സന്തുഷ്ടി ഉറപ്പുനൽകപ്പെട്ടിരിക്കുന്നു!
“തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധവാൻമാരായവർ സന്തുഷ്ടർ” എന്ന് യേശുക്രിസ്തു പറയുകയുണ്ടായി. (മത്തായി 5:3, NW) യേശു സാധാരണ ജ്ഞാനത്തെക്കുറിച്ചു പറയുകയായിരുന്നില്ല. പിന്നെയോ സന്തുഷ്ടിയുടെ അനുധാവനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകം ഭൗതികാഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു പകരം ഒരുവന്റെ ആത്മീയ ആവശ്യം നിറവേററുന്നതാണെന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു. യേശുവിന്റെ ആ വാക്കുകൾ അനുസരിക്കുന്നതു സന്തുഷ്ടി ഉറപ്പുവരുത്തുന്നു.
എന്നാൽ, ഒരുവന്റെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവനായിരിക്കുക എന്നു പറയുമ്പോൾ അങ്ങനെയൊന്നുണ്ട് എന്ന് കേവലം അറിയുന്നതിലധികം അർഥമാക്കുന്നു. ഒട്ടുമിക്കപ്പോഴും, ഒരു ആവശ്യം നിറവേററപ്പെടാതെ പോകുമ്പോൾ അത് സന്തുഷ്ടിക്കു പകരം ഉത്കണ്ഠയുടെയും നീരസത്തിന്റെയും ഒരു ഉറവായിത്തീരുന്നു. ബൈബിൾ സദൃശവാക്യം അതിനെ ഈ രീതിയിൽ വിവരിക്കുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 13:12) അങ്ങനെ, ഒരുവൻ തന്റെ ആത്മീയ ആവശ്യം തിരിച്ചറിയാനും അത് തൃപ്തിപ്പെടുത്താനും പടികൾ സ്വീകരിക്കുമ്പോൾ സന്തുഷ്ടി പൂവണിയുന്നു. ഇത് എങ്ങനെ ചെയ്യാം?
ഇവിടെയാണ് ബൈബിൾ രംഗത്തുവരുന്നത്. എന്തുകൊണ്ട്? അനേകർ ദീർഘനാളായി തലപുകഞ്ഞാലോചിച്ചിട്ടും തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അതിനുമാത്രമേ കഴിയൂ. ഉദാഹരണത്തിന്, ‘ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്? മനുഷ്യൻ ഭൂമിയിലായിരിക്കുന്നതെന്തുകൊണ്ട്? ഭാവി എന്തു കൈവരുത്തും?’ എന്നൊക്കെ നിങ്ങൾ എന്നെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇവയ്ക്കും മററനേക ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നതിനു പുറമേ, ഇന്നു നമ്മെയെല്ലാം അഭിമുഖീകരിക്കുന്നതും പലപ്പോഴും സന്തുഷ്ടിക്കു വേണ്ടിയുള്ള നമ്മുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതുമായ സങ്കീർണ പ്രശ്നങ്ങളെ തരണം ചെയ്യാൻ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്ന ജീവിത മാർഗനിർദേശങ്ങളും ബൈബിൾ പ്രദാനം ചെയ്യുന്നു. ‘[ദൈവത്തിന്റെ] വചനം തന്റെ കാലിനു ദീപവും പാതെക്കു പ്രകാശവും ആകുന്നു’ എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 119:105) അതേ, സന്തുഷ്ടിയുടെ അനുധാവനത്തിൽ വിജയം വരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സുനിശ്ചിത സഹായിയാണു ബൈബിൾ. പിൻവരുന്ന രണ്ട് യഥാർഥ ജീവിത മാതൃകകൾ പരിചിന്തിക്കുക.
വെറുപ്പിൽനിന്നു ദാമ്പത്യ സന്തുഷ്ടിയിലേക്ക്
വിവാഹം സന്തുഷ്ടിയുടെയോ ദുരിതത്തിന്റെയോ ഉറവാകാം. ദുഃഖകരമെന്നു പറയട്ടെ, പലരെ സംബന്ധിച്ചും രണ്ടാമതു പറഞ്ഞതാണു വസ്തുത. എന്നിരുന്നാലും ബൈബിൾ ബുദ്ധ്യുപദേശത്തിന്റെ ബാധകമാക്കൽ ഒരിക്കൽ അസന്തുഷ്ടമായിരുന്ന വിവാഹ ജീവിതത്തിൽ സന്തുഷ്ടി കണ്ടെത്തുന്നതിനു പലരെയും സഹായിച്ചിട്ടുണ്ട്.
യുങ്കൂന്റെയും മേഷോയുടെയും അനുഭവം അതായിരുന്നു. “ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യത്തെ ഏഴു വർഷങ്ങൾ സന്തോഷമുള്ളവയായിരുന്നില്ല. ഞാൻ ഭാര്യയോടും രണ്ടു പുത്രിമാരോടുമൊപ്പം വളരെക്കുറച്ചു സമയമേ ചെലവഴിച്ചിരുന്നുള്ളൂ. വാസ്തവത്തിൽ, ഞാൻ മിക്കപ്പോഴും എന്റെ ജോലിസ്ഥലത്തുതന്നെയാണ് ഉറങ്ങിയിരുന്നത്,” യുങ്കൂൻ നിസ്സങ്കോചം പറയുന്നു. ഭൗതികമായി ആവശ്യമായിരുന്നതെല്ലാം ഉണ്ടായിരുന്നെങ്കിലും അവർ സന്തുഷ്ടരല്ലായിരുന്നു. അയാളുടെ ഭാര്യ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഭൗതികമായി ഞങ്ങൾക്കുവേണ്ടി കരുതുന്നതൊഴിച്ചാൽ എന്റെ ഭർത്താവ് കുടുംബ കാര്യങ്ങളെല്ലാം എന്നെയാണ് ഭരമേൽപ്പിച്ചിരുന്നത്. ഞാനത് യഥാർഥത്തിൽ വെറുത്തു.” അവർ വേർപിരിയുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചു.
യുങ്കൂന് മററു കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ള കുടുംബ പ്രശ്നങ്ങൾ കാരണം അദ്ദേഹം തന്റെ സഹോദരിയോട് ഏഴു വർഷം സംസാരിക്കാതിരുന്നു. അവരുടെ വീടുകൾ തമ്മിലുള്ള അകലമാണെങ്കിലോ നൂറു മീററർ പോലുമില്ലായിരുന്നു, എന്നിട്ടായിരുന്നു ഇത്. എന്നിരുന്നാലും, അദ്ദേഹമിപ്പോൾ സന്തുഷ്ടമായ ഒരു വിവാഹവും സഹോദരിയോട് ഒരു നല്ല ബന്ധവും ആസ്വദിക്കുന്നു. ഈ വലിയ മാററം എന്തുകൊണ്ട്?
“ഞാനും ഭാര്യയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാനും വാരംതോറുമുള്ള അവരുടെ ബൈബിൾ യോഗങ്ങളിൽ പങ്കെടുക്കാനും തുടങ്ങി,” യുങ്കൂൻ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരിയും അതുതന്നെ ചെയ്തു. പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ ബാധകമാക്കി തുടങ്ങിയ അവർ ഫലങ്ങളിൽ അമ്പരന്നു പോയി. തന്റെ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കു വേണ്ടി മാത്രമല്ല, പിന്നെയോ ആത്മീയവും വൈകാരികവുമായ ആവശ്യങ്ങൾക്കു വേണ്ടിയും കരുതാൻ യുങ്കൂനെ അനുവദിച്ച ഒരു തൊഴിൽ അദ്ദേഹത്തിനു ലഭിച്ചു. അവർ ഇപ്പോൾ സന്തോഷവും ഐക്യവുമുള്ള ഒരു കുടുംബജീവിതം ആസ്വദിക്കുന്നു.
അവൾ ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തി
സന്തുഷ്ടരായിരിക്കണമെങ്കിൽ ജീവിക്കുന്നതിന്റെ കാരണം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് നാം അറിയേണ്ടതാവശ്യമാണെന്നു മനുഷ്യ പ്രകൃതം പഠിക്കുന്നവർ പറഞ്ഞിട്ടുണ്ട്. ഭൗതിക വസ്തുക്കളുടെ സ്വാർഥ അനുധാവനത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതം ഈ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നില്ല. ഇരുപത്തിയാറുകാരിയായ ലിനി ഇതു സത്യമാണെന്നു കണ്ടെത്തി.
“ഞാൻ ഒരു ദിവസം 12 മണിക്കൂറു വെച്ച് ആഴ്ചയിൽ ഏഴു ദിവസം ജോലിചെയ്യുമായിരുന്നു. ഒരു വലിയ ബ്യൂട്ടിപാർലർ തുടങ്ങുക എന്നതായിരുന്നു എന്റെ ലക്ഷ്യം,” അവൾ പറയുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാറായിരുന്നെങ്കിലും തന്റെ ജീവിതത്തിൽ എന്തിന്റെയോ കുറവുള്ളതായി അവൾക്കു തോന്നി. “ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഞാൻ ചിന്തിക്കുമായിരുന്നു. അത് ജോലിചെയ്യുകയും പണമുണ്ടാക്കുകയും മാത്രമായിരുന്നോ?”
അങ്ങനെയിരിക്കെ ഒരു ദിവസം ആരോ ഒരാൾ കടയിൽ വന്ന് അവൾ ചിന്തിച്ചുകൊണ്ടിരുന്ന അതേ ചോദ്യംതന്നെ ചോദിച്ചു. ആ ചോദ്യത്തിന് ഉത്തരം നൽകാൻ ബൈബിളിനു കഴിയുമെന്ന് ആ വ്യക്തി അവളോട് പറഞ്ഞു. മുമ്പൊരിക്കലും ബൈബിൾ വായിച്ചിരുന്നില്ലെങ്കിലും അതിന്റെ പരിശോധനയ്ക്കായി വാരംതോറും ഒരു മണിക്കൂർ മാററിവെക്കാൻ അവൾ സമ്മതിച്ചു.
താൻ ദിവസവും കണ്ടുകൊണ്ടിരുന്ന പല കാര്യങ്ങളെക്കുറിച്ചും ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നെന്ന് വാരംതോറുമുള്ള പഠനത്തിൽനിന്നു ലിനി മനസ്സിലാക്കി. മനുഷ്യർ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രും ആയിരിക്കും എന്നു മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് തനിക്കു ചുററുമുള്ള മനോഭാവങ്ങൾ അവ സംഭവിക്കുന്നതിനു മുമ്പേ ബൈബിൾ കൃത്യമായി വിവരിച്ച വിധത്തിൽ അവൾ അമ്പരന്നു പോയി. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, പ്രകൃതി വിപത്തുകൾ എന്നിവ നിമിത്തമുള്ളതും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുമായ, ലോകമെമ്പാടും കണ്ടുവരുന്ന കഷ്ടതയിലേക്കു വിരൽ ചൂണ്ടുന്ന മററു പ്രവചനങ്ങളും അവൾ പഠിച്ചു.—2 തിമൊഥെയൊസ് 3:1-5; മത്തായി 24:7, 12.
ഇനിയും തന്നെ വളരെയധികം സന്തുഷ്ടയാക്കിത്തീർത്ത ഒരു സംഗതി ലിനി മനസ്സിലാക്കി—ആളുകളുടെ സന്തോഷം കവർന്നെടുക്കുന്ന ഈ ലോകാവസ്ഥകൾ മനുഷ്യചരിത്രത്തിലെ ഒരു പുതിയ യുഗം സമീപമാണെന്നതിന്റെ സൂചനയാണ് എന്ന്. (മത്തായി 24:3-14) അപൂർണ മനുഷ്യൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭൗതിക സമൃദ്ധി ലോകവ്യാപകമായി നിലകൊള്ളാൻ പോകുന്ന ഒരു പുതിയ ലോകം മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് ഭൂമിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അവൾ ബൈബിളിൽനിന്നു വായിച്ചു. (സങ്കീർത്തനം 72:16; യെശയ്യാവു 65:17, 18, 21, 22) ഈ ഭാവി സമ്പന്ന സമൂഹം അത്യാഗ്രഹം, സ്വാർഥത, ഭൗതികത്വം എന്നിവയാലും അവയുടെ ദോഷഫലങ്ങളാലും ദുഷിപ്പിക്കപ്പെടുകയില്ല. (സങ്കീർത്തനം 37:9-11, 29; 1 കൊരിന്ത്യർ 6:9, 10) ബൈബിളിൽനിന്ന് ഈ വാക്കുകൾ വായിച്ചപ്പോൾ അവൾ പുളകംകൊണ്ടു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13.
സന്തുഷ്ടി നിങ്ങളെ കാത്തിരിക്കുന്നു
തന്റെ സമയം മുഴുവനും ഭൗതികലക്ഷ്യങ്ങളുടെ അനുധാവനത്തിനുവേണ്ടി ചെലവഴിക്കുന്നതിനു പകരം ഇപ്പോൾ ലിനി പഠിച്ച കാര്യങ്ങൾ മററുള്ളവരോടു പറയുന്നതിനുവേണ്ടി സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നു. അത്ഭുതകരമായ ഈ വാഗ്ദാനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ലിനിയും യുങ്കൂനും മേഷോയും മററു ലക്ഷങ്ങളും കണ്ടെത്തിയിരിക്കുന്ന സന്തുഷ്ടി കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയുന്ന വിധം കണ്ടുപിടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? യഹോവയുടെ സാക്ഷികൾ നിങ്ങളെ സഹായിക്കാൻ ഏററവും മനസ്സൊരുക്കമുള്ളവരാണ്.
[8, 9 പേജുകളിലെ ചിത്രം]
ഒരു ഭൗമിക പറുദീസ സ്ഥാപിക്കാൻ നമ്മുടെ സ്രഷ്ടാവ് ഉദ്ദേശിക്കുന്നു