ഭൗതിക സമൃദ്ധിയുടെ അനുധാവനം
തയ്വാനിലെ ഉണരുക! ലേഖകൻ
‘പണത്തിന് സന്തോഷം വിലയ്ക്കു വാങ്ങാൻ കഴിയില്ല!’ മിക്കയാളുകളും ആ പ്രസ്താവനയോട് ഏറെക്കുറെ യോജിക്കുന്നുവെങ്കിലും പലരും ഏറെ സന്തുഷ്ടമായ ജീവിതത്തിനുള്ള മാർഗമെന്ന നിലയിൽ പിന്നെയും ഭൗതിക സ്വത്തുക്കളെ വിടാതെ അനുധാവനം ചെയ്യുകയാണ്. എന്തുകൊണ്ടു പാടില്ല? എന്തായാലും, മനുഷ്യവർഗത്തിന്റെ ഒട്ടനേകം പ്രശ്നങ്ങൾക്കുള്ള പരിഹാരം ഭൗതിക വിജയത്തിലും സമൃദ്ധിയിലും കിടക്കുന്നതായാണല്ലോ കാണപ്പെടുന്നത്.
ഓരോ മനുഷ്യനും സ്ത്രീയും കുട്ടിയും ഭൗതിക സമൃദ്ധമായ ഒരു ജീവിതം ആസ്വദിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു എന്നു സങ്കൽപ്പിക്കുക! ലോകത്തിൽ ചാളകളിലും ചേരികളിലും വസിക്കുന്ന ലക്ഷങ്ങളുടെ അവമാനങ്ങളും കഷ്ടതകളും പോയിമറയുമായിരുന്നു. സമ്പന്നമോ ദരിദ്രമോ ആയിക്കൊള്ളട്ടെ, എല്ലാ രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഭവനരാഹിത്യത്തിന്റെ പ്രശ്നവും നീങ്ങിപ്പോകുമായിരുന്നു.
സന്തുഷ്ടിക്കു വളരെ മർമപ്രധാനമായിരിക്കുന്ന നല്ല ആരോഗ്യത്തെ സംബന്ധിച്ചെന്ത്? വൈദ്യശാസ്ത്രം പുരോഗതിയിൽ കുതിച്ചുയരുകയാണെങ്കിലും അതിന്റെ സേവനങ്ങളുടെ ചെലവ് തങ്ങൾക്കു താങ്ങാൻ പററാത്തതായി കൂടുതൽ കൂടുതൽ ആളുകൾ കണ്ടെത്തുന്നു. ഇനിയും, വിശപ്പും പോഷകാഹാരക്കുറവും ഇപ്പോഴും ലക്ഷങ്ങളുടെ ദൈനംദിന അനുഭവമാണ്. സമൃദ്ധി ലോകവ്യാപകമായി നിലനിന്നിരുന്നെങ്കിൽ കൂടുതൽ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമായിരുന്നു—ഇല്ലേ?
ഭൂമി പോലും പ്രയോജനമനുഭവിക്കുമായിരുന്നു. എങ്ങനെ? ഫോസിലുകളിൽനിന്നുള്ള ഇന്ധനങ്ങളുടെ കത്തിക്കൽ വഴി ഭാഗികമായി ഉണ്ടാകുന്ന മാരകമായ മലിനവസ്തുക്കളാൽ ഭൂമിയുടെ പരിസ്ഥിതി ഇപ്പോൾ നശിച്ചുകൊണ്ടിരിക്കയാണ്. എന്നാൽ കൂടുതൽ ശുദ്ധമായ ഊർജരൂപങ്ങൾ ഉപയോഗപ്പെടുത്താനാവശ്യമായ സാങ്കേതികവിദ്യ പിന്തുടരാത്തതിനു കാരണമായി പറയുന്നത് അത് വളരെ ചെലവേറിയതാണ് എന്നതാണ്. ഗുരുതരമായ മറെറാരു പരിസ്ഥിതി ഭീഷണിയായ മഴക്കാടുകളുടെ നശീകരണത്തിന്റെ കാരണവും സാമ്പത്തിക ഘടകങ്ങൾ തന്നെയാണെന്നു പറയപ്പെടുന്നു.
ഭൗതിക സമൃദ്ധിക്ക് നമ്മുടെ അനേകം പ്രശ്നങ്ങളെ പരിഹരിക്കാനും വളരെയധികം കഷ്ടപ്പാടിനെ ലഘൂകരിക്കാനും കഴിയുന്നതായി കാണപ്പെടുന്നതുകൊണ്ട് ആളുകൾ ദീർഘനാളായി പണത്തെ സന്തുഷ്ടിയോടു ബന്ധപ്പെടുത്തുന്നതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, പുതുവത്സര ദിനത്തിൽ അന്യോന്യം “നവവത്സരാശംസകൾ!” കൈമാറുന്നത് പാശ്ചാത്യരുടെയിടയിൽ നാട്ടുനടപ്പായിരിക്കുമ്പോൾ ചൈനാക്കാർ പരമ്പരാഗതമായി, ചാന്ദ്രപുതുവത്സരത്തിൽ ‘ധനം സമ്പാദിക്കട്ടെ!’ എന്ന് ആശംസിച്ചുകൊണ്ട് “കുങ്ഷീ ഫാ ററ്സെ” എന്നു പറയുന്നു. അതേ, ആളുകൾ ഭൗതിക സമൃദ്ധിയുടെ അനുധാവനത്തിനു വളരെ ഉയർന്നതോ ഏററവും ഉയർന്നതോ ആയ സ്ഥാനം നൽകുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത് എന്നതു സുനിശ്ചിതമാണ്. ജയ പരാജയങ്ങൾ മിക്കപ്പോഴും അളക്കുന്നത് ഭൗതികധനമാകുന്ന അളവുകോലുകൊണ്ടാണ്.
ഭൗതികവസ്തുക്കൾ ആർജിക്കുന്നതും ആസ്വദിക്കുന്നതും അതിൽത്തന്നെ തെററല്ലെങ്കിലും അതിന് സന്തുഷ്ടി ഉറപ്പുനൽകാൻ കഴിയുമോ? അതിന് എത്രമാത്രം പ്രാധാന്യം കൊടുക്കണം? യഥാർഥത്തിൽ ഭൗതിക സമൃദ്ധി ഒരു മെച്ചപ്പെട്ട ലോകത്തിന്റെ താക്കോലാണോ?