കൊല്ലാൻ പരിശീലിപ്പിക്കപ്പെട്ട ഞാൻ ഇപ്പോൾ ജീവൻ വാഗ്ദാനം ചെയ്യുന്നു
“വടക്കൻ ഇസ്രായേലിലുള്ള ഒരു വീട്ടിൽ ഭീകരപ്രവർത്തകർ ബന്ധികളെ തടഞ്ഞുവെച്ചിരിക്കുന്നു.”
ഇസ്രായേലി സൈന്യത്തിൽനിന്നു വാരാന്ത അവധിയിലായിരുന്ന ഞാൻ ഗലീലക്കടലിനടുത്തു ക്യാമ്പു ചെയ്യുകയായിരുന്നു. അപ്പോഴാണു റേഡിയോയിലൂടെ ആ വാർത്ത ശ്രവിച്ചത്. ആ വാക്കുകളുടെ അർഥമെന്തെന്ന് എനിക്കു നല്ലവണ്ണമറിയാമായിരുന്നു. ഭീകരപ്രവർത്തനത്തിനെതിരെ നടപടിയെടുക്കാൻ വിദഗ്ധമായി പരിശീലിപ്പിക്കപ്പെട്ട ഒരു പ്രത്യേക സൈനിക യൂണിററിലെ ഓഫീസറായിരുന്നു ഞാൻ. ആ ഭവനത്തിൽ കടന്ന് ഭീകരപ്രവർത്തകരെ കൊലപ്പെടുത്തി ബന്ധികളെ വിമോചിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. യാതൊരു വൈമുഖ്യവും കാട്ടാതെ കാറിൽ കയറി ആവുന്നത്ര വേഗത്തിൽ ഞാൻ സംഭവസ്ഥലത്തേക്കു കുതിച്ചു.
ഇസ്രായേലി സൈന്യത്തിലെ ഉദ്യോഗസ്ഥൻമാർ സാധാരണമായി മുമ്പേ പോകുന്നതുകൊണ്ട് ഭീകരപ്രവർത്തകരെ ആദ്യം നേരിടുന്നവരിൽ ഞാനും ഉണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്യുമെന്ന ചിന്ത എന്നെ പിന്തിരിപ്പിച്ചില്ല. ഞങ്ങളുടെ യൂണിററിലെ എന്റെ സ്നേഹിതർ ദൗത്യം നിറവേററി ഏതാനും മിനിററുകൾ കഴിഞ്ഞാണു ഞാൻ സംഭവസ്ഥലത്തെത്തിയത്. അവർ അഞ്ചു ഭീകരപ്രവർത്തകരെയും വകവരുത്തി ബന്ധികളെ മോചിപ്പിച്ചിരുന്നു. ആ കൃത്യം എനിക്കു നിർവഹിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നിരാശ തോന്നി.
എനിക്ക് അങ്ങനെ തോന്നാൻ കാരണമെന്താണ്? കാരണം ദേശസ്നേഹം വളരെയധികമുള്ള വ്യക്തിയായിരുന്നു ഞാൻ. സ്വന്തം രാജ്യത്തോടുള്ള എന്റെ സ്നേഹം തെളിയിക്കാൻ ഞാനാഗ്രഹിച്ചു. എന്നാൽ ഈ പ്രത്യേക ഭീകരപ്രവർത്തകവിരുദ്ധ യൂണിററിൽ ഞാൻ എങ്ങനെയാണ് എത്തിയത്?
1958-ൽ ഇസ്രായേലിലെ ടൈബിരിയസിൽ ജനിച്ച ഞാൻ വളരെ ദേശസ്നേഹമുള്ള ഒരു കുടുംബത്തിലാണു വളർന്നുവന്നത്. സ്വന്തം രാജ്യം ചെയ്യുന്നത് എല്ലായ്പോഴും ശരിയാണെന്നു ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ട് 1977-ൽ സൈന്യത്തിൽ ചേർന്നപ്പോൾ, ഇസ്രായേലി സൈന്യത്തിലെ ഏററവും വിദഗ്ധമായി പോരാട്ടം നടത്തുന്ന ഒരു യൂണിററിൽ ഞാൻ സ്വമേധയാ സേവനമനുഷ്ഠിച്ചു. അപേക്ഷ കൊടുക്കുന്നവരിൽ വളരെ ചെറിയ ഒരു ശതമാനത്തെ മാത്രമേ ഈ കഠിനമായ പരിശീലനത്തിനായി വിളിക്കാറുള്ളൂ. വിളിക്കപ്പെടുന്നവരിൽത്തന്നെ എല്ലാവരും പരിശീലനം പൂർത്തിയാക്കാറില്ല, പൂർത്തിയാക്കുന്നവരിൽ ഏതാനും പേരെ മാത്രമേ ഓഫീസർമാരായി തിരഞ്ഞെടുക്കാറുള്ളൂ. ഞാൻ അവരിൽ ഒരാളായിരുന്നു.
വാസ്തവത്തിൽ എന്റെ വിജയം സ്വന്തം രാജ്യത്തോടുള്ള എന്റെ സ്നേഹത്തിന്റെ ഒരു പ്രതിഫലനമായിരുന്നു. എന്നെക്കുറിച്ചുതന്നെ അഭിമാനം തോന്നാൻ എനിക്കു നല്ല കാരണമുണ്ടായിരുന്നു. സാധാരണക്കാർ സിനിമയിൽപോലും കാണാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു പ്രത്യേക പോരാട്ട ഗ്രൂപ്പിലെ ഓഫീസറായിരുന്നു ഞാൻ. എന്നിരുന്നാലും, ജീവിതത്തിനു കൂടുതൽ അർഥമുണ്ടെന്നു ഞാൻ മനസ്സിലാക്കിത്തുടങ്ങിയതുവരെ വിജയം, പ്രശസ്തി, രഹസ്യം സൂക്ഷിപ്പ് എന്നിവയോടൊപ്പം ഒരുതരം ആത്മീയ ശൂന്യതാബോധവും എന്നിൽ വളർന്നുവന്നു. അതുകൊണ്ട്, വളരെ ദുഷ്കരമായ നാലു വർഷത്തിനുശേഷം ലോകം ചുററിക്കാണാനായി ഞാൻ സൈന്യത്തിൽനിന്നു വിട്ടുപോന്നു.
ഞാൻ ഇസ്രായേൽ വിട്ടുപോന്നതിന്റെ കാരണം
ബാങ്കോക്ക് യൂണിവേഴ്സിററിയിൽ ശാസ്ത്രേതര വിഷയങ്ങൾ പഠിച്ചുകൊണ്ടിരുന്ന, പിന്നീട് എന്റെ വധുവായിത്തീർന്ന, കുൺലയയെ തായ്ലണ്ടിൽവെച്ചു കണ്ടുമുട്ടിയപ്പോൾ എന്റെ ലോകപര്യടനം അവസാനിച്ചു. ഞങ്ങളിരുവർക്കും വിവാഹിതരാകണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല, എന്നാൽ ഞങ്ങളുടെ സ്നേഹം ഞങ്ങൾ മനസ്സിലാക്കിയതിലും തീവ്രമായിരുന്നു. അതുകൊണ്ട് കുൺലയ അവളുടെ പഠനവും ഞാൻ എന്റെ പര്യടനവും അവസാനിപ്പിച്ചു, ഞങ്ങളുടെ ജീവിതം പരസ്പരം പങ്കുവയ്ക്കാൻ ഞങ്ങൾ തീരുമാനമെടുത്തു. എവിടെ? ഇസ്രായേലിൽത്തന്നെ. “എന്റെ രാജ്യത്തെ സംരക്ഷിക്കാൻ ഞാൻ സഹായിക്കേണ്ടതുണ്ട്,” ഞാൻ അവളോടു പറഞ്ഞു.
ഇസ്രായേലിൽ ഒരു യഹൂദന് യഹൂദസ്ത്രീയെ മാത്രമേ വിവാഹം കഴിക്കാൻ പററുകയുള്ളൂ; അതുകൊണ്ട് അന്നു ബുദ്ധമതക്കാരിയായിരുന്ന കുൺലയ യഹൂദമതത്തിലേക്കു പരിവർത്തനം ചെയ്യേണ്ടിവരുമെന്ന് എനിക്കു നല്ലവണ്ണം അറിയാമായിരുന്നു. അങ്ങനെ ചെയ്യാൻ അവൾക്കു സന്തോഷവുമായിരുന്നു. എന്നാൽ അത്തരമൊരു മതപരിവർത്തനത്തിന് അധികാരമുള്ള മതഭക്തിയുള്ള യഹൂദർക്ക് അവളെ വേണ്ടായിരുന്നു. ഞങ്ങൾ സഹായത്തിനായി തിരിഞ്ഞിടത്തെല്ലാം, “നിന്നെപ്പോലൊരുവനു നല്ലൊരു യഹൂദപ്പെണ്ണിനെ ഭാര്യയായി കിട്ടും, അതുകൊണ്ട് ഈ പുറജാതിക്കാരിയെ കെട്ടരുത്” എന്ന നിഷേധാത്മക പ്രതികരണം മാത്രമാണ് ലഭിച്ചത്. കുൺലയ ഒരു പുറജാതിക്കാരി മാത്രമായിരുന്നില്ല, മറെറാരു വർഗത്തിൽ പെട്ടവളുമായിരുന്നു.
ആറു മാസത്തെ ശ്രമത്തിനുശേഷം മൂന്നു റബിമാർ ഇൻറർവ്യൂ ചെയ്യാനായി ഞങ്ങളെ ഒരു മതകോടതിയിലേക്കു ക്ഷണിച്ചു. കുൺലയയ്ക്കു മതപരിവർത്തനം ചെയ്യാനാകുമോ ഇല്ലയോ എന്ന് അവർ തീരുമാനിക്കുമായിരുന്നു. എന്നാൽ ഒരു പുറജാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിന് അവിടെവെച്ച് അവർ എന്നെ ശാസിക്കുകയാണു ചെയ്തത്. അവളെ തായ്ലണ്ടിലേക്ക് അയയ്ക്കാൻ അവർ എന്നോടു പറഞ്ഞു. ഒരു റബി ഇപ്രകാരം നിർദേശിച്ചു: “എന്തുകൊണ്ട് അവളെ നിന്റെ അടിമയായി സ്വീകരിച്ചുകൂടാ!” അവർ എന്റെ അപേക്ഷ തള്ളിക്കളഞ്ഞു.
എനിക്കു മതിയായി. അവർ സംസാരിച്ചുകൊണ്ടിരിക്കെ, അനുമതി ലഭിച്ചാൽപ്പോലും കുൺലയ ഒരിക്കലും ഒരു യഹൂദസ്ത്രീ ആയിത്തീരുകയില്ലെന്നും ഒരു യഹൂദനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് ഞാൻ കുൺലയയുടെ കൈ പിടിച്ചുകൊണ്ട് കോടതിമുറിയിൽനിന്ന് ഇറങ്ങിപ്പോന്നു. ‘ആളുകളോട് ഈ വിധത്തിൽ പെരുമാറുന്ന ഒരു മതം യാതൊരു മൂല്യവുമില്ലാത്തതാണ്!’ ഞാൻ ചിന്തിച്ചു. ഞാൻ എന്റെ തീരുമാനം എടുത്തുകഴിഞ്ഞതുകൊണ്ട് ഞങ്ങളെ വേർപിരിക്കാനായിരുന്നു അവരുടെ പിന്നത്തെ ശ്രമം. ശക്തമായ മതവികാരങ്ങളും പരസ്പരം വേർപിരിയാൻ ഞങ്ങളുടെമേൽ ചെലുത്തപ്പെട്ട സമ്മർദവും നിമിത്തം എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾ പോലും ഈ പ്രശ്നത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു.
ഇതിനിടയിൽ ഇസ്രായേലി സൈന്യങ്ങളും പാലസ്തീനിയൻ ഒളിപ്പോരാളികളും തമ്മിൽ ലെബനോനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. യുദ്ധത്തിൽ പങ്കുചേരാൻ ഞാൻ ക്ഷണിക്കപ്പെട്ടു, രാജ്യത്തിനു വേണ്ടി എന്റെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് ഞാൻ ശത്രുദേശത്ത് വളരെ ഉള്ളിലായിരുന്നപ്പോൾ കുൺലയയുടെ പാസ്പോർട്ട് തിരികെ വാങ്ങിയിട്ട് രാജ്യം വിട്ടുപോകാൻ അവളോട് ആവശ്യപ്പെട്ടു. ഞങ്ങളെ വേർപിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കിയ ആ നിമിഷംതന്നെ രാജ്യത്തോടുള്ള എന്റെ സ്നേഹം അററുപോയി. ദേശസ്നേഹം എന്തെന്നു ഞാനാദ്യമായി മനസ്സിലാക്കാൻ തുടങ്ങി. എന്റെ രാജ്യത്തിനു വേണ്ടി വളരെയധികം കൊടുക്കാൻ ഞാൻ സന്നദ്ധനായിരുന്നു, എന്നാൽ ഇപ്പോഴിതാ ഞാൻ സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാൻ പോലും എനിക്ക് അനുവാദമില്ല! അതു മാനസികമായി എന്നെ വ്രണപ്പെടുത്തുകയും എന്നെ വഞ്ചിച്ചതായി എനിക്കു തോന്നുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം കുൺലയയോട് രാജ്യം വിട്ടുപോകാൻ പറയുന്നത് എന്നോടു തന്നെ പറയുന്നതിനു തുല്യമായിരുന്നു. ആ കേസിൽ വിജയിക്കാനുള്ള പോരാട്ടം വാസ്തവത്തിൽ ഇസ്രായേലിൽ ജീവിക്കാനുള്ള എന്റെ അവകാശത്തിനു വേണ്ടി പോരാടുന്നതു പോലെയായിരുന്നു. എന്നാൽ അതിനു ഞാൻ ഒരുക്കമല്ലായിരുന്നു.
രാജ്യത്തിനു വെളിയിൽപ്പോയി വിവാഹിതരായിട്ട് ഇസ്രായേലിൽ തിരികെയെത്തി രാജ്യം വിട്ടുപോകുന്നതിനു മുമ്പ് അവസാന ഒരുക്കങ്ങൾ ചെയ്യുകയല്ലാതെ ഞങ്ങൾക്കു മററു മാർഗമൊന്നുമില്ലായിരുന്നു. 1983-ൽ ഞങ്ങൾ ഇസ്രായേലിനോടു വിടപറഞ്ഞു, എന്നാൽ അതിനു മുമ്പ് ഞങ്ങൾ എന്റെ മാതാപിതാക്കളുമായി രമ്യതയിലെത്തി. ഞങ്ങളുടെ കുഴപ്പങ്ങളുടെ പ്രധാന കാരണം മതത്തിനുള്ളിലെ കപടഭക്തിയായിരുന്നെന്നു ഞാൻ എല്ലായ്പോഴും മനസ്സിലാക്കിയിരുന്നു, എന്നാൽ അന്ന് ഞാൻ മതത്തിൽനിന്ന് അകന്നുനിന്നതുപോലെ മുമ്പൊരിക്കലും അകന്നുനിന്നിരുന്നില്ല.
മിശിഹായെ സംബന്ധിച്ച സത്യം കണ്ടെത്തുന്നു
ഒരു പ്രത്യേക കുടിയേററനിയമം എന്റെ ഭാര്യയുടെ രാജ്യത്തു ഞങ്ങൾക്കു താമസിക്കുക അസാധ്യമാക്കിത്തീർക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. ജീവിക്കാനായി ഞങ്ങൾ മൂന്നാമതൊരു രാജ്യം അന്വേഷിക്കേണ്ടിവന്നു! ഓസ്ട്രേലിയയിൽവെച്ച് ഞങ്ങളുടെ ആദ്യത്തെ മകൻ ജനിച്ചു, എന്നാൽ അവിടെയും താമസിക്കാൻ ഞങ്ങൾക്കായില്ല. ഞങ്ങൾ രാജ്യങ്ങൾതോറും സഞ്ചരിക്കാൻ തുടങ്ങി. രണ്ടു വർഷം കടന്നുപോയിരുന്നു, ഞങ്ങൾക്കു സ്ഥിരമായി താമസിക്കാൻ കഴിയുന്ന ഒരു സ്ഥലം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ക്രമേണ അസ്തമിച്ചുതുടങ്ങി. 1985 ഒക്ടോബറിൽ ഞങ്ങൾ ന്യൂസിലൻഡിൽ വിമാനമിറങ്ങി. 11 മാസം പ്രായമുള്ള കുട്ടിയെയുംകൊണ്ട് രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു സൗജന്യയാത്ര നടത്തിക്കൊണ്ടിരുന്നപ്പോൾ ഞങ്ങൾ ഇങ്ങനെ ചിന്തിച്ചു: ‘തത്ക്കാലം താമസിക്കാനുള്ള മറെറാരു രാജ്യം മാത്രം.’ എന്നാൽ ഞങ്ങളുടെ ചിന്ത അസ്ഥാനത്തായിരുന്നു!
നല്ലവരായ ഒരു ദമ്പതികൾ ഒരു വൈകുന്നേരം ഭക്ഷണത്തിനായി ഞങ്ങളെ ക്ഷണിച്ചു. ഞങ്ങളുടെ കഥ കേട്ടശേഷം, ന്യൂസിലൻഡിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷ കൊടുക്കുന്ന കാര്യത്തിൽ ഞങ്ങളെ സഹായിക്കാമെന്ന് ആ വീട്ടിലെ ഭാര്യ വാഗ്ദാനം ചെയ്തു. അടുത്ത ദിവസം യാത്ര പറയുന്നതിനു മുമ്പ്, പുതിയനിയമം (ഗ്രീക്കു തിരുവെഴുത്തുകൾ) എന്ന ശീർഷകമുള്ള ഒരു ചെറിയ പുസ്തകം അവർ എനിക്കു തന്നു, എന്നിട്ട് ഇങ്ങനെ പറഞ്ഞു: “ഇതു വായിച്ചോളൂ, ഇതിന്റെ എഴുത്തുകാരെല്ലാം യഹൂദരായിരുന്നു.” ഞാനത് എന്റെ ബാഗിൽ വെച്ചു, അതു വായിച്ചുനോക്കാമെന്നു ഞാൻ വാക്കു കൊടുക്കുകയും ചെയ്തു. ആ പുസ്തകത്തിൽ എന്തായിരുന്നുവെന്ന് എനിക്കു യാതൊരു ഊഹവും ഉണ്ടായിരുന്നില്ല—യഹൂദർ ക്രിസ്തീയ പുസ്തകങ്ങൾ സാധാരണ വായിക്കാറില്ല. ഞങ്ങൾ പിന്നീട് ഒരു പഴയ കാർ വാങ്ങി രാജ്യത്തിന്റെ തെക്കുഭാഗത്തേക്കു യാത്ര തുടങ്ങി, താമസവും കാറിനുള്ളിൽത്തന്നെ ആയിരുന്നു.
കാർ ഒരിടത്തു നിർത്തിയപ്പോൾ, വാക്കു കൊടുത്തത് ഞാനോർത്തു. ഞാൻ ആ പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി. തീവ്രമായി വെറുക്കാൻ യഹൂദവിശ്വാസം എന്നെ പഠിപ്പിച്ച മനുഷ്യനെക്കുറിച്ചാണ് ഞാൻ വായിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. ഞാൻ എന്റെ ജീവിതത്തിന്റെ അധികഭാഗവും ചെലവഴിച്ച ഗലീലാക്കടലിനടുത്താണ് യേശു തന്റെ ജീവിതത്തിന്റെ അധികഭാഗവും ചെലവഴിച്ചതെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി. അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അതിലും അമ്പരന്നുപോയി. അവനെപ്പോലെ ആരെങ്കിലും സംസാരിക്കുന്നത് ഞാൻ ഒരിക്കലും കേട്ടിരുന്നില്ല.
ആ മനുഷ്യനിൽ കുററം കണ്ടുപിടിക്കാൻ ഞാൻ ശ്രമിച്ചുനോക്കി, എന്നാൽ എനിക്കു കഴിഞ്ഞില്ല. പകരം, അവൻ പഠിപ്പിച്ച കാര്യങ്ങളെ ഞാൻ സ്നേഹിക്കുകയാണു ചെയ്തത്. യേശുവിനെക്കുറിച്ചു കൂടുതൽ വായിക്കുന്തോറും അവനെക്കുറിച്ചു യഹൂദർ എന്നോട് എന്തുകൊണ്ടു കള്ളം പറഞ്ഞുവെന്നു ഞാൻ കൂടുതൽ ആശ്ചര്യപ്പെട്ടു. ഞാനൊരിക്കലും മതഭക്തിയുള്ള വ്യക്തിയല്ലായിരുന്നെങ്കിലും ദേശസ്നേഹത്തെപ്പോലെതന്നെ മതവും എന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്തിരുന്നു. ഞാൻ ഇങ്ങനെ ആശ്ചര്യപ്പെട്ടു, ‘യഹൂദർ എന്തുകൊണ്ടാണ് അവനെ ഇത്രയധികം വെറുക്കുന്നത്?’
മത്തായി 23-ാം അധ്യായം വായിച്ചപ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഭാഗികമായി ലഭിച്ചു. തന്റെ നാളിലെ യഹൂദമതനേതാക്കൻമാരുടെ കപടഭക്തിയെയും ദുഷ്ടനടത്തയെയും യേശു ധൈര്യപൂർവം തുറന്നുകാട്ടിയതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാൻ സീററിൽനിന്ന് അക്ഷരാർഥത്തിൽ ചാടിയെണീററുപോയി. ഞാൻ ഇങ്ങനെ വിചാരിച്ചു: ‘ഇന്നും യാതൊരു മാററവും വന്നിട്ടില്ലല്ലോ. യേശുവിന്റെ ഈ വാക്കുകൾ ഇന്നത്തെ യഹൂദമതനേതാക്കൻമാർക്കും ബാധകമാണല്ലോ. ഞാൻതന്നെ അതു കാണുകയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ടല്ലോ!’ നിർഭയം സത്യം സംസാരിച്ച ഈ മനുഷ്യനെ ആഴമായി ആദരിക്കാതിരിക്കാൻ എനിക്കായില്ല. ഞാൻ മറെറാരു മതത്തിനു വേണ്ടി പരതുകയായിരുന്നില്ല, എന്നാൽ യേശുവിന്റെ പഠിപ്പിക്കലിന്റെ ശക്തി തള്ളിക്കളയാൻ എനിക്കു കഴിഞ്ഞുമില്ല.
യഹോവ എന്ന നാമം കേൾക്കുന്നു
ന്യൂസിലൻഡിന്റെ തെക്കുഭാഗത്തുള്ള ദ്വീപിന്റെ സമുദ്രവങ്കത്തുള്ള മിൽഫോർഡ് സൗണ്ടിൽ ഞങ്ങൾ എത്തിച്ചേർന്നപ്പോഴേക്കും ഞാൻ ഗ്രീക്കു തിരുവെഴുത്തുകളുടെ ഏതാണ്ടു പകുതിയും വായിച്ചുതീർത്തിരുന്നു. ഞങ്ങൾ കാർ മറെറാരു കാറിനടുത്തു നിർത്തി, ആ കാറിനുള്ളിൽ ഒരു ഏഷ്യാക്കാരി ഇരിപ്പുണ്ടായിരുന്നു. എന്റെ ഭാര്യ അവരോടു സംസാരിക്കാൻ തുടങ്ങി. അവരുടെ ബ്രിട്ടീഷുകാരനായ ഭർത്താവ് എത്തിച്ചേർന്നപ്പോൾ ഞങ്ങൾ ഞങ്ങളുടെ കഥ അവരോടു പറഞ്ഞുകേൾപ്പിച്ചു. അപ്പോൾ, ദൈവം ഇപ്പോഴത്തെ ഗവൺമെൻറുകളെ നശിപ്പിക്കുമെന്നും അവന്റെ ഗവൺമെൻറ് നീതിയുള്ള ഒരു ലോകത്തെ ഭരിക്കുമെന്നും അദ്ദേഹം ഞങ്ങളോടു പറയാൻ തുടങ്ങി. അതു കൊള്ളാമെന്നു തോന്നിയെങ്കിലും ഞാൻ ഇങ്ങനെ വിചാരിച്ചു: ‘ഈ മനുഷ്യൻ സ്വപ്നം കാണുകയാണ്.’
ക്രൈസ്തവലോകത്തിലെ സഭകളുടെ കപടഭക്തിയെയും വ്യാജ പഠിപ്പിക്കലുകളെയും സംബന്ധിച്ച് ആ മനുഷ്യൻ തുടർന്നു പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു: “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്.” അപ്പോൾ ഞാൻ പെട്ടെന്ന് ഇങ്ങനെ ചിന്തിച്ചു: ‘യഹൂദരുടെ ദൈവവുമായി ഈ പുറജാതീയർക്ക് എന്തു കാര്യമാണുള്ളത്? അതും യഹോവ എന്ന നാമവുമായി!’ ആ നാമം എനിക്കറിയാമായിരുന്നു, എന്നാൽ ആദ്യമായിട്ടായിരുന്നു അതു സംസാരിച്ചുകേൾക്കുന്നത്. ആ പേര് ഉച്ചരിക്കാൻ യഹൂദർക്ക് അനുവാദമില്ല. ആ ദമ്പതികൾ അവരുടെ വിലാസവും കുറെ ബൈബിൾ സാഹിത്യങ്ങളും ഞങ്ങൾക്കു തന്നു. ഞങ്ങൾ വേർപിരിഞ്ഞു. ഈ ദമ്പതികളെ കണ്ടുമുട്ടിയത് ഞങ്ങളുടെ ജീവിതത്തെ മാററിമറിക്കുമെന്നു ഞങ്ങൾ തിരിച്ചറിഞ്ഞതേയില്ല.
സത്യം കണ്ടെത്തുന്നു
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ക്രൈസ്ററ്ചർച്ചിൽ എത്തി. ഒരു പെന്തക്കോസ്ററൽ സഭയിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ആടുകളെ വളർത്തുന്ന ഒരു ഫാമിൽ താമസിക്കാനും സഹായിക്കാനും ഞങ്ങൾക്കു വേണ്ടി ക്രമീകരണം ചെയ്യപ്പെട്ടു. ഫാമിൽവെച്ചു ഗ്രീക്കുതിരുവെഴുത്തുകളുടെ വായന പൂർത്തിയാക്കിയ ഞാൻ അതു വീണ്ടും വായിക്കാൻ തുടങ്ങി. യേശുവിനു ദൈവത്തിന്റെ അസ്തിത്വം വളരെ വ്യക്തമായിരുന്നതായി ഞാൻ ശ്രദ്ധിച്ചു. ജീവിതത്തിലാദ്യമായി ഞാൻ സംശയിച്ചു, ‘ദൈവം വാസ്തവത്തിൽ ഉണ്ടോ?’ ഉത്തരം കണ്ടെത്താൻ ഞാൻ അന്വേഷണം തുടങ്ങി. എന്റെ മാതൃഭാഷയായ എബ്രായയിലുള്ള ഒരു ബൈബിൾ സംഘടിപ്പിക്കാൻ എനിക്കു കഴിഞ്ഞു. സർവശക്തനായ ദൈവമെന്ന് അവകാശപ്പെടുന്ന യഹോവയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഞാൻ അതിന്റെ വായന തുടങ്ങി.
ഫാമിന്റെ ഉടമസ്ഥരിൽനിന്നു ഞങ്ങൾ മനസ്സിലാക്കിയ പഠിപ്പിക്കലുകൾ ഞങ്ങൾ ബൈബിളിൽ വായിച്ച കാര്യങ്ങളോടു പൊരുത്തത്തിലുള്ളവയല്ലെന്നു ഞാനും ഭാര്യയും പെട്ടെന്നുതന്നെ മനസ്സിലാക്കി. അവരുടെ നടത്തയും അങ്ങനെതന്നെ ആയിരുന്നു. വാസ്തവത്തിൽ, ഒരിക്കൽ ഫാമിൽവെച്ചു ഞങ്ങളോടു പെരുമാറിയ രീതി ഞങ്ങളെ അമ്പരപ്പിച്ചു. അതുകൊണ്ട് എനിക്കു ഗ്രീക്കു തിരുവെഴുത്തുകൾ തന്ന സ്ത്രീക്ക് അതു സംബന്ധിച്ചു ഞാൻ ഒരു കത്തെഴുതി. “ഏതു ‘ക്രിസ്ത്യാനിത്വ’മാണ് വ്യാജമെന്ന് ഇപ്പോൾവരെ ദൈവം ഞങ്ങൾക്കു കാട്ടിത്തന്നിരിക്കുന്നു, ദൈവം വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ യഥാർഥ ക്രിസ്ത്യാനിത്വം ഏതെന്ന് അവൻ ഞങ്ങൾക്കു കാട്ടിത്തരും.” അതെഴുതിയപ്പോൾ ഞാൻ പറഞ്ഞത് എത്രമാത്രം ശരിയായിരുന്നുവെന്ന് എനിക്കു മനസ്സിലായിരുന്നില്ല. അപ്പോഴാണ് ആ രണ്ടു സാക്ഷികൾ സഭകളുടെ കപടഭക്തിയെക്കുറിച്ചു ഞങ്ങളോടു പറഞ്ഞ കാര്യം ഓർമവന്നത്. ആ സാക്ഷികളുമായി വീണ്ടും കൂടിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു.
ഏതാനും ദിവസങ്ങൾക്കുശേഷം, ഞങ്ങൾ താമസിച്ചിരുന്നതിന് അടുത്തുണ്ടായിരുന്ന രണ്ട് യഹോവയുടെ സാക്ഷികൾ ഞങ്ങളെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ആ ദമ്പതികൾ ചെയ്തു. അവർ ഞങ്ങളെ വിരുന്നിനു വിളിച്ചു. അവരുടെ വീട്ടിൽവെച്ചു ഞങ്ങൾ ബൈബിളിനെക്കുറിച്ചു ചർച്ച ചെയ്തു, ഞങ്ങൾ കേട്ട കാര്യങ്ങൾ ഞങ്ങൾക്കു വളരെ ഇഷ്ടമായി. അടുത്ത ദിവസവും ഞങ്ങളെ ക്ഷണിച്ചു, അന്ന് മറെറാരു നീണ്ട ചർച്ച നടത്തി. അവർ ബൈബിളിൽനിന്നു ഞങ്ങൾക്കു കാട്ടിത്തന്നത് ന്യായയുക്തമായ കാര്യങ്ങളായി ഞങ്ങൾക്കു തോന്നി, അതുകൊണ്ട് അത്ഭുതകരമായ ഒന്ന്, അതേ സത്യംതന്നെ, ഞങ്ങൾ കണ്ടെത്തിയതായി എനിക്കും ഭാര്യക്കും തോന്നി!
അന്നു രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ജീവിതത്തിനു സ്ഥായിയായ ഒരു മാററം വരാൻ പോകുകയാണെന്നു ഞങ്ങൾ മനസ്സിലാക്കി. സാക്ഷികൾ പ്രസിദ്ധീകരിച്ച, നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ഞാൻ വായിക്കാൻ തുടങ്ങി. ഞാനാ പുസ്തകം വായിച്ചപ്പോൾ അന്ധനായിരുന്ന എന്റെ കണ്ണു തുറന്നതുപോലെ എനിക്കനുഭവപ്പെട്ടു! ജീവിതത്തിന്റെ ഉദ്ദേശ്യവും മനുഷ്യൻ ഭൂമിയിലായിരിക്കുന്നതിന്റെ കാരണവും നാം മരിക്കുന്നത് എന്തുകൊണ്ടെന്നും ഇത്രയധികം യാതന ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും ലോകസംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളെ എങ്ങനെ നിവർത്തിക്കുന്നുവെന്നും മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. യഹോവയുടെ സാക്ഷികളുടെ പക്കൽനിന്നു കഴിയുന്നിടത്തോളം പുസ്തകങ്ങൾ കടംവാങ്ങി ഞാൻ മണിക്കൂറുകളോളം വായന തുടങ്ങി. ത്രിത്വം, നരകാഗ്നി, ദേഹിയുടെ അമർത്ത്യത എന്നീ പഠിപ്പിക്കലുകളിലെ തെററ് എനിക്ക് എളുപ്പം കാണാൻ കഴിഞ്ഞു. ഈ പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ന്യായയുക്തതയും ശക്തമായ ബൈബിൾ ന്യായവാദവും എനിക്കു വളരെ ഇഷ്ടമായി.
ബൈബിളുകളെയും വിശ്വാസികളെയും താരതമ്യം ചെയ്യുന്നു
യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കുന്നതിൽനിന്നു ഞങ്ങളെ നിരുത്സാഹപ്പെടുത്താൻ ഫാമിന്റെ ഉടമകൾ ശ്രമിച്ചു. “അവർക്കുള്ളത് വേറെ ബൈബിളാണ്, വ്യാജമായ ഒരു പരിഭാഷ,” അവർ ഞങ്ങളോടു പറഞ്ഞു. “അതു സത്യമാണോയെന്ന് എനിക്കൊന്നു പരിശോധിച്ചുനോക്കണം,” ഞാൻ പറഞ്ഞു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ഒരു പ്രതിയും ഫാമിന്റെ ഉടമകളുടെ പക്കൽനിന്നു ബൈബിളിന്റെ ഏതാനും ഭാഷാന്തരങ്ങളും ഞാൻ സംഘടിപ്പിച്ചു. എന്നിട്ട് എബ്രായ ഭാഷയിലുള്ള ബൈബിളിന്റെ ഒരു പ്രതിയുമായി ഞാൻ അവയെല്ലാം താരതമ്യം ചെയ്തു. ഏററവും കൃത്യതയുള്ളതും യഥാർഥവുമായ പരിഭാഷ പുതിയലോക ഭാഷാന്തരം ആണെന്നു കണ്ടതിൽ ഞാൻ അത്യധികം സന്തോഷിച്ചു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിലുള്ള എന്റെ വിശ്വാസം വർധിച്ചു.
ആദ്യമായി രാജ്യഹാളിൽ യോഗത്തിനു പോയപ്പോൾ അവിടെ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളുമൊന്നും ഞങ്ങൾക്കു മനസ്സിലായില്ല, എന്നാൽ സഭയിലുള്ളവർ ഞങ്ങളോടു പ്രകടമാക്കിയ അത്ഭുതാവഹമായ സ്നേഹം മനസ്സിലാക്കുന്നതിൽ ഞങ്ങൾക്കു യാതൊരു പ്രയാസവും ഇല്ലായിരുന്നു. യഹോവ എന്ന നാമം കൂടെക്കൂടെ ആവർത്തിക്കപ്പെട്ടത് ഞങ്ങളിൽ മതിപ്പുളവാക്കി. യോഗത്തിനുശേഷം തിരികെ പോരുമ്പോൾ “യഹോവ, യഹോവ” എന്നു ഞാൻ കൂടെക്കൂടെ പറഞ്ഞു. “ഇനി കേവലം ‘ദൈവ’മല്ല, പിന്നെയോ ‘യഹോവയാം ദൈവ’മാണ്,” ഞാൻ എന്റെ ഭാര്യയോടു പറഞ്ഞു.
ക്രമേണ, യഹോവയുടെ സാക്ഷികളോടൊത്തു കൂടുതൽ സഹവസിക്കുന്നതിനും എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നതിനും വേണ്ടി ഞങ്ങൾ ക്രൈസ്ററ്ചർച്ചിലേക്കു മാറിപ്പാർത്തു. യഹോവയാം ദൈവം വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവെന്നതും അവൻ സ്രഷ്ടാവാണെന്നതും സംബന്ധിച്ചുള്ള യാതൊരു സംശയങ്ങളെയും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം എന്റെ മനസ്സിൽ അവശേഷിപ്പിച്ചില്ല.
ഞങ്ങൾ പാലസ്തീനിയൻ സഹോദരങ്ങളെ കണ്ടുമുട്ടുന്നു
യഹോവയുടെ സാക്ഷികളുടെ ഇസ്രായേലിലെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ടശേഷം അവിടെയുള്ള സാക്ഷികളിൽനിന്ന് ഞങ്ങൾക്ക് കുറെ എഴുത്തുകൾ ലഭിച്ചു. എഴുത്തുകളിലൊന്ന് വെസ്ററ് ബാങ്കിൽ താമസിക്കുന്ന ഒരു പാലസ്തീൻകാരിയുടേതായിരുന്നു. അവളുടെ പ്രാരംഭവാക്കുകൾ “എന്റെ റാമി സഹോദരന്” എന്നായിരുന്നു. അത് അവിശ്വസനീയമായി എനിക്കു തോന്നി, കാരണം പാലസ്തീൻകാർ എന്റെ ശത്രുക്കളായിരുന്നു. ഇപ്പോഴിതാ അവരിലൊരാൾ എന്നെ ‘എന്റെ സഹോദരൻ’ എന്നു വിളിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഇടയിൽ അനുപമമായുള്ള ലോകവ്യാപക സ്നേഹവും ഐക്യവും ഞാൻ വിലമതിക്കാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത്, ജർമനിയിൽ യഹോവയുടെ സാക്ഷികളെ തടങ്കൽപ്പാളയങ്ങളിൽ ഇട്ടെന്നും കഷ്ടപ്പെടുത്തിയെന്നും വധിച്ചെന്നും ഞാൻ വായിച്ചുമനസ്സിലാക്കി, കാരണമോ ഈ സാക്ഷികൾ മററു നാടുകളിലുള്ള തങ്ങളുടെ ആത്മീയ സഹോദരൻമാരോടു പൊരുതാൻ അഭ്യസിച്ചില്ലത്രേ. അതേ, യേശുവിന്റെ യഥാർഥ അനുഗാമികളിൽനിന്നു ഞാൻ പ്രതീക്ഷിച്ചത് അതുതന്നെയായിരുന്നു.—യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:16.
ഞങ്ങൾ ബൈബിൾ പഠിക്കുന്നതിൽ തുടർന്നു പുരോഗമിച്ചു. ഇതിനിടയിൽ ന്യൂസിലൻഡിലെ ഇമിഗ്രേഷൻ ഓഫീസ് അവിടെ സ്ഥിരമായി താമസിക്കാൻ ഞങ്ങളെ ദയാപുരസ്സരം അനുവദിച്ചു. അതു ഞങ്ങളുടെ സന്തോഷത്തെ വർധിപ്പിച്ചതേയുള്ളൂ. ഇനിയിപ്പോൾ ഞങ്ങൾക്കു ലോകത്തിലെ ഏററവും മനോഹരമായ രാജ്യങ്ങളിലൊന്നിൽ താമസിച്ച് യഹോവയെ സേവിക്കാം.
എന്റെ മാതാപിതാക്കൾ സത്യം സ്വീകരിക്കുന്നു
തീർച്ചയായും അത്ഭുതകരമായ ഈ ബൈബിൾ സത്യങ്ങളെക്കുറിച്ചു പഠിച്ചയുടനെ അതിനെക്കുറിച്ചു ഞാൻ എന്റെ മാതാപിതാക്കൾക്ക് എഴുതാൻ തുടങ്ങി. അവർ ഞങ്ങളെ വന്നു കാണാനുള്ള ആഗ്രഹം ഇതിനോടകംതന്നെ പ്രകടമാക്കിയിരുന്നു. അവരുടെ ആകാംക്ഷ ഉണർത്തിക്കൊണ്ട് ഞാൻ എഴുതി: “എത്ര പണം മുടക്കിയാലും നഷ്ടമാകയില്ലാത്ത ഒന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു.” 1987 അവസാനം അവർ ന്യൂസിലൻഡിൽ വിമാനമിറങ്ങി. താമസിയാതെതന്നെ ഞങ്ങൾ ബൈബിൾ സത്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. യേശുവിലുള്ള വിശ്വാസം നിമിത്തം എനിക്കു ഭ്രാന്തു പിടിച്ചതായി പിതാവു വിചാരിച്ചു, എനിക്കു തെററു പററിയെന്നു തെളിയിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ തർക്കിക്കുമായിരുന്നു. എന്നിരുന്നാലും, കുറെ കഴിഞ്ഞപ്പോൾ ആ തർക്കങ്ങൾ ചർച്ചകളിലേക്കു നയിച്ചു, ചർച്ചകൾ ബൈബിളധ്യയനത്തിലേക്കും. സാക്ഷികൾ അവരോടു കാണിച്ച യഥാർഥ സ്നേഹം നിമിത്തം എന്റെ മാതാപിതാക്കൾ സത്യത്തിന്റെ മനോഹാരിതയും ന്യായയുക്തതയും തിരിച്ചറിഞ്ഞു.
വ്യാജമതത്തിന്റെയും പിന്നീടു ദേശസ്നേഹത്തിന്റെയും ബന്ധനത്തിൽനിന്ന് എന്റെ മാതാപിതാക്കൾ സ്വതന്ത്രരാകുന്നതു കാണുന്നത് എനിക്ക് എത്ര സന്തോഷമായിരുന്നു! നാലു മാസത്തെ ഒരു സന്ദർശനത്തിനുശേഷം ഗലീലാക്കടലിനടുത്തുള്ള സ്വന്തം പട്ടണത്തിലേക്കു സത്യവുമായി അവർ തിരികെപ്പോയി. അവിടെ അടുത്തുള്ള ഒരു സഭയിലെ രണ്ടു സാക്ഷികളോടൊത്ത് അവർ പഠനം തുടർന്നു. ആ സഭ 65 കിലോമീററർ അകലെയായിരുന്നു. അവർ പെട്ടെന്നുതന്നെ യഹോവയെക്കുറിച്ചും അവന്റെ വചനത്തെക്കുറിച്ചും മററുള്ളവരോടു പറയാൻ തുടങ്ങി. പേർഷ്യൻ ഗൾഫ് യുദ്ധം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അവർ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി.
അതിനിടയിൽ 1988 ജൂണിൽ യഹോവയാം ദൈവത്തിനുള്ള ഞങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിക്കൊണ്ട് ഞാനും ഭാര്യയും യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക കുടുംബത്തോടു ചേർന്നുകഴിഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം യഹോവയെ സേവിക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂവെന്ന് എനിക്കു നല്ലവണ്ണം അറിയാമായിരുന്നു, അതായത് ഒരു മുഴുസമയ ശുശ്രൂഷകനായിരുന്നുകൊണ്ട്. അതുകൊണ്ട് മുഴുസമയസേവനത്തിൽ പ്രവേശിക്കാനുള്ള ആദ്യ അവസരംതന്നെ ഞാൻ സത്വരം പ്രയോജനപ്പെടുത്തി. എന്റെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് സ്വന്തം രാജ്യത്തിനു വേണ്ടി എത്രമാത്രം ചെയ്യാൻ ഞാൻ സന്നദ്ധനായിരുന്നുവെന്ന കാര്യം ഞാനൊരിക്കലും മറക്കുകയില്ല. എന്നാൽ എന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്ന് എനിക്കറിയാവുന്ന യഹോവയാം ദൈവത്തിനു വേണ്ടി എത്രയധികം ചെയ്യാൻ ഞാൻ സന്നദ്ധനായിരിക്കണം!—എബ്രായർ 6:10.
നീതിയെ സ്നേഹിക്കുന്ന സകലർക്കും വേണ്ടി പെട്ടെന്നുതന്നെ ഭൂഗ്രഹം മനോഹരമായ ഒരു ഭവനമായിത്തീരുമെന്നുള്ള അവിശ്വസനീയമായ പ്രത്യാശ ഞങ്ങൾക്കു തന്നതിനു ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു. ദേശീയചിന്താഗതിയിൽനിന്നും വ്യാജമതത്തിൽനിന്നും വിമുക്തമായ ഒരു ഭവനമായിരിക്കും അത്. അതുകൊണ്ട് യുദ്ധം, യാതന, അനീതി എന്നിവയിൽനിന്നെല്ലാം അതു വിമുക്തമായിരിക്കും. (സങ്കീർത്തനം 46:8, 9)—റാമി ഓവെദ് പറഞ്ഞപ്രകാരം.
[17-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലെബനൻ
സിറിയ
ഇസ്രായേൽ
ടൈബിരിയസ്
പിടിച്ചെടുത്ത പ്രദേശങ്ങൾ
ജെറീക്കോ
യെരുശലേം
ഗാസ്സാ മേഖല
യോർദാൻ
[18-ാം പേജിലെ ചിത്രം]
റാമി ഓവെദും അദ്ദേഹത്തിന്റെ കുടുംബവും ഇന്ന്