൈനാ പോസ്ററിലെ ഒരു മുഖപ്രസംഗം ഇതിനു കാരണമായ ഒരു മുഖ്യ ഘടകത്തിലേക്കു വിരൽ ചൂണ്ടുകയുണ്ടായി. അത് ഇപ്രകാരം പറഞ്ഞു: “പതിററാണ്ടുകളായി നമ്മൾ ഭൗതിക പുരോഗതിക്കു വളരെയധികം ഊന്നൽ നൽകിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ധാർമികവും ആത്മീയവുമായ മൂല്യങ്ങളുടെ അധഃപതനത്തിന് ഇതാണ് ഉത്തരവാദി.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതേ, ഭൗതിക കാര്യങ്ങളുടെ അനുധാവനത്തിന് അമിത ഊന്നൽ കൊടുക്കുന്നതു ഭൗതികത്വത്തിന്റെയും അത്യാഗ്രഹത്തിന്റെയും ഒരു ആത്മാവിലേക്കു നയിക്കുന്നു. അത് സ്വാർഥതത്പരതയെ പ്രോത്സാഹിപ്പിക്കുന്നു. ഈ ആത്മാവാണു കുടുംബത്തകർച്ചയിലേക്കും സാമൂഹിക തിൻമകളുടെ പെരുപ്പത്തിലേക്കും നയിക്കുന്നത്. ബൈബിൾ 2,000 വർഷങ്ങൾക്കു മുമ്പു പറഞ്ഞത് ഇപ്പോഴും സത്യമാണ്: “ദ്രവ്യാഗ്രഹം [ദ്രവ്യം അതിൽത്തന്നെയല്ല] സകലവിധ ദോഷത്തിന്നും മൂലമല്ലോ.”—1 തിമൊഥെയൊസ് 6:10.
ഒരു ലോകവ്യാപക പ്രശ്നം
ശാന്തിയും സമാധാനവും—ഭദ്രതയും—തേടി തയ്വാനിലെ ആയിരക്കണക്കിനാളുകൾ മററു രാജ്യങ്ങളിലേക്കു കുടിയേറിപ്പാർത്തിരിക്കയാണ്. ഇതെല്ലാം തയ്വാന്റെ മാത്രം പ്രശ്നങ്ങളല്ല. അവ ലോകവ്യാപകമായി പടർന്നുപിടിച്ചിരിക്കയാണ്.
കാലിഫോർണിയ, യു.എസ്.എ.യിലെ ഏററവും സമ്പന്നമായ പ്രവിശ്യയിലാണ് ഏററവുമുയർന്ന വിവാഹമോചന നിരക്കുള്ളതെന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു പഠനം പ്രകടമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന എല്ലാ വസ്തുവക ഇടപാടുകളുടെയും ഏതാണ്ട് 90 ശതമാനം തകർന്ന വിവാഹങ്ങളുടെ ഫലമായിരുന്നു. ദേശീയ ശരാശരിയുടെ ഇരട്ടി ആത്മഹത്യകൾ റിപ്പോർട്ടുചെയ്യപ്പെട്ടു. മദ്യപാനാസക്തിയുടെ നിരക്ക് രാജ്യത്തെ ഏററവും ഉയർന്ന ഒന്നായിരുന്നു. ഐക്യനാടുകളിലെ മററുള്ളിടങ്ങളിൽ ആളൊന്നുക്ക് ഉണ്ടായിരിക്കുന്നതിലധികം മനോരോഗ ചികിത്സകരും മററു മാനസികരോഗചികിത്സകരും ഈ പ്രവിശ്യയിൽ ഉണ്ടെന്നു പറയപ്പെട്ടിരിക്കുന്നു.
“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്തു ഒരു അടിസ്ഥാന സത്യം ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്. (മത്തായി 4:4) ഭൗതിക സ്വത്തുക്കൾക്ക്, അവയെത്ര സമൃദ്ധമായിരുന്നാലും ഒരു വ്യക്തിയുടെ എല്ലാ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താനും സന്തോഷം ഉറപ്പുനൽകാനും കഴിയില്ല. പ്രത്യുത, ഒരു ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെയാണ് പലപ്പോഴും സംഭവം: “നന്നായി തിന്നു സുഖിച്ചിരിക്കുമ്പോൾ ഒരുവന്റെ വിചാരങ്ങൾ അമിതത്വങ്ങളിലേക്കും ജഡികാഗ്രഹങ്ങളിലേക്കും തിരിയുന്നു.” തയ്വാനിലെയും മററുള്ളിടങ്ങളിലെയും സംഭവങ്ങൾ അതാണ് പ്രകടമാക്കുന്നത്. ഭൗതിക സമൃദ്ധിയാണു പലപ്പോഴും ധാർമികവും സാമൂഹികവുമായ അധഃപതനത്തിനും അതോടൊപ്പം വരുന്ന പ്രശ്നങ്ങൾക്കും നാന്ദി കുറിക്കുന്നത്.
അങ്ങനെയെങ്കിൽ, ഭൗതിക സമൃദ്ധി യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടിയുടെ ഭാഗമായിത്തീരണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നത്? ഉത്തരത്തിനുവേണ്ടി, ദയവായി പിൻവരുന്ന ലേഖനം വായിക്കുക.
[6-ാം പേജിലെ ആകർഷകവാക്യം]
“നന്നായി തിന്നു സുഖിച്ചിരിക്കുമ്പോൾ ഒരുവന്റെ വിചാരങ്ങൾ അമിതത്വങ്ങളിലേക്കും ജഡികാഗ്രഹങ്ങളിലേക്കും തിരിയുന്നു.”—ചൈനീസ് പഴഞ്ചൊല്ല്
[5-ാം പേജിലെ ചിത്രം]
ഭൗതിക സമൃദ്ധി ചെറു പട്ടണങ്ങളെ കോലാഹലപൂർണവും നിയോൺ ദീപങ്ങൾ നിറഞ്ഞതുമായ നഗരങ്ങളാക്കി മാററിയിരിക്കുന്നു