യുവജനങ്ങൾ ചോദിക്കുന്നു. . .
ഡാഡി മരിച്ചതിന്റെ ആഘാതത്തെ എനിക്കെങ്ങനെ അതിജീവിക്കാം?
“മനോരോഗ ചികിത്സയിലായിരിക്കെ എന്റെ ഡാഡി മരിച്ചു. ഞാൻ അദ്ദേഹത്തെ അവിടെ കണ്ടു. അദ്ദേഹത്തിനു ഹൃദയസ്തംഭനം ഉണ്ടായതായിരുന്നു. അതു ഭയപ്പെടുത്തുന്ന ഒരു സംഗതിയായിരുന്നു, കാരണം എനിക്ക് അദ്ദേഹത്തോടു വളരെ അടുത്ത ഒരു ബന്ധമാണുണ്ടായിരുന്നത്. . . . മമ്മി ഇപ്പോഴും രാത്രിയിൽ കരയാറുണ്ട്. ഡാഡിയുടെ അഭാവത്തിൽ കാര്യങ്ങളൊന്നും പഴയതുപോലല്ല.”—എമിലി.
“കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളിലൊരാളുടെയോ അടുത്ത ഒരു കുടുംബാംഗത്തിന്റെയോ മരണം വലിയ ഒരു ആഘാതമാണ്,” എഴുത്തുകാരിയായ കാതലീൻ മകോയ് പറയുന്നു. “ദുഃഖം, കുററബോധം, പരിഭ്രാന്തി, കോപം എന്നിവയാൽ താത്കാലികമായി ആക്രമിക്കപ്പെടുന്നതായി അവനോ അവൾക്കോ തോന്നിയേക്കാം.” നിങ്ങളുടെ മാതാപിതാക്കളിൽ ഒരാൾ മരിച്ചുപോയെങ്കിൽ അത് എത്ര വേദനാകരമാണെന്നു നിങ്ങൾക്കു നല്ലവണ്ണം അറിയാം.
എന്നാൽത്തന്നെയും, നാം സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ വികാരത്തിന്റെ നീർച്ചുഴിയിൽ കുടുങ്ങിപ്പോയി എന്നു തോന്നുക സാധാരണമാണ്. തന്റെ മകനായ യോസേഫ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഗോത്രപിതാവായ യാക്കോബ് ദുഃഖം നിമിത്തം തന്റെ “വസ്ത്രം കീറി” എന്നു ബൈബിൾ പറയുന്നു. “അവന്റെ പുത്രൻമാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു,” എങ്കിൽപ്പോലും “അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാ”യിരുന്നു. (ഉല്പത്തി 37:34, 35) സമാനമായി, ദുഃഖം ഒരിക്കലും മാറാത്തവിധം അത്ര ആഴമുള്ളതാണെന്നു നിങ്ങൾക്കു തോന്നിയേക്കാം.
കാലക്രമേണ ദുഃഖം മാറിക്കൊള്ളും. എന്നാൽ നിങ്ങളുടെ വേദനയെ അവഗണിക്കാൻ ശ്രമിക്കുന്നതിനു പകരം അതിനെ നേരിടുക എന്നതാണു പ്രധാന സംഗതി. ഉദാഹരണത്തിന്, കുടുംബത്തിലെ ഒരംഗത്തിന്റെ മരണത്തിൽ ജോൺ എന്ന ബാലന് ദുഃഖമുണ്ടെന്നുള്ളതിന്റെ യാതൊരു ബാഹ്യ ലക്ഷണങ്ങളുമില്ലായിരുന്നു. എന്നിരുന്നാലും, അവൻ സ്കൂളിൽവെച്ചു വഴക്കുകളിൽ ഏർപ്പെടാൻ തുടങ്ങി. ജോൺ ഇപ്രകാരം വിശദീകരിച്ചു: “എന്റെ ഉള്ളിൽ എന്നെ വേദനിപ്പിക്കുന്ന വലിയ ഒരു ഭാണ്ഡവുമായാണ് ഞാൻ നടക്കുന്നത്. വഴക്കുകളിലേർപ്പെട്ട് അത് ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ അതു വിജയിച്ചില്ല.”
വളരെയധികം കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് വേദനയെ ഒഴിവാക്കാൻ മററു ചില യുവജനങ്ങൾ ശ്രമിക്കാറുണ്ട്. സുഖമാണോ എന്നു മററുള്ളവർ ചോദിക്കുമ്പോൾ, അത്തരക്കാർ ഒരു സന്തോഷപ്രകൃതം മുഖത്തു വരുത്തി ഒഴിഞ്ഞുമാറിയേക്കാം. അപ്രകാരം ചെയ്യുന്നത് വേദനാകരമായ വികാരങ്ങളെ കുറെ കാലത്തേക്കു കുഴിച്ചുമൂടിയേക്കാം, എന്നാൽ ദീർഘനാളത്തേക്കാവില്ല. സദൃശവാക്യങ്ങൾ 14:13 ഇപ്രകാരം പറയുന്നു: “ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം.”
രസകരമെന്നു പറയട്ടെ, യുവജനങ്ങൾക്കു വേണ്ടിയുള്ള ഒരു മാഗസിനിലെ ഒരു ലേഖനം ഇങ്ങനെയാണു പറയുന്നത്: “ഒരു ബന്ധുവിന്റെ മരണശേഷം ദുഃഖം, കോപം, കുററബോധം എന്നീ സ്വാഭാവിക വികാരങ്ങളെ അമർത്തിവെച്ചിട്ടുള്ള കൗമാരപ്രായക്കാർ . . . മയക്കുമരുന്നുകളുടെയും ലഹരിപാനീയത്തിന്റെയും ദുരുപയോഗം, സാഹസം കാട്ടൽ (വാഹനങ്ങൾ വളരെ ഉയർന്ന വേഗതയിൽ ഓടിക്കുന്നതു പോലുള്ളവ), കുററകൃത്യസംബന്ധമായ പെരുമാററം എന്നിങ്ങനെയുള്ള വിനാശകരമായ പ്രവർത്തനങ്ങളിൽ വർധിച്ച തോതിൽ ഏർപ്പെടുന്നതായി ഒരു പഠനം കാണിക്കുന്നു.” സന്തോഷകരമെന്നു പറയട്ടെ, ദുഃഖത്തെ തരണം ചെയ്യാൻ മെച്ചപ്പെട്ട മാർഗങ്ങളുണ്ട്.
“കരവാൻ ഒരു കാലം”
സഭാപ്രസംഗി 7:2 ഇപ്രകാരം പറയുന്നു: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.” മരണം ഞെട്ടിക്കുന്നതായിരിക്കാം. ഒരു സ്നേഹിതനോ പ്രിയപ്പെട്ട ഒരാളോ മരിക്കുമ്പോൾ “വിരുന്നുവീട്ടിൽ” പോയി ആഹ്ലാദപ്രകടനങ്ങളിൽ അമിതമായി ഏർപ്പെട്ടുകൊണ്ട് മരണം എന്ന വേദനാകരമായ യാഥാർഥ്യത്തെ ഒഴിവാക്കാൻ ചിലർ ശ്രമിച്ചേക്കാം. എന്നിരുന്നാലും, “വിലാപഭവനത്തിൽ” പോയി മരണത്തെ നേരിട്ട് അഭിമുഖീകരിക്കാൻ ശലോമോൻ പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചിരിയെക്കാൾ നല്ലത് ദുഃഖം; എന്തെന്നാൽ മുഖത്തെ ദുഃഖത്താൽ ഹൃദയം സുഖമുള്ളതായിത്തീരുന്നു.”—സഭാപ്രസംഗി 7:3, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ഈ ബുദ്ധ്യുപദേശം നൽകിയിരിക്കുന്നത് പ്രാഥമികമായി സന്തപ്തരുടെ സ്നേഹിതർക്കും പ്രസ്തുത കുടുംബാംഗങ്ങൾക്കുമാണെങ്കിലും മരണം അവശേഷിപ്പിച്ച വേദനയെ നേരിടാൻ സന്തപ്തർക്കും ഇതു പ്രയോജനപ്രദമാണ്. “കരവാൻ ഒരു കാല”മുണ്ട്. (സഭാപ്രസംഗി 3:4) ബൈബിൾ കാലങ്ങളിലെ ദൈവഭയമുണ്ടായിരുന്ന സ്ത്രീപുരുഷൻമാർ ദുഃഖം സംബന്ധിച്ച തങ്ങളുടെ വികാരങ്ങൾ അടിച്ചമർത്തുന്നതിനു പകരം അതു പ്രകടിപ്പിച്ചിരുന്നു.—താരതമ്യം ചെയ്യുക: ഉല്പത്തി 23:2; 2 ശമൂവേൽ 1:11, 12.
സ്വയം ദുഃഖിക്കാൻ അനുവദിക്കുന്നതിന് അനേകം പ്രയോജനങ്ങളുണ്ട്. സാന്ത്വനമെന്ന കല (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “സന്തപ്തർ തങ്ങളുടെ യാതനയുടെ വേദനയും മനോവിഷമവും അനുഭവിച്ചറിയേണ്ടതുണ്ട്. ഈ പ്രക്രിയയെ പ്രതിരോധിച്ചാൽ സൗഖ്യമാകലിനു വിഘ്നം സംഭവിക്കും.” എന്നിരുന്നാലും, യഥാർഥ പുരുഷൻമാർ കരയാറില്ല എന്ന സങ്കൽപ്പത്താൽ പ്രേരിതരായി ചില ആൺകുട്ടികൾ തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുക പ്രത്യേകിച്ചും ദുഷ്കരമാണെന്നു കണ്ടെത്തുന്നു. എന്നാൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ തന്റെ സ്നേഹിതനായ ലാസർ മരിച്ചപ്പോൾ പരസ്യമായി “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:35) ഒരുവന്റെ മാതാപിതാക്കളിലൊരാൾ മരിച്ചുപോയെങ്കിൽ കരയുന്നത് തീർച്ചയായും ഉചിതമാണ്. അതുകൊണ്ട്, വിലപിക്കാനും കരയാനും മടിക്കേണ്ടതില്ല. (താരതമ്യം ചെയ്യുക: യാക്കോബ് 4:9.) കുടുംബത്തിലെ മരണവും ദുഃഖവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ദുഃഖത്തെ അകററാനുള്ള ഏററവും പ്രധാന മാർഗങ്ങളിൽ ഒന്നാണ് കരച്ചിൽ.”
നിങ്ങളുടെ ദുഃഖത്തെ തരണം ചെയ്യൽ
ബൈബിൾ കാലങ്ങളിൽ ദാവീദ് രാജാവ് തന്റെ ഉത്തമ സുഹൃത്തായ യോനാഥാനോടുള്ള ദുഃഖം പ്രകടിപ്പിച്ചതു വിലാപത്താൽ മാത്രമല്ല തന്റെ വികാരങ്ങളെ എഴുതിവെച്ചുകൊണ്ടും കൂടിയാണ്. “ധനുർഗ്ഗീതം” എന്നു വിളിക്കപ്പെടുന്ന മനോഹരമായ വിലാപഗീതത്തിൽ ദാവീദ് ഇപ്രകാരം എഴുതി: “യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു.”—2 ശമൂവേൽ 1:18, 26.
അതുപോലെതന്നെ നിങ്ങളുടെ വികാരങ്ങൾ എഴുതിയിടുന്നതും സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ദുഃഖം വാക്കുകളിലൂടെ പ്രകടമാക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വികാരങ്ങളെ എഴുതിയിടുന്നത് കെട്ടിക്കിടക്കുന്ന വികാരങ്ങളെ പുറത്തുകൊണ്ടുവരാൻ സഹായിക്കും. . . . നിങ്ങൾ കോപിച്ചിരിക്കുമ്പോഴും ദുഃഖിച്ചിരിക്കുമ്പോഴുമൊക്കെ വികാരങ്ങൾ എഴുതിവെക്കുക.” ഷാനൺ എന്നു പേരുള്ള ഒരു കൗമാരപ്രായക്കാരി പറയുന്നത് ഇങ്ങനെയാണ്: “ഞാൻ ഒരു ഡയറി സൂക്ഷിച്ചുവെച്ചു. എന്റെ എല്ലാ വികാരങ്ങളെയും ഞാനതിൽ കുറിച്ചിട്ടു. ഒന്നും മറച്ചുവയ്ക്കാതെ ഞാൻ എല്ലാ വികാരങ്ങളും കടലാസിൽ കുറിച്ചു. എനിക്ക് അനുഭവപ്പെട്ടതെല്ലാം കടലാസിലായിരുന്നു, അത് എന്നെ വളരെയേറെ സഹായിച്ചു . . . എല്ലാക്കാര്യവും എഴുതിയിടൽ.”
മറെറാരു സഹായമാണ് ശാരീരിക വ്യായാമം. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 4:8) ദുഃഖത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇപ്രകാരം പറയുന്നു: “ഊർജം പുറത്തുവിടുന്നതിനുള്ള നല്ലൊരു മാർഗമാണു വ്യായാമം.” നിങ്ങൾക്കു സങ്കടമോ ദുഃഖമോ തോന്നുമ്പോൾ ഉറഞ്ഞുകൂടുന്ന പിരിമുറുക്കത്തെ അകററാൻ നല്ല ഒരു ഓട്ടമോ വേഗത്തിലുള്ള നടത്തമോ ഉൻമേഷദായകമായ സൈക്കിൾ സവാരിയോ സഹായിച്ചേക്കാം.
ആരോടെങ്കിലും സംസാരിക്കുക
എന്നിരുന്നാലും, മററുള്ളവരിൽനിന്നു പൂർണമായും സ്വയം ഒററപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കുക. (സദൃശവാക്യങ്ങൾ 18:1) സദൃശവാക്യങ്ങൾ 12:25 ഇപ്രകാരം പറയുന്നു: “മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.” ദുഃഖമനുഭവിക്കുന്ന ഒരാൾക്ക് പ്രോത്സാഹനത്തിന്റെ ആ ‘നല്ല വാക്ക്’ എങ്ങനെയാണു ലഭിക്കുന്നത്? ആരോടെങ്കിലും സംസാരിച്ച് തന്റെ “മനോവ്യസനം” പ്രകടിപ്പിച്ചാൽ മാത്രം. എന്തുകൊണ്ടു നിങ്ങൾക്കു തന്നെ അങ്ങനെ ചെയ്തുകൂടാ? നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ആരോടെങ്കിലും മടികൂടാതെ തുറന്നു സംസാരിക്കുക.
സാധാരണമായി, നിങ്ങൾക്കു സമീപിക്കാൻ ഏററവും പററിയ വ്യക്തി ദൈവഭയമുള്ള നിങ്ങളുടെ പിതാവോ മാതാവോ ആണ്. എന്നാൽ എന്തെങ്കിലും സഹായം നൽകാൻ കഴിയാത്തവിധം അദ്ദേഹം അല്ലെങ്കിൽ അവർതന്നെ ദുഃഖത്തിൽ ആണ്ടുപോയെങ്കിലെന്ത്? കൊള്ളാം, സഹായിക്കാൻ കഴിയുന്ന പക്വതയുള്ള അംഗങ്ങൾ ക്രിസ്തീയ സഭയിലുണ്ട്. സദൃശവാക്യങ്ങൾ 17:17 ഇങ്ങനെ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” യുവതിയായ മോർവെത്തിന്റെ അമ്മ മരിച്ചപ്പോൾ അവൾ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയെ ശക്തമായി ആശ്രയിച്ചു. “എല്ലാ മൂപ്പൻമാരും സഹായിക്കാൻ മനസ്സൊരുക്കമുള്ളവരായിരുന്നു, എന്നാൽ അവരിലൊരാൾ ഞാൻ പറയുന്നതു ശ്രദ്ധിക്കാൻ എപ്പോഴും ഒരുക്കമുള്ളവനായിരുന്നു,” അവൾ അനുസ്മരിക്കുന്നു.
അത്തരം സഹായത്തിനും പിന്തുണയ്ക്കും വേണ്ടി എന്തുകൊണ്ടു ശ്രമിച്ചുകൂടാ? നിങ്ങൾക്ക് സംസാരിക്കേണ്ടതുണ്ടെന്ന് മററുള്ളവർ അറിയട്ടെ. ഒരുപക്ഷേ, നിങ്ങൾക്കു കോപമോ ഭയമോ കുററബോധമോ തോന്നിയേക്കാം. അല്ലെങ്കിൽ നിങ്ങൾക്കു കേവലം ഏകാന്തതയും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടതിലുള്ള ദുഃഖവും തോന്നിയേക്കാം. അനുകമ്പാപൂർവം ശ്രദ്ധിക്കുന്ന ഒരുവനോട് തുറന്നു സംസാരിക്കുന്നത് വാസ്തവത്തിൽ സഹായകരമാണ്.
നിങ്ങളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെ പിന്തുണയ്ക്കൽ
ചില യുവാക്കൾ, നിറവേററാൻ തങ്ങൾ സജ്ജമല്ലാത്ത ഭാരങ്ങൾ പേറിക്കൊണ്ട് തങ്ങളുടെ സമ്മർദം വർധിപ്പിക്കുന്നു. വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ കുഴഞ്ഞുമറിഞ്ഞതും അസംഘടിതവുമാണെന്നു തോന്നിയേക്കാം. ജീവനോടിരിക്കുന്ന നിങ്ങളുടെ പിതാവിന് അല്ലെങ്കിൽ മാതാവിന് സമ്മർദമോ അസ്വസ്ഥതയോ ദുഃഖമോ തോന്നിയേക്കാമെന്നുള്ളത് മനസ്സിലാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ ദുഃഖം കാണുമ്പോൾ സഹായിക്കാൻ നിങ്ങൾ സ്വാഭാവികമായും ആഗ്രഹിക്കും. “തങ്ങളുടെ മാതാപിതാക്കളെ സഹായിക്കാനുള്ള ഒരു ശ്രമത്തിൽ കൗമാരപ്രായക്കാർ . . . തങ്ങളുടെ ദുഃഖത്തെ കടിച്ചമർത്തിയേക്കാം” എന്നു ദുഃഖം സംബന്ധിച്ച ഒരു പ്രാമാണിക അഭിപ്രായപ്പെടുന്നു. അവർ “പക്വതയെത്തുന്നതിനു മുമ്പുതന്നെ ‘മുതിർന്നവരായി’ പെരുമാറിയേക്കാം, ഒരുപക്ഷേ കൂടുതലായ ചുമതലകൾ ഏറെറടുത്തുകൊണ്ടുപോലും.”
തീർച്ചയായും, നിങ്ങളുടെ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ മരണം നിമിത്തം കൂടുതലായ ചില ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുകയല്ലാതെ നിങ്ങൾക്കു നിവൃത്തിയില്ലായിരിക്കാം. എന്നാൽ ഇതു നിങ്ങളെ വീട്ടിലെ ശിരഃസ്ഥാനം വഹിക്കുന്ന ആളാക്കിത്തീർക്കുന്നില്ല. ഇപ്പോഴും അധികാരത്തിലുള്ളത് ജീവനോടിരിക്കുന്ന നിങ്ങളുടെ പിതാവോ മാതാവോ ആണ്. അതുകൊണ്ട് നിങ്ങൾക്കു ചെയ്യാവുന്നത് ആ വ്യക്തിയെ നല്ലവണ്ണം പിന്തുണയ്ക്കുക എന്നതാണ്. അധികാരം ഏറെറടുത്തുകൊണ്ടല്ല, പിന്നെയോ സഹകരണവും അനുസരണവും പ്രകടമാക്കിക്കൊണ്ട്. (എഫെസ്യർ 6:1) “താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു” എന്നോർമിക്കുക. (സദൃശവാക്യങ്ങൾ 11:2) നിങ്ങളുടെ പരിമിതികളെ അറിയുന്നത് താഴ്മയിൽ ഉൾപ്പെട്ടിരിക്കുന്നു.
ജീവനോടിരിക്കുന്ന നിങ്ങളുടെ പിതാവ് അല്ലെങ്കിൽ മാതാവ് മാർഗനിർദേശത്തിനു വേണ്ടി നിങ്ങളെ ആശ്രയിക്കുകയോ മുതിർന്നവരുടെ ഉത്കണ്ഠകൾകൊണ്ട് നിങ്ങളെ ഭാരപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ ഇതോർമിക്കുന്നതു വിശേഷിച്ചും പ്രധാനമാണ്. ദയാലുവും പിന്തുണാമനോഭാവവുമുള്ളവനായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ നിങ്ങളുടെ ജീവിതാനുഭവം തികച്ചും പരിമിതമാണെന്നു തിരിച്ചറിയാൻ താഴ്മ നിങ്ങളെ സഹായിക്കും. (താരതമ്യം ചെയ്യുക: എബ്രായർ 5:14.) അതുകൊണ്ട് നിങ്ങൾക്കു കുറെയൊക്കെ ആകുലത അനുഭവപ്പെടുന്നെങ്കിൽ പിതാവിനോട് അല്ലെങ്കിൽ മാതാവിനോട് ആദരപൂർവകമായ വിധത്തിൽ തുറന്നു സംസാരിക്കുക. (സദൃശവാക്യങ്ങൾ 15:22) അദ്ദേഹം അല്ലെങ്കിൽ അവർ സഭയിലുള്ള ഏതെങ്കിലും മുതിർന്നവരുടെ പിന്തുണ തേടാൻ നിങ്ങൾക്ക് ഒരുപക്ഷേ നിർദേശിക്കാവുന്നതാണ്.
ഒരു പിതാവിന്റെയോ മാതാവിന്റെയോ മരണം വരുത്തിവെക്കുന്ന ആഘാതത്തെ തരണം ചെയ്യുകയെന്നത് ഒരു പ്രകാരത്തിലും എളുപ്പമല്ല. എന്നാൽ കുറെ കാലം കടന്നുപോകുമ്പോൾ, ദുഃഖചിന്തകൾ നിങ്ങളുടെമേൽ മേലാൽ ആധിപത്യം നടത്തുകയില്ല എന്ന് ഉറപ്പുള്ളവരായിരിക്കുക. (താരതമ്യം ചെയ്യുക: ഉല്പത്തി 24:67.) മരിച്ചുപോയ നിങ്ങളുടെ പിതാവിനെയോ മാതാവിനെയോ സംബന്ധിച്ച ദുഃഖപൂർണമായ ഓർമകൾ ഇടയ്ക്കിടയ്ക്കു മനസ്സിലേക്കു വരും. എന്നാൽപ്പോലും, ചിന്തിക്കാൻ ഊഷ്മളവും ആശ്വാസപ്രദവുമായ അനേകം ഓർമകളും നിങ്ങൾക്കുണ്ടായിരിക്കും. യഹോവ നിങ്ങൾക്കു വേണ്ടി കരുതുന്നുണ്ടെന്നും നിങ്ങളുടെ ദുഃഖത്തെ മനസ്സിലാക്കുന്നുണ്ടെന്നും ഒരിക്കലും മറക്കാതിരിക്കുക. നിങ്ങൾക്ക് ഏകാന്തതയോ ഉപേക്ഷിക്കപ്പെട്ടതുപോലുള്ള വികാരമോ തോന്നുമ്പോൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളെക്കുറിച്ചു ചിന്തിക്കുക: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.”—സങ്കീർത്തനം 27:10.
പുനരുത്ഥാനമെന്ന ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചും മരിച്ചുപോയ നിങ്ങളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെ ഒരു പറുദീസാഭൂമിയിൽ വീണ്ടുമൊരിക്കൽ കൂടി കാണുന്നതിനെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുക. (ലൂക്കൊസ് 23:43; പ്രവൃത്തികൾ 24:15) പിതാവു മരിച്ചുപോയ യുവാവായ കിം ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ പിതാവിനെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കുന്നു. എന്നാൽ യഹോവക്കുള്ള ഞങ്ങളുടെ സേവനത്തെ ഉപേക്ഷിക്കാനോ അതിനെ വിഘ്നപ്പെടുത്താൻ എന്തിനെയെങ്കിലും അനുവദിക്കാനോ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം. പുനരുത്ഥാനത്തിൽ അദ്ദേഹം തിരികെ വരുമ്പോൾ അദ്ദേഹത്തെ അഭിവാദനം ചെയ്യാൻ അവിടെ ഉണ്ടായിരിക്കാൻ ഞാനാഗ്രഹിക്കുന്നു.”—യോഹന്നാൻ 5:28, 29.
[23-ാം പേജിലെ ചിത്രം]
വിലപിക്കാൻ സ്വയം അനുവദിക്കുന്നത് സൗഖ്യമാക്കൽ പ്രക്രിയയെ സഹായിക്കും